കഥ
നിബിൻ കെ അശോക്
തിരകൾ എന്നോടൊന്നും പറഞ്ഞില്ല ഞാൻ പറഞ്ഞ കഥകളെല്ലാം കേട്ടിരുന്നു കഥയല്ലായിരുന്നു എന്റെ ജീവിതമായിരുന്നു. കടലോളം സ്വപ്‌നങ്ങൾ കണ്ടവൻ കടലിനോടല്ലാതെ ആരോടാണ് ഇതെല്ലാം പറയുക ഒരു തുള്ളി കണ്ണീരിൽ ചാലിച്ചെല്ലാം ഞാൻ പറഞ്ഞു തീർത്തു എന്റെ കണ്ണീരിന്റെ ഉപ്പ് കടൽ തിരിച്ചറിയുമോ, അറിയില്ല…
എന്നെയൊന്നു സമാധാനിപ്പിച്ചു കൂടെ ഈ വേളയിലും നിന്നെ തേടി വന്നതതിനല്ലേ പറഞ്ഞു തീരും മുൻപേ കാലിലൊരു മുത്തം നൽകി കള്ളനെ പോലെ ഒരു തിര ദൂരേക്ക് മാഞ്ഞു പെട്ടെന്നാണ് പുറകിൽ നിന്നാരുടേയോ വിളി കേട്ടത് പിൻവിളികൾ നൽകുന്ന സന്തോഷം അതൊരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ..!
നിങ്ങളും പിൻവിളികൾക്കായി കാതോർക്കാറില്ലേ… ഒരിക്കലെങ്കിലും ആരുടെയെങ്കിലും വിളികൾക്കായി കൊതിച്ചിട്ടില്ലേ ?! ഇല്ലെങ്കിൽ ഒരു കൊതി ഇപ്പോൾ തോന്നിയില്ലേ
ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നോടിപ്പോൾ പറയേണ്ട , അതവിടെ ഇരിക്കട്ടെ
“ഏട്ടാ.. ആ ബോൾ ഒന്ന് പാസ് ചെയ്യ് ” കടലിൽ മുങ്ങിതാഴുന്ന ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ ഒരു ഫുട്ബോൾ ആ തിരയിൽ ഒഴുകി നടന്നു. ഞാൻ പന്ത് കൈയിൽ എടുത്ത് അവർക്കരികിലേക്ക് എറിഞ്ഞു കൊടുത്തു. കാലു കൊണ്ടടിച്ചാൽ ആ പന്ത് ലക്ഷ്യത്തിൽ എത്തില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ ഉറപ്പിന്റെ കഥയാണ് ഇത് കഥ വഴിയേ നിങ്ങൾക്ക് മനസ്സിലാകും. കഥയൊന്നും ഓർക്കാതെ ഇത്തിരി നേരം കടൽ തീരത്ത് കുട്ടികൾ ഫുട്ബോൾ കളിക്കുന്നതും നോക്കിയിരുന്നു അതിനിടയിൽ പന്ത് പലതവണ എന്നെ തേടി വന്നു.
ഇനി കാല്പന്തിന് മനസ്സിലായോ ഞാനും ഒരു കാമുകൻ ആയിരുന്നെന്ന് ! കാല്പന്തിനും ഒരു ഹൃദയമുണ്ടല്ലോ പ്രണയിച്ചവർക്കറിയാമല്ലോ. പകലോൻ മായുന്നു , സന്ധ്യ ചുവക്കുന്നു . ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട് , അസ്തമയം കാത്തുനിൽക്കാതെ ഞാൻ നടന്നു ഏറ്റവും സുന്ദരമാണ് അസ്തമയം പക്ഷേ ജ്വലിച്ചുയർന്ന സൂര്യൻ കടലിൽ മറയുമ്പോൾ ഉള്ളിലെന്തോ ഒരു ഭയം. ഇനി എനിക്ക് ഒരു ഉദയം മാത്രമേ കാണാനുള്ളൂ . അത് കാണും ഞാൻ മുന്നോട്ട് നടന്നു .
എടാ… സുജിത്തേ എന്നെ മനസ്സിലായോ?! ഒരു നിമിഷം ഞാനാ മുഖത്തേക്ക് നോക്കി . ഇല്ല.. ഒരു മുൻപരിചയവും തോന്നുന്നില്ല. ഞാൻ പുഞ്ചിരിച്ചുക്കൊണ്ട് നിന്നു
അവൻ പറഞ്ഞു നമ്മൾ ജി. എൽ. പി സ്കൂളിൽ ഒരുമിച്ച് പഠിച്ചതാടാ.. അജയ് . ഞാനവനോട് പറഞ്ഞു എനിക്ക് മനസ്സിലായില്ല ട്ടോ… നീ ആളാകെ മാറി പോയി…
കാലിനെന്ത് പറ്റിയതാ..? നീയെന്താ മുടന്തി നടക്കുന്നത് ?
ഒരു ചെറിയ ആക്‌സിഡന്റ്. ഒന്നും വിശദീകരിക്കാതെ ഞാനവനോട് യാത്ര പറഞ്ഞു.
ഇതൊരു സ്ഥിരം സംഭവം ആണ് എനിക്കാരെയും മനസ്സിലാകില്ല. പക്ഷേ അവരെല്ലാം എന്നെ തിരിച്ചറിയും . തിരിച്ചറിയട്ടെ അല്ലേ. ഇനി ഞാനൊട്ടും മാറിയില്ലേ ..! കാലങ്ങൾക്ക് ശേഷം കൂടെ പഠിച്ചവരും കൂടെ കളിച്ചവരെയുമെല്ലാം ഇനിയും പലരെയും കണ്ടുമുട്ടിയേക്കാം. അവരെല്ലാം എന്നെ തിരിച്ചറിയുമ്പോൾ അവരാരും പറയില്ലല്ലോ നീ ആളാകെ മാറി പോയെന്ന് . ഞാനിങ്ങനെ മാറാതെ മാറ്റം അനിവാര്യമാണല്ലോ മാറാത്തവൻ മനുഷ്യനാണോ ചോദ്യങ്ങൾ ഇങ്ങനെ മനസ്സിൽ തിരയടിച്ചു. തിര ശമിക്കട്ടെ, എന്നിട്ട് ഉത്തരം തേടാം .
ആകാശത്തിൽ ആരോ പറത്തി വിട്ട പട്ടം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപ്പോലെ എനിക്ക് തോന്നി. എന്നോളം ഉയരെ നിനക്കെത്താനാവില്ല എന്ന ധാർഷ്ട്യത്തോടെ
നീ പറന്നോ… ഉയരങ്ങളിൽ പറന്നോ… എനിക്കൊന്നുമില്ല
ആരുടെയോ കൈയിലെ നൂലിൻ തുമ്പിൽ അല്ലേ നിന്റെ ഉയരങ്ങൾ കെട്ട് പൊട്ടിയാൽ അലക്ഷ്യമായി പറന്നെങ്ങോട്ടോ എനിക്ക് സ്വയം പറക്കണം. ചിന്തകൾ എങ്ങോട്ടെക്കെയോ പറന്നു നടത്തത്തിനൊടുവിൽ ബീച്ച് റോഡിലെത്തിയപ്പോൾ ഒരു മോഹം ഒരു ഐസ് ഒരതി കഴിച്ചാലോ …!
കണ്ടാലൊരു മൊഞ്ചത്തിയാണവൾ ആർക്കും മൊഹബത് തോന്നുന്നൊരു മൊഞ്ചത്തി കരയും കടലും ഉരുവും തെരുവും ചിറയും ചേർന്ന നഗരത്തിൽ രുചിയുടെ അത്ഭുതങ്ങളെ കുറിച്ച് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ ഐസും പരിപ്പ് കടലയും ബീറ്റ്റൂട്ടും ടൂട്ടി ഫ്രൂട്ടിയും കസ്കസും എല്ലാം ഈ മൊഞ്ചത്തിയുടെ ചേരുവകൾ മധുരത്തിന് നന്നാറി സർബത്തും എരിവിന് ഉപ്പിലിട്ട സുർക്ക വെള്ളവും എനിക്കിഷ്ടം. രണ്ടും സമ്മിശ്രമായി ചേർത്തൊരുക്കുന്നതിനെയാണ് ജീവിതം പോലെ മധുരവും എരിവും പ്രണയത്തേക്കാൾ സൗഹൃദമായിരിക്കാം ഐസ് ഒരതി പങ്ക് വെച്ചത്.
