ദയവ്

0
422
Shinod 1200

കവിത
ഷിനോദ്

അപരിചിതന്റെ ദയവ് ക്രൂരമാണ്.
അത്
പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു.
സാമാന്യത്തെ നിഷേധിക്കുന്നു.
സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന്
തെറ്റിദ്ധരിപ്പിക്കുന്നു.
പ്രത്യാശകളിലേക്ക്
നിങ്ങളെ ഒറ്റുകൊടുക്കുന്നു.
 
നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു
നിങ്ങളെത്തൊട്ട യാഥാർത്ഥ്യം.
അടയാളങ്ങളിൽ അർത്ഥം കാണാതുഴന്നതായിരുന്നു
തീർത്ഥയാത്രകൾ.
പേരില്ലാത്ത പൂർവ്വികരുടെ വംശാവലിയായിരുന്നു
ചരിത്രം.
തോറ്റുപോയ മത്സരങ്ങളായിരുന്നു
ഓർമ്മ.
ഉള്ളതിനെക്കുറിച്ച തീർച്ചകളായിരുന്നു
അതിജീവനം.
 
ദയവ്
എല്ലാറ്റിനേയും മാറ്റുന്നതായി നടിക്കുന്നു.
 
ഇനിയുമൊരു ബലിക്ക്
താനുണ്ടാകുമോ എന്നറിയാത്തവന്റെ സുവിശേഷത്തിൽ
ത്യാഗത്തിന്റെ കുരിശ്ശുമരണത്തെ
ഉയിർപ്പിന്നുള്ള കുരുതിയാണെന്ന് സ്നാനപ്പെടുത്തിയത്
പൊടുന്നെ വിശ്വസിക്കാവതാകുന്നു.
വിശ്വസിക്കുന്നവർക്കുവേണ്ടി വെള്ളം വീഞ്ഞാകുമെന്നും
വെളിച്ചംകൊണ്ടും വീടുണ്ടാക്കാമെന്നും
പ്രത്യാശയുടെ പ്രച്ഛന്നരൂപങ്ങൾ സംഭവിക്കുന്നു.
സംഭവങ്ങളുടെ മൂല്യം കുഴമറിയുന്നു.
 
ദയവിന്റെ അപരിചിതത്വം ക്രൂരമാണ്.
അത് നിങ്ങളെ കരയിക്കുന്നു
അതുവരേക്കുമുണ്ടായിരുന്ന ആൾ അല്ലാതാക്കുന്നു
അതിജീവനത്തെ ഒരു സമസ്യയാക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here