Homeലേഖനങ്ങൾഈ കരുതലിന്റെ പേരാണ് ശൈലജ ടീച്ചർ

ഈ കരുതലിന്റെ പേരാണ് ശൈലജ ടീച്ചർ

Published on

spot_imgspot_img

 

ബിബിൻദേവ് എളേറ്റിൽ

‘There is no alternatives’ (മറ്റു ബദലുകളില്ല) എന്ന വാക്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗറ്റ് താച്ചർ പറഞ്ഞു വെച്ചത് ഈ ലോകമാകെ കൈപിടിയിലാക്കിയ മുതലാളിത്തത്തിന്റെ ശബ്ദമായിട്ടാണ്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്കപ്പുറത്തേക്ക് മറ്റൊരു സാധ്യതയും ഈ ലോകത്തിനില്ല എന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തിയ സോവിയറ്റു യൂണിയനെ മുൻനിർത്തി അതിൻറെ വക്താക്കൾ പറഞ്ഞു കൊണ്ടിരുന്നു. ബ്രിട്ടനിലെ പാർലിമെന്റിൽ താച്ചർ ഇത് പറഞ്ഞ 1980 കളുടെ അവസാനകാലത്ത്, സോവിയറ്റു യൂണിയൻ അതിന്റെ ആസന്ന മരണത്തിലേക്ക് അടുത്ത് കൊണ്ടിരുന്നതിന്റെ സവിശേഷ കാലത്ത്, കടലുകൾക്കിപ്പുറം കേരളമെന്ന ചെറിയൊരു പ്രദേശത്ത് വലിയ ബഹളങ്ങളില്ലാതെ, ജനക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതമായികൊണ്ട് ഇ കെ നായനാർ എന്ന കമ്മ്യൂണിസ്റ്റിന്റെ നേതൃത്വത്തിൽ ഒരു ഇടതുപക്ഷ സർക്കാർ കേരളത്തിൽ പുതിയൊരു മാതൃക തീർക്കുകയായിരുന്നു. ജനകീയാസൂത്രണവും കുടുംബശ്രീയും കേരളമോഡലിനെ കരുത്തുറ്റതാക്കി മാറ്റിയ മറ്റു നയങ്ങളുമായി ബദലുകൾ സാധ്യമാണ് എന്ന് ലോകത്തിനെ പഠിപ്പിക്കുകയായിരുന്നു കേരളവും ഇടതുപക്ഷവും. അതിലുപരി ഇടതുപക്ഷ ബദലെന്തെന്നു ജനങ്ങളോട് ചേർന്ന് നിന്ന്, അവരിലൊരാളായി മാറി ഹൃദയം കൊണ്ട് പറഞ്ഞു കൊടുക്കുകയായിരുന്നു നായനാർ എന്ന കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി.
നായനാർ വിടവാങ്ങിയ ദിവസങ്ങളിൽ വിലാപയാത്ര കടന്നു പോയ വഴികളിലാകെ തങ്ങളുടെ ഉറ്റവരാരോ മരിച്ചത് പോലെ ആർത്തലച്ചു കരയുന്ന ജനസഞ്ചയത്തെ ടെലിവിഷൻ ദൃശ്യങ്ങളിൽ കണ്ടത് അന്ന് ഒൻപതു വയസു മാത്രം പ്രായമുള്ള എന്റെ ഓർമയിൽ കിടക്കുന്നുണ്ട്. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായ അച്ഛൻ നായനാരുടെ വിയോഗത്തിന്റെ തുടർദിവസങ്ങളിലെ പത്രങ്ങൾ സൂക്ഷിച്ചു വെച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ തുടക്കകാലത്ത് അതെടുത്തു വായിച്ചപ്പോൾ അതിലൊരു വാർത്ത വല്ലാതെ ഉലച്ചു കളഞ്ഞു. നായനാരോട് സൗഹൃദമുണ്ടായിരുന്ന( മുഖ്യമന്ത്രിയായതിനു ശേഷമുണ്ടായ സൗഹൃദമാണ്) ഒരാൾ വളരെ ആത്മാർഥമായി സങ്കടമായി ചോദിക്കുകയാണ്..” ഇനിയേത് മുഖ്യമന്ത്രിയോടാണ് നമ്മൾ തോളിൽ കയ്യിട്ട് കുശലം പറയുക?” ആരായിരുന്നു ആ മനുഷ്യനെന്ന് അതിൽകൂടുതലൊരു പാഠം ആവശ്യമില്ലായിരുന്നു.

നായനാരുടെ വിയോഗത്തിന് 15 വയസ്സ് തികയുന്നതിനു വെറും 10 ദിവസം മാത്രം ശേഷിക്കെ കേരളം ഹൃദയം കൊണ്ട് പറഞ്ഞു കൊണ്ടിരിക്കുന്നത് പണ്ട് നായനാരുടെ വിയോഗത്തിൽ അയാൾ പറഞ്ഞ വാക്കുകൾക്ക് സമാനമായ ഒന്നാണ്. “വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട് അത് കൊണ്ടാണ് വിളിച്ചത് “. തന്റെ സഹോദരിയുടെ ചോരകുഞ്ഞിനു ഹൃദയവാൽവിന് തകരാറ് കണ്ടെത്തിയപ്പോൾ നല്ല ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ പോയി കമെന്റ് ചെയ്ത ജിയാസ് മാടശ്ശേരി എന്ന പെരിന്തൽമണ്ണക്കാരനായ യുവാവ്, കമെന്റ് ഇട്ടു നിമിഷങ്ങൾക്കകം അതിന് പരിഹാരം കണ്ടെത്തി റിപ്ലൈ കമെന്റ് കൊടുത്ത ആരോഗ്യന്ത്രിയെ പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ആണ് മുകളിൽ പറഞ്ഞത്. ഇന്ന് ആ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ കേരളത്തിലെ നന്മ കാത്തുവെക്കുന്ന എല്ലാവരും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. ചില വ്യക്തികൾ ഇങ്ങനെയാണ് ജനങ്ങളുടെ ഹൃദയത്തിലെഴുതി വെക്കുന്ന ചരിത്രമായി മാറുന്നത്. നമുക്കൊരു സർക്കാറുണ്ടെന്നും നമുക്കൊരു ആരോഗ്യമന്ത്രിയുണ്ടെന്നും കേരളമാകെ കെ കെ ശൈലജയെന്ന മന്ത്രിയെ നോക്കി പറയുകയാണ്. കൂത്തുപറമ്പിൽ നിന്നും എംഎൽഎ ആയി വന്നു ആരോഗ്യമന്ത്രിയായ പ്രിയപ്പെട്ട ശൈലജ ടീച്ചർ. നായനാരുടെ നാട്ടുകാരി. ചരിത്രത്തിന്റെ യാദൃശ്ചികതയല്ല വഴിപിഴക്കാത്ത ബദലുകളുടെ തുടർച്ചയാണ്.

