ഷാജി ഹനീഫ്
‘ഗുർബംഗുലി മാലിക് ഗുലിയോവിച് ബെർദി മുഹമ്മദോവ്’ പേരിൽ തന്നെയുണ്ട് ഒരു സവിശേഷത. ഇദ്ദേഹമാണ് ‘തുർക്ക്മെനിസ്ഥാൻ’ എന്ന ഈ രാജ്യത്തെ ഭരണാധിപൻ (President)! അഞ്ചാറ് കൊല്ലം മുമ്പ് (2013) ആദ്യമായാണ് ഇമാറാത്തിന്റെയും ഒമാന്റെയും ചില മന്ത്രിമാർക്കും മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾക്കുമൊപ്പം ഒരേ വിമാനത്തിൽ ഡെലിഗേറ്റുകളായി സഞ്ചരിക്കാൻ ഭാഗ്യമുണ്ടായത്. ഒപ്പം സഹയാത്രികനായി പ്രിയ കൂട്ടുകാരനും കമ്പനി മുഖ്യനുമായ പ്രസാദുമുണ്ട്. ഒന്നര മണിക്കൂറിലേറെയുള്ള വ്യോമ യാത്രക്കുശേഷം ഞങ്ങൾ അഷ്ക്കാബാദ് എയർപോർട്ടിലിറങ്ങി. മറ്റു സഹയാത്രികർ കൃത്യമായ നിയമാനുസൃത വഴിയിലൂടെ പോയി. ഞങ്ങളെ മാത്രം വിമാനത്തിലിരുത്തി. ഒരു രാജകീയ വാഹനം വിമാനത്തിനടുത്തേക്ക് വന്നു. ഞങ്ങളെ കയറ്റി കൊട്ടാരസദൃശ്യമായ ഒരിടത്തേക്ക് കൊണ്ടുപോയി. പാസ്പോർട്ടുകൾ വാങ്ങി ഒരാൾ എൻട്രി (ആഗമനം) അടിച്ച് ഞങ്ങളുടെ സാധന സാമഗ്രികൾ (Luggage) കൈവണ്ടിയിൽ വച്ച് ക്ഷണിച്ചു. ഞങ്ങൾ അവർ പറഞ്ഞ ഒരു ബസ്സിൽ കയറി ‘അഷ്കാബാദ് യിൽദിസ്’ എന്ന് പേരുള്ള ഒരു സപ്ത നക്ഷത്ര ഹോട്ടലിലെത്തി.
വിതാനിച്ച വിരിപ്പുകൾക്കിരുവശവും അലങ്കരിച്ച പൂക്കൾ, വർണ്ണ വസ്ത്രം ധരിച്ച തൊപ്പിയിട്ട പെൺകുട്ടികൾ. ആണുങ്ങളൊക്കെ കോട്ടുധാരികളാണ്. സോവിയറ്റ് യൂനിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ December 26, 1991 ന് ശേഷം ‘സഫർ മുറാദ് നിയാസി’യുടെ ഏകാധിപത്യ ഭരണം 2006 വരെ തുടർന്നു. ഇഷ്ട രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കമ്പനികളുടെ കൂട്ടത്തിൽ ഞങ്ങളും പെടാൻ തുർക്കുമെൻ കായിക മന്ത്രിയുമായുള്ള സൗഹൃദവും കാരണമായിരുന്നിരിക്കാം. സൗജന്യമാണ് എല്ലാം! (വിസ,ടിക്കറ്റ്, താമസം, ഭക്ഷണം,സമ്മാനങ്ങൾ, വിനോദയാത്ര…) മാത്രമല്ല പോരുമ്പോൾ ഒരു യോഗ്യതാ പത്രവും (Diploma) നൽകി.
റഷ്യയടക്കം പല രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും പഴയ റഷ്യയിൽപ്പെട്ട ഏകാധിപത്യമുള്ള പുതു രാജ്യത്തിലേക്കിത് പ്രഥമ യാത്രയായിരുന്നു. മരുപ്രദേശമെങ്കിലും അകലെയുള്ള ഗിരിശൃംഗങ്ങളിൽ ഹിമക്കട്ടകൾ ദൃശ്യമായിരുന്നു. അവർ ഒരുക്കിയ ആഢംബര ഹോട്ടലിലെ ജാലകങ്ങൾ തുറന്നാൽ തണുത്ത കാറ്റിനൊപ്പം അവ ദൃശ്യമാകും. ഹോട്ടലിനു താഴെ തെരുവിൽ കനൽപ്പുറത്ത് ഇറച്ചി ചുടുന്നുണ്ടായിരുന്നു ചിലർ.
