സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു

0
618
Malakkari

യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ “മലക്കാരി”, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീമതി ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ എഴുത്തുകാരി ശ്രീമതി ഷീലാ ടോമിയുടെ അവതാരികയോടെയാണ് വിപണിയിലെത്തുന്നത്. കണ്ണൂർ കൈരളി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

“അധിനിവേശത്തിന്റെ ചരിത്രം മാത്രം പറയുന്ന വയനാടിന്റെ ഭൂമികയിൽ നിന്നും ആദ്യമായി ചുരമിറങ്ങി പോയവരുടെ കഥപറയുകയാണ് “മലക്കാരി”. എൺപതുകളിൽ തൊഴിലിടങ്ങളിലേക്ക് പറിച്ചുനടപെട്ട കീഴാള പെൺകുട്ടികൾ വളർന്നുവരുന്ന ദേശമോ സാഹചര്യങ്ങളോ അന്വേഷിക്കാൻ പോലുമാവാതെ മക്കളെ നഷ്ടപെട്ട, നിസ്സഹായരായ മാതാപിതാക്കൾക്ക് വേണ്ടിയാണ് “മലക്കാരി” സമർപ്പിക്കുന്നത് എന്ന് എഴുത്തുകാരൻ അഭിപ്രായപ്പെട്ടു.

Malakkari-suresh-kuvaatt-athmaonline

“കീഴാളന്റെ മനസ്സിലൂടെ കഥ പറയാൻ ശ്രമിക്കുന്നു എന്നതാണ് “മലക്കാരി” എന്ന നോവലിന്റെ മേന്മ. ദേശത്തെയും മനുഷ്യരെയും അറിയാൻ ഇവിടെ എഴുത്തുകാരൻ ഉദ്യമിക്കുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വർഷം വല്ലി പണി എടുക്കാൻ കരാർ അടിസ്ഥാനത്തിൽ വിൽക്കപ്പെട്ടിരുന്ന മനുഷ്യരുടെ വ്യഥകളെക്കുറിച്ച് പറഞ്ഞ മികച്ച നോവലുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, “മലക്കാരി”യിൽ സുരേഷ് പറയാൻ ശ്രമിക്കുന്നത് അടിയാളരുടെ പീഡകളെക്കുറിച്ചല്ല. അനിതരസാധാരണമായ സ്നേഹബന്ധങ്ങളെക്കുറിച്ചാണ്. ഗോത്രജീവിതത്തിന്റെ ചില അടരുകളെങ്കിലും മിഴിവോടെ കാണിച്ചുതരുന്നുണ്ട് മലക്കാരി.” അവതാരികയിൽ ശ്രീമതി ഷീലാ ടോമി കുറിച്ചിടുന്നു.

Suresh-kuvaatt-Malakkari-athmaonline

ഖത്തർ പ്രവാസികൂടിയായ സുരേഷ് കൂവാട്ട്, പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ “ടീ ടൈം” ഗ്രൂപ്പിൽ മീഡിയ കോർഡിനേറ്റർ ആയി സേവനമനുഷ്ടിക്കുന്നു. സുനജയാണ് ഭാര്യ, അവന്ധികയും ഗൗതമിയും മക്കളാണ്. ആദ്യപുസ്തകമായ “തേൻവരിക്ക” എന്ന കഥാസമാഹാരവും നിരൂപക പ്രശംസ പിടിച്ചുപറ്റിയതാണ്. സമൂഹ മാധ്യമങ്ങളിൽ പുതിയ നോവലിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

https://lk1.1ac.myftpupload.com/sureshkoovatt/

LEAVE A REPLY

Please enter your comment!
Please enter your name here