Homeലേഖനങ്ങൾതൊട്ടു കൂട്ടുന്നത്‌ സ്നേഹം മാത്രം. അച്ചാറുകളിലേക്കും പല തരം കാവ്യാത്മകമായ വഴികളുണ്ട്‌

തൊട്ടു കൂട്ടുന്നത്‌ സ്നേഹം മാത്രം. അച്ചാറുകളിലേക്കും പല തരം കാവ്യാത്മകമായ വഴികളുണ്ട്‌

Published on

spot_imgspot_img

ഡോ കെ എസ്‌ കൃഷ്ണകുമാർ

കവിതകളെക്കുറിച്ച്‌ സംസാരിച്ച്‌ സമയം പോയതറിഞ്ഞില്ല. ഇറങ്ങാൻ നേരം അജിത ടീച്ചർ ചോദിച്ചു, മാഷ്ക്ക്‌ അച്ചാർ വേണോ. മാസ്ക്‌ നീക്കി മറയില്ലാതെ ആ ചോദ്യം കേട്ടതിലുള്ള എന്റെ കൗതുകം ഞാൻ പ്രകടിപ്പിച്ചു. കൊറോണയും ലോക്ക്ഡൗണും കാരണം പണിയൊന്നും ഇല്ലാണ്ടായല്ലോ. അതെ, ഇവിടെ ഇപ്പോൾ ആവശ്യക്കാർക്ക്‌ അച്ചാർ ഉണ്ടാക്കി കൊടുക്കുന്നുണ്ട്‌. എഴുത്തും വായനയും പ്രഭാഷണവും അധ്യാപനവും ജിവിതഭാഗവും ഹരവുമാക്കിയ തൃശൂരിന്റെ സ്വന്തം ടി ജി അജിത ടീച്ചർ അച്ചാർ നിർമ്മാണം ഗൗരവമായെടുത്തതിന്റെ കഥ പറഞ്ഞു തുടങ്ങി.

ajitha-tg
ടി ജി അജിത ടീച്ചർ

പ്രിസർവേറ്റീവ്സ്‌ ഒന്നും ചേർക്കാതെ വീട്ടുരുചിയുള്ള അച്ചാറുകൾ ആവശ്യക്കാർ പറയുന്നതനുസരിച്ച്‌ ടീച്ചർ തയ്യാറാക്കുന്നുണ്ട്‌. കോവിഡ്‌ അടച്ചിരിപ്പുകാലം. കൂടുതൽ സമയവും ശ്രദ്ധയും. അച്ചാർ നിർമ്മാണം വിപുലമാക്കാൻ അവസരം തന്നു.

അമ്മരുചിയുള്ള പല തരം അച്ചാറുകൾ. മാങ്ങ, ചെറുനാരങ്ങ, വെളുത്തുള്ളി, നെല്ലിക്ക, അമ്പഴങ്ങ, ഈന്തപ്പഴം അങ്ങനെ ഏത്‌ ഇനം വേണമെന്ന് ടീച്ചറെ വിളിച്ചറിയിച്ചാൽ നമ്മളുടെ താത്പര്യാനുസരണം ഉപ്പുമുളകുപുളിയേറ്റക്കുറവുകളോടെ അച്ചാറുകൾ അജിത ടീച്ചർ തയ്യാറാക്കി തരും. മാങ്ങയും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞുണ്ടാക്കുന്ന സ്പെഷൽ ‘മാങ്ങയിഞ്ചിയച്ചാർ’ അജിത ടീച്ചറുടെ മാസ്റ്റർപീസ് ഐറ്റമാകുന്നു. പ്രത്യേകം തിരഞ്ഞെടുത്ത നാടൻനെല്ലിക്ക ഉപയോഗിച്ച്‌ അജിത ടീച്ചർ തയ്യാറാക്കുന്ന എണ്ണനെല്ലിക്ക, കരിനെല്ലിക്ക അച്ചാറുകളുടെയും രുചി ഒന്നുവേറെത്തന്നെയാണ്.

achaar-02

അച്ചാറുകളിലേക്കുള്ള കാവ്യാത്മകമായ വഴികളെക്കുറിച്ച്‌ അജിത ടീച്ചർ പറയും.

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സങ്കടം വിശപ്പാകുന്നു. ഒരാളെ കണ്ടാൽ രണ്ടാമത്തെതോ മൂന്നാമത്തെതോയായി ടീച്ചർ ചോദിക്കുക, വല്ലതും കഴിച്ചോ എന്നായിരിക്കും. അത്‌ അജിത ടീച്ചറുടെ ഒരു ജീവനനയമാണ്.

