കവിത
സ്നേഹ മാണിക്കത്ത്
കണ്ണടച്ച്
മൂടിപ്പുതച്ചു,
പിങ്ക് ഉടുപ്പിട്ട
ബൊമ്മയെ
മാറോടു ചേർത്ത്
ഉറങ്ങിയാലും
അവരെന്നെ
പിന്തുടരും…
എന്റെ ഉടലിലൂടെ
ഇഴഞ്ഞു നീങ്ങി
മരിച്ചതിനു തലേന്ന്
തിന്നുതുപ്പിയ
മീൻ മുള്ളു
കുത്തിയിറക്കും.
അവരുടെ കടന്നൽ
കണ്ണുകളിൽ
ഉടൽ പലതവണ
ശാസ്ത്രക്രിയ
ചെയ്യപ്പെടും
പ്രണയത്തിന്റെ
ശബ്ദം സൂചികൾ
കുത്തുന്നത് പോലെയും
യന്ത്രങ്ങൾ കറങ്ങുന്ന
പോലെയുമാണെന്ന്
പുതപ്പിനടിയിലൂടെ
തലയിട്ടവർ
പറഞ്ഞു പോകും
മരിച്ച മനുഷ്യർ
എന്റെ മർമരങ്ങളെ
ശ്രവിച്ചു കൊണ്ട്
സ്വപ്നങ്ങളെ
വിലയ്ക്കെടുക്കും..
ജനലിലെ വിടവിലൂടെ
ഉറുമ്പുകൾക്കൊപ്പം
എന്റെ കഴുത്തിൽ
ചുവന്ന തടിപ്പുകൾ
ഉണ്ടാക്കും
മരിച്ച മനുഷ്യർ
വീണ്ടും “ഞങ്ങളെ
കൊല്ലാൻ നോക്കണ്ട
എന്ന് പുലഭ്യം പറഞ്ഞു
മനസ്സിന്റെ കടലിനെ
തുറന്നു വിടും..
വീണ്ടും അവരെ
കൊന്നു കടലിൽ
മുക്കുമ്പോഴും
ഓർമകളുടെ
മണൽ തരികളിൽ
ഇടറിവീണു
മരിച്ച മനുഷ്യരെ
ഹൃദയത്തിന്റെ
അകത്തളത്തിൽ
ക്ഷണിച്ചു വരുത്തും
അവർ ചുമരുകളിൽ
പാവകളി നടത്തി
നിഴലുകളിൽ ഉറങ്ങും
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.