പുതിയൊരു ഭാഷ

0
243

കഥ

ആര്‍ദ്ര. ആര്‍

ലഞ്ച് ബോക്‌സും ബാഗിലിട്ട് ധൃതിയില്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു.. 8:45 നാണ് ആവേ മരിയ. ഒരു വിധത്തില്‍ ഓടിക്കിതച്ച് എത്തിയതും ബസ്സില്‍ ചാടിക്കേറിയതും എല്ലാം ഒരുമിച്ചായിരുന്നു. ഒന്നു പിടിച്ചു നില്‍ക്കുന്നതിനു മുന്നേ തന്നെ ബസ്സ് മുന്നോട്ടെടുത്തു.. ദാ കിടക്കുന്നു താഴെ. വീഴുന്ന കണ്ട് ചിരിച്ച പിള്ളേരേം ഇതിനൊക്കെ കാരണക്കാരനായ ഡ്രൈവറേം മനസ്സില്‍ പ്രാകിക്കൊണ്ട് എണീറ്റപ്പൊ ദേ കണ്ടക്ടറുടെ വക: പിടിച്ചു നിന്നില്ലേല്‍ ഇതുപോലെ താഴെ കിടക്കും പോലും. ‘പിന്നേ , നേരെ ചൊവ്വേ ഒന്നു നിക്കുന്നേന് മുമ്പേ വണ്ടിയെടുത്തതും പോരാ ഇനിയിപ്പൊ ഇതും എന്റെ തലേല് വെച്ചോ.’ ഉറക്ക പറയാന്‍ ധൈര്യമില്ലാത്തോണ്ട് അതും പിറുപിറുത്ത് അവിടെ നിന്നു. ടിക്കറ്റെടുത്ത് കഴിഞ്ഞപ്പോഴേക്കും ഒഴിഞ്ഞ ഒരു സീറ്റ് കിട്ടി. ഇന്നാരെയാണോ കണികണ്ടതെന്നാലോചിച്ച് പുറത്തേക്ക് കണ്ണും നട്ട് അങ്ങനെയിരുന്നു. എല്‍ പി സ്‌കൂളും കുരിശടിയും തടിമില്ലും ഒക്കെ ഓടിപ്പോവുന്നതു നോക്കിയിരുന്നപ്പോ എന്തോ ഒരു രസം തോന്നീ. 20 മിനിറ്റ് ശൂന്നങ്ങ് പോയി.. കോളേജെത്തിയപ്പോ ഇടിച്ചു തള്ളി എങ്ങനോ ഇറങ്ങി. ഹാവൂ, ഒരു ദീര്‍ഘനിശ്വാസം വിട്ട് അങ്ങനെ നടന്നു. മെയിന്‍ ബ്ലോക്കിലെത്തിയപ്പൊ നിമ്മിയെ കണ്ടു. ഓടി വന്ന് അവള്‍ കെട്ടിപ്പിടിച്ചു. രണ്ടു ദിവസത്തെ അവധി കഴിഞ്ഞു വന്നേനാണ്.. ‘ഇതിപ്പൊ അമേരിക്കേന്ന് എങ്ങാണ്ട് വന്ന പോലുണ്ടല്ലോ , കണ്ടോണ്ട് നിന്ന അക്‌സ കളിയാക്കി. അവള്‍ക്ക് അസൂയയാ നീ വാടി..’ നിമ്മിയുടെ പറച്ചിലും കേട്ട് കുലുങ്ങിച്ചിരിച്ച് അവളുടെ കൂടെ ക്ലാസിലേക്ക് നടന്നു. അവള്‍ കൊച്ചു കുട്ടികളെപ്പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിഷ്‌കളങ്കമായ സംസാരവും വള കിലുങ്ങുന്ന പോലത്തെ ചിരിയും, ഒന്നു പറഞ്ഞ് രണ്ടാമത്തേതിനുള്ള പിണക്കവും ഒക്കെ അവളിലെ കുട്ടിത്തം വിളിച്ചോതിക്കൊണ്ടിരുന്നു.