ഞങ്ങൾ പങ്ക് വെച്ചവർ ആയിരുന്നല്ലോ ..! വേണ്ട അവനില്ലാതെ ആ മോഹവും ഞാൻ ഉപേക്ഷിച്ചു. കാലിന് വല്ലാത്ത വേദന മുടന്തി മുടന്തി നടന്നിട്ടാണ് മാസങ്ങൾക്ക് ശേഷം ഇത്രയും ദൂരം നടന്നത് ഇന്നാണ് . വയ്യ.. മുന്നിൽ കണ്ട ഓട്ടോയിൽ കയറി “ഏട്ടാ.. പുതിയ സ്റ്റാൻഡ് ” ഓട്ടോഡ്രൈവർ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. ഒന്നും പറഞ്ഞില്ല. അയാൾ എന്നെയും കൊണ്ട് മുന്നോട്ട് കുതിച്ചു ഒരുത്തനെയും പേടിയില്ലാത്ത പടകുതിരയെപ്പോലെ ഓട്ടോ മുന്നോട്ട് മുന്നോട്ട്
” അല്ല ഭായ് ങ്ങള് ലാലേട്ടൻ FC ക്ക് വേണ്ടി കളിക്കുന്ന ആളല്ലേ ഞാൻ ങ്ങൾക്കെതിരെ കളിച്ചിട്ടുണ്ട് ”
ഞാൻ പുഞ്ചിരിച്ചുക്കൊണ്ട് പറഞ്ഞു ലാലേട്ടൻ അല്ല ലാൽ 10 FC ചുവപ്പിനെ പ്രണയിച്ച ഞങ്ങളുടെ സ്വപ്നം ഒരു കൂട്ടം പ്രതിഭകൾക്കായി പ്രതിഭാധനരായവരുടെ 10 എന്ന ജേഴ്‌സി നമ്പറും ചേർത്ത് ക്ലബിന് പേര് നൽകി ഇന്നിന്റെ ലോകത്ത് പേരിലൂടെ ശ്രദ്ധിക്കപ്പെടാനുള്ള ഒരു സൈക്കോളജിക്കൽ മൂവ് അങ്ങനെയും പറയാം.
” അല്ല ങ്ങളെ ടീമില് ഒരു ഫോർവേഡ് ഉണ്ടായിരുന്നല്ലോ എജ്യാതി സ്പീഡാ കക്ഷി ‘”
കൂടെ തന്നെയുണ്ടെന്ന് ഞാൻ മൂളി വിശ്വാസ്. അവന്റെ കഥയാണിത്. പേരുപ്പോലെ എന്നോളം വിശ്വാസമുള്ള എന്റെ സുഹൃത്തിന്റെ കഥ. ഓട്ടോയുടെ വേഗത കൂടി കൊണ്ടേയിരുന്നു. അകലെ സിഗ്നലിൽ പച്ച ലൈറ്റ് കത്തിക്കൊണ്ടിരിക്കുന്നു
ചുവപ്പ്…
എന്റെ ശബ്ദം ഉയർന്നു. ഓട്ടോ സഡൻ ബ്രേക്കിട്ടു നിന്നു. ആ സിഗ്നലിൽ പച്ചലൈറ്റ് തെളിയുന്നതും കാത്ത്…
പുറത്ത് ചിണുങ്ങി ചിണുങ്ങി മഴ പെയ്യുന്നുണ്ടായിരുന്നു. മണ്ണിലേക്ക് വീണുടയുന്ന ഓരോ മഴത്തുള്ളിയും ഓരോ മനസ്സിലും വീണു കിലുങ്ങാറുണ്ടത്രെ ഞാൻ കാതോർത്തു
അതെ കേൾക്കാമായിരുന്നു. മനസ്സിൽ ഓർമ്മകളുടെ മഴത്തുള്ളികിലുക്കം. ഒരു മഴയിൽ തന്നെയായിരുന്നു വിശ്വാസിനെ ആദ്യമായി കണ്ടു മുട്ടിയതും
ഞാൻ അന്ന് ക്രിസ്ത്യൻ കോളേജിൽ ഒന്നാം വർഷബിരുദ വിദ്യാർത്ഥിയായിരുന്നു കൃത്യമായി പറഞ്ഞാൽ 12 വർഷം മുൻപേയുള്ളൊരു കോളേജ് ഇലക്ഷൻ ദിനം
ആ ദിനം മഴ കട്ടെടുത്തു. സ്റ്റുഡൻസ് ഫെഡറേഷന് ആഭിമുഖ്യമുള്ള കലാലയത്തിൽ ചുവപ്പൻ പട തന്നെ വിജയിച്ചു. വിജയാഘോഷത്തിനിടയിൽ പെയ്ത മഴയെയും കീറി മുറിച്ച് ഒരുവൻ വിജയമുദ്രാവാക്യം കേൾക്കുന്നവരുടെ കാതുകളിൽ എത്തിച്ചു. മുന്നേറ്റനിരക്കാരൻ കാലിൽ കോർത്ത പന്തുമായി ലക്ഷ്യത്തിലേക്ക് ഓടുന്നതുപോലെയാണ് ആ കാഴ്ച്ചയെനിക്ക് തോന്നിയത്. അവനായിരുന്നു വിശ്വാസ് … പിറ്റേന്ന് നടന്ന കോളേജ് ഫുട്ബോൾ ടീം സെലക്ഷനിടയിലാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്.
കമ്മ്യൂണിസം ഉള്ളിൽ നിറഞ്ഞ അവന്റെ മൂലധനം കാൽപ്പന്തുകളി മാത്രമായിരുന്നു.
ഞാൻ പ്രതിരോധിച്ചപ്പോൾ അവൻ മുന്നേറി. പ്രതിരോധമാണല്ലോ മുന്നേറ്റത്തിന്റെ നെടുംതൂൺ. പന്തുകളിയിലും പകർച്ചവ്യാധിയിലും അനുഭവങ്ങളിൽ നിന്നും നമ്മൾ പഠിച്ചതല്ലേ
“ഭായ് പുതിയ സ്റ്റാൻഡെത്തി ”
ഓട്ടോ ഡ്രൈവറുടെ വിളി കേട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത്. നഗരം ഇരുട്ടിലേക്കമർന്നിരുന്നു മഴ മാറിയിരുന്നു മനസ്സ് മാറിയില്ലല്ലോ… അതു മതി. ആ ഇരുട്ടിലും ഫോക്കസ് മാളിന് മുന്നിലെ ജലധാര നൃത്തം ചെയ്യുന്നത് ഞാൻ കണ്ടു. ചില കാഴ്ച്ചകൾ അങ്ങനെയാണ് എതിരുട്ടിനെയും കീറി മുറിക്കാൻ കെൽപ്പുള്ളവ. എനിക്ക് പോകാനുള്ള ബസ് എത്തിയിട്ടില്ല. കാലിന് അസഹ്യമായ വേദന ഇരിക്കാനൊരു സ്ഥലം ചുറ്റിലും തിരഞ്ഞു. കസേരകളെല്ലാം ആളുകൾ കൈയേറിയിരുന്നു. വേദന സഹിച്ച് ഞാനും കാത്തിരുന്നു. ബസ്സിനും ഒഴിഞ്ഞ കസേരക്കും ഒടുവിൽ ബസ് വന്നു. ഞാൻ കയറിയിരുന്നു. കാത്തിരിപ്പിന്റെ ഫലം എന്തുമാകട്ടെ, ത്യാഗവും വേദനയും സഹിച്ച് കാത്തിരിക്കാനുള്ള മനുഷ്യന്റെ കഴിവ് അപാരം തന്നെ. ഞാൻ കസേര കാത്തിരുന്നതുപ്പോലെ ബസ് പതിയെ മുന്നോട്ടെടുത്തു. പിന്നെ വേഗത കൂടി കൊണ്ടേയിരുന്നു
ജീവിതവും തുടങ്ങുന്നത് ചിലപ്പോൾ പതിയെയായിരിക്കും. ജീവിതത്തിന്റെ ഗിയർ നമ്മുടെ കൈയിൽ ഇല്ലല്ലോ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പ്രതീക്ഷ എന്ന ഒറ്റ ഗിയറിൽ അല്ലേ നമ്മുടെ സഞ്ചാരം..! ആ ഗിയറിൽ മുന്നോട്ട് പോകട്ടെ മുന്നോട്ട് .. മുന്നോട്ട്
ഫോണെടുത്തു നോക്കിയപ്പോൾ അമ്മയുടെ 6 മിസ്സ്ഡ് കോൾ. അമ്മയുടെ കരുതലോളം വേറെയാർക്കുമില്ലല്ലോ…! നിങ്ങൾക്ക് എതിരഭിപ്രായമുണ്ടോ.. ഞാൻ കേൾക്കാം കേട്ടോ
പക്ഷേ അമ്മയെ കേൾക്കാൻ മറന്നു പോകുന്ന മക്കളുടെ ലോകമല്ലേ ഇന്നിത്. കേൾക്കാനായി ഒരിത്തിരി നേരം കാതോർത്തിരുന്നെങ്കിൽ ശരണാലയങ്ങളും വൃദ്ധസദനങ്ങളും ആ അമ്മമാർക്കായി തുറക്കപ്പെടില്ലായിരുന്നു.
