Wednesday, December 7, 2022
Homeകഥകൾഗ്രേയ്

ഗ്രേയ്

നിയാസ് സൂക്ത

ഉച്ചയൂണ് കഴിഞ്ഞയുടനെയുള്ള പീരിയഡിൽ ക്ളാസ്സെടുക്കാനുള്ള മടി കാരണമാണ് ജബ്ബാർ മാഷ് സൈക്കോളജി ഡിപ്പാർട്മെന്റിന്റെ വിഷാദ രോഗ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കാൻ പോയത്..
ക്ലാസ് പരമ ബോറായത് കാരണം മാഷ് മൊബൈലിൽ കാൻഡി ക്രഷ് കളിചോണ്ടിരിക്കെ ക്ലാസ്സെടുക്കാൻ വന്ന ഡോക്ടർ ഓരോരുത്തർക്കുമായി ഒരു ചോദ്യാവലി വിതരണം ചെയ്യാൻ തുടങ്ങി. പതിനഞ്ചോളം Yes or No Questions ആണ് ചോദ്യാവലിയിൽ ഉള്ളത്. ഉത്തരങ്ങൾ നൽകിയതിനൊടുവിൽ ഡോക്ടർ ഓരോരുത്തരുടെയും സ്കോർ നോക്കി വിഷാദ രോഗം ഉണ്ടോ ഇല്ലയോ എന്ന് പറയുന്നതാണ് ടാസ്ക്.

ആഹാ കൊള്ളാം ഇക്കളി എന്ന മട്ടിൽ മാഷ് ഓരോ ചോദ്യങ്ങളും സസൂക്ഷ്മം വായിച്ചു ഉത്തരം മാർക്ക്‌ ചെയ്യാൻ തുടങ്ങി.

നിങ്ങൾക്ക് ഉറക്കമില്ലായ്മയുണ്ടോ?
ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലായ്മയുണ്ടോ?
കാര്യകാരണങ്ങളില്ലാതെ ദുഃഖം വരാറുണ്ടോ?
ആത്മഹത്യ ചെയ്യണമെന്ന ചിന്തകളുണ്ടോ?
ലൈംഗികതയോടും ഭക്ഷണത്തോടും വിരക്തിയുണ്ടോ…?

എന്നിങ്ങനെ തുടങ്ങുന്ന പതിനഞ്ചു ചോദ്യങ്ങളിൽ ഒരെണ്ണമൊഴികെ എല്ലാത്തിനും മാഷ് ഇല്ല എന്ന ഉത്തരം നൽകി ആത്മ വിശ്വാസത്തോടെയും അഭിമാനത്തോടെയും ഇരുന്നു.

ഉത്തരം നല്കിക്കഴിഞ്ഞവരോട് ഷീറ്റുമായി വരാൻ പറഞ്ഞപ്പോൾ മാഷ് ഡോക്ടറുടെയടുക്കൽ പോയി. ഡോക്ടർ ഷീറ്റ് വാങ്ങിച്ചു സ്കോർ ചെയ്തു കൊടുത്തു.

“ഡോക്ടർ, എത്രായാണെന്റെ സ്കോർ? ”
“ഇരുപത്. നിങ്ങൾ ഒട്ടും പേടിക്കേണ്ടതില്ല. നിങ്ങൾക് വിഷാദ രോഗത്തിന്റെ ഇരു ലാഞ്ചന പോലുമില്ല “.
“അതെനിക്കറിയാം ഡോക്ടർ. ഞാൻ വളരെ സന്തുഷ്ടനാണ്…”
മാഷ് തുടർന്നു.
“എന്താണിതിന്റെ മാനദണ്ഡം? ”

“സ്കോർ അമ്പതിനു മുകളിലാണെങ്കിൽ വിഷാദ രോഗം ഉണ്ടെന്നു പറയാം. എഴുപതിന് മുകളിൽ ആണെങ്കിൽ Clinical Depression അഥവാ മരുന്ന് നൽകി മാറ്റേണ്ടുന്ന അത്രയും തീവ്രമായ വിഷാദാവസ്ഥയാണെന്ന്.”
ഡോക്ടർ തുടർന്നു.

“ഈ ചോദ്യാവലിയിലെ പതിനഞ്ചു ചോദ്യങ്ങളിൽ പന്ത്രണ്ടെണ്ണത്തിനും അതെ എന്നാണ് ഉത്തരമെങ്കിൽ സ്കോർ എഴുപത് കടക്കും”

മാഷ് ചോദ്യാവലി ഒരാവർത്തി കൂടെ വായിക്കാൻ തുടങ്ങി. അല്പം പരിഭ്രമത്തോടെ ഓരോ ചോദ്യങ്ങളിലൂടെയും കടന്നു പോയി. മനസ്സിൽ ഓരോ ഉത്തരങ്ങൾ വച്ചു കണക്കു കൂട്ടി ഡോക്ടറോടു പറഞ്ഞു
“ഡോക്ടർ, ഈ ചോദ്യങ്ങളിൽ എല്ലാത്തിനും അതെ എന്ന് ഉത്തരം നൽകിയേക്കാവുന്ന ഒരാളെ എനിക്കറിയാം..”
“ആരാണത്. പറയൂ.. !”

വര സുജീഷ് സുരേന്ദ്രൻ

മാഷ് ഒന്നും മിണ്ടാതെ പതിയെ ഹാളിനു പുറത്തിറങ്ങി. സ്റ്റാഫ്‌ റൂമിൽ പോയി ബാഗെടുത്ത് വീട്ടിലേക്ക് തിരിച്ചു. വീട്ടിനകത്ത് അടുക്കളയിൽ, മുറിക്കാനെടുത്ത ഒരു തേങ്ങയിൽ ഉന്നം പിടിച്ച് വിറയ്ക്കുന്ന കയ്യിൽ കത്തിയുമായി അങ്ങനെ നിസ്സഹായയായി നിൽക്കുന്ന ഭാര്യയെ കണ്ടു. അയാൾ സങ്കടവും നിരാശയും മൂത്ത് ഭാര്യയ്ക്കരികിൽ ചെന്നു. പൊട്ടിക്കരഞ്ഞു കെട്ടിപ്പുണർന്നു. നെറ്റിയിൽ ഒരു നേർത്ത ചുംബനം നൽകി. ഒരു തുള്ളി കണ്ണു നീരെങ്കിലും അവളുടെ കണ്ണിൽ പൊടിയുന്നുണ്ടോയെന്നയാൾ പ്രതീക്ഷയോടെ നോക്കി. ഒരു തുള്ളി കണ്ണു നീരിന്റെ ഈറൻ പോലുമില്ലാതെ അവളുടെ കണ്ണുകൾ നിർജീവമായി വിളറി വെളുത്തിരുന്നു.

അപ്പോൾ ഹൃദയഭേദകമായ വേദനയോടെ അയാൾ ചോദ്യാവലിയിലെ അവസാനത്തെ ചോദ്യം ഓർത്തു പോയി.

ചോദ്യം 15: അനിയന്ത്രിതമായ ദുഃഖമോ വേദനയോ തോന്നുന്ന വികാരാവസ്‌ഥയിൽ ഒന്നു കരയാൻ കഴിയാത്ത, ഒരു തുള്ളി കണ്ണുനീര് പൊടിയാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ.??


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827

RELATED ARTICLES
- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES