The Reader’s View
അന്‍വര്‍ ഹുസൈന്‍
രാമായണം രാമൻ്റെ അയനമാ(കഥ)ണ്. എന്നാൽ അത് അതിലുപരി രാരായാ(സീത)യുടെ കഥയാണെന്നതാണ് ശരി. വൈദേഹിയെ വാൽമീകിയും കാളിദാസനും ഭവഭൂതിയും തുളസീദാസനും കമ്പരും തുഞ്ചത്താചാര്യനും ആശാനും അവതരിപ്പിച്ചിട്ടുണ്ട്. സീതയുടെ ഈ ഭാവങ്ങളിലൂടെ നമ്മെ വഴി നടത്തുന്നു ഗുരു നിത്യചൈതന്യയതി. ഗ്രീൻ ബുക്ക്സിലൂടെ പുറത്തു വന്ന സീത നൂറ്റാണ്ടുകളിലൂടെ ഈ മഹാകവികളുടെ കാവ്യ ചാർത്തുകളുടെ ലാവണ്യം പകർന്നു തരുന്നു.
ഭാഗ്യ നിർഭാഗ്യങ്ങൾ ജിവിതത്തിൽ കടന്നു വരുമ്പോൾ അതിനോടുള്ള സമീപനമാണ് പ്രധാനം എന്ന് യതി എഴുതുന്നു. കാളിദാസ ശാകുന്തളത്തെ രാമായണ കഥയിലേക്ക് സന്നിവേശിപ്പിച്ച് ജീവസ്സുറ്റതാക്കുന്നു യതി. രാമനിൽ നമുക്ക് രണ്ടു ഭാവങ്ങൾ ദർശിക്കാം – സ്നേഹ സമ്പന്നനായ മനുഷ്യൻ, ആര്യന്മാരുടെ മര്യാദ രാമൻ. ഈ മര്യാദ രാമനാകണം സീതയെ വെറും വാക്കുകൾ കേട്ടുകൊണ്ടുപേക്ഷിച്ചത്.
ആശാൻ്റെ ചിന്താ വിശ്ടയായ സീതയിൽ ഒരു ധീരവനിതയെയാണ് നാം കാണുന്നത്. ആറ്റൂർ കഷ്ണപ്പിഷാരടി എഴുതുന്ന പോലെ പതിവ്രതയെന്ന പേരിൽ എന്തും സഹിക്കുന്ന സീതയല്ല ആശാൻ്റെ സീത. ഭവഭൂതിയുടെ ശുദ്ധഗതിക്കാരിയായ സീതയുമല്ല. യതി പറയുന്നു വാൽമീകി സീതയും കരുത്തുറ്റവൾ തന്നെ. എഴുത്തച്ഛൻ്റെ സീത ചിലപ്പോൾ ഭർതൃഭക്തി മാത്രമുള്ള വ്യതിരിക്ത വ്യക്തിത്വമില്ലാത്ത സീതയാവാം.
ശ്രീബുദ്ധനും സോക്രട്ടീസും ഗാന്ധിജിയും നാരായണ ഗുരുവുമെല്ലാം ഈ പുസ്തകത്തിൽ കടന്നു വരുന്നു. മുസ്ലീങ്ങളുടെയോ കൃസ്ത്യാനികളുടെയോ വീട്ടിൽ നിന്ന് വേവിച്ച ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഗാന്ധി വെളിപ്പെടുത്തുന്നുണ്ടത്രേ! ജാതിഭേദത്തെ മുച്ചൂടും എതിർത്ത മഹാഗുരുവിൻ്റെ ശിഷ്യന് ഇത്തരം കാര്യങ്ങൾ എഴുതാതെ വയ്യല്ലോ!
സീതയിലേക്ക് കടന്നു പോവുമ്പോൾ ശ്രീയേശുവിലെത്തുന്നത് അത്ഭുതാദരവോടെ വായിക്കാം. ഏതെങ്കിലും ദർശന സങ്കുചിത യതിയെ നയിക്കുന്നതേയില്ല. നാഴികക്കു നാൽപ്പതു വട്ടം ഭാരതീയം എന്നുരുവിട്ട് അത് ചിലത് മാത്രമാണെന്ന് വാദിക്കുന്നവർ യതിയെ വായിക്കട്ടെ.
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ് –
സ്ഥിതി ചെയ്താളുടജാന്ത വാടിയിൽ
സീതയെ ഏതോ കാലത്തെ സ്ത്രീയായല്ല എക്കാലത്തെയും സ്ത്രീയായി ആശാൻ അവതരിപ്പിക്കുന്നു. സീതയിൽ കാലനിർണയമെങ്ങനെയാണ്
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരി ഓർത്തതില്ല
യതി എഴുതുന്നു
വാല്മീകിയുടെ ചിത്രണം അത്യാശ്ചര്യത്തെയും ഉത്കടമായ ദുഖത്തെയും ഒരുമിച്ചു വായനക്കാരൻ്റെ മനസിലേക്ക് കൊണ്ടു വരുന്നുവെങ്കിൽ ആശാൻ വരച്ചു കാട്ടുന്ന സീതാ തിരോധാനം സുപ്രസിദ്ധ ചിത്രകാരനായ ലിയനാർഡോ ഡാവിഞ്ചിയുടെ മോണോലിസ പോലെയും സംഗീത സാമ്രാട്ടായ ബീഥോവൻ്റെ മൂൺ ലൈറ്റ് സോണറ്റ പോലെയും യോഗയുക്തമായ ഒരു സമരസത്തിലാണ് ആസ്വാദകൻ്റെ മനസ്സിനെ കൊണ്ടെത്തിക്കുന്നത്.
പുസ്തകത്തിൽ അനുബന്ധമായി ഡോ എം ലീലാവതിയുടെ ചിന്താവിഷ്ടയായ സീതയുടെ പഠനവും ചേർത്തിട്ടുണ്ട്. സുകുമാർ അഴീക്കോടിൻ്റെ ആശാൻ്റെ സീതാകാവ്യത്തോട് ചേർത്ത് വച്ച് വായിക്കാവുന്ന പുസ്തകം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല