കവിത
സ്നേഹ മണിക്കത്ത്
ചിത്രീകരണം : മജ്‌നി തിരുവങ്ങൂർ
കാപ്പിക്കുരു മണക്കുന്ന
മലഞ്ചരുവിൽ വെച്ച്
അന്ത്യ ചുംബനം
നൽകിയ കിഴവൻ
ലുമുമ്പയുടെ കവിളുകൾ
ഓർത്തു കൊണ്ടാണ്
കവിതകൾ
തുപ്പുന്ന വിരലുകൾ
നക്കി തുടച്ചത്
പ്ലമം കേക്ക് നാരങ്ങയില്
മുക്കി കഴിക്കുന്ന
അയാളുടെ സിഗറേറ്റ്
ഗന്ധമുള്ള അധരത്തിൽ
ഒരിക്കൽ ചുംബിച്ചപ്പോൾ
നിർവികാരമായി
മരണത്തിന്റെ മഞ്ഞ
കുതിരയോട്
കടം വാങ്ങിയ കുറച്ചു
നിമിഷങ്ങളിൽ
പ്രണയകാപ്പി
നൽകിയപ്പോൾ
ലുമുമ്പ പുഞ്ചിരിച്ചു
ഒരിക്കലെങ്കിലും
പൊള്ളിയ കവിളുകൾ
പനിനീർ പൂവായി
ചുവന്നിരിക്കണം
എന്റെ ചുണ്ടുകൾ
ചുണ്ണാമ്പ് പോലെ
വെളുത്തു..
അന്ത്യ കൂദാശയ്ക്കൊപ്പം
ഹൃദയത്തിന്റെ
അവസാന തുള്ളി
പ്രണയചോരയും
മോഷ്ടിച്ചയാൽ
കടന്നു പോയപ്പോൾ
അനിവാര്യമായ
വിധിയുടെ
തടവറയിൽ
ഏകാന്തമൃത്യു
തീർത്ത
പൂച്ച കണ്ണുള്ള
പഞ്ഞി പാവയിൽ
ലുമുമ്പയ്ക്കൊപ്പം
ചുളിഞ്ഞ ഞരമ്പുകൾ
ഉള്ള എന്റെ വിരലുകളും
തെളിഞ്ഞു കണ്ടു
ചിലപ്പോൾ ഞാനും
അയാളെപ്പോലെ
അന്ത്യ ചുംബനം
കൊതിച്ചു
ആ സത്രത്തിൽ
ശിശിരത്തിലെ
അജ്ഞാതനു വേണ്ടി
മരിക്കാതെ കിടക്കുമായിരിക്കും
ഈ ലോകത്തെല്ലാവരും
ലുമുമ്പ ആണ്..
പ്രണയ ലുമുമ്പ
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.