മനുഷ്യനു വിശക്കുമ്പോൾ കൊടുക്കുന്നതിനോളം സാന്ത്വനം മറ്റൊന്നിനുമാകില്ലെന്ന് ടീച്ചർ വിശ്വസിക്കുന്നു. അത്തരം ചിന്തകൾക്ക്‌ സ്വപ്നങ്ങളുടെ ചിറകുകൾ വച്ചുകൊടുക്കാൻ ടീച്ചറും റവന്യു വകുപ്പിൽ നിന്ന് വിരമിച്ച ഭർത്താവ്‌ ശശികുമാറും വർഷങ്ങളായി നിരൂപിക്കുകയായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച്‌, വിശ്രമകാലം എന്നൊക്കെ വിളിക്കുന്ന സമയത്ത്‌ ശുദ്ധവും രുചികരവുമായി വീട്ടിൽ നിത്യവും ഉണ്ടാക്കുന്ന ഭക്ഷണവിഭവങ്ങൾ വിശക്കുന്ന പത്തോ ഇരുപതോ പേർക്കെങ്കിലും നൽകാൻ സാധിച്ചിരുന്നെങ്കിൽ, എന്നൊക്കെ രണ്ടുപേരും ചിന്തിക്കുമായിരുന്നു. അതിനായി വീടിനുമുന്നിൽ വെറുതെ കിടക്കുന്ന ചെറിയ കഷ്ണം ഭൂമിയിൽ സൗകര്യങ്ങളൊരുക്കാനും അജിത ടീച്ചറും ശശി സാറും പദ്ധതികൾ ആസുത്രണം ചെയ്തിരുന്നു. ടീച്ചറുടെ താമസസ്ഥലത്തിനു അടുത്താണ് തൃശൂർ മെഡിക്കൽ കോളേജ്‌. അവിടത്തെ ഇരുപത്തിയഞ്ച്‌ രോഗികൾക്കെങ്കിലും ദിവസവും ഉച്ചഭക്ഷണം തയ്യാറാക്കി സൗജന്യമായി നൽകണമെന്നത്‌ ടീച്ചറുടെ മറ്റൊരു സേവനാഗ്രഹമായിരുന്നു. അതിൽ ആരുടെ പങ്കാളിത്തവും ടീച്ചർ ആഗ്രഹിക്കുന്നില്ല. സാധനസാമഗ്രികൾ വാങ്ങുന്നത്‌ മുതൽ പാചകവും പൊതിയാക്കലുമെല്ലാം ഭാര്യയും ഭർത്താവും മാത്രം. വിരമിച്ച്‌ പിന്നെ അവിചാരിതമായുണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ഭക്ഷണപദ്ധതികളൊന്നും സഫലമായില്ല. അങ്ങനെയും പറയാനാകില്ല. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളിൽ ടീച്ചറും ഭർത്താവും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പൊതികളാക്കി വടക്കുന്നാഥൻ ക്ഷേത്രപരിസരങ്ങളിൽ ചെന്ന് വിതരണം ചെയ്യുന്നു. ഇന്നും തുടരുന്നുണ്ട്‌ ആ വാർഷിക ഊട്ടുപ്പതിവുകൾ‌. വിശന്നിരിക്കുമ്പോൾ അവിചാരിതമായി മുന്നിൽ എത്തുന്ന ഭക്ഷണപൊതികൾ വാങ്ങുന്നവരുടെ കണ്ണുകളിൽ നിന്ന് അന്നേ അജിത ടീച്ചർ മനസ്സിലാക്കിയതാണു എത്രയായാലും ഭൂമുഖത്ത്‌ നിന്ന് മനുഷ്യന്റെ വിശപ്പ്‌ മാറില്ലെന്ന്. അത്തരം സൗജന്യഭക്ഷണ വിതരണത്തിന്റെ വിപൂലീകരിച്ച ഒരു പതിപ്പായിരുന്നു വിരമിക്കലിനുശേഷം വിഭാവനം ചെയ്തത്‌. സമയവും സൗകര്യവും കൂടുതൽ ലഭിച്ചെങ്കിലും ഇപ്പോഴത്തെ കോവിഡ്‌ സാഹചര്യവും അവസ്ഥയും കാരണം മെഡിക്കൽ കോളേജിലേക്കുള്ള ഭക്ഷണപരിപാടിയും യാഥാർത്ഥ്യമായില്ല.

