ഉപ്പങ്കലയിലെ ഒരു രാത്രി

0
355

കഥ

രണ്‍ജു

ദുര്‍ഗംചെരുവിനടുത്ത് വണ്ടി അരികിലൊതുക്കി ഇരുട്ടില്‍ പരസ്പരം കാണാനാകാതെ പുകയൂതി വിട്ട് നില്‍ക്കുമ്പോള്‍ പെട്ടെന്നെന്തോ ഓര്‍ത്തിട്ട് അഭിലാഷ് പറഞ്ഞു: “ഒരു കാര്യമുണ്ട്. പറയാന്‍ വിട്ടുപോയതാ… നിനക്കത് ചെയ്യാന്‍ പറ്റുമോന്നറിയണം.”

ദൂരെ ലേസര്‍ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന തൂക്കുപാലം കാണാം. അഭിലാഷ് പറഞ്ഞതില്‍ ശ്രദ്ധ കൊടുക്കാതെ, തെല്ല് കൌതുകത്തോടെ ഞാന്‍ അതും നോക്കി നിന്നു. രാത്രി ഏറെയായിട്ടും അവിടം വിട്ടുപോവാന്‍ മടിച്ച് തത്തിക്കളിച്ചു നില്‍ക്കുന്ന കാമുകീകാമുകന്മാരിലൂടെ കാഴ്ച തെന്നിമാറി. മദ്യപിച്ച് ലക്കുകെട്ടതിനുശേഷം, മഴ പൊടിയാനും കാറ്റ് വീശാനും തുടങ്ങിയ രാത്രിയിലേക്ക് സാഹസികമായി ഡ്രൈവ് ചെയ്തു പോയതായിരുന്നു ഞങ്ങള്‍. കാമ്പസില്‍ ഒരുമിച്ചുണ്ടായിരുന്ന നാളുകള്‍ക്കു ശേഷം വാട്ട്സ് ആപ്പിലൂടെയൊക്കെ കൂട്ടുണ്ടായിരുന്നെങ്കിലും “നീയെവിടാ താമസിക്കുന്നേ? ലൊക്കേഷനയക്ക്, ഞാനങ്ങോട്ട് വരുന്നുണ്ട്,” എന്ന് അഭിലാഷ് മെസേജ് അയച്ചപ്പോള്‍ അത്ഭുതമാണാദ്യം തോന്നിയത്. ഒരു കെയ്സ് ബിയറുമായി എന്‍റെ ഏകാന്തവാസത്തിലേക്ക് അവന്‍ കയറി വന്നപ്പോള്‍ വല്ലാത്ത ആഹ്ലാദവും.

മദ്യപിച്ചിരിക്കുന്നതിനിടയിലാണ് സാഹസികമായിട്ടാണെങ്കിലും എന്തെങ്കിലും ചെയ്ത് നാല് കാശുണ്ടാക്കണമെന്ന്‍ ഞാനവനോട് സൂചിപ്പിച്ചത്. അവനാകട്ടെ പെണ്ണ് കൂട്ടിക്കൊടുത്തും കേസൊതുക്കാനും രഹസ്യ പണമിടപാടുകള്‍ക്ക് ഇടനിലക്കാരനായുമൊക്കെ നിന്ന് പോലീസിലും രാഷ്ട്രീയത്തിലുമൊക്കെ നല്ല പിടിപാടാണ്. അങ്ങനെയൊക്കെയാണ് അവനെന്നോട് പറഞ്ഞിട്ടുള്ളത്. അതിലെത്ര സത്യമുണ്ടെന്നറിയില്ല. എങ്കിലും ഇക്കാര്യത്തില്‍ എനിക്കവനെ എന്തുകൊണ്ടോ വിശ്വാസമാണ്. എന്നിട്ടും കാര്യമറിഞ്ഞപ്പോള്‍ ആദ്യമൊന്ന്‍ മടിച്ചു.

“എഡേയ്, തുണിയില്ലാതെ ഡാന്‍സ് കളിക്കാന്‍ പറ്റുന്ന ഒന്നുരണ്ട് പെണ്ണുങ്ങളെ സംഘടിപ്പിക്കണം.”

അതാണ് അവനാവശ്യപ്പെട്ടത്. കൂട്ടിക്കൊടുക്കാനോ കൂടെക്കിടക്കാനോ അല്ല. കിഴക്കന്‍ ഗോദാവരിയിലെ ഒരു ഗ്രാമത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ജാത്ര ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന നഗ്നനൃത്തത്തിനായാണ് പെണ്ണുങ്ങളെ കൊണ്ടുപോകേണ്ടത്. കൂട്ടത്തില്‍ പണച്ചാക്കായ ഒരു ജന്മിയുടെ വീട്ടിലെ സ്വകാര്യപാര്‍ട്ടിയിലും ആടേണ്ടി വരും. അതിനു വേറെ പണം കിട്ടും.

സാഹസികമായ പണിയാണ്. അഡ്വാന്‍സായി പറഞ്ഞ തുക കേട്ടപ്പോള്‍ കണ്ണു തള്ളിപ്പോയി. അപ്പോള്‍ തന്നെ ഞാന്‍ സമ്മതം മൂളി. അതിനുശേഷമാണ് അതേപ്പറ്റി ഗൗരവപൂര്‍വ്വം ആലോചിച്ചത്.

ഇപ്രാവശ്യം നഗരത്തിലെന്ന പോലെ ഒരു പബ് ഡാന്‍സ് തീമിലാണ് കാര്യങ്ങളെല്ലാം ഒരുക്കാനുദ്ദേശിക്കുന്നതെന്നാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാജറെഡ്ഡി സാര്‍ അഭിലാഷിനോട് ഫോണില്‍ പറഞ്ഞത്. അയാളുടെ ഭാവനയില്‍ വിരിഞ്ഞതാണത്രെ. അവിടത്തെ എസ്.എച്ച്.ഒ. എന്നതിനേക്കാളുപരി നാട്ടുപ്രമാണി കൂടിയാണയാള്‍.

“പബ്ബിലെപ്പോലെ കളിച്ചാ മതി. പക്ഷെങ്കി മണിമണിയായി ഇംഗ്ലീഷ് പറയണോറ്റങ്ങളെ വേണം. പറ്റ്വോ സംഘടിപ്പിക്കാന്‍?” അഭിലാഷ് എന്നോട് ആവര്‍ത്തിച്ച് ചോദിച്ചു.

ഞാനൊന്നമ്പരന്നു. പിന്നെ സമ്മതിച്ചു: “നോക്കാം…”

“വേഗം വേണം. അധികം ദിവസമില്ല. നിനക്കിത്തിരി ചുറ്റിക്കളിയൊക്കെയുള്ളതല്ലേ…”

അവനത് മുനവെച്ച് പറഞ്ഞതാണ്. ഒന്നുരണ്ട് കാമ്പസ് പ്രണയങ്ങളുണ്ടായിപ്പോയതിന്‍റെ ആണ്‍ചൊരുക്കാണ്.

“ഡാന്‍സ് കളിക്കാന്‍ തന്നല്ലേ? അളിയാ ചതിക്കരുത്…”

“രണ്ടായാലും നിയമം വിട്ട കളിയാ… പോലീസേമാനാ കൂടെയുള്ളത്. പേടിക്കുന്നതെന്തിന്? പിന്നെ ഇതൊക്കെ പതിവാ. നീ അതൊന്നും നോക്കണ്ട. പൂത്ത കാശുകിട്ടണ പണിയാ ഓര്‍ത്തോ…”

പണത്തിന്‍റെ കാര്യമോര്‍ത്തു മാത്രമാണ് സമ്മതിച്ചത്. പദ്മജയോടൊന്ന് പറഞ്ഞുനോക്കിയാലോന്ന് ആലോചിച്ചു.

പഴയ സൗഹൃദമാണ്. അവള്‍ക്ക് മദ്യപിക്കണമെന്ന് തോന്നുമ്പോഴൊക്കെ ആരും കാണാതെ ഞാനാണ് ലിംഗമ്പള്ളിയില്‍ പോയി മദ്യകുപ്പിയും സോഡയും മുറുക്കും പുഴുങ്ങിയ മുട്ടയുമൊക്കെ വാങ്ങിക്കൊണ്ട് വരാറുള്ളത്. ഒരിക്കല്‍ പീക്കോക്ക് ലേക്കിനടുത്തുള്ള പാറക്കെട്ടിനു മുകളില്‍ മുട്ടിയുരുമ്മിയിരുന്ന് മദ്യപിച്ചിട്ടുമുണ്ട്. ഡേറ്റിംഗ് ആപ്പ് വഴി ഹൈടെക് സിറ്റിയിലെ സുന്ദരന്മാരെ കണ്ടെത്തി രമിക്കാന്‍ പോവുന്ന രഹസ്യമൊക്കെ അവള്‍ എന്നോട് പങ്കുവെച്ചിട്ടുണ്ട്. അതിന്‍റെ ധൈര്യത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

“ഇവിടത്തെ ആണുങ്ങളെ നിനക്കറിയില്ല ബാവഗാരൂ… ഡാന്‍സ് കളിക്കാന്‍ ഫിഗര്‍ വേണം ഫിഗര്‍. ഐ ആം റ്റോട്ലി എ മിസ്ഫിറ്റ്!”

