കാകെക്കു കൊടുത്ത പ്രണയക്കുറിപ്പ്

0
535

അര്‍ജുന്‍ കെ വി

അടുക്കി വെച്ച തീപ്പെട്ടി കൂടുകളെ പോലെ ചേര്‍ന്നു നിര്‍ത്തിയിരുന്ന ബസുകളില്‍ ഞങ്ങള്‍ക്ക് മടങ്ങാനുള്ളത് കെഎസ്ആര്‍ട്ടിസി ആയിരിക്കണമെന്ന് ഞാന്‍ ഉള്ളു തൊട്ട് ആഗ്രഹിച്ചു. ഒരോ ബസിന്റെയും വെയിലടിച്ച ചില്ലുകള്‍ക്ക് താഴെ ചെറുതായി എഴുതി വെച്ച സ്ഥലപ്പേരുകളില്‍ ഒന്നു പോലും എനിക്ക് പൂര്‍ണമായി വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ദൂരക്കാഴ്ച്ച കുറഞ്ഞിട്ടില്ലെന്ന് വരുത്താന്‍ കണ്ണടയൂരി തുടച്ച് മിനുക്കി ഞാന്‍ അവളെ തന്നെ നോക്കി കൊണ്ടിരുന്നു. അവളുടെ കവിളില്‍ പടര്‍ന്നു പുളയുന്ന ഒരു കൂട്ടം മുടിനാരുകളെ കണ്ടപ്പോള്‍ എനിക്ക് അസൂയ തോന്നി. ചെവിക്കുടക്കു പിറകിലേക്ക് ആവര്‍ത്തിച്ചു കോതി ഒതുക്കി നെയിം ബോര്‍ഡുകളില്‍ നാഗവല്ലി നോട്ടമെറിഞ്ഞപ്പോള്‍ ഞാനവളെ തൊട്ടു.
– ഇത്ര കഷ്ടപ്പെടുന്നതെന്തിനാ… ഇതു മുറിച്ചു കളഞ്ഞാ പോരെ ?
– എന്ത്?
– ഈ കോഴിവാല്..
– ബ്യൂട്ടി പാര്‍ലറില്‍ പോയി ടേബിള്‍ ഫാന്‍ വെച്ച് പറത്തി നോക്കി അഡ്ജസ്റ്റ് ചെയ്ത എന്റെ മുടിയിഴകളോ മിസ്റ്റര്‍?
ഷാംപു തേച്ച് സംരക്ഷിക്കുന്ന നാരിയുടെ മുടിയെ പറഞ്ഞതിലും അസ്ഥാനത്ത് കോമഡി പറഞ്ഞതിലും അവളെന്നെ രൂക്ഷമായി നോക്കി. ഒന്നു രണ്ടു വാക്കില്‍ കെറുവിച്ച് ബസുകളുടെ ഭാഗത്തേക്ക് എന്റെ കൈ പിടിച്ചു വലിച്ചു. അവള്‍ക്കൊപ്പം ഊര്‍ന്നു നടക്കുമ്പോള്‍ ഇനി മേലാല്‍ കോമഡി പറയില്ലെന്ന് ഞാന്‍ അസ്ഥാനത്ത് വെച്ച് വീണ്ടും സത്യം ചെയ്തു.
– ശെടാ… ഇത് വെല്യ വെനയായല്ലോ…
അവള്‍ പിന്നൊന്നും മിണ്ടാതായി. സ്റ്റാന്‍ഡില്‍ കയറി ഇറങ്ങി പോകുന്ന പലതരം ശബ്ദങ്ങളില്‍ ആ നിമിഷം ഊര്‍ന്നു പോയി.