https://athmaonline.in/product/burdubai-kathakal/
ദേശീയ ദിനത്തിനോടനുബന്ധിച്ച് എല്ലാ വർഷവും നടത്തി വരുന്ന ആഘോഷത്തിന്റെ ഭാഗമാണ് ഈ സംഗമം. പത്തൻപതോളം വിവിധ രാഷ്ട്രക്കാരായ പ്രതിനിധികൾ എത്തിയിരുന്നു. അതിൽ ‘നിക് അബദുൾ റഹ്മാൻ’ എന്ന ഒരു മലേഷ്യൻ ഡോക്ടറുമുണ്ടായിരുന്നു. മാൾബറോ പരസ്യത്തിലെ കൗബോയിയെപ്പോലെ തലയിൽ ഒരു സ്ലാഷ് ഹാറ്റും വച്ച് പിരിച്ച് കൂർപ്പിച്ച മീശയും പഴയ ഹിന്ദി നടൻ ‘ഡാനി’യെപ്പോലെ ഇറുകിയ കണ്ണുകളുമുള്ള ഒരാൾ.
കുതിരപ്പാലിൽ നിന്ന് ക്യാൻസറിനും ഡെങ്കിക്കും മരുന്ന് വികസിപ്പിച്ചെടുക്കുന്ന ഗവേഷണത്തിലാണ് പുള്ളി. ഇന്തോനേഷ്യയിലും മലേഷ്യയിലുമായി ആയിരക്കണക്കിന് കുതിരകളുള്ള ഫാമുണ്ടത്രേ അയാൾക്ക്, ഒരു ചെയിൻ സ്മോക്കർ! നിർത്താതെയുള്ള വലി ദോഷം ചെയ്യില്ലേ എന്ന് ചോദിച്ചപ്പോൾ ‘പരീക്ഷണ വസ്തുവായി വേറെ ശരീരം തിരയേണ്ടല്ലോ’ എന്ന കറുത്ത ഹാസ്യം പറഞ്ഞ് അയാൾ ചിരിച്ചു.
ഉച്ചഭക്ഷണശേഷം അന്നാട്ടിലെ ഞങ്ങളുടെ കമ്പനി ഏജൻറായ മിർദാൻ എന്ന ചെറുപ്പക്കാരൻ വന്നു, അവനോടൊപ്പം രാവ് മയങ്ങുവോളം ഒരു നഗരപ്രദക്ഷിണം. 1985 ൽ തുടങ്ങി 2006 മരിക്കും വരെ രാജ്യം ഭരിച്ച ഏകാധിപതി ‘സഫർ മുറാദ് നിയാസി’ക്ക് ശേഷം ഭരണത്തിലേറിയ ‘ബെർദി മുഹമ്മദേവ്’ തന്നെയാണ് അതേ ശൈലിയിൽ ഭരണം കയ്യാളുന്നതെങ്കിലും അറുപത് ലക്ഷത്തോളം വരുന്ന പൗരന്മാർക്ക് ഒത്തിരി ആനുകൂല്യങ്ങളുണ്ട്. കറന്റും വെള്ളവും ഇന്ധനവും തികച്ചും സൗജന്യമാണ്. ഏക രാഷ്ട്രീയ പാർട്ടി മാത്രമേ ഉള്ളൂ. അഞ്ചാണ്ട് കൂടുമ്പോൾ പേരിനൊരു തിരഞ്ഞെടുപ്പുണ്ടാകും. ഇദ്ദേഹവും പിന്നെ രണ്ട് മൂന്ന് ഡമ്മികളുമായിരിക്കും മത്സര രംഗത്ത്.
ആത്മ ഓൺലൈൻ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
അഷ്കബാദ് നഗരം വളരെ മനോഹരമാണ്. കൂടുതൽ ആളുകളും (എട്ട് ലക്ഷത്തോളം) പാർക്കുന്നത് ഈ നഗരത്തിലാണെങ്കിലും തെരുവുകൾ വിജനമായിരുന്നു. നല്ല വെടിപ്പുള്ള വെളുത്ത അംബരചുംബികൾ, പക്ഷേ താഴെ നിലകളിൽ ഒന്നോ രണ്ടോ ഓഫീസുകൾ മാത്രമേ പ്രവൃത്തിക്കുന്നുള്ളൂ! മിർദാനോട് കാരണം തിരക്കിയപ്പോൾ ‘തലസ്ഥാനം’ മറ്റു രാജ്യ തലസ്ഥാനങ്ങൾ പോലെ കെട്ടിടങ്ങൾ നിറഞ്ഞതായിരിക്കണം എന്ന് പ്രസിഡന്റിന് നിർബന്ധമാണത്രേ!
