ഒരു കലാകൃതി ഇഷ്ടപ്പെടാതിരിക്കാനുള്ള ആറു കാരണങ്ങൾ

0
406
sudheesh-kottembram

സുധീഷ് കോട്ടേമ്പ്രം

”കൊള്ളാം, നന്നായിട്ടുണ്ട്”

എന്നൊരു കോംപ്ലിമെന്റ് ഏതു കലാകൃതിക്കും കിട്ടും. അത് ‘ശരിക്കും’ പ്രസ്തുതകൃതി ‘നന്നായിട്ടു’തന്നെയാണോ നിങ്ങൾ പറഞ്ഞിട്ടുണ്ടാവുക? അതോ അത് ചെയ്ത ആൾ പ്രിയപ്പെട്ട ആളായതുകൊണ്ടോ? വകയിലൊരമ്മാവന്റെ മോനായാതുകൊണ്ടോ? കൂടെപ്പഠിച്ച ആളായതുകൊണ്ടോ? നാട്ടുകാരിയായതുകൊണ്ടോ? ‘കണ്ടാൽ കൊള്ളാ’വുന്നതുകൊണ്ടോ? ‘കഴിവില്ലാത്ത’ ആളല്ലേ, പ്രോൽസാഹിപ്പിച്ചേക്കാം എന്നതുകൊണ്ടോ? ദാരിദ്ര്യരേഖക്ക് താഴെയായതുകൊണ്ടോ? സ്വജാതിക്കാരായതുകൊണ്ടോ? എന്താവും? അതോ ഒരു കലാകൃതി ശരിക്കും ‘നന്നാവുക’ എന്നൊന്നില്ല എന്നുണ്ടോ? എനിക്ക് നന്നായി തോന്നിയത് നിങ്ങൾക്ക് നന്നായിത്തോന്നാത്തത് എന്റെ കുഴപ്പം കൊണ്ടോ? എനിക്ക് ഇപ്പോൾ നന്നായി തോന്നിയത് പിന്നീട് മോശമായി തോന്നിയാൽ നിങ്ങളെന്നെ തള്ളിക്കളയുമോ? ഇപ്പോൾ മോശമായത് പിന്നീട് നന്നായാൽ? ഇഷ്ടംകൂടാൻ കാരണം വേണോ? ഇഷ്ടപ്പെടാതിരിക്കാൻ കാരണം വേണോ? പാതിമുക്കാലും ഇഷ്ടമായി, ബാക്കി കാൽഭാഗം ഇഷ്ടമായില്ല എങ്കിലത് പൂർണ്ണ ഇഷ്ടത്തെ ബാധിക്കുമോ? “കൊള്ളാം നന്നായി” എന്നു പറഞ്ഞതിൽ ”കൊള്ളുകയുമില്ല നന്നായുമില്ല” എന്ന ധ്വനി കൂടി അടക്കം ചെയ്യുന്നുണ്ടോ? ശരിക്കും നിങ്ങൾ കലാകൃതി ആസ്വദിക്കുന്നുണ്ടോ?

