അസാഹസികരായ രണ്ടു പേരുടെ വ്യഥ

1
296

(കഥ)

ജോയൽ തയ്യിൽ ബാബു

God’s truth, I swear to you that now, whenever I think of us, he is me and I’m him.
-David Diop (At Night All Blood Is Black)

 1

കരയാനായി ജനിച്ചവനായിരുന്നു. കെട്ടി നിന്ന്, നിന്ന് കരയുന്നതുകാണാൻ ഒരു രസമായിരുന്നു. വൃത്തിയും വെടിപ്പും കൃത്യമായി പാലിച്ചിരുന്നെങ്കിലും അലസമട്ടായിരുന്നു മൊത്തത്തിലവന്റെ നടപ്പ്.

പ്രണയനഷ്ടത്തിന്റെ പേരിൽ കരഞ്ഞു കണ്ടിട്ടില്ല, പ്രണയിക്കുന്ന വേളയിൽ കരച്ചിൽ നിരന്തര പ്രക്രിയയായിരുന്നു. ചിലപ്പോളൊക്കെയെനിക്ക് ചിരിവരും. കരച്ചിൽ കണ്ടുകൊണ്ട് തന്റെ കാമുകിമാരുവരെ ചിരിക്കുന്നത് കാണാം. അടുപ്പമുള്ളവരോട് ഒരുപാട് സംസാരിച്ചു സംസാരിച്ചു സങ്കടം കേട്ട് കരയും, മദ്യപിച്ചു ശബ്ദമില്ലാതെ കരയും, രാത്രിയിലെ തണുപ്പിനെ കെട്ടിപിടിച്ചു ഹോസ്റ്റൽ  ടെറസ്സിൽ ബീഡി ഉള്ളങ്കയിലാക്കി കരയും, കോട്ടയം ടൗണിലൂടെ രാത്രി നടക്കുമ്പോൾ കരയും, മെഡിക്കൽ കോളേജിലെ രോഗികളുടെകൂടെയിരുന്നുകരയും, അവസാന സെമസ്റ്ററിൽ യുവാക്കൾ ക്യാംപസുവിട്ടുപോയതിനു  ശേഷം ബട്ടർഫ്ലൈ പൂന്തോട്ടത്തിന്റെ സമീപത്തുനിന്ന് കരയും, സി.എം.എസ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയിലെ കുളിമുറിയിൽ ദേഹം നനഞ്ഞ് നഗ്നനായി തന്റെ ചെറുദൈവത്തെ ഉഗ്രരൂപത്തിലാക്കുന്നേരം അല്പവിസ്തൃതിയായ ജനാലയിലൂടെ  മരങ്ങളെയും തട്ടി ചെന്നിറങ്ങിയ റോഡിലൂടെയുള്ള നോട്ടത്തിൽ ദൂരെക്കാഴ്ചയിലും സ്പഷ്ടമായ പ്രണയക്കാഴ്ചയിൽ, നിരത്തിലെ വണ്ടികളിലൊന്നിന്റെ പിറകിൽ കാമുകിയും ഇരുചക്രത്തിനു നേതൃത്വം കൊടുക്കുന്ന അച്ഛനും കറങ്ങിപ്പോകുമ്പോൾ പ്രണയം പ്രിയയോട് പറഞ്ഞറിയിക്കാൻ സാധിക്കാതെ തണുത്ത ശരീരം പുകഞ്ഞു ലോകം മറിഞ്ഞപ്പോൾ കരച്ചിൽവന്നു. ലഘുയാത്രയിലെ മനുഷ്യരുടെ വ്യഥകളെ മറികടന്ന് പിന്നിലാക്കുമ്പോൾ കരച്ചിൽ കണ്ണിൽ വേലികെട്ടിനിന്നു. കോട്ടയത്തെ ഉള്ളിലാക്കാൻതക്ക അവൻ കരഞ്ഞിരുന്നു.

2

 

ഉറക്കെയുള്ള, മനുഷ്യരാശിയുടെ ചരിത്രത്തിൽ കാണാത്തതരം ചിരിച്ചുമാറിയലായിരുന്നു എനിക്കവന്റെയിഷ്ടം. അതുപറഞ്ഞു പറഞ്ഞു ഞങ്ങൾ രണ്ടുപേരും ചിരിക്കും.

3

കാമം ഉള്ളിൽ തുമ്പികൈ വീശിക്കൊണ്ടിരിക്കുന്നതിനാലാണ് ഞാൻ കാമുകനായത്. അവൻ പറഞ്ഞത് സത്യമായിരുന്നു. മണ്ണറിഞ്ഞു കാമിക്കുമ്പോൾ ഭൂമിയിലെ എല്ലാ ചെടികളും പൂക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഒരുതവണ ചന്ദ്രൻ നെറുകന്തലയിൽ നിൽക്കുമ്പോൾ പിറന്നപടി വയറും കുലുക്കി മുറിയിലേക്ക് കയറി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കാമുകിയുടെ വീട്ടിൽനിന്നു ഇരുദേഹങ്ങളും ശരീരത്തെ അറിഞ്ഞുകൊണ്ടിരുന്നപ്പോൾ ആരുടെ മുഖം കണ്ണിൽ തെളിഞ്ഞുവരണമെന്നു കുഴഞ്ഞു. ആയാസപ്പെട്ടു. കഴിഞ്ഞുപോയകാലത്തെ സ്നേഹത്തിന്റെ മണമനുഭവിച്ചപ്പോൾ,  ഏഴ് മാസങ്ങൾക്കുമുൻപ് പിരിഞ്ഞുപോയ കാമിനിയുടെ മുഖം ഇണചേരലിൽ തെന്നി വീണു. ഭോഗകേളിയുടെ  അടുത്ത ഘട്ടത്തിലേക്കുകയറാൻ സാധിക്കാതെ ആ പ്രഹേളികയിൽ കുടുങ്ങു. ആനന്ദത്തിൽ പകർന്നാടി പരമാനന്ദത്തിലേക്കുള്ള യാത്രയിൽ പുറത്തുവരാൻ നിരാധാരമായ വിഷമവൃത്തത്തിലായി.

ആരെയാണ് പ്രേമിക്കുന്നത്?

ആരെയാണ് അറിയേണ്ടത്?

ആരെയാണ് കണ്മുന്നിൽ കാണേണ്ടത്?

ആരെയാണ് ധ്യാനിക്കേണ്ടത്?

ആരുടെ ഗന്ധമാണ് അനുഭവിക്കേണ്ടത്?

ആരിലാണ് ഒന്നാകേണ്ടത്?

ആരിലാണ് മരിക്കേണ്ടത്?

ആരിലാണ് ആഹാരമാകേണ്ടത്?

ശരീരത്തിന് മുകളിൽ വൃക്ഷമായി പടർന്നിരിക്കുന്നവാളോട് ഒന്നും ഉരിയാടാൻ സാധിക്കാതെ, ദൈർഘ്യമേറിയ വിക്ക് പിടിപെട്ടു നാവിലും ഉടലിലും. വൃക്ഷത്തെ ചെരിച്ച്, സ്നേഹത്തെ ഇറക്കിവിട്ട ശരീരവുമായി, വിവസ്ത്രനാക്കി നടന്നുവന്നു. ശ്വസിക്കുന്ന ശരീരത്തിൽ ചുംബിക്കുമ്പോൾ ആത്മാവിനെ അനുഭവിക്കാൻ സാധിക്കാത്ത അവന്റെ ഇരുതുടകളെ ബന്ധിപ്പിക്കുന്ന പൂർണ്ണചന്ദ്രന്റെ ഉള്ളിലെ ഇടതുഭാഗം പൊടിരോമങ്ങളാൽ താഴേക്കല്പം വലിഞ്ഞുകിടന്നു വിറയ്ക്കുണ്ടായിരുന്നു. നാവികൻ ഉള്ളകടൽകാണാതെ തലതാഴ്ത്തി. വിയർക്കുന്ന ശരീരത്തിൽ കണ്ണിൽനിന്നും വിയർപ്പുരുണ്ടുനീങ്ങി.

