ഒരു വിചിത്ര ഗ്രാമം

0
220

(കഥ)

ഷാഹുല്‍ഹമീദ് കെ.ടി.

”ഇപ്പോഴെന്നെ വിശ്വാസമായില്ലേ.? ഞാൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞില്ലേ.? ” വൃദ്ധൻ ചോദിച്ചു.

”ങും. ” മുച്ചുണ്ടുള്ള പോലീസുകാരൻ മൂളി.

”ഇനിയെന്നെ കേസിൽനിന്ന് രക്ഷപ്പെടുത്തില്ലേ.? ”

”ങും.”

”എന്നാലിനി നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങാം, അല്ലേ ” വൃദ്ധൻ തല ചൊറിഞ്ഞു.

”ഈ മുട്ട…! ആ പെണ്ണിനെ കണ്ടപ്പോ ഞാൻ….!എനിക്ക് പിടിച്ചുനില്‍ക്കാനായില്ല,അവ ളാണെങ്കിലൊ…! ഈ മുട്ട എന്നേയും അപരാധിയാക്കില്ലേ….? ” മുച്ചുണ്ടൻ പോലീസ് മീശപിരിച്ചു.

”ഈ ഗ്രാമത്തിലെ ആരുംകാണാത്ത ഒരിടത്തിത് നശിപ്പിച്ച്, നിങ്ങളെ ഞാൻ രക്ഷ പ്പെടുത്താം.” വൃദ്ധനൊപ്പം മുച്ചുണ്ടൻപോലീസ് മലകയറാൻ തുടങ്ങി.

”എന്‍റെ കാര്യം മറക്കില്ലല്ലോ..? ആ കേസിൽനിന്നെന്നെ….” വൃദ്ധൻ വീണ്ടും ചോദിച്ചു.

”അത് ഞാനേറ്റന്നേ…”

ചിത്രീകരണം: മിഥുന്‍ കെ.കെ.

അവർ ഗ്രാമാതിർത്തിയിലെ മലമുകളിലെത്തി. കരിമ്പനകൾ ഇരുളിൽ കരിരൂപങ്ങ ളായി വിറച്ചു. പനമ്പട്ടകൾ ആടിയുലഞ്ഞ് വിജനതയിൽ ചൂളംവിളിച്ചു. പനംതേങ്ങ കൾ ഇടക്കിടക്ക് താഴേക്ക് വീണുകൊണ്ടിരിക്കുന്നു. ഊളന്മാരുടെ കണ്ണുകൾ പനംക്കൂ ട്ടങ്ങള്‍ക്കുള്ളിൽ മിന്നിമറഞ്ഞു. പോലീസുകാരനെന്തൊ ആലോചിച്ച് പിറകെ നടന്നു.
മലഞ്ചെരിവിലെ കുഴികൾക്കരികിലെത്തി, അവർ. പോലീസുകാരന്‍റെ സഞ്ചിയിൽ നിന്നെടുത്ത വലിയമുട്ട വൃദ്ധൻ കുഴിയിലേക്കു വെച്ചു. ഉരുണ്ട ചെറുപാറ ഉരുട്ടി ഉരുട്ടി വൃദ്ധൻ കുഴിക്കരികിലേക്കെത്തുമ്പോൾ പനമ്പട്ടകളിൽചേക്കേറിയിരുന്ന തത്ത കൾ കൂട്ടത്തോടെ ചിലച്ച് ചിറകടിച്ചുയർന്നു. നിലാവിൽ തത്തകളുടെ ഇരുണ്ടനി ഴലുകൾ ചുറ്റും ഇളകിക്കളിക്കുന്നതവർ തലയുയർത്തി നോക്കി. പോലീസുകാരൻ കിതച്ചു.

“നിര്‍ത്ത്. നിങ്ങളന്ന് പറഞ്ഞത് ഞാനിപ്പോഴോര്‍ക്കുന്നു….! ഈ മുട്ട പൊട്ടിയാല്‍ എന്‍റെ ജീവൻ…! എന്നെ കൊല്ലാനാണല്ലേ നീക്കം..?” മുച്ചുണ്ടൻ പോലീസ് വൃദ്ധനരികി ലിരുന്ന് കാറിയഒച്ചയിൽ ചോദിച്ചു.

