അനുരാഗകരിക്കിൻ..!

0
579
KS Ratheesh

കെ.എസ്. രതീഷ്

ഈക്കിക്കിതമ്പലത്തിൽ (6-4), ടിക്കറ്റ് ശേഖരണത്തിൽ ( 11-6), തവളയേറിൽ (5-5)   ചങ്കും ചക്രേം (5 -4)  സ്വയംവര മത്സരങ്ങളിലെല്ലാം ദയനീയമായി പരാജയപ്പെട്ട സജാദ് ഉ പ്രഖ്യാപിച്ചു.

” ഇനി റസീന നിന്റെ പെണ്ണാ;നീ അവളെ നിക്കാഹ് കഴിക്കണം”  അവൻ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു.

പാർട്ടിയാഫീസിന്റെ മുന്നിൽ നിന്ന സഖാവ് ബാപ്പുട്ടിയെ ഞങ്ങൾ തടഞ്ഞുനിർത്തി….
” എനിക്ക് റസീനയെ നിക്കാഹ് കയിപ്പിച്ച് തരണം”

Ratheesh KS

ചരിത്രത്തിൽ ആദ്യമായി, കാമുകിയോട് പ്രണയം പറയുന്നതിനും മുന്നേ, വോട്ടവകാശം നേടാൻ ഇനിയും പത്തുവർഷം ബാക്കി നിൽക്കേ അവളുടെ ഉപ്പയോട് നിക്കാഹിനാവശ്യപ്പെട്ട കാമുകൻ എന്ന  ഖ്യാതി എന്റെ പേരിലായി. ഭാവിമരുമകനെ എടുത്തുയർത്തി, കീഴ്പ്പോട്ടു പോയ നിക്കറിന്റെ അഭാവത്തിൽ പുല്ലിംഗം ദർശിക്കുകയും, അവന്റെ അടിവയറ്റിൽ ഉമ്മവച്ച് തോളിലിരുത്തി  അമ്മയെ ഏൽപിക്കുകയും ചെയ്ത അമ്മായിയപ്പൻ എന്ന ഖ്യാതി സഖാവ് ബാപ്പുട്ടിയും നേടി.

അമ്മയോടൊപ്പം മീൻ വാങ്ങാനെത്തിയപ്പോൾ റസീനയുണ്ടായിരുന്നു..
ഞാനും അമ്മയും വരുന്നത് കണ്ട് അവൾ തന്റെ ഇളയ കുഞ്ഞിനെയുമെടുത്ത് മാറിനിന്നു. വറുക്കാനും കറിവെക്കാനും ഫ്രിഡ്ജിലലങ്കരിക്കാനും അമ്മവാങ്ങി. രണ്ടായിരത്തിന്റെ ചില്ലറ ആ മീങ്കാരൻ താങ്ങാനായില്ല മടങ്ങിവരുവോളം കാത്തുനിന്നു…

” എന്നാ നാട്ടിലെത്തിയത് ?”
“രണ്ടീസായി”
“പുറത്തെങ്ങും ഇറങ്ങാറില്ലേ ”
“യാത്രാ ക്ഷീണമായിരുന്നു ”
“ഇപ്പ മലപ്പുറത്താണല്ലേ”

അതേന്ന്,പറഞ്ഞ് ഞാനവളെ നോക്കി, അരക്കെട്ടിൽ തിരുകിയിരുന്ന മാക്സി താഴേക്ക് വലിച്ചിട്ട് അടിവശം പിഞ്ഞി തുടങ്ങിയ കരിമ്പനടിച്ച പാവാട അവൾ മറച്ചു.
റസീന എന്നെ നോക്കി ചിരിച്ചു. ഇപ്പോഴും അവൾ ഭംഗിയായി ചിരിക്കാറുണ്ട്.

