അഭിനിവേശങ്ങള്‍

0
778

സച്ചിന്‍ എസ്. എല്‍.

ഏപ്രിൽ മാസത്തിന്റെ തീക്കനൽ ചൂടിനെ വക വെയ്ക്കാതെ അയാൾ വന്നത്‌ തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹം കൂടാന്‍ വേണ്ടി മാത്രമാണ്. ദൈർഘ്യമേറിയ ആ തീവണ്ടി യാത്രയ്ക്കൊടുക്കം ആ പഴയ മുഖങ്ങൾക്കിടയിലേക്ക്‌ പഴയ ചിരിയുമായി അയാൾ ചെന്നുനിന്നു. തന്റെ പരുക്കൻ ഭാവത്തിന് അയവു വരുത്തി സെൽഫികളിലേക്ക്‌ അയാൾ മുഖമുയർത്തി. എല്ലാരും മാറ്റങ്ങളെക്കുറിച്ച് വാചാലരായി. പെണ്ണുങ്ങൾ എന്ന് ഇന്നിനി നിസ്സംശയം പറയാവുന്ന അവർ പരസ്പരമുള്ള മാറ്റങ്ങളിൽ അസൂയാലുക്കളാവുകയാണ്. ചിരി വിടരുന്തോറും വിരിയുന്ന ചുണ്ടിന്റെ വലിപ്പത്തിലും അതിൽ പുരട്ടുന്ന മെഴുക്കിന്റെ സുഗന്ധത്തെയും പറ്റി അവർ പറയുന്നുണ്ടായിരുന്നു. കൂട്ടത്തിലേക്ക്‌ കല്ല്യാണം കഴിച്ച ഒരുവൾ കടന്നു വന്നപ്പോൾ തേനീച്ചക്കൂട്ടം പോലെ അവർ അവൾക്കുചുറ്റും കൂടി. പഴയതിനേക്കാൾ വാചാലരായി. കല്ല്യാണം വരുത്തിയ മാറ്റങ്ങളിൽ നാണിച്ച്‌ തലതാഴ്ത്തിയ അവളുടെ കൊഴുത്തദേഹത്ത്‌ കന്യകമാരുടെ കണ്ണുകൾ കല്ലേറു നടത്തി. അതിൽ വേദനിച്ചാണെന്നു തോന്നുന്നു കരച്ചിലു സമാനമായ അത്യുച്ചത്തിലുള്ള ചിരി അവളില്‍ നിന്നുയർന്നു. പലരും ചിരിയിലും മാറ്റം വരുത്തിയിട്ടുണ്ടെന്നു തോന്നുന്നു. പക്ഷേ അയാൾ ചിരിമറന്നതു പോലെ. വിരസതയോടെ അകന്നു മാറി ആ വലിയ പള്ളിയുടെ അകത്തളത്തിലേക്ക്‌ അയാൾ ചെന്നു. മാർബിൾ ഫലകങ്ങളും ശിൽപങ്ങളും കൊണ്ട്‌ പണികഴിപ്പിച്ച മനോഹരമായ ഉൾഭാഗം. അമ്പരപ്പോടെ അൽപനേരം അയാൾ ആ ഭംഗി ആസ്വദിച്ചു. മിന്നുകെട്ടിന് നേരമായെന്ന് ആരൊക്കെയോ പറയുന്നതു കേട്ടു. ക്ഷണിക്കപ്പെട്ടവർ ഓരോരുത്തരായി അകത്തു വന്നു നിറയുകയാണ്. സ്ത്രീജനങ്ങളാണു മുൻപന്തിയിൽ. എല്ലാരും ഉടുത്തൊരുങ്ങിത്തന്നെ. ശരിക്കും സമ്മതിക്കേണ്ടിയിരിക്കുന്നു. ഇത്തരം ചടങ്ങുകളിലേക്കുള്ള അവരുടെ ഒരുക്കമുണ്ടല്ലോ! അതീ പെണ്ണുങ്ങളുടെ മാത്രം കഴിവാണ്. അതിന്റെ ഫലമെന്നോണം തിളക്കം പഴുപ്പിച്ച മേനികളിലേക്ക്‌ ആണുങ്ങളുടെ കണ്ണുകൾ പറന്നു