Homeചിത്രകലവടകരക്കാരനായ വാൻഗോഗ്

വടകരക്കാരനായ വാൻഗോഗ്

Published on

spot_imgspot_img

സുധീഷ് കോട്ടേമ്പ്രം

മാർക്കേസ് തലശ്ശേരിക്കാരനാണെന്ന് പറഞ്ഞത് എൻ. ശശിധരനാണ്. അത്രയ്ക്ക് മലയാളിയായിരുന്നു മാർക്കേസ്. മാക്‌സിം ഗോർക്കിയേക്കാൾ, ദസ്തയവിസ്‌കിയേക്കാൾ സ്വീകാര്യത മലയാളിയിൽനിന്ന് മാർക്കേസിനു കിട്ടാൻ കാരണം മലയാളിസ്വത്വം അടിസ്ഥാനപരമായി കാല്പനികമായതുകൊണ്ടാണെന്നും ശശിമാഷ് പറയുന്നു. മാർക്കേസ് തലശ്ശേരിക്കാരനാണെങ്കിൽ വിൻസെന്റ് വാൻഗോഗ് വടകരക്കാരനാണെന്ന് മാഷോട് ഞാൻ പറയും.

sudheesh-kottembram
സുധീഷ് കോട്ടേമ്പ്രം

അത്രയ്ക്ക് സ്വദേശപ്പെട്ട മറ്റു വിദേശകലാകാരരുണ്ടോ എന്ന് സംശയമാണ്. ഡച്ച് പെയിന്ററായ വാൻഗോഗിന്റെ (1853-1890) മലയാളപ്രവേശവും വ്യത്യസ്തമല്ല; കാല്പനികതയുടെ ഉഗ്രതാപം വാൻഗോഗിൽ നമ്മളറിഞ്ഞതിനാൽ, നമ്മുടെ കാല്പനികതാവേശങ്ങളൊക്കെയും വാൻഗോഗിൽ ഇറക്കിവെച്ചതിനാൽ അയാൾ നമുക്ക് പ്രിയങ്കരനായി. സൂര്യകാന്തിപ്പാടങ്ങളെ നമ്മൾ പുഞ്ചപ്പാടങ്ങളായി വിവർത്തനം ചെയ്തു. ഉരുളക്കിഴങ്ങ് തിന്നുന്നവർക്കൊപ്പം നമ്മൾ കപ്പ തിന്നു. വാൻഗോഗിന്റെ മഞ്ഞ നമ്മുടെ മതിഭ്രമങ്ങൾക്ക് ചായം കൊടുത്തു. സംശയമുണ്ടെങ്കിൽ എഴുപതുകൾ മുതലിന്നുവരെ ഇറങ്ങിയ മാഗസിനുകൾ മറിച്ചുനോക്കൂ. ഛേദിക്കപ്പെട്ട ഒരു ചെവിയുടെ ചിത്രം അവയിലെല്ലാം ചോരയിറ്റിച്ചു നില്പുണ്ട്. പ്രേമനഷ്ടത്തിൽനിന്നാണ് കൗമാരകവിതകൾ പിറവി കൊള്ളുന്നത് എന്ന മിത്തിൽ വിശ്വസിക്കുകയാണെങ്കിൽ, മലയാളകവിതയിലെ പ്രണയതീവ്രതയ്ക്ക് വാൻഗോഗ് തന്റെ ചെവി എല്ലാ കൊല്ലവും ബലിയർപ്പിച്ചു കൊണ്ടിരിക്കുന്നു.

vincent_van_gogh_-_self_portrait

എന്നാൽ കലാചരിത്രപഠനങ്ങൾ പറയുന്നു, അകാല്പനികനായ ഒരു വാൻഗോഗിനെക്കുറിച്ച്, കാല്പനികഭാവനയുടെ സൗകര്യത്തിന് നമ്മൾ മാറ്റിവെച്ച ഒരു വാൻഗോഗിനെക്കുറിച്ച്. അയാൾ ഒരു ജ്ഞാനാന്വേഷി ആയിരുന്നു. അയാൾ പുസ്തകശാലയിൽ പണിയെടുത്തിട്ടുണ്ട്. സ്‌കൂളിൽ കല പഠിപ്പിക്കാൻ പോയിരുന്നു. അയാൾ ഒരു തോറ്റ മതപ്രചാരകനായിരുന്നു. അയാൾക്ക് നാലു ഭാഷകളിൽ, നാല് കോളങ്ങളിലായി ഒരു ബൈബിൾ പുറത്തിറക്കാൻ പദ്ധതിയുണ്ടായിരുന്നു (ഫ്രഞ്ച്, ഇംഗ്ലീഷ്, ഡച്ചു ഭാഷകൾ വാൻഗോഗിന് വശമുണ്ടായിരുന്നു, ഒപ്പം ജർമ്മൻ സാഹിത്യവായനയും). മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മീയബന്ധത്തെ കുറിച്ചുള്ള ധാരണകളും ചിത്തരോഗത്തോടുള്ള വെല്ലുവിളിയും നിറഞ്ഞതായിരുന്നു ആ കലാകൃതികളൊക്കെയും. പ്രണയപരാജയമായിരുന്നില്ല വാൻഗോഗിനെ കത്തിയെടുത്ത് സ്വന്തം ചെവി മുറിക്കാൻ പ്രേരിപ്പിച്ചത്. അർലെസിൽ ഒപ്പമുണ്ടായിരുന്ന ഉറ്റസുഹൃത്തും ആർട്ടിസ്റ്റുമായ പോൾ ഗോഗിനോടുള്ള ശുണ്ഠിയായിരുന്നു ആ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ച അടിയന്തിരഘടകമെങ്കിലും മറ്റുപല കാരണങ്ങൾ കൂടി അദ്ദേഹത്തിന്റെ ജീവചരിത്രകാരർ കണ്ടെത്തുന്നുണ്ട്. ആ കൃത്യത്തിനുശേഷം എന്താണ് നടന്നതെന്ന്‌ ഓർത്തെടുക്കാൻ പോലും വാൻഗോഗിന് പറ്റിയിരുന്നില്ല. ‘acute mania with generalised delirium’ എന്ന് വൈദ്യലോകം വിളിച്ച മാനസികരോഗത്തിനാണ് അദ്ദേഹം പിന്നീട് ചികിൽസ തേടിയത്. വേദാന്തത്തിൽനിന്നും വിശപ്പിൽനിന്നും അയാൾ കലയിലേക്ക് കയറിപ്പോയി. ജീവിച്ചിരിക്കെ കല അയാൾക്ക് ജീവനോപാധി ആയില്ല. മരിച്ച വാൻഗോഗിനെയാണ് നമ്മളെടുത്തത്. നമുക്ക് പറ്റാത്ത ഭ്രാന്തുകൾ ഒരുമിച്ച് സഹിച്ചതിനാലാണ് വാൻഗോഗിനെ നമ്മളാരാധിക്കുന്നത്. കലയേക്കാൾ ആ മതിഭ്രമങ്ങളായിരുന്നു നമുക്ക് പ്രിയം.

paul-gauguin
പോൾ ഗോഗിൻ

ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പുറത്ത് കലാചരിത്രത്തിന് നിലനിൽപ്പില്ല. അതെപ്പോഴും ആർക്കൈവൽ മെറ്റീരിയലുകൾ തേടിക്കൊണ്ടിരിക്കും. തെളിവുകൾ ചോദിച്ചുകൊണ്ടിരിക്കും. പല കോണുകളിൽ നിന്നുള്ള അഭിപ്രായങ്ങളെ ക്രോഡീകരിച്ചുകൊണ്ട് ഒരു ചിത്രമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ലോകപ്രശസ്തരായ മിക്ക കലാകൃത്തുക്കളും ഇങ്ങനെ യഥാതഥവും മിത്തുമായി മാറിയ കഥകളാൽ നിർമ്മിക്കപ്പെടുന്നു. ജീവിതകഥ മാത്രമല്ല, ചിലപ്പോൾ കലാവസ്തു തന്നെയും ഒറിജിനൽ ഏത്/ കോപ്പി ഏതെന്ന് തിരിച്ചറിയാത്തവിധം കൂടിക്കലർന്നുമിരിക്കാം. വാൻഗോഗിന്റെ പേരിലും അത്തരം വ്യാജചിത്രങ്ങൾ പ്രചരിക്കപ്പെടുന്നു. പോൾ ഗോഗിനു സമർപ്പിച്ച വാൻഗോഗിന്റെ സെൽഫ്‌ പോർട്രെയിറ്റ് (1888) ജൂഡിത് ജെറാർഡ് അതേമട്ടിൽ കോപ്പി ചെയ്തിരുന്നു (1897). എന്നാൽ പിൽക്കാലത്ത് ആ പകർപ്പുരചനയും വാൻ ഗോഗിന്റെ പേരിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ഒറ്റക്കാഴ്ചയിൽ വാൻഗോഗിന്റേതുതന്നെ എന്നു തോന്നിക്കുന്നതിനാൽ ജെറാർഡിന്റെ വാദം പോലും അപ്രസക്തമായി എന്ന് കലാലോകം സാക്ഷ്യപ്പെടുത്തുന്നു.

1890 ജൂലായ് 29 ന് വാൻഗോഗിൻ്റെ മരണശേഷം എണ്ണവും കണക്കുമില്ലാതെ പലയിടങ്ങളിലായി ചിതറിക്കിടന്ന ചിത്രങ്ങൾ ശേഖരിക്കാൻ സഹോദരൻ തിയോ ബുദ്ധിമുട്ടി. 1928-ലാണ് വാൻഗോഗിന്റെ 1716-ഓളം ചിത്രങ്ങൾ ഉൾപ്പെടുത്തി ഡെ-ലാ ഫെയിലി വാൻഗോഗ് കാറ്റലോഗ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ അവയിൽ വാൻഗോഗിന്റെത് എന്നു സാക്ഷ്യപ്പെടുത്തിയ ചില ചിത്രങ്ങൾ അദ്ദേഹത്തിന്റേതായിരുന്നില്ല. അനുകരിക്കപ്പെട്ട വാൻഗോഗ് കൂടി ഉൾപ്പെട്ടതായിരുന്നു ആ കാറ്റലോഗ്. ചരിത്രരേഖയായി മാറുന്നതോടെ ഏത് അബദ്ധവും അംഗീകരിക്കപ്പെടുന്നു, വ്യാജചിത്രങ്ങൾ വാൻഗോഗിന്റെ അടിയൊപ്പോടുകൂടി പ്രചരിപ്പിക്കപ്പെട്ടു. (ഹെങ്ക് ട്രോംപിന്റെ ‘റിയൽ വാൻഗോഗ്’ എന്ന പുസ്തകം അത്തരം ഒട്ടനേകം കഥകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട് എന്നോർക്കാം).

വാൻഗോഗ് വിഷണ്ണനും ഏകാകിയുമായി കലാചരിത്രത്തിലേക്ക് നടന്നുവരികയായിരുന്നില്ല. വാൻഗോഗിനെ പ്രായോഗിക സൗന്ദര്യശാസ്ത്രം പഠിപ്പിച്ച എച്ച്. പി ബ്രെമ്മെർ, അനന്തരവനും വാൻഗോഗ് പെയിന്റിംഗുകളുടെ വലിയ ശേഖരം കൈവശം വെച്ച ആളുമായ വി ഡബ്ല്യൂ. വാൻ ഗോഗ്, വാൻഗോഗിനെ ചരിത്രപ്പെടുത്തിയ കാറ്റലോഗുകാരൻ ജെ.ബി. ഡെ-ലാ ഫെയിലി, വാൻഗോഗിന്റെ ജീവിതവും കലയും എഴുതിയ വിമർശകൻ എ.എം ഹമ്മാഷെർ തുടങ്ങി ഒട്ടനേകം ആളുകളുടെ പ്രവർത്തനഫലമാണ് നാമിന്ന് അറിയുന്ന വാൻഗോഗ്. ഒറ്റയ്ക്കൊരാൾ ഒരു ചരിത്രവും നിർമ്മിക്കുന്നില്ല.