ഇരുപത്തൊന്നുവയസുകാരന്റെ കാമുകിമാരോട് സ്നേഹമായിരുന്നു. അരിച്ചെടുത്ത പ്രണയിനികളായിരുന്നു അവർ. അപകടകരമായി ചിന്തിച്ചിരുന്ന പെണ്ണുങ്ങൾ മാത്രമായിരുന്നു അവനിലേക്ക് സഞ്ചരിച്ചിരുന്നത്. പ്രണയമൊരു അപസർപ്പകനാക്കിയപ്പോൾ അവനതാഘോഷിച്ചു. പ്രണയം കുറ്റകൃത്യവും കാമുകിമാർ കൃത്യനിർവഹരുമായി പരിവർത്തിച്ചപ്പോളുണ്ടായ അവസ്ഥ സർഗ്ഗശക്തിയായവനിൽ മാറി.

ഓരോ സ്ത്രീകളും ഒരു ബൃഹത് ലൈബ്രറികളാണ്, ഓരോ പുരുഷന്മാരും ഓരോ പെട്ടിക്കടകളുമാണെന്നു പറഞ്ഞവസാനിച്ച ചിരി ശക്തിബാറിനുള്ളിലെ കോണിൽ ഇരുണ്ട അന്തരീക്ഷത്തിന്റെ കറുത്ത സോഫവരെ വലിഞ്ഞു. വിസ്കി അണ്ണാക്കിലൊഴിച്ചാണവന്റെ ചിരി ഞാൻ നിർത്തിയത്. അതേസമയം പരിഭവം പറയുകയും ചെയ്യുമായിരുന്നു ഈ വായനക്കാരൻ. പ്രണയം വെല്ലാതെ തന്റെ വായനയെ ക്ഷീണിപ്പിക്കുന്നുണ്ടെന്നു പിറുപിറുത്തു. മദ്യപിക്കുമ്പോഴും വലിക്കുമ്പോഴും വെറുതെയിരിക്കുമ്പോഴും വായനയെപറ്റി ചിന്തിക്കും. ഇഷ്ടപ്പെട്ടവരെ ഓർത്തിരിക്കുമ്പോൾ കഴിക്കാൻ മറക്കുന്നു, ദേഹത്തിൽ നിന്നും അല്പശരീരം ഭൂമിയിൽ അലിയുന്നു, രൂപഭേദം സംഭവിക്കുന്നുയെന്നെല്ലാം പറയും. സ്വയം ബോധവാനായിരുന്നു പ്രണയത്തിന്റെ ഇടവേളയിലെ വായനക്കാരനായിമാറിയെന്ന്. വായനയെക്കുറിച്ചു പറഞ്ഞ് ലെക്ക്‌കെട്ടു. മദ്യത്തേക്കാൾ ഗൗരവം കണ്ണിരിനുണ്ടായിരുന്നു.

4

ഓയിൽ പെയിന്റിൽ സൃഷ്ടിച്ച ഒരു ചിത്രം കൊടുത്തു ഞാൻ. സീയെമ്മസ്സ് കോളേജിലെ മഴമരത്തിന്റെ കീഴിലായി അവന്റെ വർത്തമാനകാല കാമുകി മടിയിലിരുന്ന് പ്രേമിക്കുന്നതും, മണ്ണിലെ ഓരോ ജന്തുജാലങ്ങളും അവരെ കൗതുകത്തോടെ വീക്ഷിക്കുന്നതുമായിരുന്നു.

ഇന്ത്യൻ  ഏസ്തെറ്റിക്സിന്റെ കുറവുണ്ടിതിൽ. തലയെപ്പോഴും പടിഞ്ഞാറെക്കല്ലേ അല്ലേലും നിന്റെയൊക്കെ, മറ്റൊരുകാര്യം മറയ്ക്കാനാണവനത് പറഞ്ഞത്. ഞാൻ ഹോസ്റ്റൽകിടക്കയിലിരുന്ന് ഭിത്തിയിൽ ചാരി തുറിച്ചുനോക്കി. അല്പനേരം എന്നെയും നോക്കി. പിന്നെയുംനോക്കി. മണിക്കൂറുകൾ ഞങ്ങൾ രണ്ടുപേരും നോക്കിയിരുന്നു. ഒരുപക്ഷെ ദിവസങ്ങളോളം ആയിരുന്നിരിക്കാം. തെറ്റായ സമയ ദൈർഘ്യം പരിസരത്തുള്ളതുപോലെ. കെട്ടിപ്പിടിച്ച് ഉമ്മതന്ന് ആ കാലാവസ്ഥയെ മറികടന്നു അവൻ. അവന്റെ രുചിയെന്റെ ശരീരമറിഞ്ഞു. ഉമ്മതന്ന് ചിരിച്ചു വീണ്ടും. ഞാൻ ചിരിച്ചില്ല. നീയെന്റെ പ്രേമത്തെവരച്ചു, എന്നെ വരച്ചില്ല എന്നുപറഞ്ഞ് അപ്രത്യക്ഷനായി. അവന്റെ കള്ളത്തരം ഞാൻ മനസ്സിലാക്കിയത് കണ്ണീരായി പുറത്തുവരുന്നതറിയാതിരിക്കാനാണ് മായയായത്.

5

ദുരൂഹതയുടെ ആത്മാക്കൾ വലയം ചെയ്തുനടക്കുമ്പോൾ അവന് ഭാരം തോന്നാറില്ല. ഭൂമിയിൽ കാല് ശരിക്കും  സ്പർശിക്കാറുണ്ടോ? എങ്കിലല്ലേ ഭാരം അറിയൂ. രാവിലെ ക്യാമ്പസിലേക്ക് നടന്നുപോകുമ്പോൾ പലനിറമുള്ള പൂവ് കാറ്റിൽ നീങ്ങുന്നത് അവന്റെ നടപ്പിൽ കാണാൻകഴിയും. ഞങ്ങളുടെ സൗഹൃദവലയത്തിലെ ഏറ്റവും വലിയ തമാശക്കാരൻ അവനായിരുന്നു. തമാശകളിയിൽ ആനന്ദിക്കുമ്പോൾ അവന്റെ ലോകം അവനായി ചെരിഞ്ഞു കൊടുത്ത് വായുവിൽ കിടത്തും. പ്രധാനപെട്ട തമാശ ശീലത്തിലൊന്ന്, ചിലർക്ക് മദ്യം ഒരുപാടുകൊടുത്ത് അവരുടെ കഥ കേൾക്കുന്നത്. ആ സമയങ്ങളിൽ അവനൊരുകള്ളനായിരുന്നു. പാതി മുഖംമൂടിയണിഞ്ഞ, പിടിതരാത്തവൻ.

6


ചിന്തകളിൽ തെന്നികിടക്കുമ്പോൾ ഞാനുൾപ്പെടെ എല്ലാവരും പലതും പറയും. ഇരുപതാം നൂറ്റാണ്ടോടുകൂടെ തുപ്പിക്കളഞ്ഞ അസ്തിത്വ ദുഃഖത്തിൽ ഇഴഞ്ഞുകുഴയാൻ  നാണമില്ലേയെന്ന് മുഖത്തടിച്ചു ചോദിച്ചപ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിള്ളേർക്ക് എസ്ക്സിസ്റ്റൻൽ ക്രൈസിസിൽ  അഭിരമിക്കാൻ അവകാശമില്ലേയെന്ന് തിരിച്ചടിച്ചു.