നടന്നു. ചിലപ്പൊ അതിനു വേണ്ടി തന്നെയാവണം, പുരുഷാരം നിലയുറപ്പിച്ചിരിക്കുന്നത്‌ പിന്നിലായാണ്. താഴ്ത്തിപ്പിടിച്ച കണ്ണുകൾ പ്രാർത്ഥനയ്ക്കായി പാതി അടച്ചതല്ല. തങ്ങളുടെ മുൻപിലെ പലവർണ്ണത്തിൽ പൊതിഞ്ഞ വടിവൊത്ത നിതംബങ്ങളിലേക്കുള്ള ചൂഴ്‌ന്നു നോട്ടമാണെന്ന്‍ അയാൾക്ക്‌ തോന്നി. കൂട്ടത്തില്‍ അയാളും എന്തൊക്കെയോ ചികഞ്ഞു. ചെറുക്കനും പെണ്ണും എത്തിയെന്ന്‍ ആരോ വിളിച്ചു പറഞ്ഞു. താഴ്ത്തി വെച്ച തലകൾ ഓരോന്നായി പൊങ്ങി. ഇനിയിപ്പൊ നവദമ്പതികളെ കാണാനുള്ള തിരക്കായിരിക്കും. മടുപ്പേറി വന്നപ്പൊ അയാൾ പിൻപന്തിയിലേക്കു പതുക്കെ വലിഞ്ഞു. അൽപനേരം കണ്ണുകളടച്ച്‌ അയാൾ അവിടെ കൂട്ടിയിട്ട ബെഞ്ചുകളിലൊന്നിന്മേൽ ഇരുന്നു. കാലത്തിന്റെ പ്രയാണം അതിവേഗം പ്രാപിച്ചിരിക്കുന്നു. പഠിക്കുന്ന കാലത്ത്‌ ഉത്സാഹത്തോടെ സ്വപ്നം കണ്ട തന്റെ ഉറ്റചങ്ങാതിയുടെ മിന്നുകെട്ട്‌. അതിപ്പൊ തൊട്ടു മുന്നിൽ നടക്കുന്നു. കേവലം സാക്ഷിയായി അയാൾ മൂകനായി അങ്ങേയകലത്ത്‌.

കണ്ണുകൾ പതുക്കെത്തുറന്നപ്പോൾ ചടങ്ങുകൾ ഏതാണ്ടവാസാനിച്ചതായി അയാൾക്ക്‌ തോന്നി. ഇപ്പൊ നവദമ്പതികൾക്ക്‌ ഇരുവശത്തുമായി ഫാമിലികൾ ക്യൂവിലാണ്. ഫോട്ടോയെടുക്കാനുള്ള നിൽപ്പാണ്. ഏറേ നിർബദ്ധമുള്ള ഒരിക്കലും കാലഹരണപ്പെടാൻ സാധ്യതയില്ലാത്ത ഒരാചാരം. താനിരിക്കുന്നതിന്റെ ഇടതുവശത്തായി രണ്ടു മെലിഞ്ഞ പെൺകുട്ടികൾ പണിപ്പെട്ട്‌ എന്തോ കാട്ടിക്കൂട്ടുന്നത്‌ അയാളുടെ ശ്രദ്ധയിൽപ്പെട്ടു. സാരിയാണ് ഉടുത്തിരിക്കുന്നത്‌. രണ്ടുപേരും സുന്ദരിമാരാണ്. എടുക്കാൻ പോകുന്ന ഫോട്ടോയിൽ വയറിത്തിരി കാണിച്ചൂടെ എന്നൊരുത്തി. മറ്റേയാൾ ആദ്യമായി സാരിയുടുത്തതിന്റെ ഭയപ്പാടിലും. ഞൊറികുത്തിയും കൈ പേഴ്സിലെ കുഞ്ഞു കണ്ണാടിയിൽ ഒന്നൂടെ നോക്കി ചുവപ്പു ചായം ചുണ്ടിലൊന്നൂടെ അമർത്തി ഉരച്ച്‌ മുടി മാടിയൊതുക്കി അവർ തയാറായിക്കൊണ്ടിരിക്കുകയാണ്. അപ്പോഴേക്കും അയാൾക്കുള്ള വിളി വന്നു. കൂട്ടുകാരാണ്. ഫോട്ടോയെടുക്കാനുള്ള അടുത്ത ഊഴം അവരുടേതാണെന്ന്‍. വേഗം അങ്ങോട്ടേക്ക് ചെല്ലാൻ!

അയാൾ എഴുന്നേറ്റു നടന്നു. അവർക്കിടയിലേക്ക്‌ ചെന്നു. പള്ളിഹാളിലാകെ കൂട്ടപ്പൊരിച്ചിലുകളാണ്. ആ കനത്ത ബഹളത്തിനിടയില്‍ ഒട്ടും സംശയിക്കാതെ തന്നെ അയാൾ ആ ശബ്ദം തിരിച്ചറിഞ്ഞു. പരിചിതമായ ആ സ്വരം അടുക്കലെത്തിയപ്പൊ ഒരു നിമിഷം കാലം കണ്ണാടിയായി അയാൾക്കു മുന്നിൽ തിരിഞ്ഞു നിന്നു. വെയിൽച്ചൂടിൽ വറ്റിയ അയാളിലെ ഊർജ്ജ്വസ്വലനായ ഒരുവനെ അയാളാ കണ്ണാടിയിൽ കണ്ടു. നാളേറെയായി തന്റെ കാതുകൾക്ക്‌ അന്യമായി നിലനിന്ന ആ പരിചിത ശബ്ദപ്രവാഹത്തിന്റെ ഉറവിടത്തിലേക്ക്‌ അയാളെത്തി. തവിട്ടു പൊതിഞ്ഞ അധരങ്ങൾ പഴയതിലും മനോഹരമായി വാതോരാതെ പുലമ്പുന്നു. എണ്ണയൂർന്നിറങ്ങിയ കഴുത്തിൽ പതിവു പോലെ ചാർത്തിയ വെന്തിങ്ങ മാലയിൽ അയാളുടെ കണ്ണുടക്കി. കഴുത്തുയർത്താൻ അയാൾ ശ്രമിച്ചില്ല. യന്ത്രസമാനം ഒരു ഫോട്ടോയ്ക്ക്‌ പോസ്‌ കൊടുത്ത്‌ അതിവേഗം അയാൾ പുറത്തു കടന്നു. അൽപമകലെ മാറി ഒരു പെട്ടിപ്പീടികയിൽ ചെന്ന്‍ ഒരു ഗോൾഡ്‌ ഫ്ലെയ്ക്‌ കിംഗ്സ്‌ സിഗരറ്റ്‌ അയാൾ കത്തിച്ചു. ശീലമായിട്ടു പോലും ആദ്യത്തെ ഒന്നു രണ്ടു പഫ്‌ എടുക്കാൻ അയാൾ നന്നേ ബുദ്ധിമുട്ടി. ഇടയ്ക്കിടെ അയാൾ ചുമച്ചു. ഹൃദയമിടിപ്പ്‌ പതുക്കെ താഴ്‌ന്നു തുടങ്ങിയപ്പൊ അയാൾ പൂർവ്വ സ്ഥിതിയിലെത്തി. വലിച്ചു തീർത്ത സിഗരറ്റ്‌ ഷൂവിനടിയിൽ ഞെരിച്ചമർത്തി. വായിലെ സിഗരറ്റിന്റെ മണം കളയാനായി ഒരു മിഠായി വാങ്ങിച്ചു. പച്ചനിറത്തിലുള്ള അതിന്റെ കവർ ഉരിയുമ്പൊ അയാളുടെ ഓർമ്മയിലേക്ക്‌ പച്ച സാരിയുടുത്ത ആ മേനി കടന്നു വന്നു. അറിയാതെ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. മിഠായി വായിലിട്ടു നുണഞ്ഞപ്പൊ അയാളോർത്തു. ഇതിലും മധുരമുള്ളതായിരുന്നു അവൾ. മധുര ശബ്ദത്തിനേക്കാൾ പ്രിയതരമായ സൗഹൃദം പങ്കു വെച്ചവൾ. പിന്നീടെപ്പഴോ പ്രണയത്തിരി അതിലും മനോഹരമായി കൊളുത്തിയവൾ. അയാളുടെ ശിരസ്സിൽ ഓർമ്മകൾ വന്നണഞ്ഞു. പഠനകാലം കഴിഞ്ഞും പഠിച്ച കോളേജിലേക്ക്‌ ഇടയ്ക്കിടെ ചെല്ലാൻ അയാളെ പ്രേരിപ്പിച്ചത്‌ അവളുതന്നെയായിരുന്നു. പ്രവാസിയായ അച്ഛൻ ഏൽപ്പിച്ചു കൊടുത്ത ഭാരിച്ച വീട്ടുത്തരവാദിത്തങ്ങളിൽ മനം മടുക്കുമ്പോൾ പലകുറി അയാൾ അവളെത്തേടിയെത്തി. തലയ്ക്കു പിടിച്ച രാഷ്ട്രീയ ചിന്തകളിൽ ക്യാമ്പസുകാലത്ത്‌ ക്ലാസ്മുറികളും പുസ്തകങ്ങളും അയാൾക്ക്‌ അന്യമായിരുന്നു. പക്ഷേ വായിക്കാനേറെയിഷ്ടം. അങ്ങനെ ലൈബ്രറിയില്‍ ചിലവഴിച്ച വൈകുന്നേരങ്ങളാണവരെ തമ്മിൽ കണ്ടു മുട്ടിച്ചത്‌. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കൈമാറിയപ്പോള്‍ പൊഴിഞ്ഞ സൗഹൃദസായാഹ്നങ്ങളിൽ കളിതമാശ പറഞ്ഞ്‌ നേരം ഇരുട്ടുമ്പൊ തന്റെ ആർ. എക്സ്‌ 100 ബൈക്കിൽ അവളെ ഹോസ്റ്റൽ ഗേറ്റിനു മുൻവശം വരെ പലപ്പോഴും അയാൾ   കൊണ്ടുവിടാറുണ്ടായിരുന്നുണ്ടായിരുന്നു. പരീക്ഷകളടുക്കുമ്പോൾ അവളുടെ വാമൊഴികളിൽ അയാൾ പാഠങ്ങൾ പഠിച്ചു. പ്രണയഗോസിപ്പുകൾ പലവുരു കേട്ടപ്പൊഴും കേട്ടതായി നടിക്കാന്‍ അവരിരുവരും ശ്രമിച്ചില്ല. ഇന്നിപ്പോൾ അവൾ അവരു പഠിച്ച കോളേജിൽത്തന്നെ ടീച്ചറാണ്. പലതവണ ആ ഒരൊറ്റക്കാരണം കൊണ്ട്‌ അയാൾ അവളെയും തേടിച്ചെന്നിട്ടുണ്ട്‌. ഓർമ്മയിലിന്നും അവരൊന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളാണോടിയെത്തുന്നത്‌. പക്ഷേ ആ അകൽച്ച അതെപ്പഴായിരുന്നു!