Immanuel Kant

കലാസ്വാദനത്തിന് ആദ്യം വേണ്ടത് നിസംഗത (disinterestedness) ആണെന്ന് ഇമ്മാനുവൽ കാന്റ് പറഞ്ഞു. നമ്മുടെ താല്ക്കാലിക താല്പര്യങ്ങൾക്കപ്പുറത്തെ അനിച്ഛാനിഷ്ഠമായ സാത്വികത അത് ആവശ്യപ്പെടുന്നു എന്ന്. അത് മറ്റൊന്നിനാൽ ബന്ധിക്കപ്പെട്ട ഇഷ്ടമാവരുത് എന്ന്. അത്തരം കെട്ടുപാടുകളിൽനിന്ന് മാറിനിന്ന് കാണാൻ കാന്റ് പറഞ്ഞു. കാമുകനായതുകൊണ്ട്/ അയൽക്കാരിയായതുകൊണ്ട്/ അമ്മാവന്റെ മോളായതുകൊണ്ട് എന്നതരം പൂർവ്വനിശ്ചിതത്വങ്ങളെ കലാസ്വാദനത്തിന്റെ നിസംഗതത്വം തള്ളിക്കളയുന്നു. കലാകൃതിക്ക് മുന്നിൽ ഞാനാരുടെയും ഇഷ്ടക്കാരല്ല, ഞാനെന്റെ പൂർണനഗ്നതയോട് ചേർത്തുവെക്കുന്നു അത്. കാന്റിയൻ സൗന്ദര്യസങ്കല്പം കലാസ്വാദനത്തെ സാർവ്വലൗകികമായി നിർവ്വചിക്കാനുള്ള ശ്രമങ്ങൾ നടത്തി. അത് കലയിലെ ലോകപൗരത്വത്തെ മുന്നിൽക്കണ്ട് സൗന്ദര്യാനുഭവത്തെ കുറിച്ചുള്ള ‘നിയമങ്ങൾ’ അവതരിപ്പിച്ചു. പുതുകാലം, കാന്റിൽനിന്നും കുറേയധികം സഞ്ചരിച്ചുകഴിഞ്ഞു. ആശയവാദകലയുടെ സന്ദർഭം മുതൽ തന്നെ കാന്റിയൻ സങ്കല്പനങ്ങൾ പരക്കെ വിമർശവിധേയമാക്കപ്പെട്ടു.

ലോകത്താകമാനം മാറിക്കൊണ്ടിരിക്കുന്ന കലാവ്യവഹാരത്തിന്റെ നാലിലൊന്ന് ചലനങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു നാടെന്ന നിലയിലും, പുതുഭാവുകത്വങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന ഒരിടമെന്ന നിലയിലും നമ്മുടെ കലാവൃത്തി നിലനില്ക്കുന്ന ധാരണകളാൽ ചുറ്റപ്പെട്ടുതന്നെ കിടക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ചിത്ര-ശില്പകല. അതിന്റെ ആവിഷ്‌കാരവും ആസ്വാദനവും പൂർവ്വമാതൃകകളിൽനിന്ന് വലിയ വ്യതിചലനങ്ങളൊന്നും നടത്തിയിട്ടില്ല. അതിനാൽ അവയുടെ ആസ്വാദനവും പുതുക്കപ്പെട്ട കലാഭാവുകത്വവുമായി സംവദിക്കുക എളുപ്പമല്ല. എങ്കിലും ഒരു കലാകൃതി ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും നമുക്ക് ചില കാരണങ്ങൾ എന്തായാലും കാണും. ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം ഇഷ്ടപ്പെടുന്ന ഒന്ന് അതിലില്ല എന്നതുകൊണ്ടാവുമല്ലോ. അപ്പോൾ ഇഷ്ടപ്പെടായ്കയെ കുറിച്ച് പറയാം.

1) സൗന്ദര്യാനുഭവത്തെ തൃപ്തിപ്പെടുത്താതിരിക്കൽ

ഏതു കലാകൃതിയും സൗന്ദര്യാനുഭവത്തിന്റെ മനോവ്യാപാരത്തിൽ പ്രവേശിക്കുന്നു. സൗന്ദര്യാനുഭവത്തിന്റെ നില എന്നത് ഭാവനയുടെ ചരിത്രജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് ഓട്ടക്കാർ കൈമാറുന്ന ദീപശിഖ പോലെ നിങ്ങൾക്കുമുൻപേ കല ചെയ്ത ഒരാളുടെ കലയിൽന്നിന്നുള്ള തുടർച്ചയെ പിൻപറ്റുന്നു. സൗന്ദര്യാനുഭവത്തെ തൃപ്തിപ്പെടുത്തുക എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

2) വെല്ലുവിളികളെ ഏറ്റെടുക്കാതിരിക്കൽ

നിലനിൽക്കുന്ന സൗന്ദര്യബോധ്യങ്ങളെ ഏതെങ്കിലും വിധത്തിൽ മുന്നോട്ടുനയിക്കുന്ന ഒരു കൊള്ളിയാൻ വെളിച്ചം നമ്മൾ കലാകൃതിയിൽ പ്രതീക്ഷിക്കുന്നുണ്ട്. സൗന്ദര്യധാരണകളെ പുതുക്കാനോ തിരുത്താനോ ഒരു കലാകൃതി തന്നെ വേണമെന്ന് വരുന്നു. വെല്ലുവിളികളെ ഏറ്റെടുക്കാൻ കെല്പ്പില്ലാത്ത ഒന്ന് എന്റെ അനിഷ്ടത്തിന് വോട്ട് ചെയ്യുന്നു.

