സെമിത്തേരിയിലെ പൂവ്

2
646

കഥ

അനീഷ് ഫ്രാൻസിസ്

ഒരു വർഷം മുൻപാണ് ഞാനാ ലോഡ്ജില്‍ മുറിയെടുത്തത്. ഒരു അഴുക്കു പിടിച്ച കെട്ടിടം. അത്രയും കുറഞ്ഞ വാടകയില്‍ നഗരത്തിനോട് ചേർന്ന് ഒരു മുറി കിട്ടാന്‍ പ്രയാസമായിരുന്നു. തീപ്പട്ടിക്കൂട് പോലെയുള്ള മുറികള്‍. മൂന്നു നിലയുള്ള കെട്ടിടത്തില്‍, ഓരോ നിലയിലെയും രണ്ടു അറ്റങ്ങളില്‍ പൊതുവായി ടോയ്‌ലറ്റുകൾ. അവ സദാ വൃത്തിഹീനമായി കിടന്നു. കുറച്ചുനാള്‍ ഗൾഫിലെ ലേബര്‍ ക്യാമ്പില്‍ താമസിച്ചു ജോലി ചെയ്തിരുന്നത് കൊണ്ട് എനിക്കാ ലോഡ്ജ് വലിയ പ്രശ്നമായി തോന്നിയില്ല. എന്റെ പ്രശ്നം അപ്പുറത്തെ മുറിയിലെ വൃദ്ധനായിരുന്നു.
എന്റെ മനസ്സില്‍ എന്നും സിനിമയായിരുന്നു. പഠിക്കുന്ന കാലത്ത് ഞാന്‍ നാടകങ്ങളും സ്കിറ്റും ഒക്കെ എഴുതി. സിനിമയ്ക്ക് തിരക്കഥ എഴുതുക, ഒരു സിനിമ സംവിധാനം ചെയ്യുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ ജീവിതം ഒരു ചോദ്യചിഹ്നമായി ഉയർന്നു. അങ്ങിനെയാണ് ഞാന്‍ ഗൾഫിലേക്ക് പോയത്. അഞ്ചു  വർഷം പൊരിവെയിലത്ത് ഞാന്‍ അറബികളുടെ കെട്ടിടങ്ങള്‍ ഉണ്ടാക്കി. തിരികെ നാട്ടിലേക്ക് വരുമ്പോള്‍ അനിയത്തിയെ വിവാഹം കഴിപ്പിച്ചു വിടാനും കടങ്ങള്‍ വീട്ടി സ്വസ്ഥനാകാനും കഴിഞ്ഞു. വീട്, സ്വന്തം വിവാഹം എന്നീ കാര്യങ്ങൾക്കായി വീട്ടുകാര്‍ നിർബന്ധിച്ചെങ്കിലും വീണ്ടും മരുഭൂമിയില്‍ വർഷങ്ങൾ ചെലവിടാന്‍ ഞാന്‍ മടിച്ചു. എന്റെ സ്വപ്നങ്ങള്‍ വാടിത്തുടങ്ങിയിരുന്നു. എങ്കിലും ഒരു ശ്രമം നടത്തണമെന്ന് എനിക്ക് തോന്നി. ജീവിതം ഒന്നല്ലേയുള്ളു.

മഹാനഗരത്തില്‍ സിനിമയുടെ അണിയറ പ്രവർത്തകർ തമ്പടിക്കുന്ന പോക്കറ്റുകള്‍ ഉണ്ട്. പ്രമുഖസംവിധായകരും നടീനടന്മാരും താമസിക്കുന്നത് ഇവിടുത്തെ വില്ലകളിലും ഫ്ലാറ്റുകളിലുമാണ്. കുറച്ചു കഥകള്‍ എഴുതുക ,കൊള്ളാവുന്ന ഒന്ന് രണ്ടു തിരക്കഥകള്‍ പൂർത്തിയാക്കുക .ആ ലക്ഷ്യത്തോടെയാണ് ഞാന്‍ ആ ലോഡ്ജില്‍ മുറിയെടുത്തത്. വീട്ടുകാരോട് പറയാതെയാണ് ഞാനാ തീരുമാനം എടുത്തത്‌. നാട്ടുകാരും വീട്ടുകാരും ഇത്തരം തീരുമാനങ്ങള്‍ മണ്ടത്തരമായി മാത്രമേ കരുതു. കുറച്ചു പണം എനിക്ക് നീക്കിയിരുപ്പുണ്ടായിരുന്നു. എന്നാല്‍ നഗരത്തിലെ താമസത്തിനും മറ്റു ചെലവുകൾക്കുമായി ജോലി ചെയ്യേണ്ടിയിരുന്നു. വൈകുന്നേരം മുതല്‍ വെളുപ്പിനെ വരെ പ്രവർത്തിക്കുന്ന ഒരു നൈറ്റ് റസ്റ്റോറന്റില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഞാന്‍ ജോലിക്ക് പോയി. ബാക്കിയുള്ള സമയം ലോഡ്ജിലിരുന്നു വായിക്കാനും എഴുതാനും ഉപയോഗിച്ചു. ജോലി കഴിഞ്ഞു വെളുപ്പിന് അഞ്ചുമണിക്ക് ഞാന്‍ ലോഡ്ജില്‍ എത്തും. ഒൻപത് മണി വരെ കിടന്നുറങ്ങും. ആ നേരം വലിയ ശല്യം ഒന്നുമില്ല. ഒൻപത് മണിക്ക് പ്രാതല്‍ കഴിച്ചു പകല്‍ എഴുത്തും വായനയും.
ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ കുഴപ്പമില്ലാതെ പോയി.
ഒരു ദിവസം വെളുപ്പിനെ ഉറങ്ങാന്‍ കിടക്കുന്നതിനിടെ ഞാന്‍ അപ്പുറത്തെ മുറിയില്‍ ആരോ പിറുപിറുക്കുന്നത് കേട്ടു. ഒപ്പം ചിരിയും.
ആദ്യം ഞാന്‍ അത് അവഗണിച്ചു. എന്നാല്‍ ഉറക്കം തുടരുന്നതിനിടെ വീണ്ടും ഞാനാ സ്വരം കേട്ടു. എനിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല.
