കഥ
എസ് ജെ സുജിത്
പഞ്ചായത്ത് കിണറിനരികില്‍ വീണ്ടും മൂര്‍ഖനെ കണ്ടതോടെയാണ് ഞങ്ങളഞ്ചാറ് പേര്‍ ചേര്‍ന്ന് റാവുത്തറുടെ പുരയിടം വൃത്തിയാക്കാന്‍ തീരുമാനിച്ചത്. ചേനത്തണ്ടനും മൂര്‍ഖനുമെല്ലാം കിണറിന്റെ പരിസരത്ത് പതിവായി കണ്ടു തുടങ്ങിയതോടെ വെള്ളം കോരാനെത്തുന്ന പെണ്ണുങ്ങളുടെ ആശങ്ക പരിഹരിക്കുക എന്ന ലക്ഷ്യത്തിലേക്കെത്തി. റാവുത്തറുടെ പുരയിടത്തില്‍ നിന്നാണ് പാമ്പുകള്‍ ഇറങ്ങുന്നത് എന്നാണ് ആക്ഷേപം. വര്‍ഷങ്ങളായി കാടുകയറി കിടക്കുന്ന പുരയിടത്തില്‍ മേല്‍ക്കൂര നഷ്ടപ്പെട്ട വീടിന്റെ അവശിഷ്ടങ്ങള്‍ കാണാം. ഞായറാഴ്ച പത്ത് പതിനൊന്ന് മണിയോടെ റാവുത്തറുടെ പുരയിടത്തിലേക്ക് അത്യാവശ്യം പണിയായുധങ്ങളുമായി ഞങ്ങളെത്തി. ‘നെനക്ക് ഇപ്പോഴും റാവുത്തറെ ഓര്‍മ്മയ്ണ്ടാ?’ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഒരു മൂട് അപ്പാടെ വെട്ടിയെടുത്തു കൊണ്ട് ലാലുവാണ് ആ ചോദ്യമെറിഞ്ഞത്. അപ്പാ റാവുത്തറെ ഞാനെന്നല്ല, ഇന്നാട്ടുകാരാരും തന്നെ മറക്കാന്‍ വഴിയില്ല.
അസീസിക്കായുടെ വീടിന്റെ മതിലില്‍, പൊടിഞ്ഞ ചുടുകട്ടയുടെ കഷണം കൊണ്ട് കുത്തനെ വരച്ച മൂന്ന് വരകള്‍ സ്റ്റമ്പുകളാക്കിയാണ് ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നത്. പിന്ന് കൊണ്ട് ദ്വാരമുണ്ടാക്കി പരുവം വരുത്തിയ ചെല്‍സന്റെ റബ്ബര്‍ പന്തും ലാലുവിന്റെ പ്ലാന്തടി കൊണ്ടുണ്ടാക്കിയ ബാറ്റുമായിരുന്നു കളിയായുധങ്ങള്‍. റോഡ് മൈതാനമാക്കിയുള്ള വൈകുന്നേരത്തെ കളി ബഹളത്തിനിടയിലാണ് റാവുത്തറെ ആദ്യമായി കാണുന്നത്. മുക്കില്‍ ഇറച്ചിക്കട തുടങ്ങിയെന്നും ഒരു റാവുത്തറാണ് വെട്ടുകാരനെന്നും കേട്ടിരുന്നു. മൂന്ന് റോഡുകള്‍ മുട്ടുന്ന കവലയില്‍ ട്രാന്‍സ്‌ഫോമറിന് കുറച്ചുമാറി ഒരു ചെറിയ ഓല മേഞ്ഞ ഷെഡ് കെട്ടിയുണ്ടാക്കി. അതായിരുന്നു ഇറച്ചിക്കട. രണ്ടാള്‍ വട്ടത്തില്‍ പിടിക്കാനുള്ള കനത്തിലും ഞങ്ങള്‍ പിള്ളേരുടെ നെഞ്ചോളം പൊക്കവുമുള്ള പുളിമരത്തിന്റെ തടിക്കട്ട രണ്ടെണ്ണം അതിനകത്തുണ്ടായിരുന്നു. കളിച്ചുകൊണ്ടിരിക്കെ അതുവഴി നടന്നു വന്ന റാവുത്തറെ പിള്ളേരെല്ലാം അതിശയത്തോടെയാണ് കണ്ടത്. കണങ്കാലിന് മേലെ കയറ്റി ഉടുത്ത കള്ളികളുള്ള കൈലിമുണ്ടും മുറിക്കൈയ്യന്‍ ഷര്‍ട്ടുമായിരുന്നു വേഷം. ഇടുപ്പില്‍ കെട്ടിയിരുന്ന വീതിയുള്ള അരപ്പട്ട ഷര്‍ട്ടിന്റെ മറവിലും മുഴച്ചു നിന്നു. വീതി കൂടിയ മേല്‍ച്ചുണ്ടിലെ കനം കുറഞ്ഞ മീശ സിനിമാനടന്‍ ഉമ്മറിന്റേത് പോലെയാണ് തോന്നിയത്. കഷണ്ടി കയറിയ തലയ്ക്കും താടിയൊട്ടുമില്ലാത്ത വലിയ മുഖത്തിനും ചേരുന്ന മീശയായിരുന്നില്ല റാവുത്തറിന്റേത്. കനത്ത ശരീരവും വഹിച്ചുള്ള നടത്തം കണ്ടാല്‍ സൗദി സായ്പ്പ് ചെന പിടിപ്പിക്കാന്‍ കൊണ്ടുവരാറുള്ള പോത്തിനെ ഓര്‍മ്മ വരും. അതുപോലൊരു കൂറ്റന്‍ പോത്തിനെ വേറെ കണ്ടിട്ടുണ്ടായിരുന്നില്ല. എണ്ണ തേച്ച് മിനുക്കിയ ശരീരവും വളഞ്ഞു കൂര്‍ത്ത കൊമ്പുകളുമുള്ള പോത്തിനെ ഇടംവലം കയറിട്ടു പിടിച്ചുകൊണ്ട് വരുന്നത് സായിപ്പിന്റെ രണ്ടു മക്കളാണ്. വെള്ളി കെട്ടിയ മഞ്ഞണാത്തി കമ്പുമായി സായിപ്പ് പോത്തിന് പിന്നാലെ കൂനി നടക്കും. വെളുത്ത മുണ്ടും തലേക്കെട്ടുമായുള്ള സായിപ്പിന്റെ വരവ് കണ്ടാല്‍ കന്നാലികളെ ചുറ്റിപ്പറ്റി നടക്കാറുള്ള വേലിക്കൊക്കിനെപ്പോലെയാണ് തോന്നാറുള്ളത്. റാവുത്തറെപ്പോലെ തലയെടുപ്പോടെ നടക്കുന്ന ആണുങ്ങള്‍ അന്നാട്ടിലുണ്ടായിരുന്നില്ല. സായിപ്പിന്റെ പോത്തിനെപ്പോലെ ഒറ്റയൊന്നായിരുന്നു റാവുത്തറും. കുട്ടികള്‍ക്ക് സായിപ്പിന്റെ പോത്തും റാവുത്തറും കൗതുകകാഴ്ചയായിരുന്നു.