ഈ ചിരി സ്വന്തമാക്കാൻ മൂന്ന് ബിയുടെ പുറകിൽ മൺകൂനയുണ്ടാക്കി ഈർക്കിൽ കുഞ്ഞായി ഒടിച്ച് ഒളിപ്പിച്ച് ഈക്കിക്കി തമ്പലം, സ്കൂൾ വിട്ട് വീട്ടിലേക്കുള്ള ഒന്നര കിലോമീറ്റർ നടത്തത്തിൽ ടിക്കറ്റ് ശേഖരണം, ആറ്റിൽ കുളിക്കുന്നതിനിടയിൽ പരന്ന കല്ലുകൊണ്ട് ആറ്റിലേക്കുള്ള തവളയേറ്, ചേച്ചിയുടെ സമ്പാദ്യത്തിൽ നിന്ന് കട്ടെടുത്ത ഇരുപത് പൈസ തുട്ട് പെരുവിരലിൽ വച്ച് ചങ്കും ചക്രേം ടോസിങ്ങ്…..
ആ വലിയ വിജയങ്ങളുടെ പിന്നിലെല്ലാം ഇവളുടെ ഈ  ചിരിയായിരുന്നു…

നാലിലും അഞ്ചിലും റസീനയെ ഞാൻ പ്രേമിച്ചു…
ബാപ്പുട്ടി സഖാവിന്റെ തോളിലിരുന്ന് കിട്ടിയ.. “അങ്ങനാകട്ടേ സഖാവേ നമുക്കത് ശരിയാക്കാം ”  എന്ന ഉറപ്പ്…
എന്നെ അമ്മയെ ഏല്പിക്കുമ്പോൾ പറഞ്ഞവ.

” സഖാവേ ഇന്ന് പാർട്ടിയാഫീസിൽ കമ്മറ്റിയുണ്ട് നെയ്യാറിലെ മണൽ ലോബിമാത്രമല്ല ഗൗരവമായ ഒരു നിക്കാഹിന്റെ വിഷയവും കമ്മിറ്റിയിൽ തീരുമാനിക്കാനുണ്ട്…”
അന്നുതന്നെ പാർട്ടിക്കമ്മറ്റി ഞങ്ങളുടെ നിക്കാഹ് തീരുമാനിച്ചിരിക്കണം..

അന്ന് കട്ടനും കുടിച്ച് സഖാവിറങ്ങുമ്പോൾ എനിക്ക് ലാൽസലാം പറഞ്ഞും ഇന്നും ഈ പാർട്ടിയെ വിശ്വസിക്കുന്നതിന്റെയും സ്നേഹിക്കുന്നതിന്റെയും കാരണമിതാണ്…

ഏഴാം തരത്തിലായിരുന്നു എന്റെ പ്രണയത്തിന്റെ എല്ലാ രംഗങ്ങളും. മയിൽപ്പീലികൾ പുസ്തകത്തിലിരുന്ന് വല്ലാതെ പ്രസവിക്കുന്ന കാലം..
തങ്കമണി പളനിയിൽ പോയി വന്നപ്പോൾ റസീനയ്ക്ക്  നിറവയറുള്ള ഒരു മയിൽപീലി കൊടുത്തു…
അതും ഒറ്റ കരാറിൽ ക്ലാസിൽ ആരെ കാണിച്ചാലും അവളുടെ മാങ്ങമോഷ്ടിച്ച എന്നെ മാത്രം കാണിക്കരുത്. തങ്കമണിയുടെ ബാഗിൽ നിന്നുയർന്ന  വെള്ളരിമാങ്ങയുടെ രൂക്ഷഗന്ധം എനിക്ക് സഹിക്കാനായില്ല…  റസീനയുടെ നിറവയറായി നിൽക്കുന്ന മയിൽ പീലി ഞാനൊഴികെ എല്ലാവരും കണ്ടു . ഉച്ചയ്ക്കുള്ള ഇടവേള സമയത്ത് അവഗണന സഹിക്കാനാവാതെ ഞാൻ കരഞ്ഞു…  ഒടുവിൽ സഖാവിന്റെ മകൾക്ക് കമ്മൂണിസ്റ്റും കാമുകനുമായ എന്റെ മുന്നിൽ പത്തിമടക്കേണ്ടി വന്നു. തങ്കമണിയ്ക്ക് മൂന്ന് വെള്ളരിമാങ്ങ പിഴയും…