സോവിയറ്റ് യൂണിയനിൽ നിന്ന് വിട്ടു പോന്നതിന് ശേഷമുള്ള ‘പുരോഗതി’യാണതൊക്കെ. മാർബിൾ പതിപ്പിച്ച പോലുള്ള റോഡുകൾ മോപ്പുപയോഗിച്ച് തുടക്കുന്ന സ്ത്രീകളെ കണ്ടു. പ്രകൃതി മൂലകങ്ങളും ക്രൂഡോയിലും ദ്രവവാതക ഇന്ധനവും (LPG) കൊണ്ട് അതിസമ്പന്നമായ രാജ്യമാണെങ്കിലും പ്രതിഷേധിക്കാനോ പ്രതികരിക്കാനോ എന്തിന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പോലുമുള്ള സ്വാതന്ത്ര്യമില്ല! അടിസ്ഥാന ആവശ്യങ്ങളൊക്കെ സൗജന്യമായിരുന്നിട്ടും പലരിലുമുള്ള നിർവികാരത അതിനാലാകാം.
രാവിലെ ഒമ്പതിന് റെഡിയായി ലോബിയിലെത്തണമെന്ന അറിയിപ്പു തന്നു റിസപ്ഷനിസ്റ്റ്. ആദ്യ ദിവസം ഒരു കോൺഫറൻസായിരുന്നു. ഓരോ അതിഥികൾക്കും സഹായികളായി രണ്ട് പേർ വീതം, ആംഗല പരിജ്ഞാനമുള്ള കലാലയ വിദ്യാർത്ഥികളായ ഒരാൺകുട്ടിയും പെൺകുട്ടിയും. ഭവ്യവും സ്നേഹോഷ്മളവുമായ പെരുമാറ്റത്താൽ അവർ ഞങ്ങളെ അതിശയിപ്പിച്ചു. ചില ഉപചാര വാക്കുകൾ പഠിപ്പിച്ചു തന്നു. ‘യെഗ്ദായ് ലാറിനിസ് നെഹിലി’ (സുഖമാണോ), ‘സഗ്ബോൽ’ (നന്ദി) തുടങ്ങി… കൂട്ടത്തിലല്പം കായിക ശേഷി കൂടുതലുള്ള ‘സെലേന’ എന്ന പെൺകുട്ടി ഇന്ത്യ അവൾക്കേറെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ലോക ‘കബടി’ ചാമ്പ്യൻഷിപ്പിനായി ലുധിയാനയിൽ വന്നിട്ടുണ്ടത്രേ അവൾ.
ഇൽഹാം, ഇസ്ഗന്ദർ എന്ന യുവാക്കളും അലീന, മ്യാഹ് രി എന്നീ പെൺകുട്ടികളുമാണ് സേവന സന്നദ്ധരായി അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. നൂറു കണക്കിന് മുറികളുള്ള ഹോട്ടലിൽ ഈ പരിപാടിയുടെ അതിഥികൾ മാത്രമേ ഉള്ളൂ! കവാടങ്ങളിലും വശങ്ങളിലും സഞ്ചാര പാതകളിലും അതിഥികൾക്ക് കനത്ത സുരക്ഷ ഒരുക്കിയിരുന്നത് എന്തിനാണെന്ന് മനസ്സിലായില്ല.
ശൗചാലയമടക്കം സർവ്വസൗകര്യങ്ങളുമുള്ള ബസുകളിലാണ് ഞങ്ങൾ കോൺഫറൻസ് ഹാളിലേക്ക് പോയത്. മുന്നിലും പുറകിലുമായി സുരക്ഷയൊരുക്കി സൈറൻ മുഴക്കി കോൺവോയ് വാഹനങ്ങൾ. പുറത്തെ ചാറ്റൽ മഴയും തണുത്ത കാറ്റും വകവെക്കാതെ തെരുവിലും ദൂരെ മലമുകളിലും റോന്തുചുറ്റുന്ന പട്ടാളക്കാരെ കണ്ടു. വളരെ വൃത്തിയും ഹരിതാഭവുമായ തെരുവുകൾ. യാത്രികരും വാഹനങ്ങളും വിരളമായത് ഞങ്ങളുടെ സഞ്ചാര പാത സുഖമമാക്കാൻ നിയന്ത്രണം വരുത്തിയതിനാലാണ് പോലും.
കറുത്ത സൂട്ടും വർണ്ണത്തൊപ്പിയും വച്ച ആൺകുട്ടികൾ, വെൽവെറ്റ് തുണിയിൽ തയ്ച്ച മുഴുനീളൻ കുപ്പായമാണ് പെൺകുട്ടികളുടെ വേഷം. ചിലർ മാത്രം മേൽക്കുപ്പായവും തലപ്പാവും ധരിച്ചിട്ടുണ്ട്.