ഒരു വൃദ്ധന്റെ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്. ഞാന്‍ എഴുന്നേറ്റു മുറിക്കു പുറത്തു ചെന്ന് നോക്കിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയാണ്. വാതിലിന്റെ അരികില്‍ ചെന്നതും പിറുപിറുക്കല്‍ നിലച്ചു. അല്പനേരം നോക്കി നിന്നിട്ട് ഞാന്‍ തിരികെ നടന്നു. ഉറക്കം ശരിയാകാഞ്ഞത്‌ കൊണ്ട് എനിക്ക് അന്ന് ശരിക്കും എഴുതാന്‍ കഴിഞ്ഞില്ല. എങ്കിലും അന്ന് രാത്രി ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെ എനിക്ക് പുതിയ ഒരു കഥയ്ക്കുള്ള ആശയം കിട്ടി. ഒരു ത്രില്ലര്‍ സബ്ജക്റ്റ്.
നന്നായി ഉറങ്ങണം. എന്നിട്ട് ആ കഥ കടലാസ്സില്‍ പകർത്തണം.
ജോലി കഴിഞ്ഞു ഉറങ്ങാന്‍ കിടന്നതും അപ്പുറത്തെ മുറിയില്‍ പിറുപിറുക്കല്‍ കേട്ടു തുടങ്ങി. വൃദ്ധന്റെ അടക്കിപിടിച്ചുള്ള സംസാരം. പിന്നെ ചിരി. ആരോടോ ശബ്ദം താഴ്ത്തി സൊള്ളുന്നത് പോലെ. എനിക്ക് ദേഷ്യം വന്നു.
ഞാനെഴുന്നേറ്റു ചെന്ന് അയാളുടെ വാതിലില്‍ മുട്ടിയതും സംസാരം നിന്നു.
ഞാന്‍ ഉറങ്ങാന്‍ കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും പിറുപിറുക്കല്‍. ഇത്തവണ എനിക്ക് ശരിക്കും ദേഷ്യമായി. ഞാന്‍ വാതില്‍ ആഞ്ഞു മുട്ടി. എത്ര മുട്ടിയിട്ടും വാതില്‍ തുറന്നില്ല.
ഞാന്‍ വീണ്ടും പോയി കിടന്നു. പിന്നെ പിറുപിറുക്കല്‍ കേട്ടില്ല.
കുറച്ചു നേരം ഉറങ്ങിയിട്ട് ഞാനെഴുന്നേറ്റു ഭക്ഷണം കഴിച്ചു. എഴുതാനിരുന്നിട്ടും മനസ് അസ്വസ്ഥമായിരുന്നു. ഇടയ്ക്ക് ഞാനെഴുന്നേറ്റു പോയി നോക്കിയപ്പോഴും ആ മുറി അടഞ്ഞുതന്നെയാണ് കിടന്നിരുന്നത്.
ഒരു വിധത്തില്‍ ഞാന്‍ കഥയുടെ ഒരു വൺലൈൻ പൂർത്തിയാക്കി. അന്ന് രാത്രി എനിക്ക് ജോലി ഇല്ലായിരുന്നു. വൈകുന്നേരം നഗരത്തില്‍ ഒന്ന് കറങ്ങി രാത്രി തിരികെ വന്നു എഴുതാമെന്ന് വിചാരിച്ചു.
നഗരത്തിലേക്ക് പോകാനിറങ്ങിയപ്പോള്‍ ലോഡ്ജിന്റെ മാനേജരെ കണ്ടു.
“അങ്ങേർക്ക് പത്തെഴുപത്‌ വയസ്സുണ്ട്. വീട്ടില്‍ നിന്നിറക്കി വിട്ടതാണ് എന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.”
“വേറെ എന്തെങ്കിലും ഇടപാടുണ്ടോ ? അയാള്‍ റൂമിലിരുന്നു ആരുമായാണ് സൊള്ളുന്നത് ?’
മാനേജര്‍ അമ്പരന്നു.
‘വേറെ ആരുമില്ല. അയാള്‍ തനിച്ചാണ് വന്നത്.”
വൃദ്ധനുമായി സംസാരിക്കാമെന്ന് മാനേജര്‍ പറഞ്ഞു. ലോഡ്ജിൽ നിന്നിറങ്ങി ഞാന്‍ നഗരത്തിലേക്ക് നടന്നു. വൈകുന്നേരം. ബീച്ചിലൂടെ കുറച്ചുനേരം നടക്കാമെന്ന് വിചാരിച്ചു.
മനസ്സിനു ഒരു സമാധാനവുമില്ല. ദിവസങ്ങള്‍ വേഗം തീരുകയാണ്.
ബീച്ചില്‍ വച്ച് ഒരു കൂട്ടുകാരനെ കണ്ടു. അവനും തന്നെപ്പോലെ ഒരു സിനിമാമോഹിയാണ്. ഞാന്‍ തലേന്ന് എഴുതിയ കഥയുടെ വൺലൈൻ അവനെ പറഞ്ഞു കേൾപ്പിച്ചു.
“നല്ല കഥയാണ്‌. പ്രൊഡ്യൂസറെ കിട്ടിയാല്‍ രക്ഷപെട്ടു. അതാണ്‌ പ്രധാന കടമ്പ.” അവന്‍ പറഞ്ഞു.
