യാഥാർത്ഥ്യങ്ങൾ പറഞ്ഞ കവിതകൾ

0
254
പുസ്തകപരിചയം
മുഹമ്മദ് നാഫിഹ് വളപുരം
കവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങി സൗന്ദര്യ സങ്കല്പ വരികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലോചിതമായ വിഷയങ്ങളിലൂടെ സാമൂഹിക സംഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷിദ സമീറിൻ്റെ “ഹയാസിന്ദ് ” കവിത സമാഹാരം.
ജംഷിദയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ കവിത പുസ്തകം.  വർഷങ്ങളുടെ നിരന്തരമായ പരിശ്രമത്തിനോടുവിലാണ്.ജംഷിദയുടെ “ഹയാസിന്ത്” എന്ന കവിത പൂന്തോട്ടം പൂക്കുന്നത്. ഓരോ കവിതയും വ്യത്യസ്തമായ വർഷങ്ങളിൽ എഴുതിയതാണ്. എഴുതിയ  വർഷം കവിതകളുടെ തൊട്ടപ്പുറത്തുതന്നെ കുറിച്ചതായി കാണാം. അധ്യാപികയായ എഴുത്തുകാരിയുടെ തിരക്കേറിയ ജീവിത യാത്രക്കിടയിൽ കണ്ണിലുടക്കിയ കാര്യങ്ങളെ വളരെ വ്യക്തമായ നിരീക്ഷണ ത്തിൽ വിരിഞ്ഞ ആശയങ്ങളെ തൂലികയിലൂടെ ചിത്രീകരിചതാണ് ഈ പുസ്തകത്തിലെ ഓരോ കവിതയും.
ഹായാസിന്തിലെ കവിതകളെ കുറിച്ച് എഴുത്തുകാരൻ റഫീഖ് അഹ്മദിൻ്റെ ഈ വാക്കുകളിലുണ്ട്  ജംഷിദ സമീറിൻ്റെ കവിതയുടെ സ്വീകാര്യത യുടെ വ്യാപ്തി.”രണ്ട് മിഴികളിൽ നിന്നുത്ഭവിച്ച് രണ്ട് മിഴികളിലേക്ക് ഉത്പതിക്കുന്ന പുഴയുടെ ആഴം തേടുന്നു ജംഷിദയുടെ കവിത. പൂക്കാലം മറന്നുവെച്ച  ഗുൽമോഹറിൻ്റെ ഇതളുകൾ വീണ വഴിയായി ഹൃദയം ചുവന്നു, പിഴുതുമാറ്റപ്പെടുന്ന വേരുകളായി നീരോലിച്ചും കവിതയുടെ ഉൾകാടുകളിലേക്കുള്ള യാത്ര തീരുന്നതും ഏതോ നഷ്ടപ്പെട്ട ആഴങ്ങൾക്കരികിലാണ്.ഏറെ പറന്നുപോയ സമകാലിക ജീവിതത്തിൻ്റെ നഷ്ടപെട്ട ആഴങ്ങൾ ഇന്ന് കവിതയിലേ കാണാനാകൂ. ജംഷീദയുടെ കവിതകൾ നമ്മോടിത് ഉണർത്തുന്നു “
കാലോചിതമായ വായിക്കുന്ന ഏതരാൾക്കും പെട്ടന്ന് ദഹിക്കുന്ന കവിതകളാണ്  ഈ സമാഹാരത്തിലധികവും.വായനക്കാരെ മടുപ്പിക്കും വിധം  കടിക്കട്ടിയുള്ള
പദങ്ങളും വിലാസമില്ലാത്ത  വാക്കുകളും കവിതയിൽ ചേർത്തോട്ടിക്കാതെ സധാരണക്കാരെയും പരിഗണിച്ചുള്ള എഴുത്ത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.ലളിതമായ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെകൊണ്ടും മലയാള കവിതയിൽ സാഹിത്യ ഭാഷയുടെ പുതിയ വാതായനം ഒരുക്കുകയാണ് കവി.ഓരോ കവിതകളിലൂടെയും ആശയങ്ങളെ പരതുമ്പോൾ നീളമറ്റതാണ്. ചെറിയ വാക്കുകളിലും വരികളിലും മലയോളമുളള ആശയങ്ങളാണ് കവി അടക്കം ചെയ്തിരിക്കുന്നത്.ഇരുട്ടിലൂടെ സഞ്ചരിച്ച് വെളിച്ചെത്തിലേക്കെത്തുന്നതും വെളിച്ചതിലൂടെ സഞ്ചരിച്ച് ഇരുട്ടിലേക്കെത്തുന്നതുമായ കവിതളും കൂട്ടത്തിലുണ്ട്. സ്നേഹത്തിൻറെ വരികളിലൂടെ വായനക്കാരെ ലാളിക്കാനും ഗൗരവ മേറിയ കാര്യങ്ങളെ  ഗാഭീര്യതയോടെ ഗൗനിക്കാനും കവി മടിച്ചിട്ടില്ല.  വലിയ പ്രതീക്ഷയും ആകാംശയുമാണ്  ഓരോ വരികളും വായനയിലൂടെ തൊട്ട് നീക്കുമ്പോൾ സമ്മാനിക്കുന്നത്.
