HomeTHE ARTERIASEQUEL 14പക്ഷിനിരീക്ഷകന്‍

പക്ഷിനിരീക്ഷകന്‍

Published on

spot_imgspot_img

കഥ
സുഭാഷ് ഒട്ടുംപുറം

ആ വെളിമ്പറമ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താന്നിമരത്തിലേക്ക് നിനച്ചിരിക്കാത്ത നേരത്ത് ഞാന്‍ ചെന്ന് വീണപ്പോള്‍, അതില്‍ ചേക്കയിരുന്ന പക്ഷികളെല്ലാം ഒരുമിച്ച് ചിറകടിച്ചുയര്‍ന്നു. ആ ചിറകടികളെല്ലാം അനേകം വിശറികളെന്ന പോലെ താന്നിമരത്തിനെ കുറേ നേരം ഉലച്ചു. ഇലപ്പടര്‍പ്പിന് മേല്‍ മലര്‍ന്ന് കിടക്കുമ്പോള്‍ വീഴ്ച്ചയുടെ ആഘാതത്തെ പറ്റി ഞാനാലോചിച്ചില്ല. മറിച്ച് ആ മരം എത്ര പക്ഷികളെയാണ് ഇരപിടിയന്മാരില്‍ നിന്നും മറച്ചു പിടിക്കുന്നതെന്ന അമ്പരപ്പായിരുന്നു എനിക്ക്. ആ മരത്തിന് താഴെ ഒരു പൊന്തപ്പടര്‍പ്പുണ്ടായിരുന്നു. പൊന്തയിലെ ഏറ്റവു ലോലമായ ഒരു ചില്ലയില്‍ ഒരു തുന്നാരനും അതിന്‍റെ ഇണയും പതിവായി ചേക്കയിരിക്കാറുണ്ടായിരുന്നു. മരത്തിന്‍റെ ഉലച്ചിലില്‍ അവസാനം ചിറകടിച്ചു പറന്നത് അവരായിരുന്നു.
അത്രയും പക്ഷികളുടെ നിദ്രയെ ഉലച്ചതിന്‍റെ കുറ്റബോധം എന്‍റെയുള്ളില്‍ നിറഞ്ഞു നിന്നു. അസ്വസ്ഥരായ പക്ഷികള്‍ മരത്തിന് ചുറ്റും വലംവെച്ച് പറക്കുകയായിരുന്നു. ഞാനെഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും, ഇലകള്‍ ഒരു ചതുപ്പുനിലം പോലെ എന്നെ വലിച്ചെടുത്ത് ചില്ലകള്‍ക്കിടയിലൂടെ താഴേക്കിട്ടു. ഉടഞ്ഞ മുട്ടകള്‍ക്കും ചതഞ്ഞ കൂടുകള്‍ക്കുമിടയില്‍ നിന്ന് ഞാനുറക്കമുണര്‍ന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ പക്ഷികളെല്ലാം എന്നെ തന്നെ ഉറ്റുനോക്കിയിരിക്കുകയായിരുന്നു. എനിക്കും മുന്നേ ചേക്കയില്‍ നിന്നുണര്‍ന്ന അവര്‍ ഞാനെഴുന്നേല്‍ക്കുന്നതും നോക്കിയിരിക്കുകയായിരിക്കണം. ഞാന്‍ നിവര്‍ന്നു നിന്നയുടനെ ഉറക്കെ ചിലച്ചു കൊണ്ട് അവരെല്ലാം എന്നെ കൊത്തിയാട്ടാന്‍ തുടങ്ങി. അവരുടെ കൂര്‍ത്ത നഖങ്ങളും കൊക്കുകളും എന്‍റെ ശരീരത്തില്‍ ആഴ്ന്നിറങ്ങി. ഞാന്‍ ക്രിസ്തുവിനെ പോലെ അതല്ലൊം ഏറ്റുവാങ്ങി.
“ഞാന്‍ നിങ്ങളുടെ ശിശുഹത്യ നടത്തിയവന്‍. നിങ്ങളുടെ നിദ്രയെ തകര്‍ത്തവന്‍. നിങ്ങളെന്നെ കൊത്തിയാട്ടുക.” – ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പിറ്റത്തെ രാത്രിയിലും എത്ര തന്നെ വേണ്ടെന്നുറപ്പിച്ചിട്ടും ഞാനാ കുന്ന് കയറി. ആരോ എന്നെ ബലമായി തള്ളികയറ്റുകയായിരുന്നു. കുന്നിന്‍ ചെരുവിലെ ആ മരത്തിന് മുകളിലേക്ക് ആരോ എന്നെ തള്ളിയിടുകയായിരുന്നു.