അപ്പാ റാവുത്തര്‍ ഇന്നാട്ടില്‍ വരത്തനായിരുന്നു. മാര്‍ത്താണ്ഡത്ത് എവിടെയോ ആണ് നാടെന്നാണ് കേട്ടിട്ടുള്ളത്. ലക്ഷം വീട് കോളനിക്കടുത്ത് പഞ്ചായത്ത് കിണറിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു റാവുത്തറുടെ താമസം. വ്യാഴാഴ്ചകളില്‍ റാവുത്തര്‍ വീടും പൂട്ടിയിറങ്ങും. അടുത്തദിവസം ഉച്ചതിരിഞ്ഞ് ലോറിയില്‍ ഒരു കാളക്കുട്ടനുമായിട്ടാകും തിരികെയെത്തുക. ശനിയാഴ്ച രാവിലെ പഞ്ചായത്ത് കിണറ്റിനരികിലെ തെങ്ങില്‍ കാളക്കുട്ടനെ കെട്ടി നന്നായി തേച്ച് കുളിപ്പിക്കും. കിണറ്റിലെ വെള്ളം വറ്റുവോളം തുടരും കാളയെ കുളിപ്പിക്കുന്ന പതിവ്. റാവുത്തറുടെ ഈ സ്വഭാവം അറിയാവുന്നത് കൊണ്ട് കോളനിയിലെ പെണ്ണുങ്ങള്‍ ശനിയാഴ്ച ദിവസം വെള്ളം കോരാന്‍ വരാറുണ്ടായിരുന്നില്ല. കുളിപ്പിച്ചു കഴിഞ്ഞാല്‍ കാളയെ മാറ്റിക്കെട്ടി രണ്ടു വല്ലം കാളപ്പുല്ലും കാടിവെള്ളവും കൊടുക്കും. പിറ്റേന്ന് വെളുപ്പിന് കോളനിയിലെ പണിക്കാരെയും കൂട്ടി തോട്ട് വരമ്പിലേക്ക് കാളയേയും തെളിച്ചുള്ള യാത്രയാണ്. റാവുത്തര്‍ക്കും കാളകള്‍ക്കും പിന്നില്‍ രണ്ടു പെട്രോമാക്‌സ് ലൈറ്റുകള്‍ തെളിച്ച് കൂട്ടാളികളുമുണ്ടാകും. റേഷനരിയിട്ടു വച്ച ചോറിന്റെ ഇളം ചൂടുള്ള കഞ്ഞിവെള്ളം പണിക്കാരിലൊരാളുടെ കൈയ്യിലുണ്ടാകും. തോട്ടുവക്കിലെ വരമ്പത്ത് വലിയൊരു ടാര്‍പ്പോളിൻ വിരിച്ച് കാളയുടെ കാലുകള്‍ കൂട്ടിക്കെട്ടി മറിച്ചിടും. എത്ര വലിയ കാളയെയും നിസ്സാരമായി കൈകാര്യം ചെയ്യാനുള്ള കരുത്ത് റാവുത്തര്‍ക്കുണ്ടായിരുന്നു. കാളയുടെ കാലുകള്‍ കെട്ടി ബലപ്പിക്കുന്നതും മറിച്ചിടുന്നതുമെല്ലാം റാവുത്തര്‍ ഒറ്റയ്ക്കാണ്. പണിക്കാര്‍ കൈസഹായം തേടി ചുറ്റിനും ചുവടുകള്‍ വച്ച് നില്‍ക്കാറാണ് പതിവ്. കാളയെ വീഴ്ത്തിയാല്‍ മുറിക്കൈയ്യന്‍ ഷര്‍ട്ടും അരപ്പട്ടയും കൈലി മുണ്ടും അഴിച്ച് അവിടുള്ള തെങ്ങിന്റെ ചുവട്ടിലേക്ക് വയ്ക്കും. ശേഷം മുട്ടറ്റം എത്താത്ത തോര്‍ത്തുമുടുത്ത് കൈത്തോട്ടിലേക്കിറങ്ങി നിന്ന് വുളു ചെയ്ത് പ്രാര്‍ത്ഥിയ്ക്കും. കരയിലേക്ക് കയറിയാല്‍ കശാപ്പിനുളള ഒരുക്കമാണ്. ചെറിയ കന്നാസില്‍ കരുതിയിരിക്കുന്ന കഞ്ഞിവെള്ളം ബിസ്മി ചൊല്ലി കാളക്കുട്ടന്റെ വായിലേക്കൊഴിക്കും. പണിക്കാര്‍ ആ സമയം മൂക്കുകയര്‍ പിടിച്ച് കാളയുടെ തല അറുക്കാന്‍ തയ്യാറാക്കും. കണ്ണ് മിഴിച്ച് അനങ്ങാന്‍ കഴിയാതെ കിടക്കുന്ന കാളക്കുട്ടന്‍ വെള്ളം ഇറക്കുന്ന നിമിഷം റാവുത്തറുടെ കൈകള്‍ മിന്നായം പോലെ ചലിക്കും. അരികിലിരിക്കുന്ന കത്തിയെടുത്ത് തക്ബീര്‍ ചൊല്ലി കാളയുടെ കഴുത്തറുക്കും. കാളയുടെ അനക്കം നില്‍ക്കുന്നത് വരെ റാവുത്തറും ആ നില്‍പ്പ് തുടരും. ചാവുറപ്പിച്ചശേഷം ചാക്കില്‍ പൊതിഞ്ഞു കെട്ടിവച്ചിരിക്കുന്ന പലതരത്തിലുള്ള കത്തികള്‍ പുറത്തെടുക്കും. പണിക്കാരുടെ സഹായത്തോടെ തോലുരിച്ച് കഷണങ്ങളാക്കി ഇറച്ചി പെട്ടികളില്‍ നിറയ്ക്കും. ഇറച്ചി വേസ്റ്റുകള്‍ ചാക്കില്‍ കെട്ടി മാറ്റി വച്ച ശേഷം കാളയുടെ പുട്ക്ക് തോലുരുഞ്ഞ് വട്ടത്താമര ഇലയില്‍ പൊതിഞ്ഞ് വാഴവള്ളി കെട്ടി മാറ്റി വയ്ക്കും. വീണ്ടും തോട്ടിലേക്കിറങ്ങി ശരീരത്തില്‍ പറ്റിയ ചോര കഴുകി വൃത്തിയാക്കി കരയ്ക്ക് കയറും. കൈലിയുടുത്ത് അരപ്പട്ട കെട്ടി ഷര്‍ട്ടിട്ട് തയ്യാറാവുമ്പോഴേക്കും സൈനു പെട്ടി ഓട്ടോയുമായി സ്ഥലത്തെത്തിയിട്ടുണ്ടാകും. ഇറച്ചി നിറച്ച പെട്ടികള്‍ അടുക്കി ഓട്ടോയും റാവുത്തറും കവലയിലേക്ക് യാത്രയാകും.