ചിന്തിച്ചു നിൽക്കാൻ സമയം കിട്ടുന്നതിനു മുൻപേ അയാളുടെ ഫോൺ ശബ്ദിച്ചു. ഉച്ചയൂണിനിരിക്കാനുള്ള കൂട്ടുകാരൂടെ വിളിയാണ്. വട്ടത്തിലുള്ള മേശയുടെ ചുറ്റും അവർ ഒന്നിച്ചിരുന്നു വിഭവങ്ങളോരോന്നായി വിളമ്പി. പറഞ്ഞു തീരാത്ത വിശേഷങ്ങളും കൂടെ. അവളും വാചാലയാണ് പകുതിയോളം നിറഞ്ഞ വായ വില്ലു പോലെ വിരിച്ച ചിരി അയാളെ അലോസരപ്പെടുത്തി. മഞ്ഞിച്ച പല്ലുകളായിരുന്നവൾക്ക്‌. പക്ഷേ ഒരിടത്തും അവൾ ചിരിക്കാതെയിരുന്നില്ല. ആത്മവിശ്വാസത്തോടെ എന്നും എല്ലായിടങ്ങളും കീഴടക്കാൻ അവൾക്ക്‌ എന്തെന്നില്ലാത്ത കഴിവായിരുന്നു. അതിവിടെയും പ്രകടമാവുന്നതായി അയാൾക്കനുഭവപ്പെട്ടു. ഒരു പക്ഷേ പരസ്പരം കണ്ടപ്പോഴുള്ള ഈ ചമ്മലും അകൽച്ചയും എന്തിനെന്ന്  അയാൾക്ക്‌ ഇപ്പഴും ഊഹിക്കാൻ സാധിക്കുന്നില്ല. ഇഷ്ടവിഭവങ്ങൾ ഏറെയുണ്ടായിട്ടും അയാൾ പാതി വെച്ച്‌ ഊൺ നിറുത്തി. പതുക്കെ കൂട്ടത്തോടൊപ്പം അയാളും എണീറ്റു പൈപ്പിനരികെയെത്തി. കുനിഞ്ഞു നിന്ന് കൈകഴുകുവായിരുന്ന അവളുടെ സാരി ഒന്നു തെന്നിമാറിയപ്പൊ അവളുടെ ആലില വയറിൽ അയാളുടെ നോട്ടം വീണു. കേട്ടു തഴമ്പിച്ച ഒരു പ്രയോഗമാണീ ആലില വയർ. അവ രണ്ടും തമ്മിലെന്താണാവോ സാമ്യത? ശെരിക്കും പറഞ്ഞാൽ അവളിൽ ഏറ്റവും അതിശയപ്പെടുത്തുന്ന, ഭ്രമാത്മകമായ ശരീരഭാഗം. നിരപ്പായ ഒരു പ്രതലം. ശരീരത്തിൽ സാരി ചുറ്റുമ്പൊ ബ്ലൗസിനു താഴെയായി ത്രികോണാകൃതിയിൽ മനോഹരമായി അവൾ പണി കഴിപ്പിച്ച ഒരു കവാടം. ആശ്ചര്യത്തോടെ ഉൽകൃഷ്ടതയോടെ പലേയാണുങ്ങളും മനോരാജ്യം കെട്ടിയ മേനിയുടെ കൂടാരത്തിലേക്കൊരു വഴി. അവളെ ജീവിതത്തിലാദ്യം കണ്ടപ്പോഴും അയാളുടെ കണ്ണെത്തിയത്‌ അവിടെയായിരുന്നു. പിന്നീട്‌ പലതവണ അവളോടു തന്നെ വർണിച്ച അവളുടെ ഉദരഭംഗി. അന്നൊന്നും അവൾ നാണിച്ചില്ല, ദേഷ്യപ്പെട്ടില്ല അൽപം അടക്കിപ്പിടിച്ച ചിരിയിലൂടെ അവളാസ്വദിച്ചിരുന്നു അതും.