കേവലമൊരു അസ്തിത്വ ദുഃഖമല്ല പ്രശ്നം. പലപ്പോഴും എനിക്കത് തോന്നിയിട്ടുള്ളതാണ് വ്യവസ്ഥയും ചിട്ടവട്ടങ്ങളും നീതിന്യായരൂപവും കുടുംബങ്ങളുമായിരുന്നു ഒരു രോഗംപോലെ തലച്ചോറിനെ തിന്നത്. മറ്റുചിലപ്പോൾ മനസിലെ കഥകൾ പരിഭാഷപ്പെടുത്താൻ ഭാഷകിട്ടാതെ അലഞ്ഞു ദാഹിച്ചു. ക്ഷീണിച്ചലഞ്ഞ് ഉറങ്ങുമ്പോഴും ഭാഷയ്ക്കുവേണ്ടിയാവാൻ ഉറക്കത്തിൽ കരഞ്ഞു. പ്രണയത്തിന്റെ തത്വശാസ്ത്രങ്ങൾ മാറുന്നത് രോഗത്തിനാക്കംകൂട്ടി. അവളുടെ മജ്ജയിലൂടെ അരിച്ചിറങ്ങിയ വേഴ്ചയിൽ എന്നെ പകലും ഇങ്ങനെ സ്നേഹിച്ചൂടേ, ഇന്നേരങ്ങളിൽ മാത്രമല്ലാതെ എന്ന ചോദ്യം അവനെ ചുരുക്കിക്കളഞ്ഞു. ശരീരം പൊള്ളുന്ന വേദനയിലവൻ കരഞ്ഞു. വാക്കുകളും അർത്ഥങ്ങളും ബന്ധം വേർപിരിഞ്ഞ് സഞ്ചരിച്ചു. രാത്രി ഒരുമണിക്കു ശേഷം കോട്ടയം ടൗണിലൂടെ നടന്നുനീങ്ങി, തിരുന്നക്കരവഴി ഇടവഴിയിലേക്ക് കയറിയപ്പോൾ എന്റെ മെലിഞ്ഞ രൂപത്തെ വലതുകൈയ്യിലൂടെ തന്റെ ശരീരത്തിനുള്ളിലാക്കി കരഞ്ഞു. അവന്റെ ശരീരത്തിനുള്ളിൽ പാത്തിരുന്ന് കരച്ചിലിന് കാതോർത്തപ്പോൾ എന്തിനാണ് കരയുന്നതെന്നു ചോദിക്കാൻപോലുമായില്ല, അത്ര സങ്കടമുണ്ടായിരുന്നു ആ ശരീരത്തിന്. ശരീരം കരയുന്നതിനാവശ്യമായിരുന്നു.

7

സ്വന്തം നിഴലുമായി വേഴ്ചയിലേർപ്പെടുന്ന വിദ്യ സന്ധ്യാനേരത്തെ പതിഞ്ഞ സ്വർണ്ണനിറവെളിച്ചത്തിൽ തണുത്തകാറ്റിനെ ആവാഹിച്ചു പറഞ്ഞുതന്നു. നാണംകൊണ്ടെന്റെ ദേഹം കൂമ്പിപ്പോയി. ഒരുപാട് ഒരുപാട് നാണം വന്നു. കാമത്തിന്റെ തമ്പുരാനായിരുന്നു അവനെന്നു ഞാൻ മനസ്സിൽ മന്ത്രിക്കുന്നതുവരെ കേട്ടുനിന്നന്നെ നോക്കി.

8

ഡേവിഡ് ദിയോപ്പിന്റെ നോവലിന്റെ മലയാള പരിഭാഷയെനിക്കെടുത്തുതന്നിട്ട് ശാസ്ത്രിറോഡുവഴി കയറിപ്പോകുന്നത് ഞാൻ കണ്ടു. നിന്നിടത്തുനിന്ന് തന്നെ കല്ലായിപ്പോയി എന്റെ രൂപം. പി.ടി. ചാക്കോയുടെ പ്രതിമയുടെ കീഴിൽ പോയിനിന്ന് ഒരു പൊട്ടുപോലെ കാണാൻ കഴിയുന്ന എന്റെ നേരെ തിരിഞ്ഞുപറഞ്ഞു, നമ്മളെപ്പറ്റി ഇയാളെഴുതിയതിന്  ബുക്കർ സമ്മാനംവരെ ലഭിച്ചൂന്ന്. കോട്ടയം പട്ടണം കേട്ടില്ല അവന്റെ ശബ്ദം.

9

ഞാൻ രസിച്ചത് അവന്റെ മരണഭയമായിരുന്നു. കുടുംബപരമായി കൈമാറിവന്ന ആകുലതകൾ വല്ലാതെ കുഴക്കിയെങ്കിലും ചിലസമയം അവനത് മറക്കും. ഞാനതോർമ്മിപ്പിച്ചവന്റെ അവസ്ഥ മുതലെടുത്ത് ആനന്ദിക്കും. പക്ഷെ അവനെന്നോട് ക്ഷമിക്കും, മരിച്ചവരെക്കുറിച്ചു കുറ്റം പറയരുതെന്നാണല്ലോ, അവന്റെ പ്രേമത്തെക്കാളും സൗഹൃദത്തേക്കാളും സൗന്ദര്യം അവന്റെ ക്ഷമക്കുണ്ടായിരുന്നു. ഒരുപക്ഷെ അവനെല്ലാം അറിയാമായിരുന്നു. ചിലസമയങ്ങളിൽ മറ്റേതോ പ്രപഞ്ചത്തിലെ സഹവാസിയെപോലെ ആയതിനാൽ എനിക്കവന്റെ മരണം ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. കാറ്റിന്റെ ദിശമാറി വീണ്ടും പ്രത്യക്ഷനാകുമായിരിക്കും. ശരീരം മാത്രമല്ലേ പുഴുക്കൾക്ക് തിന്നാനാകു. ഓഷോ പറഞ്ഞപോലെ സൗഹൃദം ശുദ്ധമായ സ്നേഹമാണ്. സൗഹൃദത്തിന് അവന്റെ താടിയുടെ രൂപമായിരുന്നു. സ്ത്രൈണതമാർന്ന കണ്ണുകൾക്ക് ശുദ്ധജലത്തിന്റെ നിറവും.