അതല്ലേല്‍ ഒരു കൈ നോക്കാമായിരുന്നു എന്ന മട്ടില്‍ അവള്‍ ഒഴിഞ്ഞുമാറി. ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് അവള്‍ “ഒരുത്തിയുണ്ട്,” എന്നോര്‍ത്തു പറഞ്ഞത്.

“പണത്തിന് ആവശ്യമുള്ളവളാ… കണ്ടാല്‍ സിനിമാനടി തമന്നയെപ്പോലിരിക്കും. പക്ഷെ…”

“എന്താ പക്ഷെ?”

പദ്മജക്കൊരു ഫുള്ളും കല്യാണി ബിരിയാണിയും വാങ്ങിക്കൊടുക്കേണ്ടി വന്നു. എന്നിട്ടാണൊന്നു സമ്മതം മൂളിയത്. അതിന്‍റെ കെട്ടടങ്ങിയിട്ടേ അവള്‍ വണ്ടിയെടുത്തുള്ളൂ. ഞാന്‍ പുറകില്‍ കയറി. ഗേയ്റ്റും കടന്ന്, പാറക്കൂട്ടങ്ങളും ഇല്ലിക്കാടുകളും പിന്നിട്ട് സ്കൂട്ടര്‍ നീങ്ങി. രെയ്തുബസാറില്‍ നിന്നും ഉള്ളിലേക്ക് തിരിഞ്ഞുപോയൊരു കോളനിക്കുള്ളിലെ ഒറ്റമുറി വീടിനു മുന്നിലെത്തി അതുനിന്നു.

“റോസ്…”

പദ്മജ അകത്തേക്ക് നീട്ടിവിളിച്ചപ്പോള്‍ നീണ്ടുമെലിഞ്ഞ് പൊക്കത്തില്‍ വെളുവെളുത്തൊരു പെണ്ണ് ഇറങ്ങിവന്നു. വടിവൊത്ത ശരീരം. ചുവപ്പും പച്ചയും നീലയും കലര്‍ന്ന കോട്ടന്‍ ചുരിദാറാണ് അവള്‍ ധരിച്ചിരുന്നത്.

“ഇതാണ് റോസ്…”

പരിചയപ്പെടുത്തിയിട്ട്, കൊള്ളാമോ എന്ന മട്ടില്‍ പദ്മജ എന്നെയൊന്ന് നോക്കി. ഞാന്‍ തലകുലുക്കി.

റോസും അമ്മയും തനിച്ചാണ് അവിടെ താമസിച്ചിരുന്നത്. അമ്മയേതോ മാറാരോഗത്തിനുള്ള ചികിത്സയിലാണ്. അതിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണവൾ. റോസിനെ പിന്നെ കണ്ടപ്പോള്‍ അവള്‍ക്കൊപ്പം അല്‍പ്പം തടിച്ച് വെളുത്തുകൊഴുത്ത് കണ്ണട വെച്ചൊരു പെണ്ണുമുണ്ടായിരുന്നു. അവളുടെ എണ്ണക്കറുപ്പുള്ള ചുരുണ്ടമുടി കണ്ടപ്പോഴെ എനിക്കൊരു മലയാളി മണമടിച്ചു.

“അന്നയ്യാ…,” റോസ് എന്നെ വിളിച്ചു.

ഞാന്‍ കൂളിംഗ് ഗ്ലാസ് താഴ്ത്തി അവളെയൊന്ന് ചൂഴ്ന്നുനോക്കി. “അന്നയ്യാ ഇവളെന്‍റെ ഫ്രണ്ടാ… ജാനകി. എന്‍റൊപ്പം റിസര്‍ച്ച് ചെയ്യാ. ഇവള്‍ക്കും വരാന്‍ താത്പര്യമുണ്ട്…” അവള്‍ ജാനകിയെ മുന്നിലേക്ക് പിടിച്ചുനിര്‍ത്തി.

“യു നോ… ദിസ് ഈസ് ഫോര്‍ മൈ ഫുള്‍ ബ്രൈറ്റ് പ്രോജക്റ്റ്- മാസ്കുലിനിറ്റി ആന്‍റ് ഡിസയര്‍. അടുത്ത സെമസ്റ്ററില്‍ പോണം. അതിനു മുമ്പ് ഈ ഫീല്‍ഡ് വര്‍ക്ക് തീര്‍ക്കണം,” ജാനകി ഒറ്റശ്വാസത്തില്‍ പറഞ്ഞു.

“വേറൊരു സാറിനോട് കൂടി ചോദിക്കണം. എന്നാലേ പറ്റൂ…” അതുകേട്ട് ജാനകിയുടെ മുഖം വാടി. അഭിലാഷിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍, “വരാന്‍ പറ, നോക്കാം,” എന്ന മറുപടി കിട്ടി.

അവന്‍റെ പുതിയ എസ്.യു.വി.യിലാണ് പെണ്ണുങ്ങളെ കൊണ്ടുവരാന്‍ ഞങ്ങള്‍ യാത്രയായത്. പാന്‍ മുറുക്കിച്ചുവപ്പിച്ച്, കണ്ണെഴുതി അവനൊരു തനി പിമ്പിനെപ്പോലെ ഡ്രൈവര്‍ സീറ്റില്‍ ഞെളിഞ്ഞിരുന്ന്‍, അല്ലു അര്‍ജ്ജുനിന്‍റെ ‘പുഷ്പ’ സിനിമയിലെ ‘സാമീ സാമീ’ പാട്ടു വെച്ച് താളംപിടിച്ചുകൊണ്ടിരുന്നു. “ഇതാണ് ഇപ്രാവശ്യത്തെ ഹിറ്റ് പാട്ട്. ഇതിട്ടാ നമ്മടെ പെണ്ണുങ്ങടെ ഡാന്‍സ്!”

നായകനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാനായി നടുവൊടിഞ്ഞു നൃത്തം വെയ്ക്കുന്ന നഗ്നരായ പെണ്ണുങ്ങളെ ഞാന്‍ മനസ്സില്‍ നിനച്ചുനോക്കി. പണ്ടെങ്ങോ കണ്ട ഏതോ അശ്ലീലസിനിമയിലെ അര്‍ദ്ധനഗ്നരായ നടിമാരുടെ ശരീരം മാത്രമാണ് മനസ്സില്‍ തെളിഞ്ഞത്. ഉപ്പങ്കലയെ കുറിച്ചും അവിടെ നടക്കാറുള്ള ജാത്രയെ പറ്റിയും ഞാന്‍ ചിലരോടൊക്കെ അന്വേഷിച്ചിരുന്നു. തെലങ്കാനയിലെ അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ ആഘോഷിക്കുന്നതു പോലല്ല കിഴക്കന്‍ ഗോദാവരിയില്‍ കൊണ്ടാടപ്പെടുന്ന ജാത്ര. അതിന് അധികം പഴക്കമൊന്നുമില്ല. മാത്രവുമല്ല, പോപ്പുലര്‍ കള്‍ചറും സിനിമയും റിക്കാര്‍ഡ് ഡാന്‍സുമാണ് അതിന്‍റെ രീതികള്‍. തികച്ചും കച്ചവടവത്കരിക്കപ്പെട്ട ആണ്‍വിനോദമേള!

ഗ്രാമാതിര്‍ത്തി കടന്ന് പൊടിപാറുന്ന നാട്ടുവഴിയിലേക്ക് ഞങ്ങളുടെ വണ്ടി കടന്നു. വളവുകളും കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് പാറക്കെട്ടുകള്‍ അട്ടിയിട്ട പോലെ കൂര്‍ത്തയൊരു കുന്നിനു മുന്നില്‍ വണ്ടി കിതച്ചു നിന്നു.

പാറക്കെട്ടുകള്‍ക്ക് പുറകില്‍ മനുഷ്യര്‍ പാര്‍ക്കുന്ന വീടുകളുണ്ടെന്ന് പുറത്തു നിന്നും നോക്കുന്ന ആര്‍ക്കും തോന്നുകയില്ല. പൊന്തക്കാടുകള്‍ക്കും പാറകള്‍ക്കുമിടയില്‍ നിന്നൊരു പെണ്ണിറങ്ങി വന്നു. ശരീരമാകെ കറുത്തനിറമുള്ള ബുര്‍ഖ കൊണ്ട് മൂടിപ്പുതച്ചിരുന്നു. അവളുടെ കണ്ണുകളിലെ വശ്യതയിലേക്ക് ഒരുവട്ടം നോക്കിയതും എന്‍റെ ഹൃദയത്തിലിരുന്നാരോ ഹാര്‍മോണിയപ്പെട്ടി തുറന്ന് പാടുവാന്‍ തുടങ്ങി.

“മല്ലികേ, നീ പുറകില്‍ കേറിക്കോ…”

അഭിലാഷ് അവളെ നോക്കി വിളിച്ചുപറഞ്ഞു.