മക്കളെ…. നിങ്ങളെക്കുറിച്ചായിരുന്നു പറയാനുള്ളതിൽ ഏറെ പറയും മുൻപേ പടി കടത്തിയില്ലേ…. എന്നിട്ടും അവർ മക്കളെക്കുറിച്ച് പറഞ്ഞുക്കൊണ്ടേയിരിക്കുന്നു വാ തോരാതെ… വാക്കുകൾ തീരാതെ… ഒരുവട്ടം ഒന്നു കാതോർക്കൂ. ഞാൻ ഉടനെയെത്തുമെന്ന് അമ്മയെ വിളിച്ചു പറഞ്ഞു. എന്റെ ശബ്ദമാണല്ലോ അമ്മയുടെ സമാധാനം.
സമാധാനിക്കട്ടെ… ഫോണിലെ ഗാലറിയിലെ പഴയ ഫോട്ടോകളിലൂടെ ഞാനൊന്നു കണ്ണോടിച്ചു. ചിത്രങ്ങൾ ഓർമ്മകൾ ആണല്ലോ..! ഡിലീറ്റ് ചെയ്യപ്പെട്ട എത്ര ഓർമ്മകൾ അല്ലേ .
ഡിലീറ്റ് ചെയ്യാത്ത ചില മനോഹരചിത്രങ്ങൾ മനസ്സിന്റെ ഗാലറിയിലെ ഹിഡൻ ഫയലിൽ ഇന്നുമുണ്ട് . ഒരു സെൽഫിയിൽ എന്റെ കണ്ണുടക്കി. വിശ്വാസും അവന്റെ പ്രണയിനിയും
ഈ വിഷയം മാത്രം ഞങ്ങൾ അങ്ങനെ സംസാരിച്ചിട്ടില്ല. കാരണം ഒന്നുമില്ല. ഞാൻ എന്തോ ഒളിക്കുന്നുണ്ടോ ഇല്ല.
എന്നെ തെറ്റിദ്ധരിക്കല്ലേ പ്രണയമേ… നീ ഒരുമിപ്പിച്ച ഹൃദയങ്ങളേക്കാൾ കീറി മുറിച്ച ഹൃദയങ്ങളല്ലേ ചുറ്റിലും ശ്വാസം കിട്ടാതെ അലയുന്നത്.
വാക്കുകളിൽ മായം കലർത്തി, കണ്ണുകളിൽ കള്ളമൊളിപ്പിച്ച് നീയാടിയ നാടകത്തിന്റെ അന്ത്യമല്ലേ ഉറക്കം കിട്ടാതെ അലയുന്ന ആ ആത്മാക്കൾ..
നിനക്കിനിയും സമയമുണ്ട്. നിന്റെ പ്രണയം പവിത്രമെന്നറിയിക്കാൻ… അവരുടെ പ്രണയം പവിത്രമാകട്ടെ. അന്നവർ പരസ്പരം കൈമാറിയ ചെമ്പനീർ പൂക്കൾ വാടാതിരിക്കട്ടെ.