പോകാനുള്ളത് കെ എസ് ആര്‍ ട്ടി സി ആണെങ്കില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് ഞാന്‍ പിന്നെയും വാശി പറഞ്ഞു. നീളന്‍ അക്ഷരത്തില്‍ അമ്മയും കുഞ്ഞുമെന്ന് എഴുതിയതിന് താഴെ അവളെനിക്കും കൂടി ഇടം കണ്ടെത്തി. ഞങ്ങള്‍ ഡ്രൈവറെ കാത്തിരുന്നു.
– ആരെങ്കിലും കുഞ്ഞിനേം കൊണ്ട് വന്നാലോ?
– നീ വെഷമിക്കണ്ടടാ. നീയെന്റെ കുഞ്ഞാണെന്ന് പറയും പോരെ…
– അങ്ങനെങ്കി കൊറച്ച് സമാധാനമായി…
– ബാക്കി സമാധാനമോ?
– അതിന് ചൂടുള്ള നിലക്കടല കൊറിക്കണം.
– കൊള്ളാലോ നീയ്… അതെവിടുന്നു കിട്ടും.
– കിട്ടാനുള്ളത് വഴിയില്‍ തങ്ങില്ല.

ഞങ്ങള്‍ കാത്തിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തേ ഒരാള്‍ പൊതിഞ്ഞ നിലക്കടലകളെ വട്ടപാത്രത്തില്‍ അടുക്കി കിടത്തി ബസിനുള്ളില്‍ നൂണ് കയറി. അതുവരെയും ഞാന്‍ സങ്കല്‍പ്പിച്ചെടുത്ത കടലവില്‍പ്പനക്കാരൊക്കെ കുറിയ ഉയരം കുറഞ്ഞ മനുഷ്യരായിട്ടായിരുന്നു. പക്ഷെ ഈ കക്ഷി ബസിനുള്ളില്‍ തല ഉയര്‍ത്താന്‍ പറ്റാതെ കുനിഞ്ഞു നടക്കുകയായിരുന്നു. ഗളിവറെ കണ്ട ദ്വീപ് നിവാസിയെ പോലെ ഞാന്‍ അത്ഭുത പരതന്ത്രനായി. രണ്ടു നോട്ടിസ് പൊതികള്‍ വാങ്ങി ഞങ്ങള്‍ വീതം വെച്ചത് ഞാനറിഞ്ഞിട്ടേയില്ല. ബാക്കി ചില്ലറ കൈപ്പറ്റിയിട്ടും അയാളെ തന്നെ നോക്കി കൊണ്ടിരുന്നപ്പോള്‍ കടലചേട്ടനും ആകാംഷയായി. കുഞ്ഞിനെ പോലെ അയാള്‍ രണ്ടു കണ്ണും ചിമ്മി കാണിച്ചപ്പോള്‍ ഞാനും വെറുതെ ചിരിച്ചു. കടലചേട്ടനും ചിരിച്ചു. അതു കണ്ട് അവളും ചിരിച്ചു.
പൊതിയഴിച്ച് വിരലില്‍ ഞെരുക്കി നിലക്കടലയുടെ ചൂളി ഊതി കളയുമ്പോള്‍ സായാഹ്നം പെട്ടന്നൊന്നും തീരല്ലേ എന്ന് വിചാരിച്ചു.

– ഇപ്പോള്‍ മാത്രം പറയാന്‍ പറ്റുന്നതും വിശ്വസിക്കേണ്ടതുമായ നിലക്കടലയെ പറ്റിയുള്ള രണ്ടു നഗ്നസത്യങ്ങള്‍ ഞാന്‍ പറയാം..
– ഉം… ബോറടിപ്പിക്കാതെ പറ..
– അരിമണിയുടെ ഭാഷയില്‍ പറഞ്ഞാ ഓരോ നിലക്കടലയും കഴിക്കേണ്ടവന്റെ/വളുടെ പേരെഴുതി വെച്ചിരിക്കുന്നത് എവിടെയെന്നറിയാമോ?
– എവിടെയാ?
– വറ ചട്ടിയില്‍ നിന്നും രക്ഷപ്പെട്ട് ഈ പൊതികളിലെത്തുന്ന കരിഞ്ഞ പൂഴിത്തരികളില്ലേ അതിലാണ്!
– അമ്പോ! ഭയങ്കരം തന്നെ..രണ്ടാമത്തെ നഗ്നസത്യം എന്താണാവോ?
– ഏത്ര വലിയവരും ആയിക്കോട്ടേ, നിലക്കടല കഴിക്കുന്നത് ആസ്വദിച്ചിട്ടാണെങ്കില്‍ ഉറപ്പാണ് ഒടുവില്‍ കഴിക്കുന്നത് കരിഞ്ഞ കടലയായിരിക്കും.
– നീ മഹാനാടാ…മഹാന്‍…
പൊതി മടിയില്‍ വെച്ച് അവള്‍ ചെറുതായി കൈയ്യടിച്ചു കാണിച്ചു. ഡ്രൈവര്‍ കയറി മൂന്നാമത്തെ ഡോര്‍ അടക്കുകയും ബസ് വിറയലോടെ സ്റ്റാര്‍ട്ടാവുകയും ഡബള്‍ ബെല്ലോടു കൂടി പതുക്കെ ചലിച്ചു തുടങ്ങുകയും ചെയ്തു.

