HomeTHE ARTERIASEQUEL 13തെറ്റിപ്പൂ സമിതി

തെറ്റിപ്പൂ സമിതി

Published on

spot_imgspot_img


കഥ
അരുണ്‍ നാഥ് കൈലാസ്

ഉച്ചക്കൊരു ഉറക്കം തൂങ്ങലില്‍ പാങ്ങോടന്‍ തുളസി ഒരു സ്വപ്നം കണ്ടു. ചീകിയ മരച്ചീനിക്കമ്പിന്‍റെ തുമ്പില്‍ ചൂട്ട് ചുറ്റി, അതിനിടയിലേക്ക് തെറ്റിപ്പൂവും തുളസിയിലയും കോര്‍ത്ത്, വാഴവള്ളി കൊണ്ട് കെട്ടി ഒതുക്കിയ ഒരു ചൂട്ടുവിളക്ക് നിന്നു കത്തുന്നു. പത്തു വയസ്സ് മാത്രമുള്ള തന്‍റെ കുട്ടിക്കാലം ‘അരികോരരികോരരികോരേ’ എന്ന് ഉറക്കെ വിളിച്ച് അതിനടുത്ത് നില്‍പ്പുണ്ട്. അതിശയമെന്നു പറയട്ടെ, തന്‍റെ മകനും തന്‍റെ അതേ പ്രായത്തോടെ ഒരു പത്തടി മാറി വിളക്കുമേന്തി നില്‍ക്കുന്നുണ്ടായിരുന്നു.

മൈവള്ളിക്കാര്‍ നാട് നീളെ ചൂട്ടുവിളക്ക് കത്തിച്ചിരിക്കുന്നു. തങ്ങളുടെ കൃഷിയിടങ്ങളില്‍ തഴച്ചുവളരുന്ന ചെടികളെയും കൊബാള്‍ട്ട്, സീഫോം, പൈന്‍, കാന്‍ഡി ആപ്പിള്‍, ബംബിള്‍ ബീ തുടങ്ങിയ നൂറോളം നിറങ്ങളിലുള്ള പലവിധം പൂക്കളെയും ഇലചുരുട്ടന്‍, ചാഴി, തണ്ടുതുരപ്പന്‍ എന്നിവയില്‍ നിന്നും രക്ഷിക്കുക എന്ന ഉദ്യേശമാണ് ഈ ചൂട്ടു കത്തിക്കലിന് പുറകില്‍. ചൂട്ടുവിളക്കിന്‍റെ വെളിച്ചം കണ്ട്, തങ്ങളുടെ ആധ്യാത്മിക ചിന്തകളുടെ ആന്തരിക വെളിച്ചമാണെന്നു തെറ്റിദ്ധരിച്ച് അതില്‍ വന്നു പറ്റുന്ന ചാഴിയും കൂട്ടുകീടങ്ങളും ആ തീയില്‍ എരിഞ്ഞു തീരുമെന്നാണ് വിശ്വാസം.

ചൂട്ടിന്‍റെ വെളിച്ചത്തില്‍ തങ്ങളുടെ നാലു ചുറ്റിനും പലവര്‍ണ പൂക്കളങ്ങനെ തെളിഞ്ഞു നില്‍ക്കുന്നത് പാങ്ങോടന്‍ വ്യക്തമായി കണ്ടു. അടുത്ത് വന്ന് ശക്തി കൂടുന്ന തരം ഒരു കാറ്റ് അപ്രതീക്ഷിതമായി ഒന്ന് വീശി. വിളക്കുകള്‍ ഒന്നാളി. ആ വെളിച്ചത്തില്‍ പൂക്കളുടെ പലവര്‍ണങ്ങള്‍ ഒറ്റ നിറമായി മാറുന്നതായി പാങ്ങോടന് തോന്നി.
‘ഹരിയോഹര ഹരിയോഹരേ’ എന്ന് മകന്‍ ആര്‍ത്തുവിളിച്ചു.
‘തെറ്റിപ്പോയല്ലോടാ.. അത് ‘അരികോരരികോരരികോരേ’ ആണ്’ എന്ന് പറയാന്‍ ശ്രമിച്ചെങ്കിലും പാങ്ങോടന്‍റെ തൊണ്ടയില്‍ നിന്ന്
ശബ്ദം പുറത്തുവന്നില്ല. ആരെങ്കിലും തെറ്റ് പറയാന്‍ കാത്തിരുന്നതുപോലെ ചെടികളെല്ലാം തെറ്റിച്ചെടികളും പൂക്കളെല്ലാം തെറ്റിപ്പൂക്കളുമായി മാറി. പാങ്ങോടന്‍റെയും മകന്‍റെയും കയ്യിലെ ചൂട്ടു
വിളക്കിലെ തീ വലുതാകുകയും അത് പുസ്തകങ്ങളിലേക്കും ലൈബ്രറിയിലേക്കും പടരാനും തുടങ്ങി. ‘ഹരിയോഹര
ഹരിയോഹരേ’ വീണ്ടും മകന്‍ ആര്‍ത്തുവിളിച്ചു.

മൈവള്ളി ജംഗ്ഷനിലെ ലൈബ്രറിക്കുള്ളില്‍ ഉറക്കം തൂങ്ങിയിരുന്ന ലൈബ്രേറിയന്‍ പാങ്ങോടന്‍ തുളസി പെട്ടെന്ന് ഞെട്ടി കണ്ണു തുറന്നു. ചുറ്റിനും നോക്കി ചുണ്ടിനു കീഴെ പത്തു പള്ളു പറഞ്ഞപ്പോഴാണ്
അയാള്‍ക്ക് ആ സ്വപ്നത്തിന്‍റെ ഹാങ്ങോവറില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞത്.

***

‘രോഷം എന്നില്‍ അണപൊട്ടുമ്പോള്‍ അത് നിങ്ങളിലേക്കും പടരും’
‘രോഷം എന്നില്‍ അണപൊട്ടുമ്പോള്‍ അത് നിങ്ങളിലേക്കും പടരും’

‘ഇതവന്മാര്‍ തന്നെ!’ പാങ്ങോടന്‍ തുളസി ചെവി കൂര്‍ത്തു.

ഇയ്യടുത്തായി വാങ്ങിയ മൂന്നേക്കറില്‍ പ്ലോട്ട് തിരിക്കലും വേലി വെപ്പുമൊക്കെയായായി പാങ്ങോടനൊന്നു മാറിനിക്കേണ്ടി വന്നപ്പോളാണ് ലൈബ്രറിയിലെ കാര്യങ്ങള്‍ കുറച്ച് വഷളാകുന്നത്. വായില്‍ തോന്നിയത് വിളിച്ച് പറയുന്ന ഒരു നേതാവും അതേറ്റുപറയുന്ന കുറേ കൂട്ടാളികളും ലൈബ്രറിക്കുള്ളില്‍ വന്ന് കൂടിയിട്ടുണ്ടത്രെ! മൂന്നുമണിക്ക് ശേഷം ആരും നിശബ്ദത പാലിക്കാറില്ലത്രേ!
എല്ലാത്തിനേം കയ്യോടെ പിടികൂടാന്‍ ഉച്ചയ്ക്ക് തന്നെ കച്ചകെട്ടി
ഇരുന്നപ്പോഴാണ് ഒന്ന് ഉറക്കം തൂങ്ങേണ്ടിവന്നത്.

‘ഞാന്‍ ഏകനാകുന്നതും നിങ്ങള്‍ കൂട്ടമാകുന്നതും പ്രപഞ്ചത്തില്‍ ഒരുപോലെ പ്രതിഫലിക്കുന്നു.’
‘ഞാന്‍ ഏകനാകുന്നതും നിങ്ങള്‍ കൂട്ടമാകുന്നതും പ്രപഞ്ചത്തില്‍ ഒരുപോലെ പ്രതിഫലിക്കുന്നു.’

പ്രതീക്ഷിച്ചതുപോലെ കൃത്യം മൂന്നുമണിയ്ക്ക് തന്നെ ബഹളം
തുടങ്ങിയപ്പോള്‍ പാങ്ങോടന്‍ ചെറുതായൊന്നു സന്തോഷിച്ചു.
‘കൃത്യനിഷ്ഠയുള്ള ഭീകരര്‍’. അയാള്‍ ഓര്‍ത്തു. പൊടിയും മാറാലയും പിടിച്ച പുസ്തക ഷെല്‍ഫുകള്‍ക്കിടയില്‍ കൂടി പാങ്ങോടന്‍
ഉള്ളിലെ ഹാളിലേക്ക് ഒളിഞ്ഞു നോക്കി. പത്തോളം ചെറുപ്പക്കാര്‍
ഉണ്ട്. അവന്മാര്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട്. പലരെയും കണ്ടു
പരിചയമുള്ളതുപോലെ തോന്നി അയാള്‍ക്ക്. എങ്കിലും മുഖങ്ങള്‍
അത്ര വ്യക്തമല്ലായിരുന്നു. .