“ഏമാനേ,ഞാനത് മറന്നുപോയല്ലോ…! എങ്കിലിത് നമ്മുടെ നാട്ടിലേക്ക് കൊണ്ടു പോവാം. തെളിവിനായി ഹാജരാക്കുകയും ചെയ്യാം…”

”ങും. എന്നാലത് സഞ്ചിയിലിട്… ”

വൃദ്ധനതെടുത്ത് സഞ്ചിയിലിട്ടപ്പോഴേക്കും തത്തകളുടെ ചിലപ്പുകളവസാനിക്കുകയും, ശാന്തരായി പനമ്പട്ടകളിലേക്ക് ചേക്കേറാൻ തുടങ്ങുകയും ചെയ്തു. അവർ പനകൾ ക്കിടയിലൂടെ മലയിറങ്ങാൻ തുടങ്ങി. പുലരാന്‍നേരം തടാകക്കരയിലെ വട്ടവഞ്ചിക്ക രികിലെത്തി, അവർ.

************************************************************************

അന്ന്, ഗ്രാമത്തിലെങ്ങും ഉയർന്ന മുറുമുറുപ്പുകൾ ശിശുവിന്‍റെ മരണത്തെ ചൊല്ലി യാണ് .നാട്ടുകൂട്ടം അരയാൽ ചുവട്ടിലൊത്തുകൂടി അതേക്കുറിച്ച് തർക്കിച്ചു.ഉലയുന്ന ആൽമരവേരുകൾക്കിടയിൽനിന്ന് അവരെല്ലമൊരു തീരുമാനത്തിലെത്തി; പോലീസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുക.തടാകക്കരയിലാണ് ശിശു മരിച്ചുകിടന്നത്.മത്സ്യംപി ടിക്കാൻ പോയവരാണ് പരുന്തുകളുടെ കൂട്ടക്കരച്ചിൽ കേട്ട് പുൽക്കൂട്ടങ്ങൾക്കിടയി ലേക്ക് വട്ടവഞ്ചി തുഴഞ്ഞ്, അതാദ്യം കാണുന്നത്.
ശിശു കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടതാണെന്ന് പോലീസുകാർ കണ്ടെത്തി. മരണസ്ഥ ലം പരിശോധിക്കുന്നതിനിടയിൽ പുൽക്കൂട്ടത്തിനുള്ളിൽനിന്ന് അവർക്കൊരു ചെരുപ്പു കിട്ടി. അത് ആണിന്‍റെ ചെരിപ്പായിരുന്നു. ഗ്രാമത്തിലെ ഗർഭിണികളുടെ വീടുകളി ല്ലാം പോലീസുകാർ കയറിയിറങ്ങി. ചെരുപ്പിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം അവ രെ ഒരാളിൽ എത്തിച്ചു.അയാളുടെ ഭാര്യ മരിച്ചുപോയിരുന്നു.രണ്ടു പെൺകുട്ടികൾ മുതിർന്നവരും മാനസികവിഭ്രാന്തിയുള്ളവരുമായിരുന്നു. പെൺകുട്ടികൾ ചോദ്യങ്ങൾ ക്കൊന്നും മറുപടി പറഞ്ഞതുമില്ല.
പോലീസിന്‍റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടയിൽ, രാത്രിയിൽ, വൃദ്ധനെ തടാ കക്കരയിലെ പുൽക്കൂട്ടത്തിനുള്ളിൽ മുക്കുവർ കണ്ടു. അയാൾ സഞ്ചിയുമായി പുല്ലു കൾക്കിടയിലൂടെ ഓടിപ്പോവുകയായിരുന്നുവെന്നും അവർ സ്റ്റേഷനിൽ അറിയി ച്ചു. മുക്കുവരോട് ചോദിച്ച് അയാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി.രൂപ സാദൃശ്യമുള്ള വൃദ്ധനെ തേടി പോലീസുകാർ ഗ്രാമത്തിലൂടെ അലഞ്ഞു.
ഒടുവിൽ, ഒരാളുടെ വീട്ടിൽ അവർ എത്തി. ആ വൃദ്ധനപ്പോൾ തോട്ടത്തിലെന്തോ കുഴിച്ചിടുകയായിരുന്നു. പോലീസുകാരെ കണ്ട് മൺപുരണ്ട കൈകളുമായി വീട്ടുമു റ്റത്തേക്ക് ഓടിയെത്തി. ”കുറച്ച് നാടൻമധുരക്കിഴങ്ങ് വെള്ളി കിട്ടി, അത് കുഴിച്ചി ടുകയായിരുന്നു.” പോലീസുകാർ അയാളെ ചോദ്യംചെയ്യുമ്പോൾ മുച്ചുണ്ടുള്ള പോ ലീസുകാരൻ തൊടിയിലേക്ക് നോക്കി. കുഴിച്ചിട്ട സ്ഥാനത്ത് ഒരു വള്ളിപോലും ഉയ ർന്നുനിൽപ്പുണ്ടായിരുന്നില്ല. മരച്ചോട്ടിൽ ഒറ്റചെരുപ്പ്കിടക്കുന്നതും കണ്ടു.തിണ്ടത്തിരി ക്കുന്ന വൃദ്ധന്‍റെ ചെരുപ്പ് പുതിയതാണെന്ന് മുച്ചുണ്ടൻപോലീസ് മനസ്സിലാക്കി.
അന്നു രാത്രി തന്നെ മുച്ചുണ്ടൻപോലീസ് ആ വീട്ടിലെത്തി. മതിൽ ചാടിക്കടന്ന് തോട്ടത്തിലെ മണ്ണുകൂന തട്ടിമാറ്റി പതിയെ കുഴിച്ചു. ഒരു സഞ്ചി മണ്ണിനടിയിൽനിന്നു കിട്ടി. അതിൽ നിറയെ മുട്ടത്തോടുകളായിരുന്നു.തോടുകൾക്കുള്ളിലെല്ലാം ചോര കട്ടപി ടിച്ചു കിടപ്പുണ്ടായിരുന്നു. മരച്ചോട്ടിലെ ഒറ്റചെരുപ്പുമെടുത്ത് മുച്ചുണ്ടൻപോലീസ്, സ്റ്റേഷനിൽ എത്തി. കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥനെ ബോധിപ്പിച്ചു. തെളിവുകളോ രോന്നും കാണിച്ചു.

