HomeTHE ARTERIASEQUEL 54'പാട്ടുകളിലെ പരമാനന്ദങ്ങൾ'

‘പാട്ടുകളിലെ പരമാനന്ദങ്ങൾ’

Published on

spot_imgspot_img

വിരൽനഖനാഗമിഴയും ഊടുവഴികളിൽ – എട്ടാം ഭാഗം

അനിലേഷ് അനുരാഗ്

ആനന്ദത്തിൻ്റെ അനുഭവതലത്തിൽ മനുഷ്യൻ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് ഗുണപരമായ വ്യത്യാസങ്ങളൊന്നും ഉൾക്കൊള്ളുകയോ, വഹിക്കുകയോ ചെയ്യുന്നില്ല. കുറച്ചുകൂടി കൃത്യമായിപ്പറഞ്ഞാൽ തൻ്റെ ജീവശാസ്ത്രപരമായ പരിമിതികൾക്കുള്ളിൽ വ്യത്യസ്തനായിരിക്കുക എന്നത് മനുഷ്യന് സാധ്യമല്ല. എത്രതന്നെ സംസ്കരിക്കപ്പെട്ടാലും ഭക്ഷണം പോലെയുള്ള ആനന്ദോപാധികളിൽ മനുഷ്യൻ എന്നും ഒരു മൃഗം മാത്രമാണ്. ആഹരിക്കുന്നതിലൂടെയും, സ്വയമോ, അപരനെയോ അനുഭവിക്കുന്നതിലൂടെയും മനുഷ്യൻ സ്വായത്തമാക്കുന്ന നൈമിഷികാനന്ദം അത്തരം കർമ്മങ്ങളിലൂടെ ഒരു മൃഗത്തിന് ലഭിക്കുന്ന സന്തോഷത്തിലും ഒട്ടും ഉയരെയോ, താഴെയോ അല്ല. ഈ സമാനതയും, സാമ്യതയും അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടോ, താനും ആഴങ്ങളിൽ ഒരു മൃഗം മാത്രമാണെന്ന സത്യത്തെ ഉൾക്കൊള്ളാനാകാത്തതുകൊണ്ടോ ആവണം മനുഷ്യൻ ഭക്ഷണം കഴിക്കുന്നതിനും, ലൈംഗികതയിൽ ഏർപ്പെടുന്നതിനുമുള്ള നിരവധി നിയമങ്ങളും, രീതികളും ഉണ്ടാക്കിയെടുത്തത്. അങ്ങനെയാണ് അസംസ്കൃത ലൈംഗീകതയും, സംസ്കരിക്കപ്പെട്ട രതിയും തമ്മിൽ വേർതിരിവുണ്ടാകുന്നത്.

