നിധിന്‍ വി.എന്‍.
ഭയം ഭരിക്കുന്ന ഇടങ്ങള്‍ പലതാണ്. അതൊരുപക്ഷെ കെട്ടുക്കഥകളെപ്പോലെ പെരുകും. സത്യം മറയ്ക്കപ്പെടുകയും, വാമൊഴിയായി പ്രചരിക്കുന്ന കഥ ചരിത്രമാക്കപ്പെടുകയം ചെയ്യും. എഴുതപ്പെട്ട ചരിത്രത്തേക്കാള്‍ വിശ്വാസയോഗ്യമെന്ന് ആ കഥകളെ കാലം കുറിച്ചിടും. തന്റെ വ്യക്തിത്യം മറയ്ക്കപ്പെട്ട്, സമൂഹത്തില്‍ മറ്റൊരാളായി അടയാളപ്പെട്ട ഒരാളുടെ കഥയാണ് ‘രാഘവന്‍’. രാഹുല്‍ ആര്‍ ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവി’ലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായ രാഹുല്‍ ആര്‍ ശര്‍മ്മയുടെ നാലാമത്തെ ഷോര്‍ട്ട് ഫിലിമാണ് ‘രാഘവന്‍’. നിരവധി ചലച്ചിത്രമേളകളില്‍ നിന്നും പുരസ്‌കാരം നേടിയ ചിത്രം മിഥുന്‍ മാനുവല്‍ തോമസിന്റെ പ്രൊഡഷന്‍ കമ്പനിയായ മാനുവല്‍ മൂവീ മേക്കേഴ്‌സാണ് യൂട്യൂബിലെത്തിച്ചിരിക്കുന്നത്.
രാഘവന്റെ കഥയില്‍ വാസ്തവമുണ്ട്. ആ വാസതവങ്ങളില്‍ അയാളുണ്ടോ എന്നാണ് ഇനി തിരയേണ്ടത്. കഥ പറയുന്നതും അതുതന്നെയാണ്. വളരെ കൃത്യമായി, കയ്യടക്കത്തോടെ ചെയ്ത ചിത്രമാണ് ‘രാഘവന്‍’. സുര്‍ജിത്താണ് രാഘവനായെത്തുന്നത്. രാഘവന്‍ സുര്‍ജിത്തിന്റെ കയ്യില്‍ ഭദ്രം. നാട്ടിന്‍ പുറങ്ങളില്‍ നാമ്മള്‍ കണ്ട രാഘവന്മാരില്‍ ഒരാള്‍ തന്നെയാണ് അയാള്‍. രാഘവന്റ ഭാര്യയായി എത്തുന്നത് അങ്കമാലി ഡയറീസില്‍ പെപ്പയുടെ അമ്മയായെത്തിയ ജോളിയാണ്. പ്രമേയം കൊണ്ട് വേറിട്ടുനില്‍ക്കുന്ന ചിത്രത്തിന് 18 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
ലിവിന്‍ സി ലോനക്കുട്ടിയാണ് സ്‌ക്രിപ്റ്റ്. ജോമോന്‍ കേച്ചേരി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മൈക്കള്‍ ജോസഫാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് രാഹുല്‍ തന്നെയാണ്.