achaar-01

കുറച്ച്‌ നേരം ഒഴിവുകിട്ടിയാൽ അമ്മയ്ക്കെപ്പോഴും അച്ചാറുണ്ടാക്കലാണെന്ന പറച്ചിലുകളിൽ നിന്നാണ് അച്ചാറിന്മേൽ മനസ്സ്‌ കയറിപ്പിടിച്ചത്‌. ഭക്ഷണനിർമ്മാണവിതരണ പ്രവർത്തനങ്ങളുടെ ആശയങ്ങൾ അച്ചാറിലൂടെ മെനഞ്ഞുതുടങ്ങി. അച്ചാർ എന്നത്‌ അജിത ടീച്ചർക്ക്‌ വ്യക്തിപരമായി ഏറെ നിറവും മണവും രുചിയുമുള്ള ഒരോർമ്മയാണ്. ഭർത്തൃമാതാവാണു അജിത ടീച്ചറെ അച്ചാറുണ്ടാക്കാൻ പഠിപ്പിക്കുന്നത്‌. അച്ചാറിടുക എന്ന പ്രക്രിയ കവിത പോലെ മനോഹരമാണ്. ടീച്ചർ ഓർക്കുന്നു, കല്യാണം കഴിഞ്ഞ്‌ ഇവിടെയെത്തുമ്പോൾ വീട്ടുപണികളൊന്നും അറിയുമായിരുന്നില്ല. ശശിയേട്ടന്റെ അമ്മയുടെ കൂടെനിന്ന് പാചകം പഠിച്ചു.

അച്ചാറിൽ നിന്നാണു തുടക്കം. ഭർത്താവിനും മക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അച്ചാർ ഇഷ്ടമായതിനാൽ ചേരുവപാകപാചകഭേദങ്ങൾ പ്രയോഗിച്ച്‌ പല തരം പരീക്ഷണങ്ങൾ ഓരോന്നായി നടത്തികൊണ്ടിരിക്കുന്നു. അജിത ടീച്ചറുടെ നേതൃത്വത്തിലുള്ള ‘പുത്തകം’ സാഹിത്യവേദിയിലെ കുട്ടികൾ തമാശ പറയാറുണ്ട്‌, അധികനേരം അടുത്തു നിന്നാൽ അജിത ടീച്ചർ ചിലപ്പോൾ പിടിച്ച്‌ അച്ചാറിട്ടുകളയുമെന്ന്. അങ്ങനെയാണ് അച്ചാറിൽ കയറിപ്പിടിക്കുന്നത്‌. അച്ചാർ എന്നത്‌ എല്ലാവർക്കും ഇഷ്ടമുള്ളതല്ലേ. ഓർക്കുമ്പോൾ തന്നെ ആരുടെയും വായിൽ വെള്ളമൂറുന്ന രുചിയോർമ്മയും കൊതിയുമല്ലേ അച്ചാർ. വേറൊന്നുമില്ലെങ്കിലും ഒന്നുതൊട്ടുക്കൂട്ടാൻ തൊടുന്നത്‌ അച്ചാറല്ലേ. അജിത ടീച്ചറുടെ കവിതകൾ പോലെ അച്ചാറുച്ചിന്തകൾക്കും അളവിൽ കൂടുതൽ സ്നേഹമുണ്ടാകും. കോവിഡ്‌കാലത്തെ അസ്വാസ്ഥ്യങ്ങളെ മറികടിക്കാൻ ഒരു തന്ത്രമായിരുന്നു മുന്നുനാലുനേരം ഭക്ഷണമുണ്ടാക്കി വിശന്ന് അരികിൽ എത്തുന്നവർക്കെല്ലാം വിളമ്പികൊടുക്കുകയെന്നത്‌. ലോക്ക്‌ ഡൗൺ കാലവും അച്ചാർ മാത്രമായി പ്രത്യേകം കൂടുതൽ അളവുകളിലുണ്ടാക്കി വിതരണം ചെയ്യാൻ കാരണമായി. മക്കളുടെ സുഹൃത്തുക്കൾ തന്ന പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും അച്ചാർ നിർമ്മാണം വിപുലമാക്കി.