“എന്നു മുതലാണ് നിങ്ങളിതേ സ്വപ്നം ആവര്‍ത്തിച്ചു കാണാന്‍ തുടങ്ങിയത്?”- എന്‍റെ വിചിത്രവും വിഭ്രമകരവുമായ സ്വപ്നത്തിന്‍റെ വിവരണം കേട്ട് പ്രൊഫസര്‍ ചോദിച്ചു.
“എന്നുമുതലാണ്?”- ഞാനോര്‍ത്തു നോക്കി.
വിവാഹമോചനം വാങ്ങി പാര്‍വ്വണ എന്നെ വിട്ടു പോയിട്ട് ഏകദേശം ഒരു വര്‍ഷത്തോളമാകുന്നു. അതിന് ശേഷമാവണം. വിവാഹമോചനത്തിന്‍റെ കാര്യം അവള്‍ പെട്ടൊന്നെടുത്തിടുകയായിരുന്നു. പെട്ടൊന്ന് തന്നെ ഞാനത് സമ്മതിക്കുകയും ചെയ്തു. അതാണാശ്ചര്യം. എന്‍റെ അസുഖത്തിന്‍റെ കാര്യം അവളോട് പറയാനിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണവള്‍ വിവാഹമോചനമെന്ന ആശയവുമായി വന്നത്. അതുകേട്ടപ്പോള്‍ അസുഖത്തിന്‍റെ കാര്യം ഞാനവളോട് പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ അവളത് വേണ്ടെന്ന് വച്ച് എന്‍റെ കൂടെത്തന്നെയുണ്ടാകുമായിരുന്നു. അത്തരമൊരു സഹാനുഭൂതി സ്വീകരിക്കാന്‍ എന്‍റെ മനസ്സനുവദിച്ചില്ല. എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. അത് കവരുന്നതാണ് ഏറ്റവും വലിയ പാപമെന്ന് ഞാന്‍ കരുതുന്നു. പാര്‍വ്വണയെ വിട്ടുകളയാന്‍ ഇഷ്ടമുണ്ടായിട്ടായിരുന്നില്ല ഞാന്‍ വിവാഹമോചനത്തിന് സമ്മതിച്ചത്. അവളുടെ വഴിയില്‍ ഒരു പടുമരമായ് വീണുകിടക്കാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല.
“അതങ്ങനെയാണ് മിത്രന്‍. നമുക്കെന്തെങ്കിലും മാരകരോഗമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ മനസ്സ് ഒരു കുമിള പോലെ ലോലമാകും. ഒരു കിളിമുട്ട പോലെ ഉടയാന്‍ വെമ്പി നില്‍ക്കും.”
പ്രൊഫസര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. അദ്ദേഹത്തിന്‍റെ കിളിമുട്ടയുടെ ഉപമ വര്‍ഷങ്ങളായുള്ള പക്ഷിസഹവാസത്തില്‍ നിന്നും അറിയാതെ എടുത്തുപയോഗിച്ചതാകാം. എന്നിട്ടും അത് വളരെ കൃത്യമായി എന്നെ വീണ്ടും ആ മരത്തിന് മേലെ കൊണ്ടിട്ടു. കാലങ്ങളായി ഓര്‍ക്കാതെ മനഃപൂര്‍വ്വം മാറ്റിവച്ച എന്‍റെ ഓര്‍മ്മകളിലേക്കും വിഷാദത്തിലേക്കും അദ്ദേഹം അങ്ങനെ കടന്നു കയറുകയായിരുന്നു.
അന്ന് അവസാനത്തെ പരീക്ഷ കഴിഞ്ഞ് സ്ക്കൂള്‍ മുറ്റത്ത് കൂട്ടുകാരോടൊപ്പം വിജയപരാജയ സാധ്യതകള്‍ അവലോകനം ചെയ്യുന്നതിനിടെ തൊട്ടപ്പുറത്തെ പെണ്‍ക്കുട്ടികള്‍ക്കിടയില്‍ നിന്നുള്ള ഒരു നോട്ടത്തിന് മാത്രം എന്തോ പ്രത്യേകതയുള്ള പോലെ എനിക്കു തോന്നി. തോന്നലാവുമെന്ന് കരുതിയപ്പോഴൊക്കെ അതെന്നെ പിടിച്ചു വലിക്കുന്നത് ഞാനറിഞ്ഞു. അതുവരെ തോന്നാത്തതെന്തോ അന്നേരം മുതല്‍ എന്‍റെയുള്ളില്‍ വന്ന് നിറയാന്‍ തുടങ്ങി. എന്നെ എത്രയോ കാലം മുമ്പേ അറിയാവുന്നത് പോലെയുള്ള നോട്ടം. എന്‍റെ മേലെന്തോ ഒരവകാശമുള്ള പോലെയുള്ള ഭാവം. ഞാനവളെ അതിന് മുമ്പ് കണ്ടിട്ടേയില്ലായിരുന്നു. എന്നിട്ടും ഞാനന്ന് ഒരു സ്വപ്നത്തിലെന്ന പോലെ അവളെ അനുഗമിച്ചു.