കാറ്റാടിക്കഴ കുത്തിനിര്‍ത്തി ഓലമേഞ്ഞ ഷെഡിനുമുന്നില്‍ ഇരു വശത്തായി ചോരയിറ്റു വീഴുന്ന ഇറച്ചിക്കണ്ടങ്ങള്‍ തൂങ്ങിയാടും. ഇറച്ചിക്കണ്ടങ്ങളില്‍ നിന്നും ഇറ്റുവീഴുന്ന ചോരയില്‍ വലിയ തലയും ചെറിയ ഉടലുമുള്ള കടിയുറുമ്പുകള്‍ രുചി പിടിക്കാനെത്തും. റാവുത്തറുടെ ഇറച്ചിക്കടയ്ക്ക് ചുറ്റും കടിയുറുമ്പുകളുടെ നഗരമാണ്. ഷെഡിനകത്ത് പുളിമരത്തിന്റെ ഇറച്ചിക്കട്ടയ്ക്ക് പുറകില്‍ ഇരുമ്പ് കത്തിയുമായി നില്‍ക്കുന്ന റാവുത്തര്‍ക്ക് ആ സമയം ഷര്‍ട്ട് ഉണ്ടാകില്ല. ഷെഡിന് പുറത്ത് ഒരു കൈക്കാരന്‍ നോട്ട്ബുക്കും പെന്‍സിലുമായി ഇരിപ്പുണ്ടാകും. അവനാണ് ഇറച്ചിക്കാരുടെ പറ്റെഴുതുന്നത്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് തൂക്കം നോക്കി ഇറച്ചി മാറ്റിവയ്ക്കുന്ന പതിവാണ് ആദ്യം. തുണ്ടം തുണ്ടം വെട്ടിയ ഇറച്ചി പുറകിലെ തടി മേശയിലേക്ക് റാവുത്തര്‍ വാരിയിടും. സഹായത്തിന് നില്‍ക്കുന്നൊരുത്തന്‍ ത്രാസില്‍ തൂക്കം നോക്കി ചേമ്പിലയില്‍ പൊതിഞ്ഞ് ഓലക്കീറ് കൊണ്ട് പൊതി വരിഞ്ഞു കെട്ടി ചൂരല്‍ കുട്ടയിലേക്ക് വയ്ക്കും. രണ്ടിന്റേയും ഒന്നിന്റേയും പൊതികള്‍ വെവ്വേറെ നിറഞ്ഞു കഴിഞ്ഞാല്‍ നില്‍ക്കുന്നവരുടെ ഊഴമാണ്. പറ്റു ബുക്കില്‍ പേരെഴുതിക്കഴിഞ്ഞാല്‍ സഹായി ഇറച്ചി തൂക്കും. റാവുത്തര്‍ ഇറച്ചിക്കണ്ടങ്ങളില്‍ നിന്നും മാംസം അറുത്തെടുത്ത് ചെറു കഷ്ണങ്ങളാക്കി പിന്നിലേക്കിട്ടു കൊടുക്കും.
‘റാവ്ത്തരേ, ഇത്തിരി എല്ലും പീസും’.
‘റാവ്ത്തരേ, കൊറച്ച് കരളൂടെ ഇട്ടേക്കണേ’.
‘വിര്ന്നാര്ണ്ട് റാവ്ത്തരേ, നെഞ്ചെല്ല് നോക്കി വെട്ടണേ’.
പലരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ആളും തരവും നോക്കി റാവുത്തര്‍ ഓരോരുത്തര്‍ക്കും അധികം ഇട്ട് കൊടുക്കും. ഞായറാഴ്ചകളില്‍ മാത്രം ഇറച്ചി വേവുന്ന അടുക്കളകളാണ് നാട്ടിലേത്. ഉച്ചയോടടുത്ത് റോഡിലൂടെ നടന്നാല്‍ വീടുകളില്‍ നിന്നും ഇറച്ചി വേവുന്ന മണം കിട്ടും. മസാലക്കൂട്ടുകളില്‍ തിളച്ചുമറിയുന്ന ഇറച്ചിമണത്തിന് വായില്‍ കപ്പലോടിക്കാനുള്ള ശക്തിയുണ്ട്. വീടുകളില്‍ ഇറച്ചി പാകപ്പെട്ടു കഴിയുമ്പോഴായിരിക്കും റാവുത്തര്‍ ഇറച്ചിക്കടയില്‍ നിന്നും പുറപ്പെടുക. സൈനുവിന്റെ പെട്ടി ഓട്ടോയില്‍ എല്ലും വേസ്റ്റുകളും ഒപ്പം പണിക്കാരേയും കയറ്റി അയക്കും. വട്ടത്താമരയിലയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന കാളയുടെ പുട്ക്കും അരകിലോ നെഞ്ചെല്ല് വെട്ടിയ ഇറച്ചിയും തുണി സഞ്ചിയിലാക്കി ഷര്‍ട്ട് തോളത്തിട്ട് പറ്റ് ബുക്ക് ഇടംകക്ഷത്തില്‍ വച്ച് റാവുത്തര്‍ വീട്ടിലേക്ക് നടക്കും. നടക്കുന്ന വഴിയില്‍ മൂക്കിലടിക്കുന്ന ഇറച്ചി മണത്തില്‍ നിന്ന് മസാലക്കൂട്ടുകളുടെ കുറവും ഗുണവും തിരിച്ചറിയാന്‍ റാവുത്തര്‍ക്ക് പ്രത്യേക കഴിവുണ്ട്. വീട്ടിലെത്തിക്കഴിഞ്ഞാല്‍ ആദ്യം ചെയ്യുന്നത് പഞ്ചായത്ത് കിണറില്‍ നിന്നും വെള്ളം കോരി തലവഴി ഒഴിച്ചുള്ള കുളിയാണ്. രാധാസിന്റെ ഒരു സോപ്പാണ് ഞായറാഴ്ച കുളിയുടെ കണക്ക്. കുളി കഴിഞ്ഞാലും കിണറിനു ചുറ്റുമുള്ള സിമന്റ് തേച്ച തറയില്‍ സോപ്പുപത നിറഞ്ഞു കിടക്കും. മഞ്ഞളിന്റെ മണമുള്ള സോപ്പുഗന്ധം കിണറിന് ചുറ്റും പരക്കും. അരപ്പട്ടയഴിച്ച് കൈലിയും ഷര്‍ട്ടും ലങ്കോട്ടിയും അലക്കി വിരിച്ച് വീടിന്റെ തിണ്ണയില്‍ പത്ത് മിനിറ്റിരുന്ന് ക്ഷീണം മാറ്റിയ ശേഷം അടുക്കളയിലേക്ക് കയറും. പത്തിരുപത് മിനിറ്റുകള്‍ക്ക് ശേഷം വിറകടുപ്പിലെ മണ്‍ചട്ടിയില്‍ നിന്നും ഇറച്ചി മണം അവിടമാകെ പരക്കും. പഞ്ചായത്ത് കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ വരുന്ന കോളനിയിലെ പെണ്ണുങ്ങള്‍ റാവുത്തറുടെ അടുക്കളയില്‍ നിന്നും വരുന്ന ഇറച്ചിമണത്തില്‍ കൊതി പിടിക്കും. ‘റാവുത്തരേ… നിങ്ങളീ ഇറച്ചി വയ്ക്കാന്‍ ഞങ്ങളെക്കൂടി പഠിപ്പിച്ച് താ’ എന്നവര്‍ വിളിച്ചു പറയും. ‘റാവുത്തറുടെ ഇറച്ചി വേണോങ്കി വന്ന് തിന്നിട്ട് പോയ്‌ക്കോളീ. എല്ലാരും ഇത് പഠിച്ചാല്‍ റാവ്ത്തരുടെ ഇറച്ചിക്ക് കൊതി വീഴൂലല്ലോ.’ റാവുത്തരുടെ അര്‍ത്ഥം വച്ചുള്ള മറുപടിയില്‍ പെണ്ണുങ്ങള്‍ ചുണ്ട് കടിച്ച് ചിരിക്കും. വെള്ളം നിറച്ച കലം ഇടുപ്പില്‍ത്തട്ടി പോകുന്ന പെണ്ണുങ്ങളെ റാവുത്തര്‍ ജനാലയിലൂടെ എത്തി നോക്കും.
ചൊവ്വാഴ്ച അസര്‍ നമസ്‌കാരം കഴിഞ്ഞ് പള്ളി പിരിഞ്ഞിറങ്ങുമ്പോള്‍ റാവുത്തര്‍ സലീമിന്റെ കടയ്ക്ക് മുന്നിലെ ബഞ്ചിലിരിപ്പുണ്ടാകും. റാവുത്തര്‍ക്ക് കടുപ്പം കൂട്ടി വിത്തൗട്ടിലുള്ള പതിവ് ചായ നീട്ടുമ്പോള്‍ എന്നും ചോദിക്കാറുള്ള ചോദ്യം സലീം ആവര്‍ത്തിക്കും.
‘വല്ലപ്പോഴും പള്ളീല്‍ കയറി നിസ്‌കരിച്ചൂടെ റാവുത്തരേ?’
‘പള്ളീം പടച്ചോനും എന്റെ ഉള്ളിലാണ്. എന്റെ കടവും കടപ്പാടും ഞാനവിടെ തീര്‍ത്തോളാം.’
റാവുത്തര്‍ ചിരിക്കുന്നത് ആരെങ്കിലും കണ്ടാലത് അന്നേരം മാത്രമാണ്. ചായ കുടിച്ചു കഴിഞ്ഞാല്‍ പറ്റുബുക്ക് കക്ഷത്തില്‍ വച്ച് റാവുത്തര്‍ പിരിവിനിറങ്ങും. ബുക്കിനുള്ളില്‍ നിന്നും ഒരു പെന്‍സില്‍ മുന പിന്നിലേക്ക് എത്തിനോക്കുന്നുണ്ടാവും. തിങ്കളാഴ്ചത്തെ പണിക്കാശ് വീട്ടുകാര്‍ റാവുത്തര്‍ക്കായി മാറ്റി വയ്ക്കുന്നതാണ്. ഓരോ വീടുകള്‍ കയറി റാവുത്തര്‍ കാശ് കൈപ്പറ്റി പറ്റുബുക്കിലെ പേരുകള്‍ പെന്‍സിലില്‍ വെട്ടും. റാവുത്തറുടെ പറ്റ് പിരിവിനിടയില്‍ ചില വീടുകളുടെ മുന്‍വാതിലുകള്‍ പതിവായി അടയാറുണ്ടെന്ന സംസാരം പരന്നു തുടങ്ങിയത് നാട്ടിലെ പെണ്ണുങ്ങള്‍ക്കിടയില്‍ പിണക്കത്തിന് വഴിവച്ചു. ചിലര്‍ രഹസ്യമായും മറ്റു ചിലര്‍ പരസ്യമായും അടുക്കളക്കൂട്ടത്തില്‍ അക്കാര്യം വിളിച്ചു പറഞ്ഞു. എന്തുതന്നെയായാലും റാവുത്തര്‍ കയറിക്കഴിഞ്ഞാല്‍ മുന്‍വാതില്‍ അടയുന്ന വീട്ടുവാതിലുകള്‍ ദിവസേന കൂടി വന്നു. അതോടൊപ്പം റാവുത്തറുടെ പറ്റുബുക്കില്‍ പെന്‍സില്‍ വര വീഴാതെ കിടക്കുന്ന പേരുകളുടെ എണ്ണവും കൂടി.