കണക്കു പുസ്തകത്തിന്റെ സുരക്ഷിതത്തിൽ ഗർഭാലസ്യത്തിൽ മയങ്ങുന്ന  മയിൽപ്പീലി.  കാണാൻ അവസരം തന്നപ്പോൾ അതും എടുത്ത് ഞാൻ പുറത്തേക്കോടി, ബദാംമരത്തിന്റെ ഇടയിലൂടെ കാണുന്ന ആകാശത്തിന്റെ കീറുകണ്ട് മയിൽപ്പീലി പിടഞ്ഞു മരിച്ചു.
തങ്കമണി നിലത്തു വീണ് അലമുറയിട്ടു.
“എടാ പട്ടീ”ന്നുള്ള വിളി, എന്റെ തിരിഞ്ഞുനോട്ടം റസീനയുടെ കൈയിൽ നിന്നും പറന്നുവന്ന പറക്കലിന്റെ കൂർത്ത അഗ്രം, നെറ്റിയിലേറ്റ മുറിവ് ,ഇടതു കൈയിൽ മയിൽപ്പീലിയും, വലതു കൈയിൽ പൊട്ടിയ നെറ്റിയും…..
അദ്ധ്യാപകരുടെ ചോദ്യം ചെയ്യലിൽ ഞാൻ മതിലിനെ കുറ്റക്കാരനാക്കി…
റസീനയുടെ കൈകൾ ശുദ്ധമായി  ഗുണനപട്ടികയിൽ വട്ടപ്പൂജ്യം കിട്ടിയവന്റെ  നെറ്റിയിലെ വെളുത്ത  ഗുണചിഹ്നം കണ്ട് റസീന പ്രണയത്തോടെ  ചിരിച്ചു, ഞാനും…..

ആഗോളവത്കരണത്തിന്റെ ഭാഗമായി റെഡിമെയ്ഡുകൾ വ്യാപകമാകുമെന്നും, തുന്നൽ ജോലി ഈ നാട്ടിൽ ഇല്ലാതാകുമെന്നും എനിക്കറിയാം..
ആയതിനാൽ വ്യാഴാഴ്ച്ചത്തെ തുന്നൽ  ടീച്ചറിന്റെ പിരീഡ് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല പ്രതീക്ഷേധ സൂചകമായി..
സൂചിയോ മൂന്ന് രൂപയ്ക്ക് തന്ന വെളുത്ത തുണിയോ ഞാൻ കൊണ്ടു വന്നിരിന്നില്ല..

“സത്യം മനസ്സിലാക്കുന്നവരെ പാർട്ടിയെപ്പോലെ ആ
ടീച്ചറും പുറത്താക്കും”. അന്ന് പുറത്തേക്ക് പോന്നത് ഞാനും സജാദും പിന്നെ ഇലക്ട്രിക് കമ്പി ആക്രിക്കടയിൽ വിറ്റതിന് പോലീസ് അറസ്റ്റു ചെയ്ത ഉത്തമൻ ചേട്ടന്റെ ഒറ്റ മോൻ ആദർശും. ഒഴിഞ്ഞുകിടക്കുന്ന സ്‌റ്റേജിനു പിന്നിലെ ചെന്തെങ്ങിൽ വിരൽ ചൂണ്ടി ആദർശ് പറഞ്ഞു.
“അതിന്റെ വെള്ളത്തിന് തേനിനേക്കാൾ രുചിയാണ്” കൂറ്റൻ അയനി മരത്തിൽ നെഞ്ചു യരാതെ കയറാനും ഇറങ്ങാനും എനിക്ക് അന്നേപ്രാപ്തിയുണ്ടായിരുന്നു പിന്നല്ലേ പത്തടി ഉയരത്തിലെ ഈ തെങ്ങ്. എനിക്കും സജാദിനും മഹാനായ ആദർശിനും ഒന്നു വീതം മൂന്നെണ്ണം ഞാനിട്ടു. തിരികെ യിറങ്ങാൻ തുടങ്ങുമ്പോൾ എന്റെ ചന്ദന നിറമുള്ള ഉടുപ്പും പിടിച്ച് തമിഴൻ പി.ടി മാഷും ഹെഡ് മാഷ് ഗോപാലപിള്ളയും.ആ പത്തടി തെങ്ങിന്റെ മുകളിലിരുന്ന് ഒരു  സത്യം ഞാൻ മനസ്സിലാക്കി. ഉയരങ്ങളിലെത്തുമ്പോൾ നമ്മളെ ധാരാളം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങും മറ്റുചിലർ താഴത്തൂടെ രക്ഷപെടും…

