വായന
സുരേഷ് നാരായണൻ
ഒന്നാമത്തെ കത്ത്
ഏകാന്തത ഒരു മുൾപ്പുതപ്പായ്
ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം
ഡോക്ടർ എന്ന വ്യാജേന
ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു.
ഒരു കവർ വെച്ചു നീട്ടിയിട്ട്
‘നുണഞ്ഞോ’ എന്നു സ്ഥലം കാലിയാക്കുന്നു
അങ്ങയെ വായിച്ചു തുടങ്ങുന്നു.
പുസ്തകം പിടിച്ച വിരലുകൾ തുടുക്കുന്നു.
ചോദ്യചിഹ്നക്കൊളുത്തുളാൽ
നീ തൂക്കിയെടുക്കുന്ന കാലത്തിന്റെ,
ഹൃദയത്തെ വറുത്തു കോരുന്ന സമൂഹത്തിന്റെ
അപഭ്രംശങ്ങൾ കൈവിരലുകളിലെ
തരിപ്പാകുന്നു.
ആദ്യ പേജു മുറിക്കുമ്പോൾ
വളവു തിരിഞ്ഞു വരുന്നൊരു
കടകട ശബ്ദം.
‘ബാ കേറ്’ എന്നൊരു സൈക്കിൾ;
‘മുറുക്കെപ്പിടിച്ചോളോ ട്ടോ!’
എന്ന് തണുത്ത സ്റ്റീൽ കാര്യർ.
പാദസരക്കിലുക്കങ്ങൾ ഒളിപ്പിച്ചുവെച്ച ഊടുവഴികളിലൂടെ അതു ചലിച്ചു തുടങ്ങുന്നു.
‘പാൻറിൻറെ വലത്തെ പോക്കറ്റില് നാരങ്ങാമിഠായിണ്ട്!. എട്ത്ത് കഴിച്ചോളോ’
എന്ന് സൈക്കിൾ ഓടിക്കുന്ന കാറ്റ് തലോടുന്നു.
നീട്ടാനൊരു കോലൈസ്,
ഒപ്പാനൊരു കൈലേസ്,
ജീവിതം ട്രൂ ലൈസ്!
രണ്ടാമത്തെ കത്ത്
ഒരു കളിസ്ഥലം പോലുമില്ല,
കൂട്ടച്ചിരിയുള്ള വീടുകൾ ഏതുമില്ല..
ആ തെരുവ് അങ്ങനെ
കണ്ണീർ പൊഴിക്കവേ,
കുപ്പിച്ചില്ലുകൾ മതിലിനെ
ഗാഢമായ് ചുംബിച്ചു;
ചോര പൊടിഞ്ഞു.
ആമിയും നെരൂദയും ഓഷോയും
മാറിമാറി നിൻറെ പേജുകളിലൂടെ വായനക്കാരനെ ഒളിഞ്ഞു നോക്കുന്നു.
വെള്ളം തേടി ആഴത്തിലേക്കു പോകുന്ന കിണർ പോലെ,
അംഗഭംഗം വന്നവൻ
എന്നറിഞ്ഞു കൊണ്ടു തന്നെ
ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന
ഛിന്നഗ്രഹം പോലെ,
ഞാൻ..!
സ്നേഹത്തിൻറെ ഭൂഖണ്ഡാതിര്,
അതിൻറെ അകിട്ടിലെ കൊടുംതണുപ്പ്,
ഹൃദയം ചുട്ടു തിന്നാൻ തോന്നുന്നത്ര മടുപ്പ്!
കൊടികെട്ടിയ ചിന്തകൾ
അഴിഞ്ഞുലയുന്നു,
കാറ്റിൽ നഗ്നമാവുന്നു,
ചോര കുതിച്ചു ചാടുന്നു!
വരൂ,
നമുക്കൊരുമിച്ച് പിശാചുക്കളെ കല്ലെറിയാം!
മൂന്നാമത്തെ കത്ത്
ഉടഞ്ഞു പോവല്ലേ, ഉടയോനേ!
മരവിച്ച വിരലുകൾ മാത്രമുള്ള ലോകം;
അതെത്ര തവണ മരിച്ചിട്ടുണ്ടാവും?
ഒരേക്കർ പൂന്തോട്ട ഗന്ധം
കുമ്പിളിലാക്കാൻ ശേഷിയുള്ള
നിങ്ങളുടെ വിരലുകളെക്കൊണ്ടെന്തിന് അഭിശപ്തമായ ആത്മഹത്യാക്കുറിപ്പുകൾ എഴുതിപ്പിക്കുന്നു ?
കരയുന്ന പ്രിയയുടെ കണ്ണുനീർ
തൊട്ടു രുചിച്ചു നോക്കി
‘ഇന്നുപ്പു കുറവാണല്ലോ’ എന്നെന്തിനു കളിയാക്കുന്നു?
ഹാ! വിരലുകൾ..!
വാക്കുകളാൽ നിങ്ങളെയാരും
ഇത്രമേലാഴത്തിൽ സ്പർശിച്ചിട്ടുണ്ടാവില്ല.
തുടർച്ചയായിങ്ങനെ
ചുവന്നു തുടുക്കുന്നത്
നിങ്ങൾക്കെത്ര
ആശ്ചര്യജനകമായിരിക്കും!
നിങ്ങളുടെ വിദ്യുത് തരംഗോത്പ്പാദനശേഷിയെ
എന്തനായാസമായിട്ടാണ് അയാൾ വീണ്ടെടുക്കുന്നത്?!
വിരലുകളേ,
നിങ്ങൾക്കും നൗഫലിനും തമ്മിലെന്ത്?!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.