ചൊവ്വാഴ്ചത്തെ പതിവ് പറ്റു പിരിവുമായി വീടുകള്‍ കഴിഞ്ഞ് കൊച്ചുറാണിയുടെ വീട്ടിലേക്ക് കയറുമ്പോള്‍ ചാമ്പമരത്തില്‍ കെട്ടിയിട്ടിരുന്ന നാടന്‍ ഒച്ചയില്‍ കുരച്ച് ബഹളമുണ്ടാക്കി. ശബ്ദം കേട്ട് വീടിന് പുറത്തേക്ക് വന്ന കൊച്ചുറാണി പറ്റുബുക്കും കക്ഷത്ത് വച്ച് നില്‍ക്കുന്ന റാവുത്തറെ കണ്ട് പേശയുടെ മടിത്തുമ്പെടുത്ത് നെഞ്ച് മറച്ച് ബ്ലൗസിനുള്ളിലേക്ക് തിരുകി. തടിച്ച പിന്‍ഭാഗം ഉമ്മറപ്പടിയിലൊന്നില്‍ ചാരി വാതിലടഞ്ഞു നിന്നു. ‘ഇറച്ചിക്കാശ്….’ റാവുത്തര്‍ പറ്റുബുക്ക് തുറക്കുന്നതിനിടയില്‍ ചോദിച്ചു. ‘ഇറച്ചി വാങ്ങിയത് അണ്ണനല്ലേ, കാശ് അങ്ങേര് കൊണ്ടുത്തരും.’ കൊച്ചുറാണി അനങ്ങിയില്ല. റാവുത്തറുടെ നെഞ്ചിനകത്ത് ശ്വാസം കനത്തു. കൊച്ചുറാണിയുടെ കയറ്റിയുടുത്ത കൈലിമുണ്ടിനും ബ്ലൗസിനുമിടയില്‍ വെളിവായ വയറിലേക്ക് നോക്കി അമര്‍ത്തി മൂളി റാവുത്തര്‍ മുറ്റത്ത് നിന്നുമിറങ്ങി. റാവുത്തര്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ കൊച്ചുറാണി അങ്ങനെ തന്നെ നിന്നു. റാവുത്തറെപ്പോലെ കൊച്ചുറാണിയും സുന്ദരം നാടാരും നാട്ടിലേക്ക് വന്ന് താമസിച്ചവരാണ്. മണ്ണൂര്‍ക്കോണത്തെ സരസന്‍ മുതലാളി മൂന്നര ഏക്കറോളം വരുന്ന തെങ്ങിന്‍ തോപ്പ് റബ്ബര്‍ നടാനായി തീരുമാനിച്ചപ്പോള്‍ അമരവിളയില്‍ നിന്നും വരുത്തിയതാണ് സുന്ദരം നാടാരെ. സുന്ദരം നാടാര്‍ക്കൊപ്പം കൊച്ചുറാണിയും ഇന്നാട്ടിലേക്ക് വന്നു. പത്തും പതിനഞ്ചും സെന്റിലൊക്കെ കുഴികുത്തി വച്ചിരുന്ന റബ്ബര്‍ മരങ്ങള്‍ നാട്ടിലുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് സുന്ദരം നാടാര്‍ റബ്ബര്‍ കുഴി ഒരുക്കിയത്. പണിക്കാരെ നിര്‍ത്തി കയറു കെട്ടി തിരിച്ച് നീളത്തില്‍ മണ്ണുവെട്ടി. ബുക്കിലെ ഇരട്ടവര പോലെ കൃത്യമായിരുന്നു കുഴിയുടെ അളവ്. നാട്ടുകാര്‍ കുഴിവെട്ട് കാണാന്‍ അവിടെ തിരക്ക് കൂട്ടി. റബ്ബര്‍ കുഴികളെ ‘പ്ലേറ്റുവാരം’ എന്നാണ് സുന്ദരം നാടാര്‍ പറഞ്ഞിരുന്നത്. മൂന്നര ഏക്കര്‍ വിസ്തൃതിയില്‍ ഇരട്ട വര കടലാസ് പോലെ ദിവസങ്ങള്‍ കൊണ്ട് പുരയിടത്തെ നാടാര്‍ മാറ്റിയെടുത്തു. പുരയിടം ഒരുക്കിയ ശേഷം നാടാര്‍ വെള്ളറടയില്‍ നിന്നും രണ്ടു ലോറികളിലായി റബ്ബര്‍ തൈ എത്തിച്ചു. നാടന്‍ റബ്ബറിന്റെ കുരു മുളപ്പിച്ച് നട്ടിരുന്ന നാട്ടുകാര്‍ക്ക് ഇത് മറ്റൊരു അദ്ഭുത കാഴ്ചയായി. കറുത്ത കവറില്‍ ഒരേ കനത്തിലും പൊക്കത്തിലുമുള്ള നൂറുകണക്കിന് റബ്ബര്‍ തൈകള്‍. യൂണിയന്‍കാര്‍ ശ്രദ്ധാപൂര്‍വ്വം ലോറികളില്‍ നിന്ന് തൈകള്‍ ഇറക്കി. നൂറ്റിയഞ്ചിന്റെ തൈയാണെന്നും നാടന്‍ മരത്തേക്കാള്‍ പാലൂറുമെന്നും ആറേഴ് വര്‍ഷം കൊണ്ട് വെട്ടാന്‍ പറ്റുമെന്നുമൊക്കെ അവിടെ കൂടിയവരോട് നാടാര്‍ വിശദീകരിച്ചു. ഒട്ടുപാലിന് വേണ്ടി മാത്രം റബ്ബര്‍ കുത്തിമുറിച്ചിരുന്ന ആളുകള്‍ ‘ബാക്കി വന്നാല്‍ ഒരു തൈ തരണേ’ എന്ന് രഹസ്യമായി നാടാരോട് ചോദിച്ചു. ‘ഏക്കറിന് തൈ കണക്കുണ്ട്. അതിലൊട്ടും അധികമുണ്ടാകില്ല.’ എന്നുപറഞ്ഞ് നാടാര്‍ ചോദിച്ചവരുടെ പ്രതീക്ഷകളെ ആദ്യമേ തല്ലിക്കെടുത്തി. മുളവെട്ടി നീളം കണക്കാക്കി, പ്ലേറ്റുവാരത്തില്‍ അലവ് കുത്തി സുന്ദരം നാടാര്‍ തൈകള്‍ നടാനുള്ള അടയാളം വച്ചു. പണിക്കാര്‍ അലവ് കുത്തിയ സ്ഥലത്ത് കൃത്യമായി കുഴിച്ച് തൈകള്‍ നട്ടു. ഓരോ പ്ലേറ്റുവാരവും നട്ടു തീരുമ്പോള്‍ ബാക്കിയായ കവറുകള്‍ നാടാര്‍ തന്നെ പെറുക്കി ചാക്കിലേക്ക് മാറ്റി.
ഒരാഴ്ചയെടുത്തു തൈ നട്ടു തീരാന്‍. റബ്ബര്‍ തൈക്ക് സമീപം ഈറക്കമ്പ് കുത്തി തൈ ഓരോന്നും കുരുക്കിട്ടു നിര്‍ത്തി. പച്ചയോല മെടഞ്ഞ് റബ്ബര്‍ തൈകള്‍ വെയില്‍ തട്ടാതെ പൊതിഞ്ഞു. തൈ നടീല്‍ കാണാന്‍ വന്നവരെ പ്ലേറ്റുവാരത്തില്‍ ഇറക്കാതെ നാടാര്‍ മാറ്റി നിര്‍ത്തി. സരസന്‍ മുതലാളിയുടെ പുരയിടത്തില്‍ നാട്ടിലെ ആദ്യത്തെ റബ്ബര്‍തോട്ടം സുന്ദരം നാടാര്‍ ഒരുക്കിയെടുത്തു. രാവിലെയും വൈകിട്ടും തൈകള്‍ക്ക് വെള്ളമൊഴിക്കാന്‍ പണിക്കാരെ ചട്ടം കെട്ടി. പാള കെട്ടിയുണ്ടാക്കിയ കക്കോട്ടയില്‍ വെള്ളം നിറച്ച് പണിക്കാര്‍ രണ്ടുനേരം തൈകള്‍ നനച്ചു. സുന്ദരം നാടാര്‍ ഓരോ തൈകളേയും പ്രത്യേകം ശ്രദ്ധിച്ചു. റബ്ബര്‍ തൈകളില്‍ രണ്ടാംപാത്തി ഇല പൊട്ടിയപ്പോള്‍ ഇടവപ്പാതിയും പെയ്തിറങ്ങി. വെയില്‍ മറയ്ക്കാന്‍ വച്ചിരുന്ന ഓലക്കൂടുകള്‍ മാറ്റി സുന്ദരം നാടാര്‍ പുതിയ ഇലകളെ നനഞ്ഞ വെയിലു കൊള്ളിച്ചു. സുന്ദരം നാടാരുടെ നോട്ടമിടുക്കില്‍ മൂന്നര ഏക്കറിലെ തൈകളെല്ലാം ഒന്നുപോലെ വളര്‍ന്നു. സരസന്‍ മുതലാളി സുന്ദരം നാടാരുടെ കട്ടയറുത്ത് കെട്ടിയ വീട് സിമന്റ് തേച്ചു നല്‍കി. ചാണകം മെഴുകിയ തറ പൊളിച്ച് സിമന്റിട്ട് റെഡോക്സൈഡ് അടിച്ചു. വെള്ളയടിച്ച് സുന്ദരിയായ വീട്ടിലേക്ക് റാവുത്തറുടെ കാളയിറച്ചി അര കിലോ ചേമ്പിലയില്‍ പൊതിഞ്ഞെത്തി. കൊച്ചുറാണി ചെറിയുള്ളിയിട്ട് ഇറച്ചിക്കറി കുറുക്കിയെടുത്തു. കൊച്ചുറാണിയും സുന്ദരം നാടാരും കപ്പയും ഇറച്ചിയും കഴിച്ചു. ഉച്ചയ്ക്ക് മയങ്ങാന്‍ കിടന്ന സുന്ദരം നാടാരുടെ നെഞ്ചിലേക്ക് തല കയറ്റിക്കിടന്ന് അവള്‍ കണ്ണീര്‍ നനച്ചു. ‘നമുക്ക് കിട്ടേണ്ടത് ഈശ്വരന്‍ തരും’ എന്ന് നാടാര്‍ കൊച്ചുറാണിയെ ആശ്വസിപ്പിച്ചു. ഒരു കുഞ്ഞിനെ ചുമക്കാനുള്ള ഭാഗ്യം തന്നാല്‍ വേളാങ്കണ്ണിയില്‍ ചെന്ന് മൊട്ടയടിച്ച് മുട്ടിലിഴയാമെന്ന് കൊച്ചുറാണി എല്ലാ ദിവസത്തെയും പോലെ അന്നും മനസ്സില്‍ നേര്‍ച്ചയിട്ടു. റാവുത്തറുടെ ഇറച്ചിക്കറി കഴിച്ച ശേഷമുള്ള ഉച്ചമയക്കത്തിന് മുമ്പ് കൊച്ചുറാണിയും സുന്ദരം നാടാരും കുഞ്ഞിനായുള്ള പ്രയത്‌നം തുടങ്ങി. എന്നാലത് പൂര്‍ത്തിയാകുന്നതിന് മുമ്പ് സുന്ദരം നാടാര്‍ ഒരു വലിയ നിശ്വാസത്തോടെ കട്ടിലിലേക്ക് മലര്‍ന്നു വീണു. കൊച്ചുറാണി കമിഴ്ന്ന് കിടന്ന് തലയിണയിലേക്ക് കണ്ണീരൊഴുക്കി. നാടാര്‍ ചുമരിനോട് ചേര്‍ന്ന് കിടന്ന് വിതുമ്പല്‍ കടിച്ചമര്‍ത്തി. പാതി നഗ്‌നരായ രണ്ടു രൂപങ്ങളെ നോക്കി ചുമരിലെ പല്ലി ഉറക്കെ ചിലച്ചു.