***

ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്കു നടന്നപ്പോഴാണ് നിമ്മിയുടെ കൈത്തണ്ടയ്ക്കു മുകളിലെ പൊള്ളി തെണിര്‍ത്ത പാട് ശ്രദ്ധിച്ചത്. എന്തു പറ്റിയതാ ണെന്നു ചോദിച്ച് കുറച്ചു കഴിഞ്ഞാണ് മറുപടി വന്നത്. ‘തള്ളയില്ലാ വാവല് കിഴുക്കാംതൂക്ക് ‘ എന്ന് പറഞ്ഞ് അവള്‍ അട്ടഹസിച്ചു. കാര്യം മനസ്സിലായതുകൊണ്ടുതന്നെ വേറൊന്നും ചോദിച്ചില്ല. അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു. രണ്ടാനമ്മയുടെ ഉപദ്രവം ചെറുതൊന്നുമല്ല. സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതു കാരണം അവളോടുള്ള ദേഷ്യം ശകാരങ്ങളായും ദേഹോപദ്രവമായും അവര്‍ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാത്ത കൊണ്ട് ആ സംസാരം അവിടെ അവസാനിപ്പിച്ചു.

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. വായിക്കാനെടുത്തു വെച്ച ബുക്കിലും താത്പര്യം തോന്നിയില്ല. നിമ്മിയായിരുന്നു മനസ്സു മുഴുവന്‍. പിറ്റേ ദിവസം പതിവിലും നേരത്തെ ക്ലാസില്‍ ചെന്നു. വരാന്തയില്‍ കൂടി ഓരോ ക്ലാസുകളിലേക്ക് തേനിച്ചക്കൂട്ടം പോലെ കുട്ടികള്‍ നീങ്ങിക്കൊണ്ടിരുന്നു. ഓരോ മുഖത്തും തീര്‍ത്തും വ്യത്യസ്തമായ ഭാവങ്ങള്‍. മനുഷ്യരെല്ലാം മികച്ച അഭിനേതാക്കളാണെന്നു തോന്നിപ്പോയി.. എത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു ചിരിയും ചൂടി നടക്കുന്ന നിമ്മിയെപ്പോലെ.
അന്ന് അവളോട് പതിവിലും അധികം സംസാരിച്ചു. കൈയിലെ ആ പൊള്ളിയ പാടില്‍ ഒരുമ്മ കൊടുത്തിട്ട് പെട്ടെന്ന് മാറുമെന്ന് പറഞ്ഞു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളൊക്കെ അവളുടെ കണ്ണിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാന്‍ കോളേജില്‍ പോകുന്നത് തന്നെ അവളെ കാണാനും അവളോട് സംസാരിക്കാനും ആണെന്ന് തോന്നി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇല്ലാതിരുന്ന എന്തോ ഒന്ന് ഇപ്പൊ അവളിലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നതു പോലെ.. ഒരു സുഹൃത്ത് എന്നതിലുപരി അവള്‍ എനിക്ക് ആരൊക്കെയോ ആയിത്തുടങ്ങിയിരുന്നു.