10

കെട്ട സ്വപ്നത്തിന്റെ പിതാവാണ് നീയെന്ന് പറഞ്ഞപ്പോൾ ഞാൻ കെട്ട സ്വപ്നങ്ങളുടെ മാതാവാണ്, പിതാവിനെ ആർക്കുവേണമെന്നു പറഞ്ഞ അവന്റെ സ്വപ്നങ്ങളിലെ കാഴ്ചയെന്നോട്, എന്റെ ചെവിക്കുള്ളിൽ കടന്നു പറഞ്ഞത് ഹോം സയൻസിലെ ഒരു കുട്ടിയുമായി സീയെമെസ്സിലെ നാല്പതേക്കറിൽ മഴയത്തുകിടന്ന് ചലനതന്ത്രങ്ങളിലൂടെ, മരങ്ങളിലും കെട്ടിടങ്ങളിലും തട്ടി അവിടമാകെ വെളിച്ചം പൂക്കുന്ന ലക്ഷണമൊത്ത പകലിൽ, ഇടിയുടെയും കൊള്ളിയാന്റെയും സമക്ഷത്തിൽ രതിക്രീഢകളിലേർപ്പെടുന്നതായിരുന്നു. ഞാൻ ദൃശ്യവത്കരിച്ച ചിത്രത്തിൽ മഴനനയാതെ അമ്മ കൈക്കുഞ്ഞിനെ സ്നേഹത്താൽ ചാഞ്ഞുപിടിച്ചപോലെ അവന്റെ ഭൂഗോളത്തിനു മുകളിലെ കുതിച്ചുപൊങ്ങിയ,  കൊള്ളിയാൻ കാണാൻ കൊതിക്കുന്ന ഒറ്റക്കണ്ണൻ  ജന്തു ആയാസ്സപെടുന്ന തലയുമായി ബദ്ധപ്പെട്ട് സ്പോർട്സ് ഹോസ്റ്റലിലെ വഴിയിലൂടെ ക്യാന്റീനെ മറികടന്ന ക്യാമ്പസിന്റെ നടുമുറ്റത്തേക്ക് ഒരുകാലത്തും വാസ്തത്രമിട്ടിട്ടില്ലാത്തതരം ദേഹം കിതച്ചോടുന്നതാണ്. മഴയ്ക്കുള്ളിലൂടെ കാറ്റിന്റെ വേഗത ഭൂപ്രദേശത്തെ ചുഴറ്റി. നഗ്നരായി ഓടുന്ന ഇരുവരിലും ചിരിമുഴക്കങ്ങളിൽ വെളിച്ചോർജ്ജം മേഘത്തിൽനിന്നും പകർന്നുവീണു. ചിന്തയിൽ പെണ്ണിന്റെ ദൃശ്യം, നടുമുറ്റത്തിലൂടെ അവനുമേറെ മുന്നിലായി ഓടുന്നവളുടെ പിൻഭാഗം   ശക്തമായ പാറയ്ക്കിടയിലെ തെളിഞ്ഞ വെള്ളത്തിൽ, കുത്തൊക്കുഴുക്കിൽ നിലകിട്ടാതെ പരക്കംപായുന്ന മത്സ്യത്തെപോലെയാണ്. അവളുടെ ശരീരത്തിനുപുറമെ ദേഹത്തിലെ പലഭാഗങ്ങളും അവനുവേണ്ടി നൃത്തംചെയ്യുന്നു. പെണ്ണിന്റെ ശരീരത്തിന്  സീയെമെസ്സിന്റെ മണവും പൊടിയുമുണ്ടായിരുന്നു. ഉറഞ്ഞുതുള്ളി ചിരിച്ചുകൊണ്ട് നീങ്ങുന്നവളുടെ ഉടലിൽ മരവും മണ്ണും അള്ളിപിടിക്കാൻ വ്യഗ്രതകാണിച്ചു. സ്വപ്നത്തിന്റെ ബാക്കിഭാഗം തുടരുന്നതിന് വിരാമമിട്ടുകൊണ്ട് ഞാൻ അടുത്ത ഭാഗം പറഞ്ഞു. അന്തരീക്ഷം മതിമറന്ന്, ഇരുനൂറുകൊല്ലത്തെപോലും വിസ്‌മൃതിയിലാക്കി അവളുടെ ശരീരത്തിന്റെ എല്ലാ ദ്വാരങ്ങളിലേക്കും കയറാൻ തിടുക്കംക്കൂട്ടി. അവൻ കരഞ്ഞില്ല, നാണംകൊണ്ട് തലതാഴ്ത്തി. അവന്റെ സ്വപ്നം ആർക്കും കൈക്കലാക്കാൻ സാധിക്കില്ലായിരുന്നു. നീ കാണാതെപോയ ഭാഗം ഞാൻ പറയാം. അവൻ തുടർന്നു,  മണ്ണും മരവും  കെട്ടിടങ്ങളുമെല്ലാം അവളിലേക്ക് അനായാസം ചുഴലിക്കാറ്റുപോലെ കയറിയപ്പോൾ ഒരിലമാത്രം അവളുടെ പിറവിയുടെ മുന്നിലുള്ള മൂന്നുരോമക്കൂട്ടങ്ങളിൽ പടയാളികളെപോലെ തടഞ്ഞുനിർത്തി. ആ മഞ്ഞകലർന്നപച്ചയില നീയായിരുന്നു.

അവന്റെ ഭയാനകവും അറപ്പുളവാകുന്നതുമായ സ്വപ്നം ഞാൻ ഓർമ്മയുടെ ഗർത്തത്തിൽ അടക്കി. ഉറങ്ങാൻ പേടിച്ച്, ആഴ്ചകളോളം നടന്നുതീർത്ത കൺപോളകൾ എനിക്കൊരു ഭീതിയായി രൂപംകൊണ്ടു. നശിച്ച സ്വപ്നങ്ങളുടെ പെയ്തായിരുന്നു അവന്റെ മനസ്സ്.

11

എനിക്കാദ്യമായി ഒരു വദനസുരതം ലഭിച്ചു. വദനസുരമെന്നുതന്നെ ഞാൻ പറഞ്ഞു. തനിമലയാളത്തിൽ പറയാൻ എനിക്ക് തോന്നിയില്ല. എന്തോ വല്ലാത്ത സന്തോഷം വന്നതുകൊണ്ടാകാം അങ്ങനെ ഞാൻ പറഞ്ഞത്. പൊട്ടനെന്നുപറഞ്ഞവനെന്റെ ‘വദനസുരത’ത്തെ കളിയാക്കി. എനിക്കപ്പോഴും ചമ്മലായിരുന്നു. പുതുഭൂഖണ്ഡം സ്പർശിച്ച ഊർജ്ജമെന്നിൽവർധിച്ചു. ഹോസ്റ്റലിൽ നിന്ന് അവന്റെ ചിരിയുടെ ദൈർഘ്യമേറുമെന്നറിഞ്ഞ് കോളിൻസ് ലൈബ്രറിയിൽപോയി ഒരു പുസ്തകം തേടാൻ അവനായി. ലഭിച്ചില്ല. മലയാളത്തിലെയും കെമിസ്ട്രിയിലെയും രണ്ടുപെണ്ണുങ്ങൾ രണ്ട് കോപ്പിയുമായി മടങ്ങിയെന്നറിഞ്ഞു. വെയിലത്ത് കോട്ടയം പട്ടണം വഴിനടന്നു. ശാസ്ത്രിറോഡിലെ തിരക്കിനെ പിന്നിലാക്കി ഡി.സി. ബുക്സിലേക്ക്. വിയർത്തുകുളിച്ച് അവന്റെ മുന്നിൽച്ചെന്നു നിന്നപ്പോൾ ചിരിയൊടുങ്ങിവന്നു. ഇഷ്ടക്കാരി  ബംബിൾ വഴി കിട്ടിയ ബെസേലിയോസിലെ പെണ്ണല്ലേ അവളെന്ന് ചോദിച്ചപ്പോൾ ഉൾകിടിലം സംഭവിച്ചു. അവനറിയാതെ പ്രണയിക്കാൻ ശ്രമിച്ചതിലും പരാജയമെനിക്ക്. സന്തോഷത്തിനെനിക്ക് കുറവില്ലായിരുന്നു. കൈലുള്ള ഫിലിപ് റോത്തിന്റെ ‘ഇൻഡിഗ്നഷൻ’ നോവൽ കൊടുത്തു. എന്തിനാണ് മേടിച്ചതെന്നോ, റോത്തിനെ തന്നെ തിരഞ്ഞെടുത്തതെന്നോ എനിക്കറിയില്ല. സന്തോഷവും നാണവും ഇടകലർന്ന് ആലിംഗനംബദ്ധരായപ്പോൾ, ചെയുന്ന ക്രിയകളെല്ലാം മറ്റേതോ ഒരു അർത്ഥത്തെ സ്ഫുരിപ്പിക്കുമെന്നെനിക്ക് പറഞ്ഞു-ചെയ്തു തന്ന, വളർന്നുവരുന്ന സാഹിത്യകാരികൂടെയയാ ആ കുട്ടി. അവളുടെ ചുരുണ്ടമുടിക്കിപ്പോൾ എന്റെ ഗന്ധമാണ്.

