കലയും കലാമിറ്റിയും

0
419


ഡോ. എം. സജീഷ്.

കല ഒരു നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ ഇന്ധനമാണ്. പ്രത്യേകിച്ച് കുട്ടികളുടെ കലോത്സവങ്ങൾ. ഇത്തവണ സ്കൂൾ-കോളേജ് കലോൽസവങ്ങൾ വേണ്ടെന്ന് വെക്കണമെന്ന ചിലരുടെ നിർദ്ദേശങ്ങൾക്കുള്ള പ്രതികരണം കൂടിയാണിത്. പ്രകൃതി ദുരന്തങ്ങൾ എന്ന് വേണ്ട യുദ്ധമടക്കമുള്ള ഏതു സാമൂഹിക ദുരിതങ്ങളിൽ നിന്നും ഓരോ പ്രദേശവും കരകയറിയിട്ടുള്ളത് അവിടത്തെ സാമ്പത്തികമായ ഉന്നതിയ്ക്കാവശ്യമായ പ്രവർത്തനങ്ങളിലൂടെയും ഒപ്പം സാംസ്കാരിക മുന്നേറ്റത്തിലൂടെയുമാണ്.

ഇക്കഴിഞ്ഞ വർഷം പ്രകൃതിദുരന്തങ്ങൾ ഭൂമിയിലെ മിക്കവാറും ഒരു വൻകരയെയും വെറുതെ വിട്ടിട്ടില്ല. ദക്ഷിണേഷ്യയിലെ വെള്ളപ്പൊക്കവും പേമാരിയും, വടക്കേ അമേരിക്കയിലെ കൊടുങ്കാറ്റും ഭൂചലനങ്ങളും, ആഫ്രിക്കയിലെ ഉരുൾപൊട്ടലും വരൾച്ചയും, മദ്ധ്യ അമേരിക്കയിലെ സുനാമി ഭീഷണിയും എല്ലാം നമ്മൾ കേട്ടും കണ്ടും അനുഭവിച്ചതാണ്. അവിടങ്ങളിലെല്ലാം മനുഷ്യർ അതിജീവിക്കുക തന്നെ ചെയ്തിട്ടുണ്ട്. ആഫ്രിക്കയിൽ ദുരന്താനന്തരം നിരവധി ആളുകൾ തീവ്രമായ മാനസീക വിക്ഷോഭങ്ങളിലും, വിഷാദങ്ങളിലും പെട്ടപ്പോൾ സ്റ്റെഫാനി പീറ്റേഴ്സ്, തോമസ് ഹാർട്ട് ബെന്റൻ, ടാനിയ കോവാറ്റ്സ്, മേധി നയ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ആർട്ട് തെറാപ്പി വലിയ തോതിൽ ഫലപ്രദമായി എന്ന് കേട്ടിട്ടുണ്ട്. മനുഷ്യ മനസ്സിന് സാന്ത്വനമാകാൻ എഴുത്തുകാർക്കും, ചിത്രകാരൻമാർക്കും, ഗായകർക്കും, നർത്തകർക്കും, അഭിനേതാക്കൾക്കും മറ്റും കഴിയും എന്ന് നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുണ്ട്.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

എന്നാൽ ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും ശേഷം എല്ലാ ഉത്സവങ്ങളും റദ്ദാക്കുന്ന ഒരു പ്രവണതയാണിപ്പോൾ.
ശരിയാണ്: പ്രകൃതിക്ഷോഭത്തിൽ ജനം നെട്ടോട്ടമോടിയ സമയത്തു ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കുന്നത് പോലും തെറ്റാണ്. പക്ഷെ ഇനിയിപ്പോൾ റിക്കവറി ഫേസാണ്. അത്യാഡംബരങ്ങളില്ലാത്ത ഉത്സവങ്ങൾ നടത്തുക തന്നെ വേണം. അവയ്ക്ക് ഔഷധങ്ങളുടെ ഗുണമായിരിക്കും. ഒരുപാട് മുറിവുകൾ ഉണങ്ങാനത് സഹായിക്കും. വലിയ വലിയ വേദനകൾമറക്കാനത് കാരണമാവും. കുഞ്ഞുങ്ങൾ സന്തോഷത്തിൽ വളരട്ടെ. അവർക്കുള്ള അവസരങ്ങൾ നൽകിയില്ലെങ്കിൽ അതു മറ്റൊരു ദുരന്തമായിരിക്കും നാളെ നാടിനു സമ്മാനിക്കുക.

കലാകാരന്മാരൊക്കെ ഈ കാലം കാത്തിരുന്നതായിരുന്നു -ഓണക്കാലം! പക്ഷെ കള്ളക്കർക്കിടകം ചിങ്ങമാസത്തെ കാർന്നുതിന്നു. വറുതികൾ അറുതിയില്ലാതെ വളരുകയായിരുന്നു. ചുറ്റുപാടുമൊന്നു നോക്കൂ.. എങ്ങും ചുളിഞ്ഞ നെറ്റികൾ, കരുവാളിച്ച കവിൾത്തടങ്ങൾ… പരിഭവം പറച്ചിലുകൾ, പരാധീനതകൾ. പക്ഷെ, നാം കരകയറിക്കൊണ്ടിരിക്കുകയാണ്. ഇനി
പരസ്പരം നോക്കിയൊന്നു പുഞ്ചിരിക്കൂ. തമ്മിൽ ഊഷ്മളമായി അഭിവാദ്യങ്ങൾ അർപ്പിക്കൂ. കൈകൾ ചേർത്ത് പിടിച്ച് നമുക്ക് പാടാം, ചുവടു വയ്ക്കാം. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് സൗഹൃദത്തിന്റെ പുതിയ ഈണങ്ങൾ ഒഴുകിപ്പരക്കട്ടെ… അങ്ങനെ വേണം നവകേരളം കെട്ടിപ്പടുക്കാൻ. കാലം നൽകിയ കലാമിറ്റികളെ കലകൾ കൊണ്ട് കൂടി വേണം നേരിടാൻ..

LEAVE A REPLY

Please enter your comment!
Please enter your name here