അതിരാവിലെ വൃദ്ധനെ തേടി പോലീസുകാർ വീട്ടിലെത്തി. അയാളെ വണ്ടി യിൽ കയറ്റികൊണ്ടുപോയി. തടാകക്കരയിലെ പോലീസ് സ്റ്റേഷനിൽ, രാവോളം ചോ ദ്യം ചെയ്യപ്പെട്ട വൃദ്ധൻ കുറ്റം നിഷേധിച്ചു. പല ചോദ്യങ്ങൾക്കും മൂകനായി. രാത്രി, ചിമ്മിനിവിളക്ക് മാത്രം പ്രകാശംചൊരിയുന്ന ഇരുട്ടുമുറിയിലേക്കയാൾ തള്ളപ്പെട്ടു. വൃദ്ധന്‍റെ അലർച്ചകൾ തുടരെത്തുടരെ തടാകത്തിലെ ഓളങ്ങളെ വന്നു തൊട്ടു. പാതി രയായപ്പോൾ അയാൾ അവശനായി നിലത്തുവീണു. ” എല്ലാ സത്യങ്ങളും ഞാൻ പു ലർകാലത്ത് പറയാം.എനിക്കിനി ഒന്നിനും ആവതില്ല…..” അയാൾ ഇരുട്ടറക്കുള്ളിൽ ചുരുണ്ടുകിടന്നു.

പുലർകാലത്ത് വൃദ്ധൻ പോലീസുകാർക്കൊപ്പം തടാകത്തിലേക്ക് നടന്നു.ജലപ്പരപ്പിൽ വിളക്കുകൾ പ്രകാശിക്കുന്നുണ്ടായിരുന്നു. ഓളങ്ങൾക്കൊപ്പം വട്ടവഞ്ചികളുലയുമ്പോൾ പ്രകാശങ്ങളും ഉലഞ്ഞു. വൃദ്ധൻ വെള്ളത്തിലേക്കിറങ്ങി കുളിച്ചു. ശരീരത്തിലെ ചോര ക്കറകൾ വേദനയോടെ കഴുകിക്കളഞ്ഞു. വട്ടവഞ്ചിയിലെ മുക്കുവർ ചൂണ്ടകൾ വലി ച്ചുയർത്തുന്ന ശബ്ദങ്ങളും മീനുകളുടെപിടപ്പുകളും കേട്ട് മുച്ചുണ്ടൻപോലീസ് ഇട ക്കിടക്ക് തടാകത്തിലേക്ക് നോക്കി.

