കഥ
അഭിനന്ദ്
ഒത്തുപോവില്ലെന്ന് ഉറപ്പായതിന്റെ പേരിൽ, തെരേസയും മക്കളുമായി തെറ്റി, കിരാലൂരിലുള്ള തന്റെ വലിയ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കൂളിയാട്ടിലെ ആന്റണി, ആവർത്തിച്ചു പറഞ്ഞിരുന്ന ഒരേയൊരു കാര്യം മരണത്തെക്കുറിച്ചായിരുന്നു.
ജീവിതം നിന്ദിക്കപ്പെടുന്നിടത്ത്, സ്വീകരിക്കപ്പെട്ടിട്ടുള്ളത് മരണമാണെന്നും അതുകൊണ്ടുതന്നെ മനുഷ്യൻ മനസ്സിരുത്തേണ്ടതും വിശ്വസിക്കേണ്ടതും മരണത്തിന്റെ മഹത്വത്തിലാണെന്നും ശാശ്വതമായ സ്വാസ്ഥ്യം എന്നത്, മരണത്തില്‍ മാത്രമാണെന്നുമൊക്കെ ആന്റണിയിലൂടെ പലപ്പോഴും ആവർത്തിക്കപ്പെട്ടു.
പെരുവഴിക്കാട്ടെ അരവിന്ദനായിരുന്നു ആന്റണിയുടെ ആത്മമിത്രം.
“നീ വരുന്നെങ്കി വാടാ, നമുക്കൊരുമിച്ച് ഒരു പെട്ടീലങ്ങ് പുവ്വാം.”
ചങ്കോളം വളർന്ന ചങ്ങാതിയെ കാണുമ്പോഴൊക്കെ, ഏതോ സൗജന്യയാത്രയ്ക്ക് നിർബന്ധിക്കുന്നതുപോലെ മരണത്തിലേക്ക് ക്ഷണിച്ച്, ആന്റണി എപ്പോഴും സ്നേഹം കാണിക്കും. ഇതു കേൾക്കുമ്പോൾ തന്നെ അരവിന്ദന്റെ ചങ്ക് കനക്കും.”നിനക്കിതെന്തിന്റെ പ്രാന്താടാ? മനുഷ്യനിവ്ടെ ജീവിക്കാൻ തൊടങ്ങ്ണേള്ളൂ, അപ്പഴാ അവന്റെ…”
“അതെ, അതാടാ ഞാൻ പറേണത്, ഇതാണ് പറ്റിയ അവസരംന്ന്.” ആന്റണി ഗൗരവത്തിൽ ഇടയ്ക്ക് കയറും. “നീ കേട്ടിട്ടില്ലേ? ജീവിതത്തിന്ന്ള്ളൊരു പുറംതിരിയൽ, അതല്ലേ ശരിയായ മരണം. അല്ലാതെ എല്ലാരേം പോലെ ജീവിച്ച് കഴിഞ്ഞിട്ട് ഒണ്ടാക്കിയിട്ട് എന്തിനാടാ?” അതോടുകൂടി അന്നത്തെ കാഴ്ചയും സംഭാഷണവും അവസാനിപ്പിച്ച് അരവിന്ദൻ വേഗത്തിൽ വീട്ടിലേക്ക് നടന്നിട്ടുണ്ടാവും.
ഒറ്റയ്ക്ക് പോകാനുള്ള പ്രയാസം കൊണ്ടല്ല, ഒരുമിച്ച് പോകാനുള്ള ആഗ്രഹം കൊണ്ടാണ് ആന്റണി തന്നെ നിർബന്ധിക്കുന്നതെന്ന് അരവിന്ദന് അറിയാമായിരുന്നു. അതുകൊണ്ടാവും ആന്റണിയിലെ മരണവർത്തമാനം കൂടുതൽ ആവർത്തിക്കപ്പെട്ടതും അയാളോടായിരുന്നു. “നിനക്കത്രയ്ക്ക് മുട്ടാണെങ്കി, നീയങ്ങ്ട് ചെല്ല്.” ഒരു ദിവസം സഹികെട്ട് അരവിന്ദൻ പറഞ്ഞു. “ചെന്ന് കാര്യങ്ങളൊക്കെ സെറ്റ്ല് ചെയ്യ്. സമയാവുമ്പോ പതുക്കെ ഞാനങ്ങ്ട് എത്താം.” എന്തോ, ഇത് പറഞ്ഞു പിരിഞ്ഞതിന്റെ പിറ്റേന്നാണ്, രാവിലെ നടക്കാൻ പോയ അരവിന്ദൻ, സ്കൂൾ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുന്നത്.
