മിത്ര സിന്ധു
അട്ടപ്പാടിയും തേനും തമ്മിലുള്ള ബന്ധം അട്ടപ്പാടിയോളം പഴക്കമുള്ളതാണ്. അട്ടപ്പാടിയിലെ ഗോത്രഭാഷയിൽ തേനിന് മറ്റ് പ്രത്യേക പേരുള്ളതായി ശ്രദ്ധയിൽ പെട്ടില്ല.. എന്നാൽ തേനീച്ചയുടെ വലിപ്പം ‘വംശം, ജീവിതരീതി, ആവാസവ്യവസ്ഥ എന്നിവയനുസരിച്ച് പെര്ന്ത, തൊട്തി, കോല, കരിന്തെ എന്നിങ്ങനെ വ്യത്യസ്തമായ പേരുകൾ കേട്ടിട്ടുണ്ട്.
ഗോത്രവിഭാഗക്കാർക്ക് തേനെടുക്കുന്നതിന് സവിശേഷമായ രീതിയുണ്ട്… പ്രത്യേക സീസൺ, പക്കം എന്നിവ നോക്കിയാണ് കാട്ടിൽ നിന്ന് തേൻ ശേഖരിക്കുന്നത്. ഉൾക്കാട്ടിൽ മൂന്നും നാലും ദിവസം ചെലവിട്ടാണ് തേനുമായി മടങ്ങുന്നത്. അൽപം സാഹസവും അതിലേറെ പരമ്പാരഗതമായ കൈവഴക്കവും ആവശ്യമായൊരു “തൊഴിൽ ” തന്നെയാണിത്.
മുൻ കാലങ്ങളിൽ തേനെടുക്കുന്നതിന് പ്രത്യേക മന്ത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തും അധ്യാപകനുമായ രംഗൻ മാഷ് പറയാറുണ്ട് .. “രക്കെ കെട്ട്ക സൊല്ല് ” എന്നാണത്രെ ഈ മന്ത്രങ്ങൾ അറിയപ്പെടുന്നത്. .. ഈ മന്ത്രം കേൾക്കുമ്പോൾ തേനീച്ച ചിറകനക്കാതെ മയങ്ങി ഇരിക്കുമെന്നാണത്രെ വിശ്വാസം ..
എന്നാൽ പുതിയ കാലത്ത് ചൂട്ട് കത്തിച്ച് അതിന്റെ പുക കൊള്ളിച്ച് തേനീച്ചയെ ഇളക്കി വിട്ടാണ് തേനെടുക്കുന്നത്. നന്നായി പുകവരാവുന്ന രീതിയിൽ പ്രത്യേക ഇലകൾ ചേർത്താണ് ഈ ചൂട്ട് തയ്യാറാക്കുന്നത്. പുക തട്ടുമ്പോൾ അസ്വസ്ഥരാകുന്ന തേനീച്ചക്കൂട്ടം പൊടുന്നനെ മുകളിലേക്ക്, ഉയരത്തിലേക്ക് പറക്കുമത്രെ! തേനീച്ച വീണ്ടും താഴേക്ക് പറന്നെത്തുന്ന ഞൊടി നേരത്തിനിടക്ക് തേനടയുമായി താഴെ എത്തിയിരിക്കണം… ഈ വേഗത്തിനാണ് കൈമെയ് വഴക്കം വേണ്ടിവരുന്നത്. .. ഇങ്ങനെ കൊണ്ടുവരുന്ന തേനടകളിൽ നിന്നൂറി വരുന്ന തേൻ തുണിയിലരിച്ച് കുപ്പികളിലാക്കി സൂക്ഷിക്കലാണ് പതിവ്.
ഈ ലോക് ഡൗൺ കാലത്ത് എടുത്ത തേനിന് വിൽപ്പന ഇല്ലാതെ വിഷമത്തിലായി ഇവരും.. കഴിഞ്ഞയാഴ്ച ഇത്തരത്തിലൊരു സംഘത്തെ കണ്ടു.. ശുദ്ധമായ പൂക്കളുടെ നറുമണവും രുചിയുമുള്ള തേൻ.. കുറച്ചധികം വാങ്ങി വെച്ചു .. ഇപ്പൊ കാട്ടു തേൻ രുചിയിലാണ് ദിനാരംഭവും ദിനാന്ത്യവും.. ആവശ്യക്കാർ കുറച്ച് തേനെടുക്കുമെങ്കിൽ മറ്റ് കാര്യമായ ജോലി ഒന്നുമറിയാത്ത ഈ സംഘത്തെ സഹായിക്കലുമാകാം. അത്രയേറെ ശുദ്ധമാണെന്നതിൽ ഉറപ്പുതരാനാകും ഏതായാലും. ആവശ്യമെങ്കിൽ പറഞ്ഞോളു ട്ടോ..
ആവശ്യക്കാർക്ക് ബന്ധപ്പെടാൻ : അനീഷ് – 9544000515
ഒരു കൗതുകത്തിന് തേൻ ശേഖരിക്കുന്ന ഫോട്ടോ കിട്ടുമോ എന്ന് നോക്കി. പക്ഷെ അവർ ഫോട്ടോ എടുക്കാറില്ലത്രെ! കിട്ടിയ കുറച്ച് ചിത്രങ്ങൾ ഇടാം .. കണ്ടോളു …
…