ആരുമില്ലാത്ത വഴികളിലൂടെ ഒരിത്തിരി അകലത്തില്‍ ഞങ്ങള്‍ നടന്നു. എത്രയോ തവണ ഞാന്‍ പിന്നില്‍ തന്നെയുണ്ടോ എന്നവള്‍ തിരിഞ്ഞു നോക്കി. അവളോരോ തവണ തിരിഞ്ഞു നോക്കുമ്പോഴും ഞാനാ വഴികളില്‍ മരിച്ചു വീഴുന്ന പോലെ എനിക്കു തോന്നി. വഴി കൂടുതല്‍ കൂടുതല്‍ വിജനമായപ്പോള്‍ അവള്‍ നടത്തത്തിന് വേഗത കുറച്ചു. ഞങ്ങളുടെ നടത്തം ഒരുമിച്ചായി. എന്നിട്ടു പോലും ഞങ്ങള്‍ തമ്മില്‍ ഒരു വാക്ക് പോലും സംസാരിച്ചില്ല. ഞങ്ങളുടെ രണ്ടുപേരുടെയും ഹൃദയമിടിപ്പ് മാത്രം ആ വഴികളിലത്രയും പ്രതിധ്വനിച്ചു.
ആ മരം മുന്നില്‍ തെളിയാന്‍ തുടങ്ങിയപ്പോള്‍ ഞാനെന്തെങ്കിലും പറയുമെന്നോ ചോദിക്കുമെന്നോ കരുതി അവള്‍ ഇത്തിരി നേരം നിന്നു. നിശ്ശബ്ദനായിരിക്കുന്നതാണ് പലപ്പോഴും നമ്മുടെ പാപമെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ആ മരത്തിനപ്പുറത്തേക്ക് ഞാനവളെ അനുഗമിക്കരുതേയെന്ന് അവളുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു. സ്ക്കൂള്‍ യൂണിഫോമില്‍ ആ പ്രദേശത്ത് എന്നെ മറ്റാരെങ്കിലും കാണുന്നത് ഞങ്ങള്‍ക്കിരുവര്‍ക്കും ദോഷമാകുമെന്ന് അവള്‍ കണക്ക് കൂട്ടിയിട്ടുണ്ടാവും. ആ മരത്തിനപ്പുറം വിജനത അവസാനിച്ച് വീടുകള്‍ ഓരോന്നായി തെളിയാന്‍ തുടങ്ങിയിരുന്നു. ആദ്യമായിട്ടായിരുന്നു ഞാനൊരാളുടെ കണ്ണുകള്‍ വായിക്കുന്നത്. ആദ്യമായിട്ടായിരുന്നു ഞാനൊരാളെ ഏറ്റവും ഇഷ്ടത്തോടെ അനുസരിക്കുന്നത്. അവള്‍ നടന്നകലുന്നതും നോക്കി ഞാനാ മരച്ചുവട്ടില്‍ നിന്നു. ഒരു തവണ പോലും തിരിഞ്ഞു നോക്കാതെ അവളേതോ വാതിലിനപ്പുറം മറഞ്ഞു. അതിനു ശേഷം ഈ നിമിഷം വരെ ഞാനവളെ കണ്ടിട്ടില്ല.
പിറ്റേ ദിവസം ഞാന്‍ വീണ്ടും ആ വഴിയത്രയും സഞ്ചരിച്ച് ആ മരച്ചുവട്ടിലെത്തി. അവളെ കണ്ടില്ല. പിന്നീടുള്ള ആയിരത്തിയെണ്ണൂറ്റിയിരുപത്തിയഞ്ച് ദിവസത്തില്‍ ഒരിക്കല്‍ പോലും അവളാ മരച്ചുവട്ടിലേക്ക് വന്നതേയില്ല. അവള്‍ കേറിപ്പോയ വാതില്‍ കനത്ത മൗനത്താല്‍ അടഞ്ഞു തന്നെ കിടന്നു.
“അഞ്ചു വര്‍ഷം! പേര് പോലുമറിയാത്ത ഒരു പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ അഞ്ചു വര്‍ഷം ആ മരച്ചുവട്ടില്‍ കാത്തു നിന്നെന്നോ? മിത്രന്‍, നിങ്ങള്‍ തമാശ പറയുകയല്ലല്ലോ?ڈ”- പ്രൊഫസര്‍ അത്ഭുതപ്പെട്ടു.
