അഡൽട്സ് ഒൺലി

0
288

കഥ

പ്രദീഷ് കുഞ്ചു

സീൻ ഒന്ന് ആരംഭിക്കുമ്പോൾ ….
ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഓർമ്മചിത്രംപോലെ, മണ്ണിനടിയിൽ പുതഞ്ഞുകിടന്ന്, ലോകത്തെ മുഴുവൻ തീക്ഷ്ണമായി നോവിച്ച ആ കുഞ്ഞു പെൺകുട്ടിയുടെ ചലനമറ്റു കിടന്ന കണ്ണുകൾ കണക്കെ, ആറുവയസ്സുകാരൻ നിർമലിന്റെ മൃതശരീരം ആകാശത്തേക്ക് നോക്കി, നീർകുമിളകൾ പുറത്തേക്ക് വിട്ട്,
പതുക്കെ പതുക്കെ വാട്ടർ ടാങ്കിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുപോയി.

സീൻ രണ്ടിൽ…
നിർമലിനെ നടുക്കുനിർത്തി, ആ ചെറിയ സ്റ്റെയർകെയ്സിലൂടെ ചൈൽഡ് കെയർ സെന്ററിന്റെ ടെറസ്സിലേക്ക് കയറുകയാണ് ദിനനാഥും (13 വയസ്സ്)  വെട്രിയും (10 വയസ്സ്). കെട്ടിടത്തിന്റെ മുൻവശത്തെ പുല്ലുപിടിച്ച മുറ്റത്ത്,  തലകുനിഞ്ഞിരുന്ന് മണ്ണിൽ കുഴിയുണ്ടാക്കി കളിക്കുകയാണ് നിത്യ (7 വയസ്സ്). വിശാലമായ കെട്ടിട വളപ്പിന് ദൂരെ, ആരെയും കാണാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് ചൈൽഡ് കെയർ സെന്ററിലെ ഗേറ്റ് കീപ്പർ.  കൈവരിയില്ലാത്ത സ്റ്റെയർകെയ്സ് പൂർത്തിയാക്കി, കെട്ടിടത്തിന്റെ മുകളിലുള്ള സിമന്റ് വാട്ടർ ടാങ്കിന്റെ  മുകളിലേക്ക് ഏന്തി വലിഞ്ഞു നോക്കുമ്പോൾ കാണുന്ന ആറു കാലുകളിൽ, ഉപ്പൂറ്റിയിൽ ഊന്നി നിൽക്കുന്ന രണ്ട് കുരുന്നുകാലുകൾ.

രണ്ടാമത്തെ സീൻ അവസാനിക്കുന്നു.

സീൻ മൂന്നിൽ …
ഒരല്പം പഴകിയ പുസ്തക പേജുകൾ മഞ്ഞകലർന്ന ചുവലനിറത്തിൽ കാറ്റിൽ ഇളകുന്നതുപോലെ, കോടതിയുടെ ശബ്ദമുഖരിതമായ അന്തരീക്ഷം. പിന്നീട് ആ ശബ്ദം നിലയ്ക്കുമ്പോൾ തെളിയുന്നത് രണ്ട് പത്രക്കുറിപ്പുകളാണ്.

ഒന്ന്
കുളക്കരയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം, യുവതി അറസ്റ്റിൽ.
വടകര: കാമുകനോടൊപ്പം ജീവിക്കാൻ നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു നാടുവിട്ട യുവതിയെ കഴിഞ്ഞ ദിവസം വടകര പോലീസ് അറസ്റ്റ് ചെയ്തു. സംശയകരമായ സാഹചര്യത്തിൽ
കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് പോലീസ് തിരച്ചിൽ ആരംഭിച്ചത്. വടകര മേൽപാലത്തിനടുത്ത് വാടകക്ക് എടുത്ത വീട്ടിൽ ഒറ്റക്ക് താമസിച്ചു വരുകയായിരുന്നു യുവതി. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം ജീവിക്കാനായാണ് നാലുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ വീടിന് സമീപമുള്ള കുളക്കരയിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ കോടതി ഇടപെട്ട്, ജില്ലാ ശിശുസംരക്ഷണ വിഭാഗത്തിലേക്ക് കൈമാറി.

രണ്ട് :
സ്കൂട്ടർ കനാലിലേക്ക് വീണ് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കുറ്റ്യാടി : കനാലിലേക്ക് സ്കൂട്ടർ മറിഞ്ഞുവീണ് ഭാര്യയും രണ്ടുകുഞ്ഞുങ്ങളും മരിച്ച സംഭവത്തിന്റെ അന്വേഷണത്തിനൊടുവിൽ ഭർത്താവ് അറസ്റ്റിൽ. രണ്ടാം വിവാഹം കഴിക്കാനാണ് താൻ കൊല നടത്തിയതെന്ന് പ്രതി സെൽവം (40) കുറ്റം സമ്മതിച്ചു. നാല് വയസ്സുള്ള മൂന്നാമത്തെ കുഞ്ഞ് അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്ന് ജോലിചെയ്യുകയായിരുന്നു സെൽവന്റെ കുടുംബം. സെൽവന്റെ അറസ്റ്റിനെ തുടർന്ന് കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറി.