അവന്‍ പരിചയമുള്ള യുവനിരയിലെ നടന്റെ മാനേജരെ വിളിച്ചു എനിക്ക് പരിചയപ്പെടുത്തി.നടന്‍ അയാൾക്ക് തനിയെ സംവിധാനം ചെയ്യാനുള്ള ഒരു കഥ തിരഞ്ഞു നടക്കുകയാണത്രെ. മാനേജർക്കാ കഥ ഇഷ്ടമായി. പിറ്റേന്ന് തന്നെ അയാളെ കാണാന്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. വരുമ്പോള്‍ കഥ പൂർണ്ണമായി എഴുതികൊണ്ട് ചെല്ലാനും പറഞ്ഞു. തിരികെ ലോഡ്ജിലെത്തിയപ്പോള്‍ രാത്രിയായി. ചെന്നയുടനെ കുളിച്ചു. ഞാന്‍ ഒരു പുതിയ കെട്ട് കടലാസെടുത്തു. പിന്നെ ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചു. മഷിപ്പേനയുടെ ക്യാപ്പൂരി ആദ്യത്തെ വാക്ക് എഴുതാന്‍ തുടങ്ങിയതും അപ്പുറത്തെ മുറിയില്‍ നിന്നും ചിരി കേട്ടു. ഒരു തരം കളിയാക്കിയുള്ള ചിരി. എന്റെ സകല നിയന്ത്രണങ്ങളുമറ്റു. ഞാന്‍ ചാടിയെഴുന്നേറ്റ് അപ്പുറത്തെ മുറിയിലേക്ക് പാഞ്ഞു ചെന്നു. മുറിയുടെ വാതില്‍ ചാരിക്കിടക്കുയായിരുന്നു. ഞാന്‍ മുറി തുറന്നു അകത്തേക്ക് ചെന്നു. അകത്തു ലുങ്കിയും ബനിയനും ധരിച്ച ഒരു വൃദ്ധന്‍ തനിച്ചിരുന്നു ചിരിക്കുന്നു. എന്നെ കണ്ടതും അയാളുടെ മുഖം പേടിച്ചരണ്ടു.
“എന്താ…എന്താ..ആരാ ?” അയാള്‍ ചോദിച്ചു.
“നിങ്ങള്‍ എന്തിനാണ് തന്നെയിരുന്നു ചിരിക്കുന്നത് ? “
അയാളുടെ ഭാവം മാറി.
“ആര് പറഞ്ഞു? നിങ്ങൾക്ക് തോന്നിയതാവും ?” അയാള്‍ ദേഷ്യപെട്ടു.
“ഞാന്‍ അപ്പുറത്തെ മുറിയിലെ താമസക്കാരനാണ്. ഇത് വല്യ ശല്യമാവുന്നുണ്ട്.” ഞാന്‍ അരിശത്തോടെ പറഞ്ഞു. പിന്നെ വെട്ടിത്തിരിഞ്ഞ് എന്റെ മുറിയിലേക്ക് പോന്നു. ഞാന്‍ ഇറങ്ങിയതും അയാള്‍ വാതിലടച്ചു കുറ്റിയിട്ടു. ഞാന്‍ മുറിയില്‍ മടങ്ങിയെത്തി എഴുതാന്‍ തുടങ്ങി. ഇനി ചിലപ്പോ അയാളുടെ ശല്യം ഉണ്ടാവില്ലായിരിക്കും. പക്ഷേ എന്റെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു.
കുറച്ചു എഴുതിയപ്പോഴേക്കും അപ്പുറത്തെ മുറിയിൽനിന്നും പിറുപിറുക്കലും ചിരിയും ഉയർന്നു. ഞാന്‍ ഹെഡ് ഫോണ്‍ എടുത്തു ചെവിയില്‍ വെച്ച് ഒരു ഹിന്ദി ഗസല്‍ പ്ലേ ചെയ്തു. ഞാന്‍ ഒരു വിധത്തില്‍ കഥ പൂർത്തിയാക്കി. പിറ്റേന്ന് രാവിലെ ഞാന്‍ പോകാനിറങ്ങിയപ്പോള്‍ അയാള്‍ ലോഡ്ജിന്റെ മുറ്റത്ത്‌ ഒരു ചെടി നടുന്നത് കണ്ടു. “ഇവിടുത്തെ പള്ളി സെമിത്തെരിയില്‍ നിന്ന റോസയുടെ കമ്പാ..” അയാള്‍ എന്നോട് പറഞ്ഞു.
തലേ ദിവസം നടന്ന കാര്യങ്ങള്‍ പൂർണ്ണമായി മറന്ന മട്ടിലായിരുന്നു അയാളുടെ സംസാരം. എനിക്കയാളോട് സത്യത്തില്‍ സഹതാപം തോന്നി. “ചേട്ടന്‍ എന്ത് ചെയ്യുന്നു..എന്താണ് തനിയെ സംസാരിക്കുന്നത് ?” ഞാന്‍ സൗമ്യമായി ചോദിച്ചു.
“ഓ, ഒരു പ്രായം കഴിഞ്ഞാല്‍ അങ്ങിനെയാവും. മോന്‍ ക്ഷമിക്കണം. അതൊന്നും ശ്രദ്ധിക്കണ്ട.” അയാള്‍ പറഞ്ഞു.
“എനിക്കത് നല്ല ബുദ്ധിമുട്ടാണ് ചേട്ടാ..എന്റെ ജോലിയെ അത് ബാധിക്കും.” ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു.
“മോനെന്താ ജോലി ?”
“ഞാന്‍ സിനിമയ്ക്ക് എഴുതാനുള്ള ശ്രമമാണ്.”
“സിനിമ.” അയാള്‍ പിറുപിറുത്തു. പിന്നെ കയ്യിലിരുന്ന റോസാക്കമ്പിലേക്ക് നോക്കി.
“സെമിത്തേരിയിലെ പൂവുകൾക്ക് നല്ല നിറമാണ്‌.” അയാള്‍ വീണ്ടും പിറുപിറുത്തു. ഞാന്‍ കൂടുതല്‍ സംസാരിക്കാന്‍ നിൽക്കാതെ നടന്നു.
അയാൾക്ക് മാനസികമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവും. ലോഡ്ജ് മാനേജരുമായി ഇതിനെക്കുറിച്ച്‌ സംസാരിച്ചാലോ..
ഞാനെഴുതിയ കഥ നടന്റെ മാനേജരർക്ക് ഇഷ്ടമായി. അയാള്‍ ഉടനെ തന്നെ നടനെ വിളിച്ചു. കഥയുടെ രത്നച്ചുരുക്കം ഞാന്‍ പറഞ്ഞത് നടനിഷ്ടമായി.
“സ്ക്രിപ്റ്റായോ ?” നടന്‍ ചോദിച്ചു.
“ഇല്ല സര്‍. ജസ്റ്റ് കഥ മാത്രം..”
“അത് പറ്റില്ല. സ്ക്രിപ്റ്റ് വേഗം പൂർത്തിയാക്കണം. സംവിധാനം ഞാന്‍ തന്നെ ചെയ്യും. എനിക്കൊരു പ്രൊഡ്യൂസര്‍ ഉണ്ട്.”
ഞാന്‍ കേൾക്കുന്നത് സത്യമാണോ അല്ലയോ എന്ന് വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു .
“സര്‍..തിരക്കഥ ഉടനെ പൂർത്തിയാക്കാം.”
“ ഫീൽഡില്‍ ഉടനെ എന്ന വാക്കില്ല. എത്ര സമയം എടുക്കും ?”
“ഒരു മാസം.”
“ശരി.”
നടന്‍ മാനേജർക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. അവര്‍ തമ്മില്‍ വീണ്ടും എന്തൊക്കെയോ സംസാരിച്ചു. ഫോണ്‍ വെച്ചതിനു ശേഷം മാനേജര്‍ ബാഗിൽ നിന്ന് അയ്യായിരം രൂപ എനിക്ക് എടുത്തു തന്നു.
“ഇതൊരു ചെറിയ അഡ്വാൻസാണ്. ഈ കഥ ഇനി വേറെ ആരോടും പറയണ്ട.”
ഞാന്‍ തലയാട്ടി. അവിടെ നിന്നിറങ്ങുമ്പോള്‍ അയാള്‍ പിന്നിൽ നിന്ന് വിളിച്ചു. “സിനിമയില്‍ ഒന്നിനും ഒരു ഉറപ്പില്ല. അതോർമ്മ വേണം.”
ഒരു മുന്നറിയിപ്പ് പോലെ അയാള്‍ പറഞ്ഞു. ചിലപ്പോള്‍ എങ്ങാനും പ്രോജക്റ്റ് നടക്കാതെ വന്നെങ്കില്‍ നിരാശപ്പെടാതിരിക്കാനാവും. “എനിക്കറിയാം സര്‍. “
“സിനിമയില്‍ എന്നല്ല ജീവിതത്തിൽ മൊത്തത്തില്‍ ഒന്നിനും ഒരു ഉറപ്പുമില്ല.” ഇത്തവണ അയാള്‍ അത് തന്നോട് തന്നെയാണ് പറഞ്ഞത്. അപ്പോള്‍ ഞാന്‍ ലോഡ്ജിലെ വൃദ്ധനെക്കുറിച്ച് ഓർത്തു.

തിരിച്ചു ലോഡ്ജിലേക്ക് നടക്കുമ്പോള്‍ നേരിയ മഴയുണ്ടായിരുന്നു. ഒരു മാടക്കടയുടെ ചായ്പില്‍ കയറി നിന്ന് ഒരു സിഗരറ്റ് വാങ്ങി പുകച്ചു. നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം. താഴെ പട്ടണത്തിലെ വെളിച്ചങ്ങള്‍. കീശയില്‍ കയ്യിട്ട് ആ നോട്ടുകളില്‍ സ്പർശിച്ചു. താന്‍ തിരഞ്ഞെടുത്ത പാത ശരിയെന്നു തിരിച്ചറിയുമ്പോള്‍ തോന്നുന്ന ആശ്വാസം വലുതാണ്. പല വിധ ചിന്തകളും പ്ലാനുകളുമായി ലോഡ്ജില്‍ എത്തി. രണ്ടു കെട്ടു പേപ്പറും പേനകളും വാങ്ങി. റൂമിലെത്തി കുളിച്ചു. സ്ക്രിപ്റ്റ് എഴുതുന്നതിനു മുൻപ് ഒന്ന് പ്രാർത്ഥിച്ചു. ആദ്യമായാണ് പ്രാർത്ഥി ക്കുന്നത്. സിനിമ ഭാഗ്യനിർഭാഗ്യങ്ങളുടെ കളിയാണ്. വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രാർത്ഥിക്കണം.
പ്രാർത്ഥന കഴിഞ്ഞു . മേശയില്‍ റൈറ്റിംഗ് ബോർഡില്‍ കടലാസ് പിന്‍ ചെയ്തു വച്ചു. ഒരു നിമിഷം കണ്ണടച്ചു. കണ്ണ് തുറന്നു മുൻപിലെ വെളുത്ത ശൂന്യതയിലേക്ക് നോക്കി. ആ വെളുപ്പിലാണ് തന്റെ ഭാവി. വെറുതെ കടലാസിന്റെ മിനുസമായ പ്രതലത്തിലൂടെ വിരലോടിച്ചു. ഭാവിയെ സ്പർശിക്കുന്നത് പോലെ തോന്നി. സീന്‍ ഒന്ന് എന്നെഴുതാന്‍ തുടങ്ങിയതും ഫോണ്‍ ബെല്ലടിച്ചു. ദൈവമേ തുടക്കത്തിലെ തടസ്സമാണോ എന്നൊരു ആന്തല്‍ മനസ്സിലൂടെ പാഞ്ഞു. ഹേയ്, ഇങ്ങനെ അന്ധവിശ്വാസിയാകരുത്. സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് ഫോണ്‍ എടുത്തു. “താനിന്നു ലീവാണോ ?” നൈറ്റ് ഹോട്ടലിലെ മാനേജരാണ്. സ്വരത്തില്‍ നല്ല ദേഷ്യമുണ്ട്. കഥ സിനിമയാകുന്ന സന്തോഷത്തില്‍ ലീവ് പറയാന്‍ മറന്നു പോയി.
“തനിക്കൊന്ന് നേരത്തെ പറയത്തില്ലായിരുന്നോ ? ഇന്നിപ്പൊ പൊറോട്ട അടിക്കുന്ന ആള്‍ വന്നിട്ടില്ല.’”
“ഇന്നൊരു ദിവസം സാര്‍ തന്നെ പൊറോട്ട അടിക്ക്..”
അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. പിന്നെ ഒരു പുഴുത്ത തെറി.
“താനിനി ഇങ്ങോട്ട് വരണ്ട.” മാനേജര്‍ മുരണ്ടു. ഒരു സ്ക്രിപ്റ്റ് റൈറ്ററെയാണ് അയാള്‍ തെറി വിളിച്ചിരിക്കുന്നത്. ഈ സിനിമ പുറത്തിറങ്ങിയാല്‍ സ്ഥാനം വച്ചു നോക്കിയാല്‍ അയാള്‍ കീടമാണ്‌. കീടം.