നിപയെന്ന മഹാമാരി കേരളത്തെ ഭീതിയിലാഴ്ത്തിയപ്പോഴാണ് ശൈലജ ടീച്ചറെന്ന മന്ത്രിയെ കേരളം ഒന്നടങ്കം ഉറ്റുനോക്കിയത്. പൂർവ്വാനുഭവങ്ങളില്ലാത്ത, കേരളത്തെയാകെ ഇല്ലാതാക്കാൻ ശേഷിയുണ്ടായിരുന്ന മഹാമാരിയെ നാം അതിജീവിച്ചത് ആ സ്ത്രീയുടെ പതറാത്ത ആർജ്ജവും കൃത്യമായ നടപടികളും കൊണ്ടാണെന്നു ഒരു കൊടിയുടെയും നിറം നോക്കാതെ കേരളം പറയും. അന്ന് അവരൊന്നു പതറിപോയിരുന്നെങ്കിൽ എന്താവുമായിരുന്നു ഈ നാട് എന്ന് ഒരു ദീർഘനിശ്വാസത്തോടെ ഇന്നും ഓർക്കാറുണ്ട്.
ഞങ്ങൾ കോഴിക്കോട്ടുകാർക്ക് നിപയുടെ സമയം ഒരു ദുസ്വപ്നം പോലെ മാത്രം ഓർത്തെടുക്കാൻ കഴിയുന്ന കാലമാണ്. ഒരു ചുമയോ ജലദോഷമോ വന്നാൽ ഭയന്ന് പോയ നിമിഷങ്ങൾ.. തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് രോഗം കടന്നു വരുന്നതറിഞ്ഞു വിറങ്ങലിച്ച സമയങ്ങൾ…എവിടെയും മാസ്ക് ധരിച്ച മനുഷ്യർ…ആ ഇരുണ്ട സമയങ്ങളിൽ ടീച്ചർ നിരന്തരം പത്രസമ്മേളങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു “ഭയമല്ല, ജാഗ്രത മാത്രം മതി..ഇതിനെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും..” ആശ്വാസമായിരുന്നു ആ വാക്കുകൾ. ഒടുക്കം നിപയെ അതിജീവിച്ചു കൊണ്ടിരുന്ന ആ സമയത്ത് പ്രിയ ലിനി സിസ്റ്ററുടെ മക്കൾക്ക് വന്ന പനിയും മറ്റു ലക്ഷണങ്ങളും വലിയ ആശങ്കക്ക് കരണമായപ്പോൾ ടീച്ചർ പറഞ്ഞു ” അവർക്ക് ഒരു പ്രശ്നവുമില്ല, ലിനിയുടെ മക്കൾ ഞങ്ങളുടെ മക്കളാണ്’. അന്ന് മുതലാവണം ചേർത്ത് പിടിക്കുന്ന കരുതലായി നമുക്കൊരു ആരോഗ്യമന്ത്രിയുണ്ടെന്നു നാം പറഞ്ഞു തുടങ്ങിയത്.

പൊതുആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ഇടതുപക്ഷ സർക്കാരിന്റെ നയം മാതൃകാപരമായി നടപ്പിലാക്കാൻ ടീച്ചർ മുന്നിട്ടിറങ്ങി. നമ്മുടെ സർക്കാർ ആശുപത്രികൾ മുഖം മിനുക്കി പാവപ്പെട്ടവന്റെ ആരോഗ്യസംരക്ഷണത്തിന്റെ ഇടങ്ങളായി മാറി. അഴിമതിയും അലസതയും ശീലമാക്കിയവരും സ്വകാര്യ ആശുപത്രികളിൽ ദയാരഹിതമായി നോട്ടുകളുടെ എണ്ണം പറഞ്ഞ് ചികിത്സ മുടക്കുന്നവരുമെല്ലാം ശൈലജ ടീച്ചറെന്ന കമ്മ്യൂണിസ്റ്റിന്റെ മൂർച്ചയുമറിഞ്ഞു.

ഹൃദയരോഗം മൂലം മംഗലാപുരത്ത് നിന്നും ശ്രീചിത്രയിലേക്ക് ആംബുലൻസിൽ അടിയന്തര ചികിത്സക്ക് പുറപ്പെട്ട പിഞ്ചുകുഞ്ഞിനെ വിവരമറിഞ്ഞ ഉടനെ എറണാകുളം അമൃത ആശുപത്രിയിൽ ചികിൽസിക്കാൻ ഏർപ്പാടൊരുക്കി ടീച്ചർ കൂടെയുണ്ടെന്ന് കാണിച്ചു തന്നു.
കരിമ്പനിയും കുരങ്ങുപനിയും വെസ്റ്റ്നെയിൽ പനിയും നമ്മെ പരീക്ഷിക്കാനെത്തിയപ്പോൾ അതിനെ തുടക്കത്തിലേ പ്രതിരോധിച്ച് തടുത്തു നിർത്താൻ നമ്മുടെ ആരോഗ്യവകുപ്പിന്റെ സജ്ജമാക്കിയതിലും, ഓരോ മഴക്കാലത്തിന്റെയും കൂടെ പകർച്ചവ്യാധി പടർന്നു പിടിക്കുന്ന കേരളത്തിൽ, ഒരു മഹാപ്രളയം വന്നു പോയിട്ടും പകർച്ചവ്യാധികൾ പേരിനു പോലും പകരാതെ കാത്ത മുന്നൊരുക്കങ്ങൾക്കും ശൈലജ ടീച്ചറുടെ അക്ഷീണപ്രയത്നമുണ്ടായിരുന്നു.