വായന കഴിഞ്ഞ് പുസ്തകം അടച്ചാലും ഹൃദയം കവിതകളെ തുറന്നു കൊണ്ടേയിരിക്കും.
“തീക്കനലുകൾ
വിരൂപയാക്കിയ മിനുത്തതൊലിപ്പുറം,
കാമദാഹികളെ ചീഞ്ഞു മണത്തു-
ക്രൂരതയുടെ പുകപടലങ്ങളിൽ
കറുത്തിരുളുകയാണ്,
കൊച്ചുകൊച്ചടികൾ
പിച്ചവെക്കുന്ന
കാമാഗ്നീയാളുന്ന ഭൂമിക്കു നെറുകെ,
കണ്ണുപൊത്തി കളിക്കവേ
ചെകുത്താൻ പൊക്കിയെടുക്കുന്ന കുഞ്ഞുങ്ങൾ
നരകത്തിന്റെ തീച്ചൂടെറ്റുരുകിവീഴുന്നു.”
“അസ്ഥികൾ കൊണ്ട് സ്വർഗം പടുക്കുന്നവർ”എന്ന കവിതയിലൂടെ നാലു വയസ്സുകാരിയായ ശ്രീജ എന്ന കുഞ്ഞിനെ പതി നാലു വയസ്സുകാരൻ കൊന്ന് മരപ്പൊത്തിലൊളിപ്പിച്ച സംഭവത്തെയാണ് കവി ഈ കവിതയിലൂടെ വിവരിക്കുന്നത്. സമൂഹം ഇന്നും നേരിടുന്ന വലിയൊരു യാഥാർത്ഥ്യം. പിച്ചവെച്ച് നടക്കും മുന്നേ പിഞ്ചു പാദങ്ങളെ കടിച്ചുകീറുന്ന കാമ കഴുകന്മാരോടുള്ള വലിയൊരു പ്രതിഷേധം ഈ കവിതയിൽ അടയിരിക്കുന്നുണ്ട്. വെറുതെ വായിച്ചു തള്ളാനാവാത്ത വരികൾ. ആശയങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുമ്പോൾ ഉൾകൊള്ളാൻ എത്രയോ പാടങ്ങളുണ്ട്.
“പഴയ ഇരുമ്പ് തുരുമ്പെടുക്കും
പുതിയതതി മനോഹരമായി തിളങ്ങിടും
ഇടയ്ക്കിടെ മെഴുക്കിടാഞ്ഞാൽ
പഴയത്
ദ്രവിച്ചുദ്രവിച്ചില്ലാതാവും”
“ബന്ധങ്ങൾ”എന്ന കവിതയിലെ വരികളാണിത്. ബന്ധങ്ങങ്ങളെ ബന്ധനങ്ങളാക്കുന്ന ആധുനികലോകത്തോട് സംസാരിക്കുകയാണ് കവി. പുതിയ ബന്ധങ്ങളോട് കൂട്ടുകൂടിയ സഞ്ചരിക്കുമ്പോൾ പഴയ ബന്ധങ്ങളെ മറന്നുപോകരുതെന്നും ഇടയ്ക്കിടെ ബന്ധങ്ങൾ പുതുക്കണമെന്ന് കവി ഉപദേശിക്കുന്നുണ്ട്.