ഇതൊക്കെയാണെങ്കിലും മനുഷ്യൻ്റെ ഉള്ളകങ്ങളിൽ കാമനകളുടെ കുത്തൊഴുക്കുണ്ടാകാതിരിക്കില്ല. ഉടലിൽ വിരിയുന്ന ചുഴിക്കുത്തുകളിലേക്ക് അവൻ പ്രലോഭിപ്പിക്കപ്പെടാതിരിക്കില്ല. ‘വിലക്കപ്പെട്ട കനികൾക്ക്’ എന്നും അനിഷേധ്യമായ രുചികളുടെ വശ്യതയുണ്ടാകുമല്ലോ. സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഇത്തരം തീക്ഷ്ണപ്രലോഭനങ്ങളെ മനുഷ്യൻ സഹനീയമാക്കിയെടുക്കുന്നത് അവയ്ക്ക് (സാമൂഹികമായി) സ്വീകാര്യമായ ഒരു രൂപം നൽകുന്നതിലൂടെയാകും. അസംസ്കൃതമായതിനെ സംസ്കൃതമാക്കിയെടുക്കുന്ന ഈ മാനസപ്രക്രിയക്ക് ഫ്രോയ്ഡിയൻ മനോവിസ്ലേഷണത്തിൽ (Freudian Psychoanalysis) ‘ഉദാത്തീകരണം’ (Sublimation) എന്നൊരു പദമാണ് ഉപയോഗിക്കുന്നത്. അനിയന്ത്രിതമായ മോഹങ്ങളെയും, മോഹഭംഗങ്ങളുടെ ഉപോല്പന്നമായ ആത്മഹത്യാപരമായ നിരാശകളെയും നേരിടാൻ ‘ഈഗോ’ (Ego) എന്ന് ഫ്രോയ്ഡ് വിളിച്ച, മനസ്സിൻ്റെ പ്രായോഗികയുക്തിബോധം കൈക്കൊള്ളുന്ന പത്ത് പ്രതിരോധ തന്ത്രങ്ങളിൽ (Ego Defence Mechanism) ഏറ്റവും പ്രധാനമായവയാണ് കലയും, സാഹിത്യവും. മനോവിശ്ലേഷണത്തിൻ്റെ പരിപ്രേക്ഷ്യത്തിൽ മലയാളത്തിലെ രതിവ്യവഹാരങ്ങളെ നിരീക്ഷിച്ചാൽ നമുക്ക് ലഭിക്കുന്ന ‘ഉദാത്തീകരണ’ത്തിൻ്റെ മികച്ച ഉദാഹരണങ്ങളിലൊന്ന് രതിസമൃദ്ധമായ സിനിമാപ്പാട്ടുകളാണെന്ന് കാണാൻ കഴിയും.

ഈ വിഷയത്തിൽ അധികമാഴമില്ലാത്തൊരു നിരീക്ഷണത്തിൽ തന്നെ മനസ്സിലാക്കാവുന്ന ഒരു കാര്യം, മറയില്ലാത്ത തെറികൾ ഉറക്കെയുച്ചരിച്ച തെറിപ്പാട്ടുകളിലെ അശ്ലീലങ്ങളുടെ മൂർച്ചയുള്ള (അതോ മൂർച്ഛയുള്ളതോ!) മുനകൾ നേരിട്ടു കുത്തിനോവിക്കാത്ത തരത്തിൽ മടക്കിയെടുത്തവയാണ് ഇത്തരം സിനിമാഗാനങ്ങളുടെ ഒരു വിഭാഗം എന്നതാണ്. ഉടലിൻ്റെ കലർപ്പു പുരളാത്ത വിശുദ്ധ പ്രണയങ്ങളിലെ ദേഹസംഗമങ്ങളുടെ നേർക്കുനേർ ഉള്ള വിവരണങ്ങളോ, രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മനസ്സിലാക്കാവുന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ ആവും ഇവയിൽ പൊതുവെ കാണാനാവുക. നേരത്തെ പറഞ്ഞ ഉദാത്തീകരണ ശ്രമങ്ങളെ വിജയകരമായി ചെറുത്തുനിന്ന ഇത്തരം ഗാനങ്ങളുടെ സൃഷ്ടാക്കളിൽ ഒറ്റ ഗാനം കൊണ്ട് പ്രസിദ്ധനായ പാപ്പനംകോട് മാണിക്കം മുതൽ മലയാള ഗാനശാഖയിലെ ബഹുമുഖപ്രതിഭയായ വയലാർ വരെ ഉൾപ്പെടുന്നു. ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയുടെ തിങ്കളാഴ്ച നൊയമ്പ് മുടക്കുന്ന’ കാമുകൻ്റെ ‘കുത്സിത’പ്രവൃത്തികളും, ‘ഇളംപട്ടുമേനിയിൽ പൂന്തേൻ തുമ്പികൾ നിറഞ്ഞാൽ കറന്നെടുക്കുന്ന മധുരവും'(‘ഓളങ്ങൾ താളം തല്ലുമ്പോൾ’) പരോക്ഷമായ രതിവർണ്ണന തന്നെയാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ലെങ്കിലും, മലയാള ഗാനങ്ങളിൽ വാങ്മയങ്ങൾ കൊണ്ട് ഒട്ടും നേർപ്പിക്കപ്പെടാത്ത രതിവർണ്ണനയുള്ളത്  ‘ഒട്ടകം’ എന്ന സിനിമയിലെ, തുറന്നെഴുത്ത് കൊണ്ട് അക്കാലത്തെ സദാചാരനിയമങ്ങളെ ഒന്ന് പിടിച്ചുകുലുക്കിയ “‘ആറ്റിൻകരെ നിന്നും കുറവൻ പുല്ലാങ്കുഴലൂതി” എന്നാരംഭിക്കുന്ന പാട്ടാണ്. അനുഭൂതികൾക്ക് പകരം കുസൃതി കലർന്ന ദേഹസംയോഗത്തെ അടപടലം വർണ്ണിച്ച് വിവരിക്കുന്ന അതിലെ വരികൾ മലയാള സിനിമാഗാനങ്ങളിൽ നടന്ന സുധീരമായ ഒരു ഇടപെടലാണെന്ന് അത് കേൾക്കുന്നതോ, വായിക്കുന്നതോ ആയ ആർക്കും മനസ്സിലാകും:

“ആറ്റിൻകരെ നിന്ന് കുറവൻ പുല്ലാങ്കുഴലൂതി
ആറ്റു വക്കത്തിരുന്ന് കുറത്തി വെള്ളത്തിൽ താളമിട്ടു -കുറത്തി വെള്ളത്തിൽ താളമിട്ടു
………………………………………….
കുപ്പായക്കുത്തഴിച്ചു കുറത്തി
മാറിലെ പുള്ളി നോക്കി
മാറിന്നഴക് കണ്ട് കുറവൻ
മാനം മറന്നു നിന്നു
കാവടിപോലെയാടി കുറത്തി
കാർകൂന്തൽ കെട്ടഴിച്ചു
കുചകുംഭ മേളം കണ്ട് കുറവൻ
വായും പൊളിച്ചു നിന്നു
നാഭിക്കുഴി കാട്ടി കുറത്തി
ആറ്റിലിറങ്ങി നിന്നു
കുറത്തി ആറ്റിലിറങ്ങി നിന്നു
ഉണ്ണിപ്പൂ വയറ് കണ്ട് കുറവൻ
ആറ്റിലെടുത്തു ചാടി
………
നൃത്തം മുറുകിയപ്പോൾ രണ്ടാളും
മെയ്യോടു മെയ്യ് ചേർന്നു
മാദക നൃത്തമാടി രണ്ടാളും
താണ്ഡവ നൃത്തമാടി…”

സംസ്കൃതത്തിൽ പറയുമ്പോൾ എല്ലാം സംസ്കൃതമായിക്കൊള്ളുമെന്ന മേലാളയുക്തി കൊണ്ടായിരിക്കണം ‘ആറ്റിൻകര നിന്നും പുല്ലാങ്കുഴൽ ഊതിയ കുറവനിലും’ കൂടിയ ഇനം രതിവിവരണങ്ങളുണ്ടായിരുന്ന, പിന്നീട് സിനിമാഗാനമായി വന്ന, ഇരയിമ്മൻ  തമ്പിയുടെ ‘പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദം’ അതിനോളം പഴി കേൾക്കാതെയിരുന്നത്. ഒരു പക്ഷെ, കഠിനസംസ്കൃതപദങ്ങളുടെ ദുർഗ്രാഹ്യതയും അതിനെ പൊതുജന – സദാചാരവിമർശനത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ടാവണം. അതെന്തായാലും മലയാള സിനിമാഗാനങ്ങളിലെ എക്കാലത്തെയും ഗംഭീര രതിവാങ്മയങ്ങളിലൊന്ന് മാധുരി പാടിയ ‘പരമാനന്ദം’ തന്നെയാണ്:

”പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
………..
അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര-
പങ്കജം കൊണ്ടവന്‍ തലോടി
പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്ന് കൊണ്ടാടി
ഗാഢം പുണര്‍ന്നും അങ്കുരിതപുളകം കലര്‍ന്നെഴു-
മെന്‍ കപോലമതിങ്കലന്‍പൊടു
തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും
പലവേല തുടര്‍ന്നും….”