തമാശ പറയാന്‍ വേണ്ടി മാത്രം ഞാനൊരു ഓര്‍ണിത്തോളജിസ്റ്റിന്‍റെ സമയം കവര്‍ന്നെടുക്കുകയില്ലായിരുന്നു. എന്‍റെ പ്രശ്നത്തിന് പരിഹാരം കാണാനായ് ഒരു ജ്യോത്സ്യനേയോ അല്ലെങ്കിലൊരു സൈക്യാട്രിസ്റ്റിനേയോ പോയി കാണുന്നതിന് പകരം ഒരു പക്ഷിനിരീക്ഷകനെ തിരഞ്ഞെടുത്തത് ഏറെ ആലോചിച്ചിട്ട് തന്നെയായിരുന്നു. അന്ന് ആ മരച്ചുവട്ടിലെ കാത്തിരിപ്പ് മറ്റുള്ളവരില്‍ സംശയം ജനിപ്പിക്കുമോ എന്ന് ഭയന്ന്, ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഞാന്‍ കണ്ടെത്തിയ വഴിയായിരുന്നു പക്ഷിനിരീക്ഷണം. ആ വിഷയത്തില്‍ പ്രാഥമികമായ ചില അറിവുകള്‍ ഉണ്ടെന്നല്ലാതെ ശാസ്ത്രീയമായ രീതിയില്‍ അതിനെ സമീപിക്കാന്‍ എനിക്കൊരു ഉദ്ദേശവുമില്ലായിരുന്നു.
ആളുകളെ ബോധിപ്പിക്കാനായി പക്ഷികളുടെ പോക്കുവരവുകള്‍ ഞാന്‍ വെറുതേ നിരീക്ഷിച്ചു. ചില കുറിപ്പുകളെഴുതി. പേരറിയാത്ത പക്ഷികളെ ചിത്രങ്ങളാക്കി. പതിയെ പതിയെ ഞാനാ പൊന്തയില്‍ തിരക്കിലായി. ആദ്യത്തെ ചില ആരായലുകള്‍ക്കപ്പുറം ആരും എന്നെ അധികം ശല്ല്യപ്പെടുത്തിയില്ല. അവര്‍ക്ക് ഞാന്‍ വെറുമൊരു അരവട്ടന്‍ പക്ഷിശാസ്ത്രജ്ഞന്‍ മാത്രമായി.
“പിന്നെന്തായിരുന്നു അവിടം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ കാരണം?”
അവള്‍ ഒരിക്കലും വരാന്‍ പോകുന്നില്ലെന്ന തിരിച്ചവറിവായിരുന്നില്ല അവിടം വിടാനെന്നെ പ്രേരിപ്പിച്ചത്. അവള്‍ വരില്ലെന്ന് എനിക്കുറപ്പായിരുന്നു. അതെനിക്ക് മൂന്നാമത്തെ ദിവസം തന്നെ ബോധ്യപ്പെട്ടിരുന്നു. എന്നിട്ടും ഞാന്‍ വെറുതെ പ്രതീക്ഷിച്ചു. അന്ന് അവളോടൊപ്പമുള്ള സഞ്ചാരം എന്നെ അത്രമേല്‍ ഇളക്കിമറിച്ചിരുന്നു. അവിടം വിടാന്‍ എനിക്കൊട്ടും ഇഷ്ടമില്ലായിരുന്നു. അതങ്ങനെയാണ് എന്തിനോടെങ്കിലും അടുപ്പം തോന്നിയാല്‍ അതങ്ങനെ അടുത്ത് വേണമെന്ന് തോന്നും. അല്ലെങ്കില്‍ അതിന്‍റടുത്ത് നമ്മള്‍ വേണം. തീര്‍ത്തും അശ്രദ്ധയില്‍ നിന്നുണ്ടായ ഒരു തിരുത്താനാവാത്ത തെറ്റ് എനിക്ക് സംഭവിച്ചു പോയി. അതിന് ശേഷം എനിക്കങ്ങോട്ട് പോകാന്‍ തോന്നിയില്ല. പോകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കൂടിയും.