**

ലഞ്ച് ബ്രേക്കുകളിലായിരുന്നു ഞങ്ങള്‍ പരസ്പരം കുശലക്കെട്ടുകള്‍ അഴിച്ചു പങ്കു വെക്കുന്നത്. കോളേജിലെ സുപ്രസിദ്ധ ലവ് ബേര്‍ഡ്‌സും ബ്യൂട്ടി ക്വീന്‍ നിമിഷയും ഉച്ചയ്ക്കത്തെ ചീരത്തോരനും റാണിയാന്റിയുടെ കടയിലെ ലൈം ജ്യൂസും ഷേക്‌സ്പിയറും വിര്‍ജിനിയ വൂള്‍ഫും ഫാസിസവും വര്‍ഗീയതയും എന്ന് വേണ്ട , കണ്ടതും കേട്ടതും എല്ലാം ഞങ്ങള്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായി. ക്ലാസിനിടയിലും തുടര്‍ന്ന വിശാലമായ ചര്‍ച്ചകളുടെ ഭാഗമായി മിക്കപ്പോഴും ക്ലാസിനു പുറത്തായിരുന്നു ഞങ്ങള്‍. അവിടെയും ഞങ്ങളുടെ ചര്‍ച്ചകള്‍ വികസിച്ചു കൊണ്ടേയിരുന്നു. ഇതിനിടയില്‍ ഒരു രസകരമായ സംഭവം നടന്നു. ഏതു പെണ്‍കുട്ടിയെ കണ്ടാലും ഇതാണെന്റെ സ്വപ്നങ്ങളിലെ രാജകുമാരി എന്ന മട്ടില്‍ അവരോടൊക്കെ പ്രണയാഭ്യര്‍ഥന നടത്തുന്ന ഞങ്ങളുടെ ക്ലാസിലെ ആനന്ദ് എന്ന കഥാപാത്രത്തിന് നിമ്മിയോടും ദിവ്യപ്രണയം പൊട്ടിപ്പുറപ്പെട്ടു. വാട്‌സാപ്പിലും ഇന്‍സ്റ്റ ഗ്രാമിലും ഒക്കെ മെസേജ് അയച്ച് പ്രണയം അറിയിക്കുന്നതില്‍ മടുപ്പു തോന്നിയതുകൊണ്ടാവണം പുള്ളിക്കാരന്‍ ഒരു നെടുനീളന്‍ പ്രണയലേഖനം തന്നെ എഴുതിക്കൊടുത്തു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് വായിച്ചു തുടങ്ങിയപ്പോഴെ ചിരി പൊട്ടി: ”ചാടാതെ പോയ് ഞാന്‍ നിനക്കായ് ചോര ചാറിച്ചുവച്ചൊരാ പനിനീര്‍പ്പൂക്കള്‍ ‘. ചുള്ളിക്കാട് കണ്ടിരുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേനേ. വായിച്ചു കഴിഞ്ഞ് അതപോലെ തന്നെ അവളത് ആനന്തിന്റെ കൈയ്യില്‍ കൊടുത്തിട്ട് ആദ്യം അക്ഷരപ്പിശാശിനെ കൊന്നു കളയാനും പറഞ്ഞു. പാവം തന്റെ അടുത്ത രാജകുമാരിയെ തേടി പ്രയാണം തുടങ്ങിയിട്ടുണ്ടെന്നാണ് അറിഞ്ഞത്.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