dr-ks-krishnakumar-jeevithathinte-paryayapadangal-wp
ഡോ. കെ.എസ് കൃഷ്ണകുമാർ

അച്ചാർ എന്നത്‌ ധാരാളം പരീക്ഷണസാധ്യതയുള്ളതാണു മനസ്സിലായി. ഉപ്പും മുളകും എല്ലാമുള്ള അച്ചാറിൽ എന്തും പരീക്ഷിക്കാം. ഭക്ഷണനേരങ്ങളിൽ രൂചി കൂട്ടാൻ അച്ചാറിന്റെയത്ര മറ്റൊന്നിനുമാകില്ല. അരികുകറികൾ ഒന്നുമില്ലെങ്കിലും തൊട്ടുകൂട്ടാൻ ഒരു അച്ചാർ മതിയാകും. ഭക്ഷണം കൂടുതൽ ഊട്ടാൻ കഴിക്കുന്നവന്റെ കൂടെ രുചിയെന്ന സ്നേഹവുമായി അച്ചാർ കൂടെ ചേരും. തൊട്ടുകൂട്ടുമ്പോൾ, അച്ചാർ നാവിൽ രുചിയേറ്റുമ്പോൾ അതുണ്ടാക്കിയവരെ കഴിക്കുന്നവർ ഒരുവേള എന്തായാലും ഓർത്തുപോകുമെന്ന് അജിത ടീച്ചർ. മറ്റൊരാളുടെ മനസ്സിൽ കുറച്ചുനേരം തങ്ങി നിൽക്കുക, അതും ഭക്ഷണം കഴിക്കുന്ന സമയം എന്നത്‌ വലിയ ഒരു കാര്യമാകുന്നു. പത്ത്‌ കവിത എഴുതുന്നതിനെക്കാൾ ചാരിതാർഥ്യവും സുഖവും ഭക്ഷണം കഴിക്കുന്നയാളിലെ സ്മരണ നൽകും. അതായിരിക്കാം അച്ചാറുകൾ തയ്യാറാക്കുന്നതിൽ അജിത ടീച്ചർ നേടുന്ന സംതൃപ്തിയുടെ രഹസ്യം. ഭക്ഷണം കഴിക്കാൻ കൊടുക്കുകയെന്നതിനോളം കാവ്യാത്മകമായ പ്രവൃത്തി വേറെയില്ലെന്നാണ് അജിത ടീച്ചർക്ക്‌ പറയാനുള്ളത്‌. വലിയ വലിയ വിഭവങ്ങളൊന്നും ഉണ്ടാക്കാൻ അറിയില്ലെങ്കിലും ഏറെ ശ്രദ്ധിച്ചും സാവകാശം സമയമെടുത്തും പതുക്കെ മുറിച്ചും സന്തോഷത്തോടെയുമായിരിക്കും ഓരോന്നും ടീച്ചർ തയ്യാറാക്കുക. നമ്മളുടെ ഇഷ്ടം പ്രകടിപ്പിക്കാൻ എത്രയെത്ര മാർഗങ്ങളുണ്ട്‌. അജിത ടീച്ചർ തിരഞ്ഞെടുത്തത്‌ ഭക്ഷണം കൊടുക്കുകയാണ്. ഭക്ഷണം ഒന്നുമുണ്ടാക്കാൻ അറിയാതിരുന്ന ഒരു പാവം പെൺകുട്ടിയായിരുന്ന കാലത്ത്‌ അച്ചാറുണ്ടാക്കാൻ കൂടെക്കൂടിയാണു ഭർത്തൃഗൃഹത്തിലെ അടുക്കളയിൽ സ്ഥാനമുറപ്പിച്ചത്‌. തന്നെ കൂടെ ചേർത്തതിനു നന്ദിയും കടപ്പാടും എന്നുമുണ്ട്‌, അമ്മായിയമ്മയോടും അച്ചാറിനോടും. ചേർത്തുപിടിക്കുന്ന, കൂടെക്കൂട്ടുന്ന സ്നേഹത്തിന്റെ രുചിരാഷ്ട്രീയമുണ്ട്‌ ഏത്‌ അച്ചാറിനുമെന്ന് അജിത ടീച്ചർ വിശദീകരിക്കും. എത്ര വ്യാഖ്യാനിച്ചാലും തീരാത്ത ഒരു പ്രത്യേകതരം സ്നേഹമാകുന്നു അച്ചാറുകൾ തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടത്തിലുമുള്ളത്‌. അത്രമാത്രം സ്നേഹത്തിന്റെ ശ്രദ്ധയും പരിചരണവും അളവും മിശ്രണവും പാകപ്പെടുത്തലും ഓരോ അച്ചാറിലും ഉണ്ട്‌.

അജിത ടി ജി
ഫോൺ:81298 88569

spot_img

1 COMMENT

  1. അജിത ടീച്ചറുടെ കവിതകള്‍ വായിച്ചിട്ടുണ്ട്..രുചിക്കൂട്ട് കൊണ്ടുള്ള കവിതയായി ഇത്..

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...