മഹാഭാരത കഥയിലെ സമകാലികത

0
182

The Reader’s View

അന്‍വര്‍ ഹുസൈന്‍

മുൻ മന്ത്രിയും സി പി ഐ നേതാവുമായ മുല്ലക്കര രത്നാകരൻ രചിച്ച മഹാഭാരതത്തിലൂടെ എന്ന പുസ്തകം സങ്കീർത്തനം പബ്ലിഷേഴ്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. മഹാഭാരത കഥയെ സമകാലികത്തോട് യോജിപ്പിക്കുകയാണ് ഇതിലൂടെ മുല്ലക്കര ചെയ്യുന്നത്. മഹാഭാരത കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നു. ഇന്ന് നടക്കുന്ന സംഭവങ്ങളെ മഹാഭാരതത്തിന്റെ തലത്തിൽ നിന്ന് കൊണ്ട് വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് മുല്ലക്കര. മഹാഭാരതത്തിൽ ഇല്ലാത്ത ഒന്നുമില്ല എന്നാണല്ലോ പറയുന്നത്. സ്നേഹവും പകയും ചതിയും പ്രണയവും വഞ്ചനയും അസൂയയും എല്ലാം മഹാഭാരതത്തിൽ ഇതൾ വിരിയുന്നുണ്ട്.

മഹാഭാരത കഥാപാത്രങ്ങളായ സത്യവതി, ഭീഷ്മർ, കർണ്ണൻ , ഗാന്ധാരി, യുധിഷ്ഠിരൻ, ദുര്യോധനൻ, അർജുനൻ, ശ്രീകൃഷ്ണൻ, പാഞ്ചാലി, ഹിഡുംബി എന്നീ പത്തു കഥാപാത്രങ്ങളിലൂടെയാണ് ഈ അന്വേഷണം. വ്യാസ കഥാപാത്രങ്ങളെയും സംഭവ വികാസങ്ങളെയും ഇന്നിന്റെ കണ്ണിൽ നിന്ന് നോക്കിക്കാണുകയാണ് ഇവിടെ. ഇന്നത്തെ സമൂഹത്തിന്റെ ചിന്തകൾ, രാഷ്ട്രീയ വ്യവസ്ഥ, മാനസിക വ്യാപാരങ്ങൾ ഇവക്കെല്ലാം മഹാഭാരതത്തിലൂടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു.

ചേദി രാജാവിന് അപ്സരസായ അദ്രികയിൽ ജനിച്ച സത്യവതിക്കു മൽസ്യഗന്ധി എന്നും കാളി എന്നും പേരുണ്ട്. നദി മുറിച്ചു കടക്കുന്നതിനിടയിൽ പരാശര മഹർഷിക്ക് പ്രേമവും പിന്നീട് കാമവും ഉടലെടുക്കുകയും കാളി ഗർഭവതിയാവുകയും ചെയ്യുന്നു. അതിലുണ്ടായ കുഞ്ഞാണ് കൃഷ്ണ ദ്വൈപായനൻ എന്ന വേദ വ്യാസൻ. മഹാഭാരത വിശകലനം വ്യാസന്റെ അമ്മയിൽ നിന്ന് തുടങ്ങിയത് ഏറെ സാർത്ഥകമായി. അമ്മയിൽ നിനാണല്ലോ എന്തും തുടങ്ങുക.

ഭീഷ്മരിലേക്ക് വരുമ്പോൾ ആ ശപഥമാണ് ഓർമ്മ വരുക. മുല്ലക്കര ഗംഗയെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്. നദി സ്ത്രീയുടെ പ്രതീകമാണ്. ശന്തനുവിൻ്റെ പ്രണയകരാറിൽ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു നൽകുന്നു. വ്യാസൻ ഇവിടെ ജല സ്വാതന്ത്ര്യവും പ്രകൃതി ബന്ധങ്ങളും ഉണർത്തുന്നു. മാത്രമല്ല നദിക്ക് കടലിലെത്തും വരെ സ്വാതന്ത്ര്യം അനുവദിക്കും പോലെ പെണ്ണിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന് വ്യാസൻ പറയുന്നു.

ഭീഷ്മർ എല്ലാ സന്ദർഭങ്ങളിലും ധർമ്മി ആയിരുന്നോ? ദൂതിനെത്തുന്ന കൃഷ്ണനെ പിടിച്ചു കെട്ടാനുള്ള ദുര്യോധന ശ്രമത്തെ എതിർക്കുന്ന ഭീഷ്മർ പക്ഷേ പാഞ്ചാലി അധിക്ഷേപിക്കപ്പെടുമ്പോൾ മൗനിയാവുന്നു. ഇന്നും പല ധർമ്മിഷ്ടരുടെയും അവസ്ഥ ഇതാണ്. സന്ദർഭമനുസരിച്ച് മാത്രം പ്രതികരിക്കുക.

