എന്തിനുവരയ്ക്കണം പൂപ്പാത്രങ്ങൾ? പഴങ്ങൾ? പാദരക്ഷകൾ?

0
265
sudheesh-kottembram-enthinu-varakkanam-wp

സുധീഷ് കോട്ടേമ്പ്രം

സ്‌കൂളിലെ ഡ്രോയിംഗ് പിരീഡുകളിലൊന്നിൽ രമേശൻ മാഷ് സ്‌കെച്ചുബുക്കിൽ ഒരു ഫ്‌ളവർവേസിന്റെ പാതി വരച്ചിട്ടുപറഞ്ഞു, “മറുപാതി നിങ്ങൾ പൂരിപ്പിക്കുക”. മാഷ് സങ്കല്പിച്ചിരിക്കാനിടയുള്ള പൂപ്പാത്രത്തിന്റെ വശ്യവളവുകളെ ഒരിക്കലും പിടിച്ചെടുക്കാൻ കഴിയാതെ എന്റെ പാത്രം എപ്പോഴും വയറൊട്ടിനിന്നു. പാതിയിൽ കൃത്യവും മറുപാതിയിൽ ഒടിവുകളും ചതവുകളുമായി എന്റെ മൺകുടങ്ങൾ. വിരിഞ്ഞില്ല മയിലുകൾ അതിന്റെ അർദ്ധവൃത്തങ്ങളിൽ. വഴങ്ങിയില്ല വർത്തുളാകൃതികൾ. പൂർണത ആവശ്യപ്പെടുന്നിടത്ത് അപൂർണതകൾ ഫലം കണ്ടില്ല. പാതിയിൽ നിർത്തിയ ചിത്രങ്ങളുടെതായി എന്റെ വരപ്പുപുസ്തകങ്ങൾ. വരയൊപ്പിച്ചവർ കൈയ്യടി നേടി. അവർക്ക് ചുവന്ന മഷിയിൽ ശരി കിട്ടി. എല്ലാ സ്‌കൂളുകളിലും ചില കുട്ടികൾക്ക് മാത്രം ആ ശരി കിട്ടുന്നു. ശരി കിട്ടിയവർ പിന്നെ വരച്ചുവോ എന്നറിയില്ല.

sudheesh-kottembram-01
സുധീഷ് കോട്ടേമ്പ്രം

പിൽക്കാലത്തൊരിക്കൽ എരമല്ലൂരിലെ സത്യൻ എന്ന കലാകൃത്തുമായി സംസാരിക്കാനിട വന്നപ്പോൾ ഞാനയാളോട് ചോദിച്ചു. “നിങ്ങൾ കല പഠിക്കാൻ പോയില്ലേ? കലാപഠനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്” എന്ന്. ”ഉള്ളീം തക്കാളീം വരപ്പിക്കണതല്ലേ നിങ്ങടെ കലാപഠനം” എന്നയാൾ കളിയായും കാര്യമായും പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. എല്ലാ കലാസ്ഥാപനങ്ങളിലും Object Study എന്നോ Still Life എന്നോ പേരിട്ട ആ വിദ്യഭ്യാസം ഇന്നും നടക്കുന്നു. സത്യന്റെ ചോദ്യം ഇന്നും തുടരുന്ന നമ്മുടെ ബ്രിട്ടീഷ് കൊളോണിയൽ കലാവിദ്യാഭ്യാസപ്രക്രിയയെ വിമർശാത്മകമായി വിലയിരുത്തുന്ന ഒന്നാണ്. ആ വിമർശനങ്ങൾ അതേപടി നിലനിൽക്കുമ്പോൾ തന്നെ നിശ്ചലചിത്രരചന പോലെയുള്ള ചില സമ്പ്രദായങ്ങളോട് എങ്ങനെ സർഗാത്മകമായി പ്രതികരിക്കാം എന്നുകൂടി മനസ്സിലാക്കുകയാണ് വേണ്ടതെന്ന് ഇപ്പോൾ തോന്നുന്നു.
എന്താണ് ഈ നിശ്ചലചിത്രണത്തിന്റെ കലാചരിത്രപരവും സൗന്ദര്യശാസ്ത്രപരവുമായ സാംഗത്യം? എന്തുകൊണ്ട് നമ്മളിപ്പോഴും ഒരേ പാത്രം ചാഞ്ഞും ചെരിച്ചും വെച്ച് വരച്ചുനോക്കുന്നു? എന്തുകൊണ്ട് തക്കാളിയിൽ അതിന്റെ ചുവപ്പിനെ, നാരങ്ങയിൽ അതിന്റെ മഞ്ഞയെ വഴുതനങ്ങയിൽ അതിന്റെ വയലറ്റിനെ ചേർത്തുവെച്ചുനോക്കുന്നു? മൺകുടം മൺകുടമായിത്തന്നെ വരയ്ക്കപ്പെടുമ്പോഴാണോ നമ്മൾ കല പഠിക്കുന്നത്? പഴങ്ങൾ അതേ രുചിയോടെ വരയ്ക്കപ്പെടുമ്പോഴാണോ നമ്മൾ കല പഠിക്കുന്നത്? ചില്ലുപാത്രം അതേപടി വരയ്ക്കുമ്പോൾ അതിന്റെ ഉടയാനുള്ള ആജന്മ ചോദനയെക്കൂടി നിങ്ങൾക്ക് വരയ്ക്കാനറിയുമോ എന്നാണോ പരീക്ഷിക്കുന്നത്? മുന്തിരിക്കുലകളെ വരയ്ക്കുമ്പോൾ അതിൽ പറ്റിയ വെള്ളത്തുള്ളികളെ കൂടി വരച്ചുവോ എന്നാണോ നോക്കുന്നത്? നിഴലും വെളിച്ചവും അതാതിൻ്റെ അനുപാതങ്ങളിൽ വന്നുവോ എന്നാണോ? നിഴൽ തെറ്റിച്ചുവരച്ചവർ കലയിൽ തോൽക്കുമോ? എന്താണിതിന്റെ അളവുകോൽ?

