‘ആധുനിക കലാകാരൻ’ എന്ന ആൺപ്രജ

0
297

സുധീഷ് കോട്ടേമ്പ്രം

പരിതോഷ് ഉത്തം എഴുതിയ ‘ഡ്രീംസ്‌ ഇൻ പെർഷ്യൻ ബ്ലൂ’ എന്ന നോവലിന്റെ സിനിമാപ്പകർച്ചയായ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ആർട്ടിസ്റ്റ്’ സിനിമയിൽ കർക്കശക്കാരനായ ഒരു ആർട്ടിസ്റ്റിനെ കാണിക്കുന്നുണ്ട്. അയാൾ അയാളിൽത്തന്നെ സ്വരുക്കൂട്ടിയെടുക്കുന്ന നിഷേധത്തിന്റെയും വൈകാരികതയുടെയും കാവൽക്കാരൻ. കലാവസ്തുവും കലാകൃത്തും തമ്മിലുള്ള ബന്ധത്തിന്റെ കാല്പനികതീവ്രതകളാണ് അതിന്റെ ഉള്ളടക്കം. ആർട്ടിസ്റ്റിന്റെ സവിശേഷ സർഗവൈഭവത്തെ കാമുകിയെപ്പോലെ തന്നെ ലോകം ശൂശ്രൂഷിക്കേണ്ടതുണ്ട് എന്ന് ആ സിനിമ പറഞ്ഞുവെക്കുന്നു. നമുക്കുചുറ്റും പ്രചരിക്കുന്ന ”ആർട്ടിസ്റ്റിനെ”പറ്റിയുള്ള പൊതുസങ്കല്പങ്ങളിൽനിന്നാവണം അത്തരമൊരു പാത്രനിർമ്മിതിക്ക് സംവിധായകൻ മുതിരുന്നത്. ആ സിനിമ വിടാം. ആരാണ് നമ്മുടെ പൊതുബോധത്തിലെ ”ആർട്ടിസ്റ്റ്’? ആരാണയാൾക്ക് എന്നും മുഷിഞ്ഞ ജൂബ തയ്ച്ചുകൊണ്ടിരിക്കുന്നത്? ആരാണയാൾക്ക് ആജന്മ അലസതയുടെയും ആത്മകേന്ദ്രിതത്വത്തിന്റെയും ലേബലൊട്ടിക്കുന്നത്? പാലറ്റും ബ്രഷുകളും മഴവിൽനിറങ്ങളും വേനലവധിക്കു നടത്തപ്പെടുന്ന ചിത്രരചനാമൽസരങ്ങളുടെ പോസ്റ്ററിൽ പതിക്കുന്ന വെറും ഗൂഗിൾചിത്രങ്ങളല്ല നമുക്ക്. അത് ആർട്ടിസ്റ്റിന്റെ കുലചിഹ്നങ്ങൾ കൂടിയാണ്. വലിയ ബ്രഷും കൈയ്യിലേന്തി നഗ്നപാദനായി നടക്കുമായിരുന്നു എം. എഫ്. ഹുസൈൻ. അതൊരു പ്രതീകാത്മക പെർഫോമൻസായിരുന്നു. ഇതാണെന്റെ അടയാളചിഹ്നമെന്ന പരസ്യപ്രകടനം. ആധുനികത നിർമ്മിച്ച കലാവ്യക്തിത്വമാണ് ഇപ്പോഴും ആർട്ടിസ്റ്റ് എന്ന പ്രതീകമൂല്യത്തെ നിർമ്മിച്ചെടുക്കാൻ നമ്മളുപയോഗിക്കുന്ന അസംസ്‌കൃതവസ്തു.