എന്നാൽ, ഇത്തരം താരതമ്യേന അസംസ്കൃത ദേഹസംഗമങ്ങളുടെ വർണ്ണച്ചിത്രങ്ങളിലും കൂടുതലായി മലയാള സിനിമാ ഗാനങ്ങളിൽ സാന്നിധ്യമറിയിച്ചിരുന്ന ഒരു രതിവിഷയം സ്ത്രീ ശരീരത്തിലെ നിമ്നോന്നതങ്ങളായിരുന്നു. ഭൂമിയിൽ ജീവിച്ച യഥാർത്ഥ സ്ത്രീകൾക്കുപരിയായി ഈ ഗാനങ്ങളിൽ വരയ്ക്കപ്പെട്ട ചിത്രങ്ങൾ അന്നത്തെ പുരുഷകാമനകളുടെ ഉല്പന്നങ്ങളായ മദാലസകളായ അപ്സരസ്സുകളും, സാലഭഞ്ജികകളുമായിരുന്നു. ‘അല്ലിക്കുടങ്ങളിൽ അമൃതുമായ് നിൽക്കുന്ന ആയിരം അജന്താശില്പങ്ങളെ’യും, ‘മുഖപടവും, മുലക്കച്ചയും മാറ്റിയ അനഘ സങ്കല്പ ഗായിക’മാരെയും കുറിച്ചുള്ള അസാധ്യഭാവനകളാണ് വയലാറും, പി.ഭാസ്കരനും, പൂവച്ചൽ ഖാദറും, ബിച്ചു തിരുമലയും അന്ന് പെണ്ണുടലുകളിൽ ആരോപിച്ചത്. ‘രതിസുഖസാരമായി’ ചമയ്ക്കപ്പെട്ട സ്ത്രീശരീരങ്ങൾ ഭക്തിഗാനങ്ങളിൽപോലും അന്ന് ദൃശ്യമായിരുന്നു. വാതാലയേശൻ്റെ തിരുവാകച്ചാർത്ത് കണ്ട് വൈശാഖനാളിൽ മടങ്ങുന്ന കാമുകിയെ പുരുഷനയനങ്ങൾ കാണുന്ന കാഴ്ച ഇങ്ങനെയാണ്:

“നീണ്ടുചുരുണ്ടുള്ള കബരീഭരം
നിന്റെ വീണക്കുടങ്ങളെ ഉമ്മ വയ്ക്കെ
തളിരാധരങ്ങളില്‍ തത്തിക്കളിച്ചത്
പ്രണവമോ പ്രണയമന്ത്രങ്ങളോ…”

അഴിഞ്ഞുലഞ്ഞ മുടിയോടും, മുറുക്കിച്ചുവന്ന ചുണ്ടുകളോടുമുള്ള ഗൂഢപ്രതിപത്തി നിർമ്മമമായ സൗന്ദര്യാസ്വാദനത്തിൻ്റേതു മാത്രമല്ലെന്ന് നമുക്കറിയാമല്ലോ. പെണ്ണുടലിൻ്റെ അനുപാതം തെറ്റാത്ത ആകാരത്തോടുള്ള (Proportionate Body) ഈ ആവേശം കൊണ്ടാകണം ഇത്തരം സിനിമാ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട വാക്കുകളിലൊന്ന് ‘കടഞ്ഞെടുത്തത്’ എന്നായത് :

“ചന്ദനത്തിൽ
കടഞ്ഞെടുത്തൊരു
സുന്ദരീ ശില്പം…..”

“കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്…”

‘കടയലിനു’ പുറമെ ‘ഉറയലും’ നിർലോഭം പ്രയോഗിക്കപ്പെട്ട ഗാനങ്ങളിൽ കീഴാളമായ കറുപ്പിന് മീതെ തന്നെയാണ് മേലാളമായ വെളുപ്പ് രതികല്പനകളിലും പ്രതിഷ്ഠിക്കപ്പെട്ടത് എന്ന് കാണാൻ കഴിയും:

“വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്തപെണ്ണേ നിൻ്റെ പൂമേനി ?”