സീൻ നാല് തുടങ്ങുമ്പോൾ …
ബ്ലാക് ആൻഡ് വൈറ്റ് നിറത്തിലുള്ള ദൃശ്യമാണ് ചിത്രത്തിൽ. കാറ്റിൽ ഇളകിയാടുന്ന ജനൽ കർട്ടനും പിന്നെ ഇന്ദിരക്കും ഇടയിൽ, ഇന്ദിരയുടെ ഭർത്താവും ഭർതൃമാതാവും തമ്മിൽ കലഹിക്കുന്ന മങ്ങിയ ദൃശ്യം. അതിന് മുന്നിലായി ദുഃഖത്തിൽ കരഞ്ഞ്, കൺമഷി കലങ്ങി, നിശ്ചലയായി ഒരു ടേബിളിന് മുകളിൽ കൈത്തണ്ടയിൽ തല ചായ്ച്ചിരിക്കുന്ന ഇന്ദിര. പിന്നെ നീണ്ട വരാന്തയുടെ ഒരറ്റത്ത് നിന്ന് പതിയെ ഒരു കുഞ്ഞിന്റെ ശബ്ദം ഉയർന്നു വരുന്നു. കാൽ പാദങ്ങൾ പതിയെപ്പതിയെ നടന്നടുക്കുന്നു. അടുക്കുന്തോറും ദൃശ്യം ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേക്ക് മാറുന്നു.

നിഴലുകളുടെ പിടിയിൽ നിന്നും ഇന്ദിര ഇന്നൊരു പുതിയ മേൽവിലാസം നേടുകയാണ്. ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള സ്ഥിരമായ നിരാശാ യാത്രയിൽനിന്ന്, ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റിലെ അപേക്ഷകളിൽ നിന്നും പേപ്പർവർക്കുകളിൽ നിന്നും ഇപ്പോഴൊരു വെളിച്ചം കയറി വരുന്നുണ്ട്. ചുവന്ന നാടയിൽ നിന്ന് ഒരു വെള്ള പേപ്പർ പുറത്തു വന്ന് പച്ച മഷിയുടെ സ്വാതന്ത്ര്യത്തിലേക്ക് വരും പോലെ.  മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സാൻജോ ചൈൽഡ് കെയർ സെന്ററിന്റെ മുറ്റത്ത് മറ്റ് കുട്ടികളോടൊപ്പം ഓടി കളിക്കുന്ന നിർമ്മലിന്റെ ചിരിക്കുന്ന മുഖം ഇന്ദിരയുടെ ജീവിതത്തെ കുറേക്കൂടി തെളിച്ചമുള്ളതാക്കുന്നു.

സീൻ അഞ്ച് തുടങ്ങുമ്പോൾ …
അവിടവിടങ്ങളിലായി കളിപ്പാട്ടങ്ങൾ കിടന്നിരുന്ന വിശാലമായ ഹാളിനകത്ത് ദിനനാഥ് സോപ്പ് ബബിൾസ് ഊതി പറത്തിവിടുകയാണ്. പത്തിൽ താഴെ എണ്ണം വരുന്ന കുട്ടികൾ അത് പൊട്ടിക്കാനായി ബഹളം വെക്കുകയാണ്. ആളുകളില്ലാത്ത സ്ഥലത്തേക്ക് മാറിമാറി ദിനനാഥ് ബബിൾസ് ഊതി പറത്തിക്കൊണ്ടിരുന്നു. ദിനനാഥ് ചിരിക്കുന്നുണ്ടായിരുന്നില്ല. ഓരോ തവണ സോപ്പ് വെള്ളം തീരുമ്പോഴും ഒരു സേവകനെപ്പോലെ, വെട്രി തന്റെ കൈയ്യിൽ പിടിച്ചിരുന്ന കപ്പിൽ നിന്ന് സോപ്പുവെള്ളം ദിനനാഥിന്റെ പക്കലുള്ള ട്യൂബിലേക്ക് നിറച്ചു കൊടുത്തുകൊണ്ടിരുന്നു.

നിർമലിന്റെ നെറ്റിമേൽ തട്ടി പൊട്ടിച്ചിതറുന്ന ഒരു കുമിള. നിർമ്മലിന്റെ ചിരിക്കുന്ന മുഖം.