കലാവൃത്തിക്കുപുറത്ത് കലയെക്കുറിച്ചും കലാകൃത്തിനെക്കുറിച്ചും ചില മിത്തുകൾ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ആധുനികപൂർവ്വകാലം അയാളെ പേരില്ലാത്ത കലത്തൊഴിലാളിയായി കണ്ടപ്പോൾ ആധുനികകല അയാളെ സർവ്വനിഷേധിയായ ക്ഷുഭിതയൗവ്വനമായി നിർവ്വചിച്ചു. എം. മുകുന്ദന്റെ രമേഷ് പണിക്കർ (ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ), അരവിന്ദൻ (ഡെൽഹി) തുടങ്ങിയ ആധുനികപാത്രനിർമ്മിതികളും ഈ കലാകാര വ്യക്തിപ്രഭാവത്തിന് സാംസ്‌കാരികത്തുടർച്ചകൾ സമ്മാനിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. ഒരിടത്ത് വ്യക്തി അപ്രസക്തമായിരുന്നെങ്കിൽ മറ്റൊരിടത്ത് വ്യക്തിയിൽ കവിഞ്ഞു നിൽക്കുന്ന വ്യക്തിയെ കാണാം. അതുകൊണ്ട് താടിയും ജുബ്ബയും തുണിസഞ്ചിയും ഒരു കാലത്ത് ആർട്ടിസ്റ്റിന്റെ യൂണിഫോമായിരുന്നു. (ഓർക്കണം, അപ്പോഴും അവിടെയെല്ലാം പുരുഷകേസരിയാണ് ഈ ചിഹ്നനിർമ്മാണത്തിൽ നായകത്വം വഹിക്കുന്നത്. നിഷേധിയും ക്ഷുഭിതയുമായ ഒരു ഫീമെയിൽ ആർട്ടിസ്റ്റിനെ സങ്കല്പിക്കാൻ അപ്പോഴും നമ്മൾ മടിച്ചിരിക്കണം.ചുരുക്കം ചില ശ്രമങ്ങളൊഴിച്ച്‌. അഥവാ ‘ജീനിയസ്സ്’ കാന്റിയൻ സൗന്ദര്യ സങ്കല്പങ്ങൾ മുതൽ പുരുഷപ്രജയായിരുന്നല്ലോ, പുരുഷൻ തന്നെ നിശ്ചയിക്കുന്ന സാംസ്‌കാരിക പ്രപഞ്ചത്തിൽ). ധൂർത്തടിച്ച ജീവിതം എപ്പോഴുമയാൾക്ക് അധികയോഗ്യതയായി. വീടുവിട്ടവന്റെ വിപ്ലവം അയാള്ക്ക് വീടായി.

റബലിയനും കാല്പനികവിപ്ലവപ്രതീകവുമായ ആൺകലാകാര വ്യക്തിത്വം കേവലം ചിത്രകലയുടെ ഉല്പന്നം മാത്രമായിരുന്നില്ല, അത് നാടകത്തിലും സിനിമയിലും മറ്റ് സർഗാത്മകമേഖലകളിലും ശാഖകളുണ്ടായിരുന്ന ഒരു വിപുലശൃംഖല കൂടിയായിരുന്നു. ‘ആർട്ടിസ്റ്റ് പെർസോണ’ എന്നത് കേവലം ആധുനികതയുടെ ഉപോല്പ്പന്നമായി മനസ്സിലാക്കുന്നതിലും അപാകതയുണ്ട്. ജാനെറ്റ് വൂൾഫിന്റെയും പിയറേ ബോർദിയുടേയും അർനോൾഡ് ഹോസറുടെയും പഠനങ്ങൾ കാന്റിയൻ ആർട്ടിസ്റ്റിക് ഓട്ടോണമിയെ വിമർശവിധേയമാക്കിക്കൊണ്ട് കലാകാരവ്യക്തിയെ നോക്കിക്കാണുന്നവയാണ്. വ്യാവസായിക വിപ്ലവനാന്തരം രൂപപ്പെട്ട കലാലോകത്തിന്റെ സൃഷ്ടിയാണ് ആധുനികതയിൽ നാം കണ്ട കലാകാരൻ. എന്നാൽ ആ പ്രതീകവ്യക്തിയുടെ സാംസ്‌കാരികവ്യാപനത്തിൽ നരവംശസ്ത്രപരമായും മന:ശാസ്ത്രപരമായും ഉള്ള ഘടകങ്ങൾകൂടി ഉള്ളടങ്ങിയിരിക്കുന്നുണ്ട്.