ഒളികണ്ണിട്ട് ഇടയ്ക്കിടെ മുന്നിലേക്ക് പാളി നോക്കിക്കൊണ്ട് അവളിരുന്നു. വണ്ടിയ്ക്കുള്ളില്‍ മാന്യമായൊരു നിശ്ശബ്ദത പരന്നു. ഒരു പെണ്ണിരിക്കുമ്പോള്‍ ഞങ്ങളാണുങ്ങള്‍ വായില്‍ നിന്നും അശ്ലീലം പുറത്തു ചാടാതെ അടക്കിവെച്ചുകൊണ്ട് എത്രനേരമങ്ങനെ ഇരിക്കുമെന്ന് കണക്കു കൂട്ടിനോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മിണ്ടാതെ നല്ല കുട്ടികളായി ഞങ്ങളിരുന്നു.

വണ്ടി പിന്നെയും ഏതൊക്കെയോ ഊടുവഴികളിലൂടെ കടന്നുപോയി. ഒരു ദര്‍ഗയും അംബേദ്കര്‍ പ്രതിമയും പിന്നിട്ട് കല്ലുംചെളിയും കെട്ടിക്കിടന്ന നിരത്തും കടന്ന് കോളാമ്പി സ്പീക്കര്‍ കെട്ടിവെച്ചൊരു മുസ്ലിം പള്ളി കഴിഞ്ഞുള്ള കോളനിക്കരികിലെത്തി. ഇനിയൊരടി മുന്നോട്ട് പോവാനില്ലെന്ന ഭാവേന വണ്ടി ചിണുങ്ങി. ഒറ്റയാനായി തലയുയര്‍ത്തിപ്പിടിച്ച് നിന്നൊരു പനയ്ക്കു കീഴില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ കാത്തുനിന്നു. പൊന്തക്കാടുകള്‍ താണ്ടി എവിടെ നിന്നോ ചുരിദാറിട്ട രണ്ട് പെണ്ണുങ്ങള്‍ വണ്ടിയില്‍ വന്നുകയറി.

“നൂര്‍ജഹാനും ഹസീനയും. ഒരു കണക്ക് വെച്ചോ… തിരിച്ചു വരുമ്പോ ഇതേ പോലെ കൊണ്ടുവരാനുള്ളതാ…”

കപടഗൗരവം മുഖത്ത് വരുത്തി അഭിലാഷ് എന്നെയൊന്ന് നോക്കി.

“നിന്നെ കൂടെക്കൂട്ടിയതെന്തിനാന്നറിയോ?” അവന്‍ ചോദിച്ചു. ഞാന്‍ അറിയില്ലെന്ന് തലയാട്ടി.

“നമ്മ ആണുങ്ങള് വേണ്ടെടാ ഈ പെണ്ണുങ്ങളെ മേയ്ക്കാന്‍!”

തെലുഗുവിലൊരു തെറികൂട്ടിപ്പറഞ്ഞവന്‍ അട്ടഹസിച്ച് ചിരിച്ചു. ഞാനതും കേട്ട് ഒന്നും മനസ്സിലാവാത്ത പോലിരുന്നു.

സുദര്‍ശന്‍ നഗര്‍ ഡിപ്പോയ്ക്കടുത്തുള്ള ബസ്സ്റ്റോപ്പിലാണ് റോസും ജാനകിയും നില്‍ക്കാമെന്നു പറഞ്ഞത്. “പറഞ്ഞില്ലാരുന്നോ അവള്‍ക്കൊപ്പം വേറൊരുത്തിയും കാണും… എന്തോ റിസര്‍ച്ചോ മറ്റോ ആണ്…”

അഭിലാഷിനോട് സൂചിപ്പിച്ചപ്പോള്‍ അവന്‍ തലകുലുക്കിയെങ്കിലും ഇത്രയും കൂട്ടിച്ചേര്‍ത്തു: “നമ്മള് പോകുന്നിടത്ത് പെണ്ണുങ്ങള്‍ക്ക് ഒരു പണിയേയുള്ളൂ… അതിനു പറ്റിയവര് മാത്രം വന്നാ മതി.”

ഇറക്കമിറങ്ങി അമ്മന്‍ കോവിലും കഴിഞ്ഞ് ചെല്ലുമ്പോള്‍ ബസ്സ്റ്റോപ്പില്‍ രണ്ടുപേരും കാത്തുനില്‍പ്പുണ്ട്.

“അതാ ഞാന്‍ പറഞ്ഞവര്…”

റോസിനെയും ജാനകിയെയും ഞാന്‍ അഭിലാഷിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.

കൊള്ളാലോടാ എന്ന മട്ടില്‍ അഭിലാഷ് എന്നെയൊന്ന് നോക്കി. അവന് റോസിനെ നേരില്‍കണ്ട് നന്നെ പിടിച്ചിരിക്കുന്നു.

“ആ കണ്ണട വെച്ചതാ മറ്റേ കുട്ടി…”

മനസ്സിലായി എന്ന മട്ടില്‍ അവന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു.

ഞാന്‍ റോസിന്‍റെ അടുത്തേക്ക് ഇറങ്ങിച്ചെന്നു. ഡിജെ പാര്‍ട്ടിയില്‍ അവള്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പദ്മജ അയച്ചു തന്നിരുന്നു. ഞാനത് അഭിലാഷിന് ഫോര്‍വേഡ് ചെയ്തു കൊടുത്തിരുന്നു. അതിനുശേഷമാണ് അവളെ സെലക്റ്റ് ചെയ്തത്. സെല്‍ഫോണിലെടുത്ത ജാനകിയുടെ ഫുള്‍സൈസ് ഫോട്ടോയും അയച്ചിരുന്നതുകൊണ്ട് അവന് ആളെ മനസ്സിലാക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ല.

റോസിനെ ഞാന്‍ അഭിലാഷിനു പരിചയപ്പെടുത്തി. അവള്‍ ജാനകിയുടെ കാര്യം അവതരിപ്പിച്ചു.

“ജാന്‍, നീ തന്നെ പറ…,” റോസ് ജാനകിയെ മുന്നോട്ട് ഉന്തിത്തള്ളി നിര്‍ത്തി.

“അന്നയ്യാ, ഫെല്ലോഷിപ്പൊക്കെ കിട്ടിയതാ…”

അഭിലാഷ് അവളെ അടിമുടിയൊന്നു നോക്കി. അവനവളെ ബോധിച്ചെന്നു തോന്നി.
“മാഡമൊന്ന് തിരിഞ്ഞു നിന്നേ…” അഭിലാഷ് പറഞ്ഞതു കേട്ട് അവളൊരു നിമിഷമൊന്ന് മനസ്സിലാകാത്തത് പോലെ അമ്പരന്ന്‍ നിന്നു.

“മറ്റൊന്നും വിചാരിക്കരുത്. വെറും ഓഡിറ്റിങ്ങൊന്നും അവിടെ നടക്കൂലാ… വരണേ വന്നോ, പക്ഷെ തുണിയില്ലാതെ ഡാന്‍സ് കളിക്കേണ്ടി വരും. എങ്ങനെ ആടണമെന്നൊക്കെ മല്ലിക പറഞ്ഞുതരും. പറ്റുമെങ്കില്‍ ഓകെ…”

പുറകില്‍ മല്ലികക്കരികിലായി റോസും ജാനകിയും കയറി. അട്ടിയിട്ട ഇറച്ചിക്കോഴികളെന്നോണം ഒട്ടിയൊട്ടിയിരുന്ന പെണ്ണുങ്ങളെ കണ്ണുകൊണ്ടളവെടുത്ത് അഭിലാഷ് ആത്മഗതമെന്നോണം പറഞ്ഞു: “ഇനി രണ്ടെണ്ണം കൂടിയുണ്ട്. അവര് റിസോര്‍ട്ടില്‍ നേരിട്ടെത്തും…”

ചുണ്ടിലൊരു അശ്ലീലച്ചിരിയും മൂളിപ്പാട്ടുമായി അവന്‍ വണ്ടി മുന്നോട്ടെടുത്തു. ഒരാണിന്‍റെ ലഹരി നിറഞ്ഞ സന്തോഷം അവനില്‍ തുളുമ്പിനിന്നു.

പ്രധാനപാത താണ്ടി ഉള്‍നാടന്‍ വഴികളിലൂടെ വണ്ടി വീണ്ടും പൊടിപറത്തി പാഞ്ഞുതുടങ്ങി. മൂളിപ്പാട്ടിന്‍റെ ലഹരിയില്‍ ആസ്വദിച്ചാണ് അവന്‍ വണ്ടിയോടിക്കുന്നത്. കുറച്ചു ദൂരം പോയിക്കാണും. ഒരലര്‍ച്ചയോടെ സ്റ്റീയറിംഗിലേക്ക് മുഖമടിച്ച് അവന്‍ കുഴഞ്ഞുവീണു. വണ്ടി തെന്നിമാറിയൊരു പുല്‍പ്പടര്‍പ്പിലേക്ക് ഇടിച്ചുകയറി. പടര്‍ന്നു കിടന്നൊരു വള്ളിക്കെട്ടിലുടക്കിയ ശേഷം മരത്തിലുരുമ്മി ഉറഞ്ഞുതുള്ളിയത് മുരണ്ടുകൊണ്ടിരുന്നു.

