(കഥ)
ഹരിത എച്ച് ദാസ്
Women will not give up. We are fueled by a will to survive, whether we are inside prison or outside – Narges Mohammadi
ഒരേ താളത്തിൽ വിറച്ചു വിറച്ചു പാടുന്ന വൃദ്ധനായ പാട്ടുകാരനെപ്പോലെ മുക്കിയും മൂളിയും ഏന്തി വലിഞ്ഞും ട്രെയിൻ, പ്ലാറ്റ്ഫോമിലേക്ക് പതിയെ വന്നു നിന്നു.
ബാഗുമായി അക്ഷമരായി നിന്നവർ ട്രെയിൻ കണ്ടതും ഓടി കയറി, ഉന്തും തള്ളും ബഹളവുമായി. ജനറൽ കമ്പാർട്ട്മെന്റ് നിറഞ്ഞു തുളുമ്പിയപ്പോൾ അതിൽ നിന്നും ചിതറി തെറിച്ച കുറച്ചു മനുഷ്യർ വാതിൽക്കൽ സ്ഥാനം പിടിച്ചു. മറ്റുചിലർ സീറ്റുകളിൽ ചുരുണ്ടു കൂടി ഉറങ്ങുകയാണ്. വീട്ടിൽ കൊതുകിന്റെ മൂളൽ കേട്ടാൽ പോലും ഞെട്ടിപിടഞ്ഞ് എഴുന്നേൽക്കുന്നവരാവണം ബോധം കെട്ടുറങ്ങുന്നവരിൽ പലരും.
വായിച്ചു കൊണ്ടിരുന്ന പുസ്തകം( പ്രാണൻ വായുവിലലിയുമ്പോൾ ) അടച്ചു ബാഗിൽ വെച്ച് ഇയർഫോൺ ചെവികളിൽ തിരുകി അവൾ പിറകിലേക്ക് ചാരിക്കൊണ്ട് കണ്ണുകളടച്ചു.
ട്രെയിൻ യാത്ര രസകരമായ അനുഭൂതിയാണ്. പുസ്തകത്തിലേക്ക് മിഴികളൂന്നി, ചെറിയ മൂളിപ്പാട്ടു പാടി മുടികളെ കാറ്റിൽ പറത്തി, മഴത്തുള്ളികളെ ആവാഹിച്ചെടുത്തുകൊണ്ട് സ്വന്തമായി ഒരിടം…
ഓ പറഞ്ഞുതീർന്നില്ല. പെട്ടെന്നായിരുന്നു. അല്ലെങ്കിലും എല്ലാം പെട്ടെന്നാണല്ലോ. മുമ്പിലായി ഒരു മനുഷ്യൻ വന്നു നിൽക്കുകയാണ്. തൊണ്ടയനക്കുന്ന ശബ്ദം കേൾക്കാം.മനുഷ്യൻ മറ്റൊരു മനുഷ്യനെ സംബോധന ചെയ്യാൻ ഉപയോഗിക്കുന്ന എളുപ്പവഴികളിലൊന്ന്. വാക്കുകൾ തിരയേണ്ട ,മിണ്ടേണ്ട എന്തെളുപ്പം. അയാൾ വീണ്ടും തൊണ്ടകൊണ്ട് അപശബ്ദം ഉണ്ടാക്കി തുടങ്ങി.അടഞ്ഞ കണ്ണുകളെ വലിച്ചെടുത്തുകൊണ്ട് ഒരു കണ്ണേറ് നൽകി അവൾ തന്റെ സീറ്റിലേക്ക് മാറിയിരുന്നു. സ്വന്തം സീറ്റ് കിട്ടിയ ചാരിതാർത്ഥ്യത്തിൽ അയാൾ ഞെളിഞ്ഞിരുന്നു.