ഈറനിറ്റുന്ന മുടിയുമായി വൃദ്ധൻ പോലീസുകാർക്കൊപ്പം സ്റ്റേഷനിലേക്ക് മട ങ്ങി. പോലീസ് സ്റ്റേഷന്‍റെ തിണ്ടത്തിരുന്ന് തണുത്തകാറ്റിലേക്ക് കാലുകളുയർത്തി. പോ ലീസുകാരോട് അരികിലിരിക്കാൻ പറഞ്ഞു. വൃദ്ധൻ സംഭവിച്ചതെന്താണെന്നു പറയു മ്പോൾ തടാകപ്പരിപ്പിലേക്ക് വിരൽചൂണ്ടി. വൃദ്ധന്‍റെ വാക്കുകളിലൂടെ, ഒരു വട്ടവഞ്ചി കോട്ടക്കൂട്ടവും കടന്ന് ഓളപ്പരപ്പിലൂടെ കിഴക്കൻദിക്കിലേക്ക് നീങ്ങുന്നതപ്പോൾ മുച്ചു ണ്ടൻപോലീസ് കണ്ടു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

ആ വഞ്ചിയിൽ രണ്ടു കറുത്തതടിയന്മാരും വൃദ്ധനുമുണ്ടായിരുന്നു. തടിയന്മാർ ഇരട്ടകൾ ആയിരുന്നു. അവരുടെ ദേഹത്ത് കറുത്തരോമങ്ങൾ ഇടതിങ്ങി വളർന്നിരു ന്നു.മണ്ണുകുഴിക്കാനുള്ള പലതരം ആയുധങ്ങൾ ചാക്കുകളിലായി വട്ടവഞ്ചിയിൽ കിട പ്പുണ്ടായിരുന്നു. മഴ വരുന്നുണ്ടോയെന്ന് ഇടക്കിടക്ക് തലയുയർത്തി നോക്കി, തടിയ ന്മാർ ആഞ്ഞു തുഴഞ്ഞു. വൃദ്ധൻ തണുപ്പിൽ കോറിപ്പിടിച്ചിരുന്നു.
തുഴഞ്ഞുകുഴങ്ങുമ്പോൾ അവർ തടാകതീരത്തെ മരച്ചുവട്ടിലേക്ക് വഞ്ചിഅടുപ്പി ക്കും. ചാക്കുകളിലെ ഭക്ഷണമെടുത്ത് പങ്കിട്ടു കഴിക്കും. ചിലപ്പോഴെല്ലാം വൃദ്ധനും തുഴയാൻ സഹായിക്കും. നിറയെ ചീങ്കണ്ണികളുള്ള ഭാഗങ്ങൾ തടിയന്മാർക്ക് അറിയാ മായിരുന്നു. അവിടെയെത്തുമ്പോഴെല്ലാം പങ്കായം പതിയെ വീശിത്തുഴയും. ചാടിവ ന്ന രണ്ടുചീങ്കണ്ണികളെ തടിയന്മാർ കമ്പിപ്പാരകൊണ്ട് കുത്തിക്കൊന്നു. അവയുടെ ചോര വെള്ളത്തെ ചുമപ്പുനിറമാകുന്നത് വൃദ്ധൻ നോക്കി. രാത്രിയോടെ അവർ ഒരു ഗ്രാമത്തിലെത്തി. അങ്ങിങ്ങായി ധാരാളം ചെറുമലകൾ ഉണ്ടായിരുന്നു,അവിടെ. ചാക്കുകളുമായി നടന്ന്, കവലയിലെത്തിയപ്പോൾ ഒരു യുവ തി കുതിരവണ്ടിയുമായി കാത്തുനിൽപ്പുണ്ടായിരുന്നു. യുവതിയുടെ പ്രത്യേകഭാഷയി ലുള്ള സംസാരത്തിനോടെല്ലാം തടിയന്മാർ മറുപടി പറഞ്ഞു. ചാക്കുകളുമായി കുതി രവണ്ടിയിൽ കയറി. മലഞ്ചെരുവിലെ ഉരുണ്ടപാറകളേയും കരിമ്പനക്കൂട്ടങ്ങളേയും നോക്കി വൃദ്ധൻ വണ്ടിയുടെ പിറകിൽ കാൽതൂക്കി ഇരുന്നു.

” ആ പെണ്ണ് ഗ്രാമത്തിലെ ജന്മിയുടെ ഭാര്യയായിരുന്നു. അവരുടെ അധീനതയിലുള്ള മലകളിൽനിന്ന് സ്വർണ്ണം കുഴിച്ചെടുക്കാനായിരുന്നു തടിയന്മാരെ കൊണ്ടുവന്നത്.”
“കിഴവാ,നിന്നെയെന്തിനാണ് അവരുടെ കൂടെക്കൂട്ടിയത്.?” തടിയൻപോലീസുകാരൻ ചോദിച്ചു.

