കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കീഴാറ്റൂര്‍ വയല്‍ മണ്ണും കല്ലും സിമന്റും ഇട്ട് നശിപ്പിക്കുന്നത് തലമുറകളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് ശാസ്ത്രസാഹിത്യപരിഷത്ത്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വികസിപ്പിക്കുകയും തളിപറമ്പ് നഗരത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുകയും ചെയ്യലാണ് പാരിസ്ഥിതികാഘാതം കുറച്ച് പാതവികസനം സാധ്യമാകാനുള്ള മാര്‍ഗം എന്ന് നിര്‍ദേശിച്ചു.
പരിഷത്തിന്റെ പഠനറിപ്പോര്‍ട്ടില്‍ നിന്ന്
തളിപ്പറമ്പ് മുനിസിപ്പല്‍ പ്രദേശത്തെ ഏക വയല്‍പ്രദേശമാണ് കീഴാറ്റൂരിലേത്, 250 ഏക്കര്‍. കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍ പാടശേഖരസമിതികളിലായി 400ല്‍പ്പരം കര്‍ഷകരാണുള്ളത്. വെള്ളക്കെട്ടുള്ളതിനാല്‍ ഒന്നാം കൃഷി എല്ലായിടത്തും സാധിക്കാറില്ല. രണ്ടാം വിള കൃഷി കഴിഞ്ഞ മൂന്നാലുവര്‍ഷമായി കൃത്യമായി ഭൂരിഭാഗം കര്‍ഷകരും ചെയ്യുന്നു. അടുത്ത വിളയായി പച്ചക്കറിയും. മുനിസിപ്പല്‍ പ്രദേശത്തെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമാണിത്. കീഴാറ്റൂര്‍ എന്ന പേര് വന്നതിനു കാരണവും അതാണ്. വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. ആ കുന്നുകളില്‍നിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റിക്കോല്‍ നീര്‍ത്തടത്തിലെ പ്രധാന ഭാഗമാണിത്.
വര്‍ഷകാലത്ത് ഒരുമീറ്ററോളമെങ്കിലുമുയരത്തില്‍ മിക്കഭാഗത്തും വെള്ളം കെട്ടിനില്‍ക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജിങ് ആണ് ഇരുകരകളിലും കിണറുകളില്‍ വെള്ളമെത്തിക്കുന്നത്. സവിശേഷമായ ഭൂപ്രകൃതിമൂലം ജലസസ്യങ്ങളാലും ജലജീവികളാലും സമൃദ്ധമായ ഒരു ആവാസവ്യവസ്ഥയാണിവിടെയുള്ളത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റുവിധത്തിലോ ഉള്ള നിര്‍മിതികള്‍ വരുന്നത് ഈ വയല്‍പ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും. പാതയ്ക്കുമാത്രമായി 19 ഹെക്ടര്‍ വയല്‍ നികത്തുമെന്നാണ് അതോറിറ്റി പറയുന്നത്.
എന്നാല്‍ ആകെയുള്ള നൂറ്ുമീറ്റര്‍ വീതിയില്‍ 60 മീറ്ററോളം നികത്തപ്പെട്ടാല്‍ ബാക്കി വയല്‍പ്രദേശം അപ്രത്യക്ഷമാവും. മിക്കവാറും വെള്ളക്കെട്ടുള്ള ഇരുഭാഗത്തെക്കാള്‍ ഏറെ താഴ്ന്ന ഈ പ്രദേശത്ത് അഞ്ചു കിലോമീറ്ററോളം ഗതാഗതയോഗ്യമായ പാത തീര്‍ക്കാന്‍ വന്‍തോതില്‍ മണ്ണും കല്ലും നിക്ഷേപിക്കേണ്ടിവരും. അതിന്റെ അളവും ഏറെ ഭീമമായിരിക്കും. ഇതിനായി പ്രത്യേകിച്ച് കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടിവരും.
പരിഷത്ത് മുന്നോട്ടുവെക്കുന്ന വഴി
നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വീതികൂട്ടുകയും നഗരഭാഗത്ത് ചിറവക്ക് മുതല്‍ തൃച്ചംബരം വരെ ഒരു ഫ്‌ലൈ ഓവര്‍ സ്ഥാപിക്കുകയും ചെയ്താല്‍ പ്രശ്‌നം ഏറ്റവും കുറഞ്ഞ സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാനാകും.
വിശദമായ പഠന റിപ്പോര്‍ട്ട് ഡൌണ്‍ലോഡ് ചെയ്യാം:
Kezhatoor KSSP Study