– എനി പറയാന്‍ വല്ലതുമുണ്ടോ? അതായത ് ജേര്‍ണലില്‍ ഒക്കെ പ്രസിദ്ധീകരിക്കാന്‍ പറ്റുന്ന ഇത്തരം വലിയ നഗ്ന സത്യങ്ങള്‍?
– അങ്ങനെ പെട്ടന്ന് എല്ലാം പറഞ്ഞാല്‍ പറ്റില്ല.
– അതെന്താ?
– പറഞ്ഞു പറഞ്ഞെല്ലാം തീര്‍ന്നു പോയാലോ. തമ്മില്‍ പറയാന്‍ ബാക്കി ഒന്നുമില്ലാതായാലോ?
– അങ്ങനെയൊക്കെണ്ടോ?
– ഉണ്ട്. പിന്നെയുള്ളത് പറഞ്ഞത് തന്നെ വീണ്ടും പറയുന്ന പരിപാടിയാണ്. അതാവുമ്പോ പഴകുന്നതല്ലാതെ തീരില്ലല്ലോ
– എങ്കി നീ നിന്റെ ഓള്‍ഡ് ഉസ്‌കൂള്‍ പ്രണയ കഥ പറ.
– ഏത് കഥ?
– കാപിയുടെയും കാകയുടെയും.
– അതിന് മുമ്പ് നീ നിന്റെ മൂക്കുത്തിയുടെ കഥ പറ..
ഞാനവളുടെ തിളങ്ങുന്ന മൂക്കുത്തിയില്‍ വിരലമര്‍ത്തി. അവള്‍ മുഖം പിറകിലേക്ക് വലിച്ചു.
അവളെ കേള്‍ക്കാനെന്ന മട്ടില്‍ മിച്ചം വന്ന കടലകള്‍ ഉള്ളം കൈയ്യില്‍ പെറുക്കിയെടുത്ത് കൂട്ടത്തോടെ വായിലിട്ട് ഞാന്‍ ചവച്ചു തുടങ്ങി. ആസ്വാദനത്തിന്റെ ലെവല്‍ കൂടിയതാവണം കരിഞ്ഞ രണ്ടു കടല മണികള്‍ അണപ്പല്ലില്‍ പെട്ടു പോയി. ഒരുപാട് ഉമിനീരില്‍ പുറത്തേക്ക് തുപ്പി ചിറി തുടച്ച് സന്നദ്ധനായി ഞാനിരുന്നു. അത്രയും നേരം കൊണ്ട് കണ്ടക്ടറോട് രണ്ടു ടിക്കറ്റ് അവള്‍ ധൃതിയില്‍ കൈ പറ്റിയിരുന്നു. വാനിറ്റി ബാഗില്‍ ചില്ലറയോടൊപ്പം ടിക്കറ്റ് കുത്തിയിറക്കി അവള്‍ മിണ്ടി തുടങ്ങി.
– മൂക്കുത്തി കുത്തണമെന്ന് വലിയ ആഗ്രഹായിരുന്നു. ആഗ്രഹത്തിനൊപ്പം അമ്മേനേം കൂട്ടി തട്ടാനെ കണ്ട് ഇടത്ത് വശത്ത് കുത്തിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് വേദനയൊക്കെ തീര്‍ന്നപ്പഴാണ് മൂക്കുത്തി വിപ്ലവം വേണ്ടായിരുന്നെന്ന് തോന്നിയത്.
– എന്നിട്ടോ?
– അതങ്ങനെ കുറച്ചു കാലം ഊരി വെച്ചു. പതിയെ അതിന്റെ ദ്വാരമടഞ്ഞും പോയി. അപ്പഴാണ് ശെടാ മൂക്കുത്തി വേണം ന്ന് വീണ്ടും തോന്നിയത്.
– അതെ… പോയി കഴിഞ്ഞല്ലേ എല്ലാ കാര്യവും ആനയെ കൊണ്ട് വലിപ്പിക്കുന്നേ.
– തത്വം പറയാതെടാ… പക്ഷെ ഞാന്‍ വിട്ടില്ല. വീണ്ടും ജ്വല്ലറിയില്‍ പോയി വലത് വശത്ത് ഗണ്ണ് വെച്ചു. അതിന്റെ വേദനയൊക്കെ മാറി കണ്ണാടി നോക്കിയപ്പോള്‍ പിന്നെയും വേണ്ടിയിരുന്നില്ലെന്ന് തോന്നി.