പാശ്ചാത്യകലയിലെ ഇടമുറിയാത്ത ഒരു ധാരയുടെ പേരാണ് നിശ്ചലചിത്രങ്ങളുടെത്. അത് ഏതാണ്ട് പതിനേഴാം നൂറ്റാണ്ടുമുതൽ ആധുനികതവരെയും പടർന്നുപന്തലിച്ചിരിക്കുന്നു. ഒരുപക്ഷേ വിഷയപ്രധാനമായ കലാകൃതികൾക്ക് കിട്ടുന്ന സവിശേഷപരിഗണനയ്ക്ക് തൊട്ടുതാഴെയാവാം ഇവ പരിഗണിക്കപ്പെട്ടതെങ്കിലും പലപ്പോഴും കലയുടെ വിവിധലോകപ്രതിനിധാനങ്ങൾ ഉള്ളടക്കം ചെയ്യുന്നു, ഏതു നിശ്ചലചിത്രവും. അത് യാഥാർത്ഥ്യത്തെയും ഭാവനകളെയും ഭ്രമകല്പനകളെയും ഉൾക്കൊള്ളുന്നു. അവ കാമാനാവസ്തുക്കൾ (ഒബ്ജക്റ്റ് ഓഫ് ഡിസയർ) കൂടിയാണെന്ന് നിശ്ചലചിത്രപഠനങ്ങൾ പറയുന്നു. ഉപയോഗപരതയുള്ള വസ്തുക്കളാണ് സ്റ്റിൽ ലൈഫ് ചിത്രങ്ങളിലുള്ളതെങ്കിലും അവ ഉപയോഗപരതയെ ചിത്രത്തിൽ തന്നെ നിഷേധിക്കുന്നു. അത് Factual ആയിരിക്കെത്തന്നെ Fiction ആവാൻ വെമ്പുന്നു.

martin-heidegger
മാർട്ടിൻ ഹൈഡഗർ

വസ്തുരചനയുടെ താത്ത്വികവശങ്ങളെ വിശകലനം ചെയ്യുന്ന സുപ്രധാന സംവാദങ്ങളിൽ ഒന്നാണ് വാൻഗോഗിൻ്റെ ‘എ പെയർ ഓഫ് ഷൂസ്’ (1886) എന്ന സ്റ്റിൽ ലൈഫ് പെയിന്റിംഗിനെ മുൻനിർത്തി മാർട്ടിൻ ഹൈഡഗർ 1935 -ൽ മുന്നോട്ടുവെച്ച വാദങ്ങളും 1968-ൽ ഹൈഡഗറുടെ വാദങ്ങളെ എതിർത്തുകൊണ്ട് മേയർ ഷപിറോ ഉന്നയിച്ച വാദങ്ങളും. ഒരു വസ്തുവിന്റെ സാന്നിധ്യത്തെ അത് ഉൾക്കൊള്ളുന്ന സ്വഭാവം, അത് നിർമ്മിക്കുന്ന അവബോധം, അതിൻ്റെ കേവല രൂപപരത എന്നീ മൂന്നുനിലകളിൽ നിന്ന് നോക്കിക്കാണാമെന്ന് ഹൈഡഗർ പറഞ്ഞു. ജീവിതസത്യം വസ്തുക്കളുടെ രൂപത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്നെന്നും വാൻഗോഗിന്റെ ‘ഇരട്ട പാദരക്ഷകൾ’ എന്ന ചിത്രം ഒരു കർഷകസ്ത്രീയുടെ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും ഹൈഡഗർ നിരീക്ഷിച്ചു.