“എടോ കീടം.. എനിക്ക് തന്റെ ഹോട്ടലിലെ പണി വേണ്ട.”.അത് കേട്ടതും അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അയാളെ രണ്ടു തെറി തിരിച്ചു വിളിക്കാഞ്ഞിട്ട് ഒരു ഇച്ഛാഭംഗം തോന്നി.
വീണ്ടും മുന്നിലെ വെളുത്ത കടലാസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഉള്ളിലിരുന്ന് ആരോ കുറ്റപ്പെടുത്തുന്നു. മാനേജരോട് ഇത്തിരി മര്യാദയ്ക്ക് പെരുമാറാമായിരുന്നു. താന്‍ അനാവശ്യ വർത്തമാനം പറഞ്ഞത് കൊണ്ടാണ് അയാള്‍ തെറി പറഞ്ഞത്.
ഒരു നിമിഷം കണ്ണടച്ചു. മനസ്സിനോട് ശാന്തമാകാന്‍ കെഞ്ചി. എഴുത്തില്‍ ഏറ്റവും ആവശ്യം ഏകാഗ്രതയാണ്. ആൾക്കൂട്ടത്തിന് നടുവിലും ഒറ്റയ്ക്കാകാന്‍ എഴുത്തുകാരനു കഴിയണം. ഉള്ളിന്റെയുള്ളിലെ നെടുവീർപ്പിലാകണം ശ്രദ്ധ. ആ നെടുവീർപ്പിൽ നിന്ന് കിനിഞ്ഞു വീഴുന്ന അക്ഷരങ്ങൾക്ക് വേണ്ടി മാത്രമാകണം കാത്തിരിപ്പ്. അല്‍പ്പനേരം ഒന്നും ചെയ്യാതെ ശാന്തമായിരുന്നു. എല്ലാം മറന്നു. സിനിമയും സാമ്പത്തികപ്രതിസന്ധിയും താൽക്കാലിക ജോലിയും എല്ലാം. ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന നായകന്‍….അതാണ് ഒന്നാമത്തെ സീന്‍. വികാരപ്രക്ഷുബ്ധമായ ഒരു രംഗമാണ്. നായകന്റെ മനോനില മനസില്‍ തെളിഞ്ഞു.
ആ സീനില്‍ വരേണ്ടത് മുഴുവന്‍ ഒരു ചിത്രത്തിലെന്ന പോലെ തെളിഞ്ഞു. ഇപ്പോള്‍ മനസ്സ് ഒരു സ്ഫടിക കുപ്പിപോലെയായിരിക്കുന്നു. അതില്‍ അമൃത് പോലെ വാക്കുകള്‍ ഊറിക്കൂടിയിരിക്കുന്നു. ഇനി ശ്രദ്ധ പതറാതെ അത് മുൻപിലിരിക്കുന്ന കടലാസ് താളിന്റെ വെണ്മയിലേക്ക് പകർന്നാല്‍ മതി.
സീന്‍ ഒന്ന്…മെല്ലെ കടലാസില്‍ എഴുതി.
അടുത്ത നിമിഷം അപ്പുറത്തെ മുറിയില്‍ നിന്ന് ഒരു ചുമ കേട്ടു. കിഴവന്‍ വന്നിരിക്കുന്നു.
ഒരു അടക്കിപ്പിടിച്ച ചിരി കേട്ടു. പിന്നെ ഒരു ഉറക്കെയുള്ള ചിരി. സംസാരം…
കഴിയില്ല..എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. വാതില്‍ ചവിട്ടിപ്പൊളിക്കാനുള്ള ദേഷ്യത്തോടെയാണ് അയാളുടെ മുറിയുടെ മുൻപിലേക്ക് ചെന്നത്. അയാള്‍ വാതില്‍ തുറക്കില്ലെന്നാണ് കരുതിയത്‌. എന്നാല്‍ ആദ്യത്തെ തട്ടിന് തന്നെ കിഴവന്‍ വാതില്‍ തുറന്നു.
“ ഏതു സെമിത്തേരിയില്‍ നിന്നാണ് എന്ന് ഞാന്‍ പറയില്ല. അതൊരു രഹസ്യമാണ്.” കിഴവന്‍ വാതില്‍ തുറന്നയുടനെ എന്നെ നോക്കി പറഞ്ഞു. എന്നെ നോക്കി എന്ന് പറയാന്‍ കഴിയില്ല. അയാളുടെ നോട്ടം എന്നെയും കടന്നുപോവുന്നുണ്ടായിരുന്നു. അയാള്‍ മറ്റാരോടോ ആണ് അത് പറയുന്നതെന്ന് എനിക്ക് തോന്നി. രാവിലെ അയാള്‍ സെമിത്തേരിയിലെ പൂവുകളുടെ നിറത്തെ പറ്റി സംസാരിച്ചത് ഞാന്‍ ഓർത്തു.
കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപെ അയാള്‍ വാതിലടച്ചു. എനിക്കൊട്ടും സഹതാപം തോന്നിയില്ല. അയാളുടെ ഭ്രാന്ത്‌ സഹിച്ചു ജീവിക്കാന്‍ തുടങ്ങിയാല്‍ തകരുന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ഞാന്‍ നേരെ ലോഡ്ജ് മാനേജരുടെ മുറിയിലേക്ക് ചെന്നു.
“ഒന്നുകില്‍ അയാളെ അവിടെ നിന്ന് മാറ്റണം. അല്ലെങ്കില്‍ എനിക്ക് മറ്റൊരു മുറി തരേണ്ടി വരും”.“ഇപ്പൊ വേറെ മുറി ഒന്നും ഒഴിവില്ലല്ലോ..”മാനേജര്‍ നിസ്സഹായനായി. ഇത്ര കുറഞ്ഞ വാടകയ്ക്ക് മുറി ലഭിക്കുന്ന? മറ്റൊരു ലോഡ്ജില്ല. ഉള്ള ജോലിയാണെങ്കില്‍ നഷ്ടപ്പെട്ടു. കയ്യില്‍ പണവും കുറവ്. ഞാന്‍ നിശബ്ദനായി.
“അയാള്‍ ഒരു വർഷത്തേക്ക് വാടക മുന്‍‌കൂറായി തന്നതാണ്. പിന്നെ അയാളുടെ കാര്യവും ഇത്തിരി കഷ്ടമാണ്.” മാനേജര്‍ പറഞ്ഞു.