‘നിങ്ങള്‍ പുതുതായൊന്നും ഉണ്ടാക്കുന്നില്ല. നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള വികാരങ്ങളെ നിങ്ങള്‍ ഒരു കൂട്ടമായി ഏറ്റെടുക്കുന്നു എന്നുമാത്രം’
‘നിങ്ങള്‍ പുതുതായൊന്നും ഉണ്ടാക്കുന്നില്ല. നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള വികാരങ്ങളെ നിങ്ങള്‍ ഒരു കൂട്ടമായി ഏറ്റെടുക്കുന്നു എന്നുമാത്രം’

ഒരുവന്‍ പറയുന്നത് വാഴപോലെ കുറച്ചെണ്ണം ഏറ്റുപറയുന്നു.
എന്താണിവര്‍ ഉദ്ദേശിക്കുന്നത്? ഏതെങ്കിലും പുസ്തകം പഠിക്കുകയാണോ? എങ്കിലവരെ കുറ്റം പറയാന്‍ കഴിയില്ല. ഒരു വായനശാലയില്‍ ഒരു പുസ്തകം ഒരേ സമയം ഒരുപാട് പേര്‍ പഠിക്കുകയാണെങ്കില്‍ അതൊരു വലിയ കാര്യമല്ലേ? പാങ്ങോടന്‍ തുളസി ഒന്നു തണുക്കാന്‍ ശ്രമിച്ചു. ഇത് മൈവള്ളിയെന്ന ലോകം അറിയപ്പെടുന്ന ഒരു
നാട്ടിലെ വായനശാലയാണല്ലോ എന്നയാള്‍ ഓര്‍ത്തു. ഇവിടിപ്പോള്‍ ഇങ്ങനെയായിരിക്കും. നാട് മാറുന്നത് അറിയില്ല. മാറിയിട്ടേ അറിയൂ. മുന്നറിയിപ്പുകള്‍, സൂചനകള്‍ തിരിച്ചറിയണമെങ്കില്‍ ചരിത്രം
പഠിക്കണം പോലും. വഴിമുടക്കിക്കഥകള്‍. അയാള്‍ ചരിത്രത്തെ
അവിടെയിരുന്ന് വെറുത്തു.

‘ആണുങ്ങള്‍ ചെടി നട്ടുവളര്‍ത്തുന്ന നാട്’ എന്നറിയപ്പെടുന്ന മൈവള്ളി, പീ എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പണ്ട് മുതല്‍ക്കെ ഒരു പിടിവള്ളിയാണ്. മൈവള്ളിയില്‍ പെണ്ണുങ്ങള്‍ക്ക് ചെടി നടാനോ,
നനയ്ക്കാനോ അവകാശമില്ല. പൂവുകള്‍ പോലും മണത്തുനോക്കുന്നത് ആണുങ്ങളാണ്. എല്ലാ പൂവിനും ഗോള്‍ഡ് കിങ്സിന്‍റെ മണവും. മീശകുത്തി തുളവീണ ഇതളുകളുമായി ആര്‍. ജി. ബി. കളറില്‍ നല്ല
കൊഴുത്ത പൂക്കള്‍ കാണാം എല്ലായിടത്തും.

‘ചിലപ്പോള്‍ നമുക്ക് പമ്മിയിരിക്കേണ്ടി വരാം. ആരുമറിയാതെ ഇഴഞ്ഞു നീങ്ങേണ്ടി വരാം.’
‘ചിലപ്പോള്‍ നമുക്ക് പമ്മിയിരിക്കേണ്ടി വരാം. ആരുമറിയാതെ ഇഴഞ്ഞു നീങ്ങേണ്ടി വരാം’

‘ഇരുട്ടില്‍ നമ്മള്‍ ഇരുട്ടാകുക. തിരിച്ചറിയാനാവാത്ത നിറങ്ങള്‍ സ്വീകരിച്ചു മറഞ്ഞിരിക്കുക. പിടികൊടുക്കാതെ നീങ്ങുന്നതിലും നിറയുന്നതിലുമാകണം നമ്മുടെ ശ്രദ്ധ.’
‘ഇരുട്ടില്‍ നമ്മള്‍ ഇരുട്ടാകുക. തിരിച്ചറിയാനാവാത്ത നിറങ്ങള്‍ സ്വീകരിച്ചു മറഞ്ഞിരിക്കുക. പിടികൊടുക്കാതെ നീങ്ങുന്നതിലും നിറയുന്നതിലുമാകണം നമ്മുടെ ശ്രദ്ധ.’

തുളസി അസ്വസ്ഥതയോടെ ഒരു ബുക്കെടുത്ത് കാലിലടിച്ചു.
കൊതുകും ചത്തു. കവറും കീറി. ചോരപുരണ്ട ബുക്ക് അയാള്‍ ഷെല്‍ഫിനിടയിലേക്ക് തിരുകി കയറ്റി.

‘അര്‍ഹതയനുസരിച്ചു മുന്നിലും പിന്നിലും നിര്‍ത്തുക .എല്ലായിടത്തും നിങ്ങള്‍ക്ക് ദൗത്യമുണ്ട്. കൂട്ടമാണെങ്കിലും നിങ്ങള്‍ ഞാനാകുക’
‘അര്‍ഹതയനുസരിച്ചു മുന്നിലും പിന്നിലും നിര്‍ത്തുക. എല്ലായിടത്തും നിങ്ങള്‍ക്ക് ദൗത്യമുണ്ട്. കൂട്ടമാണെങ്കിലും നിങ്ങള്‍ ഞാനാകുക’

ഇവന്മാരിതെന്തു തേങ്ങയാണ് പറയുന്നത്? പങ്ങോടന് സഹികെട്ടു.
ഇടപെടേണ്ട സമയമായിരിക്കുന്നു. അയാള്‍ മെല്ലെ നടന്ന് ഹാളിലേക്ക് കയറുന്ന വാതിലിനരികില്‍ ചെന്നു ചാരി നിന്നിട്ട് ഉള്ളിലേക്ക് നോക്കി.

പാങ്ങോടന്‍റെ ആ ചാരലില്‍ കതക് ചെറുതായൊന്നു ഭിത്തിയിലിടിച്ച് അത്ര സുഖകരമല്ലാത്ത ഒരു ശബ്ദമുണ്ടായി. പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യമായതുകൊണ്ടു പാങ്ങോടന്‍ ഒന്നു പകച്ചെങ്കിലും ഒരു മുരടനക്കല്‍ ഒഴിവായിക്കിട്ടി എന്നയാള്‍ ആശ്വസിച്ചു. ശബ്ദം കേട്ട്
അകത്തുള്ള ചെറുപ്പക്കാര്‍ ഒരുമിച്ചു പാങ്ങോടനെ നോക്കി.
നേതാവെന്ന് തോന്നിക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍റെ
നെറ്റിയിലൊട്ടിച്ചിരുന്ന എപ്രികോട്ട് കളറിലെ തെച്ചിപ്പൂവ് കണ്ട്
പാങ്ങോടന്‍ തുളസി ഒന്നു ഞെട്ടി.

തെറ്റിപ്പൂ സമിതി!

insight publica

***

തെറ്റിപ്പൂ സമിതിയുടെ കഥയും മൈവള്ളിയുടെ നൂറുവര്‍ഷത്തെ ചരിത്രവും ഒരുപോലാണെന്ന് ആ നില്‍പ്പില്‍ പാങ്ങോടന്‍ ഓര്‍ത്തു. പല നിറത്തിലുള്ള പൂക്കളാല്‍ സമൃദ്ധമായിരുന്നു ഒരിക്കല്‍ മൈവള്ളി.
ലാറ്ററേറ്റ് ബ്രൗണ്‍ നിറമുള്ള മൈവള്ളിയിലെ മണ്ണില്‍ പെരവലം, ഷോപുറുത്തി, പീലിച്ചെടി, ശീതമൂക്കുത്തി, ആഫ്രിക്കന്‍ ലില്ലി,
നീലക്കൊടുവേലി, ഹൈട്രാഞ്ചി, പത്തുമണി, കമ്മല്‍ച്ചെടി, അരളി, ബന്ദി, ചെറുപാല, ശംഖുപുഷ്പം, ശീതത്തുപ്പി, ശ്മശാനപ്പൂച്ചെടി, കോഴിവാലന്‍, വേനല്‍പച്ച, വാടാമല്ലി, മുടിയന്‍പച്ച, കോട്ട ്ബട്ടന്‍, ഏഞ്ചല്‍സ് ട്രമ്പറ്റ്, ആമപ്പൂവ്, ഹനുമാന്‍ കിരീടം, ചേമുള്ളി, ബോഗണ്‍വില്ല, ഗന്ധരാജന്‍, ഫ്ലോസ് ഫ്ളവര്‍, കുടങ്കല്‍, കുരങ്ങു മഞ്ഞള്‍, സള്‍ഫര്‍ കോസ്മോസ്, പൂച്ചവാലന്‍, കച്ചോലം തുടങ്ങിസകലമാന ചെടികളും തഴച്ചു വളരുന്നുണ്ടായിരുന്നു. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ചകിരിച്ചോറും ധാരാളം ഉള്ളതിനാല്‍ സമൃദ്ധിയോടെ വളര്‍ന്നുകൊണ്ടിരുന്ന ഒരു നാട്. അതായിരുന്നു മൈവള്ളി.

വിളവൊന്നും പുറത്തുകൊടുക്കുന്നുണ്ടായിരുന്നില്ല. എല്ലാം മൈവള്ളിക്കാര്‍ തന്നെ ശേഖരിക്കും. അന്ന് എല്ലാ നാടുകളെയും പോലെ ഒരു നാട് മാത്രമായിരുന്നു മൈവള്ളി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു
ജൂലായില്‍ ചെടികള്‍ നട്ട്, ഒക്ടോബറില്‍ വിളവെടുത്ത്, നാല്‍പത്തെട്ട് ജനുവരിയില്‍ ഇലവെട്ടലും കഴിഞ്ഞിരിക്കുമ്പോഴായിരുന്നു ഗാന്ധിയുടെ മരണം. അതോടു കൂടിയാണ് മൈവള്ളിക്കാരെ ലോകം
അറിയുന്നത്. അന്ന് വായനശാലയിലെ റേഡിയോയില്‍ കൂടി മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ വല്ല്യാപ്പു മേശിരിയുടെ നേതൃത്വത്തില്‍ മൈവള്ളിക്കാര്‍ ഒത്തുകൂടി. ഇനിയെന്ത് എന്ന് ആലോചിച്ച് ചടഞ്ഞിരിക്കുമ്പോള്‍ മറുപടിപോലെ പ്യാരിലാല്‍ നയ്യാരുടെ സന്ദേശം.
മൈവള്ളി എഴുന്നേറ്റു. സീസണല്ലെങ്കിലും വല്ല്യാപ്പുമേശിരിയും
സംഘവും ഓടിനടന്ന് പൂക്കള്‍ ശേഖരിച്ചു. കിട്ടുന്ന പൂക്കളെല്ലാം അപ്പപ്പോള്‍ ആസ്പിരിന്‍, പഞ്ചസാര മിശ്രിതം തളിച്ച് താമരയില വിരിച്ച പരന്ന കുട്ടയിലേക്ക് മാറ്റി. അന്നു രാത്രി തന്നെ ഡല്‍ഹിക്കു
പുറപ്പെട്ടു. ‘മൈവള്ളി ഫ്യൂണറല്‍ ഫ്ളവര്‍ ഡിസൈനേഴ്സ്’ എന്ന പേരില്‍ ലോഗോ ഡിസൈനൊക്കെ ചെയ്തൊരു ബ്രാന്‍ഡ് ആയി
മാറിയത് പിന്നീടാണ്. ആദ്യകാലത്തു വിലാപപ്പൂക്കള സംഘം
എന്നാണ് അറിയപ്പെട്ടിരുന്നത്. ഡല്‍ഹിയിലന്ന് ഗാന്ധിക്കിട്ട വിലാപ
പൂക്കളം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൈവെള്ളിയിലെ ഓരോ ഗാന്ധിയനും അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു അത്. പിറ്റേന്ന് വെളുപ്പിന് തന്നെ ഡല്‍ഹിലെത്തി. അവിടെ പ്യാരിലാല്‍ നയ്യാരുടെ ആള്‍ക്കാര്‍ അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പൂക്കളെല്ലാം
ട്രക്കില്‍ കയറ്റി ബിര്‍ള ഹൗസ്സിലേക് കൊണ്ടുപോയി. വല്ല്യാപ്പുവിനും സംഘത്തിനും പോകാന്‍ മൂന്ന് കാറുകള്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു. നയ്യാരുടെ കൂട്ടാളികളും അതില്‍ കുത്തിഞെരുങ്ങി കയറി.
വളരെ കഷ്ട്ടപെട്ടെങ്കിലും പെട്ടെന്നവിടേയ്ക്കെത്തി. വല്ല്യാപ്പുവിനെ
കണ്ടപ്പോള്‍ തന്നെ മനുബെന്നും ആഭയും ചേര്‍ന്ന് ബോഡിക്ക് ചുറ്റും കൂടിയിരുന്ന ആശ്രമവാസികളെ പുറകിലേക്ക് നീക്കിയിരുത്തി.
പ്യാരിലാല്‍ വന്നു ഡിസൈന്‍ സെലക്ട് ചെയ്തു. വല്ല്യാപ്പു ബോഡിയിലേക്ക് അധികം നോക്കിയില്ല. പൂക്കളെല്ലാം കളര്‍ ഓര്‍ഡറില്‍
നിരത്തി വെച്ചു.
റൂബി നിറത്തിലെ ഒടിച്ചുകുത്തിയും ബമ്പിള്‍ബീ യെല്ലോ, ടൈഗര്‍
ഓറഞ്ച് എന്നിവ അടുക്കു നിറങ്ങളായിവരുന്ന ശീതമൂക്കുത്തിയും
ആദ്യമെടുത്തു. ഹീലിയോയും തിസില്‍സും മിക്സ് ആയ ഹൈട്രാഞ്ചി, പേള്‍ റിവര്‍ നിറത്തിലെ പെരവലം, ടാങ്കറൈന്‍
നിറത്തിലെ ബന്ധി, ഇലക്ട്രിക് ബ്ലൂബെറി നിറത്തിലെ ശംഖുപുഷ്പം അങ്ങനെ പല നിറത്തില്‍ പതിനഞ്ചോളം പൂക്കളിനങ്ങള്‍. ചിലത് ഇലകളാണ്. അത് നുറുക്കുന്ന ജോലി കൊച്ചോണിയന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.

പ്യാരിലാല്‍ നയ്യാര്‍ നടന്ന് അടുത്തേക്ക് വന്നു.

‘മുറിവ് മൂടണ്ട’

പ്യാരിലാല്‍ വല്ല്യാപ്പുവിന്‍റെ ചെവിയില്‍ പതുക്കെ പറഞ്ഞു. വല്ല്യാപ്പു തലയാട്ടി. ബോഡിയിലെ നെഞ്ചിലെ സ്മോക്ക് നിറത്തിലെ തുണി വയറിന്‍റെ പകുതിവരെ നീക്കിവെച്ചു വല്ല്യാപ്പു. വെടിയുണ്ട കൊണ്ട പാട് അപ്പോള്‍ നന്നായി കാണാന്‍ കഴിയുന്ന വിധത്തിലായി.

ഇടയ്ക്ക് വല്ല്യാപ്പുവിന്‍റെ കണ്ണൊന്നു തെറ്റിയപ്പോള്‍ കൊച്ചോണിയന്‍ ശീതത്തുപ്പിയുടെ ഒന്നു രണ്ട് ഇലകള്‍ മുറിക്കാതെ കൊണ്ടുവച്ചു മുറിവ് മറച്ചുകളഞ്ഞു. തിരിഞ്ഞു നോക്കിയ വല്ല്യാപ്പു കിടുങ്ങി പോയി. ബോഡിയുടെ മുറിവില്‍ നിന്ന് ചോര.

പേസ്റ്റല്‍ ഗ്രീനില്‍ ബര്‍ഗണ്ടി റെഡ് തുപ്പി വെച്ചതുപോലെയാണ് ശീതത്തുപ്പിയുടെ ഇലകള്‍. സീതാദേവി മുറുക്കാന്‍ ചവച്ചു തുപ്പിയതാണെന്നാണ് ഐതിഹ്യം. എന്ത് വിചാരിച്ചു നോക്കിയാലും അതു
പോലെ തോന്നും. ഒറ്റനോട്ടത്തില്‍ വല്ല്യാപ്പു ചോരയാണ് കണ്ടത്. അയാള്‍ ദേഷ്യത്തില്‍ പല്ലുറുമ്മി കൊച്ചോണിയനെ നോക്കി. കാര്യം മനസിലായ കൊച്ചോണിയന്‍ ഓടിവന്ന് ഇലകള്‍ എടുത്തു മാറ്റി ബോഡിയുടെ നെഞ്ചിലങ്ങനെ തൊട്ട് തൊട്ട് നിന്നു.

‘ആ മതി.. മതി.. ഞാന്‍ ചെയ്തോളം’

വല്ല്യാപ്പു കൊച്ചോണിയനെ നോക്കാതെ പറഞ്ഞു.
ഏകദേശം ഒന്നരമണിക്കൂറിനുള്ളില്‍ വിലാപപ്പൂക്കളം തയ്യാറായി. അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു പിന്നീടവര്‍ക്ക്.

തിരക്കുകളില്‍ നിന്ന് മാറി ഒരിടത്തേക്ക് നീങ്ങിയിരുന്ന് വിശ്രമിച്ചു
വല്യാപ്പു. അയാളുടെ മനസു നിറയെ ആ വയസ്സന്‍റെ എല്ലുന്തിയ ശരീരമായിരുന്നു. പൂവുപോലും ഭാരമായ ശരീരം. ചെറുതായൊന്നുറങ്ങി
വല്ല്യാപ്പു. അന്നുച്ചയ്ക്കു തന്നെ നാട്ടിലേക്കു തിരിക്കുകയും ചെയ്തു.
നാട്ടിലേക്കുള്ള യാത്രയിലുടനീളം നിശബ്ദനായിരുന്നു അയാള്‍.
കൊച്ചോണിയനോടുള്ള കലി ഉള്ളിലുണ്ടായിരുന്നെങ്കിലും അയാള്‍
തലകുനിച്ചിരുന്നു.

