ഉന്മാദി ജീവിതത്തെ തൊട്ടെഴുതുമ്പോൾ

0
130

The Reader’s View

അന്‍വര്‍ ഹുസൈന്‍

പത്രപ്രവർത്തകയും മാധ്യമ പ്രവർത്തകയും കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ നിന്നും അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥയുമായ കെ ഏ ബീന യാത്രാ വിവരണം, ബാലസാഹിത്യം, ചെറുകഥ, ലേഖനം, ജീവചരിത്രം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ മുപ്പത്തഞ്ചോളം പുസ്തകങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത എഴുത്തുകാരിയാണ്. അവരുടെ ലേഖനങ്ങൾ സമാഹരിച്ച് പട്ടാമ്പി ലോഗോസ് പബ്ലിക്കേഷൻസ് ഉന്മാദിയുടെ മുന്നിലെ ആലീസ് എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നു.

ജീവിതത്തെ തൊടുന്ന നാൽപ്പത് ലേഖനങ്ങളാണ് ഇതിലുള്ളത്. സ്വാനുഭവങ്ങളും കണ്ടു മുട്ടിയ ജിവിതങ്ങളും നടന്ന വഴികളും ഓർമ്മകളും ഒക്കെ ഇഴ കോർക്കുന്ന ഒരു സമാഹാരമാണിത്.

എം ഏ ഫൈനൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിൽ കടന്നൽ കുത്തി മരണത്തെ നേർക്കു നേർ കണ്ട ഓർമ്മകളും മരണ ചിന്തകളും കുറിക്കുന്നതാണ് ആദ്യ ലേഖനം. നാണപ്പൻ എന്ന എം പി നാരായണപിള്ളയെപ്പറ്റിയാണ് തുടർന്ന് എഴുതുന്നത്. പ്രേതങ്ങളെയും ഭാഷയെയും കയ്യിലൊതുക്കിയ പരിണാമത്തിൻ്റെ കഥാകാരനെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ബാല്യത്തിലെ മാമ്പഴക്കാലവും മർച്ചൻ്റ് നേവിയിൽ ജോലി ചെയ്ത അച്ഛൻ ചിത്രങ്ങളിലൂടെ കാട്ടിത്തന്ന ലോകവും ചാരുതയോടെ പകരുന്നു.

കെ പി കേശവമേനോൻ്റെ നാം മുന്നോട്ട് എന്ന കൃതി എന്നും കൈവശം വയ്ക്കുന്നതെന്തുകൊണ്ട് എന്ന് വ്യക്തമാക്കുന്നു. സൈക്കിൾ എന്ന ബദലിനെപ്പറ്റിയും സ്നേഹ ഉറവ് ഉൾപ്പെടെയുള്ള ഉറവുകളെപ്പറ്റിയും ബീന വാചാലയാവുന്നു.

പെൺകുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന ഭീകര ചിത്രങ്ങൾ ആരെയും അമ്പരപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും. സ്കൂളുകളിൽ ക്യാമറ സ്ഥാപിച്ച് ജയിലാക്കി മാറ്റുന്ന രീതിയോട് രോഷാകുലയായി പ്രതികരിക്കുന്നു. ഭക്ഷണം പാഴാക്കുന്നതിനെപ്പറ്റി എത്ര പറഞ്ഞാലും മാറ്റം വരുന്നില്ല. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെക്കുറിച്ചാണ് അടുത്ത ലേഖനം.

ജ്ഞാന സെൽവം എന്ന വീട്ടുജോലിക്കാരി അഭിമുഖീകരിക്കുന്ന ദുരന്തങ്ങൾ നമ്മുടെ കണ്ണുകൾ നനയിക്കുന്നു. ഗാന്ധി വധം ലോകത്തെ അറിയിക്കേണ്ടി ഓർമ്മകൾ പങ്കുവയ്ക്കപ്പെടുന്നു.

ദുർഗുണ പരിഹാര പാo ശാലകൾ പരിഹാരമാവുന്നുണ്ടോ? പെൺകുഞ്ഞുങ്ങളെയും വൃദ്ധകളെയും പീഢിപ്പിക്കുന്ന നരാധമന്മാരെ മുളകുപൊടി കൊണ്ട് നേരിടണം. പ്രണയത്തിൻ്റെ ചതിക്കുഴികളും നമുക്ക് കഥയല്ല.

അനുജത്തി ബിന്ദുവിൻ്റെയും അച്ഛൻ്റെയും മരണങ്ങളെ ബീന ഹൃദയസ്പർശിയായി ഓർക്കുന്നു. സൗഹൃദം, മാതൃസ്നേഹം ഇവയൊക്കെ ഭംഗിയായി പരാമർശിക്കപ്പെടുന്നു. ഗുരുക്കന്മാർ പോലും പീഢകരാവുന്ന ഭീതിദമായ കാലം!

പേരൻറിംഗും കുട്ടികളുടെ വളർച്ചയുമൊക്കെ ലേഖനങ്ങളിൽ കടന്നു വരുന്നു. ആത്മഹത്യയും സ്നേഹവും കാരുണ്യവും സന്തോഷവുമെല്ലാം താത്വികമായി മാത്രമല്ല അനുഭവ വെളിച്ചത്തിലും അപഗ്രഥിക്കുന്നു.

സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന, പ്രചോദനം നൽകുന്ന, ആഴത്തിൽ വിചിന്തനങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ.

നമ്മളൊക്കെ മനുഷ്യരാണ്. നമ്മളിലൊക്കെ നന്മ നിറഞ്ഞിരിക്കുന്നു. നമുക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അർഹതയും കഴിവുമുണ്ട്. നമുക്കുള്ളത് നല്ല നാളെകൾ മാത്രം!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here