**

ഇടക്കിടെ ഞങ്ങള്‍ ബോറന്‍ ക്ലാസുകള്‍ കട്ട് ചെയ്ത് നൂണ്‍ഷോയ്ക്ക് പോയി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒന്നുരണ്ട് സിനിമകള്‍ കണ്ടപ്പൊ ഇതിലും നല്ലത് ബീനാ മിസ്സിന്റെ ബ്രിട്ടീഷ് ഹിസ്റ്ററി ക്ലാസാണെന്ന് തോന്നിപ്പോയി.
ഉച്ചക്ക് കോളേജ് വിട്ട ഒരു ദിവസം ഞങ്ങള്‍ ടേസ്റ്റ് ലാന്‍ഡില്‍ നിന്നു ഓരോ ചിക്കന്‍ ബിരിയാണിയും അകത്താക്കി ബീച്ചില്‍ പോവാന്ന് വെച്ചു. ഫുഡ് കഴിച്ചിട്ടും ഉച്ചവെയില്‍ താഴാഞ്ഞതു കൊണ്ട് അഞ്ചാറ് ബസ്സുകള്‍ വന്നത് ഞങ്ങള്‍ ഗൗനിച്ചില്ല. പിന്നെ രണ്ട് മണി കഴിഞ്ഞപ്പൊ വന്ന ശ്രീഹരിയില്‍ ബീച്ച് റോഡില്‍ ഇറങ്ങി കുറച്ച് നടന്ന് ബീച്ചിലെത്തിയപ്പോഴേക്കും മണി മൂന്നര കഴിഞ്ഞിരുന്നു. നിമ്മിക്ക് തിരമാലകളെ പേടിയില്ലാന്ന് മാത്രമല്ല നല്ല ഇഷ്ടവുമായിരുന്ന കാരണം അവള്‍ തിരയില്‍ കളിക്കുന്നതും നോക്കി അല്പം മാറി കാറ്റും കൊണ്ട് ഞാനുമിരുന്നു. ഓരോ വലിയ തിരയടിക്കുമ്പോഴും അവളോട് പുറകോട്ട് മാറാല്‍ ഞാന്‍ പറഞ്ഞെന്നല്ലാതെ ഗുണമൊന്നും ഉണ്ടായില്ല. ഒന്നിനും ചെവികൊടുക്കാതെ അവള്‍ വീണ്ടും ഉള്ളിലേക്കു നീങ്ങുന്നതു കണ്ട് എനിക്കു പേടിയായി. ഇത്രേം മതീന്ന് പറഞ്ഞ് ഓടിച്ചെന്ന് അവളെ പിടിച്ചു വലിച്ച് എന്റടുത്തിരിത്തി. വല്യ ഒരു തിരയടിച്ച് അങ്ങ് കൊണ്ടോയാ എന്തു ചെയ്യുംന്ന് അവളോട് ചോദിച്ചു. ‘ അതിനിപ്പോ ഞാന്‍ ചത്താല്‍ ആര്‍ക്കാ ചേതം’ എന്ന് നിഷേധ സ്വരത്തില്‍ അവള്‍ തിരിച്ചടിച്ചു. ‘എനിക്കുണ്ട് ചേതം, അങ്ങനിപ്പൊ നീ ചാവാന്‍ സമ്മതിക്കൂല്ലാ’ എന്നു ഞാനും പറഞ്ഞു. കേട്ടയുടനെ അവളുടെ കരിവണ്ടുപോലെ കറുത്ത കൃഷ്ണമണികള്‍ ആ തിരമാലകളെക്കാള്‍ വേഗത്തില്‍ ഇരമ്പി. അവളെ സമധാനിപ്പിക്കാന്‍ നോക്കിയെങ്കിലും പിന്നെയത് കൂട്ടക്കരച്ചിലില്‍ കലാശിച്ചു. കരച്ചിലും സ്‌നേഹപ്രകടനവും ഒക്കെ കഴിഞ്ഞ് കപ്പലണ്ടിയും കൊറിച്ച് വൈകുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അവിടുന്ന് പോന്നു.