“തടിയന്മാർക്ക് തിന്നാനുള്ളത് പാകംചെയ്യുകയായിരുന്നു എന്‍റെ പണി. അവിടു ത്തുകാരുടെ ഭക്ഷണം നമ്മുടേതുപോലെയായിരുന്നില്ല.” വൃദ്ധൻ ചിരിച്ചു “ഭക്ഷണം മാത്രമല്ല, ജീവിതരീതികളെല്ലാം ഞെട്ടിക്കുന്നതായിരുന്നു…!”

നേരംപുലരുമ്പോഴാണ് മലഞ്ചെരിവിലാണ് തങ്ങളുടെ കുടിലെന്ന് വൃദ്ധൻ അറി യുന്നത്. വീട്ടിൽ ഭക്ഷണംപാകംചെയ്യാനുള്ള പാത്രങ്ങളും പലചരക്കുകളും പച്ചക്കറി കളും ഉണ്ടായിരുന്നു. അടുക്കളഭാഗത്ത് ചുള്ളിവിറകുകൾ അടുക്കിവെച്ചിരുന്നു.രാവി ലെ തടിയന്മാർ പണിക്കുപോകുമ്പോഴേക്കും വൃദ്ധൻ പ്രാതൽതയ്യാറാക്കും. ഉച്ചഭക്ഷ ണവുമായി വെയിൽചൂടാവുംമുമ്പ് വൃദ്ധൻ മലകയറും. ഇരുൾവീഴുംമുമ്പ് തടിയ ന്മാർ മലയിറങ്ങി വരും. കുഴിച്ചുകിട്ടിയ സ്വർണ്ണച്ചീളുകൾ കൊണ്ടുപോവാൻ യുവ തിയും അടിയാളന്മാരുമപ്പോഴേക്കും കുടിലിൽ എത്തിയിരിക്കും. തടിയന്മാർ തടാക ത്തിൽ കുളിച്ചുവരുമ്പോഴേക്കും വൃദ്ധൻ അത്താഴം വിളമ്പിവെക്കും.

“ശവമഞ്ചവുമായി ആളുകൾ തടാകക്കരയിലേക്കുപോവുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുള്ളതാണ്. കുറേ സമയംകഴിയുമ്പോൾ ശവമഞ്ചത്തിൽ കിടന്നിരുന്ന ആൾ ചോരയിറ്റുന്ന കാലുമായി ആളുകൾക്കൊപ്പം നടന്നുപോവുന്നതും കാണാം.”

“മരിച്ചയാൾ വീണ്ടും…!” കറുമ്പൻപോലീസിന്‍റെ കണ്ണുകളുരുണ്ടു.

“ഒരുദിവസം ഞാനത് നേരിൽ കണ്ടു. മരിച്ചയാളിന്‍റെ കാൽ തടാകത്തിലേക്ക് നീട്ടി വെച്ച് എല്ലാവരും കുറ്റിപ്പൊന്തകൾക്കുള്ളിൽ ഒളിയും. ചീങ്കണ്ണിയുടെ കടിയേൽക്കു ന്നതോടെ മരിച്ചയാൾക്ക് ജീവൻ തിരിച്ചുകിട്ടും. മറ്റുള്ളവർ ഓടിച്ചെന്ന് ചീങ്കണ്ണിയെ അടിച്ചു കൊല്ലും.മരിച്ചയാളുമായി ഗ്രാമത്തിലേക്കു മടങ്ങും. ജീവൻതിരിച്ചുകിട്ടാത്ത വരാണെങ്കിൽ ശവത്തെ ചീങ്കണ്ണിക്ക് തിന്നാനും കൊടുക്കും.”

“വിചിത്രം…! ഇതേത് ഗ്രാമമാണ്..?” മുച്ചുണ്ടൻപോലീസ് ചോദിച്ചു.

“ഓരോ കഥകൾ വിളമ്പി നേരം കളയല്ലെ, കിഴവാ. ഈ ഗ്രാമവും നീ ചെയ്ത കൊലയും തമ്മിലെന്ത് ബന്ധമാണെന്ന് പറഞ്ഞ് തൊലക്ക്.” തടിയൻപോലീസ് ചുരു ട്ടിന് തീകൊളുത്തി.