“അയാളൊരു സിനിമാ നിർമ്മാതാവായിരുന്നു.പണം മുഴുവന്‍ നഷ്ടപ്പെട്ടപ്പോള്‍ അയാള്‍ ബിസിനസില്‍ നിന്നും കുടുംബത്തിൽ നിന്നും ഔട്ടായി.” അത് വരെയില്ലാതിരുന്ന സഹതാപത്തിന്റെ ഉറവ എന്റെയുള്ളില്‍ പൊടിച്ചു. “ഞാനീ ലോഡ്ജ് നടത്താന്‍ തുടങ്ങിയിട്ട് വർഷങ്ങളായി. ആ വൃദ്ധനെപ്പോലെ ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരുകാര്യം സത്യമാണ്. തീരെ നിഷ്കളങ്കരായ മനുഷ്യര്‍ ഒടുക്കം ഒറ്റപ്പെടും.”
മാനേജരുടെ മുറിയിൽ നിന്ന് തിരികെ നടക്കുമ്പോള്‍ അയാള്‍ പറഞ്ഞ അവസാനത്തെ വാചകം ഉള്ളില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. മാനേജര്‍ അയാളുമായി സംസാരിച്ചു എന്ന് തോന്നുന്നു. അയളുടെ ശല്യം തീരെ കുറഞ്ഞു.
ഞാന്‍ രാത്രി വൈകുവോളം എഴുതി. പകല്‍ കിടന്നുറങ്ങി.
പകല്‍ വൃദ്ധന്‍ മുറിയില്‍ ഉണ്ടാവില്ല. രാത്രി വളരെ വൈകിയാണ് അയാള്‍ മുറിയിൽ തിരിച്ചെത്തുന്നതും.
“നിങ്ങൾക്ക് ശല്യമാവാതിരിക്കാന്‍ അയാള്‍ പകല്‍ അടുത്തുള്ള ഒരു പള്ളി സെമിത്തേരിയില്‍ പോയിരിക്കും.” ഒരു ദിവസം എന്നെ കണ്ടപ്പോള്‍ മാനേജര്‍ പറഞ്ഞു.
“സെമിത്തേരിയോ ?”
“അതെ, പള്ളിയിലും പാർക്കിലും ഒക്കെ കിട്ടുന്നതിനെക്കാള്‍ സമാധാനം സെമിത്തേരിയില്‍ പോയാല്‍ കിട്ടുമെന്നാ പുള്ളി പറഞ്ഞത്.”
“എന്തായാലും ഇപ്പോള്‍ തനിയെ ഉള്ള സംസാരം കുറഞ്ഞിട്ടുണ്ട്.” ഞാന്‍ പറഞ്ഞു. “വണ്ടുകള്‍ മുറിക്കുള്ളില്‍ പെട്ട് പുറത്തു പോകാന്‍ പറ്റാതെ ഉഴറുന്നത് കണ്ടിട്ടില്ലേ? അതുപോലെയാണ് ഇത്തരം മാനസിക പ്രശ്നമുള്ളവരുടെ കാര്യം. തനിയെ വർത്ത മാനം പറയുമ്പോള്‍ അവർക്ക് ഒരു ആശ്വാസം ലഭിക്കുന്നുണ്ട്. അവരുടെ ഉള്ളിലെ ഒരു അപരിചിതനുമായി അവര്‍ കൂട്ടുകൂടുകയാണ്. ആ സാമീപ്യം ലഭിക്കാതെ വരുമ്പോള്‍ ശ്വാസം കിട്ടാതെ വരുമ്പോഴുള്ള ഒരു വീര്‍പ്പുമുട്ടലുണ്ടാകും.”
മാനേജര്‍ പറഞ്ഞതൊക്കെ അനുഭാവം ഭാവിച്ചു കേട്ടെങ്കിലും ഒന്നും എന്റെ മനസ്സില്‍ തട്ടിയില്ല. മനസ്സില്‍ മുഴുവന്‍ എഴുത്തിന്റെ ടെൻഷനാണ്. തിരക്കഥ തീർക്കാന്‍ അനുവദിച്ച സമയം അവസാനിക്കുകയാണ്. ക്ലൈമാക്സ് എഴുതുന്ന രാത്രി. ഇതാണ് തിരക്കഥയിലെ ഏറ്റവും മർമ്മപ്രധാനമായ ഭാഗം. ഇതില്‍ പാളിച്ച പറ്റിയാല്‍ സിനിമ പരാജയപ്പെടും. എന്റെ സിനിമാ ജീവിതവും. ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാത്രി. പെട്ടെന്നാണ് അപ്പുറത്തെ മുറിയില്‍ നിന്ന് കരച്ചില്‍ കേട്ടത്. വൃദ്ധന്‍ മുറിയില്‍ തിരികെ വന്നത് എഴുത്തിനിടയില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. വിതുമ്പല്‍ കേട്ടതും ഞാന്‍ എഴുത്ത് നിർത്തി മരവിച്ചിരുന്നു. അത് വരെ അയാള്‍ ചിരിക്കുന്നതും പിറുപിറുക്കുന്നതും മാത്രമേ ഞാന്‍ കേട്ടിരുന്നുള്ളു. കരയുന്നത് കേൾക്കുന്നത് ആദ്യമായിട്ടാണ്. എഴുന്നേറ്റു ചെന്ന് നോക്കണം എന്ന് ഉള്ളിലിരുന്ന് ആരോ നിർബന്ധിച്ചുവെങ്കിലും ഞാന്‍ വകവെച്ചില്ല. ഇത് ജീവിതത്തിലെ പ്രധാനപ്പെട്ട രാത്രിയാണ്. തിരക്കഥ പൂർത്തിയാക്കാന്‍ തന്നിരിക്കുന്ന സമയം നാളെ തീരുകയാണ്. ലക്ഷ്യത്തോടടുക്കുമ്പോള്‍ ഇത് പോലെയുള്ള തടസ്സങ്ങള്‍ ഉണ്ടാകും. അയാളുടെ കരച്ചില്‍ വീണ്ടും കേട്ടു. ഞാന്‍ ഹെഡ്സെറ്റ് വെച്ച് മഴ പെയ്യുന്നതിന്റെ ഒരു ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്തു. വൃദ്ധന്റെ കരച്ചില്‍ മഴയില്‍ മുങ്ങി. ഞാന്‍ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ക്ലൈമാക്സ് സീന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ നേരം വെളുക്കാറായിരുന്നു.ഞാന്‍ ചെവിയോർത്തു
ഇല്ല, വൃദ്ധന്റെ മുറിയിൽ നി‍ന്ന് ഇപ്പോള്‍ ഒച്ചയൊന്നും കേൾക്കു ന്നില്ല. എല്ലാം ശാന്തം. പുറത്തു മരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് കിളികളുടെ ശബ്ദം മാത്രം കേൾ
ക്കാം. ക്ലൈമാക്സ് എഴുതിയ ആശ്വാസത്തോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. നാളെത്തന്നെ എഴുത്ത് പൂർത്തി യാക്കി, നടനെയും മാനേജരെയും കൊണ്ടുപോയി കാണിക്കണം. വൃദ്ധന്റെ കരച്ചിലിന്റെ കാരണം അന്വേഷിക്കാത്തതിലുള്ള കുറ്റബോധം അപ്പോഴേക്കും മാഞ്ഞിരുന്നു. വാതിൽക്കല്‍ തുടർച്ചയായുള്ള മുട്ട് കേട്ടാണ് ഞാന്‍ ഉണർന്നത്. ഒരുവിധത്തില്‍ എഴുന്നേറ്റു വേച്ചു വേച്ചു വാതിൽക്കലേക്ക് നടന്നു. ഉറക്കം ഒട്ടും മാറിയിട്ടുണ്ടായിരുന്നില്ല.ആ വൃദ്ധനാണ് വാതിൽക്കലെങ്കില്‍ നല്ല ചീത്ത പറയാന്‍ ഒരുങ്ങിയാണ് വാതില്‍ തുറന്നത്. രണ്ടു പോലീസുകാരാണ് വാതിൽക്കല്‍ നിന്നത്.