കലയെ പഠിക്കാൻ കലാകൃതിയുടെ ഉടമയെയും പഠിക്കണമെന്നത് തർക്കമില്ലാത്ത സംഗതിയായിരിക്കെത്തന്നെ, പലപ്പോഴും ആധുനികത നിർമ്മിച്ച ആരാധന കലർന്ന വ്യക്തിപ്രഭാവം ഈ വിശകലനാധിഷ്ഠിതമായ കലാപഠനങ്ങൾക്ക് തടശ്ശിലയായി നിൽക്കുന്നു. അതിനാൽ വാൻഗോഗിന്റെ സൂര്യകാന്തിപ്പാടം നമുക്ക് വിഭ്രമങ്ങളുടെ മഞ്ഞയായി. അതിലെ സൗന്ദര്യനിർധാരണങ്ങൾ അപ്രസക്തമായി. ജോൺ എബ്രഹാമിന്റെ ‘അമ്മയെ അറിയാൻ’ വിപ്ലവകാലത്തിന്റെ മുഖപടമായി. അതിലെ കലാപരതയും നിർമ്മാണത്തിലെ സൂക്ഷ്മരാഷ്ട്രീയവും അപ്രസക്തമായി. പി കുഞ്ഞിരാമൻ നായർ അലഞ്ഞ കാമുകന്റെ പ്രച്ഛന്നവേഷം ധരിച്ചു. പി.യിലെ പദഘടനയുടെ താളവുമീണവും അപ്രസക്തമായി. എ അയ്യപ്പനെ അനാഥത്വത്തിന്റെ അംബാസിഡറാക്കി, അയ്യപ്പന്റെ കവിതയിലെ ദൃശ്യബിംബങ്ങൾ നിർമ്മിച്ച സൗന്ദര്യശുശ്രൂഷകൾ അപ്രസക്തമായി. കലാകൃതിക്കുമേലെ പിടിച്ച കലാകൃത്തിന്റെ ആത്മം വിശകലനങ്ങളെയും വിമർശനങ്ങളെയും വഴിതിരിച്ചുവിട്ടു.

എന്താണ് സമകാലികകലയിലെ കലാകൃത്തിന്റെ കുലചിഹ്നം? അന്താരാഷ്ട്രപ്രശസ്തിയുടെ തിളക്കം? കണ്ടംപററി ആർട്ടിസ്റ്റിനുമുണ്ട് അപകടകരമല്ലാത്ത ഐക്കണോഗ്രാഫികൾ എന്നതും ഇപ്പോൾ ആലോചിക്കാവുന്ന വിഷയമാണ്. എന്നാൽ ആധുനികതയും സമകാലികതയുമൊന്നും ഗ്രൗണ്ട് റിയാലിറ്റിയിലില്ല എന്ന ഉടുതുണിയഴിച്ച സത്യം കൂടി നമ്മൾ മനസ്സിലാക്കണം. അത്തരം സൈദ്ധാന്തിക ഉപകരണങ്ങൾ കലാചരിത്രക്ലാസുകളിൽ ഉപകരിക്കുമെന്നല്ലാതെ ആർട്ട് ഗാലറികളുടെ പിന്നാമ്പുറത്ത് ഇപ്പോഴും സ്വയംകല്പിത തിരസ്‌കൃതകഥാപാത്രങ്ങളായി അതാതിടങ്ങളിലെ ‘ലോക്കൽ ആർട്ടിസ്റ്റുകൾ’ വട്ടംകൂടിയിരിക്കുന്നു. അവരിൽ ആധുനികതയും സമകാലികതയും അളക്കാൻ പോകരുത്. ചെപ്പക്കുറ്റിയടിച്ച് പൊട്ടിക്കും അവരുടെ ഉടനെയൊന്നും അവസാനിക്കാനിടയില്ലാത്ത മതിഭ്രമങ്ങളുടെ കുതിര.

‘താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് ഞാനാരാണെന്ന്’ എന്ന് കുതിരവട്ടം പപ്പുവിന്റെ ജെ.പി.ജി ഇമേജായി ഇനിയും കുറച്ചുകാലം കൂടി ഓടും കാലഹരണപ്പെടാൻ തയ്യാറാവാത്ത ”ആധുനികകലാകാരൻ” എന്ന ആ ആൺപ്രജ.

ഫെയ്സ്ബുക്കിൽ എഴുതി വരുന്ന ക്വാറണ്ടൈൻ കുറിപ്പുകളിൽ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here