സുകുമാരന്‍ ഓര്‍മ്മയായിട്ട് 21 വര്‍ഷം

0
612

നിധിന്‍.വി.എന്‍

എം.ടി വാസുദേവന്‍‌ നായര്‍ സംവിധാനം ചെയ്ത നിർമ്മാല്യത്തിലൂടെ അപ്പുവായി സിനിമയിലെത്തിയ നടനായിരുന്നു സുകുമാരന്‍. തന്റെ ആത്മാംശമുള്ള കഥാപാത്രങ്ങളെ മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയത്തില്‍ യാതൊരു പരിചയമോ, പരിശീലനമോ ഇല്ലാതെത്തിയ പൊന്നാനിക്കാരനായ ഈ എം.എ-ക്കാരന്‍ 70-കളുടെ അവസാനത്തോടെ മലയാളസിനിമയുടെ നായക നിരയിലെത്തി. 1978-ല്‍ എം.ടി സംവിധാനം ചെയ്ത ബന്ധനത്തിലൂടെ മികച്ച നടനുള്ള  സംസ്ഥാന പുരസ്ക്കാരത്തിന് സുകുമാരന്‍ അര്‍ഹനായി.


1948 മാർച്ച് 18-ന് പരമേശ്വരൻ നായർ, സുഭദ്രാമ്മ എന്നീ ദമ്പതികളുടെ മൂത്ത മകനായി ജനിച്ചു. പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ബിരുദവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ എം.എ-യും, ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി.


കഴിഞ്ഞ തലമുറയുടെ ക്ഷോഭിക്കുന്ന യൗവ്വനത്തിന് സുകുമാരന്റെ മുഖമായിരുന്നു. എഴുപതുകളിലും എൺപതുകളിലും രാഷ്ട്രീയത്തിലും കലയിലും പുതിയ ചെറുപ്പക്കാർ കടന്നുവന്ന് പഴയ സങ്കല്പങ്ങളെ ചോദ്യം ചെയ്ത കാലമായിരുന്നു. സിനിമയിൽ അതിനുള്ള നിയോഗം സോമനും സുകുമാരനും ജയനുമായിരുന്നു. അതിൽ തന്നെ ഡയലോഗിന്റെ കാര്യത്തിൽ സുകുമാരനായിരുന്നു കേമൻ. ശാലിനി എന്റെ കൂട്ടുകാരിയിലെ ജയദേവന്‍ മാഷിനെ അത്ര എളുപ്പം മറക്കാന്‍ മലയാളികള്‍ക്ക് കഴിയും എന്നു തോന്നുന്നില്ല. സുകുമാരന്റെ കഥാപാത്രങ്ങള്‍, അദ്ദേഹത്തിനുമാത്രം സാധ്യമാകുന്ന പകര്‍ന്നാട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു.



നിർമ്മാല്യത്തിലെ അപ്പു ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, സുകുമാരന് തുടർന്ന് നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. സുരാസു ആദ്യമായി തിരക്കഥയെഴുതി, ബേബി സംവിധാനം ചെയ്ത “ശംഖുപുഷ്പ’’മായിരുന്നു സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത്. സുകുമാരന്റെ ഡോ. വേണുവെന്ന ആ കഥാപാത്രം പുത്തൻ താരോദയത്തിന് നിമിത്തമായി. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ ഉദയത്തോടെ പ്രതിനായക വേഷങ്ങളിലേക്ക് മാറേണ്ടി വന്ന സുകുമാരന്‍ അവിടെയും തന്റെ പ്രതിഭകൊണ്ട് സ്വയം അടയാളപ്പെടുത്തി.

നിർമ്മാല്യത്തില്‍ തുടങ്ങി വംശത്തില്‍ തന്റെ സിനിമ ജീവിതം അവസാനിപ്പിക്കുമ്പോള്‍ സുകുമാരന് വയസ്സ് 49. അപൂര്‍ണ്ണമെങ്കിലും സാര്‍ത്ഥകമായിരുന്നു സുകുമാരന്റെ സിനിമാ ജീവിതം. 275-ഓളം ചിത്രങ്ങളിൽ അഭിനയിച്ച സുകുമാരൻ 2 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. 1985-ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ കെ.ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, ടി.എസ് മോഹൻ സംവിധാനം ചെയ്ത പടയണി എന്നിവയായിരുന്നു അവ. ഒരു കാലഘട്ടത്തിന്റെ പ്രതിരൂപങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച്, 1997 ജൂൺ 16-ന് വിടപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here