– അതെന്താണാവോ?
– വലത് വശം ഇഷ്ടപ്പെട്ടില്ല. പിന്നെ ആ മൂക്കുത്തി കുത്തിയ ജ്വല്ലറിക്കാരനെം ഇഷ്ടായില്ല.
– എന്നിട്ടോ?
– പിന്നേം വിട്ടില്ല… വീണ്ടും ഒരിക്കല്‍ കൂടി തട്ടാനെ കണ്ട് ഇടത്ത് തന്നെ കുത്തിച്ചു.
– ഇപ്പോള്‍ കാണാന്‍ മൂക്കുത്തി ചന്തമൊക്കെയുണ്ട്. ഇനി പ്രതിവിപ്ലവത്തിനു കൊടിയെടുക്കേണ്ടന്നാണ് എന്റെ അഭിപ്രായം.
– പരിഗണിക്കാം ട്ടോ… അത് പോട്ടെ, നീ കാപി-കാക അഥവാ നിന്റെ ഓള്‍ഡ് ഉസ്‌കൂള്‍ പ്രണയ കഥ പറ..ഞാന്‍ കേള്‍ക്കട്ടെ…
കഥ പറയുന്നതിന് മുമ്പ് ഞാനവളോട് ഇത്തിരി വെള്ളം ചോദിച്ചു. തൊണ്ട മുരടനക്കുന്നതിനിടെ ജാലകം വഴി പുറത്തേക്ക് പാളിനോക്കി. വലിഞ്ഞു പോകുന്ന കാഴ്ച്ചകളില്‍ ഉറഞ്ഞ് നിന്നു. അവളെന്റെ മുതുകില്‍ തട്ടി വിളിച്ചു.
– പിറകിലേക്ക് മൂളി പോകുന്ന ഈ വണ്ടികളൊക്കെ എന്താണെന്നറിയോ നിനക്ക്?
ആദ്യമെന്ന പോലെ അവള്‍ ജാലകത്തിന് പുറത്തേക്ക് തലയേന്തി നോക്കി. കാറ്റില്‍ അവളുടെ ചുരുണ്ട മുടികള്‍ തിരമാലകളായി. എന്റുള്ളില്‍ ഒരു കടല് തന്നെ പരുവപ്പെട്ടു..
– വലിഞ്ഞു പോകുന്ന ഈ വണ്ടികളൊക്കെ സത്യത്തില്‍ എന്താണ് ?
– പാക്കറ്റ്‌സ് ഓഫ് മെമ്മറീസ്..ഓര്‍മ്മകളുടെ പെട്ടിക്കൂടുകള്‍..
– നീ ഐന്‍സ്റ്റീന്‍ സാറെ വെല്ലു വിളിക്കുകയാണോ?
– ഇല്ലടാ…കണ്ടപ്പോള്‍ പറഞ്ഞതല്ലേ…
– എങ്കി പറയാനെന്നേറ്റ കഥ പറടോ സാറേ….
എന്തോ ആലോചിച്ചെന്ന വണ്ണം ഒന്നു രണ്ടു തവണ തലയാട്ടി അവളെന്നെ ഇമ ചിമ്മാതെ നോക്കിയിരുന്നു. അവളെ അങ്ങനെ കണ്ടപ്പോള്‍ പറയാനൊരുങ്ങിയതിന്റെ ആദ്യ വരി പിടി തരാതെ തൊണ്ടയില്‍ നിന്ന് ഒളിച്ചോടിപ്പോയി.
– പണ്ടു പണ്ടെന്നു പറയാനാണോ ഈ കഥകളൊക്കെ ഇത്രമാത്രം വൈകുന്നത് ?
അതേ ചോദ്യം പതിവു പോലെ ഇന്നും എന്നെ വീര്‍പ്പു മുട്ടിച്ചു. ശ്രമപ്പെട്ട് ഉമിനീരിറക്കുന്നതിനിടയില്‍ അവളുടെ ചോദ്യത്തെ മനപ്പൂര്‍വ്വം വീണ്ടും തള്ളി കളഞ്ഞു.
