കവിത
സുജിത്ത് സുരേന്ദ്രൻ
(കവി ലൂയിസ് പീറ്ററിന്)
അദ്ദേഹം,
അദ്ദേഹത്തിന്റെ
അവസാന ഫേസ്ബുക്ക് പോസ്റ്റിൽ
മൊബൈൽ നമ്പർ മാറ്റിയ വിവരം
അറിയിച്ചുകൊണ്ട്
അത്,
ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു
8590607958.
അന്നേ ദിവസം
അദ്ദേഹവും, ദൈവവും കൂടിയിരുന്ന്
മദ്യപിക്കുന്നത് കണ്ടവരുണ്ട്,
അവരൊരുമിച്ചാണ്
അന്ന്
പാരഗൺ ബാറിലെ
ജീവനക്കാരനുമായി വഴക്കിട്ടത്,
പച്ചത്തെറിവിളിച്ചു പറഞ്ഞത്.
അവിടെനിന്ന്
അവരിരുപേരെയും
കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നു
ലൂയിസ് പീറ്റർ
ഉച്ചത്തിൽ പറയുന്നുണ്ട് ;
ഞാനൊരു കവിയാണ്..
ഞാനൊരു കവിയാണടാ. മയിരേ..
അടിച്ചു ഫിറ്റായ ദൈവത്തിന്
മിണ്ടുവാൻ പോലും
നാവ് വഴങ്ങുന്നില്ലല്ലോ.
അതിനു മുമ്പും
പലരും
പലയിടങ്ങളിലും വെച്ച്
അവരിരുപേരുമൊരുമിച്ച്
അടിച്ച് ഫിറ്റായി
റോഡരികിൽ കിടക്കുന്നത്
കണ്ടവരുണ്ട്,
10 രൂപയ്ക്ക്
അവരൊരുമിച്ച് തെണ്ടിയിട്ടുണ്ട്,
തല്ലുകൂടിയിട്ടുണ്ട്,
സുഹൃത്തിന്റെ പോക്കറ്റിൽ
കൈയിട്ടുണ്ട്.
പിന്നെയെങ്ങിനെ?
പിന്നെയെങ്ങിനെയാണ്
വെറുക്കപ്പെട്ട
ഒരാകാശത്തെ
അയാളൊറ്റയ്ക്കാ മുതുകിൽ
ചുമക്കേണ്ടിവന്നത്?
ആ.. അറിയില്ല ;
പക്ഷേ..
കൈയെത്തും
ദൂരത്തെ ഒരു പൂപ്പോലും
അദ്ദേഹം
പറിച്ചെടുത്തതായറിവില്ല.
ഒരു പൂമ്പാറ്റയെപ്പോൽ
ഈ ലോകം ചുറ്റിക്കണ്ട്
പറന്നു പറന്നെങ്ങോ പോയി
എന്നു മാത്രം അറിയാം.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.