മഹാനായ ഭീഷ്മർക്ക് എങ്ങനെയാണ് ദുര്യോധനനെ ഉൾക്കൊള്ളാൻ കഴിയുക? ഇന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. ഭീഷ്മ പിതാമഹന്മാർ ഇന്നും നിസംഗരായി ദുഷ്ടതയെ ഉൾക്കൊള്ളുന്നു. അധികാരം ധാർമ്മികാധികാരത്തെ മറി കടക്കുന്നു. എല്ലാ വിശുദ്ധിയുള്ള വിളക്കുകളും അധികാരത്തിൻ്റെ ഇരുട്ടിൽ പ്രകാശിക്കുന്നില്ല. ഒന്ന് തെളിഞ്ഞാൽ പെട്ടെന്ന് കെട്ടുപോവുന്നു.

മുല്ലക്കര രത്നാകരൻ

പ്രധാനപ്പെട്ട രണ്ട് അമ്മ കഥാപാത്രങ്ങളെ വ്യാസൻ അവതരിപ്പിക്കുന്നുണ്ട്- ഗാന്ധാരിയും കുന്തിയും. ശിവൻ്റെ വരസൗഭാഗ്യത്താൽ 101 മക്കൾ നേടിയ അമ്മ, ഭർത്താവ് അന്ധനായതറിഞ്ഞ് കണ്ണുമൂടിക്കെട്ടിയ പത്നി (അതിത്തിരി കടുപ്പമായിപ്പോയി!) ഇതൊക്കെയാണ് ഗാന്ധാരി. കുരുക്ഷേത്ര രണാങ്കണത്തിൽ വിലപിക്കുന്ന ഗാന്ധാരിയെയും നാം കാണുന്നു. രാഷ്ട്രീയ യുദ്ധങ്ങളിൽ മക്കൾ മരിക്കുന്ന ഗാന്ധാരിമാരുടെ വിലാപങ്ങൾ ഇന്നും ഭൂമിയിൽ മുഴങ്ങുന്നു.

ആഗ്രഹങ്ങളുടെ വലിയ തോണിയിൽ കഴിയുന്ന കുന്തിയെയും മാദ്രിയെയും വ്യാസൻ അവതരിപ്പിക്കുന്നു. അവർ വനത്തിലാണ്. ഗാന്ധാരി പക്ഷേ കൊട്ടാരത്തിലാണ്. എങ്കിലും സ്വയം നിയന്ത്രിച്ച പ്രകാശം അവർക്കകലെയാവുന്നു. നോക്കൂ… സ്ത്രീ ഒന്നുകിൽ സാഹചര്യത്തിൻ്റെ തടവിലാവുന്നു. അല്ലെങ്കിൽ അവൾ സ്വയം അത് സൃഷ്ടിക്കുന്നു.

ഗാന്ധാരിയും ഗാന്ധിയും തമ്മിലുള്ള സാമ്യങ്ങളെ മുല്ലക്കര ചൂണ്ടിക്കാട്ടുന്നു. ഇവർ രണ്ടും ധാർമ്മികതയുടെ ആർദ്രത നമ്മിൽ സൃഷ്ടിക്കുന്നു. ഗാന്ധാരി യുദ്ധത്തോട് വിയോജിക്കുന്നില്ലെങ്കിലും ധർമ്മം പുലരണം എന്നാഗ്രഹിക്കുന്നു. ഗാന്ധിയാവട്ടെ, യുദ്ധമേ വേണ്ട എന്ന നിലപാട്കാരനാണ്.

ആരും ചോദ്യം ചെയ്യാത്ത ഭഗവാൻ കൃഷ്ണനെ ഗാന്ധാരി ചോദ്യം ചെയ്യുന്നു. “കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻ തന്നെ നീ / കൊല്ലിക്കയത്രേ നിനക്കു രസമെടോ ” എന്ന ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ഇന്നും ഗാന്ധാരി വിലാപം ഭൂമിയിൽ മുഴങ്ങുന്നു.

അവിഹിത സന്തതിയായി ജനിക്കേണ്ടി വന്ന വീരനായ കർണ്ണൻ ഭാരത കഥയിലെ ഉജ്ജ്വല കഥാപാത്രമാണ്. എവിടെയും കർണ്ണൻ്റെ കുലം ചോദ്യം ചെയ്യപ്പെടുന്നു. ഇന്നും കർണ്ണനും ഘടോൽക്കചനും ഭാരതത്തിൽ അപമാനിക്കപ്പെടുന്നു. ദുര്യോധനൻ എന്ന സുഹൃത്തിനെ കിട്ടിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കർണ്ണൻ? കർണ്ണന്മാർ സ്വയം ഉണ്ടാവുന്നതല്ല, മറ്റാരൊക്കെയോ ചേർന്ന് ഉണ്ടാക്കുന്നതാണ്.

ധർമ്മത്തിൻ്റെ പര്യായമായ യുധിഷ്ടിരൻ ആദർശ ഭദ്രമായ ജീവിതം നയിക്കാൻ ആഗ്രഹിച്ച ആളാണ്. പക്ഷേ അധികാര സോപാനങ്ങളിൽ എത്തിപ്പെട്ടപ്പോൾ അയാൾക്ക് അതിന് കഴിഞ്ഞില്ല. ഇന്നും അത്തരം ആദർശശാലികൾ സങ്കടത്തോടെ സ്വജീവിതത്ത നോക്കിക്കാണുന്നു.

ധർമ്മപുത്രർ സ്വന്തം ഭാര്യയെ ചൂതിനായി പണയം വയ്ക്കുന്നു. ന്യായമായ ഒരു ചോദ്യമുണ്ട്, അതിന് അയാൾക്ക് അധികാരമുണ്ടോ? ഭാര്യ എന്നാൽ ഭരിക്കപ്പെടുന്നത് എന്ന അർത്ഥത്തിൽ അത് ഉണ്ടാവാം. (അതുകൊണ്ടാവാം ഖുർആൻ ഭാര്യ എന്നോ ഭർത്താവ് എന്നോ പ്രയോഗിക്കാതെ ഇണ എന്ന് പ്രയോഗിച്ചത്. പക്ഷേ ഖുർആൻ വാഹകർ എന്ന് അഭിമാനിക്കുന്നവർ ഇന്നും പെണ്ണിനെ ഭരിക്കുന്നു) എങ്കിലും അയാൾ സ്വയം പണയപ്പെടുത്തിയ ശേഷമാവാമായിരുന്നല്ലോ? ഇവിടെ എന്തായിരുന്നു ധർമ്മം?

ഒടുവിൽ സ്വർഗത്തിലേക്കുള്ള യാത്രയിൽ തൻ്റെ സഹോദരങ്ങളും പാഞ്ചാലിയും കാലിടറി വീഴുമ്പോൾ അതിൻ്റെ കാരണങ്ങൾ യുധിഷ്ടിരൻ കണ്ടെത്തുന്നുണ്ട്. ഇങ്ങനെ സ്വർഗ്ഗ ഭ്രഷ്ടരായതിൻ്റെ കാരണം കണ്ടെത്താൻ ആർക്കാണധികാരം? ആർക്ക് നൽകപ്പെട്ടു ആ വിജ്ഞാനം? പൗരോഹിത്യം ഇന്നും സ്വർഗ്ഗ വിൽപ്പനയിലാണ്.

എം ടി കണ്ടെത്തിയ രണ്ടാമൂഴക്കാരൻ ഭീമനോടുള്ള വിരോധം തലക്കു പിടിച്ച് ഭാരത കഥയിൽ ദുര്യോധനൻ പ്രതിനായകനായി. ജീവിതം മുഴുവൻ വെറുപ്പായിരുന്നു ദുര്യോധനനെ നയിച്ചത്. ഇന്നും വെറുപ്പ് പേറി ജീവിതം നിറമില്ലാതാക്കി മാറ്റുന്നവർ ഉണ്ട്. അവർ വെറുപ്പ് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ദുര്യോധനൻ ഭീമനെ നേരിടാനായി കർണ്ണനെ കണ്ടെത്തുന്നു. ഒന്നിലും ചലിക്കാത്ത സുയോധനൻ കർണ്ണൻ വധിക്കപ്പെട്ടപ്പോൾ തകരുന്നു.