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ സ്തംഭിച്ചിരുന്നു. എന്‍റെ കയ്യും കാലും നിര്‍ത്താതെ വിറക്കുന്നുണ്ടായിരുന്നു. അടുത്തെങ്ങും ആരുമില്ല. മല്ലിക ഡോര്‍ തുറന്ന് ചാടിയിറങ്ങി മുന്‍വശത്തു കൂടെ കയ്യിട്ട് വണ്ടി ഓഫാക്കി.

അഭിലാഷ് സ്റ്റീയറിംഗില്‍ തലയടിച്ച് കിടക്കുകയാണ്. അവന്‍റെ മൂക്കിലും ചെവിയിലും നിന്ന് ചോരയിറ്റു വീഴുന്നുണ്ട്. അവളൊരു വിദഗ്ദ്ധ ഡോക്ടറെപ്പോലെ നാഡി പിടിച്ചു പരിശോധിച്ചിട്ട് തികച്ചും നിര്‍വികാരയായി എല്ലാവരോടും പറഞ്ഞു: “ജീവനില്ല!”. മല്ലികയും നൂര്‍ജഹാനും ഹസീനയും ചേര്‍ന്ന് അഭിലാഷിന്‍റെ ശരീരം വലിച്ചു പുറത്തെടുത്ത് ഉണങ്ങിക്കിടന്ന പുല്ലില്‍ മലര്‍ത്തിക്കിടത്തി. ഞാനൊരുവിധമൊന്ന് അനങ്ങിപ്പിടഞ്ഞ് ഡോര്‍ ബുദ്ധിമുട്ടി തള്ളിത്തുറന്ന് പുറത്തിറങ്ങി. മല്ലിക തിരിഞ്ഞ് എന്നെ നോക്കി.

“നിനക്ക് വണ്ടിയോടിക്കാനറിയാമോ?”. ഞാന്‍ ഇല്ലെന്ന് തലയാട്ടി. പെട്ടെന്ന് അവളുടെ ഭാവം മാറി. “വായ തുറന്ന് പറയട നായേ…” അവളുടെ നോട്ടത്തില്‍ ഞാന്‍ ചൂളി. അഭിലാഷിന്‍റെ തണുത്ത ശരീരത്തില്‍ പുറംകാല്‍ കൊണ്ട് തൊഴിച്ചിട്ട് അവള്‍ പിറുപിറുത്തു: “കൊറേ ഗോഡ്ഫാദര്‍ കളിച്ചു നടന്നതല്ലേ…” അവളെന്തു ഭാവിച്ചിട്ടാണെന്നോര്‍ത്ത് ഞാന്‍ മനസ്സുകൊണ്ട് സജ്ജനായി. ഏതൊരു ആക്രമണവും ചെറുക്കാനുറച്ച്, എല്ലാ പെണ്ണുങ്ങളിലേക്കുമൊന്ന് കണ്ണയച്ച് ആണൊരുത്തനായ ഞാന്‍ ഒറ്റയ്ക്ക് എന്തിനും തയ്യാറായി നിന്നു. റോസും ജാനകിയും പുറത്തിറങ്ങാതെ വണ്ടിക്കകത്തു തന്നെയിരുന്നു.

“വാ, ഞാന്‍ വണ്ടിയെടുത്തോളാം…,” മല്ലിക എല്ലാവരോടുമായി പറഞ്ഞു. വണ്ടിക്ക് കുഴപ്പമൊന്നും പറ്റിയിട്ടില്ലായിരുന്നു, ഉരഞ്ഞ് അല്‍പ്പം പെയിന്‍റ് പോയതൊഴിച്ചാല്‍. മല്ലിക ബുര്‍ഖയൊന്ന് വകഞ്ഞുമാറ്റി, തുറന്നുകിടന്ന ഡോറിലൂടെ ഡ്രൈവര്‍ സീറ്റിലേക്ക് ചാടിക്കയറിയിരുന്നു. അഭിലാഷിന്‍റെ സെല്‍ഫോണ്‍ സീറ്റില്‍ വീണുകിടന്നിരുന്നു. അതെടുത്ത്, അങ്ങോട്ടുമിങ്ങോട്ടും അതില്‍ വരകളിട്ട് അവള്‍ ലോക്ക് തുറന്നു. കോള്‍ ലിസ്റ്റിലൂടൊന്ന് കണ്ണോടിച്ച് അവളത് ബുര്‍ഖക്ക് അടിയിലിട്ടിരുന്ന നീല ജീന്‍സിന്‍റെ പോക്കറ്റിലേക്ക് തള്ളി.

“പേടിക്കണ്ട. പോകാനുള്ള ഇടമൊക്കെ എനിക്കറിയാം. ഒപ്പം നിന്നാ മതി.”

ഡാഷ് ബോര്‍ഡ് തുറന്ന് അതിനുള്ളില്‍ നിന്നുമൊരു സിഗരറ്റ് പാക്കറ്റും ലൈറ്ററും ചിരപരിചിതമെന്നോണം അവള്‍ പുറത്തെടുത്തു. അതില്‍ നിന്നൊന്നെനിക്ക് നീട്ടിയിട്ട് മറ്റൊരെണ്ണമെടുത്ത് ചുണ്ടില്‍ വെച്ച് കത്തിച്ചു. പിന്നിലേക്ക് സിഗരറ്റ് പാക്കറ്റ് നീട്ടിയെങ്കിലും ആരും അനങ്ങിയില്ല.

എന്നെയൊന്ന് തലചെരിച്ചു നോക്കിയിട്ട് അവള്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. അഭിലാഷിന്‍റെ ശരീരം പുല്‍മേട്ടിലുപേക്ഷിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. കാക്കിനാട കഴിഞ്ഞ് ഉള്ളിലേക്കു പോയിട്ടുള്ളൊരു റിസോര്‍ട്ടിലാണ് രാത്രിതാമസം ഒരുക്കിയിരുന്നത്. മുമ്പെ പറഞ്ഞുവെച്ചിട്ടുള്ള സ്ഥലമാണ്.

“നീ അഭിലാഷാണെന്നു പറഞ്ഞ് സംസാരിച്ചാ മതി…”

അവന്‍റെ ഫോണ്‍ കയ്യില്‍ തന്നിട്ട് മല്ലിക പറഞ്ഞു. അല്ല, അതൊരു ആജ്ഞയായിരുന്നു. ഞാനത് അനുസരിച്ചു. അതൊരു വലിയ റിസോര്‍ട്ടായിരുന്നു. നീന്തല്‍ കുളമൊക്കെയുണ്ട്. തീറ്റയും കുടിയുമായി അന്നവിടെ തങ്ങി. അഭിലാഷ് പറഞ്ഞ പെണ്ണുങ്ങളും വന്നുചേര്‍ന്നു. അവരെ മല്ലിക സ്വീകരിച്ചു. ആദ്യമായല്ല വരുന്നതെന്ന് അവരുടെ ഭാവഹാവാദികളില്‍ നിന്നും മനസ്സിലായി. ആണുങ്ങള്‍ക്കു മുന്നില്‍ സ്റ്റേജില്‍ നിന്ന് വസ്ത്രമുരിയുന്നതിന്‍റെ സൗന്ദര്യശാസ്ത്രം മല്ലിക പറഞ്ഞുപഠിപ്പിക്കുമ്പോള്‍ ഇതെല്ലാം അറിയാമെന്ന മട്ടില്‍ അവര്‍ ഉറക്കം തൂങ്ങി ഇരിക്കുന്നുണ്ടായിരുന്നു.

“കൂട്ടംകൂടിയാര്‍ക്കുന്ന ആണുങ്ങളെ ആനന്ദിപ്പിക്കാനെളുപ്പമല്ല. പെണ്ണിനു മുന്നില്‍ ഞെളിയാനായി എന്തുചെയ്യാനുമവര്‍ മടിക്കില്ല. വന്യമൃഗങ്ങളാണ്, അപകടകാരികളാണ്. ഒറ്റയ്ക്കൊറ്റയ്ക്കാണെങ്കില്‍ ഇവരെപ്പോലെ പഞ്ചപാവങ്ങള്‍ വേറെ കാണില്ല.”