തിരിച്ചു നാട്ടിലെത്തിയ വിലാപപൂക്കള സംഘത്തിന് വന്‍ വരവേല്‍പ്പായിരുന്നു മൈവള്ളിക്കാര്‍ നല്‍കിയത്. ലോകമെങ്ങും ചര്‍ച്ചയായത്രേ! പക്ഷെ വല്ല്യാപ്പുവിന് വലിയ സന്തോഷം ഉണ്ടായിരുന്നില്ല.
പിറ്റേന്നത്തെ പത്രം ആ നിരാശയുടെ ആക്കം കൂട്ടി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടത്തില്‍ വിലാപപ്പൂക്കളത്തിലെ പലവര്‍ണങ്ങളങ്ങനെ
മരവിച്ചു കിടക്കുന്നുണ്ടായിരുന്നു. പിന്നീട് കുറച്ചുനാള്‍ പത്രങ്ങള്‍
കളറാക്കി മാറ്റാനുള്ള ചില ശ്രമങ്ങളിലായിരുന്നു അയാള്‍. പക്ഷേ ലക്ഷണമൊത്തൊരു വിലാപപൂക്കളം കളറില്‍ കാണാനൊരു യോഗം
അയാള്‍ക്കുണ്ടായില്ല. അധികം നാളു നീണ്ടുപോകാതെ ഒരു ദിവസം ഉറക്കത്തിന്‍റെ സൗമ്യതയോടെ വല്ല്യാപ്പു കിടക്കയില്‍ മരിച്ചുകിടന്നു. അങ്ങനെ മൈവള്ളിയെ പ്രശസ്തിയിലേക്ക് കൈ പിടിച്ച് നടത്തിയിട്ട് വാടിയ ഒരു വിലാപ പൂക്കളവുമായി അയാള്‍ യാത്രയായി.

വൈകാതെ കൊച്ചോണിയന്‍ വിലപപ്പൂക്കള സംഘത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. പക്ഷെ കൊച്ചോണിയനും അധികകാലം ജീവിച്ചിരുന്നില്ല. അയാളുടെ മരണശേഷം വിലാപപൂക്കള സംഘത്തിന്‍റെ ചുമതല ഏറ്റെടുത്തത് ഈഴവ ഭാഗവതരെന്ന് വിളിപ്പേരുള്ള
ഈശ്വര ഭാഗവതരാണ്. ഈഴവ ഭാഗവതര്‍ക്ക് ശേഷം വന്നതൊരു അശോകന്‍. കൊച്ചോണിയന്‍റെ ചെറുമകന്‍. പാരമ്പര്യമായി തനിക്ക് വന്ന് ചേരേണ്ട അധികാരമാണെന്നയാള്‍ വാദിച്ചു. പൂക്കള സംഘത്തിന്‍റെ നിയമങ്ങളെല്ലാം കൊച്ചോണിയന്‍റെ പുസ്തകങ്ങളിലുണ്ടത്രേ!

ഏത് നിയമം? ഏത് പുസ്തകം? ആദ്യമൊന്ന് അന്തംവിട്ടെങ്കിലും
കൊച്ചോണിയന്‍റെ പുസ്തകങ്ങളും കൊണ്ടുള്ള അശോകന്‍റെ
പടയോട്ടത്തില്‍ മൈവള്ളിക്കാര്‍ വീണു. മുറിവ് മൂടി പൂക്കളമിടുന്നതും വല്ല്യാപ്പുവിനെ ഒഴിവാക്കി കൊച്ചോണിയന്‍റെ കഥകള്‍ പ്രചരിപ്പിക്കുന്നതും പല നിറങ്ങള്‍ ഒഴിവാക്കി ഏകനിറത്തില്‍ പൂക്കളമിടുന്നതും അശോകന്‍റെയും സംഘത്തിന്‍റെയും ഒരു ശൈലിയായി മാറി.
അതിനെ എതിര്‍ത്തവരെയൊക്കെ അയാള്‍ നിഷ്പ്രയാസം നിശ്ശബ്ദരാക്കി നാട് കടത്തി. അതിനുവേണ്ടി അയാള്‍ ഉണ്ടാക്കി വെച്ചൊരു യുവജന സംഘടനയാണ് ‘തെറ്റിപ്പൂ സമിതി’!

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയ യുക്തി ചിന്തകര്‍ മുതല്‍ പൊതു പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അധ്യാപകര്‍, ചിത്രകാരന്‍മാര്‍,
സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി പേരുടെ ദുര്‍ബലശരീരത്തിലെ വെടിയുണ്ടപ്പാടുകള്‍ വിലാപപൂക്കളമിട്ടു മറച്ചു
കളഞ്ഞുകൊണ്ടു അശോകന്‍റെ നേതൃത്വത്തില്‍ മൈവള്ളി ഫ്യുണറല്‍ ഫ്ളവര്‍ ഡിസൈനേഴ്സ് എന്ന ബ്രാന്‍ഡ് ലോകമെമ്പാടും
ആരാധകരെ സൃഷ്ടിച്ചു. മൈവള്ളിയെന്ന നാടിനുമുന്നില്‍ ലോകരാഷ്ട്രങ്ങള്‍ തലകുനിച്ചു നിന്നു. അതങ്ങനൊരു കഥ.

***

അമ്പലക്കുളത്തിലും മെതാനത്തിലും കുറ്റിക്കാടിനുള്ളിലും കൂട്ടമായി കുത്തിമറിഞ്ഞു കൊണ്ടിരുന്ന തെറ്റിപ്പൂ സമിതി ഇപ്പോള്‍ വായനശാലക്കുള്ളില്‍ കയറിക്കൂടിയിരിക്കുകയാണ്. പലപ്രായത്തിലുള്ള
ചെറുപ്പക്കാരാണവര്‍. പലരെയും പലയിടങ്ങളില്‍ വെച്ചു
കണ്ടിട്ടുണ്ടെങ്കിലും പാങ്ങോടന്‍ തുളസിക്ക് അവരെ പരിചയപ്പെടാ
നൊരു അവസരം കിട്ടിയിരുന്നില്ല. സമിതിയുടെ അംഗസംഖ്യ എത്രയെന്നും അംഗങ്ങളാരൊക്കെയെന്നും ആര്‍ക്കും അറിയില്ല. ഈ പത്തുപേര്‍ അതിലെ പ്രധാനികള്‍ ആകണം. അയാള്‍ ഓര്‍ത്തു.

‘നിങ്ങള്‍ ബഹളം അല്പം കുറയ്ക്കണം’ എന്ന് ഗൗരവത്തില്‍
പറയണമെന്ന് വിചാരിച്ചെങ്കിലും വിനയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരു ‘ബഹളം അല്പം…’ മാത്രമേ പാങ്ങോടന്‍റെ
വായിന്നു വന്നുള്ളൂ.

‘ഞങ്ങളുടെ കൂടെ കൂടുന്നോ?’
തലയും മുഖവും ഒരു കഥകളി നടനെപോലെ ഇളക്കി,
പാങ്ങോടനുള്ള മറുപടി എന്നോണം നേതാവ് ആംഗ്യം കാണിച്ചു.

പാങ്ങോടന്‍ ചെറിയൊരു നാണത്തോടെ ചിരിച്ചു. കൂടെയുള്ളവരും ആംഗ്യം കാണിച്ച് അയാളെ ക്ഷണിച്ചു. നേതാവ് അരികിലിരുന്നയാളെ മാറ്റിയിരുത്തിയിട്ട് ഒരു കസേര കുറച്ച് മുന്നിലേക്ക് നീക്കിയിട്ടു.
എന്നിട്ട് വശ്യമായ കണ്ണുകളോടെ പാങ്ങോടനെ നോക്കി.
പന പോലെ വന്ന് പുക പോലെ ആയ അയാള്‍ എല്ലാം മറന്ന് ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ആ കസേരയില്‍
ചെന്നിരുന്നു.

‘നമുക്ക് തുടരാം?’ നേതാവിന്‍റെ ചോദ്യത്തിന് സംഘം ഒന്നടങ്കം
‘നമുക്ക് തുടരാം’ എന്ന് ഉത്തരം പറഞ്ഞു. പാങ്ങോടന് പക്ഷേ അവരോടൊപ്പം പറയാന്‍ കഴിഞ്ഞില്ല. അയാള്‍ക്ക് പെട്ടെന്നൊരു
വെപ്രാളം വന്നു. ഇനി പറയാന്‍ പോകുന്ന കല്പനയില്‍ അവരോടൊപ്പം കയറിപോകാന്‍ പാങ്ങോടന്‍ തയ്യാറെടുത്തു.

‘നശിക്കാനുള്ളത് തിരിച്ചറിയുക. കൂട്ടമായി നിങ്ങള്‍ നശിപ്പിക്കുന്നത് കൂട്ടത്തോടെ തന്നെ നിങ്ങള്‍ സ്വന്തമാക്കുക’

അടുത്ത കല്പന വന്നു. ഇത്തവണ സംഘത്തോടൊപ്പം ഉച്ചത്തില്‍ പറയാന്‍ പാങ്ങോടന് കഴിഞ്ഞു.

