തെരുവിൽ അകപ്പെട്ട ഒരുവൾ

0
365
athmaonline-theruvilakappetta-oruval-darsana-thumbnail

ദർശന

ഒരിക്കൽ , ഒരിക്കൽ മാത്രം
ഒരു കുഞ്ഞു സൂര്യനെ നെഞ്ചേറ്റി,
തിളയ്ക്കുന്ന ഹൃദയവുമായി
പടിയിറങ്ങി പോകുമ്പോൾ
ഒരിക്കലെങ്കിലും തിരിച്ചുവരുമെന്ന്
നിനച്ചതേയല്ലായിരിക്കാം.
പട്ടം പോലെ കൈവിട്ടുപോയ ഹൃദയത്തെ,
കൈകുമ്പിളിൽ ഒതുക്കാൻ പണിപ്പെട്ടു,
കാവുതീണ്ടിയ കൗമാരസ്വപ്നങ്ങൾ
പടിയടച്ച് പിണ്ഡം വെച്ചവരോട്
എന്താണ് പറയുവാനുള്ളത്.



ഓർമ്മകളുടെ പിന്നാമ്പുറങ്ങളിലെന്നും
മഞ്ചാടിച്ചോപ്പും കുന്നിമണി ചന്തവും
നീറ്റലായി നിറയുമ്പോൾ
ഓരോ മാത്രകളിലും
വിഷം തീണ്ടി മരവിച്ച ദേഹത്തിലേക്ക്
പറന്നു പോയ ജീവൻ
മെല്ലെ പടർന്നു കയറുന്നുണ്ട്.

ഇന്നലെകളുടെ ഓർമ്മകളിൽ
പെയ്തൊഴിഞ്ഞ കണ്ണീർത്തുള്ളികൾ
പ്രായശ്ചിത്തമൊഴുക്കിയ
ഏത് പുണ്യ തീർത്ഥത്തിൽ
മുങ്ങി നിവർന്നാലാണ്
അച്ഛന്റെ കുനിഞ്ഞ ശിരസ്സൊന്നുയരുക.
അമ്മയുടെ തോരാ കണ്ണീർപ്പെയ്ത്തൊന്നു
നിലയ്ക്കുക .

ഈ തെരുവിൽ അവൾ
പലകുറി ജനിക്കാൻ വിധിക്കപ്പെട്ടവൾ.
കാവു തീണ്ടിയ കരിഞ്ഞ പ്രണയമരം
ആഴങ്ങളിൽ ഒളിപ്പിച്ച
ആരും കാണാത്ത വിത്ത്
മുളപൊട്ടി പുറത്തു ചാടുമ്പോൾ
അന്തിമാനത്ത്
മഞ്ചാടിച്ചോപ്പു നിറഞ്ഞിരുന്നു.



വഴിപോക്കത്തികളുടെ കൂട്ടത്തിന്നിടയിലും
തെരുവിന്റെ ആസക്തികളിൽ
ചൂളിപ്പോകുന്നുണ്ടവൾ.
അഗതികളുടെ വഴിത്താരകൾ
ആർക്കും അഭയമേകുന്നുണ്ട് .

എങ്കിലുമെന്നിട്ടും
ഇരുളിൽ ഞെരിഞ്ഞമരുന്ന
മണ്ണിന്റെ വിലാപങ്ങളിൽ
ഉണർന്നിരുന്ന്
നരച്ച ഇരുട്ടിന്റെ
പള്ള കീറി തകര വിടവിലൂടെ
നൂഴ്‌ന്നു കയറുന്ന കൊള്ളിയാൻ വെട്ടങ്ങളിൽ,
വാതിലുകളിൽ അലയ്ക്കുന്ന
ഇടിമുഴക്കങ്ങളിൽ
ഓരോ പാതിരാവിലും
പലകുറി മരിക്കുമ്പോഴും
രണ്ടു കുഞ്ഞിക്കണ്ണുകളുടെ നിസ്സഹായതയിൽ
തുടുത്ത പുലരിയിലേക്കവൾ
ജനിച്ചു കൊണ്ടിരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here