ജിഷ്ണു രവീന്ദ്രൻ
“ഒരു മണിക്കൂർ നേരത്തെ പണിയല്ലേയുള്ളൂ അതിനാണോ ഇത്രേം..” എന്ന് വിലപേശുന്നത് നിർത്താത്തെടുത്തോളം കാലം കേരളത്തിലെ കലാകാരന്റെ വിശപ്പ് മാറില്ല. ഈ ചിത്രങ്ങൾ സുനിൽ കാനായിയുടെ സ്വാഭിമാന പ്രഖ്യാപനങ്ങളാണ്. ബാംഗ്ലൂരിൽ ആനിമേഷൻ രംഗത്ത് പ്രവർത്തിച്ചു വരുന്ന സുനിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപാണ് വീട്ടിലെത്തിയത്. പതിനാല് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞു. ഇപ്പോൾ വർക്ക് ഫ്രം ഹോം ആണ്.

ഒരു ചിത്രകാരനായി ജീവിക്കണമെങ്കിൽ സ്‌ഥിരമായി വരച്ചുകൊണ്ടേയിരിക്കണം. അതുകൊണ്ട് എത്ര ജോലിത്തിരക്കുണ്ടെങ്കിലും അതിരാവിലെകളിലും വൈകിയും വരയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. സുനിൽ ചെയ്ത്കൊണ്ടിരുന്ന മീഡിയം ആക്രിലിക് ആയിരുന്നു, എന്നാൽ ലോക്ക്ഡൗണിൽ വാട്ടർകളറും പരീക്ഷിച്ചു തുടങ്ങി. ഒരുചിത്രകാരന്റെ ക്യാൻവാസ് വലുതാകുന്നതും അയാൾ വളരുന്നതും ഏകദേശം എങ്ങനെയാണെന്നു ചോദിച്ചപ്പോൾ സുനിൽ പറഞ്ഞു, ഒരാൾ വരച്ചു തുടങ്ങുമ്പോൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് കോപ്പി ചെയ്യാനാണ്, ഒരു മരം നോക്കി വരച്ച് പഠിച്ചതിനുശേഷം മാത്രമേ അതിനെ മറികടന്ന് എന്റേതു മാത്രമായ മരം വരയ്ക്കാൻ കഴിയൂ. ഒരു ആർടിസ്റ്റ് ജനിച്ചു വീഴുന്നത് തന്നെ മോഡേർൺ ആർട്ട് വരച്ചുകൊണ്ടല്ല. ആദ്യം അനാട്ടമി പഠിച്ചാൽ മാത്രമേ അതിനെ മറികടക്കാൻ കഴിയൂ. ആക്കാദമിക്സിൽ ഫൈൻആർട്‌സ് പഠിക്കുന്നതിനെ ഇന്നും കാര്യമായെടുക്കാത്തവരാണ് കേരളീയർ. കലാ സംബന്ധമായ ജോലികൾക്കുള്ള സർട്ടിഫിക്കറ്റ് മാത്രമായാണ് അതിനെ കാണുന്നത്.
സീനറികളും കാരിക്കേച്ചറുകളും വരച്ച്കൊടുത്ത് കഷ്ടിച്ച് ജീവിക്കുന്ന കാലമൊക്കെപോയി. ആനിമേഷൻ, സിനിമാ മേഖലകളിലൊക്കെയായി ഒരുപാട് അവസരങ്ങളുണ്ട് ഇന്ന് ചിത്രകാരന്. ഡിജിറ്റലിൽ ആണ് ഏറ്റവും കൂടുതൽ സ്പേസ് ഉള്ളത്.
ലോക്ക്ഡൗണ് കഴിഞ്ഞാലും കലാകാരന് ജീവിക്കാൻ കഴിയുമെന്നുറപ്പാണ്, പക്ഷെ വയറുനിറയാതെ ആളുകൾ സിനിമ തീയേറ്ററുകളിലും ആർട്ട് ഗാലറികളിലും വരില്ല. വരാൻപോകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ അങ്ങനൊരു അപകടം കൂടിയുണ്ടെങ്കിലും കലയെ സംബന്ധിച്ച് ഏറെ സന്തോഷിക്കാവുന്ന സമയമാണിത്. സമയം ആവശ്യത്തിലധികമായതുകൊണ്ട് വരയ്ക്കാനും എഴുതാനും കൂടുതൽ ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബ്രഷുകളും ക്യാൻവാസുകളും പൊടിപിടിച്ചിരുന്ന വീടുകളിൽ പെയിന്റ് തീരുമല്ലോ എന്ന പേടിയാണിപ്പോൾ. വല്ലാത്ത ഒറ്റപ്പെടലും മടുപ്പുമുള്ള കാലമായല്ല കഴിവുള്ളവരെല്ലാം ആക്റ്റീവ് ആകുന്ന കാലമായാണ് ഈ വീട്ടിലിരിപ്പിനെ അടയാളപ്പെടുത്തേണ്ടത്. സുനിൽ പറയുന്നു.
സുനിൽ കാനായിയെക്കുറിച്ച് കൂടുതൽ അറിയാം…