‘നശിക്കാനുള്ളത് തിരിച്ചറിയുക. കൂട്ടമായി നിങ്ങള്‍ നശിപ്പിക്കുന്നത് കൂട്ടത്തോടെ തന്നെ നിങ്ങള്‍ സ്വന്തമാക്കുക’

‘നിങ്ങളെന്‍റെ പിന്നില്‍ അണിനിരക്കുവിന്‍ ‘
‘നിങ്ങളെന്‍റെ പിന്നില്‍ അണിനിരക്കുവിന്‍ ‘

‘നിങ്ങളുടെ പല്ലുകളും നഖങ്ങളും മൂര്‍ച്ചകൂട്ടി വെയ്ക്കുവിന്‍’
‘നിങ്ങളുടെ പല്ലുകളും നഖങ്ങളും മൂര്‍ച്ചകൂട്ടി വെയ്ക്കുവിന്‍’

‘നിങ്ങളുടെ കണ്ണുകള്‍ ഞാനാണ്’
‘നിങ്ങളുടെ കണ്ണുകള്‍ ഞാനാണ്’

‘നിങ്ങളുടെ കാതുകള്‍ ഞാനാണ്’
‘നിങ്ങളുടെ കാതുകള്‍ ഞാനാണ് ‘

‘നിങ്ങളാണ് ഞാന്‍’
‘നിങ്ങളാണ് ഞാന്‍’

‘ഞാനാണു നിങ്ങള്‍’
‘ഞാനാണു നിങ്ങള്‍’

ഒരക്ഷരം പോലും തെറ്റാതെ എല്ലാ കല്പനകളും കൂട്ടത്തോടൊപ്പം കണ്ണടച്ചിരുന്ന് പറഞ്ഞു കഴിഞ്ഞപ്പോള്‍ പാങ്ങോടന്‍ തുളസിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒരു ശക്തി വന്നതുപോലെ.
അടുത്ത കല്പനയ്ക്ക് വേണ്ടി അയാള്‍ കണ്ണുകളടച്ച് കാതോര്‍ത്തിരുന്നു. എന്നാല്‍ കുറച്ചു നേരത്തേക്ക് നിശബ്ദമായിരുന്നു അവിടം.
തെല്ല് സംശയത്തോടെ പാങ്ങോടന്‍ പതിയെ പതിയെ കണ്ണു തുറന്നു. നേതാവിനെ കാണുന്നില്ല. സംഘങ്ങളെല്ലാം പാങ്ങോടനെ നോക്കിയിരിക്കുകയാണ്. അയാള്‍ സംശയത്തോടെ ചുറ്റും നോക്കി. സംഘവും ചുറ്റും നോക്കി. നേതാവ് അവിടെ എവിടെയുമില്ലെന്നു അയാള്‍ക്കുറപ്പായി. എങ്ങോട്ട് പോയി അയാള്‍? സംശയം വിടാതെ പാങ്ങോടന്‍ സമിതിക്കാരെയും സമിതിക്കാര്‍ പാങ്ങോടനെയും നോക്കിയിരുന്നു.

നെറ്റിയിലെന്തോ പറ്റിയിരിക്കുന്നതായി അയാള്‍ക്ക് തോന്നി. തൊട്ടു
നോക്കിയ പാങ്ങോടന്‍ തുളസിക്ക് അത്ഭുതം തോന്നി. തെറ്റിപ്പൂവ്
തന്‍റെ നെറ്റിയില്‍ ഒട്ടിച്ചിരിക്കുകയാണ്. ഇതാര് പറ്റിച്ച പണിയാണ്.
അയാള്‍ക്ക്ചിരി വന്നു. അയാള്‍ ചിരിച്ചു. എല്ലാവരും ചിരിച്ചു.
പാങ്ങോടന്‍ ചിരിച്ച് ചിരിച്ച് ചമ്മിപ്പോയി. ചമ്മിയ ചിരിയോടെ
അയാള്‍ കുറച്ചുനേരം സമിതിക്കാരെ നോക്കിയിരുന്നു.
അവര്‍ അയാളെയും.

‘കുറച്ച് നാളായി ഞാന്‍ നിങ്ങളെ നിരീക്ഷിക്കുകയാണ്.
വീര്യവും കൃത്യനിഷ്ഠയുമുള്ള ചെറുപ്പക്കാരാണ് നിങ്ങള്‍’

ചമ്മല്‍ മാറ്റാനായി പാങ്ങോടന്‍ എന്തെങ്കിലും പറയാമെന്നു
വിചാരിച്ചു.

‘കുറച്ചു നാളായി ഞാന്‍ നിങ്ങളെ നിരീക്ഷിക്കുകയാണ്. വീര്യവും
കൃത്യനിഷ്ഠയുമുള്ള ചെറുപ്പക്കാരാണ് നിങ്ങള്‍’

അവര്‍ അതേറ്റു പറഞ്ഞു.

നെറ്റിചുളിച്ച് കുറച്ചു നേരം നിശബ്ദനായിരുന്നു പാങ്ങോടന്‍. എന്നിട്ട്
നേതാവിനെ അന്വേഷിച്ചെന്ന മട്ടില്‍ ഒന്നുകൂടി എത്തിവലിഞ്ഞു
പുറത്തേക് നോക്കി അയാള്‍. പ്രതീക്ഷിച്ച പോലെ പുറത്താരെയും കണ്ടില്ല. സമിതിക്കാരും എത്തിവലിഞ്ഞു പുറത്തേക്ക് നോക്കി. അയാള്‍ അത് ശ്രദ്ധിക്കാത്ത മട്ടിലിരുന്നു. തന്‍റെ മുഖത്തെ തൊലിയെല്ലാം വലിഞ്ഞു മുറുകി തലയ്ക്കു പുറകിലേക്ക് ചുരുങ്ങി ഇരിക്കുന്നതായി അയാള്‍ക്ക് തോന്നി. പെട്ടെന്ന് പുറത്തേക്ക് നോക്കിയെങ്കിലും ശൂന്യമായ ആ നോട്ടം അത്രയെളുപ്പം പിന്‍വലിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പണിപ്പെട്ട് തല തിരിച്ചു തറയിലേക്ക് നോക്കി അയാള്‍ ചോദിച്ചു.

‘നിങ്ങളുടെ നേതാവെവിടെ’?

‘നിങ്ങളുടെ നേതാവെവിടെ’? അവരും ചോദിച്ചു.

അപ്പോഴേക്കും ഒന്ന് രണ്ടു പേര്‍ കൂടി പുറത്തുനിന്ന് അകത്തേക്ക്
കയറി വന്നു. അവര്‍ പാങ്ങോടനെത്തന്നെ ചൂഴ്ന്ന് നോക്കിക്കൊണ്ട് ഓരോ കസേരകളിലായി ഇരുന്നു. കാര്യങ്ങള്‍ അത്ര പന്തിയായല്ല
പോകുന്നതെന്ന് അയാള്‍ക്ക് മനസിലായി.

അയാളൊന്നു മുരടനക്കി. എല്ലാവരും മുരടനക്കി.

‘നിങ്ങളെന്താ എന്നെ കളിയാക്കുവാണോ’
പാങ്ങോടന്‍ തുളസി കസേരയില്‍ നിന്നെഴുന്നേറ്റ് നിന്നിട്ട് ചോദിച്ചു.

‘നിങ്ങളെന്താ എന്നെ കളിയാക്കുവാണോ’
സമിതിക്കാരും കസേരയില്‍ നിന്നെഴുന്നേറ്റിട്ടു ചോദിച്ചു.

അയാള്‍ ദേഷ്യത്തോടെ നെറ്റിയിലെ തെറ്റിപ്പൂവ് പറിച്ചെടുത്ത് ഞെരടി തറയിലിട്ടു.

‘കളിക്കല്ലേ മക്കളേ..
ഇതൊരു തമാശയായിട്ട് എനിക്കു തോന്നുന്നില്ല’?
ദേഷ്യം കൊണ്ട് ഭാരിച്ച തലയും കുനിച്ച് അയാള്‍ ഹാളിനു
പുറത്തേക്ക് നടന്നു. സമിതിക്കാരും അതേറ്റു പറഞ്ഞു കൂടെ നടന്നു. വിറച്ച് വിറച്ച് ക്രിംസണ്‍ കളറായിപ്പോയ മുഖവുമായി അയാള്‍
തിരിഞ്ഞു നിന്ന് അവരെ നോക്കി. അയാളുടെ കണ്ണുകള്‍ കലങ്ങി
നിറഞ്ഞിരുന്നു.

‘ഇറങ്ങിനെടാ എല്ലായെണ്ണവും’
പാങ്ങോടന്‍ വിറച്ചുകൊണ്ട് പറഞ്ഞു
‘ഇറങ്ങിനെടാ എല്ലായെണ്ണവും’
അവരേറ്റു പറഞ്ഞു.
‘ഇവിടുന്ന് ഇറങ്ങിനെടാ മൈരുകളെ’
അയാള്‍ അലറി.
‘ഇവിടുന്ന് ഇറങ്ങിനെടാ മൈരുകളെ’
അവരും അലറി.

പാങ്ങോടന്‍ തുളസി ആരെയൊക്കെയോ ഉന്തുകയും തള്ളുകയും
അടിക്കുകയും ചെയ്തു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും
അടിക്കുകയും തള്ളുകയും ഉന്തുകയുമൊക്കെ ചെയ്തു. ദുര്‍ബലമായ
ഒരു അരണ്ട അവസ്ഥ. പാങ്ങോടന്‍റെ മുഖത്ത് മാറിമാറി തെളിഞ്ഞു വന്നുകൊണ്ടിരുന്ന ദൈന്യതയും ദേഷ്യവും കവിള് വിറയലും ചുണ്ട് കടിക്കലുമൊക്കെ വികലമായ അനുകരണങ്ങളായി സമിതിക്കാരുടെ മുഖത്തു പ്രതിഫലിച്ചു കൊണ്ടിരുന്നു. ആളുകളും കൂടിക്കൂടി വന്നു.

