പ്രശസ്ത തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ (74) അന്തരിച്ചു. തിരുനെൽ വേലിയിൽ വെച്ചായിരുന്നു അന്ത്യം. ലളിതമായ ഭാഷയിലൂടെ നിരവധി കൃതികൾ വായനക്കാർക്കു സമ്മാനിച്ച എഴുത്തുകാരനായിരുന്നു മീരാൻ.
കേരളത്തിന്റെ അതിർത്തിയിൽ ജനിച്ചതുകൊണ്ടു മീരാന് മലയാളഭാഷയുമായും അഗാധമായ ബന്ധമുണ്ടായിരുന്നു. മലയാള ഭാഷയുമായി സാമ്യമുള്ള തമിഴ് സംഭാഷണങ്ങളായിരുന്നു അദ്ദേഹം തന്റെ കൃതികളിൽ ഉപയോഗിച്ചത്. മുസ്ലിം സമുദായത്തിനിടയിലെ അനാചാരങ്ങൾക്കെതിരെ തുറന്നെഴുത്ത് നടത്തിയ സാഹിത്യകാരനായിരുന്നു മീരാൻ. അദ്ദേഹത്തിന്റെ എഴുത്തിൽ പ്രതിഫലിച്ച ചരിത്രവും മലയാളം ഇടകലർന്ന തമിഴ് ഭാഷയും പല വേളകളിലും ചർച്ചകളിലൂടെ വിവാദമായി.
ഒരു കടലോര ഗ്രാമത്തിന് കതൈ, തുറൈമുഗം, കൂനൻ തോപ്പ്, സെയ്‌വ് നാർക്കാലി, എന്നീ നോവലുകളും നിരവധി കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡ്, തമിൾ ഇളക്കിയ പെരുമാന്റം തുടങ്ങി ധാരാളം പുരസ്കാരം നേടിയിട്ടുണ്ട്. മിക്ക പുസ്തകങ്ങളും മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്.
നാഗർകോവിലിനു സമീപമുള്ള തേങ്ങാപ്പട്ടണം എന്ന കടലോരഗ്രാമത്തിൽ 1944- ലാണ് ജനനം. വിദ്യാഭ്യാസം നാഗര്കോവിലിലായിരുന്നു. പിന്നീട് ഏറെക്കാലം മുളക് വ്യാപാരിയായി തിരുനെൽ വേലിയിൽ ജീവിച്ചു. മലയാളി വായനക്കാരുടെ പ്രീയപ്പെട്ട എഴുത്തുകാരനായിരുന്നു തോപ്പിൽ മുഹമ്മദ് മീരാൻ