മലയാളത്തിൽ ഡാവിഞ്ചിക്കും ദാലിക്കും വാൻഗോഗിനും രവിവർമ്മയ്ക്കും ചിലപ്പോൾ ഫ്രിഡ കാഹ്‌ലോയ്ക്കും സമപ്രായമാണെന്നു തോന്നും. അവരൊക്കെ ഒരേ സ്‌കൂളിൽ പഠിച്ചവരെന്നും. ദേശരഹിതവും കാലരഹിതവുമാണ് കാല്പനികത. അതുകൊണ്ടുതന്നെ കലയിൽ അവരുടെ അഭിജ്ഞാനത വിഷയമല്ല എന്നുവരുന്നു. അവരുടെ സൗന്ദര്യശാസ്ത്രപദ്ധതികൾ അപ്രസക്തമാവുന്നു. അവരിൽ കയ്യെത്തിപ്പിടിക്കാവുന്ന കണ്ണിമാങ്ങകൾ മാത്രം നമ്മളെടുക്കുന്നു. അതിനാൽ ഡാവിഞ്ചിയാദി കലാകാരർ ഏതെങ്കിലും ഒരു കാലബിന്ദുവിൽ അവസാനിക്കുന്നില്ല. അവർക്കെല്ലാവർക്കും മലയാളത്തിൽ ഏല്പിക്കപ്പെട്ട പണികളുണ്ട്. സുന്ദരികളുടെ ചിരിയിൽ ഡാവിഞ്ചി പ്രവർത്തിക്കണം. സമയത്തെ ഉരുക്കിയൊഴിക്കാൻ ഒരു ദാലി, പ്രേമത്തിലും ഉന്മാദത്തിലും മഞ്ഞച്ചായം തേച്ചുപിടിപ്പിക്കാൻ ഒരു വാൻഗോഗ്, സാരിയുടുപ്പിക്കാനും അരയന്നത്തെ നോക്കിയിരിക്കാനും ഒരു രവിവർമ്മ, കൂട്ടുപുരികത്തെ ഒപ്പിച്ചുനിർത്താനും സ്വത്വത്തെ രണ്ടായി പകുത്ത് ഹൃദയം കയ്യിൽ വെച്ചിരിക്കാനും ഒരു ഫ്രിഡ… അത്ര ലളിതവും മോഹനവുമാണ് നമ്മുടെയാനന്ദമാർഗങ്ങൾ. കല ഈ ആനന്ദത്തെ പൂരിപ്പിച്ചാൽ മതി എന്നുവരുന്നു. ദത്തെടുക്കപ്പെട്ട ജീവിതമാണ് അവർക്ക് ഓരോ പ്രദേശങ്ങളിലും.
അതിനാലിന്ന് ഗൂഗിൾത്തോപ്പുകളിൽ അലഞ്ഞ് നാം കണ്ടെത്തുന്ന ഒരു വാൻഗോഗ് ‘യഥാർത്ഥ വാൻഗോഗ്’ തന്നെയോ എന്ന് യാതൊരുറപ്പുമില്ല. ഒറിജിനലും കോപ്പികളും കലങ്ങിമറിഞ്ഞ ഗൂഗിൾ ചിത്രപ്രപഞ്ചം ഒരിക്കലും ഒരു സത്യത്തോടുമാത്രം കൂറുപുലർത്തിക്കൊള്ളണമെന്നില്ല. ഇതിഹാസകാരന്റെ ഭാഷയിൽ പറഞ്ഞാൽ ”സത്തിയം പലത്” എന്ന് ഓരോ ഗൂഗിൾ സെർച്ചും പറയുന്നു. അഥവാ വാൻഗോഗായി മാറിയ ഭാവുകത്വത്തെക്കൂടി യഥാർത്ഥ വാൻഗോഗിനൊപ്പം ചേർക്കാൻ നാം നിർബന്ധിക്കപ്പെടുന്നു. പുന്നെല്ല് ചിക്കിയപോലുള്ള എല്ലാ ബ്രഷ് സ്റ്റ്രോക്കുകളുടെയും ഉത്തരവാദിത്തം വാൻഗോഗിന് ഏറ്റെടുക്കേണ്ടതായി വരുന്നു. വാൻഗോഗ് എന്നത് ഒരു ഭാവുകത്വത്തിന്റെ പേരാണെന്ന് വരുന്നു. ആ മഞ്ഞയിൽ നാം നമ്മെത്തന്നെ നോക്കുന്നു.
കലർപ്പിന്റെ കൂടിയാണ് കല എന്ന് നമ്മളറിയുന്നു.
പ്രിയപ്പെട്ട വാൻഗോഗ്
സമസ്തകേരളം പി.ഒ.
എന്ന വിലാസത്തിൽ ഈ കുറിപ്പ് ഞാൻ പോസ്റ്റ് ചെയ്യുന്നു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...