എന്തോ ഓര്‍ത്തിട്ടെന്നപോലെ പാങ്ങോടന്‍ ചാടി പുറത്തിറങ്ങി. അതോടെ പരിവാരവും പുറത്തെത്തി. പെട്ടെന്ന് തന്നെ അയാള്‍
വായനശാലയുടെ വാതില്‍ പുറത്തുനിന്നടച്ച് പൂട്ടി, താക്കോല്‍
പോക്കറ്റിലിട്ടു. അണപ്പ് ഒന്നുമാറാനായി അയാള്‍ കുറച്ചുനേരം തല താഴ്ത്തി വെറുതേ നിന്നു. വല്ലാത്ത ഒരുതരം നെഞ്ചിടിപ്പ്, കൈവെച്ചു മറച്ചുകൊണ്ട് അയാള്‍ ചാടി ചെരിപ്പിലേക്ക് കയറി റോഡിലിറങ്ങി
നടക്കാന്‍ തുടങ്ങി. സംഘവും. ഇവന്മാര്‍ തന്നെ വിടാനുള്ള മട്ടില്ല എന്ന് പാങ്ങോടന് മനസ്സിലായി.

‘നീയൊക്കെ ഏതുവരെ ഇങ്ങനെ കൊണയ്ക്കുമെന്നു എനിക്കൊന്നു കാണണം’ അയാള്‍ പിറുപിറുത്തുകൊണ്ട് നടന്നു. സമിതിക്കാരും
പിറുപിറുത്തുകൊണ്ട് പിറകേ നടന്നു.

***

വായനശാലയില്‍ നിന്നിറങ്ങി മൈവള്ളി ജംഗ്ഷന്‍ വഴി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ് അയാള്‍ നടന്നു. മൈവള്ളിക്കാര്‍ പലരും റേഷന്‍ കടയുടെ മുന്നിലും ചായക്കടയുടെ മുന്നിലുമൊക്കെയിരുന്ന് ചത്ത കണ്ണുകളോടെ ഈ കാല്‍നടയാത്ര കാണുന്നുണ്ടായിരുന്നു.
പാങ്ങോടന്‍ ആരെയും നോക്കാനോ സംസാരിക്കാനോ നിന്നില്ല.
തല ചെരുപ്പിന്‍റെ തുമ്പില്‍ വെച്ച് തിരിഞ്ഞുനോക്കാതെ ഒറ്റ നടത്തം. എന്താണീ പുറകേ വരുന്നവന്മാരുടെ ഉദ്ദേശ്യമെന്നാലോചിച്ചിട്ട്
അയാള്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു.
വഴിയമ്പലത്തിനടുത്തു ചടഞ്ഞ കണ്ണുകളോടെയിരുന്ന ഒന്നുരണ്ടുപേര്‍ കൂടി തെറ്റിപ്പൂ പരിവാരത്തിനോടൊപ്പം കൂടി. ആളുകളിങ്ങനെ കൂടി
വരുകയാണ്. പാങ്ങോടന്‍ നടത്തയുടെ വേഗം കൂട്ടി.

റോഡരുകില്‍ ബൈക്ക് ഒതുക്കി രണ്ട് ചെറുപ്പക്കാര്‍ പുറകിലേക്ക്
നോക്കിയിരിപ്പുണ്ട്. അയാള്‍ അവരെ ശ്രദ്ധിക്കാത്തതുപോലെ നടിച്ചു കൊണ്ട് നടന്നു.

‘ചേട്ടാ.. ചേട്ടാ..’

അവര്‍ നിസ്സഹായതയോടെ അയാളെ നോക്കി വിളിച്ചു. അയാള്‍
യന്ത്രികമായി തിരിഞ്ഞു നോക്കി. തന്‍റെ പുറകെ വരുന്ന
പരിവാരങ്ങളുടെ പുരോഗതിയറിയുന്നതിനും കൂടിയായിരുന്നു ആ
തിരിഞ്ഞുനോട്ടം.

‘ചേട്ടാ… ഇവിടെയെവിടെയോ ‘ചെങ്കിക്കുന്നന്‍’ എന്നറിയപ്പെടുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ മക്കളും ചെറുമക്കളുമൊക്കെ
താമസിക്കുന്നുണ്ടല്ലോ? എവിടായിട്ടാ?
ആ ചെറുപ്പക്കാര്‍ ചോദിച്ചു.

അപ്പോഴേക്കും നടന്ന് അടുത്തെത്തിയ തെറ്റിപ്പൂ സമിതിക്കാര്‍
പാങ്ങോടന് ചുറ്റും കൂടി നിന്ന് ആ ചെറുപ്പക്കാരെ തന്നെ നോക്കി
നില്‍ക്കുന്നുണ്ടായിരുന്നു. ഒരു നാട് തന്നെ തങ്ങള്‍ക്ക് വഴി പറഞ്ഞു
തരാന്‍ പോകുകയാണെന്ന സന്തോഷത്തില്‍ ആ രണ്ടു ചെറുപ്പക്കാരും നിന്നു. പാങ്ങോടന്‍ ആകെ കുടുങ്ങിയ അവസ്ഥയായി.

പേടികുളം മുക്കിന്‍റെ മധ്യഭാഗത്തു വന്ന് തട്ടി നില്‍ക്കുന്ന കണ്ണായ സ്ഥലം ‘സ്വാതന്ത്ര്യ സമരസേനാനി ഉപയോഗിച്ച വീടും പറമ്പും
വില്‍പ്പനയ്ക്ക്’ എന്ന ബോര്‍ഡ് തൂക്കി രാജാ അണ്ടി ഫാക്ടറിക്ക്
കൊള്ള വിലയ്ക്ക് വിറ്റിട്ടാണ് ചെങ്കിക്കുന്നന്‍റെ മക്കളവിടുന്നു പോയത്. പേടികുളം മുക്കില്‍ നിന്ന് വലത്തേക്ക് തിരിയുന്ന കോണ്‍ക്രീറ്റ്
റോഡേ പോകുമ്പോള്‍ പിന്നെയും വലത്തേക്കൊരു തിരിവുണ്ട്.
അവിടെ വലതുവശത്തിരിക്കുന്ന ആ വലിയ ഇരുനില വീടാണവര്‍ അന്വേഷിക്കുന്നതെന്ന് അറിയാമായിരുന്നെങ്കിലും പാങ്ങോടന്‍
‘അറിയില്ല’ എന്ന് പറഞ്ഞു. പിന്നാലെ ‘അറിയില്ല’ എന്നൊരു ആരവം കൂടി കേട്ടപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയായല്ല നടന്നുകൊണ്ടിരിക്കുന്നതെന്നു ചെറുപ്പക്കാര്‍ക്ക് മനസ്സിലായി. ആരവമൊന്നും
ശ്രദ്ധിക്കാതെ അപ്പോഴേക്കും പാങ്ങോടന്‍ നടന്നു തുടങ്ങിയിരുന്നു.

***

പാങ്ങോടന്‍ തുളസിയും തെറ്റിപ്പൂ സമിതിയും നടന്നുകൊണ്ടേയിരുന്നു. വഴിയുടെ ഓരങ്ങളിലും മതിലിനു പുറത്തുമായി എത്തി
നോക്കാന്‍ വെച്ചിരുന്ന കണ്ണുകളെ അയാള്‍ സംശയത്തോടെയാണ്
നോക്കിക്കൊണ്ടിരുന്നത്. മൈവള്ളി മുഴുവന്‍ തെറ്റിപ്പൂ സമിതിക്കാര്‍ ആണെന്ന് അയാള്‍ക്ക് തോന്നി.

പെട്ടെന്ന് ടോര്‍ച്ചടിച്ച ചിരിയുമായി കൊച്ചമ്പി ചാടി മുന്നില്‍ വീണു. മൈവള്ളിയിലെ ലോക്കല്‍ പ്രഭാഷകനാണ് കൊച്ചമ്പി. പ്രഭാഷണങ്ങളുടെ അവസാനം അയാള്‍ പിണങ്ങി പോകാറാണ് പതിവ്. ചത്ത
മുഖങ്ങളോടാണ് താന്‍ സംസാരിക്കുന്നതെന്നായിരുന്നു അയാളുടെ
പരാതി. കൊച്ചമ്പിയെ കാണുമ്പോഴെല്ലാം ഒരു നില്‍പ്പന്‍ പ്രഭാഷണത്തിന് കേള്‍വിക്കാരനാകാറുണ്ട് പാങ്ങോടന്‍. പക്ഷെ ഇപ്പോഴത്തെ പ്രേത്യേക സാഹചര്യം കണക്കിലെടുത്ത് അയാളെ കണ്ട ഭാവം
നടിക്കാതെ പാങ്ങോടന്‍ നടന്നു നീങ്ങി. അത് പക്ഷേ കൊച്ചമ്പിക്ക്
അത്ര പിടിച്ചില്ല. അയാള്‍ ചാടി പാങ്ങോടന്‍റെ കയ്യില്‍ പിടിച്ചു.
പ്രതീക്ഷിക്കാതെയുള്ള പിടിയില്‍ ഒന്നു പിറകിലേക്ക് വലിഞ്ഞെങ്കിലും പാങ്ങോടന്‍ സര്‍വ്വ ശക്തിയുമെടുത്ത് കൈ മുന്നിലേക്ക് വലിച്ചു. ആ വലിയില്‍ ചെരുപ്പിന്‍റെ വള്ളി പൊട്ടി മുന്നിലേക്ക് മുഖം കുത്തി വന്നെങ്കിലും തറയില്‍ പതിക്കാതെ ഒരുവിധം കൊച്ചമ്പി ബാലന്‍സ് ചെയ്ത് നിന്നു. ഒന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിച്ചെങ്കിലും
കൊച്ചമ്പിയുടെ ആശ്വാസത്തിനു വലിയ ആയുസ്സുണ്ടായിരു
ന്നില്ല. പുറകേ വന്ന പരിവാരങ്ങളുടെ വലിക്കലിലും പിടിക്കലിലും തൊഴിക്കലിലും നിലതെറ്റിയ കൊച്ചമ്പി തറയിലേക്ക് പതിക്കുകയും റോഡില്‍ കൂടി അല്പം നീന്തുകയും ചെയ്തു. എന്താണ്
ഉണ്ടായതെന്ന് ചിന്തിക്കാന്‍ പോലും ഇടമില്ലാത്ത വിധം കൊച്ചമ്പിയുടെ തലച്ചോറ് പൊന്നീച്ച തിന്നു.