സാരിത്തലപ്പിൽത്തന്നെ മുഖം തുടച്ച്‌ അവൾ അയാൾക്കു തൊട്ടു മുന്നിലൂടെ  കടന്നുപോയി. അന്ന്‍ ഇത്രയടുത്ത്‌ അവളുടെ സാമീപ്യമെത്തിയത്‌ ആദ്യാമാണ്. മടിയും മുഷിപ്പും ചേർന്ന അവളുടെ വിയർപ്പിന്റെ ഗന്ധം കാലങ്ങൾക്കിപ്പുറം അയാളറിഞ്ഞു.  പണ്ടൊരിക്കൽ ഒരു കുടക്കീഴിൽ അവരൊരുമിച്ചു നടന്നതയാളോർത്തു. പേ പിടിച്ചൊരു മഴപെയ്ത അന്ന് ആ കുടക്കീഴിൽ അയാള്‍ അപ്രതീക്ഷിതമായി ഓടിക്കേറിയതായിരുന്നു. ഒരാൾക്കു മാത്രം നിൽക്കാൻ പറ്റുമായിരുന്ന ആ 2 ഫോൾഡ്‌ കുടക്കീഴിലേക്കുള്ള അയാളുടെ പ്രവേശം അവളെയാകെ വലച്ചു. പിന്നീടാകെ നനച്ചു. അന്ന് ധരിച്ച ചുവന്ന ബ്ലൌസിന്റെ തോളറ്റം മുതൽ അവൾ നനഞ്ഞു തുടങ്ങി. കയ്യിലൂടെ വെള്ളം ധാരയായി ഊർന്നിറങ്ങി. സാരിയിലേക്ക്‌ ചെളി തെറിക്കാതിരിക്കാൻ അവൾ സാരി അൽപം ഉയർത്തിപ്പിടിച്ചു. കാറ്റു കനത്തതോടെ ദേഹമാകെ നനയുമെന്നായപ്പൊ അവർ നടപ്പു നിർത്തി. ഒരു മരത്തിന്റെ കീഴെയായി നിന്നു. മഴമാറിയപ്പൊ മണ്ണു ചുരത്തിയ ഗന്ധം അയാൾ ആസ്വദിച്ചു. പക്ഷേ അതിലും അയാൾക്ക്‌ ഇഷ്ടം തോന്നിയത്‌ ആ കുടക്കീഴിൽ അവളുടെ കക്ഷം ചുരത്തിയ വിയർപ്പു മണത്തോടായിരുന്നു. മറ്റൊരു പെണ്ണും പ്രകടിപ്പിക്കാത്ത വികലതകൾ സൗന്ദര്യമാക്കിയ അവളോട്‌ എന്നും അയാൾക്ക്‌ ഭ്രമമായിരുന്നു. നാക്കു വടിക്കാൻ മടിച്ച അവളുടെ വെള്ളില പോലത്തെ നാക്കിനുപക്ഷേ അനുഭൂതിയുളവാക്കുന്ന സൗന്ദര്യ വർത്തമാനങ്ങൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. നീണ്ടു മെല്ലിച്ച അവളുടെ വിരലുകൾ പിടിച്ച പേനകളോരോന്നും കവിതകൾ പാടി. അതിനയാൾ മറുകവിതകളെഴുതി. പിന്നെയുമെന്തിന് തങ്ങൾ പിരിഞ്ഞു. ഇനിയും അയാളിൽ വന്നുചേരാത്ത ആ ഉത്തരം. ആൾക്കൂട്ടത്തിലും ഏകനായി നിന്ന അയാളെ ഈ ചിന്ത നിഷ്കരുണം ചൊടിപ്പിച്ചു. ഒരു പകൽ സായാഹ്നത്തിലേക്ക്‌ വെളിച്ചം കെടുത്തിയത്‌ അയാളറിഞ്ഞില്ല. കൂട്ടുകാരുടെ മുഖത്ത്‌ നേരത്തെ അസ്തമിച്ച പകലിനോടുള്ള വെറുപ്പ്‌ പിരിയാൻ നേരമായെന്നുള്ള സൂചന നൽകി. യാത്രപറഞ്ഞു കൊണ്ട്‌ പലരും അയാൾക്ക്‌ കൈ നൽകി ചിലർ ചുടുനിശ്വാസത്തോടെ കെട്ടിപ്പിടിച്ചു. ഇനി അടുത്തയാളുടെ വിവാഹത്തിനെന്ന് അവരിൽ പലരും പറഞ്ഞു. ഓരോ വിവാഹവും ഓരോ സൗഹൃദക്കൂട്ടത്തിന്റെയും ഒത്തു ചേരലാണ്. മറു വശത്ത്‌ ഓരോ ദളങ്ങളായി ആ സൗഹൃദപ്പൂവിൽ നിന്ന് ഓരോരുത്തരായി കൊഴിയുന്നത്‌ അവർ മനസിലാക്കിയോ എന്തോ! യാത്ര പറഞ്ഞ്‌ പിരിഞ്ഞപ്പൊ നേരത്തെ ചെന്ന പെട്ടിപ്പീടികയിൽ നിന്ന് അയാൾ വീണ്ടുമൊരു കിംഗ്സ്‌ സിഗരറ്റു കത്തിച്ചു. ഉന്മേഷത്തോടെ അയാൾ ഒരോ പുകയും സ്വന്തം ഉച്ഛാസമെന്നപോലെ പുറന്തള്ളി. ആ ലഹരി പകർന്ന ആനന്ദത്തിനൊപ്പം പോകുന്ന വഴി മന്ദസ്മിതത്തോടെ അവൾ അയാളെ നോക്കി കടന്നു പോയി. മറുത്തൊരു ചിരി നൽകി അവളെ യാത്രയാക്കിയപ്പോൾ സിരകളിൽ പടർന്നു പിടിച്ച നിക്കോട്ടിൻ ജ്വരം അയാളെ പലതിലേക്കും കൂട്ടിക്കൊണ്ടു പോയി.