“എന്തൊരു ഉറക്കമാടോ ? തനിക്ക് രാത്രിയിലെന്താ പണി ?” അതിലൊരാള്‍ അനിഷ്ടത്തോടെ ചോദിച്ചു. വൃദ്ധന്റെ മുറിയുടെ മുന്നില്‍ ആൾക്കൂട്ടം ഉണ്ടായിരുന്നു. ഞാന്‍ പോലീസുകാർക്കൊപ്പം വൃദ്ധന്റെ മുറിയിലേക്ക് ചെന്നു. മുറിയില്‍ ഏതോ മരുന്നിന്റെ ഗന്ധം തങ്ങി നിൽക്കു ന്നു. മേശയില്‍ കുറെ റോസാപ്പൂവുകള്‍ ചിതറിക്കിടപ്പുണ്ട്. അവ മിക്കവാറും അഴുകിയതും വാടിയതുമാണ്. അയാള്‍ സെമിത്തേരിയിൽ നിന്ന് ശേഖരിച്ചുകൊണ്ട് വന്നതാവണം. വെളുപ്പില്‍ കറുത്ത വരകളുള്ള ലുങ്കിയും ബനിയനും ധരിച്ച വൃദ്ധന്‍ കട്ടിലില്‍ ശാന്തമായി കണ്ണുകളടച്ച്‌ ഉറങ്ങുന്നു. കട്ടിലിനിരികില്‍ കസേരയിലിരുന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ എന്തോ എഴുതുന്നു. ലോഡ്ജ് മാനേജര്‍ അടുത്തു നിൽപുണ്ട്. മൊഴി എടുക്കുകയാവണം.
“ഉറക്കഗുളികയാണെന്ന് തോന്നുന്നു..” പോലീസുകാരില്‍ ഒരാള്‍ പറയുന്നത് ഞാന്‍ കേട്ടു. പോലീസ് എന്റെയും മൊഴിയെടുത്തു. വൃദ്ധന്റെ മരണം ആത്മഹത്യയാണ് എന്ന് പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലുകളും മറ്റും ഉണ്ടായില്ല. ലോഡ്ജിലെ താമസം അതോടെ അവസാനിച്ചു. ഞാന്‍ വീട്ടിലേക്ക് മടങ്ങി. ഒന്ന് രണ്ടു ദിവസം വീട്ടിലിരുന്ന് തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം ഞാന്‍ നടന്റെ മാനേജരെ കാണാന്‍ ഒരു വൈകുന്നേരം ചെന്നു. “പ്രോജക്റ്റ് നടക്കില്ല, പ്രൊഡ്യൂസര്‍ പിന്മാറി.” അയാള്‍ എന്നോട് പറഞ്ഞു.
ഞാന്‍ എന്ത് പറയണം എന്നറിയാതെ അയാളുടെ മുഖത്തേക്ക് നോക്കി. രണ്ടു ദിവസം തന്നെ ഒരു വിധത്തിലാണ് ഞാന്‍ വീട്ടില്‍ തങ്ങി എഴുത്ത് പൂർത്തിയാക്കിയത്. കല്യാണത്തിന്റെയും ജോലിയുടെയും കാര്യം പറഞ്ഞു നാട്ടുകാരും വീട്ടുകാരും കുരിശില്‍ തറയ്ക്കുകയാണ്. എന്നോട് ചോദിക്കാതെ തന്നെ തിരികെ ഗൾഫിലേക്ക് വിടാനുള്ള കാര്യങ്ങൾ വരെ വീട്ടുകാര്‍ ചെയ്തുവച്ചിരിക്കുന്നു.