സഹയാത്രികനായ ഡോക്ടർ ‘നിക്കിന്’ കോൺഫറൻസിൽ ആ പ്രബന്ധം അവതരിപ്പിക്കാനുണ്ട് (കുതിരപ്പാലിൽ നിന്ന് ക്യാൻസറിനും ഡങ്കിക്കുമുള്ള മരുന്ന് വികസിപ്പിച്ചതിനെക്കുറിച്ച്). ഒത്തിരി വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച ബഹുമതിപത്രങ്ങളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകളുടേയും കോപ്പികൾ അദ്ദേഹം ഞങ്ങൾക്ക് അഭിമാനത്തോടെ കാണിച്ചു തന്നു.
രണ്ടാം ദിവസം അതിരാവിലെ മണി അഞ്ചിന് ലോബിയിലെത്തണമെന്നും പ്രസിഡന്റ് പങ്കെടുക്കുന്ന ഒരു പരിപാടിയിലേക്കാണെന്നും പറഞ്ഞു ഒരു ഓഫീസർ. അഞ്ചരക്ക് ബസുകൾ പുറപ്പെട്ടു മുന്നിലും പുറകിലും സുരക്ഷാ സംഘത്തിന്റെ അകമ്പടി വാഹനങ്ങളുണ്ട് അപ്പോഴും. അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ മാത്രമായിരുന്നു ആ നാലഞ്ച് ബസുകളിലായി ഉണ്ടായിരുന്നത്.
കൊപേട്ദാഗ് അവന്യൂ (Kopetdag Avenue)വിലുള്ള പന്തയ മൈതാനത്തിലെത്തുമ്പോൾ മണി പകൽ ആറര. പത്ത് ഡിഗ്രിയിൽ താഴെയുള്ള നല്ല തണുത്ത പ്രഭാതം. ഞങ്ങളെ സ്വീകരിച്ചാനയിക്കാൻ കലാലയ വിദ്യാർത്ഥികളുടെ ബാൻഡ് സംഘവും നാടോടിപ്പാട്ടുകാരും നർത്തകരും.
ബസുകളിൽ നിന്നിറങ്ങി നടന്നു നീങ്ങുന്ന ഞങ്ങൾക്കൊപ്പം ഒരേപോലുള്ള കറുത്ത സ്യൂട്ടണിഞ്ഞ ഒരു കൂട്ടം ഉദ്യോഗസ്ഥരും അനുഗമിച്ചു. ഇരിപ്പിടത്തിന്റെ മുൻവരിയിൽ മീശ വടിച്ച് നരച്ച താടിയും തലപ്പാവുമുള്ള വൃദ്ധരുടെ നീണ്ട നിര, തൊട്ടുപുറകിൽ പല വർണ്ണക്കുപ്പായമിട്ട ചുളിവുകൾ കൗതുകം വരച്ച മുഖമുള്ള വൃദ്ധകളും. അതിനു പുറകിലായി യൂണിഫോമിട്ട ഉദ്യോഗസ്ഥർ ശേഷം അതിഥികളായ ഞങ്ങൾ. ഇടയിൽ ദ്വിഭാഷികളും സഹായികളും. പന്തയപ്പാതക്ക് പുറം തിരിഞ്ഞ് ഞങ്ങൾക്കഭിമുഖമായി ഒത്തിരി സുരക്ഷാ ഭടന്മാർ. അന്നത്തെ സഹായികളായി കൂടെയുള്ള ഗുൽനാറും ഹൊർമനും വിശദീകരണങ്ങൾ തുടർന്നു കൊണ്ടിരുന്നു.
ദൂരെ ഹരിത ശൃംഗങ്ങളിൽ നിന്ന് വീശുന്ന തണുത്ത കാറ്റിനൊപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള തുർക്കുമെൻ നാടൻ ശീലുകൾ ഞങ്ങളുടെ ഹൃദയങ്ങളെ തണുപ്പിച്ച് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. പുഞ്ചിരിച്ചും പൂക്കുലകൾ വീശിയും അവർ ഞങ്ങൾക്ക് സ്വാഗത ഗാനം പാടി. ക്ഷണിക്കപ്പെട്ട സ്വദേശികളെപ്പോലും കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുന്നുണ്ടായിരുന്നുള്ളു.