ആണുങ്ങളെ നോട്ടത്തിലൂടെ വശീകരിക്കുന്നതെങ്ങനെ എന്നവള്‍ വിശദീകരിക്കുവാന്‍ തുടങ്ങി. അതുകേട്ടുകൊണ്ട് അടുത്തേക്ക് നീങ്ങിയതും എനിക്കുനേരെ കൈചൂണ്ടി അവള്‍ കല്‍പ്പിച്ചു: “തത്ക്കാലം പെണ്ണുങ്ങള്‍ മാത്രം മതി ഇവിടെ…”

റമ്മിന്‍റെ കുപ്പിയുമെടുത്ത് ഞാന്‍ പുറത്തിറങ്ങി. നിലാവുള്ള ആകാശം. പുല്‍ത്തകിടിയില്‍ മലര്‍ന്നടിച്ച് കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ അടുത്ത് വന്നിരുന്നതു പോലെ തോന്നി. മേലാകെ ആരോ തഴുകുന്നതു പോലെ. ഒരു പെണ്ണ്. അവളെന്‍റെ കാതില്‍ മെല്ലെ കടിച്ചു. പിന്നെ സാവകാശം ശരീരത്തിലാകെ ഒരു പുഴുവായി ഇഴയാന്‍ തുടങ്ങി. ഞാന്‍ അനുരാഗപരവശനായി വിളിച്ചു: “മല്ലികേ…”

“ഞാനെന്തിനാണ് ഈ ആണുങ്ങള്‍ക്കു മുന്നില്‍ ന്യൂഡ് ഡാന്‍സ് കളിക്കാന്‍ പോകുന്നതെന്നറിയാമോ?” നിലാവിലേക്ക് കണ്ണെറിഞ്ഞ് അവള്‍ ചോദിച്ചു. “അക്കഥ പറയാന്‍ ഒരു രാത്രി പോര!” അവളെന്‍റെ കാതില്‍ മന്ത്രിച്ചു.

കണ്ണുകളില്‍ തട്ടിത്തെറിച്ച വെളിച്ചം കൊണ്ടവള്‍ ഇരുട്ടില്‍ പുഞ്ചിരിച്ചു. അകലെയേതോ ദര്‍ഗ്ഗയില്‍ നിന്നും ഖവ്വാലി ഒഴുകിവരുന്നുണ്ട്. പൂത്തുനിന്ന ഗുല്‍മോഹര്‍ മരത്തില്‍ നിന്നും ഇളംകാറ്റേറ്റ് പൂക്കള്‍ എന്‍റെ കിനാവുകള്‍ക്ക് മേലെ പാറിവീണു.

അടുത്ത ദിവസം പാതിരയോടടുത്താണ് ഞങ്ങള്‍ ഉപ്പങ്കലയിലെത്തിയത്. പെണ്ണുങ്ങളുടെ ആട്ടം തുടങ്ങിയപ്പോള്‍ ഏറെ വൈകി.

രാജറെഡ്ഡിയുടെ ശിങ്കിടികള്‍ കാറുമായി വന്ന് അവിടെ തമ്പടിച്ചിരുന്നു. അതിലൊരാള്‍ എന്നോട് കൂട്ടായി. സന്ദര്‍ഭം ഒത്തുവന്നപ്പോള്‍ അയാളെന്നോട് സ്വകാര്യമായി ചോദിച്ചു: “നെനക്ക് നല്ല നാടന്‍ പെണ്ണു വേണോ? പറഞ്ഞാ മതി. രണ്ടെണ്ണത്തിനെ ഞങ്ങള്‍ പിടിച്ചു കൊണ്ടുവന്നിട്ടുണ്ട്. ആ കിടക്കണ വണ്ടിയിലുണ്ട്…”

ഞാനവന്‍റെ അരികില്‍ നിന്നും കുറച്ചു മാറിനിന്നു. തിരക്കു വന്ന് ഞങ്ങളെ മൂടി. ചുറ്റിലും ശബ്ദാഘോഷം, വിയര്‍ത്തൊട്ടിയ ആണ്‍ശരീരങ്ങളുടെ സംത്രാസം, ഗന്ധം. അടക്കാനാവാത്ത ഒരുതരം വന്യത അവരുടെ ശരീരങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരുന്നു. അയാള്‍ അവരില്‍ മറഞ്ഞില്ലാതായെന്ന് എനിക്ക് തോന്നി. എന്നാല്‍ സ്റ്റേജിനടുത്ത് നിരനിരയായി പാര്‍ക്ക് ചെയ്ത കാറുകള്‍ക്കും പോലീസ് ജീപ്പിനുമരികിലേക്ക് അയാള്‍ മെല്ലെ നടന്നുപോകുന്നുണ്ടായിരുന്നു.

പരിപാടി തുടങ്ങുന്നതിനു മുമ്പെ രാജറെഡ്ഡിയും ഒന്നുരണ്ടു പേരും വന്ന് പെണ്ണുങ്ങളെയെല്ലാം അടിമുടി പരിശോധിച്ചു. “മക്കളേ,” എന്നാണവരെ വിളിച്ചതെങ്കിലും ഒരു വഷളന്‍ ആണ്‍ചിരി അയാളിലൊളിഞ്ഞിരുന്നു. രാത്രിയായതും, ഉയര്‍ത്തിക്കെട്ടിയ സ്റ്റേജില്‍ ഉച്ചത്തില്‍ വെച്ച പാട്ടിനൊപ്പം ശരീരമാസകലം കുലുക്കിക്കൊണ്ട് താളത്തില്‍ പെണ്ണുങ്ങള്‍ ഡാന്‍സ് കളിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ ആണ്‍കൂട്ടത്തെ നോക്കി അവര്‍ പാവാട പൊക്കിക്കാണിച്ചു. ശൃംഗാരഭാവത്തില്‍ മന്ദഹസിച്ചു. വസ്ത്രങ്ങളോരോന്നായി ഊരിയെറിഞ്ഞു. അപ്പോഴെല്ലാം പുരുഷാരം സ്റ്റേജിനടുത്തേക്ക് അനേകം അലകളായി പാഞ്ഞുവരികയും നോട്ടുകെട്ടുകള്‍ പൊട്ടിച്ച് അവരെ പണംകൊണ്ട് ആറാടിയ്ക്കുകയും കൈയ്യെത്തിച്ച് തൊടാന്‍ നോക്കുകയും ചെയ്തു.

ഞാന്‍ സ്റ്റേജിനു പിന്നില്‍ മല്ലികയെത്തന്നെ നോക്കി നിന്നു. അവളെ മാത്രം! പൂര്‍ണ്ണനഗ്നയായി ആടിത്തിമിര്‍ത്ത ശേഷം, പെട്ടെന്നൊരു പുതപ്പ് വാരിച്ചുറ്റി അവള്‍ സ്റ്റേജിനു പിന്നിലേക്ക് വന്നു. ഇരുട്ടില്‍ അവളെന്നെ കണ്ടില്ലെന്നു തോന്നി. ദേഹത്ത് വന്നിടിച്ച് തളര്‍ന്നൊടിഞ്ഞൊരു പൂമരമായി അവള്‍ എന്നിലേക്ക് മറിഞ്ഞുവീണു. താഴെ വീണു ചിതറാതിരിക്കാനെന്നോണം അവളെന്നെയൊന്ന് കെട്ടിപ്പിടിച്ചു. അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. പുതപ്പിനുള്ളില്‍ നിന്നും തെന്നിമാറി അവളുടെ മുലക്കൂമ്പുകള്‍ എന്‍റെ മാറില്‍ കുത്തിനോവിപ്പിച്ചു. അവളെ മാറോടണച്ച് ഞാനെന്‍റെ പ്രണയം പറഞ്ഞു. ഒന്നു ഞെട്ടി തെന്നിമാറി അവളെന്നെ പുറകിലേക്ക് തള്ളിമാറ്റി.

“ഈ രാത്രിയൊന്ന് തീരട്ടെ…”

അതുപറയുമ്പോള്‍ അവളുടെ മുഖത്തു നിന്നും തീക്കനലുകള്‍ പാറി.

റോസും ജാനകിയും അരയ്ക്കു താഴെ പൊങ്ങിക്കളിക്കുന്ന പാവാടയും ധരിച്ചുകൊണ്ട് നൂര്‍ജഹാനും ഹസീനയ്ക്കുമൊപ്പം സ്റ്റേജില്‍ ചുവടുവെച്ചു തുടങ്ങിയിരുന്നു.

“ഊ അന്‍ടവാ മാവ ഊ ഊ അന്‍ടവ മാവാ…”

ലൗഡ് സ്പീക്കറിലൂടെ ഉച്ചത്തില്‍ പുതിയ പാട്ടുയര്‍ന്നു.

നൂര്‍ജഹാനും ഹസീനയും ഓരോ വരിയ്ക്കുമൊപ്പം താളത്തില്‍ വസ്ത്രങ്ങളോരോന്നായി ഊരിയെറിയാന്‍ തുടങ്ങി. ആണുങ്ങളുടെ കൂട്ടം ചൂളം വിളിച്ചും അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചും ചാടിത്തുള്ളിക്കൊണ്ടിരുന്നു.

റോസും ജാനകിയും മടിച്ചുമടിച്ചാണ് തുണിയുരിയാന്‍ തുനിഞ്ഞത്. അവര്‍ക്കത് സാധിക്കുമോ എന്നുപോലും സംശയം തോന്നിക്കുംവിധം സാവധാനത്തില്‍.