സരസന്‍ മുതലാളിയുടെ മൂന്നര ഏക്കറിന് പുറമേ സദാശിവന്‍ ഡോക്ടറുടെ രണ്ടേക്കറിലും ഗോവിന്ദന്‍ നായരുടെ അറുപത്തേഴ് സെന്റിലും സുന്ദരം നാടാര്‍ നൂറ്റിയഞ്ചിന്റെ തൈകള്‍ പിടിപ്പിച്ചു. അതിന് പുറമേ ആവശ്യക്കാര്‍ക്ക് വെള്ളറടയില്‍ നിന്നും കമ്മീഷന്‍ കുറച്ച് തൈകൾ ഇറക്കി നൽകി. തൈകള്‍ക്ക് ഇടവിളയായി മലയനും ആറുമാസക്കൊള്ളിയും നട്ടു. മരച്ചീനിക്കിഴങ്ങുകള്‍ അടങ്കലെടുക്കാന്‍ തമിഴന്‍ കച്ചവടക്കാരെ സുന്ദരം നാടാര്‍ തന്നെ ഏര്‍പ്പാടാക്കി. പത്തും പതിനഞ്ചും സെന്റുകള്‍ ഉള്ളവരും റബ്ബര്‍ കൃഷിയിലേക്ക് തിരിഞ്ഞു. സുന്ദരം നാടാരുടെ വരവിന് ശേഷം അന്നാട്ടുകാര്‍ക്ക് ഒട്ടുപാലിന്റെ മണമായി. വീടുകളുടെ മുറ്റത്തെ അശകളില്‍ റബ്ബര്‍ ഷീറ്റുകള്‍ തോരണം കെട്ടി. ഗള്‍ഫിലേക്ക് പോകാനിരുന്ന സലീമിന്റെ മകന്‍ ഉബൈദ് ചായക്കടയോട് ചേര്‍ന്ന് റബ്ബര്‍ കച്ചവടം തുടങ്ങി. ‘ഉബൈദ് റബ്ബര്‍ വ്യാപാരം’ എന്ന ബോര്‍ഡ് ജംഗ്ഷനില്‍ പ്രത്യക്ഷപ്പെട്ടു.
ഞായറാഴ്ചകളില്‍ റാവുത്തരുടെ പറ്റുബുക്കില്‍ സുന്ദരം നാടാരുടെ പേരും പതിവായി പെന്‍സിലില്‍ വരഞ്ഞു തുടങ്ങി. പറ്റു പിരിവിന് റാവുത്തര്‍ നാടാരുടെ മുറ്റത്തേക്ക് മാത്രം കയറിയില്ല. സലീമിന്റെ ചായക്കടയിലോ നേരിട്ടോ സുന്ദരം നാടാര്‍ റാവുത്തര്‍ക്ക് ഇറച്ചിക്കാശ് കൈമാറി. സരസന്‍ മുതലാളിയുടെ റബ്ബര്‍ തൈകള്‍ക്കിടാനായി പൊട്ടാഷും ഫാക്ടംപോസും എടുക്കാന്‍ സുന്ദരം നാടാര്‍ പോയതൊരു ചൊവ്വാഴ്ച ദിവസമായിരുന്നു. പള്ളി പിരിഞ്ഞ് പതിവു പോലെ സലീമിന്റെ ചായക്കടയില്‍ നിന്നും വിത്തൗട്ട് ചായയും കുടിച്ച് റാവുത്തര്‍ പിരിവിനിറങ്ങി. സുന്ദരം നാടാരുടെ വീടിന്റെ മുന്നിലെത്തിയപ്പോള്‍ കൊച്ചുറാണി ഉമ്മറപ്പടിയിലിരുന്ന് ഈരുകൊല്ലി കൊണ്ട് തല ചീകി പേനുകളെ കൊല്ലുകയായിരുന്നു. കൊച്ചുറാണി റാവുത്തറെ കണ്ടു. ‘റാവുത്തറേ, ഇറച്ചിക്കാശ് അണ്ണന്‍ വച്ചിട്ടുണ്ട്. വാങ്ങീട്ട് പോ.’ ആ ഇരിപ്പിലിരുന്ന് അവള്‍ വിളിച്ചു പറഞ്ഞു. റാവുത്തര്‍ സംശയത്തോടെ കൊച്ചുറാണിയെ നോക്കി. പിന്നെ വെട്ടുപടി കടന്ന് മുറ്റത്തേക്ക് കയറി. മുട്ടിന് മുകളിലേക്ക് കയറ്റി വച്ചിരുന്ന കൈലിമുണ്ടിന് താഴെ വെളുത്ത കണങ്കാലുകളിലേക്കാണ് റാവുത്തറുടെ നോട്ടമെത്തിയത്. ആ നോട്ടത്തെ അവഗണിച്ചുകൊണ്ട് കൊച്ചുറാണി എഴുന്നേറ്റു.