സ്വാഗത സംഘത്തിലെ സേവകരിൽ (Volunteers) തലേന്നാൾ പരിചയപ്പെട്ട ‘അലീനയും മെഹറിയും’ ഞങ്ങൾക്കിരുവർക്കും മാത്രം സമ്മാനമായി അവരുടെ പാരമ്പര്യ തലപ്പാവണിയിച്ചു. യാത്രകളിൽ കരുതുന്ന ദുബായ് സമ്മാനങ്ങളിൽ ചിലത് ഞാനവർക്ക് കൊടുത്തപ്പോൾ ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ല, ‘നിങ്ങളുടെ പ്രഥമ സന്ദർശനത്തിന്റെ ഓർമ്മക്കായാണ് ഞങ്ങളുടെ ഈ കൊച്ചു സമ്മാനം’ എന്ന് പറഞ്ഞ് കൈപ്പത്തി മുഖത്ത് വച്ച് ബഹുമാനിച്ചു.നിർബന്ധിച്ചപ്പോൾ നന്ദിയോടെ അവരത് സ്വീകരിച്ചു.
“ഞാനെന്നെ എന്റെ നാടിന് സമർപ്പിച്ചിരിക്കുന്നു,
പൂക്കളും മലകളും പുഴകളും നിറഞ്ഞ എന്റെ നാടെത്ര സുന്ദരം….”
എന്ന വരികളുള്ള ദേശീയ ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. നാല് പ്രവിശ്യകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും വിദേശ അതിഥികളും നിറഞ്ഞ ഗ്യാലറി. ചെകിടടപ്പിക്കുന്ന ഗോത്രവാദ്യ സംഗീതത്തിനകമ്പടിയായി ഏകാധിപതിയായ പ്രസിഡന്റ് ‘ഗുർബംഗുലി ബെർദി മുഹമ്മദോവ്’ പരിവാര സമേതം വേദിയിൽ വന്ന് കൈവീശി ഗ്യാലറിക്ക് താഴെയുള്ള ഗ്രീൻറൂമിലേക്ക് നടന്നു.
നാലഞ്ച് ചെറുബാല്യക്കാർ തളികയിൽ വച്ച ആടയാഭരണങ്ങളോടെ അനുഗമിച്ചു. അവർ കൊണ്ടുപോയ പാരമ്പര്യവസ്ത്രവും കയ്യിലൊരു മരതകച്ചാട്ടയുമായി പുതു വേഷത്തിലദ്ദേഹം പ്രത്യക്ഷപ്പെട്ടപ്പോൾ വാദ്യഘോഷങ്ങൾ ഉച്ഛ സ്ഥായിയിലെത്തിയിരുന്നു. പന്തയപ്പാതയുടെ എതിർവശത്ത് നിന്ന് രണ്ടു മൂന്നുപേർ പൊൻനിറമുള്ള പിടയുന്ന ഒരു തദ്ദേശീയ അശ്വവുമായി വന്നു.
മുപ്പത്തി അഞ്ച് ലക്ഷം അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം ഇരുപത്തിയഞ്ച് കോടിയോളം) വിലമതിക്കുന്ന അഹൽ -ടെക്കെ എന്നതുർക്കുമെൻ വർഗ്ഗമാണ് ഈ കുതിര.അതിനു പുറത്ത് കയറിയ അദ്ദേഹം അശ്വ പാതയിലൂടെ ക്യാമറാ കണ്ണുകൾ പതിയാത്തൊരിടത്തേക്ക് പതിയെ പായിച്ച് പോയി.
സമാന വേഷവിതാനത്തോടെ നാലഞ്ച് പേർ അദ്ദേഹം പോയ വഴിയെ കുതിരയെ ഓടിച്ചു. മിനിറ്റുകൾക്കകം പന്തയം തുടങ്ങി. കാഴ്ച്ചവട്ടത്തിനപ്പുറം നിന്ന് ധൂളിയുതിർത്തു കൊണ്ട് കുതിരകൾ പാഞ്ഞു വന്നു. അദ്ദേഹം കയറിയ ‘നമ്പർ മൂന്ന്’ എന്നെഴുതിയ കുതിരയാണ് മുൻപിലെങ്കിലും സവാരിക്കാരൊക്കെ വസ്ത്ര സമാനതയാൽ കാഴ്ച്ചയിൽ ഒരു പോലിരുന്നു.
‘ഫിനിഷിംഗ് പോയിന്റ്’ കടന്നതും കുതിരപ്പുറത്തു നിന്ന് പ്രസിഡന്റ് തലയും കുത്തി വീണു! സംഗീതവും തത്സമയവിവരണവും പെട്ടെന്ന് നിലച്ചു. കാണികളും സുരക്ഷാ ഭടൻമാരും സ്തംബ്ധരായി. പറഞ്ഞു വച്ചത് പോലെ നിമിഷങ്ങൾക്കകം പെട്ടെന്നൊരു ആംബുലൻസ് വരുന്നു,കരിമ്പൂച്ചകളും മന്ത്രിപ്പടയുമടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്താതെ അതിൽ കയറ്റുന്നു,വാഹനം അതിശീഘ്രം എങ്ങോ പോകുന്നു! (പിന്നീടിതാരോ യൂട്യൂബിൽ അപ് ലോഡ് ചെയ്തത് ഇപ്പോഴും കാണാം.)
സാധാരണ ഗതിയിൽ അത്തരം വീഴ്ച്ചപറ്റിയ ഒരാൾ പിന്നെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത വളരെ കുറവാണ്. നിശ്ശബ്ദമായ മൈതാനവും ഗ്യാലറിയും. മുന്നിലിരുത്തിയ സ്വദേശി വൃദ്ധർ മാറത്തടിച്ച് കരയുന്നു. ഗായക സംഘവും ഉപകരണങ്ങളും നിശ്ശബ്ദം. മൈതാനകവാടം താഴിട്ട് പൂട്ടി സുരക്ഷാഭടൻമാർ ഇരുപുറവും കാവൽ നിന്നു.
പ്രേക്ഷകരുടെ വികാരം പകർത്താൻ ക്യാമറക്കണ്ണുകൾ ഞങ്ങളിലേക്ക് തിരിഞ്ഞു. മത്സരപാതക്ക് പ്രതിമുഖമായി നിന്നിരുന്ന സുരക്ഷാ നിര ഞങ്ങളുടെ മുഖചേഷ്ടകൾ വീക്ഷിക്കുകയായിരുന്നോ എന്ന് ഭയന്നു.
നിശ്ശബ്ദതയുടേയും അനിശ്ചിതത്വത്തിന്റേയും അരമണിക്കൂറിന് ശേഷമതാ സംഗീതവും ബാന്റ് വാദ്യവും മുഴങ്ങുന്നു. ഏവരേയും അതിശയിപ്പിച്ചുകൊണ്ട് ആ മഹാനുഭാവൻ ഒരു പോറലുമില്ലാതെ പുതുവസ്ത്രത്തിൽ സഹചരോടൊപ്പം നവോത്സുകനായി ഞങ്ങൾക്കു മുന്നിലെത്തി. സദസ്സ് ആർത്തു കയ്യടിച്ചു. നിലവിളിച്ച് നെഞ്ചത്തടിച്ച വയോധികർ ഇരുകരങ്ങളും ആകാശത്തേക്കുയർത്തി നിറകണ്ണുകളോടെ കരഞ്ഞു പ്രാർത്ഥിക്കുന്നു.
ആഹ്ലാദനൃത്തമാടുന്ന സദസ്സിനിടയിൽ വിദേശകളായ ഞങ്ങൾ മാത്രം ഒന്നും മനസ്സിലാകാതെ നിർന്നിമേഷരായി പകച്ചിരുന്നു. അപ്പോഴും ഏതോ നിരീക്ഷണക്കണ്ണുകൾ ഞങ്ങളെ വീക്ഷിക്കുന്നതായി ഭയപ്പെട്ടു. ഞങ്ങളും കൈകൾ കൂട്ടിയടിച്ച് ആനന്ദനൃത്തം ചവിട്ടി, കൂട്ടത്തിനൊപ്പം കുരവയിട്ടു (നാട്ടിലെ കുരവയുടെ അതേ ശേലും ശൈലിയും തന്നെ ഗൾഫിലും ഇവിടേയും എന്നത് അതിശയിപ്പിച്ചു.)
വേദിയിൽ വച്ച് ‘ഫെഡറേഷൻ ചെയർമാൻ’ പ്രസിഡന്റിന് കൈമാറിയ സമ്മാനത്തുകയായ ആറ് മില്യൻ അമേരിക്കൻ ഡോളറിന്റെ (ഏകദേശം നാൽപ്പത്തിരണ്ട് കോടി രൂപ) ചെക്ക് അദ്ദേഹം ഉടൻ തന്നെ ‘ഇത് ഞാൻ ജീവകാരുണ്യത്തിനായി നൽകുന്നു’ എന്ന് പറഞ്ഞ് അതുമായി ബന്ധപ്പെട്ട ഒരാൾക്ക് കൈമാറി.
നിലക്കാതെ കരഘോഷം വീണ്ടും ഉയർന്നു, അത് നിർത്താൻ അദ്ദേഹം തന്നെ അപേക്ഷിക്കേണ്ടി വന്നു. ‘നാടകാന്ത്യം’ വലിയൊരു ഡിന്നർ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും അതിഥികളും മാത്രമുള്ള പാർട്ടി. ഇന്ത്യയിൽ നിന്നും വന്നവർക്കൊപ്പം നിന്ന് മധുചഷകം ഉയർത്തി ഇത് നിങ്ങളുടെ രാഷ്ട്രപിതാവിനെന്ന് ആശംസിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ ചെവിയിൽ അവരിലൊരാൾ അരുതെന്ന് മൊഴിയുന്നത് കേട്ടു.
അന്നവും ആഘോഷവും കഴിഞ്ഞ് ഹോട്ടലിലെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. പകൽ നടന്ന സംഭവത്തെക്കുറിച്ച് ആരും പരസ്പരം ചർച്ച ചെയ്തില്ല. പിറ്റേന്നാൾ ഒരു വിനോദയാത്രയായിരുന്നു. ആദ്യം പോയത് ഹോട്ടലിൽ നിന്ന് പത്തിരുപത് കിലോമീറ്റർ അകലെ ‘യുനെസ്കോ’യുടെ ലോക പൈതൃക ഭൂപടത്തിൽ ഇടം പിടിച്ച ഒരു ചരിത്ര സ്മാരകത്തിലേക്കാണ്. പേര് ‘നിസ’ (പാർത്ത്യന്നിസ).
ഇറാനിലെ ചരിത്രപ്രസിദ്ധമായ വടക്കുകിഴക്കൻ പ്രദേശമായിരുന്നു പാർത്യൻ. ബി സി ഇരുപത്തഞ്ചാം നൂറ്റാണ്ടിൽ അർസേയ്സിസ് ഒന്നാമൻ സ്ഥാപിച്ച പാർതിയൻ സാമ്രാജ്യത്തിന്റെ കച്ചവട കേന്ദ്രമായിരുന്നു ‘നിസ’. ബിസി ഒന്നാം നൂറ്റാണ്ടിലെ വലിയൊരു ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായ അതിന്റെ അവശിഷ്ടങ്ങൾ ഒരു പ്രേതഭൂമിയെ ഓർമ്മിപ്പിച്ചു. ഹരിതാഭയില്ലാത്ത മലഞ്ചെരുവിൽ പരന്നു കിടക്കുന്ന ഈ അവശേഷിപ്പ് ഇവർ നന്നായി സംരക്ഷിക്കുന്നുണ്ട്.
ശേഷം മുൻ പ്രസിഡന്റ് സഫർ മുറാദ് നിയാസോവിന്റെ കൽപ്പന പ്രകാരം നിർമ്മിച്ച ‘നിഷ്പക്ഷ സ്മാരക ‘(Neutrality Monument) ത്തിലേക്കായിരുന്നു.
12 ദശലക്ഷം ഡോളർ (ഏകദേശം 85 കോടി) ചിലവ് വന്ന ഇതിന് മൂന്നു കാലിൽ എഴുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട്. ഏറ്റവും മുകളിൽ മുൻ പ്രസിഡന്റിന്റെ പന്ത്രണ്ട് മീറ്റർ നീളമുള്ള ഒരു സ്വർണ്ണം പൂശിയ പ്രതിമയും. സൂര്യകാന്തിപ്പൂ പോലെ സൂര്യന് അഭിമുഖമായി കറങ്ങിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആ പ്രതിമ രാത്രിയിലും പ്രകാശിക്കും!
തുടർന്ന് ‘സ്വാതന്ത്ര്യ സ്മാരകം’ (Independence Monument) ‘തൊണ്ണൂറ്റൊന്ന്’ ഒക്ടോബർ ഇരുപത്തിയേഴിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സ്മരണക്കായി ഇതിന് 91 മീറ്റർ ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ കോൺക്രീറ്റ് നിർമ്മിതിയുടെ മുകളിൽ പൊൻതിളക്കത്തിൽ 27 മീറ്ററുള്ള ഒരു ഉപഗോപുരവും പത്ത് ചതുരശ്ര മീറ്ററിലുള്ള ഒരു നിരീക്ഷണ കേന്ദ്രവുമുണ്ട്. കാഴ്ച്ചബംഗ്ലാവും പ്രദർശന ഹാളുമടക്കം എൺപത്തിനാലായിരത്തി അഞ്ഞൂറ് സ്ക്വയർ മീറ്റർ വ്യാപ്തിയുണ്ട്!
പുൽമൈതാനവും ജലധാരകളും അലംകൃതമാക്കിയ ഇതിനു നടുവിലായി മുൻ പ്രസിഡന്റിന്റെ സ്വർണ്ണ പ്രതിമയും ചുറ്റിലും ഇരുപത്തിയേഴ് ദേശ നായകരുടെ പ്രതിമകളുമുണ്ട്. മരണശേഷം അടക്കം ചെയ്യാൻ മുൻ പ്രസിഡന്റ് രണ്ടായിരത്തി നാലിൽ പണി തീർത്തതാണ് പതിനായിരം പേർക്ക് പ്രാർത്ഥനാ സൗകര്യമുള്ള ‘തുർക്കുമെൻ ബാസി റൂഹി മോസ്ക്’.