ആദ്യമൊക്കെ അവരുടെ ലജ്ജ ആള്‍ക്കൂട്ടത്തിന് രസിച്ചെങ്കിലും പിന്നെ പിന്നെ അത് അവരുടെ ക്ഷമ പരീക്ഷിക്കുന്നതായി മാറി. ആക്രോശവും ആജ്ഞയുമായി ചിലര്‍ സ്റ്റേജിലേക്ക് ഇരച്ചുകയറി ബലമായി അവരുടെ വസ്ത്രമുരിയാന്‍ ശ്രമിച്ചു. റെഡ്ഡിയുടെ ആള്‍ക്കാര്‍ അവരെ പിടിച്ചുമാറ്റി. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായിക്കൊണ്ടിരുന്നു. ഒരുത്തന്‍ തുണിയെല്ലാമഴിച്ച് അതിലൂടെല്ലാം ഓടിനടന്ന് ആടാനും പാടാനും തുടങ്ങി.

ഗുണ്ടകളെന്നു തോന്നിക്കുന്ന നാലഞ്ചുപേര്‍ അപ്പോള്‍ തന്നെ സ്റ്റേജിനു മുന്നില്‍ സുരക്ഷയ്ക്കായി നിലയുറപ്പിച്ചു. അവരിലൊരാള്‍ തോക്കെടുത്ത് മുകളിലേക്ക് നിറയൊഴിച്ചു. ആള്‍ക്കൂട്ടത്തെ അത് കൂടുതല്‍ കുപിതരാക്കി. അവരില്‍ ചിലരുടെ കയ്യിലും നാടന്‍ തോക്കുകളുണ്ടായിരുന്നു. അവരത് ഉയര്‍ത്തി അലങ്കാരബള്‍ബുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും അത് പൊട്ടിച്ചിതറുന്നതു കണ്ട് തെലുഗു ഭാഷയിലുള്ള തെറിയെല്ലാം വിളിച്ചുകൂവുകയും ചെയ്തു.

അവസാനം ക്ഷമകെട്ട് റെഡ്ഡിയുടെ ആള്‍ക്കാര്‍ തന്നെ റോസിനേയും ജാനകിയേയും കയറിപ്പിടിച്ച് ബലമായി തുണിയെല്ലാം പറിച്ചെറിഞ്ഞുകളഞ്ഞു. ആകാവുന്നത്ര ബലംപിടിച്ചു നോക്കിയെങ്കിലും അവര്‍ക്ക് ചെറുത്തുനില്‍ക്കാനായില്ല.

ജാനകി സ്റ്റേജില്‍ വീണുകിടക്കുകയാണ്. അവള്‍ക്കടുത്തായി കൈകള്‍ കൊണ്ട് നഗ്നത മറയ്ക്കാന്‍ പാടുപെട്ട് നില്‍ക്കുകയാണ് റോസ്. അവള്‍ വല്ലാതെ വിറയ്ക്കുന്നുണ്ട്. പെട്ടെന്നവള്‍ കയ്യെല്ലാമുയര്‍ത്തി ബാധ കയറിയവളെപ്പോലെ കലിതുള്ളി മുടിയഴിച്ചിട്ട് ആടാന്‍ തുടങ്ങി. അവളുടെ ഗുഹ്യഭാഗത്തു നിന്നും ചോരയിറ്റു വീണുകൊണ്ടിരുന്നു. അതില്‍ വിരല്‍ തൊട്ട് ആ ചോര കൊണ്ട് നെറ്റിയില്‍ കുറി ചാര്‍ത്തി അവള്‍ തുള്ളിക്കൊണ്ടിരുന്നു.

ഇതെല്ലാം കണ്ട് അന്ധാളിച്ച് നില്‍ക്കവെ, അപ്രതീക്ഷിതമായി ചുറ്റിലുമുള്ള വെളിച്ചം കെട്ടു. പാട്ട് നിലച്ചു. കാമദുരയാല്‍ ത്രസിച്ചുകൊണ്ടിരുന്ന ആണ്‍കൂട്ടം നിശ്ശബ്ദമായി. ചുറ്റിലും അജ്ഞാതമായൊരു ഭീതി കത്തിപ്പിടിഞ്ഞു.

ഇരുളാകെയിളകി വരുംപോലെ കിരുകിരാന്നൊരു ഒച്ച അകലെ നിന്നും അവിടേക്കരിച്ചെത്തി. ഇരുള്‍പച്ച വീണ ഖബറുകള്‍ മനുഷ്യരൂപം പ്രാപിച്ച് വന്നതാണോയെന്ന് തോന്നുമാറ്, കല്ലും വടിയും വാളുമേന്തിയ സ്ത്രീകളും ട്രാന്‍സ്ജന്‍ഡറുകളുമടങ്ങുന്ന ഒരു കൂട്ടം ആ പ്രദേശമാകെ വളഞ്ഞു. മണ്ണിലും ചെളിയിലും പുതഞ്ഞ് അവരില്‍ നിന്നെല്ലാം വിളഭൂമിയുടെ മണം പൊങ്ങിപ്പരന്നു. യുദ്ധാക്രോശമായി അവരുടെ കിതപ്പുകള്‍ മുഴങ്ങി.

കുഴഞ്ഞാടിക്കൊണ്ടിരുന്ന ആണുങ്ങളെല്ലാം പേടിച്ചരണ്ട് പരക്കം പാഞ്ഞു. പ്രായമായ സ്ത്രീകളുടെ കൂട്ടം അവരെയെല്ലാം വളഞ്ഞുപിടിച്ച് ഒരരികിലായി നിരത്തി നിര്‍ത്തി, മൂര്‍ച്ചയുള്ള വാളു കൊണ്ടവരുടെ ലിംഗം ഒന്നൊഴിയാതെ വെട്ടിവീഴ്ത്തി. കുറച്ചു നേരംകൊണ്ട് അവിടമാകെ രക്തത്തില്‍ കുളിച്ചുകിടന്ന ലിംഗങ്ങളാല്‍ നിറഞ്ഞു. അരിഞ്ഞെറിയപ്പെട്ട സ്വന്തം ലിംഗം തിരഞ്ഞ് കരഞ്ഞുവിളിച്ചാര്‍ത്ത് ആണുങ്ങള്‍ പിടഞ്ഞുവീണു. വീണവരെയെല്ലാം കയ്യും കാലും തലയുമെന്ന വ്യത്യാസമില്ലാതെ, കറിക്കരിയും പോലെ പെണ്ണുങ്ങള്‍ അരിഞ്ഞിട്ടു.

ചിതറിയോടിയവര്‍ പൊന്തക്കാട്ടിലും പൊട്ടക്കിണറ്റിലും മരത്തിലും പൊത്തിലുമെല്ലാം ജീവനും കൊണ്ടോടിയൊളിച്ചു. അവരില്‍ പലരും അവിടെത്തന്നെ പാത്തിരുന്ന് ഭയന്നുവിറച്ചു ചത്തു.

“കുട്ട്യോളെ കിട്ടിയോടീ?” ഒരു സ്ത്രീ വിളിച്ചുചോദിച്ചു.

“ദാ അവിടെ… ആ പോലീസുജീപ്പിനടുത്തു കിടക്കണ കാറുകളില്‍ നോക്കണം…”

രാജറെഡ്ഡിയുടെ കാറുകള്‍ക്ക് സുരക്ഷാവലയം തീര്‍ത്തുകിടന്ന പോലീസ് ജീപ്പുകള്‍ക്ക് ആരോ തീയിട്ടു. അത് നിന്നുകത്താന്‍ തുടങ്ങിയപ്പോഴേക്കും ട്രാന്‍സ്ജന്‍ഡറുകളുടെ മറ്റൊരു കൂട്ടം കാറുകള്‍ക്കരികിലേക്ക് പാഞ്ഞു. കാവല്‍ നിന്ന ആണുങ്ങളെ ചവുട്ടിവീഴ്ത്തി, കാറുകളുടെ ചില്ലുകള്‍ അവര്‍ അടിച്ചുതകര്‍ത്തു. അതിനുള്ളില്‍ പേടിച്ചരണ്ട രണ്ടു പെണ്‍കുട്ടികള്‍ നഗ്നരായി ചുരുണ്ടുകൂടിക്കിടന്നിരുന്നു. അവര്‍ക്കു ചുറ്റും രക്തം കട്ടപിടിച്ച് ഈച്ചയാര്‍ത്തു കിടന്നു.

പെണ്‍കുട്ടികളെ ഏറ്റെടുത്ത് കരഞ്ഞും ഉറക്കെ അലറിവിളിച്ചും സംഘം അവിടം വിട്ടു. നാടായ നാടൊക്കെ കറങ്ങി ജീവിച്ചിരുന്ന നൊമാഡുകളായ ഗോത്രവര്‍ഗ്ഗക്കാരായിരുന്നു അവര്‍. ഒരു നാട്ടിലും അവര്‍ സ്ഥിരമായി തമ്പടിച്ചില്ല. അവരുടെ കൂട്ടത്തിലെ രണ്ടു പെണ്മക്കളെയാണ് റെഡ്ഡിയുടെ ആള്‍ക്കാര്‍ തട്ടിക്കൊണ്ടുവന്നത്.