**

ഇന്റേണല്‍സ് അടുത്തതോടെ ഞങ്ങള്‍ ക്ലാസ് കട്ട് ചെയ്യല്‍ ഒക്കെ കുറച്ചു. പഠിക്കണമെന്നുള്ള ചിന്ത വന്നതുകൊണ്ടല്ല , അറ്റന്‍ഡന്‍സില്ലെങ്കില്‍ പണി കിട്ടുമെന്നറിയാവുന്നതുകൊണ്ട് മാത്രം. അങ്ങനെയിരിക്കെ ഒരു ദിവസം പോയട്രി ക്ലാസില്‍ രവി സര്‍ സാഫോയുടെ ലെസ്ബിയന്‍ ക്ലാസിക്‌സിനെപ്പറ്റി ഒരു പരാമര്‍ശം നടത്തി. ലെസ്ബിയന്‍ എന്ന വാക്ക് കേട്ടപ്പൊ തന്നെ ക്ലാസില്‍ ഒരു അടക്കിപ്പിടിച്ച ചിരി പടര്‍ന്നു. ഇതില്‍ ഇത്ര ചിരിക്കാനെന്തിരിക്കുന്നു എന്ന സാറിന്റെ ചോദ്യം കണക്കാക്കാതെ ചിരി തുടര്‍ന്നു. ഒരു പെണ്ണും പെണ്ണും സ്‌നേഹിച്ചാല്‍ എന്താ മാനം ഇടിഞ്ഞു വീഴുവോ എന്നു പെട്ടെന്നു വന്ന നിമ്മിയുടെ പതിഞ്ഞ എന്നാല്‍ ദൃഢമായ സ്വരത്തിലുള്ള ചോദ്യത്തിന് ‘ഇല്ലല്ലോ, ഞാന്‍ നിന്നെ സ്‌നേഹിച്ചിട്ട് ആകാശം ഇടിഞ്ഞു വീണോ?’ എന്നു ഞാന്‍ നല്‍കിയ മറുപടി ഒരു നിമിഷം അവളില്‍ ഒരു ഞെട്ടല്‍ ഉളവാക്കി. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പാഞ്ഞ എന്റെ വാക്കുകള്‍ അവളില്‍ എന്നോട് വെറുപ്പ് സൃഷ്ടിച്ചു കാണുമോ എന്നു ഞാന്‍ ഭയന്നു.
പിന്നെ ഞങ്ങള്‍ക്കിടയില്‍ പടര്‍ന്ന നിശ്ശബ്ദത മുറിച്ചു കൊണ്ട് അവസാന ക്ലാസും കഴിഞ്ഞുള്ള ബെല്ലടിച്ചു.

* *

ഞാന്‍ ഭയന്നതു പോലെ ഒന്നും ഉണ്ടായില്ല. നിമ്മി അടുത്ത ദിവസം മുതല്‍ പഴയതുപോലെ എന്നോട് ഇടപഴകി. ഇന്റേണല്‍സ് കഴിഞ്ഞ് രണ്ടു ദിവസത്തെ അവധിക്കു ശേഷം വീണ്ടും ഇന്നാണ് കാണുന്നത്. ഒരുമിച്ച് ക്ലാസില്‍ കേറി അടുത്തടുത്ത് ഇരുന്ന ശേഷവും അവളെപ്പറ്റി ആലോചിച്ചിരുന്ന എന്റെ ചിന്തകളെ പൊടുന്നനെ മുറിച്ചു കൊണ്ട് അവള്‍ സംസാരം തുടങ്ങി: ‘ഞാന്‍ ഒരു പുതിയ ലാംഗ്വേജ് പഠിച്ചോണ്ടിരിക്കുവാ..കൂടുന്നോ?’ ‘ആഹാ, അതേതാ ഈ പുതിയ ലാംഗ്വേജ് ?’, ഞാന്‍ ചോദിച്ചത് കേട്ടില്ലെന്ന് നടിച്ച് അവള്‍ വീണ്ടും തുടര്‍ന്നു. ‘അച്ഛന് സ്ഥലം മാറ്റം കിട്ടി, കന്യാകുമാരി അടുത്തെവിടെയോ ആണെന്നാ പറഞ്ഞത്. നാളെ രാത്രിയോടെ ഞങ്ങള്‍ പുറപ്പെടും.’ നിര്‍വികാരതയോടെ അവള്‍ അത് പറഞ്ഞു തീര്‍ത്തപ്പോ ഒരു ഇടിമിന്നലേറ്റ പോലെ ഞാന്‍ ഇരുന്നു. ‘നേരത്തെ പറഞ്ഞ ആ ലാംഗ്വേജ് ഇല്ലേ, നീയാ അത് എന്നെ പഠിപ്പിച്ചത്.. സ്‌നേഹം.’ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് അവള്‍ എന്നെ കെട്ടിപ്പിടിച്ചു. അവള്‍ കരഞ്ഞിരുന്നോ… ചിലപ്പൊ എന്റെ കലങ്ങിയ കണ്ണുകള്‍ക്ക് തോന്നിയതാവും…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here