കുരക്കാത്ത പട്ടികൾ

6
975

നദീർ കടവത്തൂർ

രാത്രി ഫുട്‌ബോൾ കണ്ടുറങ്ങിയതിനാൽ നേരം വൈകിയാണുണർന്നത്‌. എഴുന്നേറ്റപ്പോഴും തൊട്ടടുത്ത കിടക്കകളിൽ നിന്നും കൂർക്കംവലി തുടർന്നുകൊണ്ടേയിരിക്കുന്നുണ്ട്‌. ആരേയും അറിയിക്കാതെ മെല്ലെ എഴുന്നേറ്റ്‌ വേഗം കുളിമുറിയിലേക്ക്‌ കയറി. ബാത്ത്‌റൂമിനു വേണ്ടി അടിപിടി തുടങ്ങുന്നതിനു മുമ്പ്‌ കുളിച്ചിറങ്ങാലോ. അകത്തേക്കു കയറി വാതിൽ കുറ്റിയിട്ടിട്ടില്ല, പുറത്ത് റോഡിൽ നിന്നും വാഹനം ബ്രേക്കിടുന്ന അലർച്ച. കൂടെ നിലവിളി ശബ്‌ദവും. ഒരു നിമിഷം ഹൃദയം സ്‌തംഭിച്ചു പോയി. കുളിമുറി തുറന്ന്‌ ഞാൻ പുറത്തേക്കോടി. വാഹനത്തിന്റെ ശബ്‌ദവും എന്റെ ഓട്ടവും കണ്ട്‌ ഉറങ്ങിക്കിടക്കുന്നവരെഴുന്നേറ്റെന്നു തോന്നുന്നു. ഹോസ്‌റ്റലിന്റെ ഒന്നാമത്തെ നിലയിൽ നിന്നും ജനലിലൂടെ ഞാൻ റോഡിലേക്ക് നോക്കി. ഒരു പട്ടി റോഡിനു നടുവിൽ കിടന്നു കൈകാലിട്ടടിച്ചു പിടയുന്നുണ്ട്‌. റോഡു മുറിച്ചുകടന്നതാകണം. അൽപം മുന്നിൽ നിർത്തിയ കാറിൽ നിന്നും ഒരാൾ പട്ടിയെത്തന്നെ നോക്കി പെട്ടെന്നു കാറെടുത്തു പാഞ്ഞു പോയി. ഇടിച്ചിട്ട വാഹനമാണ്‌. നാട്ടുകാർ കണ്ടാൽ പണി കിട്ടുമെന്നറിഞ്ഞ്‌ തടിയെടുത്തതാണ്‌. വേദന സഹിക്കാതെയുള്ള പട്ടിയുടെ മോങ്ങൽ ചെവിയിലേക്കിരച്ചു കയറുകയാണ്‌. എന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതായി എനിക്കു തോന്നി.

കോളേജിൽ അഡ്‌മിഷനെടുക്കുമ്പോൾ ബൈപ്പാസിനു തൊട്ടടുത്ത്‌ തന്നെയാണ്‌ ഹോസ്‌റ്റൽ എന്നറിഞ്ഞപ്പോൾ ഒരാശ്വാസമായിരുന്നു. ഏതു പാതിരാത്രി വന്നാലും വാഹനം കിട്ടാതെ കഷ്‌ടപ്പെടേണ്ടി വരില്ല. റെയിൽവേ സ്‌റ്റേഷനും ബസ്‌സ്ന്റാന്റും തൊട്ടടുത്തു തന്നെ. ആഹാ എന്തൊരാശ്വാസം.

രാത്രി ഇരമ്പിപ്പായുന്ന ടാങ്കർലോറികളുടെയും ഇടവിട്ടിടവിട്ടു കേൾക്കുന്ന ആംബുലൻസുകളുടെയും ശബ്‌ദത്തിനിടയിൽ ഉറങ്ങാൻ അൽപ ദിവസത്തെ പരിശ്രമം ആവശ്യമായി വന്നു. ഒരാഴ്ച കൊണ്ട്‌ എല്ലാം ശീലമായി. രാത്രിയുടെ കൂരിരുട്ടിലേക്ക്‌ ആ ശബ്‌ദങ്ങളെല്ലാം ഓടിയൊളിച്ചു പോയ പോലെ.

ഹോസ്‌റ്റലിൽ താമസം തുടങ്ങി ഒരാഴ്‌ച കഴിയുന്നതിനു മുമ്പു തന്നെ വാഹനം പെട്ടെന്നു ബ്രേക്കിട്ടു നിർത്തുന്ന ശബ്‌ദം മനസ്സിനെ പിടിച്ചു കുലുക്കി. റോഡിൽ ഒരു ബൈക്കു മറിഞ്ഞു കിടക്കുന്നു. തൊട്ടടുത്തു കിടക്കുന്ന ഹെൽമറ്റ്‌ നിറയെ ചോര. അപകടത്തിൽ പെട്ടവരെ പെട്ടെന്ന് ഹോസ്‌പിറ്റലിലെത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. റോഡുമുറിച്ചു കടന്ന അമ്മയെ മക്കൾക്ക്‌ നഷ്‌ടപ്പെട്ടിരുന്നു. കൂടിനിന്ന ആളുകളിൽ നിന്നും തൊട്ടടുത്ത്‌ കട നടത്തുന്ന ചേട്ടനാണ്‌ അപകട പരമ്പരകളുടെ ചരിത്രം വിവരിച്ചു തരുന്നത്‌. ചേട്ടന്റെ കടക്കടുത്ത്‌ മൂന്നു വർഷം മുമ്പ്‌ അപകടത്തിൽ പെട്ടു തകർന്ന ഒരു കാർ ഇപ്പോഴും ബാക്കിയായി കിടക്കുന്നുണ്ട്‌. ‌അപകടത്തിൽ പെട്ട കാറൊന്ന്‌ നന്നാക്കാൻ പോലും ഒരാളെ ബാക്കിവെക്കാതെ മരണം കുടുംബത്തിലെ എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോയത്രെ.

ഒരിക്കൽ രാത്രി ഞങ്ങൾ എല്ലാവരും നോക്കിനിൽക്കെയാണ്‌ കാറുതട്ടി ഒരു ബൈക്ക്‌ യാത്രക്കാരൻ റോഡിലേക്ക്‌ വീഴുന്നത്‌. കൂട്ടുകാരെല്ലാം റോഡിലേക്ക്‌ ഓടിയപ്പോഴും അനങ്ങാൻ പറ്റാത്ത വിധം എന്റെ കാലുകൾ തരിച്ചു പോയിരുന്നു. ചതഞ്ഞരഞ്ഞ്‌ കഷ്‌ണങ്ങളായി ചോരയൊഴുകുന്ന മനുഷ്യാവയവങ്ങൾ കാണാൻ മാത്രം എന്റെ മനസ്സിനുറപ്പില്ല. അതു കണ്ടാൽ രണ്ടു ദിവസത്തേക്ക്‌ പനിപിടിക്കും. ചുമരിലേക്കു ചാരിവെച്ച പ്രതിമ പോലെ ഞാൻ അവിടെത്തന്നെ നിന്നു. അപകടം നടന്നിട്ടും തിരിഞ്ഞു നോക്കാത്ത ഒരു ക്രൂരനെ സോഷ്യൽമീഡിയയിൽ ശകാരവർഷം നടത്തിയത്‌ പെട്ടെന്ന്‌ മനസ്സിലേക്ക്‌ കടന്നുവന്നു. അയാളിൽ ഞാൻ കാണാതിരുന്ന ദുർബലമായ മനസ്സ്‌ എനിക്കെങ്ങനെയുണ്ടായാവോ?!

പട്ടി കിടന്നു പിടയുക തന്നെയാണ്‌. ഏങ്ങലിന്റെ ശബ്‌ദം കുറഞ്ഞു കുറഞ്ഞു ‌ഇല്ലാതായി. റോഡിലൂടെ വാഹനങ്ങൾ ഒഴുകുന്നുണ്ട്‌. ആരും കാണുന്നില്ല ഈ പിടയലും ഏങ്ങലുമൊന്നും. മരണവെപ്രാളത്തിലുള്ള അതിന്റെ ദേഹത്തു കൂടെ വാഹനം കയറ്റാതെ ഒരു ഭാഗത്തുകൂടി വാഹനം ഓടിച്ചു പോകുന്നതു തന്നെ വലിയ കാരുണ്യമായിക്കരുതാം. മനുഷ്യജീവൻ രക്ഷിക്കാൻ ചീറിപ്പായുന്ന ഒരു ആംബുലൻസ്‌ സൈറൺ മുഴക്കി, പിടയുന്ന ജീവനരികിലൂടെ കടന്നു പോയി. ഉച്ചത്തിലുള്ള ഏങ്ങൽ കേട്ടിട്ടാണെന്നു തോന്നുന്നു അയൽവീട്ടിലെ കൂട്ടിൽകിടക്കുന്ന നായ ഉറക്കെ കുരക്കുന്നുണ്ട്‌. ആരു കേൾക്കാൻ. എല്ലാവരും ഓട്ടത്തിലാണ്‌. നെട്ടോട്ടത്തിൽ. അതിനിടെ ഒരു പട്ടിയെ നോക്കാൻ ആർക്കു സമയം. എല്ലാവരും എന്നെപ്പോലെ ദുർബല മനസ്‌കരായോ!. അതോ എല്ലാവരുടേതും പോലെ ദുർബല മനസ്സു പറഞ്ഞ്‌ ഞാൻ കാരണം കണ്ടെത്തുകയാണോ? അല്ലെങ്കിലും പേടിക്കേണ്ടത്‌ കുരക്കുന്ന പട്ടികളേയല്ല. ഒന്നിനും പ്രതികരിക്കാതെ മൗനികളാകുന്ന കാരണങ്ങൾക്കു പിന്നിലൊളിക്കുന്ന കുരക്കാത്ത പട്ടികളേയാണ്‌.

പട്ടിയുടെ പിടച്ചിൽ നിലച്ചെന്നു തോന്നി‌ തിരികെപ്പോകാനൊരുങ്ങിയപ്പോഴാണ്‌‌ ഒരു ലോറിക്കാരൻ വന്ന്‌ അതിനടുത്തായി ബ്രേക്കിട്ടത്‌. ജനലിലൂടെ തലപുറത്തേക്കിട്ടു അയാൾ പട്ടിയെ നോക്കി. ടയറുകൾ പട്ടിയുടെ തലക്ക്‌ നേരെയാക്കി ലോറിയെടുത്തു. ഞാൻ കണ്ണുകൾ പൂട്ടി, കൈകൊണ്ട്‌ ചെവികളടച്ചു പിടിച്ചു. നേർത്ത ഒരു തേങ്ങൽ വിരലുകൾക്കിടയിലൂടെ എന്നിട്ടും ചെവിയിൽ പതിച്ചു. കഴിഞ്ഞിരിക്കുന്നു ആ പിടച്ചിൽ. ഇഞ്ചിഞ്ചായി പിടഞ്ഞു തീരുന്നതില്ലാതാക്കാനാകണം അയാൾ ഈ കടുംകൈകാണിച്ചത്‌. തിരിഞ്ഞു നോക്കാതെ ഞാൻ കുളിമുറിയിലേക്കു പോയി.

വൈകുന്നേരമാകുമ്പോഴേക്കും വാഹനങ്ങൾ കയറിയിറങ്ങി പട്ടിയുടെ ശരീരം റോഡിലാകെ പരന്നു കഴിഞ്ഞിരുന്നു. രാത്രി പെയ്‌ത മഴയിൽ അവ ഏതോ തോട്ടിലോ പുഴയിലോ അലിഞ്ഞു ചേർന്നിട്ടുണ്ടാവണം.

രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം റോഡുമുറിച്ചു കടക്കുമ്പോഴാണ്‌‌ ജഡാവശിഷ്‌ടങ്ങൾ ചേർന്ന്‌ റോഡിൽ ഒരു നേർത്ത വര രൂപപ്പെട്ടത്‌ ഞാൻ ശ്രദ്ധിച്ചത്‌. വരച്ചു തുടങ്ങിയ ഒരു സീബ്രാലൈൻ പോലെ..

വര: സുബേഷ് പത്മനാഭന്‍

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here