‘അകത്തേക്കിരിക്ക് റാവുത്തറേ, വെള്ളം കുടിച്ചിട്ട് പോകാം’ അവള്‍ റാവുത്തറെ അകത്തേക്ക് ക്ഷണിച്ചു. കൊച്ചുറാണിക്ക് പിന്നാലെ റാവുത്തറും വീടിനകത്തേക്ക് കയറി. കൊച്ചുറാണി നല്‍കിയ ചായയ്ക്ക് കടുപ്പം കുറവും എന്നാല്‍ നല്ല മധുരവുമുണ്ടായിരുന്നു. ‘ഞാന്‍ പഞ്ചാര ഇടാറില്ല.’ റാവുത്തര്‍ ഒരിറക്ക് ചായ കുടിച്ച ശേഷം പറഞ്ഞു. ‘വല്ലപ്പോഴും ഒരു ഗ്ലാസൊക്കെയാകാം റാവുത്തറേ’ കൊച്ചുറാണി ചിരിച്ചു. റാവുത്തറെ ഒന്ന് നോക്കിയ ശേഷം അവള്‍ മുന്‍വാതില്‍ അടച്ചു. കൊച്ചുറാണി റാവുത്തറുടെ ശരീരത്തില്‍ നിന്ന് കണ്ണെടുക്കാതെ മുറിയിലേക്ക് കയറി. ചായഗ്ലാസ് ജനല്‍പടിയില്‍ വച്ച് റാവുത്തര്‍ കൊച്ചുറാണിക്ക് പിന്നാലെ അകത്തേക്ക് കയറി. റാവുത്തര്‍ അവളുടെ അടുത്തേക്ക് ചേര്‍ന്ന് നിന്നു. ‘കാളയുടെ പുട്ക്ക് കഴിക്കുന്നത് കൊണ്ടാണോ റാവുത്തര്‍ക്ക് ഇത്ര മുറ്റ്.’ അവള്‍ റാവുത്തറുടെ മുഖത്തേക്ക് നോക്കി. റാവുത്തര്‍ ചിരിച്ചു. അത്യപൂര്‍വ്വമായ ചിരി. ‘പെണ്ണുങ്ങള്‍ പറഞ്ഞ് കേട്ടതാണ്.’ കൊച്ചുറാണിയുടെ കണ്ണുകള്‍ വിടര്‍ന്നു. ‘എനിക്കും പുട്ക്ക് കഴിക്കാനൊരാഗ്രഹം റാവ്ത്തറേ’ കൊച്ചുറാണിയുടെ ശബ്ദത്തില്‍ വിറയലുണ്ടായി. അഴിഞ്ഞുകിടന്ന മുടി വാരിചുറ്റി അവള്‍ തട്ടുവടിയിലേക്ക് ഇരുന്നു. റാവുത്തര്‍ കൊച്ചുറാണിയോട് ഒന്നുകൂടി ചേര്‍ന്ന് നിന്നു. തലയിണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന പീച്ചാം കത്തി കൊച്ചുറാണി പരതിയെടുത്തു. ഒരു നിലവിളിയോടെയാണ് റാവുത്തര്‍ സുന്ദരം നാടാരുടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയത്. കൊച്ചുറാണി ഇടം കൈയില്‍ ചോരനനവോടെ പുട്ക്ക് മുറുകെ പിടിച്ചു.
ആഴ്ചകളോളം റാവുത്തര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പായിരുന്നു എന്നു കേട്ടു. അതില്‍പ്പിന്നെ റാവുത്തറെപ്പറ്റി നാട്ടുകാര്‍ക്ക് യാതൊരു വിവരവും ഉണ്ടായില്ല. കുറച്ചു നാള്‍ കൂടി അടുക്കളക്കഥകളില്‍ റാവുത്തര്‍ നിറഞ്ഞു നിന്നു. കൊച്ചുറാണിയ്ക്ക് അടുത്ത മാസം വയറ്റിലായി. അതേപ്പറ്റി പല കഥകളും നാട്ടുകാര്‍ പറഞ്ഞു നടന്നു. റാവുത്തറുടെ പുട്ക്ക് വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്തത് സുന്ദരം നാടാരെക്കൊണ്ട് തീറ്റിച്ച ശേഷമാണ് വയറ്റിലായത് എന്നും, അതല്ല ഗര്‍ഭം റാവുത്തറുടേതാണ് എന്നുമായിരുന്നു അതില്‍ പ്രധാനം. എന്തായാലും പത്താം മാസം കൊച്ചുറാണി അഴകുള്ള ഒരു പെണ്‍കുട്ടിയെ പെറ്റിട്ടു. കുഞ്ഞ് വളര്‍ന്ന് തുടങ്ങിയപ്പോള്‍ സുന്ദരം നാടാരും കൊച്ചുറാണിയും അവിടുള്ളതൊക്കെ വിറ്റുപെറുക്കി അമരവിളയ്ക്ക് മടങ്ങി. ആളുകളുടെ ഓര്‍മ്മകളില്‍ കാടും പടപ്പും കയറി കൊച്ചുറാണിയും റാവുത്തറും മറഞ്ഞുകിടന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റാവുത്തര്‍ മടങ്ങിവന്നില്ല. ആളനക്കമില്ലാതെ കിടന്ന റാവുത്തറുടെ വീടിന്റെ മേല്‍ക്കൂര ഒരു മഴയില്‍ നിലംപൊത്തി. കാടുകയറിത്തുടങ്ങിയ പുരയിടത്തില്‍ പാമ്പും പെഴുച്ചാഴിയും സ്ഥിരവാസമാക്കി. മണിക്കൂറുകളുടെ പരിശ്രമത്തില്‍ കാടും പടപ്പും വെട്ടി പുരയിടം വൃത്തിയാക്കി. അസ്ഥിപഞ്ജരമായ വീടിന്റെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു. ചുമരുകള്‍ മുക്കാലും ഇടിഞ്ഞു തുടങ്ങിയിരുന്നു. അവിടവിടെയായി കൂന കൂട്ടിയ ചവറുകള്‍ക്ക് മേലെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. തീയിലേക്ക് ചവറുകള്‍ കുത്തിയിടുന്നതിനിടയില്‍ വീടിന്റെ മുറ്റത്തു നിന്നും തുരുമ്പ് കയറി നിവര്‍ത്താന്‍ കഴിയാത്ത ഒരു പീച്ചാം കത്തി ലാലു കണ്ടെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
നന്നായിട്ടുണ്ട്