ഏറുകണ്ണിട്ട് എല്ലാം കണ്ടുകൊണ്ടു ഒരു ഉള്‍കിടിലത്തോടെ
പാങ്ങോടന്‍ വലിഞ്ഞു നടന്നു. അപ്പോഴാണ് ബഹളം കേട്ടൊരു പട്ടി മുരണ്ടുകൊണ്ടു മുന്നിലേക്ക് വന്നത്. പാങ്ങോടന്‍ നിന്നു. സമിതിക്കാരും നിന്നു. പാങ്ങോടന്‍ കുനിഞ്ഞൊരു കല്ലെടുത്തു. സമിതിക്കാരും കല്ലെടുത്തു. താനെങ്ങാനും പട്ടിയെ എറിയുകയാണെങ്കില്‍ ഒരു കല്ലു മഴ തന്നെ പട്ടിക്ക് കൊള്ളേണ്ടി വരുമെന്നും പട്ടിയെ കല്ലെറിയല്‍ ഒരു ആചാരമായി മാറുമെന്നുമൊക്കെ വിചാരിച്ചെങ്കിലും അയാള്‍ എടുത്ത കല്ല് എറിയാതെ തറയിലേക്കിട്ടു. പാങ്ങോടന്‍റെ ശൂ…ശൂ.. പരിവാരത്തിന്‍റെ ശൂ.. ശൂ.. കൂടിയായപ്പോള്‍ പട്ടി ഓടി രക്ഷപ്പെട്ടു

***

ഒരുമിച്ച് നടന്ന്, ഒരുമിച്ച് ഓടി ഉരുണ്ടുമറിഞ്ഞ് പാങ്ങോടനും പരിവാരങ്ങളും നടന്നുകൊണ്ടേയിരുന്നു. മൈവള്ളിയിലെ സകലമാന ആളുകളും അയാളുടെ പിറകേയുണ്ടെന്നു തോന്നി. വയല്‍ വരമ്പില്‍ കൂടി
കാല് നീട്ടിവെച്ച് അയാള്‍ നടന്നു. അയാളുടെ പിറകേ ഒരു പൂച്ചവാലന്‍ പൂവ് പോലെ ഒറ്റനിരയായി ആള്‍ക്കൂട്ടവും. ഒരുമിച്ച് ഒരാളായി മാറിയ ആള്‍ക്കൂട്ടം. തടിച്ചും, മെലിഞ്ഞും തീരെ മെലിഞ്ഞുമുള്ള ശരീരപ്രകൃതിയോടെ, വയല്‍ വരമ്പില്‍ കൂടി വരിവരിയായി നടന്നു നീങ്ങിയ സമിതി അംഗങ്ങള്‍ വയലിനു കുറുകേയൊട്ടിച്ച ഒരു ബാര്‍കോഡ് പോലെ തോന്നിപ്പിച്ചു.

പാങ്ങോടന്‍ തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടവും തിരിഞ്ഞു നോക്കി. ഇതെന്ത് സമിതി? തെറ്റിപ്പൂസമിതി? ജനങ്ങളിങ്ങനെ ഗുണിച്ചതുപോലെ കൂടുകയാണ്. കാണാന്‍ ഗുണനചിഹ്നം പോലിരിക്കുന്നതു
കൊണ്ടാവണം തെറ്റിപ്പൂവിന് ഈ ഗുണന ഗുണം. അതോ തെറ്റിന്‍റെ
പൂവാണോ? നാല് കാലുള്ള ജന്തു. പാങ്ങോടന്‍ വെറുപ്പോടെ തെറ്റിപ്പൂവിനെ സ്മരിച്ചു.

അയാളുടെ ചിന്തയെ മുറിച്ചുകൊണ്ട് പൊന്തക്കാടിനിടയില്‍ നിന്നൊരു പെണ്ണ് വരമ്പിലേക്ക് കയറി. മുറുക്കാന്‍ ചവച്ച,് ചുണ്ട്
ബര്‍ഗണ്ടിയായ ഒരുത്തി. പാടത്തും വരമ്പിലും പുല്ലിലും ഇലയിലുമൊക്കെ അവളുടെ മുറുക്കി തുപ്പല്‍ വീണ് പരന്നൊഴുകി കിടക്കുന്നു.
അവള്‍ വരമ്പ് നിറഞ്ഞങ്ങനെ നിന്നു. പാങ്ങോടന്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി നടക്കാന്‍ ശ്രമിച്ചു. താനാണു അവളുടെ ലക്ഷ്യമെന്ന് തന്നെ
അയാള്‍ വിശ്വസിച്ചു. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയപ്പോള്‍ തനിക്കു പുറകേ വന്ന വാനരപ്പടയ്ക്കുള്ളില്‍ അവള്‍ ലയിക്കുന്നതാണ്
കണ്ടത്. പ്രേത്യേകിച്ചൊരു ഭാവവുമില്ലാതെ ചത്തൊഴുകി വന്ന തെറ്റിപ്പൂ സമിതി അവളുടെ വരവില്‍ ഒന്നു കുലുങ്ങി. സംഘത്തിനിടയില്‍ മുറുമുറുക്കലും പിറുപിറുക്കലും കേള്‍ക്കാന്‍ തുടങ്ങി.
പാങ്ങോടനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആരോ അവളെ കൂട്ടത്തില്‍ നിന്ന് ഉന്തി പാടത്തേക്കിട്ടു. വായില്‍ നിന്ന് അലസമായി തെറിച്ച മുറുക്കാന്‍ തുപ്പല്‍ പോലെ അവള്‍ തെറിച്ച് ചെളിയിലേക്ക് വീണു.
അവളുടെ കറുത്ത കൈ കളിമണ്ണ് പറ്റി വെളുത്തത് പാങ്ങോടന്‍
ശ്രദ്ധിച്ചു.

അവള്‍ പിന്നെയും പരിവാരങ്ങള്‍ക്ക് നേരെ കുതിക്കാന്‍ തയ്യാറെടുക്കുന്നുണ്ടായിരുന്നു. ഇനിയവിടെ എന്തുണ്ടാകുമെന്നു അറിയാന്‍ ആകാംഷ ഉണ്ടായിരുന്നെങ്കിലും അയാളതിന് കാത്തു നിന്നില്ല. പ്രതീക്ഷിക്കാതെ കിട്ടിയ അന്‍പതു മീറ്റര്‍ അകലത്തിന്‍റെ വിടവില്‍ കൂടി
പാങ്ങോടന്‍ തുളസി ഓടി രക്ഷപെട്ടു.

insight publica

***

കോളിങ് ബെല്‍ ആദ്യമൊന്നു കേട്ടു. പിന്നെ തുടരെ, തുടരെ, തുടരെ കേട്ടുകൊണ്ടിരുന്നു. അടുക്കളയില്‍ തിരക്കിട്ട പണികളിലായിരുന്ന
പാങ്ങോടന്‍റെ ഭാര്യ നെറ്റി ചുളിച്ചുകൊണ്ടു അത് ശ്രദ്ധിച്ചു. കതകിനിട്ട്
കുറേയടി. അവള്‍ സംശയത്തോടെ മുട്ടൊപ്പം കയറ്റി കെട്ടിയിരുന്ന
നൈറ്റി നേരെയാക്കി, നനഞ്ഞ കൈ അതില്‍ തുടച്ചു. ഹാളിലേക്ക് നടക്കുമ്പോള്‍ എടീ എന്നൊരു വിളിയും അതിനുശേഷം ‘എടീ’ എന്നൊരു ആരവവും. അവളുടെ നടത്തയുടെ വേഗതയൊന്നു
കുറഞ്ഞു. പേടിച്ച് പേടിച്ച് കതക് തുറന്ന അവള്‍ വിയര്‍ത്തൊലിച്ച്
നിസ്സഹായനായി നില്‍ക്കുന്ന തന്‍റെ ഭര്‍ത്താവിനെയും
പിറകിലെ പത്തുനൂറ് ആള്‍ക്കാരെയും സംശയത്തോടെ നോക്കി.
ആരെക്കൊണ്ടും ഒരു ഇലപോലും നുള്ളിക്കാതെ തന്‍റെ ഭര്‍ത്താവ്
പരിപാലിക്കുന്ന നാനാതരത്തിലെ ചെടികളും പൂക്കളുമെല്ലാം ചവിട്ടി മെതിച്ചാണ് കൂട്ടുകാര്‍ നില്‍ക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് അങ്ങേരു കൂട്ടുകാരെ വിലക്കുന്നില്ല? ഇനി ഇത് കൂട്ടുകാരല്ലെങ്കിലോ? ഭാര്യ അര സെക്കന്‍ഡില്‍ ഇത്രയും ചിന്തിച്ചു.