എന്റെ നേർക്ക് ആഞ്ഞുവീശിയ തമിഴന്റെ ചൂരലിനു നേരെ “വിശന്നിട്ടാണു മാഷേ” എന്ന സൈക്കോളജിക്കൽ മൂവ് വലിയൊരു ദുരന്തത്തിലേക്കാണ് എന്നെ വലിച്ചിട്ടത്. ഒന്നു മുതൽ ഏഴുവരെ പഠിക്കുന്ന ഇരുന്നൂറ്റി പത്ത് കുട്ടികളും, വീട്ടിലേക്ക് മാർച്ച് ചെയ്യാൻ ഒരുങ്ങി അധ്യാപകരും അസംബ്ലി ഗ്രൗണ്ടിലേക്ക്… മൈക്കിലൂടെയുള്ള അനൗൺസ്മെന്റ് കേട്ട് ആനയിക്കപ്പെട്ടു. എല്ലാവരുടെയും മുന്നിൽ ഞാനും മൂന്ന് കരിക്കും…  തമിഴൻ ഒന്നാം കരിക്കിന്റെ മൂക്ക് ചെത്തി ഒറ്റ വലിയ്ക്ക് ഞാൻ കുടിച്ചു തീർത്തു.

തമിഴൻ രണ്ടാം കരിക്കിന്റെ കണ്ണ് പൊട്ടിച്ചു, പകുതിയായപ്പോൾ ഉച്ചയ്ക്ക് തിന്ന കഞ്ഞിയും പയറും പ്രതിരോധിച്ചു. ശർദ്ധിയിലൂടെ ശരീരം പ്രതികരിച്ചു. തുടർന്ന് അരമണിക്കൂർ ‘സത്യമേവ ജയതേ’ എന്നവാക്യത്തിൽ ഹെഡ് മാഷ് ഉപസംഹരിച്ചു. ഞാൻ നിന്ന നിൽപ്പിൽ നന്നായിക്കളഞ്ഞു.മൂന്നാം കരിക്ക് വായപൊത്തി ചിരിച്ചു ഇരുനൂറ്റിപ്പത്ത് കുട്ടികളും…

ക്ലാസിലേക്ക് മാർച്ച് ചെയ്യുന്നതിനിടയിൽ ടോയിലറ്റിൽ കരിക്കട്ട കൊണ്ട് ” ഫാത്തിമ ടീച്ചറിന്റെ മൊല വലിയ ചന്തി ” എന്നെഴുതിയ കപ്യാരുടെ മോൻ എന്നെ  നോക്കി  വിളിച്ചു “കരിക്ക്”. എന്റെ പേര് എല്ലാരും മറന്നു കരിക്കെന്ന് അവർ ഓർക്കാൻ തുടങ്ങി….
ഉച്ചക്കഞ്ഞി കുടിച്ച് പാത്രം കഴുകാൻ നിൽക്കുന്നതിനിടയിൽ “എടാ കരിക്കേന്ന് “പരിചിതമായ ശബദത്തിലൊരു വിളി…
അവൾ, എന്റെ  ഭാവി വധു റസീന… എനിക്ക് നിയന്ത്രിക്കാനായില്ല. മുടിയിൽ ചുറ്റിപിടിച്ച് ഒരൊറ്റ തള്ള്.കഞ്ഞിപ്പാത്രവും അവളും ദൂരേക്ക് തെറിച്ചു..
അവളുടെ നീണ്ട പാവാടയിൽ അറിയാതെ ചവിട്ടിപ്പിടിച്ചിരുന്നു. സേഫ്റ്റി പിന്നിന്റെ ബലത്തിൽ അരയിലുറപ്പിച്ചിരുന്ന പാവാട എന്റെ കാൽചുവട്ടിൽ…
കമഴ്ന്ന് കിടക്കുന്നു, അവൾ പെറ്റിക്കോട്ടിനു പകരം ഇട്ടിരുന്ന ഉപ്പയുടെ  മുറിക്കയ്യൻ  ബനിയൻ എല്ലാവരും കണ്ടു…
വല്ലാത്ത നഗ്നത…
റസീന പൊട്ടിക്കരഞ്ഞു….
ലേഖയും സംഘവും അവൾക്കു മനുഷ്യമതിൽ തീർത്തു…
,ആൺ കുട്ടികൾ  റൂമിലേക്ക് കൂക്കിവിളിച്ചു. തങ്കമണിയും സംഘവും എന്നെ തല്ലാനൊരുങ്ങുന്നു…
അന്ന് ഞാൻ ഹെഡ്മാഷിന് പാറാവുകാരനായി…