“വെണ്ണ തോൽക്കുമുടലോടെ ഇളം
വെണ്ണിലാവിൻ തളിർ പോലെ
രാഗിണീ മനോഹാരിണീ…”

പെണ്ണിൻ്റെ ഉടലിനോടുള്ള ആസക്തി ഭംഗ്യന്തരേണ അവളുടെ ദേഹവുമായി ചേർന്നുകിടക്കുന്ന വസ്തുക്കളിലേക്ക് വ്യതിചലിക്കുന്ന പ്രത്യേകതയും രതിമനോജ്ഞമായ മലയാളഗാനങ്ങളിൽ വിരളമായിരുന്നില്ല. ഒരാളുമായി അടുത്തുനിൽക്കുന്ന അചേതനവസ്തുക്കളിൽ അയാളെ ആരോപിച്ച് പ്രണയലൈംഗീകതാല്പ്പര്യം കണ്ടെത്തുന്ന ഫെറ്റിഷിസത്തിൻ്റെ സിനിമാ ഗാനങ്ങളിലെ ഉദാഹരണങ്ങൾ കാമുകിയുടെ / കാമിനിയുടെ ഉടയാടകളോടും, ആഭരണങ്ങളോടുമുള്ള അഭിനിവേശമായാണ് ഇവിടെ കാണുക:

“കുളപ്പുരക്കല്ലിൽ വെച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ..”

“തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
തൈമാസ തമിഴ് പെണ്ണേ – നിന്റെ
അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ
ആരെയും മയക്കുന്ന മന്ത്രമുണ്ടോ
അനംഗമന്ത്രമുണ്ടോ
……………………………………………….

തുളുമ്പും പാൽക്കുടം അരയിൽ വച്ചു നീ
തൊടിയിലേകാകിയായ്‌ വന്നപ്പോൾ
നിന്റെ ചൊടികളിൽ കുങ്കുമം കുതിരുമ്പോൾ
നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ
നിറയെ ദാഹങ്ങളായിരുന്നു
ഒരു പൂണൂലായ്‌ പറ്റിക്കിടക്കാൻ ഞാൻ
‍കൊതിച്ചു നിന്നു…കൊതിച്ചു നിന്നൂ…

“നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ..”

“…അകിൽപുകയിൽ കൂന്തൽ
തോർത്തി ഞാനിനവിടുത്തെ
അണിമാറിൽ പൂണൂലായ് കുതിർന്നാലോ…”

ഇങ്ങനെ കാമിനിയുടെ ദേഹത്തോടൊട്ടിച്ചേർന്നു കിടന്ന അരഞ്ഞാണത്തിലും, പൊന്നാടയിലും, പൂണൂലിലും വരെ രതികല്പനകൾ ആരോപിച്ച പാട്ടുകൾ നിരവധിയുണ്ടെങ്കിലും സ്ത്രീ ശരീര വർണ്ണനയുടെ ഉദാത്ത സമൃദ്ധമായ വാങ്മയമായി എനിക്ക് തോന്നുന്നത്  വയലാറിൻ്റെ ‘പനിനീർ മഴ പൂമഴയും’, എം.ഡി.രാജേന്ദ്രൻ്റെ ‘കുറുനിരയോ, മഴ മഴ മുകിൽ നിരയോ’ യും, ഒ.എൻ.വി.യുടെ ‘പൊയ്കയിൽ കുളിർ പൊയ്കയിലും’ ആണ്. നിരവധി രതിധ്വനികളുള്ള മഴത്തുള്ളിയെന്നൊരു ആർദ്ര ബിംബത്തിൻ്റെ  ഉടൽയാത്രാവിവരണത്തിലൂടെയുള്ള  ഒരു ആപാദചൂഢ രതിവർണ്ണനയാണ് വയലാർ ആദ്യ ഗാനത്തിലൂടെ സാധ്യമാക്കുന്നത്. കൺപീലികളിൽ ആരംഭിച്ച് ചുണ്ടും, മാറിടവും കടന്ന് മൃദു രോമരാജികളിലൂടൊഴുകിയിറങ്ങി പൊക്കിൾക്കുഴിയൊരു ജലാശയമാക്കി മാറ്റുന്ന പവിഴമഴത്തുള്ളി നിന്നെയും പുഷ്പിണിയാക്കുന്നുവല്ലോ എന്നാണ് അദ്ദേഹം വിലാസവതിയായ കാമിനിയോട് പറയുന്നത്:

“കണ്‍പീലികളില്‍ തങ്ങി – ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴ മഴത്തുള്ളി
പണ്ടു ശ്രീപാര്‍വതിയെപ്പോലെ നിന്നെയും പുഷ്പിണിയാക്കി…”

കറുപ്പിലാണ്ട് പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന കാമിനിയുടെ കുറുനിരകളിൽ അന്യാദൃശമായ രതികല്പനകൾ കാണുന്ന എം.ഡി.രാജേന്ദ്രൻ ഒരു പക്ഷെ ആ അപൂർവ്വ ഭാവനയ്ക്ക് കടപ്പെട്ടിരിക്കുന്നത് ചങ്ങമ്പുഴയോട് (‘മനസ്വിനി’) മാത്രമായിരിക്കും (‘ഒറ്റപ്പത്തിയൊടായിരമുടലുകൾ/ കെട്ടുപിണഞ്ഞൊരു മണിനാഗം’). അലകടലിളിളകിയാടുന്ന അമൃതമഥനത്തിൻ്റെ പ്രക്ഷുബ്ദ സ്മൃതിയാണ് ഘനനീലിമയാർന്ന അവളുടെ മുടിയിഴകൾക്ക്. ഗൂഢമായ ഊടുവഴികളും, ശാദ്വലഹരിതമാർന്ന (പുല്ലുകൾ ഇടതിങ്ങിയ) കുന്നുകളും നിറഞ്ഞ ഉടൽഭൂഖണ്ഡത്തിൻ്റെ വർണ്ണന എത്ര രതിസമൃദ്ധമാണ്:

“കുറുനിരയോ മഴമഴ മുകിൽ നിരയോ
കുനുകുനു ചികുര മദൻ ലാസ്യ ലഹരിയോ
വന നിരയോ ഘന ഘന നീലിമയോ
അലകടലിളകിയാടുമമൃത മഥനമോ…”

ഒരേ സമയം അഗ്നിയും, നിലാവും അലിഞ്ഞു ചേർന്ന പൊയ്കയിൽ തീരത്തെ മന്ദാരം മാത്രം സാക്ഷിയായ അപരാഹ്നത്തിൽ സ്നാന കേളിയാടുന്നവളുടെ വശ്യമായ ഉടലാണ് ഒ.എൻ.വി.യുടെ വാങ്മയത്തിൻ്റെ മഷിനോട്ടത്തിൽ തെളിയുന്നത്. ജലത്തിൽ ആഴ്ന്നു നീന്തുമ്പോൾ താമരപ്പൂമൊട്ടിനു സമമായുലയുന്ന അവളുടെ മാറ് ആരെയാണ് ദൃശ്യാനന്ദത്തിൽ ആറാടിക്കാത്തത്! കുളപ്പടവിൽ ഈറനോടെ കയറിനിൽക്കുമ്പോൾ അവൾ അജ്ഞാതശില്പിയെ തേടുന്ന അഭൗമചാരുതയാകുന്നു. രതിപദാനുഭൂതിയുടെ ലളിതസാന്ദ്രതയാണ് ഒ.എൻ.വി.യുടെ വരികൾ:

“സ്നാനകേളീ ലോലയായ് നീ താണുയർന്നു നീന്തവേ
കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ
കൽപ്പടവേറി നിൽപ്പതെന്തേ നീ
നീയേതു ശിൽപ്പിയെ തേടുന്ന ചാരുത..”

(തുടരും)


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...