ദുര്യോധനന് ആർഭാടത്തോട് വല്ലാത്ത ഭ്രമമുണ്ട്. ഇന്നും സമൂഹത്തിൽ ധാരാളം ദുര്യോധനന്മാർ ഉണ്ടെന്ന് മുല്ലക്കര നിരീക്ഷിക്കുന്നു. വീട് നിർമ്മാണത്തിലും വിവാഹം തുടങ്ങിയ ആഘോഷങ്ങളിലും നമുക്ക് ഇത് പ്രകടമായി കാണാം. നമ്മുടെ സാമൂഹ്യ ജീവിതത്തിൽ ധൂർത്ത് വരുത്തിയ അപകടം കാഴ്ചക്കപ്പുറമാണ്.

ദുര്യോധനന് ഇല്ലാതെ പോയത് മനസ്സുകളെ കൂട്ടി വക്കുന്ന ഒരു ദർശനമായിരുന്നു. ഈ ദർശനത്തിന് പകരമാവില്ല അധികാരം, സമ്പത്ത്, ആയുധങ്ങൾ ഇവയൊന്നും. കൗരവപക്ഷത്തിന് മാനവികത ഇല്ലാതിരുന്നു എന്ന് മുല്ലക്കര നിരീക്ഷിക്കുന്നു.

വില്ലാളിവീരനായ അർജ്ജുനൻ മധ്യ പാണ്ഡവനാണ്. ദ്രോണാചാര്യരെക്കൊണ്ട് ഏകലവ്യൻ്റെ പെരുവിരൽ ചേദിക്കുക എന്ന കൊടും പാപം ചെയ്യിച്ചത് അർജ്ജുനനോടുള്ള വാത്സല്യമാണ്.

മയസഭയുണ്ടാക്കാനായി മഹാവനം നശിപ്പിച്ചതായി വ്യാസൻ പറയുന്നു. പ്രകൃതിയെ നശിപ്പിക്കാൻ എക്കാലവും ചൂട്ടു പിടിക്കുന്നത് വലിയവർ എന്ന് സമൂഹം കാണുന്നവരാണ്. അവർ പലപ്പോഴും പ്രകൃതി വിരുദ്ധരായി ജീവിക്കുന്നവരും ആണ് എന്നും മുല്ലക്കര നിരീക്ഷിക്കുന്നു.

അർജ്ജുനൻ്റെ പ്രതിഭയും കൃഷ്ണൻ്റെ തന്ത്രങ്ങളും ചേർന്നപ്പോൾ കുരുക്ഷേത്ര വിജയമുണ്ടായി. പക്ഷേ എന്താണ് ഒരു യുദ്ധത്തിലെ ആത്യന്തിക വിജയം? ചിന്തിക്കേണ്ടതുണ്ട്. മണ്ണിന് വേണ്ടി ഒരു യുദ്ധം – അത് മഹാഭാരതം, പെണ്ണിന് വേണ്ടി ഒരു യുദ്ധം – രാമായണം എന്ന വിലയിരുത്തൽ കേട്ടിട്ടുണ്ട്. മാനവൻ പറയേണ്ടത് ഇനിയൊരു യുദ്ധം വേണ്ടിവിടെ എന്നാണ്.

വ്യാസൻ അവതരിപ്പിച്ച ഏറ്റവും ശക്തിയുള്ള സ്ത്രീ കഥാപാത്രമാണ് പാഞ്ചാലി. ദ്രൗപതിയായ കൃഷ്ണയായ ഈ പെൺകൊടി പ്രണയത്തിലൂടെയും അപമാനത്തിലൂടെയും രോഷത്തിലൂടെയും കടന്നു പോവുന്നു. മോഹിച്ച വരൻ്റെ സഹോദരരെകൂടി ഉൾക്കൊള്ളേണ്ടി വരുന്ന ഒരു പെണ്ണിൻ്റെ മാനസികാവസ്ഥ ഒന്നോർത്തു നോക്കൂ! തന്വിയാണവൾ കല്ലല്ലിരുമ്പല്ല എന്ന് ആർദ്രതയുടെ രൂപത്തെ ആശാൻ വിശേഷിപ്പിച്ചപ്പോൾ അതേ പെണ്ണിന് ഒരു വീരവാനെ സൂതപുത്രൻ എന്ന് വിളിച്ചാക്ഷേപിക്കാൻ കഴിയുന്നു. വംശീയാക്ഷേപം ഇന്നും ഭൂമിയിൽ തുടരുന്നു.