ഒരു തുന്നാരന്‍റേയും അതിന്‍റെ ഇണയുടേയും പോക്കുവരവുകള്‍ എന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഞാനവിടുന്ന് പുറപ്പെടാനുള്ള നേരമാവുമ്പോളാണ് അവര്‍ ചേക്കയിരിക്കുക. എന്നും ഒരേ കൊമ്പിലായിരുന്നു അവര്‍ ചേക്കയിരുന്നിരുന്നത്. അവരുടെ ഒരുമിച്ചുള്ള ഇരിപ്പ് എന്‍റെയുള്ളിലെ പറയാനാവാത്ത വിഷാദത്തിന് ആക്കം കൂട്ടി. ഒരിക്കല്‍ അവര്‍ കൂടൊരുക്കാന്‍ ശ്രമം നടത്തുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇലകള്‍ തുന്നിച്ചേര്‍ത്ത ആ കൂട് ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ കണ്ടെത്തിയത്. ഒരു പക്ഷിനിരീക്ഷകന്‍റെ സാമാര്‍ത്ഥ്യമൊന്നുമില്ലാത്ത കപടവേഷക്കാരന്‍റെ അടക്കാനാവാത്ത കൗതുകത്തില്‍ ഏറെ നാളത്തെ അവരുടെ ശ്രമം തുന്ന് പൊട്ടി രണ്ടായി പിളര്‍ന്നു. അതിലുണ്ടായിരുന്ന മുട്ടകള്‍ എന്‍റെ കാല്‍ക്കീഴില്‍ വീണുടഞ്ഞു. അതില്‍ ജീവനുണ്ടായിരുന്നു. അവരുടെ ആകാശത്തെ ഞാന്‍ നഷ്ടപ്പെടുത്തി. തകര്‍ന്ന കൂടിനും ഉടഞ്ഞ മുട്ടകള്‍ക്കും മുന്നില്‍ ആ ഇണകള്‍ നടത്തിയ ഖേദപ്രകടനങ്ങള്‍ തീക്ഷ്ണമായ മുദ്രാവാക്യങ്ങള്‍ പോലെ എന്നെ പിന്തുടര്‍ന്നു. അവ ലോകത്തിന്‍റെ അറ്റത്തേക്ക് എന്നെ കൊത്തിയാട്ടി. ഞാനാ പൊന്തയില്‍ നിന്നും മരച്ചുവട്ടില്‍ നിന്നും പുറത്ത് ചാടിക്കപ്പെട്ടു. പ്രണയം നിലനില്‍ക്കാത്തവനായി ഞാന്‍ ശപിക്കപ്പെട്ടു.
എനിക്കേറെ പ്രിയ്യപ്പെട്ട ആ സ്ഥലം ഓര്‍മ്മയില്‍ നിന്നും മായ്ച്ച് കളയാന്‍ വേണ്ടി ഞാനെത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നറിയാമോ? ആ മരച്ചുവട്ടില്‍ നിന്ന് തിരസ്ക്കരിക്കപ്പെട്ട ശേഷം ബുദ്ധനെ പോലെ, അല്ല ദ്രൗണിയെ പോലെ ഞാന്‍ അലയുകയായിരുന്നു. പെട്ടൊന്നൊരു ദിവസം പാര്‍വ്വണ വന്ന് എന്നോട് നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ അമ്പരപ്പിന് ഇടം കൊടുക്കാതെ ഞാന്‍ സമ്മതിക്കുകയായിരുന്നു. ഞാനാ മരത്തെ മറന്നു. അല്ല, ഓര്‍ക്കാന്‍ ശ്രമിച്ചില്ല. പാര്‍വ്വണയില്‍ ഞാനഭയം തേടി. പക്ഷേ, കാലമിത്ര കഴിഞ്ഞിട്ടും ആ ശാപം ദൂരമൊരുപാട് താണ്ടി എന്നെ വന്ന് തൊട്ടു. പാര്‍വ്വണ അവളുടെ വഴിയിലൂടെ ഒത്തിരി ദൂരം പിന്നിട്ട് എന്നില്‍ നിന്ന് എത്രയോ അകലെയായി.
ڇഒറ്റയ്ക്കാകുമ്പോള്‍ നമുക്ക് ഓര്‍ക്കാന്‍ ഒരുപാടുണ്ടാകും മിത്രന്‍. എനിക്ക് തോന്നുന്നത് പഴയ ഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടുകയല്ല. വേട്ടയാടാന്‍ ഓര്‍മ്മകളെ നിങ്ങളനുവദിക്കുകയാണ്.ڈ
ഞാനൊന്നും മിണ്ടിയില്ല. പ്രൊഫസറുടെ മുഖത്തേക്ക് നോക്കാനും കഴിഞ്ഞില്ല. എങ്കിലും അതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി.
“നിങ്ങളുടെ സ്വപ്നത്തേക്കാള്‍ വിചിത്രമാണ് നിങ്ങളെ സംബന്ധിക്കുന്ന യാഥാര്‍ത്ഥ്യം. ഒരു പെണ്‍ക്കുട്ടിയെ കാണാന്‍ വേണ്ടി പക്ഷിനിരീക്ഷകനാവുക. ഉടഞ്ഞ മുട്ടകള്‍ക്കു വേണ്ടി ഒരായുസ്സ് മുഴുവന്‍ വേദനിക്കുക. ഇനി വേറെയെന്തെല്ലാമുണ്ട് എന്നെ അത്ഭുതപ്പെടുത്തനായ് നിങ്ങളുടെ പക്കല്‍?” – പ്രൊഫസര്‍ ചിരിച്ചു.