“പറയാം, ഏമാനേ…” വൃദ്ധൻ പറഞ്ഞു.

പാത്രങ്ങൾ തടാകക്കരയിൽ കൊണ്ടുപോയി കഴുകുമ്പോഴാണ് വൃദ്ധൻ പെണ്ണിനെ കാണുന്നത്.അവൾ കുളിക്കുകയായിരുന്നു. വൃദ്ധൻ കുറ്റിപ്പൊന്തകൾക്കുള്ളിൽ മറഞ്ഞ് നോക്കി.മുലകൾ പപ്പായകൾപോലെയായിരുന്നു. കണങ്കാലുകളിൽ കറുത്തചുരുൾമുടി ടികൾ. ചുണ്ടുകൾ മലർന്നു തടിച്ചത്. നിതംബവിടവുകളിൽനിന്ന് ചുവന്നമുടി തെറിച്ചു നിൽക്കുന്നു. ജാതിക്കയുടെ മണമായിരുന്നു മേനിക്ക്. ഒളിഞ്ഞുനോക്കുന്നതവൾ കണ്ടു. ചിരിയോടെ ശരീരഭാഗങ്ങളെല്ലാം കാണിച്ചുകൊടുത്ത് അവൾ മാടിവിളിച്ചു. വൃദ്ധൻ ഭയത്തോടെ പാത്രങ്ങളുമെടുത്ത് ഓടി.

“വിവാഹം കഴിക്കാൻ പോകുന്ന ആണുങ്ങളെ അങ്ങനെയൊക്കെ ചെയ്യുമോ..?”
എലുമ്പൻപോലീസ് ഉച്ചത്തിൽ ചിരിച്ചപ്പോഴാണ് പെണ്ണിന്‍റെ ആകാരവടിവില്‍നിന്ന് മുച്ചുണ്ടൻപോലീസ് പുറത്തു കടക്കുന്നത്. മുറ്റത്തേക്കിറങ്ങി, വൃദ്ധൻ പറയുന്നത് മുച്ചുണ്ടൻപോലീസ് വീണ്ടും ശ്രദ്ധിച്ചു.

“ആണുങ്ങളെ അങ്ങനെയല്ലെ ചെയ്യാ, എന്നാലിനി കുഞ്ഞുങ്ങളെ ചെയ്യുന്നത് കേട്ടോളൂ. ചിലപ്പോഴെല്ലാം കരിമ്പനക്കുമുകളിൽനിന്ന് കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാം.നോക്കുമ്പോൾ ഇരുണ്ടരൂപങ്ങൾ പട്ടകൾക്കിടയിൽ തിളങ്ങുന്നതും കാ ണാം. തടിയന്മാരോട് ഞാനക്കാര്യം ചോദിച്ചു.”

“എന്നിട്ട്….?” കറുമ്പൻപോലീസ് തലചൊറിഞ്ഞു

“കുഞ്ഞ് ജനിച്ച് ഒരാഴ്ചക്കുള്ളിൽ അച്ഛനും കുഞ്ഞും കരിമ്പനക്കുമുകളിൽ കയ റും. ഒരുദിവസം മുഴുവൻ കുഞ്ഞിന് പനംകള്ളും കൊടുത്ത് അവിടെ കഴിയും.കു ഞ്ഞു മരിച്ചില്ലെങ്കിൽ പിന്നെയതിന് ഒരു മാറാരോഗവും വരില്ലെത്രെ…!”

ചുരുട്ട് മേശപ്പുറത്തേക്കിട്ട് ഓടിവന്ന തടിയൻപോലീസ്, വൃദ്ധന്‍റെ കഴുത്തിൽ ക ടന്നു പിടിച്ചു. സ്റ്റേഷനിലേക്ക് വലിച്ചുകയറ്റി. പോലീസുകാരെല്ലാം ചാടിയെഴുന്നേറ്റു.

“എടാ…കള്ളക്കഴുവേറീ, മതി നിന്‍റെ കഥപറച്ചിൽ.ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളും പറഞ്ഞ് സമയംമെനക്കെടുത്തുന്നോ, നാറി..”വൃദ്ധൻ കുതറിമാറി.തിണ്ടത്തേക്കു വീണു. മുറ്റത്തേക്കുരുണ്ടു.പോലീസുകാർ വൃദ്ധനെ വളഞ്ഞു.