3) ബൗദ്ധികമായ ഉന്നതിയെ സ്പർശിക്കാതിരിക്കൽ

കല സൗന്ദര്യാനുഭവമെന്നതുപോലെ ബൗദ്ധികാനുഭവം കൂടിയാണ്. സൗന്ദര്യം ബൗദ്ധികം തന്നെ എന്നും നമുക്കറിയാം. ബൗദ്ധികമായി പരാജയപ്പെടുന്ന ഒരു കലാകൃതി സൗന്ദര്യാത്മകമായും പരാജയപ്പെടുന്നു.

4) അനന്യമായിരിക്കാനുള്ള മടി

അനുകരണമാണ് കല എന്ന പ്രാപഞ്ചികവാദം അവിടെയുണ്ട്. എങ്കിലും ഒരു അനന്യത (uniqueness)യെ എല്ലാ കൃതിയും ആഗ്രഹിക്കുന്നുണ്ട്. ഞാൻ എന്നെപ്പോലെ ജീവിക്കും എന്ന ഒരു താൻപോരിമ കലാകൃതിക്കുണ്ടാവുക എന്നത് നല്ല കാര്യമാണ്. ”എന്നുടെയൊച്ച വേറിട്ട് കേട്ടുവോ?” എന്ന് കവി ചോദിക്കുന്നത് ആ ആധി ഉള്ളതുകൊണ്ടാണ്.

5) രൂപഘടനയിലെ പിഴവ്‌

രൂപസംവിധാനമാണ് ഭാവലോകത്തെ ഉല്പാദിപ്പിക്കുന്നത്. രൂപഘടനയിലെ ഏതു പിഴയും ഭാവഘടനയെയും ബാധിക്കുന്നു.

6) സൗന്ദര്യപ്രതിരോധമാവാതിരിക്കൽ

കലാകൃതി അതിനകത്തുതന്നെ പ്രതിരോധത്തിന്റെ ഭാഷ സ്വീകരിക്കുന്നു. സ്വയംഭരണശേഷിയുള്ള അതിന്റെ നില മറ്റു സാമൂഹിക ഉല്പ്പന്നങ്ങളിൽന്നിന്നും വ്യത്യസ്തമായ ഒന്നാണ്. പ്രതിരോധനില കൈവിടുന്ന കൃതി ഒഴുക്കിനൊത്ത് നീങ്ങുന്ന ഇലയാകുന്നു.

ഇഷ്ടത്തിനും അനിഷ്ടത്തിനും ആറല്ല, അറുപതുകാരണങ്ങൾ നിരത്താം നമുക്ക്. “അങ്ങനെ എല്ലാം ശരിയാക്കിയിട്ട് നീ കല ആസ്വദിക്കണ്ടെടാ” എന്ന് നിങ്ങളിലൊരു കലാകൃത്ത് പറയുന്നത് എനിക്ക് കേൾക്കാം. അതുകൊണ്ടിവിടെ നിർത്താം. അഥവാ ശരി മാത്രം പഠിപ്പിക്കുന്ന ഉസ്‌കൂൾ മാഷല്ല കലാസ്വാദനം.

എങ്കിലും അടുത്ത തവണയെങ്കിലും ”കൊള്ളാം, നന്നായിട്ടുണ്ട്” എന്നു ഒഴുക്കൻ മട്ടിൽ പറയുന്ന ഒരാളോട് ”എങ്ങനെയെങ്ങനെ?” എന്ന് തിരിച്ചു ചോദിക്കുമോ? അയാളുടെ ഇഷ്ടാനിഷ്ടങ്ങളുടെ കാരണങ്ങൾ നിങ്ങളുടെ പ്രദർശനപുസ്തകത്തിൽ നമ്പർക്രമത്തിൽ എഴുതിവെക്കുമോ?

(ഫെയ്സ്ബുക്ക് കുറിപ്പുകളിൽ നിന്ന് )

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here