കവിത
സുര്യ സുകൃതം
ചിറകൊടിഞ്ഞ കിളികളാണ്
പട്ടങ്ങളായ് പറക്കുന്നത്.
രാത്രികളോട് കൊഞ്ഞനം കാട്ടി
പകലുകളിൽ തന്റേടികളായ്
ചിരിച്ച് ചിരിച്ച്….
കളിച്ച് രസിച്ച്…. പാടി പറന്നവർ.
വേടനില്ലാത്ത കാടുകൾ അവർ
സ്വപ്നം കണ്ടിട്ടുണ്ടാവാം.
മതിയാവോളം പൊക്കത്തിൽ
പറന്നിട്ടുണ്ടാവാം.
എരിഞ്ഞു തുടുക്കുന്ന സൂര്യന്റെ
കവിളിലൊരുമ്മ വയ്ക്കുവാനുള്ള
യാത്രയിലായിരുന്നവർ.
ഇടയ്ക്കെപ്പോഴോ, തടുത്ത,
മേഘത്തോടേറ്റുമുട്ടിയാ
ചിറകുകൾ തകർന്ന് പോയ്.
കൊതിയുണ്ട് പിന്നെയും
പൊങ്ങി പറക്കുവാൻ.
കൊതിയുണ്ട് കാറ്റിന്റെ
ഊഞ്ഞാലിലാടുവാൻ.
ഇനിയെന്റെ സൗകര്യം,
ഇനിയെന്റെ ഔദാര്യം,
പറക്കാത്ത കിളികളെ
ചരടിന്റെയറ്റത്ത് പട്ടങ്ങളാക്കി
പറത്തി നോക്കാമിനി.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.