ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിക്കണം: സുപ്രീം കോടതി

0
295

ന്യൂ ഡല്‍ഹി: ശബരിമലയിൽ പ്രായഭേദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് വിധിച്ചു. ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി. സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം. ബെഞ്ചിലെ ഏക വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്ര വിയോജിപ്പ്‌ രേഖപ്പെടുത്തി. 

പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍’ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടത്, ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുത് , ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക മതവിഭാഗമായി കാണാനാവില്ല എന്നിവയാണ് വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍. 

വിധിയെ സ്വാഗതം ചെയ്യുന്നുവന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. 

ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.

2008 മാർച്ചിലാണ‌് വിഷയം സുപ്രീംകോടതി മൂന്നംഗബെഞ്ച‌് പരിഗണിക്കുന്നത‌്. 2016 ജനുവരിയിൽ വിഷയം വീണ്ടും മൂന്നംഗ ബെഞ്ച‌് പരിഗണിച്ചു. 2017 ഒക്ടോബറിൽ ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച‌് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ‌്ക്ക‌് വിട്ടു. സ‌്ത്രീകൾക്ക‌് പ്രായഭേദമെന്യേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന‌് സംസ്ഥാനസർക്കാർ കോടതിയിൽ നിലപാട‌് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here