എന്നെ അത്ഭുതപ്പെടുത്തിയ പ്രധാന സംഗതി ആ മരം തന്നെയായിരുന്നു. നിലാവുള്ള രാത്രികളില്‍ ആ മരം നോക്കി ഞാനൊത്തിരി നേരം ആ വെളിമ്പറമ്പിലിരുന്നിട്ടുണ്ട്. ആ മരത്തിനൊരു രഹസ്യമുണ്ടായിരുന്നു. കിഴക്ക് നിന്ന് നോക്കുമ്പോള്‍ അതിന്‍റെ രൂപം മോണാലിസയുടേതായിരുന്നു. പടിഞ്ഞാറ് നിന്നത് ബുദ്ധനായി. വടക്കുനിന്ന് അത് ഒരു കരടിയെ പോലെ തോന്നും. തെക്ക് നിന്ന്, വിരല്‍ ചൂണ്ടി നില്‍ക്കുന്ന അംബേദ്കര്‍ പ്രതിമയാവും. മാറി മാറി വരുന്ന വൃക്ഷരൂപങ്ങളെ നോക്കി ഒത്തിരിവട്ടം ഞാനാ മരത്തെ വലം വെച്ചിട്ടുണ്ട്.
“അതില്‍ വലിയ അത്ഭുതമൊന്നുമില്ല മിത്രന്‍. ഏത് മരത്തിലും നമുക്കത്തരം രൂപങ്ങള്‍ കണ്ടെത്താം. ഇരുട്ട് ചുറ്റിലുമുള്ള മറ്റ് കാഴ്ച്ചകളെ അപ്രസക്തമാക്കുന്നതും നമ്മള്‍ സങ്കല്‍പ്പിച്ചെടുക്കുന്ന രൂപത്തിലേക്ക് മരത്തിനെ വെട്ടിയൊതുക്കുന്നതും കൊണ്ടാണത്. ഇലകള്‍ക്കിടയിലേക്ക് അരിച്ചെത്തുന്ന ഇരുട്ട് ഒഴിഞ്ഞ ഭാഗങ്ങളെ നിറയ്ക്കുമ്പോള്‍ ചിത്രം പൂര്‍ണ്ണമാവും.”
പ്രൊഫസര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു. അവിടം വിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ മരത്തിനെ പറ്റി ഞാന്‍ ചിലതൊക്കെ കേള്‍ക്കുന്നത്. പെട്ടൊന്നൊരു ദിവസം ആ മരം വാര്‍ത്തകളില്‍ നിറയുകയായിരുന്നു. ആ വെളിമ്പറമ്പിലൂടെ പുതുതായ് ഒരു റോഡ് വന്നിട്ടുണ്ടത്രേ. അവളോടൊപ്പം ഞാന്‍ സഞ്ചരിച്ച അതേ വഴി തന്നെയാവണം റോഡായത്. രാത്രി നേരത്ത് അതിലൂടെ വന്ന ഏതോ യാത്രികന് ആ മരത്തെ നോക്കിയപ്പോള്‍ എന്‍റെ അതേ തോന്നലുണ്ടായി. അയാളുടെ കണ്ടെത്തല്‍ മരത്തിന് ശാപമായി തീര്‍ന്നു. അയാളതില്‍ ഖേദിക്കുന്നുണ്ടാവും. ചിലപ്പോള്‍ ഇല്ലെന്നും വരാം.
ഞാന്‍ കണ്ട രീതിയിലൊന്നുമായിരുന്നില്ല ആളുകള്‍ മരത്തെ കണ്ടത്. മോണാലിസയെ അവര്‍ക്ക് ഇന്ദിരാഗാന്ധിയായിട്ടാണ് തോന്നിയത്. തല അല്‍പ്പം കുനിച്ചുള്ള നില്‍പ്പും ഇത്തിരി നീണ്ട മൂക്കുമൊക്കെ ആയിരിക്കണം മരത്തിനെ ഇന്ദിരാഗാന്ധിയിലേക്ക് രൂപപ്പെടുത്താനവരെ പ്രേരിപ്പിച്ചത്. 1977ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ളു ഇന്ദിരാഗാന്ധിയുടെ നിസ്സംഗതയുടെ ഓര്‍മ്മപ്പെടുത്തല്‍ എന്നാണ് മരത്തിന്‍റെ ആ നിശ്ചലാവസ്ഥയെ പത്രങ്ങള്‍ വിശേഷിപ്പിച്ചത്. കരടിയുടെ രൂപം കൂമനായി. ബുദ്ധന്‍ മാര്‍ക്സുമായി. ചൂണ്ടിയ വിരലുകള്‍ അതേ പോലെ തന്നെ നിന്നിരുന്നത് കൊണ്ട് അംബേദ്കറെ അതേ പോലെ തന്നെ ഉള്‍ക്കൊണ്ടു. കാഴ്ച്ചപ്പാടുകളുടെ മാറ്റമാണോ അതോ കുറേ കൂടി ഇലകള്‍ വളര്‍ന്നതാണോ എന്നതറിയില്ല മരത്തിന്‍റെ ആ രൂപമാറ്റത്തിന്.