sudheesh-kottembram-enthinu-varakkanam-wp

നിശ്ചലചിത്രം അതിന്റെ രൂപപരതയിൽ കവിഞ്ഞുനിൽക്കുന്ന സത്തയെ വെളിപ്പെടുത്തുന്നു എന്ന് ഷപിറോ. സത്താപരമായ ഒന്നിനോട് ആർട്ടിസ്റ്റിൻ്റെ പ്രതികരണമാവാം സ്റ്റിൽ ലൈഫ് ചിത്രം എന്നും വാൻഗോഗിൻ്റെ പാദരക്ഷാചിത്രം അയാളുടെ തന്നെ സത്തയെ പ്രതിനിധീകരിക്കുന്നുവെന്നും ഷപിറോ പറഞ്ഞു. ഈ രണ്ട് വാദങ്ങളെയും എതിർത്ത് ദറീദയും രംഗത്ത് വരുന്നുണ്ട് പിന്നീട് (1978-ൽ). എന്തുതന്നെയാകിലും ഒരു നിശ്ചലചിത്രം വസ്തുവിന്റെ സാധ്യതകളിൽ കവിഞ്ഞുനിൽക്കുന്ന അനേകം അടരുകളെ പ്രത്യക്ഷീകരിക്കുന്നു എന്ന് ഈ വാദങ്ങളൊക്കെയും വെളിപ്പെടുത്തുന്നു.
നിശ്ചലചിത്രം എന്ന പരികല്പന തന്നെ എത്ര കാവ്യാത്മകം! അത് ചലിക്കുന്ന ലോകയാഥാർത്ഥ്യത്തെ പിടിച്ചുവെച്ചിരിക്കുന്നു എന്നുപറയും പോലെ, അല്ലെങ്കിൽ ചലിക്കുന്ന യാഥാർത്ഥ്യത്തിന് എതിരുനിൽക്കുന്ന പോലെ. ഈ രണ്ടു വൈരുദ്ധ്യങ്ങളെയും നിശ്ചലചിത്രം എന്ന സങ്കല്പം ഒരേമട്ടിൽ ഉൾക്കൊള്ളുന്നു. ഒരു സ്റ്റിൽ ലൈഫ് എന്നത് വസ്തുവിന്റെ/വസ്തുക്കളുടെ ഘടനയാണ്. ആ ഘടന ഒരുപക്ഷേ തികച്ചും ഭൗതികമാവാം, ഭൗതികേതരവുമാവാം. നിശ്ചലചിത്രത്തിനകത്ത് സംസ്‌കാരം ഒരു രഹസ്യപാളിയായി കിടക്കുന്നു. ഡച്ച് പെയിന്റിംഗുകളിലും റൊക്കൊക്കോ പെയിന്റിംഗുകളിലും അക്കാലത്തെ ജീവിതമുദ്രകൾ ആ വസ്തുലോകത്തിൽ തെളിഞ്ഞിരിക്കുന്നതു കാണാം. അതിൽ ഓരോ നാടിന്റെയും സമ്പദ്‌വ്യവസ്ഥകൾ പെയിന്റിൽ പിഗ്മെന്റ് എന്നപോലെ പതിഞ്ഞിരിക്കുന്നു. ആധുനികതയിലും ആധുനികാനന്തരതയിലും നിശ്ചലചിത്രം വിവിധങ്ങളായ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അത് പ്രതീകഭാഷയെ പുല്കുകയും പ്രതീകഭാഷയെ നിരാകരിക്കുകയും ചെയ്തു. അത് കലാകൃത്തിൻ്റെ പഠനസാമഗ്രിയായും ശൈലീകൃത രചനകളുടെ പാഠശാലയായും പ്രവർത്തിച്ചു.

അതിനാൽ എന്റെ മുന്നിലിരുന്നു പൂപ്പാത്രം വരയ്ക്കുന്ന ഒരു കുട്ടിയോടെനിക്ക് മമതയുണ്ട്. ആ പൂപ്പാത്രത്തിൽ അകപ്പെട്ടുപോകരുതേ എന്ന കരുതലും.
അയാൾ വരയ്ക്കട്ടെ,
വളവുകളും കുനിപ്പുകളും അതേപോലെ വന്നോ എന്നുമാത്രം നോക്കാതെ.
പൂപ്പാത്രം വരക്കുമ്പോൾ പൂമലയായിപ്പോകാനിടയുള്ള അയാളുടെ ചോദനകളെ പരിഗണിച്ചുകൊണ്ടുതന്നെ.
തെറ്റിവരച്ച വരകൾ കൂടി പങ്കുചേർന്നാണ് കല ഇമ്മട്ടിൽ നമ്മളാസ്വദിച്ചതെന്ന ഓർമ്മയോടെ.

LEAVE A REPLY

Please enter your comment!
Please enter your name here