“തെറ്റുകാരനല്ലെന്ന് എനിക്ക് തെളിയിക്കണം. ഒരൊറ്റ കാര്യംകൂടി പറഞ്ഞോട്ടെ, ഏമാനേ…” വൃദ്ധൻ നിലത്തിരുന്നു.ചുറ്റുംകൂടിയ പോലീസുകാരുടെ മുഖങ്ങളിലേക്ക് തലയുയർത്തി. നെറ്റിയിലെ ചോരതുടച്ചു. “തടാകക്കരയിൽവെച്ച് അന്നു ഞാൻ കണ്ട പെണ്ണ്, ഒരു ദിവസമെന്നെ വീട്ടിലേക്ക് വിളിച്ചു.ആ സമയം അവിടെ ആരുമുണ്ടായി രുന്നില്ല. ചുമരിന്‍റെ മൺചൂരിനൊപ്പം അവളെന്നെ അണച്ചുപിടിച്ച് മൺതറയിൽ കിട ത്തി. വേണ്ടതെല്ലാം മതിവരുവോളം തന്നു.”

പോലീസുകാർ വൃദ്ധനു ചുറ്റുമിരുന്നു. തടാകവിദൂരതയിൽ ഉദിച്ചുയരുന്ന സൂ ര്യനെ തടിയൻപോലീസ് നോക്കി.വൃദ്ധൻ ചുമച്ചുചുമച്ച് ചോരതുപ്പി. “രണ്ടുദിവസം കഴിഞ്ഞ് തടാകക്കരയിൽ പാത്രങ്ങൾ കഴുകുന്നതിനിടയിൽ അവളെനിക്കരികിലെത്തി. ഒരു സഞ്ചിതന്ന്, എന്തോപറഞ്ഞ്, കുറ്റിപ്പൊന്തകൾക്കുള്ളിലൂടെ ചിരിച്ചുകൊ ണ്ടോടി.സഞ്ചിക്കുള്ളിലേക്ക് ഞാൻ നോക്കി. അതൊരു വലിയ മുട്ടയായിരുന്നു.”

“മുട്ടയോ…?” കഷണ്ടിപ്പോലീസ് കണ്ണിറുക്കി.

” ഞാനത് കുടിലിൽകൊണ്ടുപോയി ഒളിപ്പിച്ചുവെച്ചു. പിറ്റേന്ന്, സ്വർണ്ണച്ചീളുകൾ കൊണ്ടുപോവാൻ യുവതിയും അടിയാളന്മാരുമെത്തിയപ്പോൾ കുതിരവണ്ടിയിൽ അതുപോലൊരു മുട്ട വലിയചെമ്പുപാത്രത്തിൽ ഇരിക്കുന്നത് കണ്ടു. തടിയന്മാർ മുട്ടയെചൂണ്ടി ചിരിയോടെയെന്തോ വണ്ടിക്കാരനോട് പറയുന്നതും കേട്ടു. കുതിരവ ണ്ടി പോയപ്പോൾ അതേപറ്റി ഞാനവരോടു ചോദിച്ചു. അപ്പോൾ…!”

“എന്തേ…?” മുച്ചുണ്ടൻപോലീസ് വാപൊളിച്ചു.

“കുതിരക്കാരന്‍റെ ഭാര്യ ഇട്ട മുട്ടയാണെത്രെ അത്. ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം മുട്ടയിടുന്നവരാണെത്രെ. മുട്ട പൊട്ടിയാൽ ആ നിമിഷം ഭർത്താക്കന്മാർ മരിക്കുമെന്നും തടിയന്മാർ പറഞ്ഞു.”

ചിത്രീകരണം: മിഥുന്‍ കെ.കെ.