“ഭയാനകതയുടെ നനവ്
പടർത്താതെ വരിക
തുള്ളികളിൽ പകനിറച്ച്
വരാതിരിക്കുക
കാർമേഘപ്പെട്ടിയിൽ
കറുത്ത മഴത്തുള്ളികൾ വേണ്ട
പണ്ടത്തെ
വെളുത്ത മഴനൂലുകൾ മതി
തണുത്ത ഇളംകാറ്റും…”
കേരളം മറക്കാത്ത പ്രളയത്തെ കവി “വെരുമൊരു മഴയോട്”എന്ന കവിതയിലൂടെ ഓർത്തെടുക്കുകയാണ്.പ്രളയം വരുത്തിയ അപകടങ്ങളെയും ദുരന്തങ്ങളെയും ഓരോന്നായി കവി അയവിറക്കുന്നുണ്ട്. ആശ്വാസത്തിന്റെ തുള്ളികൾ മതിയെന്നും
ഭയാനകതയുടെയും ദുരന്തങ്ങളുടെയും പേമാരി വേണ്ടന്നും കവി മഴയോട് കേറുന്നുണ്ട്.
“പീടികതിണ്ണയിൽ
മുണ്ടിട്ടിരിപ്പുണ്ട്
വിശപ്പിന്റെ നഗ്നത!
ആരോയെറിഞ്ഞൊരു
നാണയത്തുട്ട്
ജീവപര്യന്തം
കഴിഞ്ഞ്
പെറുപിറുത്തുരുളുന്നുണ്ട്,”
വിശപ്പകറ്റാൻ മനുഷ്യൻ സഞ്ചരിക്കുന്ന വഴികളെയാണ് “വിശപ്പിന്റെ നഗ്നത”എന്ന കവിതയിലൂടെ കവി കാണിക്കുന്നത്.വിശപ്പിൻ്റെ മുൻപിൽ മുട്ടുമടക്കാതെ നെട്ടോട്ടം ഓടുന്ന മനുഷ്യരെ ഈ കവിതയിൽ കാണാൻ കഴിയുന്നുണ്ട്.
“കുളിരുമാത്രമെന്ന് കരുതി
യെടുത്തു ചാടരുതേ
പ്രണയത്തിൻറെ
ആഴങ്ങളിലേക്ക്
കാമത്തിന്റെ
ചെകുത്താൻ
ചുഴികളുമുണ്ടവിടെ!”
കുളിരു മാത്രമെന്ന് കരുതി പ്രണയത്തിലേക്ക്   എടുത്തു ചാടരുന്നവരോട് പ്രണയത്തിൻറെ ആഴങ്ങളിൽ നിറയെ ചതിക്കുഴികളാണെന്നും അതിൽ വഞ്ചിതരാവരുതെന്നും അത് തിരിച്ചറിയണമെന്നും”ആഴങ്ങളിൽ”എന്ന കവിതയിൽ കവി പറഞ്ഞുവെക്കുന്നത്.
“ചെര്യോര്നാളും
ചെറിയ പെരുന്നാളും”എന്ന കവിതയിൽ പുതുമയിൽ മങ്ങിയ പഴയമയുടെ പെരുന്നാൾ ആഘോഷത്തെ ചപ്പുകയാണ് കവി. ലോകം മുഴുവൻ ആധുനികവൽക്കരിച്ചപ്പോൾ ആഘോഷങ്ങൾ പലതും മങ്ങിയെന്നും നാമമാത്രമായി തീർന്നുവെന്നും കവി രേഖപ്പെടുത്തുന്നു.
ഓർമകളോടും ജീവിതത്തോടും അനുഭവങ്ങളോടും അനുഭൂതികളോടും അനീതികളോടും ഭാവനകളേക്കാൾ യാഥാർത്ഥ്യങ്ങളെ വരച്ചിടുന്നതാണ് ഈ സമാഹാരത്തിലെ ഓരോ കവിതകളും. സ്നേഹത്തിൻറെ ഭാഷയിലും ഗൗരവത്തിന്റെ ഭാഷയിലും കവിതയുടെ ആഴമനുസരിച്ചാണ് കവി പെരുമാറുന്നത്. ഓരോ കവിതകൾ വായിക്കുമ്പോഴും നീണ്ട ആലോചനകളേയും പിടക്കുന്ന ഹൃദയത്തെയും വായനക്കാരിൽ കാണാൻ കഴിയും. ആധുനിക ലോകത്തെ നിരവധി സംഭവവികാസങ്ങളെ വളരെ സരളമായ ശൈലിയിൽ ഒരു ഉപദേഷ്ടാവിനെ പോലെ ഹയാസിന്തിലെ കവിതകൾ  കാലഘട്ടത്തോട് സംവദിക്കുന്നുണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here