പിറകെ നടന്നുവന്നിരുന്ന ആരൊക്കെയോ ചേർന്ന് വെെകാതെ ആശുപത്രിയിലെത്തിച്ചെങ്കിലും ആള് പോയിരുന്നു. മരിച്ചത് അരവിന്ദനാണെങ്കിലും ആളുകൾ അന്വേഷിച്ചതും സംസാരിച്ചതും ആന്റണിയെക്കുറിച്ചായിരുന്നു. ഇടവഴി തിരിഞ്ഞ് അരവിന്ദന്റെ വീട്ടിലേക്കുള്ള കയറ്റം കയറുമ്പോൾ തന്നെ ആര്‍ക്കും ആന്റണിയെ കേൾക്കാമെന്നായി. ഒറ്റയ്ക്കും കൂട്ടമായും മരണവീടിന്റെ പരിസരങ്ങളിലേക്ക് മാറി നിന്നിരുന്ന മനുഷ്യര്‍ക്കിടയിലൂടെ തിടുക്കപ്പെട്ട് നടന്നും ചിലപ്പോഴൊക്കെ ചിരിച്ചും ആരോടെന്നില്ലാതെ അയാള്‍ വലിയ വായില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും അകത്ത്, മുറിഞ്ഞു കേട്ട വലിയ കരച്ചിലുകള്‍ക്ക് നടുക്ക്, അരവിന്ദനെ കിടത്തിയിരുന്നിടത്തുമാത്രം ആന്റണി പോയില്ല.
മടങ്ങാന്‍ മടിയുള്ള മട്ടിൽ, പകുതിയോളം തുറന്നുപിടിച്ചു കിടന്ന, അരവിന്ദന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോഴും ആളുകള്‍ ആന്റണിയെ ശ്രദ്ധയോടെ കേട്ടിരുന്നു.
നിറഞ്ഞ നിശബ്ദതയ്ക്കുമുകളില്‍ വലിയ ശബ്ദത്തില്‍ വന്നുവീണ അയാളുടെ വര്‍ത്തമാനങ്ങള്‍ക്ക് അപ്പോള്‍ മരണത്തിന്റെ ഭാരമുണ്ടായിരുന്നില്ലെന്നറിഞ്ഞ്, അവര്‍ കൂടുതല്‍ അതിശയപ്പെട്ടു.
രാത്രി,
അടക്ക് കഴിഞ്ഞ് മുറ്റത്ത് ചിതറിക്കിടന്ന കസേരകളിലൊന്നില്‍ അയാള്‍ ചുരുണ്ടു. ഇടയ്ക്ക് ആരോ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍, പെട്ടെന്ന് എഴുന്നേറ്റ് എന്തോ പറയാനാഞ്ഞ് ആരെയോ തിരഞ്ഞു.
“അരവിന്ദാ…” മുറ്റത്ത് നിന്നുകൊണ്ട് ആന്റണി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു. വിളികേട്ട് ആരോ പുറത്തേക്ക് വന്നെന്ന തോന്നലില്‍ അയാള്‍ വീണ്ടും പറഞ്ഞു : “അപ്പൊ ഞാനെറങ്ങാടാ.., ഒന്ന് കെടക്കണം, നല്ല ക്ഷീണം, തല പൊന്തണില്ല.” പറഞ്ഞു തീര്‍ന്നതും ആന്റണി ഇരുട്ടിലേക്ക് ആഞ്ഞിറങ്ങിപ്പോയി. പിന്നീട് കിരാലൂരിൽ ആരും ആന്റണിയെ കണ്ടിട്ടില്ല. “ദാ ഇതു കണ്ടോ..?” നാട്ടിലുണ്ടായിരുന്ന പഴയൊരു പരിചയക്കാരനെ, രാവിലത്തെ പത്രത്തിലൂടെ വായിച്ചു കിട്ടിയതിന്റെ കെട്ടെറങ്ങാന്‍, ഞാന്‍ എന്നോടുതന്നെ സംസാരിച്ചു കൊണ്ട് വീടിനു പുറത്ത് വെറുതെ നടക്കുമ്പോള്‍, അതേ പത്രം ഉയര്‍ത്തികാട്ടി ഭാര്യ ഉമ പുറത്തേക്ക് വന്നു. “ദേ ഇത് വായിച്ചോ നിങ്ങള്?” അവൾ ചോദിക്കുന്നു. “മുഴുവൻ മനുഷ്യകുലത്തിനും പ്രകാശം പകരാനുതകുന്ന ജീവിതവീക്ഷണങ്ങളെക്കുറിച്ച്, കൂളിയാട്ടില്‍ ആന്റണി രചിച്ച ഏറ്റവും പുതിയ പുസ്തകം ടൗണ്‍ ഹാളില്‍ വെച്ച് ഇന്ന് പ്രകാശനം ചെയ്യും.” ഉമ ചിരിച്ചുകൊണ്ട് നിവര്‍ത്തിപ്പിടിച്ചു കൊണ്ടു വന്ന പത്രത്തിന്റെ അരികുപിടിച്ച് അവള്‍ക്കുവേണ്ടി, ആദ്യമായിട്ടെന്ന മട്ടില്‍ ഒരിക്കല്‍കൂടി ഞാനത് വായിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മുഴുവൻ മനുഷ്യ കുലത്തിനും പ്രകാശം പകരുന്ന കഥകൾ ഇനിയും …. ഇനിയും .
അഭിനന്ദിന് അഭിനന്ദനങ്ങൾ.