– കൃത്യമായി പറഞ്ഞാല്‍ ഏഴാം ക്ലാസില് വെച്ചായിരുന്നു. ബി ഡിവിഷനില്‍ രണ്ടു കാവ്യമാരുണ്ടായിരുന്നു. കാവ്യ പി , കാവ്യ കെ. ആളുമാറിപ്പോകാതിരിക്കാന്‍ അവരെ കാപി എന്നും കാകെ എന്നും വിളിച്ചു പോന്നു.
– മട്ട് കണ്ടിട്ട് ഈസോപ്പു കഥ പോലുണ്ടല്ലോ സാറേ..
– എന്റെ ഈസോപ്പ് കഥയിലൊന്നാടാ കാകെ- കാപി കഥ.
അവള്‍ നുണക്കുഴിയില്‍ ചിരിയൊളിപ്പിച്ചു. കവിളില്‍ പുളഞ്ഞ മുടിയിഴകളെ പിന്നെയും കോതി.
-സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ കാകെയും ഞാനും സ്‌കൂള്‍ ലീഡര്‍ പദവിയിലേക്ക് അപ്രതീക്ഷിതമായി പ്രതിനിധികളായി. മൂന്നോ നാലോ വോട്ട് വിത്യാസത്തില്‍ അസംബ്ലി അറ്റന്‍ഷന്‍ പറയാനും അസംബ്ലി ഡിസ്‌പ്പേഴ്‌സ് പറയാനും ഞാനാണ് നിയോഗിക്കപ്പെട്ടത്. തുടര്‍ന്നുള്ള വെള്ളിയാഴ്ച്ച പ്രതിജ്ഞയില്‍ ‘ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു’ പറഞ്ഞതിന് ശേഷം സകലതും മറന്നു പോവുന്നൊരു അസംബ്ലി സിന്‍ഡ്രോം എനിക്ക് പിടിക്കപ്പെട്ടു. അപ്പോഴൊക്കെ ഇടങ്കണ്ണിട്ട് ഞാനവളെ നോക്കും. അവളെന്നെ നോക്കും. ഒരു ദിവസം രേണുക ടീച്ചര്‍ സ്റ്റാഫ് റൂമില്‍ വെച്ച് ലീഡറിന്റെ ഇന്‍പീച്ച്‌മെന്റ് ആക്ടിനെ കുറിച്ചു വാതോരാതെ പറഞ്ഞു തന്നു. അതോടെ എന്റെ പ്രതിജ്ഞരോഗം ഭേദമായി. എന്നിട്ടും ഞാനവളെ നോക്കുമായിരുന്നു. അവളെന്നെയും. ഒരു സ്‌പെഷ്യല്‍ അസംബ്ലി ദിവസം പത്തു മണി വെയില്‍ കണ്ണുമിഴിച്ചപ്പോള്‍ കാകെ നിന്ന നില്‍പ്പില്‍ സ്റ്റാന്‍ഡ് അറ്റ് ഈസായി തലകറങ്ങി. ഞാനാണെങ്കില്‍ പരിസരം മറന്ന് സാറേന്നും വിളിച്ച് ഹെഡ്മാഷിന്റെ കൈപിടിച്ചു. സ്‌കൂള്‍ ലീഡറിന്റെ കമാന്റ് കേട്ട് അറ്റന്‍ഷനായ കുട്ടികള്‍ എന്നെ തന്നെ നോക്കി നിന്നു. വരാന്തയില്‍ തൂണുചാരി നിന്ന നളിനി ടീച്ചര്‍ മാത്രം എന്റെ വെപ്രാളം കണ്ട് കുടു കുടെ ചിരിച്ചു. ക്ലാസ് റൂമിന്റെ കഴുക്കോലുകളിലും പിറകു വശത്തെ മതിലിലും ചോക്ക് കൊണ്ടും കരിക്കട്ട കൊണ്ടും എന്റെ പേരും അതിന് ഇനിഷ്യലായി ‘കാകെ’ എന്ന് എഴുതി ചേര്‍ത്തതും തലകറക്കത്തിന്റെ അനന്തര ഫലങ്ങളായിരുന്നു.

– അന്നു കഴിച്ചതില്‍ നിനക്കേതൊക്കെ മുട്ടായികളാ ഓര്‍മിച്ചെടുക്കാനാവൂക?

എന്റെ ചുമലില്‍ ചാരികിടക്കെ അവള്‍ പതിഞ്ഞ വാക്കില്‍ കഥയുടെ ഗതി തിരിച്ചു.
– ജീരക മുട്ടായി ആണെന്റെ ഫേവറേറ്റ്. സബര്‍ജില്ലിയെ മുട്ടായി ഗണത്തില്‍ പെടുത്തുമെങ്കില്‍ അതും.
– ജീരക മുട്ടായികള്‍ ചെറിയ ചെറിയ കളറ് കന്നാസുകളില്‍ നിറച്ചത് നിനക്കോര്‍മ്മയുണ്ടോ?
– ഓര്‍മ്മയുണ്ടെടാ…
– പെട്ടിക്കടയില്‍ നിന്ന് വാങ്ങിയ നോട്ട് പുസ്തകങ്ങള്‍ക്ക് അച്ചാറു മണമുള്ളത് നിനക്കോര്‍മ്മയിണ്ടോ?
– പിന്നല്ലാതെ…

ബസ് ചലിക്കുന്നതിന് സമാന്തരമായി ഒരു കൂട്ടം കാക്കകള്‍ പറന്നു പോകുന്നത് നോക്കി ഞാന്‍ ജനാലക്കമ്പിയില്‍ തലവെച്ചു. ചുവന്നു തുടത്ത ആകാശം കാഴ്ച്ചയെ പൂര്‍ണ്ണമായി വലിച്ചെടുത്തു. ബസില്‍ ഏറെക്കുറേ ആള്‍ക്കാര്‍ നിറഞ്ഞിരുന്നു. വേഗം പിടിച്ച ബസ് ഇടക്കിടെ ചുമച്ചു കൊണ്ടിരുന്നു. അവളെന്നെ പിന്നെയും തട്ടി വിളിച്ചു.
– എന്നാ നീ കഥയുടെ ബാക്കി പറ…
– അപ്പര്‍ പ്രൈമറി ആയത് കൊണ്ട് അസ്‌നാര്‍ച്ചയുടെ മുട്ടായിപ്പറ്റ് ഒരുപാട് ഉയര്‍ന്നില്ല. രസം അതല്ല. സെന്റ്ഓഫിന് ഞാന്‍ അവള്‍ക്കൊരു പ്രണയകുറിപ്പ് എഴുതി കൊടുത്തിരുന്നു.
– എഴുതിയിതെന്താണെന്ന് ഓര്‍ക്കുന്നുണ്ടോ?
ഞാന്‍ തലയാട്ടി. അത്രയും പരിചിതമായതിനാല്‍ അതിലെഴുതിയത് കൃത്യമായി പറഞ്ഞു കൊടുത്തു.

‘ അത്രയും പ്രിയപ്പെട്ട കാവ്യ െകക്ക്.
വിധിയുടെ ബലി മൃഗങ്ങളായിരുന്നു നമ്മള്‍. ഒരു മാര്‍ച്ചു മാസ ചൂടിയില്‍ പിരിഞ്ഞു പോവാനായിരുന്നു നമ്മുടെ വിധി. വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം.
ഒപ്പ് ‘

(എസ് എസ് എല്‍ സി പഠിക്കുകയായിരുന്ന ചേട്ടന്റെ ചൂടുള്ള ഓട്ടോഗാഫിലെ പല പേജുകളിലെ വരികളായിരുന്നു അത്. കറുത്ത ലെക്‌സി പേന കൊണ്ടായിരുന്നു എഴുതിയത്. കറുത്ത കളര്‍ കാലപ്പഴക്കം കാരണം വയലറ്റു നിറത്തോട് ചേര്‍ന്നിരുന്നു. വിരലോളം നീളമുള്ള സ്‌കെച്ചു പേനകള്‍ കൊണ്ട് ശ്രമപ്പെട്ട് ഒരു പനിനീര്‍ മൊട്ട് വരച്ചിരുന്നു. അത് പരാജയപ്പെട്ടപ്പോള്‍ പച്ച നിറം വെച്ച് ഓലകള്‍ വരച്ചു ചേര്‍ത്ത് കുഴപ്പമില്ലാത്ത നിറയെ തേങ്ങകളുള്ള ഒരു മുറ്റന്‍ കേരവൃക്ഷമായി ചിത്രം രൂപാന്തരം പ്രാപിച്ചിരുന്നു. ചുവന്ന മഷി കൊണ്ട് അവിടെയിവിടെ ചില ലവ് ചിഹ്നങ്ങളും എളുപ്പത്തില്‍ ചില നക്ഷത്രങ്ങും വരച്ചിരുന്നു. ലവ് ചിഹ്നങ്ങള്‍ക്ക് മാവിലകളുമായി സാമ്യം തോന്നിയത് എനിക്കു മാത്രമായിരുന്നോ? ആവോ!)

– അതിനു ശേഷം ഞങ്ങള്‍ കണ്ടത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. രണ്ടു പേരുടേം ഹൈസ്‌ക്കൂള്‍ പഠനം ഒരേ പഞ്ചായത്തിലെ രണ്ടു സ്‌കൂളിലാണെങ്കില്‍ പോലും കാണാന്‍ പറ്റിയില്ല. ഇന്ത്യയെന്റെ രാജ്യമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും യഥാര്‍ത്ഥത്തില്‍ ഞാന്‍ ജീവിച്ചു പോന്ന പഞ്ചായത്തിലെ പത്താം വാര്‍ഡിനപ്പുറത്തേക്ക് എനിക്കൊരു ലോകമില്ലായിരുന്നു. ആ അവധികാലത്ത് ഒന്നു രണ്ടു തവണ അവളേം കൂട്ടി മാരുതി 800 കാറില്‍ കൂലോത്ത് അടക്കപെറുക്കാന്‍ പോന്നത് ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. ഇടക്കിടെ അവള്‍ തലകറങ്ങി വീണത് ഓര്‍ത്തെടുക്കുമായിരുന്നു. ചിത്രഗീതങ്ങളിലെ സിനിമാപ്പാട്ടുകളില്‍ ഞങ്ങള്‍ നൃത്തം ചെയ്യുമായിരുന്നു.
– എത്ര മനോഹരമായ സ്വപ്‌നം!!!
– അത്രയും മനോഹരമായ നടക്കാത്ത സ്വപ്നം.
-പിന്നെയും നിങ്ങള്‍ കണ്ടു മുട്ടിയല്ലോ..അതെവിടെ വെച്ചിട്ടാ?
– അത് മറ്റൊരു കഥ.
– പെട്ടന്ന് പറഞ്ഞു തീര്‍ക്കണം ഇറങ്ങണ്ട സമയമായി സാറെ..