‘ FLAME ‘ജ്യോതിഷവുമായി കപ്യാരുടെ മോൻ സെബാസ്റ്റ്യൻ.. എന്റെയും റസീനയുടെയും പേരുകൾ നിരത്തിയെഴുതി, പൊതുവായവ ഒഴിവാക്കി..ഒടുവിൽ M ബാക്കിയായി…
‘ ,എം എന്നാൽ മാര്യേജ്  ഞാൻ സഖാവ് ബാപ്പുട്ടിക്ക് മനസിൽ ഒരു ലാൽ സലാം തൊടുത്തുവിട്ടു.വസ്ത്രാക്ഷേപത്തിന്റെ സമവായ ചർച്ചകൾ സജാദിന്റെ മധ്യസ്ഥതയിലായിരുന്നു, ഒടുവിൽ ലേഖ, തങ്കമണി, റസീന എന്നിവർക്ക് ഒന്നു വീതം മൂന്ന് ബൂം ബൂം ബൂമർ ച്യൂയിംഗവും, ഒരു കവർ ചാമ്പയ്ക്കയും എന്ന കരാറിൽ ആ ചർച്ച വിജയിച്ചു.
ക്ലാസിലെ ചിത്രകാരൻ വിനീത് സി.പിയെ കൊണ്ട് ക്ലാസിലെ ബോഡിലും മതിലിലും, വരയിടാത്ത ബുക്കിലെ നടുക്ക് പേജിലും ലൗ ചിഹ്നവും തറച്ചു കേറിനിൽക്കുന്ന അമ്പും ചുവന്ന നിറത്തിൽ വരപ്പിച്ചു…. വരയിടാത്ത പേപ്പർ തങ്കമണിയിൽ നിന്ന് അവൾ പോലും മറച്ചു
എന്നെ നോക്കി അതീവ രഹസ്യമായി ചിരിച്ചു.