” മുട്ട. മണ്ണാങ്കട്ട…”പോലീസുകാർക്കിടയിൽനിന്ന് തടിയൻപോലീസ് വൃദ്ധനെ പൊക്കി യെടുത്തു. സ്റ്റേഷനിലേക്കുള്ള തിണ്ടുകളിലൂടെ വലിച്ചുകയറ്റി. തടാകം നീലജലത്തിളക്ക ത്തോടെ ആടിയുലഞ്ഞു. പോലീസുകാരെല്ലാം വൃദ്ധനു പിറകെ സ്റ്റേഷനിലേക്ക് ഓടി ക്കയറി.വൃദ്ധനെ തടിയൻപോലീസ് ലോക്കപ്പിലേക്ക് തള്ളി. ഇരുമ്പഴികൾ അടക്കുന്ന തിനിടയിൽ വൃദ്ധൻ അഴികളിൽ ബലമായി പിടിച്ചു. ” കുഞ്ഞു മരിച്ച സ്ഥലത്ത് നിന്ന് കിട്ടിയ മുട്ടത്തോടുകൾ നിങ്ങളിവിടെ തൊണ്ടിമുതലാക്കി വെച്ചിട്ടില്ലേ..? ഇല്ലേന്ന്…? ” തടിയൻപോലീസ് മൂലയിലെ സഞ്ചിയിലേക്ക് മുഖംതിരിച്ചു.അയാളുടെ കൈകൾ അ ഴികളിൽനിന്ന് കുഴഞ്ഞുവീണു. തടാകത്തിൽനിന്ന് ദേശാടനപക്ഷികളുടെ കൂവൽ ഉച്ച ത്തിലുയർന്നു. വൃദ്ധൻ ലോക്കപ്പിൽനിന്ന് പുറത്തിറങ്ങി. പോലീസുകാർക്കിടയിലേക്ക് നടന്നെത്തി. തടാകത്തിന്‍റെ നീലനിറം സൂര്യവെളിച്ചത്തിനൊപ്പം സ്റ്റേഷനിനകത്തും നിറഞ്ഞു.

“ചന്ദ്രോത്സവത്തിനായി തടിയന്മാർ നാട്ടിലേക്ക് മടങ്ങുമ്പോൾ അവരെ കാണിക്കാതെ മുട്ട ഞാൻ നാട്ടിലെത്തിച്ചു. പേരമക്കളും മക്കളുമറിയാതെ വീടിന്‍റെ അട്ടത്ത് സൂക്ഷി ച്ചു. മുട്ടയിൽനിന്ന് ഇളക്കങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ആധിയായി. ഒരു ദിവസം രാത്രി ഞാനതുമായി തടാകക്കരയിലെ പുൽക്കൂട്ടത്തിനുള്ളിലേക്ക് പോ യി. മുട്ട പൊട്ടി പുറത്തേക്കുവന്ന കുഞ്ഞിനെ ഞാൻ…..”

“ഇതെല്ലാം സത്യമാണോടാ…? ഇങ്ങനെയൊരു ഗ്രാമമുണ്ടോടാ…?” തടിയൻ പോലീ സ് മീശപിരിച്ചു.

“സത്യം. ഈ നാട്ടിലെ ഒരു ജീവനേയും ഞാൻ കൊന്നിട്ടില്ല. അതുകൊണ്ട് ഞാന്‍ കുറ്റവാളിയുമല്ല,ഏമാനേ.എന്‍റെ കൂടെ വന്നാൽ ആ ഗ്രാമം കാണിച്ചു തരാം. ഞാൻ തെറ്റുകാരനല്ലെന്ന് ഒന്നുകൂടിതെളിയിക്കാം.”

തടിയൻപോലീസ് മറ്റു പോലീസുകാരെയെല്ലാം നോക്കി ചുരുട്ടിനു തീകൊളു ത്തി, പുകയൂതിവിട്ട്, ചോദിച്ചു. “ആരാണ് ഇയാൾക്കൊപ്പം ആ ഗ്രാമത്തിലേക്ക് പോവുക..?” പോലീസുകാർ തലകുനിച്ചു. ചിലർ ജനലഴിയിലൂടെ തടാകത്തിലേക്ക് നോക്കി.

“ഒന്നുരണ്ടാഴ്ച അവിടെ തങ്ങേണ്ടി വരും.ആരാണ് പോവുക.? വേഗം പറ” പോലീസുകാരെല്ലാം നിശ്ശബ്ദരായി.തടിയൻപോലീസ് ജനലഴികളിൽപിടിച്ച് തടാകത്തി ലൂടെ പോകുന്ന വട്ടവഞ്ചികളെ നോക്കി. “ഞാൻ പോവാം ഏമാനെ..” മറുപടി കേട്ട് തടിയൻപോലീസും പോലീസുകാരും പിറകിലേക്കു തിരിഞ്ഞു. അത് മുച്ചുണ്ടൻപോ ലീസായിരുന്നു. പോലീസുകാർക്കിടയിലൂടെ അയാൾ തടിയൻപോലീസിനരികിലേക്ക് നടന്നുവന്നു. അന്നുതന്നെ, മുച്ചുണ്ടൻപോലീസ് വൃദ്ധനുമായി വട്ടവഞ്ചിയിൽ തടാകത്തിലൂടെ ആ ഗ്രാമത്തിലേക്ക് യാത്രയായി…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here