12

വിപ്ലവം വരുമെന്ന് വിശ്വസിച്ചിരുന്ന സഖാക്കൾക്ക് അറിയില്ലായിരുന്നു വിപ്ലവം ഞങ്ങളാണെന്നു. പാതിരാത്രി ചന്തക്കവലവഴി നിരത്തിൽപുതിയ കിളുന്തുകളിറങ്ങിയോന്നറിയാൻ നടന്നപ്പോളായിരുന്നു ഇരുവിപ്ലവങ്ങളെയും വിപ്ലവകാരികളാൻമോഹിച്ചവർ തല്ലിച്ചതച്ചത്. ഇരുണ്ട വെളിച്ചത്തിൽ കൊമ്പൻമീശക്കാരൻ സ്റ്റാലിൻ ഉണ്ടായിരുന്നു. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. പക്ഷെ അവൻ അവരോടും സ്റ്റാലിനോടും ക്ഷമിച്ചു. സന്തോഷിക്കുകയാണ് നമ്മളിപ്പോൾ ചെയ്യേണ്ട പ്രാഥമികകർമ്മം. സ്റ്റാലിൻ രംഗത്തിറങ്ങി, നമ്മളെകൊണ്ട് ; നമ്മുടെ യുവത്വംകൊണ്ട്  സാധിച്ചു. കാറൾ മാക്സ് നമ്മോടുകൂടെ. അവൻ ചിരിച്ചു. വിപ്ലവം കറുപ്പാണ്, മാക്‌സും കറുപ്പാണ്, നമ്മുടെ ആശയങ്ങളും ദർശനങ്ങളും കറുപ്പാണ്. അവർ ഭയക്കുന്നത് കാണുമ്പോൾ കറുപ്പ് ലഹരിയാകുന്നു എനിക്ക്.

കോട്ടയം മെഡിക്കൽകോളേജിലെ രോഗികളെ അവൻ കിടക്കയിൽ കിടന്ന് വീക്ഷിക്കുന്നുണ്ട്. സെലിൻ മാത്യു കാഫ്കയെക്കുറിച്ചെഴുതിയ ചെറുപുസ്തകം എതിർ ദിശയിൽ കിടക്കുന്ന വ്യക്തി വായിക്കുന്നു. ശുഭപ്രതിക്ഷയ്ക്കായിരിക്കണം കാഫ്കയുടെ ജീവിതം വായിക്കുന്നത്. വായിക്കുന്നത് കോട്ടയം കാഫ്ക, അതെ നീല പുള്ളികൈലിമുണ്ട് തിരികിനേരെയാക്കുനേരം തേച്ചുമിനുക്കിയ മുഖം ഞങ്ങളെ നോക്കി. അരയ്ക്കുമുകളിൽ ഒരു മുഷിഞ്ഞ തോർത്തുചേർത്തിട്ടിരിക്കുകയാണ്.  ഭീകരമായ ചുമയുണ്ട് തുറിച്ചുവെച്ച ആ നോട്ടത്തിലും.

ചിത്രീകരണം: മിഥുന്‍ കെ.കെ.

ഞങ്ങൾ പുറത്തിറിങ്ങി. ഞങ്ങളെ സഹോദരന്മാരായിക്കണ്ട് സഹായിച്ച മാനേഷേട്ടന് രക്തത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി സ്നേഹമായി പറഞ്ഞു. അയാളുടെ ചോരഭാഗികമായി ഞങ്ങൾ ഇരുവരിലെ രക്തത്തിലലിഞ്ഞു. രക്തവും സ്നേഹവും നൽകി ബസ്സ് നിരത്തിലേക്ക് പോകവെയാണ് അയാൾ തന്റെ ഫോണിൽ തന്റെ കുടുംബാംഗങ്ങളെ കാണിച്ചുതന്നപ്പോൾ ഞങ്ങളുടെയുള്ളിലെ രക്തംപൊള്ളി.

ദിവസങ്ങൾക്ക് മുമ്പ്, അതിരാവിലെ അവനൊരു അപരിചിതയുമായി ഇണചേരണമെന്ന് ആഗ്രഹം പ്രദർശിപ്പിച്ചു ഇരുണ്ട വെളിച്ചത്തിലെ തണുപ്പിൽ. ഞങ്ങൾ നാഗമ്പടം ബസ്സ്റ്റാൻഡിനു പിന്നിലെ റെയിൽവേപാളത്തിനു പിറകിലായിനിന്ന് ഒരു സ്ത്രീയുമായി രണ്ട്  മണിക്കൂർ അഞ്ഞൂറ്റൻപത് രൂപയ്ക്ക് അവരുടേ ശരീരം മേടിച്ചു. ‘രണ്ടായിരുവോ മൂവായിരമോ മുടക്കിയ നല്ല കോളേജ് പെണ്ണുങ്ങളെക്കിട്ടും പിന്നെ നിങ്ങളൊക്കെ എന്നത്തിനാന്നാ ഞങ്ങൾടെ പിന്നാലെ വരുന്നതെന്നാ എനിക്കറിയാൻമേലാത്തെ’. അവൻ മൃദുവായി അവരുടെ ഇടത്തെ ചെവിയിൽ പല്ലും ചുണ്ടും അമർത്തികടിച്ച് പാളത്തിലെ അരികുഭാഗത്തിലെ പുല്ലിലൂടെ നോട്ടം കിട്ടാത്ത വഴിയിലേക്ക് പടർന്നുകയറി. ഞങ്ങൾക്ക് രക്തം നൽകിയ മനേഷേട്ടന്റെ അമ്മയായിരുന്നു അഞ്ഞൂറ്റമ്പതിന് വന്ന സ്ത്രീ. പാപത്തിന്റെ രക്‌തം.

ഈഡിപ്പസിന്റെ ഭാരം ബസ്സ്‌യാത്രയിൽ അവന്റെ കണ്ണിൽ പടർന്നുകയറി. നൂറ്റാണ്ടുകളായി പിന്തുടരുന്ന അന്ധത ബാധിക്കാനവൻ പ്രാർഥിച്ചു.

13

കോട്ടയത്തെ മണ്ണും പൊടിയും അന്തരീക്ഷത്തിൽ കുതിച്ചുപൊങ്ങിയ പഴേ സ്റ്റാൻഡിലെ വൈകുനേരത്തിൽ ഞാൻ നടന്നപ്പോൾ എന്റെ മുന്നിൽ വന്നുനിന്ന് ഒരു പെണ്ണ് പരിചയസ്നേഹകാമ ഭാവത്തിൽ ചിരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞുപോയ കാലത്തെ ഓർക്കാൻ ഞാൻ നിമിഷാർദ്ധം കഠിനശ്രമം നടത്തി ചതുപ്പിലായി.

എവിടെ എന്നെ മറന്നോ? കാണാമെന്നു പറഞ്ഞുപോയ ആളാണല്ലോ?

ഞാൻ സൂക്ഷിച്ചുനോക്കി

എന്താ മിണ്ടാത്തെ?

ചുരുണ്ടമുടി, ഇരുണ്ട ശരീരം. ഓർമയിൽ വന്ന വ്യക്തി ആണോ

പുതിയവല്ലോ പ്രണയത്തിൽവീണോ, അതോ എന്നെ മറന്നോ?

ഒരുപക്ഷെ മറന്നതായിരിക്കാം മനസ്സ് ശൂന്യമാണിപ്പോൾ, ഞാൻ ശൂന്യതയിൽ ഉരുവിട്ടു

ഇതെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ… മേലെ?