പെണ്ണാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് പറഞ്ഞ് ഉറപ്പിക്കപ്പെട്ട ഈ ലോകത്ത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആണുങ്ങൾ തന്നെയാണ് യുദ്ധ കാരണം എന്ന് തിരിച്ചറിയാവുന്നതാണ്. രേണുകയും സീതയും പാഞ്ചാലിയും ഒപ്പം ഇന്നത്തെ സ്ത്രീയും എങ്ങനെയോ പ്രതിയാവുന്നു. മുല്ലക്കരയുടെ നിലപാടുകൾ സ്തീ പക്ഷമായി കാണുന്നുണ്ട് പുസ്തകത്തിലുടനീളം. അതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അത് ഏറ്റവും വലിയ നന്മ തന്നെ. രാഷ്ട്രീയക്കാരൻ്റെ ആത്മാർത്ഥതയിൽ ഒരു പാവം പ്രജക്ക് സംശയം തോന്നുക സ്വാഭാവികമാണ്.

ശ്രീകൃഷ്ണൻ എല്ലാ മനുഷ്യരുടെയും നന്മതിന്മകൾ ചേർത്തുവച്ച വ്യാസ കഥാപാത്രമാണ്. എന്തു കൊണ്ടാണ് കൃഷ്ണൻ്റെ അന്ത്യം എന്തുകൊണ്ടാണ് വ്യാസൻ ഇങ്ങനെ ചമച്ചതെന്ന് അദ്ഭുതം തോന്നും. അർജുനനുമായുള്ള ആത്മ സൗഹൃദമാണോ കൃഷ്ണനെക്കൊണ്ട് തെറ്റുകൾ ചെയ്യിക്കുന്നത്? ആയുധങ്ങളുടെ ലോകം മാനവികതയെ മറിച്ചിടുമെന്ന് ഭഗവാന് അറിയില്ലായിരുന്നോ? ഭഗവദ് ഗീത ഒത്തിരി ചർച്ചകൾക്ക് ഇന്നും വശംവദമാവുന്നു. കൃഷ്ണനും അർജ്ജുനനും ചേർന്നപ്പോൾ പ്രതിഭയും ദർശനവും ചേർന്നു. വിജയമുണ്ടായി. ഇന്നത്തെ ലോകത്തിൽ ഈ ചേർച്ച സംഭവിക്കുന്നില്ല എന്ന് മുല്ലക്കര നിരീക്ഷിക്കുന്നു. ലക്ഷ്യം ലാഭം കൊയ്യൽ മാത്രമാവുന്നു.

പ്രണയത്തിൻ്റെ സമഗ്രതയാണ് ഭാരതകഥയിലെ ഹിഡുംബി. അസൂയയോ അധികാരക്കൊതിയോ അവൾക്കില്ല. കറുത്ത കാടിൻ്റെ കറുത്ത ഉടലുള്ള അകമഴക് ഏറെയുള്ളവൾ. അവൾക്ക് പുത്രനുണ്ടായി പക്ഷേ ഘടോൽക്കചൻ്റെ കുലം അവമാനിക്കപ്പെടാൻ കാരണമായി.

പാണ്ഡവ കൗരവരുടെയും ഹിഡുംബിയുടെയും മനോഭാവത്തെ മുല്ലക്കര താരതമ്യം ചെയ്യുന്നുണ്ട്. ഭയമില്ലാത്ത പ്രകൃതി പുത്രിയായിരുന്നു ഹിഡുംബി. ഗാന്ധിയും മദർ തെരേസയും തങ്ങൾക്ക് വരുന്ന നഷ്ടത്തെ ഭയന്നില്ല. അവർക്ക് രാജ്യമായിരുന്നു പ്രധാനം. മുല്ലക്കര എഴുതുന്നു –

ഈ രാജ്യം എനിക്കുള്ളതാണെന്ന് പറയുന്നിടത്ത് ഒരു യുദ്ധം പിറക്കും. ഞാൻ ഈ രാജ്യത്തിനുള്ളതാണ് എന്ന് പറഞ്ഞാൽ സമാധാനം പിറക്കും.

മഹാഭാരത്തെ എഴുത്തച്ഛൻ്റെ ഭക്തി രസത്തോടെയാണ് ആദ്യമറിഞ്ഞത്, പിന്നെ എം ടി യും ശിവാജി സാവന്തും വി എസ് ഖണ്ഡേക്കറും ഉൾപ്പെടെ ഒട്ടേറെ എഴുത്തുകാരിലൂടെ അറിഞ്ഞു. ഇപ്പോഴിതാ ജനങ്ങൾക്കിടയിലുള്ള ഒരു പൊതു പ്രവർത്തകൻ്റെ വീക്ഷണം വായിക്കുമ്പോൾ ഒട്ടേറെ ചിന്തകൾ നമുക്കും കൈവരുന്നു. അതാണ് ഈ എഴുത്തിൻ്റെ വിജയം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here