കലാലയ ജീവിതത്തിനിപ്പുറവും തങ്ങൾ ബന്ധത്തിലുണ്ടായിരുന്നു. ഇടയ്ക്ക്‌ കണ്ടുമുട്ടിയും മറ്റുചിലപ്പോൾ ഉറങ്ങാത്ത രാത്രികളിലെ കവിതകളായി അവർ തങ്ങളുടെ ചാറ്റ്‌ ബോക്സുകൾ  നിറച്ചതും അയാളോർത്തു. അതിരുവിട്ട കാൽപനിക ലോകത്ത്‌ അവർ വിഹരിച്ചു. പരസ്പര വശീകരണത്തിൽ അവർ സമർത്ഥരായിരുന്നു. അകലങ്ങളിലെന്നത്‌ അവർക്ക്‌ ഒരു പ്രശ്നമേയായിരുന്നില്ല. കാണാമറയത്തും അവർ കെട്ടിപ്പുണർന്നു. ചുംബനങ്ങൾ കൈമാറി. ശരീരസുഖങ്ങളിലേർപ്പെട്ടു. രാത്രി സമ്മാനിച്ച ഇരുട്ടിന്റെ കമിതാക്കളായി. വിവശരായി പരസ്പരം തളർന്നു വീണ ഒരു വേള അവൾ അയാളുടെ ചെവിയിലായി പറഞ്ഞു.

“നീ നുകരുന്ന സിഗരറ്റായി എനിക്കൊരു ജന്മം ജനിക്കണം. നിന്റെ അധരങ്ങൾക്കിടയിൽ പുക നിറഞ്ഞ സ്വർഗ്ഗത്തിൽ ആ ഉമിനീരിൽ എനിക്കലിഞ്ഞില്ലാതാകണം. ഇനിയൊരു മനുഷ്യജന്മമുണ്ടെങ്കിൽ”

കണ്ണുകളടച്ച്‌ കയ്യിൽക്കോർത്ത സിഗരറ്റിലെ അവസാന പുകയും മൂർദ്ധാവിലെത്തിച്ച്‌ ആ സിഗരറ്റുകുറ്റി മണ്ണിലേക്ക്‌ വലിച്ചെറിഞ്ഞയാൾ നടന്നു. അയാളുടെ ചുണ്ടിനിരുവശത്തുകൂടി അവശേഷിച്ച പുകമറ പരിഭവമേതുമില്ലതെ വായുവിൽ അലിഞ്ഞ്‌ ചേരുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാനോ ഇനിയൊന്നും ചികഞ്ഞെടുക്കാനോ അയാൾ മെനക്കെട്ടില്ല. വായുവിൽ അലിഞ്ഞില്ലാണ്ടായ ആ പുകയോളം നേർത്തതായിരുന്നു അവളുടെ അഭിനിവേശവും.

വര: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here