കവിത
ശ്രീരേക് അശോക്
ചെമ്പിച്ച മുടിയിഴകൾ,
തവിട്ടു നിറമുള്ള കണ്ണുകൾ
പൗർണ്ണമി പുതച്ച ഗോതമ്പു പാടം കണക്കെ തൊലിപ്പുറം
അവൾക്കെന്റെ ഭാഷയല്ലെന്നുറപ്പിനേക്കാൾ ഉറപ്പ്
ഭാഷയറിയാത്ത നാട്ടിൽ,
ജോലി തേടിയുള്ളോരോ അലച്ചിലിൽ,
രണ്ടിരുമ്പു കസേരയുടെ
ബലത്തിൽ ,
തുരുമ്പു പിടിക്കാൻ തുടങ്ങിയ യൗവ്വനത്തെ;
താങ്ങി നിർത്തിയിരിക്കയാണ് ഞങ്ങൾ
എന്നോ,
ശരീരത്തിലെ സ്പന്ദിക്കുന്ന അവയവമായി മാറിയ
ചുവന്ന ചട്ടയിലുള്ള ഫയലുകളിലൊരെണ്ണം
എന്റെ കൈയ്യിലും
അവളുടെ മാറത്തുമുണ്ട്
ഞങ്ങൾക്കിടയിലൊരു പരിഭാഷകന്റെയാവശ്യമില്ല
ഒരു ജോലി നൽകുന്ന ജീവിത ഭാഷയുടെ ലിപികൾ ഞങ്ങൾക്കിന്ന് അന്യമല്ല
തൊട്ടരികിലുള്ള ഫിൽറ്ററിൽ ,
ഒരു ഗ്ലാസ് വെള്ളം തികച്ചുണ്ടാവില്ല.
മാറി മാറിയതിലേക്ക് നോക്കി
ഉമിനീരിറക്കി
എനിക്ക് ദാഹമില്ല
നിങ്ങൾ കുടിച്ചോളൂവെന്ന്
കണ്ണുകളാൽ ഞങ്ങൾ കള്ളം പറഞ്ഞു
പൊള്ളി പിളർക്കുന്ന വെയിൽ സാഗരത്തിൽ
നിലയില്ലാതുഴറിയ
ഈ രണ്ട് ശരീരങ്ങൾ
ഇതിനു മുന്നും പരസ്പരം കണ്ടു മറന്നതാവാം
അന്ന് ജോലിയുള്ളവരെപ്പോലെ നടിച്ചിരിക്കാം
അഭിമാനത്തിനു വിശക്കുമ്പോൾ
വില കൂടിയ ഭക്ഷണമോ
ജ്യൂസോ കുടിച്ചിരിക്കാം
ചില നിമിഷങ്ങളുടെ അതിജീവനത്തിനായ്ഞങ്ങൾ സൃഷ്ടിച്ച ഞങ്ങളുടെ തന്നെ ക്ലോണുകൾ വേഷമഴിക്കാതെ
തിരിഞ്ഞു നടക്കുമ്പോൾ
എച്ചിൽ പോലും പുച്ഛിച്ചിരിക്കാം
അവളുടെ കീറിയ തുകൽ പേഴ്സിലും,
എന്റെ കീശയിലും അവശേഷിച്ച നാണയ കിലുക്കം കേട്ട് ഞെട്ടിയുണർന്ന് പുറത്തേക്ക് തലനീട്ടിയ രണ്ട് പ്രാണികളെ റിപ്പറുകണക്കെ തലയ്ക്കടിച്ചു കൊന്നതൊരുമിച്ചായിരുന്നു
എങ്ങനിങ്ങനെയുറങ്ങുന്നു?!
അഭിമുഖം കഴിഞ്ഞേറേ നേരമായിരിക്കുന്നു
അഭിമുഖമായിരിക്കുന്ന ഞങ്ങളപ്പോൾ അന്യരെ പോലെ ചിരിച്ചു,
മരിച്ചിട്ടും ചിരിച്ചിക്കുന്നവരെ പോലെ.
…
ശ്രീരേക് അശോക്
തൃശൂർ ജില്ലയിലെ കുരിയച്ചിറ സ്വദേശി. കുരിയച്ചിറ സെന്റ് ജോസഫ്, വിവേകോദയം എന്നിവിടങ്ങളിലായി സ്ക്കൂൾ വിദ്യാഭ്യാസം. പുതുക്കാട് പ്രജ്യോതി നികേതനിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കി . തൃശൂർ ഭവൻസ് കമ്യൂണിക്കേഷനിൽ നിന്നും ജേർണലിസം മാസ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയും നേടി.
വിവിധ പരസ്യ – ഡിജിറ്റൽ ബ്രാൻഡിംഗ് കമ്പനികളിൽ, കോപ്പി റൈറ്ററായും, കണ്ടന്റ് റൈറ്ററായും ജോലി നോക്കി. നിലവിൽ ഫ്രീലാൻസായി ജോലി ചെയ്യുന്നു.