ഷൗക്കത്ത്
സമത്വമെന്നത് ജൈവികമല്ല. ജൈവികമായി നാം ഓരോരുത്തരും ഓരോന്നാണ്. പരസ്പര ബഹുമാനമാണ് വേണ്ടത്. എല്ലാവരും ഒരുപോലെ വ്യക്തികളാണെന്നുള്ള തിരിച്ചറിവാണാവശ്യം.
സമത്വമാണ് വിഷയം. സ്ത്രീ പുരുഷ സമത്വം തന്നെ. മതപരമായും തത്വചിന്താപരമായും സാമൂഹിക ശാസ്ത്രപരമായും ജൈവികമായുമെല്ലാം ചർച്ചകൾ പുരോഗമിക്കുന്നു. അതിനിടയിൽ ഒരാൾ ഒരനുഭവം പറഞ്ഞു.
ഞങ്ങൾ താമസിക്കുന്നിടത്ത് ഒരു കുഞ്ഞുമോളുണ്ട്. സ്കൂളിൽ പോകാൻ ബസ്സ് വന്നു ഹോണടിച്ചു. ഇവിടെയുള്ള സുഹൃത്ത് അവളുടെ കൈ പിടിച്ച് വേഗം വാ എന്ന് ശബ്ദമുയർത്തി. അവൾ അവന്റെ കണ്ണിലേക്ക് ഉറ്റുനോക്കി കൈവിടാൻ പറഞ്ഞു.
അവൻ അറിയാതെ കൈ വിട്ടു. അവൾ തുടർന്നു പറഞ്ഞു: മാമാ, ബസ് ഞാൻ കണ്ടു. ശബ്ദം ഉയർത്തണ്ട. ഞാൻ ഒരു കുട്ടിയല്ല. ഒരു വ്യക്തിയാണ്.
അത്രയും പറഞ്ഞ് അവൾ ബസ്സിനടുത്തേക്കു നടന്നു. ഞങ്ങൾ സുഹൃത്തുക്കളുടെ ചർച്ചകൾക്കിടയിൽ സ്ഥിരം പറയുന്ന കാര്യം അവൾ കേട്ടിട്ടുണ്ടാവണം. അതാവാം അങ്ങനെ പറഞ്ഞത്.
സുഹൃത്ത് സമത്വത്തിനു വേണ്ടി വാദിക്കുന്ന ആളാണ്. എല്ലാവരെയും വ്യക്തികളായി മാനിക്കണമെന്ന് പറയുന്നവനാണ്. അവളുടെ ആ കണ്ണിൽ നോക്കിയുള്ള ചോദ്യവും പറച്ചിലും ഉലച്ചപ്പോഴാണ് താൻ ഇപ്പോഴും കുട്ടികളെയും സ്ത്രീകളെയും വ്യക്തികളായി മാനിക്കാൻ തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായത്.
നമ്മൾ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്. കുറെ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. അത് കാലപ്രവാഹത്തിൽ അനിവാര്യമാണ്.
സമത്വമെന്നത് ജൈവികമല്ല. ജൈവികമായി നാം ഓരോരുത്തരും ഓരോന്നാണ്. പരസ്പര ബഹുമാനമാണ് വേണ്ടത്. എല്ലാവരും ഒരുപോലെ വ്യക്തികളാണെന്നുള്ള തിരിച്ചറിവാണാവശ്യം.
ബോധപൂർവ്വം പരിശീലിക്കേണ്ട സംസ്കാരമാണത്. വാദവും ന്യായീകരണങ്ങളുംകൊണ്ട് തട്ടിത്തടഞ്ഞു നിന്നാൽ നാളെ പിൻതള്ളപ്പെട്ടു പോകുക വാദികൾ തന്നെയാകും.
മുകളിലും താഴെയുമെന്നത് യാഥാർത്ഥ്യംതന്നെ. പല കാരണങ്ങൾ അതിന് കണ്ടെത്താനുമാകും. നമ്മുടെ ഇഷ്ടത്തിന് ചേരുന്നതും അല്ലാത്തതും. എന്നാൽ അടിച്ചേൽപ്പിക്കുന്ന കളി അധികം നിലനിൽക്കില്ല. കാലം മുന്നോട്ടേ ഒഴുകൂ.
കുഞ്ഞുങ്ങളെയും സ്ത്രീകളെയും വ്യക്തികളായി മാനിക്കാത്തിടത്തോളം ജീവിതം താളാത്മകമാകില്ലെന്ന് പുരുഷൻ തിരിച്ചറിയേണ്ടതുണ്ട്. നൂറ്റാണ്ടുകൾ ജീവിച്ചു ശീലിച്ച സംസ്ക്കാരത്തിൽ അയവുണ്ടാകാൻ അവനോട് സ്നേഹപൂർവ്വം ചേർന്നുനിന്ന് സ്വയം മാറാൻ അവരെ സഹായിക്കേണ്ടതുണ്ടെന്ന് സ്ത്രീയും അറിയേണ്ടതുണ്ട്.
പരസ്പര പരിഗണനയിലൂടെയും വിട്ടുവീഴ്ചകളിലൂടെയും ഒന്നിച്ചുണർന്നു വരേണ്ട പാരസ്പര്യത്തിന്റെ ലോകമാണത്. അഹന്തയുടെയും ധാർഷ്ട്യത്തിന്റെയും ഭാരങ്ങൾ അഴിച്ചു വയ്ക്കാൻ തയ്യാറായാൽ മാത്രമേ ആ യാത്ര സുഗമമാകൂ എന്നതാണ് യാഥാർത്ഥ്യം.
പുരുഷനും സ്ത്രീയും ഒന്നിച്ചു നിന്ന് മുന്നോട്ടു നടക്കേണ്ട വഴിയാണത്. അത് തുടങ്ങേണ്ടത് ഇന്നത്തെ ഇന്ത്യനവസ്ഥ വെച്ച് കുടുംബത്തിൽനിന്നു തന്നെയാണ്.