അപ്പോഴേക്കും പാങ്ങോടന്‍ ചാടി വീടിനുള്ളിലേക്ക് കയറി കഴിഞ്ഞിരുന്നു. കയറിയ ഉടന്‍ അയാള്‍ ഡോര്‍ വലിച്ചടച്ചു. ഭാര്യയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ എന്താ കാര്യമെന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചു. ‘ഒന്നുമില്ല, ഒന്നുമില്ല ‘ അയാള്‍ മറുപടി പറഞ്ഞു. ‘ഒന്നുമില്ല ഒന്നുമില്ല’ ആള്‍ക്കൂട്ടവും മറുപടി പറഞ്ഞു. കുറച്ചു നേരത്തേക്ക്
പാങ്ങോടനും ഭാര്യയും ഒന്നും മിണ്ടാതെ തറയില്‍ നോക്കി കാത്
കൂര്‍പ്പിച്ചു നിന്നു.

അയാള്‍ ‘ഒരു ഗ്ലാസ് വെള്ളം’ എന്ന് ആംഗ്യം കാണിച്ചു. ‘ചായയെടുക്കാം’ എന്ന് ഭാര്യ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു. ഹാളില്‍ ടീവി
കണ്ടുകൊണ്ടിരുന്ന മക്കളോട് വോള്യം കുറച്ചുവെക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അയാള്‍ ഫാനിന്‍റെ കാറ്റ് വീഴുന്നിടത്തേക്ക് സോഫ വലിച്ചു നീക്കിയിട്ടു.

ഭാര്യ ചായ കൊണ്ടുവന്ന് കൊടുത്തു. അവളുടെ മുഖം അപ്പോള്‍ ആശങ്ക കൊണ്ട് വീര്‍ത്തിരുന്നു. എന്താണ് നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. അവള്‍ പതുക്കെ നടന്ന് ജനലിനരികിലെത്തി.
എന്നിട്ട് പകുതി തുറന്നു കിടന്ന ജനലില്‍ കൂടി വളരെ ആയാസപ്പെട്ട് പുറത്തേക്ക് എത്തിനോക്കി. ആരെയും കാണാത്തതിനാല്‍ ജനലടയ്ക്കാം എന്ന് കരുതി പുറത്തേക്ക് കൈയ്യിട്ടതും പെട്ടെന്ന് ഒന്ന് രണ്ട് താടിക്കാര്‍ മറവില്‍ നിന്നു മുന്നിലേക്ക് വന്നു. അവരുടെ ശ്വാസം തന്‍റെ കയ്യില്‍ വീണെന്നു തോന്നി അവള്‍ക്ക്. പെട്ടെന്ന് കൈവലിച്ച്, അവള്‍ പേടിച്ച് പുറകിലേക്ക് മാറി. അപ്പോഴും താടിക്കാര്‍ പ്രത്യേകിച്ച് ഒരു വികാരവുമില്ലാതെ ചത്ത കണ്ണുകളോടെ ഉള്ളിലേക്ക് നോക്കി
നില്‍ക്കുന്നുണ്ടായിരുന്നു. കയ്യില്‍ വീണ ശ്വാസം അവിടെത്തന്നെ തങ്ങി നില്‍ക്കുന്നെന്നു തോന്നിയതുകൊണ്ട് അവള്‍ അസ്വസ്ഥതയോടെ കൈ കുടഞ്ഞുകൊണ്ടിരുന്നു.

പാങ്ങോടന്‍ സ്വതസിദ്ധമായ ശൈലിയില്‍ ചെറിയൊരു ശബ്ദത്തോടെ ചായ ഊതിക്കുടിച്ചു. പുറത്തുനിന്ന് ചായ ഊതിക്കുടിക്കുന്നതിന്‍റെ
ഒരാരവം. അത് അയാള്‍ പ്രതീക്ഷിച്ചില്ല. അയാള്‍ നിസ്സഹായതയോടെ
ഭാര്യയെ നോക്കിക്കൊണ്ട് തികഞ്ഞ ശ്രദ്ധയോടെ രണ്ടാമതും ചായഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചെങ്കിലും ചെറിയൊരു ശബ്ദം പുറത്തു വന്നു
പോയി. വലിയ ആരവത്തിനു വേണ്ടിയവര്‍ കാതോര്‍ത്തു. പക്ഷെ
വളരെ ദുര്‍ബലമായൊരു ശബ്ദമാണ് ഇത്തവണ കേട്ടത്. അതു
പക്ഷെ പുറത്തുനിന്നല്ലായിരുന്നു. പാങ്ങോടനും ഭാര്യയും ഒരു ഉള്‍ക്കിടിലത്തോടെ വശത്തേക്ക് തലചരിച്ചു നോക്കി. ചായഗ്ലാസ്സില്ലാതെ ചായകുടിക്കാന്‍ തയ്യാറെടുത്തു തുറിച്ച കണ്ണുകളോടെ തങ്ങളെ
നോക്കിയിരിക്കുന്ന തങ്ങളുടെ മക്കള്‍. പാങ്ങോടന് തല കറങ്ങി. അയാള്‍ മൊത്തത്തിലൊന്നു തണുത്തു കുഴഞ്ഞു വിയര്‍ത്തു.
അയാള്‍ മക്കളെത്തന്നെ നോക്കിയിരുന്നു. മക്കള്‍ അയാളെയും.

എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ പകുതി കുടിച്ച ഗ്ലാസ്
ഭാര്യയെ ഏല്പിച്ചിട്ട് അയാള്‍ കസേരയില്‍ നിന്നുമെഴുന്നേറ്റ്
ഡോറിനരികിലേക്ക് നടന്നു. അയാളുടെ മക്കളും എഴുന്നേറ്റ്
അയാളുടെ പിറകേ നടക്കാന്‍ തുടങ്ങി. പാങ്ങോടന്‍റെ ഭാര്യ മക്കളെ
തടയാനൊരു ശ്രമം നടത്തി. പക്ഷെ വല്ലാത്തൊരു കരുത്തോടെ
അവര്‍ അമ്മയുടെ കൈ തട്ടിയെറിഞ്ഞു. പേടിച്ച അവള്‍ ഏതോ
മുറിയുടെ ഏതോ മൂലയിലേക്ക് വലിഞ്ഞു. പാങ്ങോടന്‍ നടന്ന്
പുറത്തിറങ്ങി. കൂടെ മക്കളും. വീടിനു പുറത്തും മുറ്റത്തും ടെറസിനു മുകളിലും സണ്‍ഷെയ്ഡിലും സ്റ്റെയര്‍കേസിനും ബാത്റൂമിനും
മുകളിലായി ആയിരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.
എല്ലാവര്‍ക്കും ഒരേ ഭാവം. ഗൗരവത്തില്‍ നിന്ന പാങ്ങോടനെ നോക്കി മുറ്റത്ത് നിന്ന തെറ്റിപ്പൂ സമിതി അംഗങ്ങള്‍ ഒരുമിച്ചൊരു പുഞ്ചിരിയിട്ടു. പാങ്ങോടന്‍റെ മുഖത്ത് അത് വശ്യമായ ഒരു പുഞ്ചിരിയായി
പ്രതിഫലിച്ചു. സമിതിയിലൊരാള്‍ നടന്നു വന്ന് പാങ്ങോടന്‍റെ നെറ്റിയില്‍ വീണ്ടുമൊരു തെറ്റിപ്പൂവ് ഒട്ടിച്ചു. അയാള്‍ അപ്പോള്‍ ശാന്തമായ മു
ഖത്തോടെ കണ്ണടച്ച് നില്‍ക്കുകയായിരുന്നു. പതുക്കെ കണ്ണു തുറന്നിട്ട് അയാളും മക്കളും അവരോടൊപ്പം ഇറങ്ങി നടക്കാന്‍ തുടങ്ങി. ഒരിക്കലും വാലുമുടലും തിരിച്ചറിയാനാകാത്ത ഒരു പൂച്ചവാലന്‍ പൂവായി
മാറി അവര്‍ വീണ്ടും വരമ്പിലേക്കിറങ്ങി ദൂരത്തേക്ക് നടന്നു.
അമ്പലത്തിലെ പായസമിരിക്കുന്ന അണ്ടാവ് വഴി, ചൂട്ടുവിളക്ക് വഴി, എട്ടാം തരത്തിലെ സാമൂഹ്യശാസ്ത്ര പുസ്തകം വഴി, വീടുകളുടെ
തറക്കല്ലുകള്‍ വഴി, പാപനാശം വഴി അവരിങ്ങനെ നടന്നുകൊ
ണ്ടേയിരുന്നു. പാങ്ങോടന്‍ തുളസിയും തെറ്റിപ്പൂ സമിതിയും.

‘അവര്‍… നമ്മള്‍’
‘അവര്‍… നമ്മള്‍’

‘അവര്‍… നമ്മള്‍ എന്നത് പ്രപഞ്ച സത്യം എന്ന് തിരിച്ചറിയുക’
‘അവര്‍… നമ്മള്‍ എന്നത് പ്രപഞ്ച സത്യം എന്ന് തിരിച്ചറിയുക’

ആരോ പറഞ്ഞും ആരൊക്കെയോ ഏറ്റുപറഞ്ഞും ആ കൂട്ടമങ്ങനെ
അകന്നകന്ന് പോയി. അപ്പോള്‍ പേരറിയാത്ത ഒരു പൂവിതളും കടിച്ച് തുപ്പി, ബോറടിച്ച് ഞാനും ഒരു പൂച്ചവാലിനുള്ളില്‍
കറങ്ങുകയായിരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...