ആ സീറ്റുമായി പതിവില്ലാത്തവിധം അവൾ താദാത്മ്യം പ്രാപിച്ചു തുടങ്ങിയിരുന്നു. എത്ര പെട്ടെന്നാണ് എവിടെ നിന്നോ വലിഞ്ഞു കയറിയ ഈ മനുഷ്യൻ എല്ലാം കുളം തോണ്ടിയത്. ഒരു മണിക്കൂർ മുമ്പ് വരെ അവളുടെ മാത്രം നിശ്വാസവും നെടുവീർപ്പുമറിഞ്ഞ സ്വാസ്ഥ്യകേന്ദ്രം അയാൾ അപഹരിച്ചിരിക്കുന്നു. യാതൊരു മയവുമില്ലാതെ അയാൾ കണ്ണടച്ചിരിക്കയാണ് അല്ല കണ്ണടച്ചു നടിക്കുകയാണ്. കണ്ണുകൾ ബലമായി അടച്ചു പിടിച്ചതു കാരണം കൺപോളകൾ വിറക്കുന്നുണ്ട്. ട്രെയിൻ യാതൊരു സങ്കോചവുമില്ലാതെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.ആളുകൾ ഒഴിഞ്ഞു തുടങ്ങി.ചായക്കാരൻ കയ്യിൽ ചായപാത്രവുമായി ചുറ്റി കറങ്ങുന്നതൊഴിച്ചാൽ ബോഗിയിൽ അയാളും അവളും മാത്രം അവശേഷിച്ചു.. മാന്യതയഴിച്ചു വെച്ച് അയാൾ ചരിത്രം ആവർത്തിക്കുമോ?ആവർത്തിച്ചു.
അയാൾ കണ്ണുതുറന്നിരിക്കുന്നു. പാകമാകാത്ത ഒരു ചിരി മുഖത്തണിഞ്ഞിരിക്കുന്നു. അയാളിതെന്തിനുള്ള പുറപ്പാടാണ്. .ഷട്ടർ അടക്കുകയാണ്.ഞാൻ മുമ്പ് പറഞ്ഞത് തിരുത്തട്ടെ, മഴയത്തുള്ള ട്രെയിൻ യാത്ര അത്ര രസകരമല്ല. കാറ്റിന്റെ ഒരംശം പോലുമില്ല. ശ്വാസം മുട്ടും. മനം പുരട്ടും ഹോ ദുഷ്ക്കരം. ട്രെയിനിലെ മങ്ങിയ നിഴൽവെട്ടത്തിൽ ആ കൈകൾ കാണാൻ കഴിഞ്ഞു. അതിന് രൂപാന്തരം സംഭവിച്ചിരിക്കുന്നു. ചുഴറ്റാനും ചൂഴ്ന്നിറങ്ങാനും പാകത്തിൽ അത് നീണ്ടു തുടങ്ങുന്നു. അടുത്തടുത്തേക്ക് വരുന്നു. തൊട്ടു തൊട്ടില്ല….
“ജനൽ തുറക്ക്”
അവൾ തെല്ലുറക്കെ പറഞ്ഞു.
“മഴ പുറത്ത് മഴയാണ് ”അയാൾ പറഞ്ഞൊപ്പിച്ചു.“ഈ മഴയെ എനിക്കറിയാം നന്നായി അറിയാം” അവൾ അയാളുടെ കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ടിരുന്നു…ഷട്ടർ തുറക്കപ്പെട്ടു. അവളുടെ തലയ്ക്കു പിറകിൽ പാമ്പിൻ കുഞ്ഞുങ്ങൾ ശാന്തമായിരുന്നു..മഴ മുഖത്തേക്ക് വീണ്ടും പെയ്യ്തിറങ്ങാൻ തുടങ്ങി.
*മനുഷ്യ സ്ത്രീയുടെ രൂപവും തല മുടി പാമ്പിന്റെതുമായ ഗ്രീക്ക് കഥാപാത്രമാണ് മെഡൂസ. അവർ ആരെ കണ്ണ്‌കൊണ്ട് നോക്കിയാലും അവർ കല്ലായി മാറും.
എല്ലാവർക്കും മെഡൂസ ആകാൻ കഴിയട്ടെ… ഹരിത ❤️
വാക്കിനും നോട്ടത്തിനും അല്പം മൂർച്ച കൂടിയാൽ എന്ത്.. തലയ്ക്ക് പിന്നിലെ ആ പാമ്പിൻ കുഞ്ഞുങ്ങൾ ശാന്തരായി തുടരട്ടെ…