KS Ratheesh

ഏലിയാമ്മ ജോൺ രാവിലെയും ഉച്ചയ്ക്കും അറ്റൻഡൻസ് വിളിക്കും, എഴുന്നേറ്റുനിന്ന് നെറ്റിയിൽ വിരൽ ചേർത്ത് സല്യൂട്ടിന്റെ രൂപത്തിൽ ആൺകുട്ടികൾ പ്രസന്റ് ടീച്ചർ എന്നു പറയണമെന്ന് അവർക്ക് വാശിയായിരുന്നു… പോലീസുകാരനായിരുന്നു അവരുടെ ഭർത്താവ്… ‘ടൊന്റിസിക്സ്‌’ എഴുന്നേറ്റ് നാട്ടിലെ വിദ്യാലയങ്ങളിലെല്ലാം ട്യൂൺ ചെയ്ത താളത്തിൽ ‘പ്രസന്റ് ടീച്ചർ ‘ പറഞ്ഞു.ചടഞ്ഞിരുന്ന എന്റെ ചന്തിയിൽ കുറ്റി പെൻസിൽ തറഞ്ഞു കേറി.ഉത്തമന്റെ അധമസന്തതിയുടെ ഒളിപ്പോര് .കുത്തേറ്റ് മുറിഞ്ഞ ചന്തിയും പ്രതികാരാഗ്നിയുള്ള മനസുമായി ഞാൻ ഉച്ചയ്ക്ക് ‘ഫോർ’ എന്ന നമ്പർ ഏലിയാമ്മ ജോൺ വിളിക്കുന്നതു വരെ കാത്തിരുന്നു. ക്യാമലിന്റെ ജ്യോമട്രിപെട്ടിയിൽ രണ്ടു മുനയുള്ള കോമ്പസ് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. “ത്രീ” വിളിച്ചപ്പോൾ തന്നെ കൈയ്ക്കുള്ളിൽ ഞാൻ അത് ഉറപ്പിച്ചു.’ ‘ഫോർ ‘ വിളിച്ചതും അവന്റെ ചന്തി ലക്ഷ്യം വച്ച് ബെഞ്ചിൽ ചേർത്തുവച്ചു. ഇതിനിടയിൽ റസീന എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഞാനെല്ലാം മറന്നു ആദർശിന്റെ കൂറ്റൻ നിലവിളി ,ഇരുമുനയുള്ള ആ ഉപകരണം ചന്തിയുടെ മാംസള ഭാഗത്ത് അപ്രത്യക്ഷമായി, ബഞ്ചിലും എന്റെ കയ്യിലും രക്തം,   സമാധാനത്തിന്റെ വെള്ളരിപ്പ്രാവായ  സുമതി ടീച്ചർപോലും…
അന്ന് ജീവിതത്തിൽ ആദ്യമായും അവസാനമായും ചൂരലുപയോഗിച്ചു.
ഗോപാലൻ മാഷ് നിർബന്ധപൂർവ്വം എഴുതിത്തന്ന ടി സി യുമായി കൊല്ലത്തേക്ക്, മക്കളില്ലാത്ത പട്ടാളക്കാരൻ മാമന്റെ ക്യാമ്പിലേക്ക് വണ്ടി കേറുമ്പോൾ സഖാവ് ബാപ്പുട്ടിയുടെ സൈക്കിളിന്റെ പിന്നിലിരുന്ന് റസീന ചിരിക്കുന്നുണ്ടായിരുന്നു.

പട്ടാളക്യാമ്പിൽ നിന്ന് ഒരിക്കലേ എനിക്ക് നാട്ടിലെത്താൻ കഴിഞ്ഞുള്ളൂ പി.ജി പഠനകാലത്ത്.അന്നറിഞ്ഞവയൊന്നും… എന്റെ പ്രണയത്തിന് നല്ലതായിരുന്നില്ല.

മണൽ മാഫിയയുടെ കള്ളക്കേസിൽ അറസ്റ്റിലായ സഖാവ് ബാപ്പുട്ടി ജയിലിൽ തൂങ്ങി മരിച്ചു.അമ്മയുൾപ്പെടെ പാർട്ടിയിൽ നിന്നും പുറത്തുപോയ നാലഞ്ച് മൂരാച്ചി സഖാക്കൾ നിരാഹാരം കിടന്നു. റസീനയെ കെട്ടിയ ജമാൽ ദുബായിലേക്കെന്നുപറഞ്ഞ് മലപ്പുറത്തെവിടെയോ മറ്റൊരു വിവാഹം കഴിച്ച് കഴിയുന്നു. അവൾക്ക് മൂന്ന് മക്കളാണ്.

സജാദ് മീനുമായി മടങ്ങി വന്നു. ടാപ്പിംഗ് കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആദർശ് നിലത്ത് ഒറ്റക്കാലൂന്നി ലാൽസലാം പറഞ്ഞു.
സജാദ് റസീനയ്ക്ക് മീൻ കടം കൊടുത്തൂ.
അവൾ മാക്സി അരയിലേക്ക് തിരുകി അടിവശം പിന്നി തുടങ്ങിയ കരിമ്പൻ പിടിച്ച പാവാടയിലേക്ക് ഞാൻ നോക്കി.  എന്റെ വീടിന്റെ മുന്നിലെ ചെന്തെങ്ങിനെ ചൂണ്ടി

” അയിന്റെ വെള്ളത്തിനിപ്പോഴും തേനിന്റെ രുചിയുണ്ടോ “യെന്നവൾ ചോദിച്ചു…

എന്റെ നെറ്റി പിളർന്ന് ഒരു  മയിൽപ്പീലി കാടു വളർന്നു.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here