ആണായി ജനിച്ച ഒരുത്തനും അന്നത്തെ രാത്രി ജീവനോടെ ഉപ്പങ്കലയില്‍ അവശേഷിച്ചില്ല, ഞാനൊഴികെ. മല്ലിക അവളുടെ ബുര്‍ഖ അണിയിച്ച് എന്നെ രക്ഷപ്പെടുത്തി. അവളുടെ വിയര്‍പ്പുമണമുള്ള ബുര്‍ഖയ്ക്കുള്ളില്‍ ഞാനൊരു കണ്ണെഴുതിയ പെണ്ണായി ഒളിച്ചിരുന്നു.

“എവിടെയെങ്കിലും പോയി രക്ഷപ്പെട്…,” ഇരുട്ടിലേക്ക് തള്ളിവിടുമ്പോള്‍ മല്ലിക ചെവിയില്‍ അലറി.

എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് എവിടെയൊക്കെയോ വീണ് ബോധം പോയി ഞാന്‍ കിടന്നു. കര്‍ണ്ണാടകയിലേക്ക് കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ലോറിക്കാരാണ് എന്നെ കണ്ടെത്തിയത്. അവര്‍ക്കൊപ്പമാണ് ഈ കുഗ്രാമത്തിലേക്ക് ഞാനെത്തിച്ചേര്‍ന്നത്.

അന്നു രാത്രി നടന്ന സംഭവവും അഭിലാഷിന്‍റെ മരണവും ശരിക്കും നടന്നതാണോ അല്ലയോ എന്നുപോലും പിന്നീട് എനിക്ക് സംശയം തോന്നിയിട്ടുണ്ട്. ഉപ്പങ്കലയില്‍ നടന്ന കൂട്ടക്കൊലയെ പറ്റി ആരുമൊന്നും പറഞ്ഞുകേട്ടതേയില്ല. അന്നേദിവസങ്ങളിലെ പഴയ പത്രങ്ങളും മാസികകളുമൊക്കെ പിന്നീടൊരിക്കല്‍ ചികഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

അഭിലാഷിന്‍റെ മരണത്തെപ്പറ്റി അന്വേഷണമുണ്ടാവുകയാണെങ്കില്‍ ആരെങ്കിലും കുറെ വര്‍ഷം കഴിഞ്ഞാണെങ്കിലും എന്നെത്തേടി വന്നേക്കുമെന്ന് എനിക്കറിയാം. പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടും ആരും വന്നിട്ടില്ല. എന്തിന്, അങ്ങനൊരുത്തന്‍ ജീവനോടുണ്ടോ അതോ മരിച്ചോ എന്നറിയാന്‍ പോലും ആര്‍ക്കും താത്പര്യമുള്ളതായി തോന്നിയില്ല.

ഒരു ടൂറിസ്റ്റിനെപ്പോലെ നാടെല്ലാം കറങ്ങിത്തിരിഞ്ഞ് അഭിലാഷിന്‍റെ ശരീരം ഉപേക്ഷിച്ച പുല്‍മൈതാനത്തും ഒരിക്കല്‍ ഞാന്‍ ചെന്നുനോക്കി. അസ്വാഭാവികമായി ഒന്നും തന്നെ അവിടെയെനിക്ക് കണ്ടെത്താനായില്ല.

അതങ്ങനെ മറന്നുകളഞ്ഞതായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാനായി പണിക്കാര്‍ക്കൊപ്പം കൂട്ടംകൂടിയിരിക്കുമ്പോഴാണ്, ആരോ എന്തോ പൊതിഞ്ഞു കൊണ്ടുവന്ന പത്രക്കടലാസ്സ് കണ്ണില്‍പ്പെട്ടത്. അതിലൊരു കോളം വാര്‍ത്തയുണ്ടായിരുന്നു. ഉപ്പങ്കലയില്‍ വീണ്ടും നഗ്നനൃത്തം അരങ്ങേറിയിരിക്കുന്നു. അവിടേക്ക് ഡാന്‍സ് കളിക്കാന്‍ പെണ്ണുങ്ങളെ കൊണ്ടുപോയവരടക്കം പത്തുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നു. “ഒരു രാത്രി കൊണ്ടൊന്നും മാറാന്‍ പോണില്ല,” എന്നു പിറുപിറുത്തുകൊണ്ട് ആ കടലാസ് ചുരുട്ടിക്കൂട്ടി കളഞ്ഞുവെങ്കിലും മനസ്സിലേക്ക് അന്നത്തെ രാത്രിയുടെ ഓര്‍മ്മകള്‍ തിരിച്ചുവന്നു.

അതിനുശേഷം ഓരോ ആവശ്യങ്ങള്‍ ഉണ്ടാക്കിപ്പറഞ്ഞ് ഞാന്‍ ഹൈദരാബാദിലേക്ക് ചുറ്റിക്കറങ്ങാനിറങ്ങി. അങ്ങനൊരു യാത്രയിലാണ് പദ്മജ വഴി വീണ്ടും റോസിനെ കണ്ടത്.

അവളിപ്പോള്‍ നല്ല നിലയിലാണ്. യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്നു. കഴുത്തോളം മുടി ഇറക്കിവെട്ടി, സ്ലീവ്ലെസ് ബ്ലൌസും കോട്ടന്‍ സാരിയും മൂക്കുത്തിയുമണിഞ്ഞ് അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. അവളുടെ വലംകയ്യിന്‍റെ മുകളിലായി ഫണം വിരിച്ച പാമ്പുകളെ പച്ചകുത്തിയിരുന്നു.

ആദ്യം അവളെന്നെ അറിയുന്ന ഭാവം പോലും കാണിച്ചില്ല. എന്നാല്‍ മര്യാദക്കാണ് പെരുമാറിയത്. കയറിയിരിക്കാന്‍ പറഞ്ഞു. പിന്നെ പ്യൂണിനെ വിളിച്ച് ചായ വരുത്തി.

“എന്നെ മനസ്സിലായോ?” ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.

അവള്‍ ഒരു നിമിഷത്തേക്കൊന്ന് എന്നെ തുറിച്ചുനോക്കി.

“താനെന്താ ഇവിടെ?” അവള്‍ പരിഭ്രമിച്ചു.

റോസില്‍ നിന്നാണ് ജാനകിയെപ്പറ്റി അറിഞ്ഞത്. അന്നത്തെ രാത്രിക്കു ശേഷം കടുത്ത വിഷാദരോഗം ബാധിച്ച് ജാനകി കുറേക്കാലം ചികിത്സയിലായിരുന്നു. ചെയ്യാനിരുന്ന മാസ്കുലിനിറ്റി പ്രൊജക്റ്റ് അവള്‍ക്ക് ഏറ്റെടുക്കാനായില്ല. പിന്നീട് നഗരത്തിലെ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കവെ, മരിച്ചു കിടക്കുന്ന അഴുകിയ ശരീരമായാണ് അവളെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്‍റെ നിഗമനം.

നൂര്‍ജഹാനും ഹസീനയും ഓള്‍ഡ് സിറ്റിയില്‍ മുസ്ലിം സ്ത്രീകള്‍ക്കായി എന്‍.ജി.ഒ. നടത്തുകയാണ്. അവരുടെ വാര്‍ഷിക പരിപാടികളില്‍ റോസും പങ്കെടുക്കാറുണ്ട്.

മല്ലികയെ കുറിച്ചാണ് എനിക്ക് അറിയേണ്ടിയിരുന്നത്. റോസിന് ചിലപ്പോള്‍ അറിയാമായിരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

“അങ്ങനെ ആരെയും എനിക്കറിയില്ല,” എന്‍റെ മുഖത്തുപോലും നോക്കാതെ റോസ് തറപ്പിച്ചു പറഞ്ഞു.

മല്ലികയെ പറ്റി പിന്നെയും കുറെ അന്വേഷിച്ചു നടന്നു. അവളെ കൊണ്ടുവരാനായി പോയ പാറക്കെട്ടുകള്‍ മാത്രമുള്ള ഉള്‍പ്രദേശത്തും ചെന്നുനോക്കി. ചത്തുപുഴുവരിച്ചു കിടന്ന കന്നുകാലികളുടെ അസ്ഥികൂടങ്ങള്‍ മാത്രം അവിടെ അവശേഷിച്ചു. നാറ്റം കാരണം അടുക്കാന്‍ പോലും പറ്റിയില്ല.

ഇതിനിടയ്ക്ക് എന്‍റെ കല്യാണമൊക്കെ കഴിഞ്ഞിരുന്നു. സൗജന്യ എന്നുപേരായൊരു തനി നാടന്‍ പെണ്ണ്. വലിയ വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ല. പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. ജയിച്ചോ തോറ്റോ എന്നൊന്നും അന്വേഷിച്ചില്ല. ഭര്‍ത്താവിനെ കണ്‍കണ്ട ദൈവത്തെപ്പോലെ പൂജിക്കുന്ന ഒരു പാവം. ഒരാണിന് ബോധിക്കുന്ന നല്ല അടക്കവും ഒതുക്കവും. പോരാത്തതിന് നല്ല ഭൂസ്വത്തും. ഞാന്‍ ഭാഗ്യം ചെയ്തവനാണെന്നാണ് എല്ലാവരും പറഞ്ഞത്.