വിചിത്രമരത്തിനെ കാണുവാന്‍ വേണ്ടി ആ വെളിമ്പറമ്പിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ടായി. മരവും അതിന് ചുവട്ടിലെ പൊന്തയും പുതിയ വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കി. ചതുര്‍മുഖമുള്ള മരം അശുഭസൂചനകളുടേതാണെന്നും അത് കാലക്കേട് കൊണ്ടുവരുമെന്നും പറയപ്പെട്ടു. ആ പറമ്പിന്‍റെ ഉടമസ്ഥര്‍ ഒരു ജ്യോത്സ്യനെ കൊണ്ടു വന്ന് പ്രശ്നം വെപ്പിച്ചു. ആ പറമ്പിന് പക്ഷികളെ കൂടാതെ വേറെയും ഉടമസ്ഥരുണ്ടെന്ന് അപ്പോളാണ് ഞാനറിഞ്ഞത്. ജ്യോത്സ്യന്‍റെ പ്രശ്നം എന്തായിരുന്നെന്നറിയില്ല. പൈശാചികഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മരം മുറിച്ചു കളയുന്നതാണ് നല്ലതെന്നയാള്‍ കല്‍പ്പിച്ചു. അങ്ങനെ ഒരു മരത്തെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാക്കാമെന്ന് അയാള്‍ വിചാരിച്ചിരിക്കണം.
“നിശ്ശബ്ദത. അതാണ് ഏറ്റവും വലിയ പാപം പ്രൊഫസര്‍. ഒരു മരത്തിനെ മുറിക്കാനായ് വിട്ടുകൊടുത്തു ഞാന്‍.” – കെട്ടി നിര്‍ത്തിയ കണ്ണീര്‍ ഞാന്‍ അദ്ദേഹത്തിന് മുന്നില്‍ ഒഴുക്കി കളഞ്ഞു.
കുറേ നേരം എന്നെ തന്നെ നോക്കിയിരുന്നതിന് ശേഷം പ്രൊഫസര്‍ എന്നോട് ചോദിച്ചു: “ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണെങ്കിലും താങ്കളന്ന് ഒരു പക്ഷിനിരീക്ഷകന്‍റെ വേഷം അണിഞ്ഞിരുന്നല്ലോ. അന്നത്തെ ആ കുറിപ്പുകള്‍ ഇപ്പോഴുമുണ്ടോ?”
ഞാനെന്‍റെ ഡയറി അദ്ദേഹത്തിന് നീട്ടി. ഞാനല്ലാതെ അതു വായിക്കുന്ന മറ്റൊരാള്‍ അദ്ദേഹം മാത്രമായിരുന്നു. അത്രകാലം കണ്‍മുന്നിലുണ്ടായിരുന്നിട്ടും, പാര്‍വ്വണ അത് വായിച്ചു നോക്കാനൊരു ശ്രമം പോലും നടത്തിയിരുന്നില്ല. പ്രൊഫസര്‍ അതില്‍ നിന്നൊരു കുറിപ്പ് ഉറക്കെ വായിച്ചു.
Wednesday March – 9
6:21 PM
ഇന്നലത്തെ പോലെ അതേ ചില്ലയില്‍ തന്നെ തുന്നാരനും ഇണയും ചേക്കയിരുന്നു. വിപരീതദിശയിലേക്ക് നോക്കിയുള്ള ഇരിപ്പ് പുലരും വരെ നീണ്ടിരിക്കണം. ഞാന്‍ നോക്കിയപ്പോള്‍ രാത്രി 10 ന് ശേഷവും അതേ ഇരിപ്പ് തന്നെയായിരുന്നു. ബലം കുറഞ്ഞ ഒരു ചില്ലയുടെ അറ്റത്ത്, ഒരു ഇലയ്ക്ക് താഴെയുള്ള ഇരിപ്പ് പെട്ടൊന്നൊന്നും ആരുടേയും ശ്രദ്ധയില്‍പ്പെടില്ല. എന്‍റെ അനക്കം കേട്ടപ്പോള്‍ അവര്‍ പൊടുന്നനെ കണ്ണുകള്‍ തുറന്നു.
Thursday March – 10
6:21 PM