അവളെന്റെ ചെവിയില്‍ ഓര്‍മ്മിപ്പിച്ചു.
– ബിരുധാനന്തര ബിരുദത്തിനുള്ള സ്‌പോട്ടഡ്മിഷന് വേണ്ടി ഞാന്‍ കാസറഗോഡ് നിന്നും തലസ്ഥാനത്തേക്ക് പോയപ്പഴാണ് കാകെയെ വീണ്ടും കണ്ടത്.
– ട്വിസ്റ്റാണല്ലോ മന്ഷ്യാ..
– പിന്നല്ലാതെ. സെനറ്റ് ഹാളില്‍ ആയിരങ്ങള്‍ക്കിടയില്‍ അവളെ ഞാന്‍ കണ്ടു പിടിക്കുന്നു. കാകെ എന്നുച്ചത്തില്‍ വിളിക്കുന്നു. അവളെന്നെ നോക്കുന്നു.
– പുളുവടിയാണെങ്കിലും കേള്‍ക്കുമ്പോള്‍ തെല്ലൊരു സുഖമൊക്കെ കിട്ടുന്നുണ്ട്.
– ശെടാ…സത്യങ്ങളൊക്കെ അവിശ്വാസിയായോ…
– ചിലനേരത്ത് അവിശ്വാസങ്ങളാടാ രസം…

ഇറങ്ങേണ്ടതിന്റെ മൂന്നു സ്റ്റോപ്പു മുമ്പേ ഞങ്ങള്‍ സീറ്റൊഴിഞ്ഞ് നിന്നു. ഉയരക്കുറവ് കാരണം കാകെ സീറ്റ് കമ്പിയില്‍ തന്നെ മുറുകെ പിടിച്ചു. ഞാന്‍ യാത്രക്കാരെ മാറി മാറി ശ്രദ്ധിച്ചു. ഒരു പാട് വേവലാതികളുടെ കൂട്ടയോട്ടത്തിലാണല്ലോ ഞങ്ങളുമെന്ന് തോന്നി. ഇറങ്ങേണ്ടുന്നതിന്റെ ദൂരം കുറഞ്ഞു കുറഞ്ഞു വരുമ്പോള്‍ അവളെന്നെ ഇടം കൈ കൊണ്ട് കൂടുതല്‍ ചേര്‍ത്തു പിടിച്ചു. അവളുടെ മൂക്കുത്തി പിന്നെയും പിന്നെയും തിളങ്ങി വന്നത് ഞാന്‍ കാണാതിരുന്നില്ല. ബസിന്റെ കുലുക്കത്തില്‍ ഇടക്കിടെ എന്റെ ബാലന്‍സ് നഷ്ടപ്പെട്ടു. പാറി കളിക്കുന്ന അവളുടെ മുടിനാരുകള്‍ എനിക്ക് കൗതുകമായി. ചെവിക്കു പിറകില്‍ അവളത് ശ്രമപ്പെട്ട് കോതിയൊതുക്കുമ്പോള്‍ ഞാന്‍ അവളെ തന്നെ നോക്കി.
– സ്‌പോട്ടഡ്മിഷനൊക്കെ ഒരുതരം സ്‌പോട്ടാല്ലേ…
– വെറും സ്‌പോട്ടല്ലടാ… ഒരുതരം അല്‍-സ്‌പോട്ടാണ്.

ബസ് ചാഞ്ഞപ്പോള്‍ സീറ്റ് കമ്പി മുറുക്കെ പിടിച്ച് അവള്‍ പറഞ്ഞു.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here