പ്രണയം അനശ്വരമാണല്ലോ… ജന്മം നശ്വരമാണെങ്കിലും ബസിലെ പാട്ടുപെട്ടിയിൽ നിന്നും അവർക്കായി ഒരു ഗാനം ഒഴുകി
” ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം ”
എനിക്കിറങ്ങാൻ സമയമാകുന്നു എന്റെ സ്റ്റോപ്പ് ലക്ഷ്യമാക്കി ബസ് മുന്നോട്ട് കുതിച്ചു
നാളെ വിശ്വാസിന്റെ വീട്ടിൽ പോകണം. നാളെയിലേക്ക് നീളുന്ന സ്വപ്നങ്ങളുമായി ഞാൻ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു. പിറ്റേന്ന് രാവിലെ തന്നെ അവന്റെ വീട്ടിലേക്ക് ഞാൻ ചെന്നു അവന്റെ അമ്മയൊരു പുഞ്ചിരിയോടെ എന്നെ നോക്കി. ആ പുഞ്ചിരിയിൽ കാണാമായിരുന്നു സങ്കടത്തിന്റെ നിഴൽ
” എങ്ങനെയുണ്ടെടാ ഇപ്പോൾ ”
” ലേശം വേദനിക്കുന്നുണ്ടെടാ ”
അവന്റെ മറുപടിയിൽ കരയില്ലെന്ന് കരുതിയ എന്റെ കണ്ണിൽ നിന്നും പൂക്കൾ കൊഴിഞ്ഞു വീണു. ചെറു മിഴിനീർ പൂക്കൾ
” ചേച്ചിയും അളിയനും വന്നിട്ടുണ്ടെടാ
അവരിന്നാണ് വിദേശത്ത് നിന്നും വന്നത് ”
അവനെന്നോട് പറഞ്ഞു. പറയുന്നതിനിടയിൽ അളിയൻ ഞങ്ങൾക്കരികിലേക്ക് വന്നു. എന്നോട് ചോദിച്ചു
എന്താണന്നു സംഭവിച്ചത്..? ആ നശിച്ച രാത്രിയെ കുറിച്ചെനിക്ക് ഓർക്കാൻ തോന്നുന്നില്ല. എന്നാലും പറയാൻ ഞാൻ നിർബന്ധിതനായി
അന്ന് B ഡിവിഷൻ ലീഗ് ഫൈനൽ മത്സരമായിരുന്നു ഫൈനലിൽ ഞങ്ങളുടെ എതിരാളി കഴിഞ്ഞ വർഷത്തെ ചാമ്പ്യരും… ഒന്നാം പകുതിയിൽ തന്നെ എന്നെ എതിർ ടീമിലെ ഒരുവൻ ഫൗൾ ചെയ്തു വീഴ്ത്തി. വീഴ്ത്തി എന്നല്ല. വേരോടെ കടപുഴക്കി . പിന്നെ കളി തുടരാൻ എനിക്ക് കഴിഞ്ഞില്ല
എന്നെ വീഴ്ത്തിയതിന് വിശ്വാസ് അവനെ തിരിച്ചു ഫൗൾ ചെയ്തു. എന്റെ ഓർമ്മയിൽ വിശ്വാസിന് ആദ്യമായി കിട്ടിയ റെഡ് കാർഡ്. ചുവപ്പ് കാർഡ് കിട്ടിയിട്ടും അവൻ സന്തോഷത്തിലായിരുന്നു. നിനക്ക് കിട്ടിയ വേദന ഞാൻ തിരിച്ചു കൊടുത്തല്ലോ എന്നൊരു ഭാവം
ആ ഭാവമല്ലേ സൗഹൃദം. ഹൃദയത്തെ മനസ്സിലാക്കിയവൻ. എന്റെ കൂട്ടുകാരൻ. ഫൈനൽ ഞങ്ങൾ തോറ്റു…
ഒരു 12.30 മണിയായപ്പോൾ ഞങ്ങൾ തിരിച്ചു… ബൈക്ക് ഓടിച്ചിരുന്നത് അവനായിരുന്നു
രാത്രി ചുവന്നിരുന്നു.. മഴ അന്നും ചിണുങ്ങി ചിണുങ്ങി പെയ്തുക്കൊണ്ടിരിക്കുന്നു. റോഡിൽ വാഹനങ്ങൾ കുറവായിരുന്നു അതിനാൽ അത്യാവശ്യം സ്പീഡിലായിരുന്നു യാത്ര. രാത്രിയിൽ റോഡിലെ റിഫ്ലെക്ടറുകൾ തീർക്കുന്ന ചുവപ്പ് വിസ്മയം ശരിക്കും നയനമനോഹരം…. പെട്ടെന്നാണ് മുന്നിൽ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കുന്നത് കണ്ടത്. ചുവന്ന സിഗ്നൽ വക വെയ്ക്കാതെ അവൻ ബൈക്ക് മുന്നോട്ടെടുത്തു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല…
കണ്ണ് തുറന്ന് നോക്കുമ്പോൾ ആശുപത്രി കിടക്കയിലായിരുന്നു. ആരോ പറയുന്നത് അബോധാവസ്ഥയിൽ കേട്ടു ഭാഗ്യം കൊണ്ടാണ് രണ്ടു പേരും രക്ഷപ്പെട്ടത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു നാഷണൽ പെർമിറ്റ് ലോറിയാണത്രെ ഞങ്ങളെ തട്ടി തെറിപ്പിച്ചത്.