“ഞാന്‍ അന്നേ പറഞ്ഞില്ലേ..സിനിമയില്‍ ഇതൊക്കെ പതിവാ..നിങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കൂ..ഇന്നല്ലെങ്കില്‍ നാളെ അവസരം വരും.” മാനേജര്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. തിരിച്ചു നടക്കുമ്പോള്‍ മഴ തുടങ്ങിയിരുന്നു. അല്പദൂരം നടന്നപ്പോഴാണ് ലോഡ്ജിലേക്കുള്ള വഴിയിലൂടെയാണ് നടക്കുന്നതെന്ന് ഓർത്തത്. മരിച്ചു പോയ വൃദ്ധന്റെ മുറിയുടെ അടഞ്ഞുകിടക്കുന്ന വാതില്‍ ഉള്ളില്‍ തെളിഞ്ഞു. മഴ കൂടുന്നതിന് മുൻപ് അടുത്തു കണ്ട മാടക്കടയിലേക്ക് ഓടിക്കയറി. ടോക്കണ്‍ തുക വാങ്ങിയ ദിവസവും ഇതേ കടയില്‍ കയറി സിഗരറ്റ് പുകച്ചു മഴയും നോക്കി നിന്നതാണ്. അന്ന് സന്തോഷം കൊണ്ട് ഉള്ളം തുടിച്ചു. അന്നത്തെപ്പോലെ പാന്റിന്റെ കീശയിലേക്ക് കയ്യിട്ടു. പ്രതീക്ഷയുടെ സ്പർശം പോലെ കീശ നിറഞ്ഞിരുന്ന കറൻസി
നോട്ടുകള്‍ ഇന്നില്ല.
ഒരു സിഗരറ്റ് വാങ്ങി പുകച്ചു. മഴ കൂടുകയാണ്. അന്ന് രാത്രി ആ വൃദ്ധന്റെ കരച്ചില്‍ കേൾക്കാതെ തിരക്കഥ എഴുതിയത് വെറുതെയായില്ലേ ?വിഡ്ഢി!പമ്പര വിഡ്ഢി! കുറ്റപ്പെടുത്തുന്നത് പോലെ മഴ ചെവിയില്‍ ആർത്തലച്ചു. നഗരത്തിലെ വെളിച്ചങ്ങള്‍ ഓരോന്നായി അണഞ്ഞു..ഇനി താന്‍ എന്താണ് ചെയ്യേണ്ടത്? സ്വപ്നങ്ങള്‍ ഉപേക്ഷിച്ചു യാന്ത്രികമായ ഒരു ജീവിതം തിരഞ്ഞെടുക്കണോ?അങ്ങിനെ ജീവിച്ചു ജീവിച്ചു വയസായി…ആ വൃദ്ധന്റെ മേശയിലെ വാടിയ പൂവ് പോലെ അവസാനിക്കുമോ ?
പെട്ടെന്ന് മൊബൈല്‍ ബെല്ലടിച്ചു. അപ്പുറത്ത് നിന്ന് ഒരു അപരിചിതന്റെ സ്വരം കേട്ടു. അദ്ദേഹം സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയി.
ഫീൽഡിലെ ഒന്നാം നിര സംവിധായകരില്‍ ഒരാള്‍! നഗരത്തിലെ പഞ്ചനക്ഷത്രഹോട്ടലില്‍ അദ്ദേഹം മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു താമസിക്കുന്നു. വേഗം തന്നെ വന്നു കാണാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ചെന്നയുടന്‍ അദേഹം കഥ കേട്ടു. സ്ക്രിപ്റ്റ് ഓടിച്ചു വായിച്ചു.
“ഇത് നമുക്ക് ചെയ്യാം. പക്ഷേ ക്ലൈമാക്സ് ഇത്തിരി കൂടി നന്നാക്കാം. ഒരു പോസിറ്റീവ് ഫീല്‍ വരുന്ന രീതിയില്‍ അതൊന്നു പൊളിച്ചെഴുതണം. പക്ഷേ എത്രയും വേഗം വേണം.”
എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ എന്റെ അവസ്ഥയെ കുറിച്ച് പറയാന്‍ തുടങ്ങിയതും അദ്ദേഹം കയ്യുയർത്തി തടഞ്ഞു. “എല്ലാം എനിക്കറിയാം. നിങ്ങളെക്കുറിച്ച് എന്റെ ഒരു സുഹൃത്ത്‌ എല്ലാം പറഞ്ഞിട്ടുണ്ട്. അതാരാണ് എന്ന് മാത്രം ചോദിക്കരുത്.”
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം തുടർന്നു.
“നിങ്ങൾക്ക് ഞാനിവിടെ മുറി ബുക്ക് ചെയ്തിട്ടുണ്ട്. ഇവിടെയിരുന്നു സ്ക്രിപ്റ്റ് പൂത്തിയാക്കൂ…നാളെ തന്നെ അഡ്വാൻസ് തുക വാങ്ങാം.”
കേൾക്കുന്നത് സത്യമാണോ അല്ലയോ എന്നറിയാതെ ഞാന്‍ അല്പ്പനേരം നിശബ്ദനായി.
ശീതികരിച്ച മുറി. തടിയില്‍ തീർത്ത ഇരട്ടക്കട്ടില്‍. അലമാരകള്‍, മേശകള്‍. ഇരുന്നെഴുതാനും വിശ്രമിക്കാനും കസേരകളും മേശകളും. മിനി ഫ്രിഡ്ജ്, കോഫി മേക്കര്‍..
അത്തരമൊരു മുറി ഞാന്‍ ആദ്യം കാണുകയായിരുന്നു.പെട്ടെന്ന് ഒരു ശബ്ദം കേട്ടു..മുറിയിലൂടെ ഒരു വണ്ട്‌ ഉഴറി പറക്കുന്നു..എങ്ങിനെയോ അറിയാതെ പെട്ടു പോയതാവാം.
എഴുതാനുള്ള കടലാസുകളും മറ്റുസാധനങ്ങളും ടേബിളില്‍ ഒരുക്കി വെച്ച ശേഷം ഞാനൊരു നിമിഷം നിശബ്ദനായിരുന്നു. ആരായിരിക്കും എന്നെ സഹായിച്ചത് ? ഞാന്‍ ആലോചിച്ചു.
പെട്ടെന്ന് ആ വണ്ട്‌ എന്റെ മുന്നിലേക്ക് വീണു. ഞാന്‍ അതിനെ മെല്ലെ എടുത്തു ജനാല തുറന്നു വെളിയിലേക്ക് പറത്തിവിട്ടു. ആ വൃദ്ധന്റെ പിറുപിറുക്കല്‍ ഞാന്‍ അകലെ എവിടെനിന്നോ എന്ന പോലെ കേട്ടു. അതെന്റെ ഉള്ളിൽ നിന്ന് തന്നെയായിരുന്നു. ഇത്തവണ അതെന്നെ അസ്വസ്ഥപ്പെടുത്തിയില്ല. ഞാന്‍ എഴുതാന്‍ തുടങ്ങി..

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here