സ്‌കൂള്‍ അധ്യാപക യോഗ്യതയില്‍ അഴിച്ചുപണി

0
617

തിരുവനന്തപുരം : കേരളത്തിലെ സ്‌കൂള്‍ അദ്ധ്യാപകരുടെ യോഗ്യത കേന്ദ്ര മാനദണ്ഡ പ്രകാരം അഴിച്ചു പണിയുന്നു. യു.പി. അദ്ധ്യാപകര്‍ക്കു ബിരുദവും ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാകും. ആറാം ക്ലാസ് മുതല്‍ അദ്ധ്യാപക നിയമനം വിഷയാധിഷ്ടിതമാകും. സംസ്ഥാനത്ത് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ നിലവില്‍ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഇത് ബിരുദമായി ഉയര്‍ത്തും. ഇതിനു പുറമേ ബി.എഡും കെടെറ്റും പാസാകണം.
ഹൈസ്‌കൂള്‍ അദ്ധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദത്തില്‍നിന്നു ബിരുദാനന്തര ബിരുദമാകും. ഇതോടൊപ്പം ബി.എഡും കെടെറ്റും നിര്‍ബന്ധം. യോഗ്യത ഇല്ലാത്ത അദ്ധ്യാപകര്‍ യോഗ്യത നേടുന്നത് വരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടി വരും. സര്‍വീസിലുള്ള അദ്ധ്യാപകര്‍ 2019 മാര്‍ച്ച് 31നകം ഈ യോഗ്യതകള്‍ നേടിയിരിക്കണം. 2010ല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. ഡയറ്റില്‍ ജോലി ലഭിക്കാന്‍ പിഎച്ച്.ഡി. അല്ലെങ്കില്‍ നെറ്റ് യോഗ്യതയുണ്ടാകണം. പഠനഗവേഷണ സ്ഥാപനമായ ഡയറ്റുകളില്‍ ബിരുദാനന്തര ബിരുദത്തിനു പുറമേ പിഎച്ച്.ഡി. അല്ലെങ്കില്‍ നെറ്റ് ഉള്ളവര്‍ക്കേ അദ്ധ്യാപകരാകാന്‍ കഴിയൂ.
വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യത നിയമം നടപ്പാക്കി അഞ്ചു വര്‍ഷത്തിനകം നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. 2017 ഒക്ടോബര്‍ 17 ലെ വിജ്ഞാപനത്തിലുടെ ഇത് ഒന്‍പതു വര്‍ഷമായി നീട്ടി. സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയത് 2010ലാണ്. ഇതനുസരിച്ച്, സര്‍വീസിലുള്ള അദ്ധ്യാപകര്‍ 2019 മാര്‍ച്ച് 31നകം ഈ യോഗ്യതകള്‍ നേടിയിരിക്കണം. നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തില്‍ അദ്ധ്യാപകര്‍ക്കുള്ള പരീക്ഷയില്‍ (ടെറ്റ്) മാത്രമാണ് ഇളവു നല്‍കിയത്. യോഗ്യതയുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. യോഗ്യതകള്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് എന്‍.സി.ടി.ഇ. നിര്‍ദ്ദേശിച്ചിരിക്കെയാണ് കേരളവും അദ്ധ്യാപകരുടെ യോഗ്യത പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമ പ്രകാരമുള്ള ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്നാണു എന്‍.സി.ടി.ഇ. (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍) ന്റെ നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here