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം മെഹെര്‍ ബാബയുടെ ആശ്രമത്തില്‍ പോയി പ്രാര്‍ത്ഥനയും വഴിപാടും നടത്തിയാണ് അവള്‍ക്ക് വയറ്റിലുണ്ടായത്. അതോടെ സിനിമ കാണണമെന്ന പുതിയ പൂതി അവളില്‍ വന്നുകൂടി.

അവളെ സന്തോഷിപ്പിക്കാനായിട്ടാണ് പട്ടണത്തിലെ സിനിമാ തിയ്യറ്ററില്‍ കളിക്കുന്ന കന്നഡ സിനിമ കാണാന്‍ ഞങ്ങളൊരുമിച്ചു പോയത്. കപ്പലണ്ടി കൊറിച്ചും പെപ്സി കുടിച്ചും വലിയ ശബ്ദത്തില്‍ കറങ്ങുന്ന ഫാനിനടിയില്‍ സിനിമയില്‍ മുങ്ങി ഞങ്ങളിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിക്കാന്‍ തുടങ്ങി. അതറിഞ്ഞതു പോലെ വെള്ളിത്തിരയിലൊരു ഐറ്റം ഡാന്‍സിന് കളമൊരുങ്ങി. അര്‍ദ്ധനഗ്നരായ പെണ്ണുങ്ങള്‍ ശരീരം കുലുക്കി നൃത്തം വയ്ക്കുന്നു. അതെന്നെ വീണ്ടും ആര്‍ത്തിയോടെ സ്ക്രീനിലേക്ക് തുറിച്ചു നോക്കാന്‍ പ്രേരിപ്പിച്ചു.

അല്‍പ്പവസ്ത്രധാരിണിയായി പിന്നില്‍ നിന്ന് നൃത്തം ചെയ്തുകൊണ്ടിരുന്ന എക്സ്ട്രാ നടിയിലെന്‍റെ കണ്ണുടക്കി. ഒറ്റനോട്ടത്തില്‍ തന്നെ ഞാനവളെ തിരിച്ചറിഞ്ഞു. അത് മല്ലികയായിരുന്നു.

തിയ്യറ്ററിലെ ഇരുട്ടില്‍ ഐറ്റം ഡാന്‍സ് കണ്ട് ഞാനന്നിരുന്ന് കരഞ്ഞു. സൗജന്യ കാണാതിരിക്കാനായി ഇടംകൈ കൊണ്ട് മുഖം മറച്ചുപിടിച്ചിരുന്നു.

അന്നു രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. പറമ്പിലേക്കിറങ്ങി നിന്ന് ഡാറ്റ ഓണാക്കി, സിനിമാനടി മല്ലിക എന്ന് സെല്‍ഫോണില്‍ തിരഞ്ഞുനോക്കി. ഏതെല്ലാമോ പെണ്ണുങ്ങളുടെ നല്ലതും ചീത്തയുമായ ചിത്രങ്ങള്‍ നിരന്നു. മല്ലികയുടെ ചിത്രം മാത്രം കണ്ടില്ല. ആരോടൊക്കെയോയുള്ള പക മൂത്ത്, ആ രാത്രി മുഴുവനും ഞാനവളെയും ഫോണില്‍ തിരഞ്ഞ് അവിടെത്തന്നെ കുത്തിയിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി. മല്ലികയെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ലെന്നായി. അവള്‍ ഒരൊറ്റയാള്‍ കാരണമാണ് ഞാനിന്ന് ജീവനോടെയുള്ളതെന്ന ചിന്ത മനസ്സില്‍ കൂടുകൂട്ടിയതും പഴയ പ്രണയം വീണ്ടും പൊട്ടിമുളച്ചെന്നെ വീര്‍പ്പുമുട്ടിച്ചു. ശരിക്കും ഭ്രാന്ത് പിടിച്ചതുപോലെയായി. സൗജന്യ ജീവനോടെയുള്ള കാലത്തോളം മല്ലികയുമായി ഒരുമിക്കാനാവില്ലെന്ന ആശങ്കയും അതിന്‍റെ ആഴം കൂട്ടി.

ഒടുവില്‍ ഞാനാ തീരുമാനത്തിലെത്തി. സൗജന്യയെ കഴുത്തുഞെരിച്ച് കൊല്ലുക. സ്വയം വഞ്ചിച്ച് നല്ല ഭര്‍ത്താവായി അഭിനയിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് അതാണെന്ന് മനസ്സ് പറഞ്ഞു. അല്ലെങ്കില്‍ തന്നെ, സ്വന്തം കാമുകിയോ കാമുകനോ ജീവിതപങ്കാളിയോ മരിച്ചു കാണാന്‍ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആരെങ്കിലും ഈയുലകത്തിലുണ്ടോ?

എല്ലാം ചിന്തിച്ചുറപ്പിച്ച്, പട്ടണത്തിലേക്ക് പോവുകയാണെന്നും പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നുമിറങ്ങി. ആരും കാണാതെ പമ്മിപ്പമ്മി കൃഷിയിടത്തിലെ കൂരയില്‍ പോയി ഒളിച്ചിരുന്നു. പനങ്കള്ളും പന്നിയിറച്ചി വരട്ടിയതും തയ്യാറാക്കി വെയ്ക്കാന്‍ പണിക്കാരന്‍ ചെക്കനെ ചട്ടംകെട്ടിയിരുന്നു. ഉച്ച വരെ കള്ളും കുടിച്ച് അവിടിരുന്നു. പിന്നെയൊന്ന് മയങ്ങി.

രാത്രി ആരുമറിയാതെ വീട്ടിലേക്ക് മടങ്ങിച്ചെല്ലണം. പിന്‍വാതിലിന്‍റെ പൂട്ടിളകി കിടക്കുകയാണ്. അതുവഴി വാതില്‍ തുറന്ന് അകത്തു കടക്കണം. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് സൗജന്യയെ കൊല്ലണം. വീടിന് തീയിട്ട് പണവും പണ്ടങ്ങളുമായി നാടുവിട്ടോടണം. അതെല്ലാം ആലോചിച്ചാണ് കിടന്നത്. ഉറങ്ങിപ്പോയി. പഴയ കാര്യങ്ങളെല്ലാം മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. നഗ്നയായി നൃത്തം വെയ്ക്കുന്ന മല്ലികയെ ഓര്‍ത്ത് ആവേശം പൂണ്ടാണ് ഞെട്ടിയുണര്‍ന്നത്.

കൂരയ്ക്കു മുന്നിലിട്ടിരുന്ന കയര്‍ വിരിച്ച കട്ടിലില്‍ എന്നെയാരോ വരിഞ്ഞുകെട്ടിയിട്ടിരുന്നു. എന്‍റെ നെഞ്ചില്‍ ചവുട്ടി, എന്നെത്തന്നെ തുറിച്ചുനോക്കിക്കൊണ്ട് സൗജന്യ നില്‍പ്പുണ്ടായിരുന്നു. അവള്‍ക്ക് പുറകിലായി പണിക്കാരന്‍ ചെക്കനൊളിച്ചു നിന്നു.

താഴെ നിന്നും നോക്കുമ്പോള്‍ വാരിച്ചുറ്റിയ സാരിക്കിടയിലൂടെ അവളുടെ ഉന്തിയ വയറെനിക്കു കാണാം. ഞങ്ങളുടെ കുഞ്ഞ്!

“ഈ രാത്രിയൊന്ന് തീരട്ടെ…,” മനസ്സില്‍ കിടന്ന് മല്ലിക പറഞ്ഞു.

“മല്ലികേ…,” ഞാനലറി വിളിച്ചുനോക്കി.

അതിനു മുന്നെ മൂര്‍ച്ചയുള്ളൊരു മഴു വന്നെന്‍റെ കഴുത്തിലാഞ്ഞു പതിച്ചു.

എല്ലാമവിടെ തീര്‍ന്നുവെന്നാണ് കരുതിയത്. പക്ഷേ ഞാന്‍ ഇനിയും മരിച്ചിട്ടില്ല. ഇതെന്‍റെ മരണമൊഴിയാണ്. ഈ വലിയ പാടത്തിന്‍റെ നടുക്ക് രക്തം വാര്‍ന്നൊലിച്ച് മരണംകാത്ത് കിടക്കുകയാണ് ഞാന്‍.

സൗജന്യയും പയ്യനും എല്ലാം കെട്ടിപ്പെറുക്കി പോയിക്കഴിഞ്ഞു. ഏത് നിമിഷവും അവളുടെ അപ്പനും ബന്ധുക്കളും എന്നെത്തേടി എത്തിയേക്കാം. അതിനുമുമ്പ് എന്നെക്കുറിച്ചുള്ള സത്യം നിങ്ങളെല്ലാവരോടുമായി എനിക്ക് പറയണം…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here