കഥാർസിസ്

0
518
sanal-haridas-katharsis

സനൽ ഹരിദാസ്

പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള
തുളയിലേക്ക് അറിയാതെ കൈകടത്തിയ
കാമുകന്റെ ലിംഗാഗ്രം പോലെ
ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.

എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ
മുറിച്ചു വിൽക്കുന്നിടത്ത്
ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക്
വിലപേശുകയാണവർ.

പരസ്പരം ഇരട്ടകളായി
പെരുകുന്ന ലോകത്തിന്റെ
അനുകരണനോന്മാദങ്ങളെ
ആദ്യം തിരിച്ചറിയുന്നതും അവരാണ്.

അധികഭാരങ്ങളും ഭാരക്കുറവുകളും
സമീകരിക്കുന്ന തുലാസുകൾക്കു
സമാനമാണ് അവരുടെ പ്രണയങ്ങൾ.

ചങ്ങലയുടെ അതിദീർഘത്താൽ
അവരുമൊരിക്കൽ
തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.

ദീർഘസഞ്ചാരങ്ങളാണവരെ
കാലിലെ കെട്ടറിയിച്ചത്.
കെട്ടുറക്കാൻ പാകത്തിലവരുടെ
കാലുറച്ചതും അപ്രകാരം തന്നെ.

നിശ്ചിതമായ ഭ്രമണ പാതയിലെ
നിത്യസഞ്ചാരികൾ
കറങ്ങാനൊരു കേന്ദ്രമുളളതിൽ
അമിതാഭിമാനികളാണല്ലോ.

ആ നിലയിൽ വിഷാദമൊരു
പിൻവാങ്ങൽ സൂചനയാണ്.
നൈരന്തര്യം ഒരു
ലഹരിയാണെന്നിരിക്കെ.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827

LEAVE A REPLY

Please enter your comment!
Please enter your name here