പിന്നീടാണ് എനിക്ക് മനസ്സിലായത് അവന്റെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടെന്ന്…! പറഞ്ഞു മുഴുമിക്കും മുൻപേ എന്റെ വാക്കുകൾ ഇടഞ്ഞു. അവന്റെ പേരുപോലെ എന്നെ കാത്തത് കണ്ടില്ലേ… ഞാനിന്നും നടക്കുന്നു… ഒരു പോറലുമേൽക്കാതെ.
മോൾക്ക് പനിക്കുന്നു എന്നും പറഞ്ഞ് അവന്റെ പെങ്ങളും അളിയനും ആശുപത്രിയിലേക്ക് ഇറങ്ങി. ഞാൻ അവന്റെയരികിൽ കുറച്ചു നേരം ഇരുന്നു. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിനക്കറിയോ… ഞാൻ അവനോടു ചോദിച്ചു
ഇന്ന് ജനുവരി 30 അല്ലേ… രക്തസാക്ഷി ദിനം…
അതല്ല 3 വർഷം മുന്നേ ആദ്യമായി നമ്മൾ ഒരു കപ്പ് നേടിയ ദിവസം. നീ ഇതെല്ലാം ഓർത്താണോ നടക്കുന്നതെന്നും ചോദിച്ച് അവൻ ചിരിച്ചു. ഇടനെഞ്ച് പൊട്ടുമ്പോളും ഒരുമിച്ച് ചിരിക്കാൻ കഴിയുന്നതല്ലേ സൗഹൃദത്തിന്റെ ശക്തി. അവന്റെ കൈയിലെ ബാൻഡേജിൽ ഒരു കാൽപ്പന്തുകൂടെ ഞാൻ വരഞ്ഞു കൊടുത്തു.. എന്റെ സ്നേഹം… അത്ര മാത്രം
എനിക്ക് കാണുവാൻ ഇനി ഒരു ഉദയമേ ഉള്ളു എന്നു ഞാൻ പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടോ ഇവന്റെ ഉദയം…?!
അല്ല ഞങ്ങളുടെ ഉദയം… ഞാൻ യാത്ര പറഞ്ഞ് തിരിച്ചിറങ്ങാൻ നേരമാണ് അവൻ വിളിച്ചു പറഞ്ഞത് തൃശ്ശൂരിൽ കൊറോണ സ്ഥിരീകരിച്ചു…
ആണോ ചൈനയിൽ നിന്നും കേരളത്തിലും എത്തിയോ…. അതും പറഞ്ഞ് ഞാൻ യാത്രയായി
ഇന്നിങ്ങനെ ഈ ഐസൊലേഷൻ വാർഡിൽ ഇരുന്നു ഇതെല്ലാം എഴുതുമെന്ന് ഞാൻ കരുതിയില്ല…
വിശ്വാസിന്റെ ചേച്ചിയും അളിയനും ഇറ്റലിയിൽ ആയിരുന്നു ഞാനും അവരും ഉൾപ്പെടെ 5 പേർ കോവിഡ് പോസിറ്റീവായി… 35 ദിവസത്തെ വാസത്തിനു ശേഷം ഇന്ന് ആശുപത്രി വിടുകയാണ്. അതിജീവിക്കും.. ചുവന്നമേഖലയിൽ നിന്നും പച്ചപ്പിലേക്ക് വൈകാതെ നമ്മൾ ഒരിക്കൽ കൂടി കാൽപന്തുമായി ഞങ്ങൾ ഒന്നിക്കും…
തകർക്കാൻ കഴിയില്ലല്ലോ….! വിശ്വാസത്തെ, സൗഹൃദത്തെ…
പറയാൻ വന്നത് മറന്നു… ത്യാഗത്തിന്റെയും പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും മാത്രം നിറമല്ല ചുവപ്പ്…. ചിലപ്പോൾ ചുവപ്പിന് ഒരു ജീവന്റെ വിലയുണ്ടാകും…
കാത്തിരിപ്പിന്റെ നിറം കൂടിയാകാം ചുവപ്പ്… റോഡുകൾ ചെഞ്ചോര ചാലുകൾ ആവാതിരിക്കട്ടെ…
ഒരിത്തിരി നേരം ചുവപ്പിനോടൊപ്പം കാത്തിരിക്കൂ… മുന്നോട്ടുള്ള യാത്രക്കായി…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.