എനിക്ക് നീ ആരാണെന്നു ഓർത്തെടുക്കാൻ കഴിയുന്നില്ല, ഞാൻ പറഞ്ഞു

ഇണചേരലിൽ, വിയർപ്പിൽ കുതിർന്നപ്പോൾ, എന്റെ പ്രീയപ്പെട്ട കവിത നിനക്കായി എഴുതിയത്, വായ്ക്കാൻ  തുടങ്ങിയപ്പോൾ, നീ എന്നെ നിന്റെ മുഖത്തിരുത്തി ചൊല്ലിച്ചപ്പോൾ പറഞ്ഞത് മാതൃഭൂമിയിൽ അയച്ചുകൊടുക്കണമെന്നാണ്.

എനിക്കറിയില്ല നിന്നെ, സത്യമായും അറിയില്ല. അറിയുമെങ്കിൽ ഞാൻ നിന്നെപ്പോലെ ഒരു പെണ്ണിനെ നിരസിക്കുമോ?

ബസ്സ്റ്റാൻഡിലെ ഇടവഴിയിലേക്ക് എന്റെ കൈകൂട്ടിപിടിച്ചവൾപോയി. അവളുടെ കഴുത്തിലേക്ക് എന്റെ മുഖം അമർത്തി മുന്നറിയിപ്പുകളേതുമില്ലാതെ. ഞാൻ അവളെ ചുബിച്ചില്ല, അവളിലേക്കിറങ്ങിപോകുന്ന ഗന്ധം അത് എന്റെ ആയിരുന്നു. എന്നെയവൾ സ്വാതന്ത്രയാക്കി മുഖത്തോടുമുഖം നോക്കി. പ്രണയം എന്നിൽ കുറ്റബോധത്തിന്റെ രൂപമണിയിച്ചു. അവൾ ആൾക്കൂട്ടത്തിലേക്ക് നടന്നുമുങ്ങി.

14

മദ്യപിച്ചു. ഞാനും അവനും പൂസാണ്. കോട്ടയത്ത് പൂസ് അല്ല പറ്റാണ്. ഞങ്ങളുടെ അവസ്ഥയെ അർത്ഥമായി ചേർക്കുന്ന വാക്ക് പറ്റാണിപ്പോൾ. ഞങ്ങൾ രണ്ടാൾക്കും കാര്യകാരണമറിയാത്ത എന്തോ ഒരു വിഷമം ആഴ്ചകളായി ഒഴിയാബാധപോലെ കൂടിയിട്ടുണ്ട്, അസ്വസ്ഥവുമാണ് മാനസിക-ശാരീരിക ചെയ്തികൾ. ഞങ്ങൾ സ്വയം പുണർന്ന് നടന്നു കൊഴഞ്ഞു കൊഴഞ്ഞ് രാത്രി വിഴുങ്ങിയ  കോട്ടയം ടൗണിലുടെ. പാതിരാത്രി ഞങ്ങളെക്കാൾ  പറ്റാണ്. വിങ്ങിപ്പൊട്ടിയ ഇരുട്ടാണ് എല്ലാവരും കൂർക്കം വലിച്ചുറങ്ങുന്ന രാത്രിക്ക്. തെരുവ് വെളിച്ചം നിലനിൽപ്പിനു കഷ്ട്ടപെടുന്നുണ്ട്.

രാത്രി കോട്ടയം ടൗൺ മറ്റൊരുഗ്രഹംപോലെയാണ്. പകൽ കാണുന്ന നല്ലവരും മോശപെട്ടവരാണ്, പകൽ കാണുന്ന മോശപെട്ടവരും മോശപെട്ടവരാണ്. രാത്രിയിൽ കൊള്ളരുതാത്തവർ അല്ലാത്ത ഏകവർഗ്ഗം തൊഴിലാളിവർഗ്ഗമായ, ശരീരം കൊടുത്ത വേതനം മേടിച്ചു ജീവിക്കുന്ന ചേച്ചിമാരാണ്.

കൊച്ചുകുട്ടിയുടെ ക്രൂരവാസനയാണ് ടൗണിനിപ്പോൾ. എങ്കിലും ഞങ്ങളിറങ്ങും. ആരേലും കുണ്ടനടിക്കാൻ വരാണെമെന്ന്  അവൻ മനസ്സിൽ പറഞ്ഞു. അവരെ വട്ടം ചുറ്റിക്കുന്നത് ശീലങ്ങളിൽ പെട്ട കർമ്മമാണവന്. ഈ പെട്ടികളുടെ* കഥ കേൾക്കാൻ നല്ല രസമാണ് അവൻ പറയും, ഈ ഭാര്യയെ മടുത്ത് കള്ളകുത്തും കുത്തി സ്ത്രീകളെ ചടച്ചിട്ട് വന്ന് പണിയുന്നവന്മാർക്ക് ലൈഫ് കൂടുതലാണ്. ഞങ്ങൾ നീങ്ങി.

കോളേജ് റോഡുവഴി ബേക്കറി ജങ്ഷൻ കഴിഞ്ഞു തിരുനക്കര അമ്പലം ചുറ്റി കാലുതളർന്ന് അവസാനതുള്ളി മദ്യവും അകത്താക്കുമ്പോൾ, ഇനി ഒരുകാലത്തും ഈ പാനീയം ഉണ്ടാകില്ലെന്നമട്ടിൽ സേവിച്ചു ഞങ്ങളിരുന്നത് ഗാന്ധിസ്ക്വയറിനു മുന്നിലായിട്ടാണ്. തണുപ്പ് ഞങ്ങൾ കുഞ്ഞു മനുഷ്യരുടെ കാട്ടിലെ ഒറ്റക്കണ്ണന്റെ അഭയകേന്ദ്രത്തിൽ വരെ വലിഞ്ഞുകയറിവന്നു. ഞാൻ സുഖത്തിൽപേറി. അവൻ തളർന്നു.