ഇതോടുകൂടി ഈ സീൻ അഞ്ചിന്റെ പകുതി ഭാഗം തീരുകയാണ്.
മറുപകുതിയിൽ നിർമ്മലിന്റെ കയ്യിലാണ് സോപ്പു വെള്ളം നിറച്ച ട്യൂബ്. അതിൽ നിന്ന് ബബിൾ സ്റ്റിക്കിലേക്ക് വെള്ളമെടുത്ത്, അധികം ഉയരത്തിലല്ലാതെ കുമിളകൾ അവൻ പറത്തിവിട്ടുകൊണ്ടിരുന്നു. കുമിളകൾ പൊട്ടിക്കുവാനും കയ്യടിച്ച് നിർമ്മലിനെ പ്രോത്സാഹിപ്പിക്കുവാനും കുട്ടികളോടൊപ്പം സെന്ററിലെ കെയർടേക്കർ സിസ്റ്റർ ജൂലിയുമുണ്ടായിരുന്നു. ഈ ശബ്ദങ്ങൾക്കിടയിൽ നിന്ന് മാറി, ഏറ്റവും പുറകിലായി നിന്നിരുന്ന ദിനനാഥും വെട്രിയും പരസ്പരം സംസാരിക്കാതെ മുഖം നോക്കി നിൽക്കുന്നതോടുകൂടി, ആ സീൻ ഇരുണ്ടിരുണ്ട് അവസാനിക്കുന്നു.

അടുത്ത സീൻ കാണിക്കുമ്പോൾ …

ചെറുതെങ്കിലും മനോഹരമായതും വൃത്തിയുള്ളതുമായ തീൻ മേശയിലാണ് കുട്ടികൾ എല്ലാവരും. ശ്രദ്ധാപൂർവ്വം അവർ ഭക്ഷണം കഴിക്കുമ്പോൾ കുട്ടികളുടെ നിഷ്ക്കളങ്കമായ മുഖങ്ങൾ ഒരോന്നായി മാറി മാറി കാണാനാകും.  പശ്ചാത്തലത്തിൽ ശ്രുതിമധുരമായ ഒരു പ്രാർത്ഥനാ ഗാനം കേൾക്കാം. കുട്ടികളോടൊപ്പം ആ ഗാനത്തെ ലയഭാവത്തോടെ കണ്ണടച്ച് കേൾക്കുന്ന സിസ്റ്റർ ജൂലി . പ്രാർത്ഥനാ ഗാനം പാടുന്ന നിർമ്മലിനെ കണ്ടു മറയുന്നത്, ഹാളിന്റെ ഏറ്റവും പുറകിലായി നിൽക്കുന്ന ദിനനാഥിന്റെയും വെട്രിയുടേയും തോളുകൾക്കും തലകൾക്കും ഇടയിലൂടെയാണ്.
ഉയർന്ന ശബ്ദത്തിൽ വെട്രി, നിർമ്മൽ നിന്നിരുന്ന സ്ഥാനത്ത് നിന്നുകൊണ്ടു പാടുന്ന പ്രാർത്ഥനാ ഗാനത്തോടു കൂടി പരിസരം ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലോട്ട് വേഗത്തിൽ മാറുന്നു.

സീൻ ഏഴ്…
ഇന്നാണ് നിർമൽ, സാൻജോ ചൈൽഡ് കെയർ സെന്ററിൽ നിന്ന് പുതിയൊരു വീട്ടിലേക്ക് പോകുന്നത്.

രാവിലെ ഏഴ് മണിയോടടുത്ത സമയത്തെ കുട്ടികളുടെ തിരക്കാണ്. സിസ്റ്റർ ജൂലി രാവിലത്തെ  അസംബ്ലിക്കും ഭക്ഷണത്തിനുമുള്ള  ഒരുക്കത്തിനായി ഹാളിലാണ്.

നിത്യ കുളികഴിഞ്ഞ്, പുതിയ ഉടുപ്പണിഞ്ഞ് നിർമലിന്റെ കട്ടിലിന് നേരെ നടന്നടുക്കുന്നു.
ദിനനാഥും വെട്രിയും  ഒരിക്കലും പൊട്ടില്ലെന്ന കുമിളകളുടെ സ്വപ്നങ്ങൾകൊണ്ട്  സിസ്റ്റർ ജൂലിയുടെ  അടുത്തേക്ക് പതിയെ നടന്നടുത്തു.

അവസാന സീൻ
വലിയ ശബ്ദത്തോടെ വാതിൽ തള്ളിത്തുറന്ന സിസ്റ്റർ ജൂലി കാണുന്നത്, കട്ടിലിൽ ഉറങ്ങുന്ന നിർമലിന്റെ തലമുടി, കർച്ചീഫ് ഉപയോഗിച്ച് തുടക്കുന്ന നിത്യയെയാണ്.

“കുളിച്ചിട്ട് തല തോർത്താതെ വീണ്ടും കിടന്നുറങ്ങുകയാണ് സിസ്റ്ററേ”
നിർമലിന്റെ തലതുടച്ചു കൊണ്ടുതന്നെ നിത്യ പറഞ്ഞു.

പുറത്ത് ഇന്ദിരയും കുടുംബവും കാറിൽ സമയത്തിന് എത്രയോ നേരത്തെ എത്തിച്ചേർന്ന ശബ്ദം സിസ്റ്റർ ജൂലി കേട്ടു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here