നിർമ്മിച്ച് രണ്ട് വർഷത്തിന് ശേഷം അദ്ദേഹം മരണപ്പെട്ടു.
ഖുർആന് സമാനമായി പ്രസിഡന്റ് സഫർ മുറാദിന്റെ ആത്മാംശമുള്ള ഗ്രന്ഥമായ ‘റൂഹ് നാമയും’ മസ്ജിദിൽ പ്രഥമസ്ഥാനത്താണ്. താൻ ദൈവവുമായി സംവദിക്കാറുണ്ടെന്നും ജീവിതത്തിൽ മൂന്നുവട്ടം ‘റൂഹ് നാമ ‘വായിക്കുന്നവർക്ക് സ്വർഗ്ഗം സുനിശ്ചിതമാണെന്നും അദ്ദേഹം പ്രചരിപ്പിച്ചു! പാഠ്യപദ്ധതിയിൽ നിന്ന് പുതിയ പ്രസിഡന്റ് മുഹമ്മദോവ് അത് നീക്കം ചെയ്തെങ്കിലും പലർക്കും അതിന്നും ഒരു ദിവ്യ ഗ്രന്ഥം തന്നെയാണ്.
വിനോദയാത്ര കഴിഞ്ഞ് ഹോട്ടലിലെത്തി, പിറ്റേന്നാൾ വലിയൊരു പരിപാടിയായിരുന്നു. അതിഥികളെ യഥാവിധി വേദിയിലേക്ക് സ്വീകരിച്ചാനയിച്ച് പേര് വിളിച്ച് ഉപഹാരവും ഒരു ഡിപ്ലോമയും തന്നു. ഉപചാര വാക്കുകളുടെ മൊഴിമാറ്റം തരുന്ന ശ്രവണികളായിരുന്നു ഞങ്ങൾക്ക് തന്നിരുന്നത് എന്നതിനാൽ അവരുടെ സ്നേഹം ശരിക്കും അറിയാൻ കഴിഞ്ഞു.
ഒടുവിലെ അത്താഴം അതിഗംഭീരമായിരുന്നെങ്കിലും എല്ലാത്തിനും ഒരു മധുര രസമായിരുന്നതിനാൽ മടുപ്പു തോന്നി. വീഞ്ഞു കുപ്പികൾക്കു മുകളിൽ പോലും പതിച്ച് വച്ചിട്ടുണ്ട് പ്രസിഡൻറിന്റെ വർണ്ണചിത്രങ്ങൾ! രാവിലെ ഞങ്ങൾക്ക് യാത്രയാകാനുള്ള ബസിൽ എയർപോർട്ടിലെത്തി. കയ്യിലുള്ള ഇലക്ട്രോണിക് ഡിവൈസുകളും മൊബൈൽ ഫോണുകളുമൊക്കെ പരിശോധനക്കായി അവർ വാങ്ങി. കൂട്ടത്തിലെ വെള്ളപാസ്പോർട്ടുകാരായ ‘ഡിപ്ലോമാറ്റുകൾ’ പ്രതിഷേധമറിയിച്ചെങ്കിലും അവരേയും നിശ്ശബ്ദരാക്കി ഉദ്യോഗസ്ഥ ഏകാധിപത്യം!
നിസ്സംഗരായി ഞങ്ങളിരുന്നു. പരിശോധനകൾക്കുശേഷം അവർക്കിഷ്ടപ്പെടാത്ത ‘ഇടങ്ങൾ’ വെട്ടിയ ഡിവൈസുകൾ തിരികെ തന്നു. അപ്പോഴും സ്നേഹോപചാരങ്ങൾക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല!
തിരിച്ച് ദുബൈ മണ്ണിൽ ഇറങ്ങിയപ്പോൾ സ്വാതന്ത്ര്യത്തിന്റെ സുഖം നുകർന്നു.
ലഗേജെടുക്കുമ്പോൾ വെള്ളപാസ്പോർട്ടുകാരനായ ഒരു കൂട്ടുകാരൻ ചെവിയിൽ പറഞ്ഞതും കൂട്ടി ഞാൻ പറയുന്നു, സ്വാതന്ത്ര്യമാണമൃതം! പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യങ്ങൾ ഹനിച്ച് വസിക്കാനായി എത്ര മുന്തിയ ‘കാഞ്ചനക്കൂട്’ തന്നാലും പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം തന്നെ.
shajihaneef@gmail.com
+971 55 4514955
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം :
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827