ഫോട്ടോസ്റ്റോറി
സന്ദീപ് ദാസ്
പാമ്പുകളെന്ന് കേട്ടാൽ പ്രായഭേദമന്യേ ഭയം എന്ന വികാരമാണ് ബഹുഭൂരിപക്ഷം പേരിലും ഉണ്ടാകുന്നത്. കൈകാലുകൾ ഇല്ലാത്ത ശരീരം മുഴുവൻ ശൽക്കങ്ങളാൽ ആവൃതമായ ഇഴഞ്ഞു പോകുന്ന രൂപവും, ഇടയ്ക്കിടെ പുറത്തിടുന്ന രണ്ടായി പിളർന്ന നാവും അവരുടെ വിഷവും വിഷപ്പല്ലുമെല്ലാം ആകും ആദ്യം നമ്മളുടെ മനസിലേക്ക് കടന്നു വരുന്നത്. എന്നാൽ ശരിക്കും അങ്ങനെ ഭയപ്പെടേണ്ടത് ഉണ്ടോ എന്നത് നമ്മളെല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു. അതി ശൈത്യ പ്രദേശങ്ങളായ ധ്രുവപ്രദേശങ്ങൾ ഒഴികെ ഇന്ന് ലോകത്തിൽ പലയിടങ്ങളിലായി നാലായിരത്തോളം പാമ്പുകൾ ഉണ്ട്. പണ്ട് അവ ഇല്ലാതിരുന്ന പലയിടങ്ങളിലും ഇന്ന് മനുഷ്യന്റെ ഇടപെടൽ മൂലം അവയെ കാണുവാനും തുടങ്ങിയിട്ടുണ്ട്. ആദ്യ കാലങ്ങളിൽ പാമ്പുകളില്ലാതിരുന്ന ലക്ഷദ്വീപ് അതിനൊരുദാഹരണമാണ്. നാനൂറോളം പാമ്പുകൾ ഉള്ള ഇന്ത്യയിലെ നന്നേ ചെറിയ സംസ്ഥാനമായ കേരളത്തിൽ പോലും നൂറ്റിപത്തിലധികം പാമ്പുകൾ ഉണ്ട്. എന്നിരുന്നാലും ഇവയിൽ മനുഷ്യ മരണത്തിന് കാരണമാകുന്നത് മുഖ്യമായും മൂർഖൻ (Spectacled Cobra), വെള്ളികെട്ടൻ (Common Krait), അണലി (Russel’s Viper), രക്ത അണലി (Saw-scaled Viper) എന്നീ നാലിനം പാമ്പുകൾ മൂലമാണ്. അതിൽ രക്ത അണലി ആകട്ടെ കേരളത്തിൽ അപൂർവമാണ് താനും. ഇവയെ കൂടാതെ കടി മൂലം അപൂർവമായി മാത്രം മനുഷ്യ മരണത്തിനോ മറ്റു സങ്കീർണതകൾക്കൊ കാരണമാകുന്ന കുഴിമണ്ഡലി (Pit Viper) വിഭാഗത്തിലെ പാമ്പുകളും, കടൽ പാമ്പുകളും, രാജ വെമ്പാലയും എല്ലാം കൂട്ടിയാലും നൂറ്റിപത്തിൽ ഇരുപതില് താഴെ ഇനങ്ങൾ മാത്രമാണ് മനുഷ്യന് അപകടകരമായവ. എന്നിരുന്നാലും പാമ്പെന്നു കേട്ടാൽ അവയ്ക്കെല്ലാം വിഷമുണ്ടെന്ന ധാരണ നമ്മളിലെല്ലാം ഉണ്ടെന്ന് വേണം വിശ്വസിക്കാൻ. ഇരയെ കൊല്ലുവാനും ഒരു പരിധി വരെ ദഹനത്തിനും സഹായിക്കുന്ന വിഷം കണ്ണിന്നു പുറകിലായി സ്ഥിതി ചെയ്യുന്ന വിഷഗ്രന്ഥിയിലാണ് ഉണ്ടാകുന്നത്. വിഷമില്ലാത്തവ ആകട്ടെ മറ്റു മാർഗങ്ങളിലൂടെ ഇരയെ കീഴ്പ്പെടുത്തുകയും ചെയ്യും. മൂർഖൻ, ചേര, മലമ്പാമ്പ്, രാജവെമ്പാല തുടങ്ങി ചിലയിനങ്ങൾ മുട്ട ഇടുമ്പോൾ അണലി പോലുള്ളവയിൽ മുട്ട വയറിനുള്ളിൽ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരികയാണ് ചെയ്യുന്നത്. ചളികുട്ട പോലുള്ള മറ്റൊരു വിഭാഗമാവട്ടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്. മറ്റേത് ജീവികളുടേതെന്ന പോലെയും പാമ്പുകളും സംരക്ഷിക്കപ്പെടേണ്ടവയാണ്. ഒരു നിയന്ത്രണവുമില്ലാതെ പെറ്റു പെരുകുന്ന എലി പോലുള്ള ജീവികളെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുള്ള ജീവികളാണ് പാമ്പുകൾ. ഒന്നു ശ്രദ്ധിച്ചാൽ മേൽപ്പറഞ്ഞത് പോലുള്ള സ്ഥലങ്ങളിൽ പാമ്പുകളെ ഇടയ്ക്കിടയ്ക്ക് കാണുവാനും സാധിക്കും. പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ മറ്റുള്ള എല്ലാ ജീവികളെയുമെന്നപ്പോലെ ഇവരെയും സംരക്ഷിക്കേണ്ടിയിരിക്കുന്നു. എന്നാൽ പലപ്പോഴും അവരുടെ രൂപം പലരിലും അറപ്പ് ഉണ്ടാക്കുന്നതായി കാണുവാന് സാധിക്കുമെങ്കിലും മറ്റു പല ജീവികളെ പോലെയും വളരെ അധികം നിറങ്ങളും വർണങ്ങളും എല്ലാ ഉള്ള ഭംഗിയുള്ള ജീവിവർഗമാണ് പാമ്പുകൾ. അങ്ങനെയുള്ള ചിലരെ നമുക്ക് പരിചയപ്പെടാം.









…
സന്ദീപ് ദാസ്
ഉരഗ ഉഭയ ജീവി ഗവേഷകൻ, വന്യജീവി ഫോട്ടോഗ്രാഫർ
സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ എഡ്ജ് ഫെല്ലോ