തന്റെ വകുപ്പ്തല പ്രവർത്തനങ്ങൾക്കപ്പുറം അടിയുറച്ച തന്റെ സമഭാവനയുടെ ബോധ്യങ്ങളിൽ നിന്ന് നിലപാടുകളെടുത്ത് നിൽക്കാനും ശൈലജ ടീച്ചർ തയ്യാറായി. നടി അക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ പ്രതിഷേധമുയർത്താനും സിനിമയിൽ സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾക്കെതിരെ WCC എന്ന സംഘടനാ രൂപീകരിച്ചപ്പോൾ അതിനു ശക്തമായ പിന്തുണയുമായി കൂടെ നിൽക്കാനും ടീച്ചറുണ്ടായിരുന്നു.
ഏറ്റവുമൊടുവിൽ ആസിഡാക്രമണങ്ങൾക്ക് വിധേയമാക്കപ്പെട്ട സ്ത്രീജീവിതത്തെ ആസ്പദമാക്കി മനു അശോക് സംവിധാനം ചെയ്ത, ഏറെ ചർച്ചയായ ‘ഉയരെ’ എന്ന സിനിമ കണ്ട് ഓരോ സ്ത്രീയും നിർബന്ധമായും കാണേണ്ടതാണെന്ന ആഹ്വാനം നൽകി സ്ത്രീപ്രതിരോധങ്ങൾക്ക് ശബ്ദമാവുന്നതിൽ വരെ കെ കെ ശൈലജയെന്ന കരുത്തിനെ കേരളം അറിയുകയായിരുന്നു.

ഇന്ന് കേരളം നെഞ്ചോട് ചേർത്ത് വെക്കുന്ന ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ആവുന്നതിനു മുൻപ് തന്നെ അവർ കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലങ്ങളിലാകെ സജീവമായി തന്നെയുണ്ടായിരുന്നു. മഹിളാ സംഘടനയുടെ ഉറച്ച നേതൃത്വമായി ശ്രദ്ധേയമായ പല വിഷയങ്ങളിൽ അവർ ഇടപ്പെട്ടു കൊണ്ടിരുന്നു. വിദ്യാർത്ഥി കാലം മുതലേ തുടർന്ന് പോരുന്ന നിരന്തരമായ പോരാട്ടങ്ങളുടെ അനുഭവതീവ്രതയും ഒരു കമ്മ്യൂണിസ്റ്റിന്റെ സമാനതകളില്ലാത്ത സമത്വചിന്തയും തന്നെയാണ് ഇന്ന് ശ്രദ്ധിക്കപ്പെടുന്ന ഓരോ ഇടപെടലുകൾക്കും ടീച്ചറെ സാധ്യമാക്കിയത്. ടീച്ചർ ഒരൊറ്റപ്പെട്ട പേരല്ല പൊരുതി മാത്രം ചരിത്രത്തിൽ തുടർന്ന് പോരുന്ന ഒരു നിരയിലെ കണ്ണിയാണ്..
കഷ്ടപ്പടുന്ന ജനതയുടെ കൂടെ നിന്നു അവരുടേതായ പുതുലോകം തീർക്കണമെന്ന ഉറച്ച ലക്ഷ്യ ബോധം ഉയർത്തിപിടിക്കുന്നൊരു പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്.
വ്യവസ്ഥകൾക്കെതിരെ ദീര്ഘകാലമായി നിരന്തര സമരത്തിലേർപ്പെട്ടും അധികാരം ലഭിക്കുന്നിടങ്ങളിൽ ചൂഷണങ്ങൾ പരമാവധി ഇല്ലാതാക്കി ജനങ്ങളോട് ചേർന്ന് നിന്നും ആ പ്രത്യയശാസ്ത്രം തീർക്കുന്ന ബദലുകളുടെ വ്യക്തിശോഭയാണ് ടീച്ചർ. ഈ നാടിനെ കാത്തുവെക്കലാണ് തന്റെ കടമയെന്ന് ഉള്ളുറച്ചു പോയ ഓരോ കമ്മ്യൂണിസ്റ്റിൻെറയും തന്റെ ജനങ്ങളോടുള്ള കരുതലിന്റെ പേരാണ് കൂത്തുപറമ്പുകാരി കെകെ ശൈലജ ടീച്ചർ

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...