പൂറി തായോളിമോളെ എന്ന നീട്ടിവിളി എവിടെനിന്നാണെന്ന് ഞങ്ങൾക്ക് പതുക്കെ മാത്രമേ നോക്കാൻ സാധിക്കുന്നുള്ളൂ. തലക്കനം വളരെ കൂടുതലായി. ഉദ്ധരിച്ച തലകൾ കണ്ട കാഴ്ച ഒരു വെള്ള സിഫ്റ്റ് കാർ റോഡിലൂടെ പോകുന്നു ലോകം തീർന്നമട്ടിൽ. കാറിനുള്ളിലിരിക്കുന്ന വ്യക്തി ജനലിലൂടെ രണ്ട് കയ്യും പുറത്ത് ഒരു ട്രാൻസ്‍ജൻഡറുടെ ഇടത്തെ കയ്യിൽ അക്രമത്തോടെ മുറുക്കെപ്പിടിച്ചു. അവരെ റോഡിലൂടെ ഇരുട്ടിനെ മറികടന്ന് വലിച്ചിഴച്ചുകൊണ്ട് നീങ്ങുന്നതാണ്. മാംസം, രക്തം, വസ്ത്രം എല്ലാം ഞങ്ങൾക്ക് മങ്ങിയ കാഴ്ചയിലും അൽപ്പം ദൂരെയായി മാറി നിൽക്കുന്ന കാറിൽ കാണാം. വണ്ടിനിർത്തുകയും, റോഡിൽ തലചെന്നിടിച്ച് ശബ്ദം കോട്ടയത്തെ തൊട്ടു. വലിച്ചിഴയ്ക്കലിൽ നിന്ന് രക്തത്തിൽ അവരുടെ ശരീരം വിണ്ടുകീറി. മധ്യവയസ്സ്കൻ വാതിൽ തുറന്ന് ഇറങ്ങി തെറികൊണ്ടവരുടെ കാഴ്ചവരെ മൂടി. ദൂരെയായി മാറിയിരിന്ന ഞങ്ങൾ ബോധം കൈവരിക്കാൻ ശ്രമിക്കുന്നുണ്ട്. കാറ് സഞ്ചരിച്ച ദിശയിൽ വലിച്ചഴയപെട്ടവരുടെ ചരിത്ര-ഭൗതിക അവശിഷ്ട്ടങ്ങളിൽ പലതും കാണാൻ കഴിയും. അയാൾ അവരെ മദ്യലഹരിയിൽ മുങ്ങിയ ബലിഷ്ഠ മുഷ്ട്ടിയാൽ എഴുന്നേൽപ്പിക്കുന്നുണ്ട്. നേരെനിലയ്ക്കാൻ കഴിയാത്ത അവരെ വേറെ ഒരാളുംകൂടെ കാറിൽന്നിറങ്ങി കാറിന്റെ പിന്നിൽ ചാരിനിർത്തി കരണത്തും വയറ്റിലും നിർത്താതെ നിർത്താതെ അടിച്ചപ്പോൾ അവർ അനങ്ങി. ബോധം വീണ്ടെടുക്കുന്നുണ്ട്. വയറ്റിൽപതിച്ച ആ മുഷ്ടിചുരുട്ടലിൽ അവർ അലറി കരഞ്ഞു. നിർത്താടാ മൈരേ, ഞാൻ കഴിയുന്നത്ര ഉച്ചത്തിൽ വിളിച്ചുകൂവി. അവൻ എല്ലാം കാണുന്നുണ്ടെങ്കിലും പ്രതികരിക്കാൻ സാധിക്കുന്നതിലും മോശവസ്ഥയിലായിലേക്ക് പോകവേ നിവർന്നുനിൽക്കാൻ ശ്രമിക്കുന്നു. ഉറയ്ക്കാത്ത ദേഹം റോഡിൽ തലപതിച്ചപ്പോൾ നെറ്റിപൊട്ടിപുളർന്നുവന്നു. വാഹനമോടിച്ച സുമുഖൻ മദ്യത്തിൽ കാലിടികളാൽ ഇറങ്ങിവന്ന് അവരുടെ സാരിയും പാവാടയും ചേർത്തുപിടിച്ചുപൊക്കി. അവളുടെയൊരു ജാഡ അല്ലേഡി പൂറിച്ചിയെന്നുപറഞ്ഞ് കൈ ഉള്ളിലേക്ക് കയറ്റുന്നവേളയിൽ സാരിയുടെ മുകൾഭാഗം താഴെക്കൂർന്നുവീണു. കീറിയിരിക്കുന്ന ബ്ലൗസ് അടർന്ന്പോയിരുന്നു. പൗരുഷ ശക്തിയിൽ മുപ്പത്തിയഞ്ചു വയസ്സിന്റെ സകല ബലവും ഉപയോഗിച്ച് അവരുടെ ഇരുതുടകളെയും അകലത്തിൽ നിർത്തി ഷഡിക്കുള്ളിൽ കേന്ദ്രസ്ഥാനത്ത് പലവുരു ആഞ്ഞമർത്തിയപ്പോൾ ഇരുപത്തെട്ടുലോകവും കാണുന്നപോലെ കണ്ണ് പുറത്തേക്ക് അഭൂതപൂർമായി പുറന്തള്ളുകയും, മരിച്ചവരെപോലും ഉണർത്താൻ തക്ക ശബ്ദത്തിൽ അലറിക്കരയുകയും ചെയ്തു. പുരുഷകേസരികൾ ആഹ്ളാദത്തിന്റെ ലഹരിയിലേക്ക് കനംവെച്ചുകയറി അട്ടഹസിച്ചുവീണു. ഹസ്തപ്രയോഗം അല്പനേരം സംഭവിച്ചുകൊണ്ടേയിരുന്നു. കൂട്ടത്തിലൊരുവൻ അയാളുടെ മൂത്ത കുഞ്ഞിനെ വലതുകരത്തിൽ മുന്നോട്ടും പിന്നോട്ടുമായി അവരുടെ അടുത്തേക്ക് ക്രൂര ചിരിയിൽ നീങ്ങി. അല്പനേരത്തിനു ശേഷം ബ്ലൗസുകൾ കീറിയഴിക്കാൻ ശ്രമിച്ചു. വണ്ടിയിലെ  അഞ്ചംഗ   ആണുങ്ങളിൽ ഹസ്തപ്രയോഗം നടത്തുന്നവൻ ഒഴികെ ബാക്കിയുള്ളവർ അവരുടെ ശക്തികേന്ദ്രം പുറത്തേക്കെടുത്ത് രക്തമൊഴുകുന്ന ശരീരത്തിലേക്ക് അമർത്തി ഉരസൽ പ്രക്രിയ അവകാശബോധത്തോടെ ആരംഭിച്ചു.

തായോളികളെ വിഡ്ട്രാ അവളെ, അവൻ അലറി. അവർ ഞങ്ങളെ കണ്ടു. വീട് പറ്റടാ പിള്ളേരെ പോയ്, ഇത് ഞങ്ങൾക്കൊള്ളതാ എന്നൊരു കിളവൻ മറുപടി ശബ്ദമയച്ചു. മർദനത്തിൽ ശരീരത്തിൽ നിന്നും തെറിച്ചുവീഴുന്ന കടുത്ത രക്തത്തിന്റെ നിലംപതിക്കുന്ന ശബ്ദം ഞങ്ങളുടെകൂടെ അവശേഷിപ്പാണ്.

ശരീരത്തിനോ, മനസിനോ ഭാരം. ചലിക്കാൻ കഴിയുന്നില്ല. ജീവിതത്തിൽ കാണാത്ത കാഴ്ച കാണുമ്പോൾ നിങ്ങൾക്ക് ഭാരത്താൽ അനങ്ങാൻ കഴിയില്ല. ചോരയുടെ തിമിർപ്പ് അടങ്ങിയാലും അക്രമത്തിന്റെ ഭാരം മനസിനെ തോല്പിച്ച് സന്ദിഗ്ധവസ്ഥയിലാക്കും. അന്ന് നിങ്ങൾ മരണത്തിനുവേണ്ടി കാത്തിരിക്കും.  മനസ്സില്ലാത്ത ശരീരത്തിനുവേണ്ടി മരുന്ന് കഴിക്കും. തോറ്റുപോയ ഞങ്ങൾക്ക് വേണ്ടി ഭാവിയിൽ അവർ ഏത് ശബ്ദത്തിൽ പാടും?

അഞ്ചുപേരും ചേർന്നവരെ കുത്തിയിരിക്കുന്ന ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്നു.

പണ്ണണമെങ്കിൽ പണ്ണിക്കോടാ പിള്ളേരെ, എന്നൊരു കിളവൻ മുണ്ടുപൊക്കികയ്യിലൊതുക്കി പറഞ്ഞപ്പോൾ അച്ചായാ കൊച്ചുപിള്ളേരാ പറിയൊന്നും പൊങ്ങില്ലാരിക്കും, മധ്യവയസ്‌കൻ പറഞ്ഞു. കളി ഞങ്ങള് കാണിച്ചുതരാം കേട്ടോ, രണ്ട് കൊച്ചുതായോളികളും കണ്ടോണ്ടിരുന്നാ മതി എന്നാ… അവശതയിൽ വായു ശ്വസിക്കാൻ രക്തത്തിൽ മുഴുകിയവർ ആയാസപെട്ടുകരയുന്നുണ്ടായിരുന്നു. ശരീരത്തിൽ പ്രതികരിക്കാൻ ഒരു ഞരമ്പുപോലുമില്ലെന്നും, ജീവനുവേണ്ടി പൊരുതുന്ന അവർ ഞങ്ങളെ ഏത് കണ്ണിലാവും കണ്ടിരിക്കുന്നത്. അവർ ഒരുപക്ഷെ ഞങ്ങൾക്കുവേണ്ടി ആയിരിക്കും കരഞ്ഞത്. യുവത്വത്തിന്റെ അർഥം തന്നെ ഞങ്ങളിൽനിന്ന് ഒലിച്ചുപോയതുപോലെ. നഗ്നയാക്കിനിർത്തി ടാറിൽ ശക്തിയായി മുട്ടുകുത്തിച്ചപ്പോൾ അവർ വേദനകൊണ്ട് കരഞ്ഞില്ല, അവരെ വേദനിപ്പിക്കാനുള്ള ശക്തി ടാറിലെ പൊട്ടിയകല്ലിനില്ലായിരുന്നു. കരണത്തടിച്ചടിച്ചു അവരുടെ രക്തം ഞങ്ങളിലേക്കും വന്നു പതിച്ചു. ഓടിയൊളിക്കാൻ ഈ രക്തത്തിൽനിന്നുമാകില്ല. കരണത്തടി അഞ്ചു പേരിൽനിന്നും ശക്തമായി തുടർന്നപ്പോൾ അവരുടെ രക്തം വാർക്കുന്ന വായ തുറപ്പിച്. നിര നിരയായും വൃത്തത്തിലും ചിരിച്ചുകൊണ്ടും കാമത്തോടയും കുറ്റബോധമില്ലാതെയും അവരുടെ മുഷിഞ്ഞ അറപ്പുളവാക്കുന്ന നെടുനീളൻ വെറുപ്പിന്റെ കുണ്ണ അവരുടെ വായിലേക്ക് പരാക്രമത്തോടെ കുത്തിത്തിരുകികയറ്റി. അതുകണ്ടവൻ നിർത്താതെ ഛർദ്ദിക്കുന്നുണ്ട്. കരച്ചിൽ ഛർദ്ദിൽ മട്ടിൽ പുറത്തുവന്നപോലെ ആയിരുന്നു. ഞാൻ സർവ്വബലവുമെടുത്ത് തെറിവിളിച്ചു തുടങ്ങിയെങ്കിലും അറുപതിനോടടുത്തുള്ള ഉരുക്ക് കൈക്കാരൻ എന്റെ തലയിൽ പലവുരു അടിച്ചു. ഞാൻ അവന്റെ ഛർദ്ദിലിൽ വീണുമറിഞ്ഞു. എഴുനേൽക്കാൻ ശ്രമിക്കുന്നുണ്ട്, പറ്റുന്നില്ല.  ഒരുപക്ഷെ ഞാൻ ശ്രമിച്ചിരുന്നെങ്കിൽ പറ്റുമായിരുന്നു. ഞാൻ ശ്രമിച്ചില്ല. ജീവിതത്തിൽ പെട്ടെന്ന് തോറ്റുകൊടുക്കുന്നവനാണ് ഞാൻ. അതായിരുന്നു വർത്തമാനകാല സത്യം. എനിക്കറിയില്ല ഒന്നും. അന്നെന്നെകൊണ്ട് കഴിഞ്ഞില്ല. അവൻ കരയുന്നത് കണ്ട്  അവരും രസം പിടിച്ച് ഉപദ്രവത്തിന്റെ ശക്തി തങ്ങളുടെ കൂർത്ത ആയുധമാണെന്നു  കരുതി ഞങ്ങളുടെ മുന്നിൽ ഇട്ടുതന്നെ പീഡിപ്പിച്ചു. പീഡനവും പരപീഡനവുമായിരുന്നു സംഭവിച്ചത്.

നിശബ്ദം. ഇരുട്ടിന്റെ കാഠിന്യം കെട്ടിനിന്നത് കുറഞ്ഞുവന്നപ്പോൾ മുന്നിൽ  നിന്നവരെയോ അവരുടെ അവശേഷിപ്പുകളോ  കണ്ടില്ല. റോഡിലിപ്പോൾ രക്തവും വസ്ത്രവും ദൂരെയായികാണാം. കണ്മുന്നിൽ അവരുടെ ദേഹത്തു തുപ്പുകയും എല്ലാവരും വട്ടം ചേർന്ന് മൂത്രം  വിസർജ്ജിക്കുകയും ചെയ്തതെല്ലാം മനസ്സിൽ തികട്ടിവന്ന് ഞാനും ഛർദ്ദിച്ചു. ഇരുകൈകളും മുട്ടിൽ വിശ്രമിച്ചുകുനിഞ്ഞ്,  അടഞ്ഞശബ്ദകോലാഹലത്തിലൊരുപാട് ഛർദ്ദിച്ചു. ഞാൻ എഴുനേറ്റു് നിവർന്നു. എന്റെ പിറകിൽ ഗാന്ധിപ്രതിമ തിരിഞ്ഞുനിന്നു. അവനപ്പോഴും നിവരാൻ സാധിച്ചില്ല. ബോധത്തിലേക്ക് കണ്ണ് തുറപ്പിച്ച് തിരിച്ചുവരികയാണ്. തിരുനക്കര അമ്പലത്തിനും ഊട്ടി ലോഡ്ജിനും പബ്ലിക് ലൈബ്രറിക്കും ഗാന്ധിക്കുമിടയിലായി ഗർഭപാത്രത്തിലെ ജീവനില്ലശിശുക്കളെപോൽ ഞങ്ങൾ. വെളിച്ചം നീങ്ങി നീങ്ങി ആകാശത്തിലേക്ക് വരുന്നുണ്ട്. ചാറ്റമഴപോലെ വെളിച്ചം പെയ്യുന്നുണ്ടിപ്പോൾ. ഇരുട്ട് പിന്മാറിയില്ല. തറയിൽ ഇരുന്ന അവന്റെ കൈകൾ എന്റെ രണ്ടുകാലിനേയും കൂട്ടിപ്പിടിച്ചു കണ്ണീർ താഴേക്ക് ലക്ഷ്യമാക്കി. എനിക്ക് സമാധാനിപ്പിക്കുവാനുള്ള വാക്കുകൾ നമ്മുടെ ഭാഷയിൽ ഉണ്ടായിരുന്നില്ല. ആ കരച്ചിൽ മരണത്തിലേക്കായിരുന്നു അവനെ ചെന്നെത്തിക്കുന്നതെന്ന് തോന്നിപ്പോയി. അവന് കരയാനുള്ള എല്ലാ അവകാശവുമുണ്ടായിരുന്നു. അവനോടൊപ്പം കാക്കളും കരഞ്ഞു. കുറ്റബോധത്താൽ മരണത്തിനുവേണ്ടി ഞാൻ കാത്തുകെട്ടികിടന്നു. അവന്റെ കരച്ചിലിന് അറുതിവരാത്തവിധം കരഞ്ഞു. അന്നേരങ്ങളിൽ തന്നെ അവന് ഭാഗികമായോ അല്ലെങ്കിൽ ഒരുപക്ഷെ അവന്റെ മരണമെങ്കിലും ഞാൻ ഉറപ്പിച്ചിരുന്നു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല, ആരോ എന്നെ തിന്നുന്നപോലെ.

*പെട്ടി- സ്വവർഗാനുരാഗികളായ പുരുഷന്മാരെ കളിയാക്കി വിളിക്കുന്ന കോട്ടയത്തെ പ്രാദേശിക വാക്ക്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here