അതേ ചില്ല.
ചുറ്റുപാടുകളെ നിരീക്ഷിച്ചുള്ള അതേ ഇരിപ്പ്.

6:28 ന് രണ്ടും തൊട്ടപ്പുറത്തേക്ക് പറന്നു. രണ്ട് മിനിറ്റ് പൊന്തയില്‍ ചാടി ചാടി നടന്ന ശേഷം 6:30 ന് വീണ്ടും തല്‍സ്ഥാനത്ത്.

6:36 – വീണ്ടും പറക്കുന്നു. അടുത്തു വന്ന ഒരു അണ്ണാന്‍റെ സാന്നിദ്ധ്യമാവണം അവരെ പറക്കാന്‍ പ്രേരിപ്പിച്ചത്.

6:37 തല്‍സ്ഥാനത്ത്. പതിയെ ഉറക്കത്തിലേക്ക് വീഴുന്നു.

“നിരാലംബരായ എല്ലാവരുടേയും ജീവിതം ഇങ്ങനെ തന്നെയാണ് മിത്രന്‍. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒടിച്ചു കളയുന്ന ഒരു ചില്ല പോലും മറ്റൊരാളുടെ നിദ്രയെ കവരും.” – പ്രൊഫസര്‍ ഡയറി മടക്കി.

പോകാന്‍ നേരത്ത് അലമാരയില്‍ നിന്നൊരു പുസ്തകമെടുത്ത് അദ്ദേഹം എനിക്കു നീട്ടി. മലമുഴക്കിയുടെ ചിത്രമുള്ള ആ പുസ്തകം തരുന്നതിലൂടെ അദ്ദേഹം എന്താണുദ്ദേശിച്ചതെന്ന് അപ്പോഴെനിക്ക് മനസ്സിലായിരുന്നില്ല. ഗ്രന്ഥകാരന്‍റെ പേരിനോടൊപ്പമുള്ള ചിത്രം അദ്ദേഹത്തിന്‍റേതായിരുന്നു. ആ പുസ്തകം ഒരു കാടായിരുന്നെന്ന് ഇപ്പോളെനിക്കറിയാം.

“ഇതൊന്ന് വായിച്ചു നോക്കൂ മിത്രന്‍. എന്നിട്ട് കഴിയുമെങ്കില്‍ അടുത്ത 14 ന് വരൂ. നമുക്ക് വിശദമായി സംസാരിക്കാം. ഭൂമിയില്‍ അത്ഭുതങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.”

പതിനാലാം തിയ്യതി വരെ ഞാന്‍ കാട്ടില്‍ തന്നെയായിരുന്നു. അതു വരെ കേള്‍ക്കാതിരുന്ന ശബ്ദങ്ങളിലേക്ക് ഞാനെന്നെ തുറന്നു വെച്ചു. വെട്ടിമാറ്റപ്പെട്ട മരങ്ങള്‍ ബാക്കിയിട്ട വിത്തുകള്‍ മുള പൊട്ടുക തന്നെ ചെയ്യും എന്നെനിക്ക് ബോധ്യപ്പെട്ടു. അതിന് ശേഷം രാത്രിയില്‍ ആരുമെന്നെ ആ കുന്നിലേക്ക് വലിച്ചിഴച്ചില്ല. എന്നോ മരിച്ചുപോയ മരത്തിന്‍റെ ആത്മ ശിഖരങ്ങളിലേക്ക് എന്നെ തള്ളിയിട്ടതുമില്ല. സത്യത്തില്‍ അവിടെ അങ്ങനെയൊരു കുന്നേ ഇല്ലായിരുന്നു. എന്‍റെ സ്വപ്നത്തില്‍ മാത്രമായിരുന്നു കുന്ന് ഉയര്‍ന്നുവന്നിരുന്നത്. പതിനാലിന് കാടുമെടുത്ത് ഞാന്‍ പ്രൊഫസറുടെ വീട്ടിലെത്തി. അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഒരു പൊതിയും ഒരു കത്തും എനിക്ക് തരാനായ് അദ്ദേഹം അവിടെ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു. കത്ത് ഞാനവിടെ നിന്ന് തന്നെ വായിച്ചു:

“പ്രിയ്യപ്പെട്ട മിത്രന്‍,
പെലിക്കണുകളുടെ പ്രജനനകേന്ദ്രം ഇന്ത്യയിലെവിടെയാണെന്ന് ഇപ്പോളെനിക്കറിയാം. ഞാനിപ്പോള്‍ അവിടെയാണ്. തമ്മില്‍ കാണാന്‍ കഴിയാത്തതില്‍ മാപ്പു ചോദിക്കുന്നു. പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ഞാനുടന്‍ തിരിച്ചു വരും. വന്നാല്‍ നമുക്കൊരുമിച്ചൊന്ന് കാട് കയറിയാലോ?”

ആ പൊതിയില്‍ ഒരു ബൈനോക്കുലറായിരുന്നു. ഞാനതെടുത്ത് കണ്ണുകളെ അതിലേക്കിട്ടു. ദൂരെ ദൂരെയൊരു വനഭൂമിയില്‍, ഒരായിരം പെലിക്കണുകള്‍ക്കിടയില്‍ നിന്ന് അദ്ദേഹം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. മോണോലിസയുടെ ചിരി പോലെ എന്തോ ഒന്ന് എന്‍റെ ചുണ്ടിലും വന്ന് നിറയുന്നത് ഞാനറിഞ്ഞു.

സുഭാഷ് ഒട്ടുംപുറം
കവി, കഥാകൃത്ത്.
മലപ്പുറം ജില്ലയിലെ താനൂരിലെ, ഒട്ടുംപുറം എന്ന കടലോരഗ്രാമനിവാസി.
ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു. തൊഴിൽ കൂലിപ്പണി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...